Tuesday, March 31, 2009

പൂച്ച പുറത്തായോ?

സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ അത്രയൊന്നും വിശ്വാസമില്ലാത്ത ദേശീയ അദ്ധ്യക്ഷന്മാര്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടാകുമോ? അല്ല ചോദിച്ചെന്നെ ഉള്ളൂ. ബി.ജെ.പി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ പറഞ്ഞത് വായിച്ചപ്പോള്‍ ഇത്രയും കാലം അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടി ലൈനിനു വിരുദ്ധമായ അഭിപ്രായമാണോ ഉള്ളിന്റെ ഉള്ളില്‍ കൊണ്ടു നടന്നിരുന്നത് എന്നൊരു സംശയം.

ദേശവിരുദ്ധ ശക്തികളായ പി.ഡി.പിയുമായും വര്‍ഗീയകക്ഷിയായ ജമാ അത്തെ ഇസ്‌ലാമിയുമായും കൂട്ടുകൂടിയ സി.പി.എമ്മിന്‌ അവരുടെ മതേതര മുഖം നഷ്‌ടമായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിലെ വസ്തുതാപരമായ പിശകുകള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാലും സംശയം സംശയം തന്നെയാണല്ലോ.

സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്‌നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ. അദ്ദേഹത്തിന്റെ പാര്‍ട്ടി തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ സി.പി.എമ്മൊക്കെ കപടമതേതരകക്ഷികള്‍ ആണെന്നാണ്. പി.ഡി.പി വാഗ്ദാ‍നം ചെയ്ത വോട്ടുകള്‍ സ്വീകരിക്കുന്നതിനെ മാക്സിമം മൈലേജില്‍ പിടിക്കാന്‍ നോക്കിയതാണ് രാജ്‌നാഥ് സിങ്ങ് ജി. ആകെ മൊത്തം ടോട്ടല്‍ ചിത്രത്തില്‍ തന്റെ പ്രസ്താവന എങ്ങിനെ ചേരും എന്നാലോചിക്കാനുള്ള ബുദ്ധി അദ്ദേഹത്തിനില്ലാതെ പോയി. സി.പി.എമ്മും മതേതരകക്ഷിതന്നെ എന്ന് തന്നെ സിങ്ങ് ജിയുടെ മനസ്സിലും എന്നത് ഒരു കാര്യം വെളിവാക്കുന്നു. ഉള്ളിലൊരു അഭിപ്രായവും പുറത്തൊരു സ്റ്റാന്‍ഡും ആണിവര്‍ക്കൊക്കെ എന്ന്. മനസ്സിലിരുപ്പുകള്‍ വല്ലപ്പോഴുമെങ്കിലും പുറത്ത് വരുന്നതിനെ സ്വാഗതം ചെയ്യാം. ചെമ്പ്, പൂച്ച, കള്ളി എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഉപയോഗിക്കാതെ.

*

അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പുറത്താക്കുന്ന ലോകത്തിലെ ഏക പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് പണ്ട് ഇന്ദ്രന്‍ മാതൃഭൂമിയിലെ തന്റെ പംക്തിയില്‍ പറഞ്ഞിട്ടുണ്ട്. അങ്ങിനെയുള്ള പാര്‍ട്ടിയിലെ ‘പുലി‘ക്ക് വേണമെങ്കില്‍ എതിരാളിക്ക് ജയിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകയുമാകാം. അത് പാര്‍ട്ടി വിരുദ്ധമാകുന്ന പ്രശ്നവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം മലപ്പുറം ജില്ലയില്‍പ്പോലും ഒരു പഞ്ചായത്തിൽപ്പോലും ഭരണമില്ലാത്ത കക്ഷിയുടെ വോട്ടുകള്‍ സ്വീകരിക്കുന്നതില്‍ അദ്ദേഹം ഖിന്നനാണ്. ഭരണം ഇല്ലെങ്കില്‍പ്പിന്നെന്ത് കക്ഷി? സ്വന്തം അപ്പനെപ്പോലും ഇക്കാലത്ത് വിലയിരുത്തേണ്ടത് അപ്പനു അധികാരമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. നാലോട്ടുള്ള കക്ഷിയുടെ പിന്തുണ വാങ്ങി ജയിക്കാനുള്ള ഈ വിധേയന്റെ ഉപദേശം സി.പി.എം സ്വീകരിക്കണം.

