Wednesday, January 20, 2010

കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം

ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി പല സുമനസ്സുകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ കമന്റിട്ട് കട്ടേം പടോം മടക്കുന്നതിനെപ്പറ്റി ആരും പഠിപ്പിച്ചതായി കണ്ടിട്ടില്ല. പലരും അത് പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കിലും, ഒരു പാഠ്യപദ്ധതി എന്ന നിലയില്‍ അത് ബൂലോഗത്ത് ഇടം പിടിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതിനായി ഒരു എളിയ ശ്രമം നടത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് പറയുന്നത് ശരിയായിരിക്കുകയില്ലല്ലോ..

പ്രതിജ്ഞ എന്ന പോസ്റ്റിട്ട ഒരാളുടെ കട്ടേം പടോം മടക്കുന്ന വിധം ഉദാഹരണ സഹിതം പഠിപ്പിക്കുകയാണ് ഈ പോസ്റ്റില്‍. ബിംബങ്ങള്‍ നിറഞ്ഞെ ഒരു രചനാരീതി അവലംബിച്ചിരിക്കുന്നത് കൊണ്ട് ആദ്യം ഒരു പുക പോലെ തോന്നുമെങ്കിലും ആവര്‍ത്തിച്ചുള്ള പാരായണത്തിലൂടെ പ്രസ്തുത പ്രതിസന്ധി മറികടക്കാവുന്നതേ ഉള്ളൂ..

പ്രതിജ്ഞ

ഇന്ത്യ എന്റെ രാജ്യമാണ്‌.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

ഈ പ്രാര്‍ത്ഥന ആരെങ്കിലും ഒരാള്‍ പോസ്റ്റാക്കി എന്ന് വിചാരിക്കുക വെറുതെ വിചാരിച്ചാല്‍ മതി..നമുക്ക് ആ പോസ്റ്റിന്റെ കട്ടേം പടോം മടക്കണം എന്ന് തോന്നി എന്നും വിചാരിക്കുക. വെറുതെ വിചാരിച്ചാല്‍ മതി. അതിനു ആദ്യം ചെയ്യേണ്ടത് ആ പോസ്റ്റിലെ വരികള്‍ പിരിച്ച് താഴേക്ക് താഴേക്ക് കോപ്പി പേസ്റ്റ് ചെയ്യുക എന്നതാണ്. വരമുറിപ്പോസ്റ്റിങ്ങ് എന്നാണ് ഇതിനു സാങ്കേതികഭാഷയില്‍ പറയുന്നത്. എന്നിട്ട് ഓരോ വരിക്ക് താഴെയും ‘വായക്ക് തോന്നിയത് കോതക്ക് പാട്ട്‘ എന്ന മട്ടില്‍ ‘അപ്പോ തോന്നിയതോ, അപ്പപ്പ കണ്ടോനെ അപ്പാന്ന് വിളിക്കുന്ന മട്ടിലുള്ളതോ‘ ആയ എന്തെങ്കിലും എഴുതിവെക്കുക. പണ്ട് മറ്റെവിടെയോ എഴുതിയതിന്റെ വിപരീതമാണ് ഇപ്പോള്‍ എഴുതുന്നതെങ്കിലും ഉപേക്ഷ വിചാരിക്കരുത്. വിപരീതത്തിന്റെ വിപരീതം എന്നൊക്കെ പറഞ്ഞ് പിടിച്ച് നില്‍ക്കാനുള്ള ധൈര്യം ഇത്തിരി സംഭരിച്ചു വെക്കണം എന്ന് മാത്രം.

അപ്പോ തുടങ്ങുകയല്ലേ....

സോ ആന്‍ഡ് സോ said... (സോ ആന്‍ഡ് സോ എന്നതൊരു ബിംബം മാത്രം)

ഇന്ത്യ എന്റെ രാജ്യമാണ്‌.

അതെങ്ങിനെയാണ് സെബിനേ, ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയുന്നത്? എന്റെയും കൂടി രാജ്യമല്ലേ?

