Monday, February 15, 2010

ഒരേ തൂവല്‍ പച്ചികള്‍

ശിവരാമണ്ണോ...പൂയ്...

എന്തരെടേയ്.?

അണ്ണന്‍ എവടെപ്പോണത്?

രമേശണ്ണനെ ഒന്ന് കാണാന്‍ തന്നെടേയ്

എന്തരു കാര്യം?

ഒരു ജ്വാലി ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ടെടേയ്..

അയ്യോ..അപ്പ അണ്ണന്‍ പഴയ ജ്വാലികളു വിട്ടാ?

വിട്ടെടേയ്..ഇക്കയും അച്ചായനും പോലും വിട്ട്..പിന്നെ ഞാന്‍ വിട്ടാലെന്തെടേയ്..

ഉം..ഉം..ഒരേ തൂവല്‍ പച്ചികളു തന്നെ അല്ലേ അണ്ണാ? അണ്ണന്‍ വിട്ടാ..അതോ അങ്ങോരു പൊറത്താക്കിയാ..?

ഞാം വിട്ട്..പക്ഷേ അങ്ങോരു വിട്ടില്ല.. രാജിക്കത്ത് കീറിക്കളഞ്ഞിട്ട് എന്നെ ഡിസ്മിസ് ചെയ്ത്..

വിടാനെന്തരു പറ്റി?

അങ്ങോരു ശരിയല്ലേടേയ്..

ഉം?

ഭയങ്കര ആദര്‍ശം..ചമ്പളത്തീന്ന് ടാക്സ് പിടിക്കുമെടേയ്..പിന്നെ യൂണിഫോം ഇടണം..സമയത്ത് ജ്വാലിക്ക് വരണം..ജ്വാലി ശരിക്ക് ചെയ്യണം..തൊന്തരവ് തന്നെടേയ്..

ഇതൊക്കെ അറിഞ്ഞോണ്ടല്ലേ അണ്ണന്‍ ജ്വാലിക്ക് ചേര്‍ന്നത്?

തന്നെടേയ്..പക്ഷേ കാലം മാറുമ്പ മനുഷന്റെ ആവശ്യങ്ങളും മാറൂല്ലെടേയ്..അതിനനുസരിച്ച് ജോലിക്ക് നിറുത്തണവരും ലിബറല്‍ ആകേണ്ടടേയ്..പൊണ്ടാട്ടിക്കും പുള്ളാര്‍ക്കും ഒരു കൈപ്പിഴ വന്നാ കണ്ടില്ലെന്ന് നടിക്കേണ്ടെടേയ്?

അണ്ണന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് സഹായിച്ച് അണ്ണനെ ഒരു നെലക്കെത്തിച്ച ആളുകളല്ല്ല്ലേ അണ്ണാ?

തന്നെ..പച്ചേങ്കി ഇനിയൊരു പ്രമോഷന്‍ തരൂല്ലാന്ന് അങ്ങോരു സൂചിപ്പിച്ചെടേയ്..ചാനലുകാരു പറേണ പോലെ അങ്ങോരുടെ ബാഡി ലാംഗ്വേജ് കണ്ടപ്പോ അങ്ങനെ തോന്നിയെടേയ്..

അത് അണ്ണന്‍ ജ്വാലിയില്‍ ഒഴപ്പിയിട്ടല്ലേ അണ്ണാ..

ഡേയ്..ഡേയ്..രമേശണ്ണന്‍ ഇത്തിരൂടെ മെച്ചമുള്ള ഒരു ജ്വാലി ശരിയാക്കിത്തരാംന്ന് പറഞപ്പോഴാണേടേയ് ഒഴപ്പിയത്..രമേശണ്ണന്റെ ചോക്കലേറ്റ് മൊഖം മനസ്സില്‍ വന്നാ, ആ പന്‍സാര വര്‍ത്താനം കേട്ടാ ആരായാലും ഒഴപ്പിപ്പോവത്തില്ലെടേയ്..

ഈ രമേശണ്ണന്റെ കൂടെ എത്രകാലം അണ്ണാ?

പറയാമ്പറ്റൂല്ലെടേയ്..ഒരാൾ പോയാ ഒന്‍പത് ആൾ വരും എന്നല്ലെടേയ്..ആയാറാം ഗയാറാം..

അങ്ങോരു തള്ളണ പാഴുകളെ ജ്വാലിക്ക് നിര്‍ത്താനാണോ അണ്ണാ രമേശണ്ണന്‍ കടേം തൊറന്ന് വെച്ച് ഇരിക്കണത് എന്ന് ഇക്കയും അച്ചായനും രമേശണ്ണന്റെ കൂടെച്ചേര്‍ന്നപ്പോ നാട്ടാരു ച്വാദിച്ചിരുന്നണ്ണാ..

ആ നാട്ടാരോട് പോവാന്‍ പറേഡേ..പാഴുകള്..

ഒറ്റപ്പാലം കടക്കുവോളം നാരായണാ..പാലം കടന്നാല്‍ കൂരായണാ അല്ലേ അണ്ണാ?

ദില്ലീ വെലസി നടന്ന അണ്ണനെ വെറും ലോക്കലാക്കിയപ്പോ ഈ നാട്ടാരെവടേപ്പോയെടേയ്..എവിടെ എത്തേണ്ട ഞാനാ..പി.എസ്.സിക്കാരു പൊറകേ നടന്ന് വിളിയായിരുന്നു..കളക്ടറാക്കാം..ദി കിംഗാക്കാംന്നൊക്കെപ്പറഞ്ഞോണ്ട്..ആവാന്‍ സമ്മയ്ച്ചില്ലല്ലോ..

രമേശണ്ണന്റെ കൂടെയെങ്കിലും ജ്വാലികളൊക്കെ ചെയ്ത് ശരിക്ക് നിക്കണ്ണാ.

പോടേയ്..ഇവടെ അങ്ങനെ ജ്വാലികളൊന്നും ഇല്ലെടേയ്..ചുമ്മാ പൌഡറും പൂശി, ഡൈയും പെരട്ടി കുട്ടപ്പനായി വരണം. രമേശണ്ണനും മറ്റേ അണ്ണന്മാരും വരുമ്പോ തൊഴണം..എപ്പ വേണേ വരാം..എപ്പ വേണേ പോവാം..ഗമ്പ്ലീറ്റ് ജനാധിപത്യമല്ലേടേയ്.. ഇവടെ ടാ‍ക്സു പിടികൂലെന്ന് മാത്രമല്ല..കൈ നീട്ടി വല്ലോം വാങ്ങിയാലും കൊയപ്പമില്ല.

എന്നാലും ഷെയറു വീതിക്കേണ്ടേ അണ്ണാ..

ഡേയ്..വല്ലോനും തരണതീന്ന് ഷെയറു വീതിക്കണതീ കയ്ക്കണ്ട കാര്യമെന്തരിരിക്കണത്?..നീയങ്ങോട്ട് ഷെയറിയാ ലവരിങ്ങോട്ടും ഷെയറുമെടേയ്..

ന്നുവെച്ചാ .മൊത്തത്തി ഒരു പരസ്പരസഹായസഹകരണസംഘങ്ങളു തന്നെ അല്ലേ അണ്ണാ.

ഹഹഹ.. വികസനത്തിന്റെ കാര്യം വരുമ്പോ കക്ഷി രാഷ്ട്രീയത്തീ മസിലുപിടുത്തം പാടില്ലെടേയ്..അവനവന്റെ വികസനമാവുമ്പോ പ്രത്യേകിച്ചും..