എന്തരണ്ണാ ചിന്തിച്ചോണ്ടിരിക്കണത്?
ഒന്നുമില്ലെഡേയ്..എന്തരൊക്കെ ചെയ്തിട്ടും പോസ്റ്റിലൊന്നും ആളു കേറുന്നില്ലെടേയ്..എഴുതിവിടുന്ന എനിക്ക് പോലും രണ്ടാം വട്ടം പോസ്റ്റ് വായിക്കാന്‍ മടിയാകുന്ന പോലുണ്ടെഡേയ്
അപ്പോ കഴിഞ്ഞ പോസ്റ്റും ചളമായാ അണ്ണാ?
ഒരുത്തനും വന്നില്ലെടേയ്..ആരെയെങ്കിലും ചൊറിഞ്ഞാല്‍ ഹിറ്റ് ആവും എന്ന് കരുതി മാക്സിമം ചൊറിഞ്ഞിട്ടും ഒരുത്തനും വന്നില്ല. ഇത്ര ചൊറിഞ്ഞിട്ടും എന്തെടേയ് തിരിച്ച് ചൊറിയാത്തെ എന്ന് ചോദിച്ച് പിന്നേം പോസ്റ്റിട്ടെഡെയ്..എന്നിട്ടും ഒരു %&#$നും തിരിഞ്ഞ് നോക്കിയില്ലെഡേ..ചങ്കെന്നൊരു സാധനം എനിക്കുണ്ടായിരുന്നെങ്കില്‍ അത് തകരുമായിരുന്നെഡേയ്..
അണ്ണാ, ചൊറി ഒരു കലയാണണ്ണാ..കലാപരമായും ശാസ്ത്രീയമായും ചൊറിയാതെ ഈ മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ നെലനിന്നു പോകാന്‍ പാടാണണ്ണാ..
മനസ്സിലാവണ ബാഷേല്‍ പറയെഡേ..
അണ്ണാ, അണ്ണന്‍ എന്തരു ചെയ്ത്? അണ്ണനു ദേഷ്യമുള്ള നേതാവ് കൊച്ചായിരുന്നപ്പോള്‍ എഴുതിയതൊക്കെ കിണ്ടിക്കൊണ്ട് വന്ന് പോസ്റ്റിട്ട്. എന്നിട്ടതിന്റെ കൂടെ ബന്ധമില്ലാത്ത എന്തരൊക്കെയോ എഴുതിച്ചേര്‍ത്ത്.
എന്റെ കണ്ണില്‍ അതൊക്കെ ബന്ധമുള്ളത് തന്നെഡേയ്
വെവരമുള്ള ചെല അണ്ണന്മാരു വന്ന് മൂന്നേ മൂന്ന് കമന്റില്‍ അണ്ണന്റെ അഭ്യാസം പൊളിച്ചടുക്കി
ഇത്തരം കഠിനപദങ്ങള്‍ പ്രയോഗിക്കല്ലെടേ..നോവുന്നു..
അപ്പ അണ്ണന്‍ എന്തരു ചെയ്ത്..പിന്നേം അതേ അഭ്യാസമെറക്കി..അണ്ണന്റെ പോസ്റ്റ് അവന്മാരു പൊളിച്ചടുക്കിയെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത അണ്ണന്റെ പോസ്റ്റില്‍ കമന്റിട്ട് സമയം കളയണതെന്തരിനു എന്ന് വിയാരിച്ച് ലവന്മാര്‍ പിന്നെ വന്നില്ല..
എന്റെ വെവരക്കേടിനെക്കുറിച്ച് വെവരക്കേട് പറയാതെഡേയ്..അതോണ്ടല്ലേ ഞാന്‍ അടുത്തതില്‍ കളം മാറിച്ചവിട്ടിയത്..ധൈര്യമുണ്ടെങ്കില്‍ പോരിനു വാടേയ് എന്ന് വെല്ലുവിളിച്ചില്ലെഡേയ്
അണ്ണാ, തലയ്ക്കകത്ത് ആള്‍ താമസം ഉണ്ടായിരുന്നെങ്കില്‍ അണ്ണനിത്തരം തറവേലത്തരത്തിനു പോവത്തില്ലായിരുന്നണ്ണാ..പരട്ടയെന്നോ ചെരട്ടയെന്നോ എന്നോ വിളിച്ചാലൊന്നും വിവരമുള്ളവര്‍ വളിക്ക് വിളി കേള്‍ക്കൂലണ്ണാ..എതിരാളിയെ പരാജയപ്പെടുത്താന്‍ ആദ്യം വേണ്ടത് എതിരാളിക്ക് നമ്മളെക്കാള്‍ പുത്തിയുണ്ടെന്ന് ആദ്യമേ സമ്മതിച്ച് കരുക്കള്‍ നീക്കുകയാണണ്ണാ..അതിരാത്രം സിനിമേലു ഉമ്മറ് (ഉമ്മറും നല്ല സിനിമയും മരിച്ചു എന്ന് അനോണിമാഷ് പറഞ്ഞ ദി സേം ഉമ്മറിക്ക തന്നെ) ഇങ്ങനെയാണണ്ണാ എതിരാളികളെ ഡീല്‍ ചെയ്യുന്നത്.