*

'സോഷ്യല്‍ ഗ്രൂപ്പ്‌സിന്റെ വോട്ട്‌ വാങ്ങാം; എന്നാല്‍ അവരുമായി സന്ധി ചെയ്യരുത്‌, സന്ധി ചെയ്യരുത്, സന്ധി ചെയ്യരുത് ' എന്നു 2001ല്‍ പറഞ്ഞതാരാണ് ? ശ്രീമാന്‍ എ.കെ. ആന്റണിയാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ആ നിര്‍ദ്ദേശമനുസരിച്ച് 2001ല്‍ യു.ഡി.എഫ് ചില സോഷ്യല്‍ ഗ്രൂപ്‌സിന്റെ വോട്ട് വാങ്ങിയിരുന്നു, സന്ധി ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആരൊക്കെയാണീ സോഷ്യല്‍ ഗ്രൂപ്പ്സ്? അതദ്ദേഹം വ്യക്തമാക്കുന്നില്ലെങ്കിലും ഒരെണ്ണത്തിന്റെ പേരു വേണമെങ്കില്‍ പറഞ്ഞു തരാം. 2001ലെ പി.ഡി.പി. ഒരു നഗ്ന സത്യം കൂടി അദ്ദേഹം വെളിപ്പെടുത്തുന്നു. മുസ്ലീം ലീഗ് ഒരു മതേതരപ്പാര്‍ട്ടിയാണ്. അതിനുള്ള തെളിവ് ? യു.സി.രാമന്‍. അദ്ദേഹത്തിനു അന്നു വല്ല പി.ഡി.പി കണക്ഷനും? യെവടെ? തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നുവത്രെ തനിക്ക് ബന്ധമില്ലെന്ന്. മതി. ഭൂതകാലം ചികയുന്നതെന്തിനെന്ന് അന്ന് ലീഗും ചിന്തിച്ചു. പക്ഷെ ഇന്നങ്ങിനെ ചിന്തിക്കാത്തതുകൊണ്ട് ചിലരുടെ ഭൂതകാലം മാത്രം ചികഞ്ഞുകൊണ്ടിരിക്കുന്നു...

*

10,000 കോടി രൂപയുടെ ബരാക്‌ മിസൈല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വിശദീകരണം നല്‍കണമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. ഐസക്കിനു സംഭവം പിടികിട്ടിയിട്ടില്ല. വകുപ്പ് പ്രതിരോധമാണ്. പലതും നടക്കും. അതിനെക്കുറിച്ചൊക്കെ ചോദ്യങ്ങള്‍ വരും അതിനാല്‍ എന്ത് നടന്നാലും, എന്ത് കണ്ടാലും, എന്ത് ചോദിച്ചാലും മിണ്ടാത്ത ആളെ വേണം പ്രതിരോധമന്ത്രിയാക്കാന്‍ എന്നു തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് ഇത്തവണ പ്രതിരോധമന്ത്രിയെ തെരഞ്ഞെടുത്തിട്ടുള്ളത്. ടാലന്റ് ഹണ്ട് കെ.എസ്. യുവിനും, യൂത്ത് കോണ്‍ഗ്രസ്സിനും മാത്രമാണെന്ന് കരുതിയോ? ഏത് പ്രായത്തിലെ ടാലന്റും ഞങ്ങള്‍ ഹണ്ട് ചെയ്യും. ചുമ്മാ വായിലെ വെള്ളം വറ്റി സമാധിയാകണ്ടെങ്കില്‍ ചോദ്യങ്ങള്‍ നിര്‍ത്തി മിണ്ടാതിരിക്കുന്നതാണ് തോമസ് ഐസക്കിനു നല്ലത്.

*

ഇസ്രായേലുമായുള്ള ആയുധ ഇടപാട് എന്തായാലും നമ്മുടെ മാധ്യമങ്ങള്‍ക്കൊന്നും വലിയ വാര്‍ത്തയായില്ല. ദേശാഭിമാനിയും ജനയുഗവും മാധ്യമവും ഒഴിച്ച് ആരും തന്നെ വലുതായൊന്നും എഴുതിയില്ല. 600 കോടിയുടെ അഴിമതിയൊക്കെ വാര്‍ത്തയാക്കുന്നത് അവരുടെയൊന്നും സ്റ്റാന്‍ഡേര്‍ഡിനു ചേര്‍ന്നതല്ല, തുക പോരാ, അവരിത് വാര്‍ത്തയാക്കണമെങ്കില്‍ ഒരു 379 കോടി രൂപ മൊത്തം അടങ്കല്‍ തുക വരുന്ന ഏതെങ്കിലും പദ്ധതിയായിരിക്കണം, എന്നാല്‍ ഒരു കൈ നോക്കുമായിരുന്നു, മൊത്തം അടങ്കല്‍ തുകയും അഴിമതിയാക്കി വെച്ചു കാച്ചുമായിരുന്നു എന്നൊക്കെപ്പറയുന്ന ക്രൂരന്മാരോട് യോജിപ്പില്ല. മനോരമയാണെങ്കില്‍ ഒരു പടികൂടി കടന്ന് ഐസക്കിന്റെ ചോദ്യം പോലും ഇട്ടിട്ടില്ല.(വെബ് എഡിഷന്‍). ഇതൊക്കെ ഒരു ത്യാഗമാണെന്ന് സത്യം എത്ര വിമര്‍ശകര്‍ മനസ്സിലാക്കുന്നു. ഒന്നാം തരം സ്‌കൂപ്പ് കിട്ടിയിട്ടും ഇടാന്‍ കഴിയാതെ പോകുക എന്നത് ഒരു പത്രത്തിനെ സംബന്ധിച്ച ഏറ്റവും വലിയ ദുരന്തമാണെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു ദുരന്തം സ്വയം വരിക്കുന്ന മലയാള പത്രങ്ങളുടെ ത്യാഗമനസ്ഥിതിക്ക് മുന്‍പില്‍ പ്രണാമം.

