Showing posts with label ലാവ്ലിന്‍. Show all posts
Showing posts with label ലാവ്ലിന്‍. Show all posts

Saturday, June 13, 2009

ഉരുളുന്ന തലകള്‍ ബ്ലോഗര്‍മാരോട് പറയുന്നത്

പത്തു തലയുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ലെന്നേ..വര്‍ക്ക് ചെയ്യുന്ന ഒരു തല മതിയായിരുന്നു. എന്നാലും വിട്ടുകൊടുക്കുന്നതെങ്ങിനെ?

ആത്മഗതം - കണ്ടകശ്ശനി - മെര്‍കുഷിയോ

കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.

10.19 കോടി രൂപ എവിടെപ്പോയി എന്ന് ചോദിക്കുവാന്‍ അവര്‍ തന്നെ ഉപയോഗിച്ച എക്സ്ചേഞ്ച് തരികിട ഉപേക്ഷിച്ച് വീണ്ടും കനേഡിയന്‍ ഡോളറിന്റെ സുഖശീതളിമയിലേക്ക് അവര്‍ പോയത് കിട്ടിയ അടി തുടച്ചു കൊണ്ടാണെന്ന് അറിയുവാന്‍ അതിവിശകലന പാടവമൊന്നും ആവശ്യമില്ല. മുന്‍പ് പറഞ്ഞ പോലെ ഒരു തലയും അതിനകത്ത് ഇത്തിരി ആള്‍ താമസവും മതി. കട്ട കാശാണെന്ന് കണ്ടകശ്ശനി വെറുതെ പറഞ്ഞാല്‍ “ശരി തന്നെ അങ്ങുന്നേ, അങ്ങുന്ന് മഹാന്‍” എന്ന് പറഞ്ഞ് വായ പൊത്തി, ഓച്ഛാനിച്ച് വായനക്കാരന്‍ പോകുമെന്ന് കരുതിയെങ്കില്‍ അവര്‍ ജീവിക്കുന്നത് ഈ കാലഘട്ടത്തിലല്ലെന്ന് പറയേണ്ടി വരും.

ലാവലിന്റെ സൈറ്റില്‍ കാണുന്ന കനേഡിയന്‍ ഡോളറിലുള്ള തുകയും, സി.എ. ജി റിപ്പോര്‍ട്ടിലെ തുക ഇന്ത്യന്‍ രൂപയില്‍ നിന്ന് കനേഡിയന്‍ ഡോളറിലേക്ക് 1999 ജനുവരി ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം “കാല്‍ക്കുലേറ്ററുകളെടുത്തു കണക്ക് കൂട്ടി വിഷമിക്കാതെ” കണ്‍‌വെര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസമായ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന വളിച്ച ചോദ്യവുമായി ഉരുളലിന്റെ പുത്തന്‍ രീതികള്‍ പരിശീലിക്കുകയാണ് മെര്‍കുഷിയോ. കമ്പിളി ആണെന്ന് പറഞ്ഞു കൊണ്ടുവന്ന സാധനം അതല്ലെന്ന് തെളിയുമ്പോള്‍ പുതപ്പാണെന്ന് പറയുന്ന കലാപരിപാടി.

എന്നാലും കാര്യമൊന്നുമില്ല. സി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം. കിരണ്‍ തോമസിന്റെ ഈ പോസ്റ്റില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം എന്ന പേരില്‍ സമകാലിക മലയാളം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇങ്ങനെ കാണുന്നു..

...തല്‍ഫലമായി ഏകദേശം 12 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് എസ്.എന്‍.സി ലാവലിന്‍ ഒരു ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ വഴി ചിലവിട്ടിട്ടുള്ളൂ.......”

ഇന്ന് മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ചും 12.5 കോടി രൂപ വന്നു എന്ന് സി.ബി.ഐ പറഞ്ഞതായി കാണുന്നുണ്ട്. അതായത് മെര്‍കുഷിയോയുടെ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ലെന്നര്‍ത്ഥം. ഈ തുകയെ പൈസ വന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് കൊണ്ട് ഗുണിച്ച് 8.98 കോടിയുടെ കൂടെ ചേര്‍ത്താല്‍ 12 കോടിയോടടുത്ത തുക കിട്ടും. വിശദീകരിക്കേണ്ടാത്ത വിധം ലളിതമാണ് ഈ കണക്ക്.