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ആണിനെയും പെണ്ണിനെയും സഹോദരിയെന്നു വിളിക്കുമോ? അല്ലെങ്കില്‍ സഹോദരന്‍ എന്ന് വിളിക്കുമോ? അതോ നപുംസകങ്ങളാണ് എല്ലാവരും എന്ന് പറയുകയാണോ സെബിനേ? അപ്പോ പിന്നെ കല്യാണം കഴിക്കുന്നതെങ്ങിനെ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

അങ്ങിനെ പറയുമ്പോള്‍ മറ്റുള്ളവര്‍ സ്നേഹിക്കുന്നില്ല എന്നാണോ സെബിനേ അര്‍ത്ഥമാക്കുന്നത്? ഇത് സ്നേഹത്തെ സംബന്ധിച്ച ഫാസിസ്റ്റ് നിലപാടല്ലേ സെബിനേ? സെബിന്റെ പോസ്റ്റില്‍ ചൈനീസ് ഭാഷയില്‍ വന്ന കമന്റ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ ചൈനീസ് ബന്ധത്തിനു തെളിവല്ലേ? സ്പാം എന്ന് പറഞ്ഞ് ഒഴിയാതെ സെബിനേ..

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഇതൊരു ബൂര്‍ഷാവ്യവസ്ഥിതിയായിരിക്കെ അതില്‍ അഭിമാനം കൊള്ളാമോ സെബിനേ? സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ ആബ്സൊല്യൂട്ടിലി പൂര്‍ണ്ണം എന്നാണോ സെബിനേ? ഇനി മെച്ചപ്പെടുത്താന്‍ പറ്റില്ലേ സെബിനേ?

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍, എന്റെ എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സുപ്പീരിയോരിറ്റി കോമ്പ്ലക്സല്ലേ സെബിനേ? എല്ലാമറിയുന്ന ഗുരു എന്നത് ഒരു ഫാസിസ്റ്റ് ബിംബം അല്ലേ സെബിനേ? അതോ ഇനി ഈ ഗുരുവിനു ഒന്നും അറിയില്ലെന്നാണോ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

കള്ളന്മാരെയും, കൊള്ളക്കാരെയും,കൊലപാതകികളേയും സഹായിക്കും എന്നല്ലേ സെബിനേ ഇതിന്റെ അര്‍ത്ഥം? ഇത് ശരിയായ നിലപാടാണോ സെബിനേ...

Wednesday, January 20, 2010 12:00:00 PM GMT+05:30

പ്രതിപക്ഷ ബഹുമാനത്തോടെ ഇത്തരം കമന്റുകള്‍ക്കും സെബിന്‍ (സെബിന്‍ ഒരു ബിംബം ആണെന്ന് പറയേണ്ടതില്ലല്ലോ) മറുപടിയെഴുതിയാല്‍ സംഭവം തീരുമെന്നാണോ വിചാരം? കൊള്ളാം..അതിനു വേറെ ആളെ നോക്കണം..നമ്മള്‍ നിര്‍ത്തരുത്. ആ കമന്റിലെ വരികള്‍ വരമുറിയായി പോസ്റ്റ് ചെയ്ത് അടുത്ത ഡോസ്..അതിനെങ്ങാനും മറുപടി എഴുതിയാല്‍ അത് വരമുറിയാക്കി നെക്സ് ഡോസ്..നമുക്ക് വേറെ പണിയില്ലാന്ന് വിചാരിക്കാന്‍ നാട്ടുകാരെന്താ വേറെ പണിയില്ലാതിരിക്കുകയാണോ? ചമ്മലേ പാടില്ല..പേരും പത്രാസും ഇല്ലാത്ത സോ ആന്‍ഡ് സോ എന്ന തൂലികാനാമത്തിലല്ലേ കളി..

ഇതൊക്കെ വായിച്ച് പേടിച്ച് സെബിന്‍ നമുക്ക് വിവരമില്ലെന്ന് മനസ്സിലാക്കി മറുപടി എഴുത്ത് നിര്‍ത്തിയാല്‍ നാം നിര്‍ത്തുമോ? അതിനു കള്ളുവേറെ കുടിക്കണം..

പോസ്റ്റിലെ എല്ലാവരിയും, കമന്റിലെ എല്ലാവരിയും വരമുറിയാക്കി ഒരു ലെവലായിക്കഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് പ്രയോഗിക്കാം. സൈഡിലെ ഗൂഗ്ഗില്‍ പരസ്യമോ, പ്രൊഫൈല്‍ വാചകമോ, അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. അതെടുത്ത് പയറ്റണം.

ഉദാഹരണമായി

view my complete profile.. എന്ന് മിക്കവാറും ബ്ലോഗില്‍ കാണുമല്ലോ. അത് കോപ്പി പേസ്റ്റ് ചെയ്യുക. എന്നിട്ടൊരു കമന്റ് താങ്ങുക..

view my complete profile..