*

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ വോട്ട് അപരന്‍ വന്നു ചെയ്തിട്ടു പോയി എന്നറിഞ്ഞാല്‍ നിങ്ങള്‍ ചാലഞ്ച് വോട്ട് ചെയ്യുമോ അതോ ഇനി ജന്മത്ത് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കുമോ? ഗാനഗന്ധര്‍വ്വന്‍ യേശുദാസ് രണ്ടാമത് പറഞ്ഞ മട്ടുകാരനാണ്. പത്തുവര്‍ഷം മുന്‍പൊരുത്തന്‍ യേശുദാസിന്റെ വോട്ട് കള്ള വോട്ട് ചെയ്തിട്ടുപോയതിനാല്‍ അന്നു തൊട്ടിന്നുവരെ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലത്രെ. മനസ്സു മടുത്തത്രെ. കോടി രൂപ തന്നാലും രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയം വെറുക്കാന്‍ ഓരോരുത്തര്‍ക്ക് എത്രയെത്ര കാരണങ്ങള്‍? യേശുദാസ് ഓര്‍മ്മിപ്പിക്കുന്നത് ഒരു വി.കെ.എന്‍ കഥയാണ്. തീവണ്ടി കയറാന്‍ വന്ന കഥാപാത്രം സ്റ്റേഷന്‍ മാഷുമായി എന്തിനോ തര്‍ക്കത്തിലാകുന്നു. തീവണ്ടി സ്റ്റേഷന്‍ മാഷുടെ സ്വന്തമാണെന്ന് കരുതുന്ന ശുദ്ധനായ ആ കാരണവര്‍ കഥാപാത്രം ദേഷ്യം വന്ന് ഭാര്യയുമായി തീവണ്ടി കയറാതെ മടങ്ങുന്നു. “ ഈ കൊങ്ങന്റെ വണ്ടി നമുക്ക് വേണ്ടെടീ” എന്നു ഡയലോഗും.

വോട്ട് ചെയ്തിട്ടില്ല എന്നു പരസ്യമായി പറയുന്നതും, ഇനി ചെയ്യില്ല എന്നു പറയുന്നതും നിയമപ്രകാരം ശരിയാണോ? അത് വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത് ശരിയോ തെറ്റോ?

പത്രങ്ങളുടെ പല പല നിലപാടുകളും കണ്ട് നമുക്കൊക്കെ എത്ര കലിയാണ് പലപ്പൊഴും വരുന്നത്. എത്ര മടുപ്പാണ് തോന്നുന്നത്. പൊതുജനാഭിപ്രായത്തെ റാഞ്ചിക്കൊണ്ടു പോകുന്ന കലാപരിപാടികളല്ലേ പലപ്പോഴും ഇവര്‍ നടത്തുന്നത് ? ദേഷ്യം വന്ന് “ഈ കൊങ്ങന്മാരുടെ പത്രം നമുക്ക് വേണ്ട” എന്നു പറഞ്ഞ് നാം ഓരോരുത്തരും പത്രം നിര്‍ത്തിത്തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ?

പറഞ്ഞുവന്നതെന്താണെങ്കില്‍, മടുക്കാതെ, വെറുക്കാതെ, നിരാശപ്പെടാതെ ഏപ്രില്‍ 16ന്റെ അവസരം നമുക്ക് വിനിയോഗിക്കാം.