രണ്ടാമത്തെ പോസ്റ്റും പൊളിഞ്ഞെങ്കിലും മെര്‍കുഷിയോ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. അഞ്ചോ, ആറോ, പത്തോ കോടി എവിടെ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഇന്നത്തെ മാധമങ്ങളില്‍ കാണുന്ന വലിയ തുകയെ കനേഡിയന്‍ ഡോളറിലേക്ക് മാറ്റി, കേസ് തെളിയുന്ന ദിവസത്തെ എക്സ്ചേഞ്ച് റേറ്റ് പാഴൂരിലോ മറ്റോ ചെന്ന് കണ്ടു പിടിച്ച് ഗുണിച്ച് 543.2843215 കോടിയുടെ അഴിമതി എന്നോ കാക്കത്തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കോടി രൂപ തൊണ്ണൂറ്റി ഒന്‍പത് പൈസയുടെ അഴിമതി എന്നോ ഒക്കെ തലക്കെട്ടിട്ട് മറ്റൊരു പോസ്റ്റ് ഇടുന്നതാണ്. ഗുഡ് വര്‍ക്ക് എന്ന് താഴെ എഴുതി കമന്റിടാന്‍ ആളെ ഒരുക്കി നിര്‍ത്താന്‍ മറക്കരുത് എന്നു മാത്രം.

കട്ടിലിനെ സംബന്ധിച്ച കണക്കുകള്‍ ഭാവന വിടരുന്നതനുസരിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ടെക്നിക്കാലിയയുടെ സൈറ്റില്‍ പ്രോജക്ട്സ്/ഹോസ്പിറ്റല്‍ എന്ന ഭാഗത്ത് ഇങ്ങനെ കാണുന്നു

Malabar Cancer Centre at Thalassery for Kerala Government aided by CIDA and coordinated by SNC Lavalin Inc., Canada - 275 bed Cancer center and Staff Housing unit.

link

ഇതവരുടെ പ്രോജക്ടാണ് എന്നതിലപ്പുറം ഇത്ര കിടക്കകളുള്ള ആശുപത്രി പണിതെന്നോ, പണിത് തീര്‍ത്തെന്നോ മറ്റോ ഇതിനര്‍ത്ഥമില്ല. ആംഗലേയ പരിജ്ഞാനം കമ്മിയായതിനാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാര്‍. സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതീരുമ്പോള്‍ 270 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവന ചെയ്തിരിക്കുന്നത് എന്ന് ആദ്യപോസ്റ്റിലെ കമന്റില്‍ കിരണ്‍ തോമസ് സൂചിപ്പിച്ചിരിക്കെ ഇതില്‍ വസ്തുതാപരമായി തെറ്റുണ്ടോ എന്ന് സമയം ഉള്ളവര്‍ക്ക് തര്‍ക്കിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്. എന്തായാലും കാക്കത്തൊള്ളായിരം കോടി രൂപയുടെ അഴിമതിപ്പോസ്റ്റ് വരാനിരിക്കെ, ഈ കട്ടിലിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആനയെ വിട്ട് കടുകിനെ പിടിക്കുന്നതായിപ്പോകും. ഒരു മരത്തല മാത്രം ഉള്ളവനു പത്തു തലയുള്ളവന്റെ ഒപ്പം പിടിക്കുക ക്ഷിപ്രസാധ്യവുമല്ലല്ലോ. ഷെമിക്കുക. ലാവലിനില്‍ നിന്ന് തുക വരാതായത് ആരു വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ എന്നതൊക്കെ മാരീചന്റെയും അങ്കിളിന്റെയും പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിവിടെ വിവരിക്കാന്‍ ഉദ്ദേശ്യം ഇല്ല.