അപ്പോള്‍ വ്യൂ ചെയ്താല്‍ മാത്രം മതിയെന്നാണോ സെബിനേ..വായിക്കേണ്ടേ? view and read my profile എന്നതല്ലേ ശരിയായ നിലപാട് സെബിനേ..

ഈ ഡോസോടു കൂടി, സുഹൃത്തുക്കളേ, ആത്മാര്‍ത്ഥമായി ഒരു പോസ്റ്റിടുന്ന സെബിന്മാരുടെ (സെബിന്‍ ഒരു പ്രതീകം മാത്രം) കട്ടേം പടോം മടങ്ങുമെന്നത് നൂറരത്തരം. അഥവാ മടങ്ങിയില്ലെങ്കില്‍ view my complete profile എന്നതിലെ വാക്കുകള്‍ പിരിച്ച് വരമുറിയാക്കി ഓരോ വാക്കിനും കമന്റിടണം. ആ ബ്ലോഗ് എപ്പപ്പൂട്ടിയെന്ന് കേട്ടാ മതി...

ഡിസ്‌ക്ലെയിമര്‍

ഈ പോസ്റ്റുമായോ അതിലെ കമന്റുകളുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല അങ്ങിനെ സംശയം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികം എന്ന് പറയേണ്ടതില്ലല്ലോ. ബിംബാധിഷ്ഠിത രചനാരീതിയുടെ രീതിശാസ്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അത്തരം സംശയങ്ങള്‍ ഉയരാന്‍ ഇടയില്ല എന്ന് തോന്നുന്നു. എന്നിട്ടും ഉയരുകയാണെങ്കില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളുടെ തലവിധി എന്ന് കരുതി സമാധാനിക്കുക.

Friday, January 15, 2010

റിയാലിറ്റി ഷോ അഥവാ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

മോന്റെ പ്രകടനം തകര്‍ത്തുകളഞ്ഞല്ലോ മോനേ...അങ്കിളിവിടെ അന്തം വിട്ട് ഇരിപ്പാരുന്നു കേട്ടോ മോനെ..എന്തൊരു പ്രകടനമാരുന്നു മോനേ..മോന്‍ കലക്കിക്കളഞ്ഞു കേട്ടോ..മോനേ...

പിന്നെ ചെറിയ ചെറിയ ചില മിസ്റ്റേക്ക്സ് അങ്കിളു നോട്ട് ചെയ്താരുന്നു കേട്ടോ മോനെ..മോന്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടി പറയുവാ..മോന്റെ സംഗീതാവിഷ്കാരസ്വാതന്ത്ര്യത്തില്‍ കൈകടത്തുകാണെന്ന് വിചാരിക്കല്ലേ കേട്ടോ മോനേ...

മോനേത് പാട്ട് പാടാനും സ്വാതന്ത്ര്യമുണ്ട് കേട്ടോ മോനേ..അതിനാരും എതിരല്ല കേട്ടോ മോനേ...പക്ഷെ മോന്‍ ചെയ്തപോലെ പാടുന്ന പാട്ടിലെ വരികള്‍ തോന്നിയപോലെ മാറ്റിപ്പാടരുത് കേട്ടോ മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ.

മോന്റെ ചില സംഗതിയൊന്നും അത്ര ശരിയായില്ല കേട്ടോ മോനേ...എല്ലാ കാലത്തും, എല്ലാ സംഗതിയും, എല്ലായിടത്തും ഒരുപോലെ ശരിയാവും എന്ന് കരുതരുത് കേട്ടോ മോനേ....എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ ആരോഹണത്തിലും ഒത്തിരി പ്രശ്നമുണ്ടായിരുന്നു കേട്ടോ മോനേ..കേറിക്കേറി എതുവരെ പോകാം എന്നതിനെക്കുറിച്ചൊരു കണ്ട്രോളു വേണ്ടേ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോനേ..മോന്‍ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ മോന്റെ ശ്രുതി പോയാരുന്നു കേട്ടോ മോനേ...അപശ്രുതി ആര്‍ക്കായാലും ഇഷ്ടപ്പെടില്ല മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ താളം കയ്യീന്ന് പോയി കേട്ടോ മോനേ....താളം പോയാല്‍ പിന്നെ ആകെ അവതാളമാകുമെന്ന് മോനറിയില്ലേ മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