Monday, March 30, 2009

ഒരു ഒടക്കന്‍ വീരഗാഥ

കീരിക്കാടന്‍ ജോസിനെ ഓര്‍മ്മയില്ലേ? കിരീടം എന്ന ചിത്രത്തിലെ മുറിച്ചിട്ടാല്‍ മുറി കൂടുന്ന വില്ലന്‍. പേടിക്കണ്ട. പുള്ളി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടൊന്നുമില്ല. എന്നാലും കീരിക്കാടനെ ഓര്‍മ്മിപ്പിക്കുന്ന ഒരു അവതാരം- മുറിച്ചാല്‍ മുറികൂടുന്ന അവതാരം- രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെന്ന് ആരെങ്കിലും അറിഞ്ഞോ? ഇല്ലെങ്കില്‍ ഈ വരികള്‍ വായിക്കുക.

“ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം യു.പി.എ. ഘടകകക്ഷികള്‍ ഒന്നിക്കും. തെരഞ്ഞെടുപ്പിനു ശേഷം യു.പി.എ. ഘടകകക്ഷികള്‍ യോജിച്ച്‌ സുസ്‌ഥിര സര്‍ക്കാര്‍ നിലവില്‍ വരും.“

എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാര്‍

ഇപ്പോള്‍ മുറിഞ്ഞ് കിടക്കുന്ന, ചന്തയുടെ ചങ്ങാതിമാരായ കീരിക്കാടന്മാര്‍ മുറി കൂടാതിരിക്കുന്നതല്ലേ സേതുമാധവന്മാര്‍ക്കും, അച്യുതന്‍ നായര്‍മാര്‍ക്കും, പെങ്ങമ്മാര്‍ക്കും, അമ്മമാര്‍ക്കും ഒക്കെ നല്ലത് ? ഏപ്രില്‍ 16നു ഒരു അവസരം വരുന്നുണ്ട്. അത് നഷ്ടപ്പെടുത്താതിരിക്കാം.

“ഭൂമിയോളം താഴാം; പക്ഷെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്താന്‍ വന്നാലോ സാര്‍?” എന്ന സേതുമാധവന്റെ ഡയലോഗ് ഗതിയറ്റ ഇന്ത്യന്‍ ജനതയുടെ കൂടി ഡയലോഗ് ആകുന്ന പോലെ. കീരിക്കാടന്‍ ഇല്ലാതെ വന്നാലേ സേതുവിനു ജീവിക്കാന്‍ പറ്റൂ എങ്കില്‍.......

കീരിക്കാടന്റെ കൂട്ട് മുറി കൂടുന്ന മറ്റൊരാളും ഉണ്ട്. ജരാസന്ധന്‍. പുരാണം പുരാണം. യേത് ? ജരാസന്ധന്റെ കാര്യവും മുറിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. കീരിക്കാടനും ജരാസന്ധനും മുറികൂടാതിരിക്കുന്നത് സേതുമാധവനു മാത്രമല്ല രാജ്യത്തിനു തന്നെയും നല്ലതായിരിക്കും.

*

“പാര്‍ട്ടി വിട്ടു പോയിട്ട് തിരിച്ചുവന്നവര്‍ക്ക് സ്ഥാനം തിരിച്ചുനല്‍കിയാല്‍ തെറ്റായ കീഴ്വഴക്കമാകുമെന്ന് പറഞ്ഞ് അവര്‍ ആദ്യം കരുണാമയനെ തോല്‍പ്പിച്ചു. രാജ്യസഭയിലെക്ക് പേരുയര്‍ത്തിക്കാട്ടി അവസാനം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും കരുണാമയനെ തോല്‍പ്പിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ ഒരെണ്ണം മാത്രം നല്‍കി അവര്‍ പിന്നെയും കരുണാമയനെ തോല്‍പ്പിച്ചു. ഒക്കെ ശരിതന്നെ. പക്ഷേ, തോല്‍‌വികളേറ്റുവാങ്ങാന്‍ കരുണാമയന്റെ ജന്മം പിന്നെയും ബാക്കി എന്നു പറയാന്‍ ഇമ്മിണി പുളിയ്ക്കും. തിരുവനന്തപുരത്ത് ജയിച്ചാല്‍ കേരളം മുഴുവന്‍ കോണ്‍ഗ്രസ് ജയിക്കും എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ മക്കളെ. ഈ ടൈമില്‍ കരുണാമയനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...മാറ്റച്ചുരികയ്കു പകരം കരുണാമയനു ഓരോ ബൂത്തിലും ഉള്ള വോട്ടുകള്‍ നിങ്ങളെ തോല്‍പ്പിക്കും. വിമതനീക്കം എന്ന് തോന്നിപ്പിച്ച് സമ്മര്‍ദ്ദ തന്ത്രത്തിലേക്ക് മാറുന്ന പഴയ അടവല്ലിത് മക്കളെ. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്ന കരുണാകരച്ചേകവരുടെ വാക്കാണിത് മക്കളെ...”