എതിര്‍ കമന്റിട്ടവരെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പോസ്റ്റിട്ടവര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ചേരുക എന്ന് മാത്രം സൂചിപ്പിക്കുന്നു. തോല്‍ക്കുന്നതിലും ഒരന്തസ്സുണ്ട്. പക്ഷേ അത് എല്ലാവരും കാണിക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

അങ്കിളിന്റെ മൂന്ന് പോസ്റ്റുകളിലും ആയിരത്തില്‍പ്പരം കമന്റുകളിലുമായി പരന്നു കിടക്കുന്ന ലാവലിന്‍ ചര്‍ച്ച വായിക്കുന്നതും, വര്‍ക്കേഴ്സ് ഫോറം, മാരീചന്‍, പി.എം.മനോജ് മുതലായ ബ്ലോഗുകളിലെ ലേഖനങ്ങള്‍ വായിക്കുന്നതും കണ്ടകശ്ശനിക്ക് ഗുണം ചെയ്യും. പണ്ടേ പൊളിഞ്ഞ കണക്കുകളും വാദങ്ങളും പുതിയതെന്ന മട്ടില്‍ അവതരിപ്പിച്ച് തുടരെത്തുടരെ നാണം കെടുന്നത് എതിര്‍പക്ഷക്കാരാണെങ്കില്‍പ്പോലും മരത്തലയനു സഹിക്കൂല...

അപ്പോ ശരി ...കാര്യങ്ങളൊക്കെ വിശദമായി മനസ്സിലാക്കി, സ്റ്റഫ് ഉള്ള എന്തെങ്കിലും വാദങ്ങളുമായി വരിക. സമയവും മൂഡും ഉണ്ടെങ്കില്‍, പോസ്റ്റ് മറുപടി അര്‍ഹിക്കുന്നുവെങ്കില്‍ മരത്തലയനും ഉണ്ടാവും അവിടെ.

ടില്‍ ദെന്‍, ഗുഡ് ബൈ..

Friday, June 12, 2009

ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്ക് ചെയ്യാതാകുമ്പോള്‍

BREAKING NEWS സി ബി ഐ നാര്‍ക്കോ-ടെസ്റ്റ് വഴി തെളിയിക്കുക: എവിടെ പോയി ലാവലിന്‍ കൊടുത്ത 10,18,76,826.71 രൂപാ (10.19 കോടി)? എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് കണ്ണ് തള്ളി നോക്കി നിന്നു പോകും. ലാവലിന്‍ കേസിന്റെ ചരിത്രത്തിലാദ്യമായി അണപ്പൈ വരെ കണക്ക് കൂട്ടി കണ്ടുപിടിക്കുകയും അത് ആരു അടിച്ചു മാറ്റി എന്നു കണ്ടു പിടിക്കുവാന്‍ സി.ബി.ഐയെ ഒട്ടേറെ ലിങ്കുകള്‍ നല്‍കി വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍, പെറ്റ തള്ളവരെ ഞെട്ടിപ്പോകും.


മെര്‍കുഷിയോയുടെ പോസ്റ്റിലെ വാക്കുകള്‍ തന്നെ കടമെടുത്ത്, വളച്ചൊടിച്ചു എന്ന ആരോപണം കേള്‍പ്പിക്കാതെ നമുക്ക് തുടങ്ങാം. അവര്‍ പറയുന്നത് ഇങ്ങിനെ.

എത്ര തുക മലബാര്‍ കാന്‍സര്‍ സെന്ററിനു കൊടുത്തു എന്നു പറയുവാന്‍ ഏറ്റവും നല്ലതു ലാവലിന്‍ തന്നെയാണു. അവര്‍ ഈ വിഷയത്തെ പറ്റി ഇറക്കിയ വിശദീകരണക്കുറിപ്പു അനുസരിച്ചു അവര്‍ക്ക് സംഭരിക്കുവാന്‍ പറ്റിയതു 18 ലക്ഷം കനേഡിയന്‍ ഡോളറ് മാത്രമാണു. അതായതു 77,691,713.14 രൂപാ. ഇതു അവര്‍ക്ക് കൊടുത്തതു കനഡാ സര്‍ക്കാറിന്റെ കനേഡിയന്‍ ഇന്റര്‍നാഷണന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയാണു. ലിങ്ക് ഇവിടെ. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിക്കുക.

ഇതിനു പുറമെ ലാവലിന്‍ സ്വന്തം ആദായത്തില്‍നിന്നു 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍ അഡ്വാന്‍സായി മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കി. അതായതു 11,39,85,113.57 രൂപാ.

അങ്ങനെ മൊത്തം നല്‍കിയതു 19,16,76,826.71 രൂപാ. ചെന്നൈയിലെ ഇടനിലക്കരന്‍ ടെക്നിക്കാലിയയ്ക്ക് കിട്ടിയതായി കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ പറയുന്നതു 8.98 കോടി രൂപ.