പിന്നെ മോനേ...മോന്റെ ചരണം വിചാരിച്ചപോലെ വന്നില്ല കേട്ടോ മോനേ..ചരണത്തിലുള്ള ചിലത് മോന്‍ വിട്ടുകളയുകയും ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു കേട്ടോ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ അവരോഹണവും ഒരു വകയായി കേട്ടോ മോനേ......അവരോഹണത്തിന്റെ ഇടയില്‍ തടസ്സം വന്നാലും ശ്വാസനിയന്ത്രണം പാലിച്ച് കണ്ട്രോളിലാക്കണ്ടേ മോനേ......എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

പഴയകാലത്തെ പാട്ടൊക്കെ എടുത്ത് പാടുമ്പോള്‍ അര്‍ത്ഥം മനസ്സിലാക്കിപ്പാടേണ്ടേ മോനേ..എന്നാലല്ലേ ഭാവം വരൂ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനേ...

മൊത്തത്തില്‍ നോക്കിയാല്‍ മോന്റെ പാട്ട് ചളമായിരുന്നു കേട്ടോ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..തകര്‍പ്പന്‍ പ്രകടനമായിരുന്നു കേട്ടോ മോനെ..

Sunday, January 10, 2010

ജോയിനിങ്ങ് സ്പൌസ്

അങ്ങിനെ ആ അണ്ണനും സ്ഥലം വിട്ട്...ഫോര്‍ ജോയിനിങ്ങ് സ്പൌസ് എന്നത് സര്‍ക്കാര്‍ സര്‍വീസിലും ബാങ്കുകളിലുമൊക്കെ സ്ഥലം മാറ്റം ലഭിക്കാനുള്ള വകുപ്പാണ്. ഭര്‍ത്താവിനു ജ്വാലി പുറക്കാട്ട് കടപ്പുറത്തും ഭാര്യക്ക് അങ്ങ് ദില്ലിയിലുമാണെങ്കില്‍ ഭാര്യക്ക് പുറക്കാട്ടോട്ട് സ്ഥലം മാറ്റം കിട്ടും, അല്ലെങ്കില്‍ ഭര്‍ത്താവിനു ദില്ലിയിലോട്ട്...

ആസിയാന്‍ കരാറു ഒപ്പിട്ട് കഴിഞ്ഞ്..മീനുകളൊക്കെ കടല്‍ കടന്ന് ബരുന്ന്..പുറക്കാട്ട് കടപ്പുറത്ത് ഇനി കോളില്ല..ദില്ലീലാണേല്‍ കോള്‍ ഒഴിഞ്ഞ നേരവുമില്ല..അപ്പോപ്പിന്നെ ദില്ലീലോട്ട് പോണത് തന്നെ ലാഫം..

പോണ പോക്കില്‍ ഇത്രേം കാലം കൂടെ നിന്ന അണ്ണന്മാരെ പൊറംകാലുകൊണ്ടൊരു തൊഴി തൊഴിച്ചിട്ട് സ്ഥലം വിടുമ്പ കിട്ടുന്ന ആ സാഡിസ്റ്റിക് പ്ലെഷര്‍ ഉണ്ടല്ലോ...അതനുഭവിച്ച് തന്നെ അറിയണം..അല്ല..അണ്ണനേം പറഞ്ഞിട്ട് കാര്യമില്ല..വെറുതെ സര്‍വതന്ത്രസൊതന്ത്രനായി പാട്ടും പാടി നടന്നിരുന്ന ഒരുത്തനെപ്പിടിച്ച് പാര്‍ലിമെന്ററി വ്യാമോഹത്തിന്റെ ചതിക്കൂഴീപ്പെടുത്തുകാന്ന് വെച്ചാല്‍. ഒള്ള ദേഷ്യം ചവിട്ടിത്തന്നെ തീര്‍ക്കണമണ്ണാ..ചവിട്ടിത്തന്നെ തീര്‍ക്കണം..

ദില്ലീലാവുമ്പ പള്ളീപ്പോവാം..പെന്‍ഷന്‍ ഓള്‍‌റെഡി കിട്ടുന്നുണ്ട്..വല്ല സൊകാര്യാ‍ശുപത്രീലും അപ്പോത്തിക്കിരിയായി ശിഷ്ടകാലം കയിച്ച് കൂട്ടി, നാലു പുത്തനുണ്ടാക്കി, പുള്ളാരേം പെണ്ണുമ്പിള്ളേം സ്നേഹിച്ച് ....അങ്ങനെയങ്ങനെയങ്ങനെ ഭരണഘടനാപരമായൊരു ജീവിതം അണ്ണന്റെ സൊപ്നമായിരുന്നു..ആ സൊപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായാണു അണ്ണന്‍ പോണത്..സൊപ്നങ്ങള്‍ കാണാന്‍ കഴിയാത്തവനെ വിപ്ലവകാരീന്ന് വിളിക്കാനും ഒക്കില്ലല്ലോ..ഇനിയിപ്പോ ധൈര്യമായി വിളിക്കാം..വിപ്ലവകാരീ.............

ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാത്തതുകൊണ്ടു കൂടിയാണ് അണ്ണന്‍ പാര്‍ട്ടി വിട്ട് പോണതെന്ന് പറഞ്ഞത് മരത്തലയനങ്ങിഷ്ടപ്പെട്ട്..അണ്ണന്‍ തന്നെ ഇത് പറേണം. ഏതൊക്കെയോ സഖാക്കളു പോസ്റ്ററൊട്ടിച്ചും, വെയിലുകൊണ്ടും, തൊള്ളകീറി മുത്രാവാക്യം ബിളിച്ചും, തല്ലുകൊണ്ടും വളര്‍ത്തിയ പാര്‍ട്ടീലു ലവരുടെയൊക്കെ തലക്ക് മോളീക്കൂടെ അണ്ണനൊറ്റ ദിവസം കൊണ്ടല്ലിയോ ഹീറോവായത്. അന്നണ്ണനെ ഹീറോവാക്കിയ ഉള്‍പാര്‍ട്ടി ജനാധിപത്യമല്ലായോ ശരിയായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം..ഇന്ന് അണ്ണാ, നോക്കീം കണ്ടുമൊക്കെ ജീവിച്ചോണേ, ആദര്‍ശവും അച്ചടക്കവുമൊക്കെ ഇച്ചിരി കൂടി വേണേ എന്ന് പറഞ്ഞപ്പോ, അണ്ണനു മനസ്സിലായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോയെന്ന്...നമുക്ക് ഗുണമില്ലാത്തതിനെയൊക്കെ എന്തരിനു പിന്തൊണയ്ക്കണം..?

പോണ പോക്കി കൂടെ നിന്ന സഹാക്കളെ തൊഴിക്കുമ്പോ മുത്തശ്ശിമാര്‍ കൈയടിച്ച് ചിരിക്കണതും, അഫിപ്രായ സര്‍വേകളു നടത്തണതും, ‘ലിവനെന്റെ പ്രിയപുത്ര‘നെന്ന് ആര്‍മ്മാദിക്കണതും, ഇതിനു മുന്നേ പോയൊരു കുട്ടിയണ്ണന്‍ അത്ഭുതത്തോടെ ‘ദേ എന്നെപ്പോലെ എന്റനിയനും’ എന്ന് ചങ്കേത്തല്ലി പറേണതും കാണേണ്ട കാഴ്ചകളു തന്നെ..

അണ്ണന്‍ ഈ സഹാക്കളു പയലുകളുടെ കൂടെ നിന്ന് ഇത്രേം കാലം വേസ്റ്റാക്കിയല്ലോ എന്നാലോചിക്കുമ്പോ മാത്രമേ ഇത്തിരി വെഷമമുള്ളൂ..പോട്ടണ്ണാ..ജീവിതംന്ന് വെച്ചാ ഇങ്ങനെയൊക്കെത്തന്നെ..കാറ്റുള്ളപ്പോ തൂറ്റിയില്ലെങ്കില്‍ പിന്നെ തൂറ്റാനൊക്കില്ല..അണ്ണനിപ്പോ തൂറ്റുന്നതില്‍ സന്തോഷമേയുള്ളൂ അണ്ണാ, സന്തോഷമേയുള്ളൂ..

എന്തരായാലും, സ്പൌസുമായി ജോയിന്‍ ചെയ്യാനായി ഈ ‘കുരിശിങ്കല്‍‘ നിന്നു രക്ഷപ്പെട്ട അണ്ണനു സര്‍വവിധ ഭാവുകങ്ങളും നേരുന്നു. എന്നാലും ഒരു തമിശയം മാത്രം തീരുന്നില്ല..ഇതൊന്നും മനസ്സിലാക്കാതെയാണോഎന്നെക്കൂടെ കൂടെ കൂട്ടണേ എന്ന് അഞ്ചാറു കൊല്ലം മുന്നെ കേട്ടത് ?