എം.ടി തോറ്റുപോകുന്ന ഇത്തരമൊരു ഡയലോഗ് കാരണവര്‍ നിന്ന് കാച്ചിയപ്പോള്‍ നാടുവാഴിയായ ഹൈക്കമാഡം വിറച്ചുവത്രെ. കാരണവര്‍ക്കര്‍ഹമായതെന്ന് കാരണവരും, അല്ലെന്ന് സംസ്ഥാന നേതൃത്വവും വിശ്വസിക്കുന്ന അങ്കപ്പണവും പൊന്‍‌കിഴിയും അവര്‍ കാരണവര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. പത്മജ വേണുഗോപാലടക്കം ആറുപേരെ കെ.പി.സി.സി എക്സിക്യൂട്ടീവിലേക്കും, കരുണാകരവിഭാഗത്തിലെ നാലുപേരെ എ.ഐ.സി.സി യിലേക്കും നിയമിച്ച് ഉത്തരവായിരിക്കുന്നു.

*
ചീറ്റലിന്റെ കഥ പറഞ്ഞു തരൂ.. കഥ പറഞ്ഞു തരൂ.. എന്ന് കുട്ടികള്‍ എത്ര നേരമായി കരയുന്നു. ഇന്നൊരു കഥയാകാം.

കഥയില്‍ ലാവലിന്‍ ചീറ്റിപ്പോയെന്ന് ആദ്യം അറിഞ്ഞത് നാടുവാഴികളായ കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കൂടെക്കിടക്കുന്നവന്റെ രാപ്പനി അറിയാതിരിക്കാന്‍ മാത്രം പഠിപ്പ് തികയാത്തവരല്ല കഥയിലെ കോണ്‍ഗ്രസ്സുകാര്‍. തുടങ്ങുന്നതിനു മുന്‍പ് തന്നെ ചീറ്റിയിരുന്നു എന്നറിയാവുന്ന മുന്‍ നാടുവാഴി കാര്‍ത്തികേയന്‍ എന്ന കഥാപാത്രം ഈ കഥയില്‍ ഒരിക്കൽ പോലും രംഗത്തു വരുന്നില്ല. മൊത്തം അശരീരിയാണദ്ദേഹത്തിന്റെ ഡയലോഗ് മുഴുവന്‍. ഏതെങ്കിലും കുരുത്തം കെട്ട മാദ്ധ്യമ കൊച്ചമ്മമാർ ( മാരീചരുടെ വാക്ക് വേറെയാണ്, വളരെ ശരിയും) വല്ല കൊനുഷ്ട് ചോദ്യവും അബദ്ധത്തിലെങ്ങാനും ചോദിച്ചു പോയാലോ?

അങ്ങനെ ഒന്നാമങ്കം ചീറ്റിയ ശബ്ദം (ഇവിടെ എക്കോ കൊടുക്കണം) ശരിക്ക് കേട്ട ഹതാശരായ കോണ്‍ഗ്രസ്സുകാര്‍ ഇത്തിക്കര പക്കി തെങ്ങില്‍ നിന്ന് തെങ്ങിലേക്ക് ചാടുന്ന പോലെ മദനിയിലേക്ക് ചാടുന്നു. കഥാപരമായി നോക്കിയാല്‍ ചാടുന്നതില്‍ കുഴപ്പമൊന്നുമില്ല. രാഷ്ട്രീയത്തില്‍ ഒരു കക്ഷിയില്‍ നിന്ന് മറ്റൊരു കക്ഷിയിലേക്ക് ചാടുന്നതിനേക്കാള്‍ നല്ലതാണ് വിഷയത്തില്‍ നിന്ന് വിഷയത്തിലേക്ക് ചാടുന്നത്. തങ്ങള്‍ക്കു വേണ്ടിയാണ് ഈ ചാട്ടവും എന്നറിയാവുന്ന നാട്ടിലെ മാ‍ധ്യമപ്രഭുക്കള്‍ (മികച്ച സഹനടര്‍ക്കുള്ള അവാര്‍ഡ് കിട്ടാവുന്ന കഥാപാത്രങ്ങളാണ്) അഡ്ജസ്റ്റ് ചെയ്ത് താങ്ങിക്കൊടുത്ത് ചാട്ടം ഫൌള്‍ ആകാതെ സംരക്ഷിക്കുന്നു. എങ്കിലും ശക്തരായ എതിരാളികള്‍ ഉരുളയ്ക്ക് ഉപ്പേരിയുമായി കടന്ന് വരുമ്പോള്‍ നാടുവാഴികള്‍ക്ക് മനസ്സിലാകുന്നു ഈ ചാട്ടം വേണ്ടിയിരുന്നില്ല എന്ന്.