ബാക്കി 10,18,76,826.71 രൂപാ എവിടെ പോയി? കാണാനില്ലേ 10.19 കോടി രൂപാ!“

മെര്‍കുഷിയോ അതീവ വിശകലന ബുദ്ധിയോടെ നടത്തുന്ന കണ്ടെത്തലുകള്‍, ആ പോസ്റ്റിലെ രാഷ്ട്രീയവും രാഷ്ടീയ വിശകലനവും, പരിഹാസവുമൊക്കെ മാറ്റി നിര്‍ത്തി പരിശോധിച്ചു നോക്കാം. മെര്‍കുഷിയോ 10,18,76,826.71 രൂപാ (10.19 കോടി) എന്ന തുകയില്‍ എങ്ങനെയായിരിക്കാം എത്തിയത് എന്നൊന്ന് കണക്ക് കൂട്ടി...

എല്ലാം ആദ്യേം പൂജ്യേം .....

ലാവലിനു സംഭരിക്കുവാന്‍ പറ്റിയ തുക =18 ലക്ഷം കനേഡിയന്‍ ഡോളര്‍

സ്വന്തം ആദായത്തില്‍ നിന്നും നല്‍കിയത് = 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍

മൊത്തം തുക - 18+26.4 = 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍

2009 ജൂണ്‍ ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് - 1 കനേഡിയന്‍ ഡോളര്‍ = 43.1779 ഇന്ത്യന്‍ രൂപ (ലിങ്ക്)

ആ‍യതിനാല്‍ 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍ = 4440000X43.1779 =19,17,09,876 രൂപ

ഇതില്‍ നിന്നും 8.98 കോടി രൂപ കുറച്ചാല്‍ കിട്ടുന്ന തുക 10,21,09,876 രൂപ അതായത് 10.21 കോടി രൂപ.

കണക്ക് കൃത്യം. വാങ്ങല്‍/വില്‍പ്പന വിലയില്‍ ചെറിയ വ്യത്യാസം ധനകാര്യ ഏജന്‍സികളുടെ നിരക്കില്‍ കാണും എന്നതിനാലാണ് കണക്കിലെ ചെറിയ വ്യത്യാസം. മെര്‍കുഷിയോ കണക്കു കൂട്ടാനെടുത്ത റേറ്റ് 43.17045647 ആണ്.

എന്നാലും എന്തോ ഒരു വശപ്പെശകില്ലേ കണക്കില്‍? ലാവലിന്‍ തുക നല്‍കിയത് ഇന്നോ ഇന്നലെയോ അതോ മിനിഞ്ഞാന്നോ? അത് കൃത്യമായി അറിയില്ല. എന്നിരുന്നാലും മെര്‍കുഷിയോ തന്നെ നല്‍കിയ സി.എ.ജി ലിങ്കില്‍ February 2001 വരെ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1 ഫെബ്രുവരി 2001നായിരിക്കും തുക നല്‍കിയത് എന്ന് കരുതി കണക്ക് കൂട്ടാം

അന്നത്തെ റേറ്റ് 31.01737 (മുകളിലെ ലിങ്ക് ഉപയോഗിച്ചാല്‍ ഇത് കണ്ടെത്താം)

അപ്പോള്‍ ലഭിച്ചിരിക്കാവുന്ന തുക - 4440000X31.01737=13,77,17,122.80 രൂപ

ആ തീയതിക്കും പിന്നിലേക്ക് പോയാലും തുക കുറയുകയേ ഉള്ളൂ. സ്ഥിരമായി എക്സ്ചേഞ്ച് റേറ്റ് 40 രൂപ കടന്നത് 2006 ഏപ്രില്‍ 28 നാണ്. ലിങ്ക് (ഈ ലിങ്ക് ഉപയോഗിച്ച് ഇത് കണ്ടു പിടിക്കാം)

1999 ഏപ്രില്‍ 1ലെ റേറ്റ് 27.87845 അതനുസരിച്ചാല്‍ ലഭിച്ച തുക12,37,80,318 = ഏതാണ്ട് 12 കോടി

ഇത് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള 12 കോടിയുമായി ഒത്തുവരുന്ന തുകയാണ്. “ആ 12 കോടി ഇതാ ഇവിടെ” എന്ന പോസ്റ്റില്‍ ഈ തുക എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിന്റെ ചില വിശദീകരണങ്ങളും ഉണ്ട്.