അവന്മാര്‍ക്ക് എന്നേക്കാള്‍ വിവരമുണ്ടെന്ന സത്യം അംഗീകരിച്ചാല്‍പ്പിന്നെ എനിക്ക് വയറ്റീന്ന് പോകില്ലെഡേയ്
എന്നാപ്പിന്നെ അണ്ണന്‍ ആവണക്കെണ്ണയും കുടിച്ച് ഇവിടെ ഇരി..
ശരി..നീ പറ
ആദ്യം അണ്ണന്‍ കുറച്ച് വിവരം വെപ്പിക്കണം. നല്ല നല്ല പുസ്തകങ്ങള്‍ വായിക്കണം. വിക്കി വെച്ചുള്ള അഭ്യാസമൊക്കെ നിര്‍ത്തണം. ചരിത്രബോധം വേണം..നന്നായി, യുക്തിസഹമായി എഴുതണം.
ഇതിലും ഭേദം നീയെന്നെ കൊല്ലെഡേയ്..
ഇതൊക്കെ ഉണ്ടെന്ന് തോന്നിപ്പിച്ചാലും മതിയണ്ണാ. എന്നാലും എഴുതിവിടുന്നത് എന്താണെന്ന് അണ്ണനു തന്നെ മിനിമം ഒരു ധാരണവേണം. 14 വയസ്സുള്ള കൊച്ചനെക്കേറി പ്രമുഖ രാഷ്ട്രീയനേതാവ് എന്നൊന്നും പറഞ്ഞു കളയരുത്. പിന്നെ, എതിരാളി സ്വന്തം വീക്ക് പോയിന്റാണെന്ന് കരുതുന്ന പോയിന്റ് ഏതാണെന്ന് ഊഹിച്ച് അതില്‍ പിടിച്ച് എഴുതണം.കിറുകൃത്യം പോയിന്റുകള്‍ കൊടുക്കണം. ചൊറിയുമ്പോഴും അതുപോലെ പോയിന്റ് പിടിച്ച് പോയിന്റ് പിടിച്ച് ചൊറിയണം. അവന്മാരു കൊലകൊലയായി എപ്പ എറങ്ങീന്ന് കേട്ടാ മതി എന്റണ്ണാ..
ഇത് ഏക്കുമെന്നാണോ?
ഏക്കുമണ്ണാ..നൂറരത്തരം.അല്ലാതെ “അമേരിക്കേനേയോ ഇസ്രായിലെനെയോ സംഘപരിവാറിനെയോ തോണ്ടാനെക്കൊണ്ട് പറ്റില്ലേല്‍ എന്തരു
പോസ്റ്റ്?ഡേയ് നീയൊന്നും മിണ്ടൂല്ലേഡേ ബുജികളേ“ എന്നൊക്കെ ചോദിച്ചാല്‍ ആളിറങ്ങുന്ന കാലമൊക്കെ പോയണ്ണാ..അണ്ണന്‍ ഇസ്രായേലി-അമേരിക്കന്‍ പക്ഷപാതിയാണെന്ന് തെളിയുകേം ചെയ്യും..ഉദ്ദേശിച്ച കാര്യമൊട്ട് നടക്കേമില്ല...പിന്നെ ചൈനയെന്ന് മറ്റവന്മാരെ കളിയാക്കാന്‍ പറ്റാതെയും ആവും..
ഞാനെവടെടേയ് ഇസ്രായേലിനെക്കുറിച്ച് പറഞ്ഞത്..
അണ്ണന്‍ ച്വായ്ച്ചില്ല..വേറൊരുത്തന്റെ കാര്യം സാന്ദര്‍ഭികമായി പറഞ്ഞെന്നേ ഉള്ളൂ അണ്ണാ. മൊത്തത്തീ ചുരുക്കിപ്പറഞ്ഞാല്‍ അയ്യപ്പ ബൈജുവിനെപ്പോലെ വഴിയേ പോണവന്റെ പേരും വെച്ച് ‘നിന്റച്ഛന്‍ ലവനാണെങ്കിലും ലിവനാണെന്ന സത്യം എനിക്കറിയാം” എന്നൊക്കെ പോസ്റ്റിട്ടാ സിനിമാലേ കാണണപോലെ ചെപ്പക്കുറ്റി വീങ്ങും എന്നല്ലാതെ സാധനം ഹിറ്റാവൂലണ്ണാ..ഞാന്‍ പറഞ്ഞ വഴിക്കൊന്ന് അണ്ണന്‍ പോയി നോക്ക്..കൊറച്ച് ദിവസത്തീ അണ്ണന്‍ പുലിയാണണ്ണാ പുലി..
ശ്രമിച്ച് നോക്കട്ട്..
ആശംസകളണ്ണാ..ആശംസകള്‍..
ഡേയ്..എനിക്കിപ്പോ പെട്ടെന്നൊരു സംശയം..
എന്തരണ്ണാ..
നീയിപ്പോ പറഞ്ഞതൊക്കെച്ചേര്‍ത്ത് നീ തന്നെ ഒരു പോസ്റ്റാക്കിയാ അത് ഈ പാവം അണ്ണനെ ചൊറിഞ്ഞ പോലാവുകേം ചെയ്യും, നിന്റെ പോസ്റ്റ് ഹിറ്റാവുകേം ചെയ്യും...ഇല്ലേഡേ..
ഹഹഹ...അണ്ണനു പുത്തി മൊളച്ചു തൊടങ്ങി...ഇനി അണ്ണനെ പിടിച്ചാ കിട്ടൂലണ്ണാ...