അടുത്ത ചാട്ടത്തിനായി അവര്‍ വിഷയക്കല്ലുകളിലൂടെ ഒന്ന് കണ്ണോടിക്കുന്നു. ചാടാനുള്ള കല്ല് ഒന്ന്: ആണവക്കരാര്‍. കല്ല് രണ്ട്: കാര്‍ഷിക മേഖലയുടെ തകര്‍ച്ച കല്ല് മൂന്ന്: വ്യവസായരംഗത്തിന്റെ തകര്‍ച്ച. കല്ല് നാല്: വിദേശ നയം കല്ല് അഞ്ച്: വര്‍ഗീയതയുടെ വളര്‍ച്ച....ഒരു കല്ലിലേക്കും ചാടാന്‍ വയ്യ. ചാട്ടം പിഴയ്ക്കും. പിഴയ്ച്ചാല്‍ മാംസപിണ്ഡത്തില്‍ മണ്ണുപറ്റും. വെച്ച കാല്‍ പിറകോട്ടെടുക്കാത്ത ആത്മാഭിമാനികളായ നാടുവാഴികള്‍ വീണ്ടും പഴയ കല്ലിലേക്ക് തന്നെ ചാടുന്നു. ഇവിടെ ഇന്റര്‍വെല്‍. ഇന്റര്‍വെല്‍ കഴിഞ്ഞ് കഥ വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും. ഇന്റര്‍വെല്ലിനു മുന്‍പ് ദുരന്തമായിട്ടായിരുന്നെങ്കില്‍ ഇന്റര്‍വെല്ലിനു ശേഷം പ്രഹസനമായി.


*

അമ്പിളിക്ക്‌ സ്വപ്‌നസാക്ഷാത്‌കാരം; ഇനി ലോവലിന്റെ ജീവിതസഖി എന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടിപ്പോയി. :) പിന്നെ മനസ്സിലായി ഒരു കല്യാണവാര്‍ത്തയാണെന്ന്.

ഈ ലാവലിന്‍ വരുത്തിവെയ്ക്കുന്ന ഓരോരോ തൊന്തരവുകളേയ്...

*

ശബരിമല അയ്യപ്പന്റെ കാര്യം കട്ടപ്പൊകയാകാനിടയുണ്ട്. അടുത്ത മണ്ഡലകാലത്തിനുമുമ്പായി ശബരിമല വികസനത്തിന്‌ 200 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ 'അമര്‍നാഥ് ‌' മോഡലില്‍ ഭക്തജനങ്ങളുടെ പ്രക്ഷോഭം തുടങ്ങുമെന്നാണ് കുമ്മനം ഭീഷണി മുഴക്കുന്നത്.

ഇതിന് ഭജനവും സമരവും എന്ന് പേരിട്ടാല്‍ കലക്കും.

Sunday, March 29, 2009

അമ്മയും കുഞ്ഞും

"എന്റെ മകന്‍ ധീരനാണ്‌. അവനെക്കുറിച്ച്‌ എനിക്ക്‌ അഭിമാനം മാത്രമേയുള്ളൂ" -

പിലിഭിത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധിയുടെ അമ്മയും പാര്‍ട്ടി നേതാവുമായ മേനക ഗാന്ധി

ഭൌ ഭൌ..മ്യാവൂ.മ്യാവൂ..കാ‍..കാ..കാ‍...ഇമ്പേ..ഇമ്പേ...ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....

പേടിക്കണ്ട. “കാക്കക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞാണെന്ന് കരുതി ഇങ്ങനെ കടത്തിപ്പറയരുത് വരുണിന്റമ്മേ ” എന്ന് മേനകയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞതാണ്.

*

ആര്‍.എം.എസ്‌. ഓഫീസിലെ ജീവനക്കാരന്‍ യഥാസമയം എത്താത്തതിനാല്‍ ഷൊറണൂരില്‍നിന്ന്‌ ശനിയാഴ്‌ചരാവിലെ പോകേണ്ട അറുപതോളം തപാല്‍ബാഗുകള്‍ കൊണ്ടുപോകാനായില്ല എന്ന് വാര്‍ത്തകള്‍ പറയുന്നു.

എഴുതാത്ത കത്തുകള്‍ പോലും കൃത്യമായി ഡെലിവറി നടത്തുന്ന മനോരമ, മാതൃഭൂമി,മംഗളം, മാധ്യമം, പോസ്റ്റാപ്പീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, എഴുതിയ കത്തുകള്‍ പോലും കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ സാധിക്കാത്ത ഷൊറണ്ണൂര്‍ പോസ്റ്റാഫീസ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണം.