2001 ഫെബ്രുവരി വരെ കനേഡിയന്‍ ഡോളറില്‍ നല്‍കിയ തുകയ്ക്ക് 2009 ജൂണ്‍ 1ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് വെച്ച് കണക്കുണ്ടാക്കുകയും അതിലൂടെ എത്രയൊക്കെയോ തുക ആരൊക്കെയോ അടിച്ചു മാറ്റി എന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ഈ മെര്‍കുഷിയോ പോസ്റ്റ്, ലാവലിന്‍ വിഷയത്തില്‍ ഏതൊക്കെ രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതിനൊരൊന്നാം തരം ഉദാഹരണമാണ്. കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ മെനക്കെടാതെ, അതിന്റെ കൂടെ എഴുതിയ “കഥ” മാത്രം വായിച്ച് മുഴുവന്‍ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഈ രീതിയിലൊക്കെയാണ് പറ്റിക്കപ്പെടുന്നത്. അത് കമലാ എന്റര്‍പ്രൈസസിനെക്കുറിച്ചുള്ള ബിനാമിക്കഥയായാലും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലായാലും.

ടെക്നിക്കാലിയയുടെ വെബ് സൈറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ ബെഡ്ഡിന്റെ എണ്ണം 275 ആണെന്ന് പറഞ്ഞിരിക്കുന്നെന്നും എന്നാല്‍ ഹിന്ദുവിന്റെ കണക്ക് പ്രകാരം 65 ബെഡ്ഡേ ഉള്ളൂ എന്നും പറഞ്ഞ്, ആ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു വെക്കുവാന്‍ ആഹ്വാനം ചെയ്ത, “ടെക്‍നോളിയ(sic) അത്ര റെപ്യുട്ടട്ട് ആണോ“ എന്ന സംശയം ഉന്നയിക്കുകയും ചെയ്യുന്ന മെര്‍കുഷിയോവിന്റെ പോസ്റ്റിലെ കണക്കിലെ ഈ വമ്പന്‍ കുഴപ്പം എത്ര സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചാലും തീരുമോ? റെപ്യൂട്ടേഷന്‍ ഒരു പരിക്കും ഇല്ലാതെ നിലനില്‍ക്കുമോ?

സി.ബി.ഐയേക്കാല്‍ വലിയ സി.ബി.ഐ ചമഞ്ഞ് എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ദുരൂഹത നിലനിര്‍ത്തുവാന്‍ വിവിധ രീതികളില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിവികാസത്തിനും യോജിച്ച രീതിയില്‍ മാധ്യമങ്ങള്‍ നടത്തുന്ന അനാലിസിസുകളുടെയും കഥമെനയലിന്റെയും വഴിക്ക് തന്നെ ബൂലോഗത്തെ അനാലിസിസുകളില്‍ ചിലതും എന്നത് നിരാശാജനകം തന്നെ.

പോസ്റ്റിട്ടവരേക്കാള്‍ ആവേശത്തോടെ പോസ്റ്റിനു താഴെ വീണ ഒരു കമന്റു കൂടി ഇട്ടില്ലെങ്കില്‍ ചിത്രം പൂര്‍ണ്ണമാവുകയില്ല.

അതിങ്ങനെ.

ഗുപ്തന്‍ June 12, 2009 12:36 PM

Good work :) All this Pinarai episode was blown out of proportion both by the media and by group conflicts in the party. The attention has turned away from huge financial mis-management to one single person.

I am not convinced that Pinarai is innocent: even if he is having a minimal role in this affair he could be only reaping what he sowed. But this extra attention on the political side is turning the attention away from some more serious issues.

പോസ്റ്റില്‍ എന്തെഴുതി എന്നതല്ല ആര്‍ക്കെതിരെ എഴുതി എന്നതാണ് Good work ആകാനുള്ള minimal യോഗ്യത. ഇതും ലാവലിന്‍ വിഷയം തല്പരകക്ഷികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നല്ലൊരു സ്പെസിമന്‍ തന്നെ.