*

ഭാസ്കരേട്ടന്റെ ഒരു വിശദീകരണം വന്നു അതിങ്ങനെ:

“കിരണ്‍: Bloggers for Shashi Tharoorന്റെ സന്ദേശം കിട്ടിയപ്പോള്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാമെന്ന് കരുതി. നെറ്റില്‍ തരൂരിനെതിരായ പ്രചരണവും നടക്കുന്നതുകൊണ്ട് അക്കാര്യവും പരാമര്‍ശിച്ചു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ മുന്നണിക്കൊ അനുകൂലമായൊ പ്രതികൂലമായൊ ഇപ്പോള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് അവസരങ്ങളിലെന്നപോലെ തെരഞ്ഞെടുപ്പ് കാലത്തും ഒരു സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ എന്ത് സംഭവിക്കുന്നുവെന്നതിനെ ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. സമൂഹത്തിന് എന്ത് സംഭവിക്കുന്നുവെന്നതാണ് പ്രശ്നം. “

നമ്മള്‍ പ്ലാച്ചിമടയുടെ അളുകളും ശശിതരൂര്‍ കൊക്കക്കോളയുടെ ആളും ആണെങ്കിലും പ്രശ്നമൊന്നുമില്ല. സന്ദേശം കിട്ടിയ ഉടനെ സഹായിക്കാമെന്നു കരുതും. സഹായിക്കും. പോസ്റ്റിലെ ബൂലോഗം വികസിച്ച് കമന്റില്‍ നെറ്റ് ആകും. തിരുവനന്തപുരത്തിനു പറ്റിയ സ്ഥാനാര്‍ത്ഥി എന്നത് തരൂരിനനുകൂലമായ പരാമര്‍ശമല്ല. തെരഞ്ഞെടുപ്പ് കാലത്തോ അല്ലാത്തപ്പോഴോ സ്ഥാനാര്‍ത്ഥിക്കോ കക്ഷിക്കോ എന്ത് സംഭവിക്കുന്നുവെന്നതിനെ കാര്യമായി കാണുന്നില്ലെങ്കിലും കിട്ടിയ ചാന്‍സിനു സി.പി.എം ഭര്‍സനം ഒരു വീക്ക്നെസ്സാണ്. ഗീലാനിയെ അറസ്റ്റ് ചെയ്താല്‍ സി.പി.എമ്മിനു സംഘപരിവാര്‍ അജണ്ടയാണെന്ന് ഉടനെ പോസ്റ്റിടും. പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചാല്‍ വിപ്ലവത്തിന്റെ പാത പി.ഡി.പിയിലൂടെയോ എന്ന് ഉടന്‍ പോസ്റ്റിടും. അതെ അതെ അതെ..സമൂഹത്തിന് എന്ത് സംഭവിക്കുന്നു എന്നത് തന്നെയാണ് പ്രശ്നം. ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും തട്ടാനും മാത്രമുള്ള സമൂഹത്തിന്.

Saturday, March 28, 2009

നല്ല നമസ്‌ക്കാരങ്ങള്‍

തരൂര്‍ജിയെ തെറ്റിദ്ധരിച്ചതില്‍ മാപ്പ്. ജി ഇത്ര ഡീസന്റായിരുന്നെന്നും സമയം കിട്ടാത്തതിനാല്‍ ആ ഡീസന്‍സി പുറത്ത് കാണിക്കാതിരുന്നതാണെന്നും അറിഞ്ഞില്ലായിരുന്നു. 21 കോടിയുടെ സ്വത്തോടെ കേരളത്തിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി എന്ന പട്ടം നേടിയ ജിയെ തെറ്റിദ്ധരിച്ചത് എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

ഇസ്രായേല്‍ ഗാ‍സയില്‍ ബോംബിട്ട് സ്ത്രീകളെയും കുട്ടികളെയും കൊന്നു കളഞ്ഞപ്പോള്‍ ജിയ്ക്കു കൈ തരിച്ചതാണ്. ഒരു ലേഖനമങ്ങ് കാച്ചാന്‍. തെറ്റിദ്ധരിക്കണ്ട. ഇസ്രായേലിനെ അഭിനന്ദിച്ചുകൊണ്ടല്ല, മറിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട്. പക്ഷെ എന്ത് ചെയ്യാന്‍? ഇങ്ങനെ ഒരു ലേഖനം വരും എന്ന് മുന്‍‌കൂട്ടി അറിഞ്ഞ ടൈംസ് ഓഫ് ഇന്ത്യ, അണ്ണന്റെ കോളമങ്ങ് നിര്‍ത്തിക്കളഞ്ഞു. കോളം പോയ വെഷമത്തില്‍(ലത് പോയ അണ്ണാന്റെ വെഷമം ചില്ലറയാണോ?) സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ കണ്ണീര്‍ പൊഴിക്കുന്ന കാര്യമങ്ങ് മറന്നുപോയി. അതുമാത്രമോ സ്വന്തമായി വെബ് സൈറ്റും ബ്ലോഗും ഉള്ളതും കൂടി മറന്നുപോയി. ഇല്ലേല്‍ കാണാരുന്നു അണ്ണന്റെ ലേഖനം വായിച്ച് ഇസ്രായേല്‍ “നിങ്ങടെ പാലസ്തീനെ നിങ്ങളെടുത്തോളിന്‍” എന്നു നിലവിളിച്ച് കൊണ്ട് ഓടുന്നത്. ജസ്റ്റ് മിസ്‌ഡ് ഇറ്റ്..പാലസ്തീന്‍‌കാര്‍ക്ക് യോഗമില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇസ്രായേലേ..ധൈര്യമുണ്ടെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പ് തീരുന്നതിനു മുന്‍പ് നീ ഒരു ബോംബിട്ട് നോക്ക്...അപ്പോ കാണാം അണ്ണന്റെ പ്രതികരണശേഷിയുടെ സമസ്തസൌന്ദര്യവും ശക്തിയും.

*

പണ്ടിതുപോലിമ്പമാര്‍ന്ന മട്ടില്‍ ഒരു ബുദ്ധിജീവിയും പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിക്കാനായി ഓങ്ങി എഴുന്നേറ്റ് വന്നപ്പോഴേക്കും ഇന്ദിരാജി (ജി വിട്ടുള്ള കളിയില്ല) അടിയന്തിരാവസ്ഥ പിന്‍‌വലിച്ചു കളഞ്ഞെന്ന്. അഹങ്കാരമല്ലേ ഇന്ദിരാജി കാണിച്ചത്? അങ്ങിനെ മറ്റുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെ അടിയന്തിരാവസ്ഥ പിന്‍‌വലിക്കാമോ? പിന്‍‌വലിച്ചപ്പോള്‍ എന്ത് പറ്റി? ഗംഗയെ തലയില്‍ ധരിച്ചിരിക്കുന്ന ഈ ബുജി അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം ലാവണത്തില്‍ സര്‍ക്കാരിന്റെ ശമ്പളവും പറ്റി, വിനീതവിധേയദാസനായി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ കിടന്നവനായി, സുസുഖം വാണിരുന്നു എന്ന ചീത്തപ്പേരു മാത്രം കിട്ടി. പ്രതികരിക്കാനോങ്ങി വന്നിട്ടും പ്രതികരിക്കാന്‍ പറ്റാതെ പോയ ദുരന്ത കഥ ആരെങ്കിലും അറിഞ്ഞോ?

ഇനിയുമൊരു അടിയന്തിരാവസ്ഥ വന്നാല്‍ റ്റൈമിലു പ്രതികരിക്കാന്‍ ഓങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

പണ്ടാരം ഒരെണ്ണം വരുന്നുമില്ല.

*

കോണ്‍ഗ്രസ് അണ്ണന്മാരുടെ പ്രകടനപത്രിക ഉണ്ടാക്കുന്നവരെ സമ്മതിക്കണം. ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോകും. മൂന്നാം മുന്നണിയെന്ന മതനിരപേക്ഷ ബദല്‍ വന്നാല്‍ അതിനു നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമായതുകൊണ്ട് ബി.ജെ.പി വളരും എന്നാണവര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. പത്രിക തയ്യാറാക്കാനും നൂലുകെട്ടിയിറക്കുകയാണോ ആളുകളെ? അവരീ ദുനിയാവിലൊന്നുമല്ലേ ജീവിക്കുന്നത്? ഇടതു പക്ഷത്തിനു സ്വാധീനമുള്ള ഒറ്റ സംസ്ഥാനത്തും ഭാജപായ്ക്ക് ഒരു അസംബ്ലി സീറ്റു പോലും സ്വന്തമായി ജയിക്കാനൊത്തിട്ടില്ല. പിന്നല്ലെ പാര്‍ലിമെന്റ്. കോണ്‍ഗ്രസ് അണ്ണന്മാര്‍ ഒരു കാലത്ത് കുത്തകയാക്കി വെച്ചിരുന്ന വടക്കന്‍ സംസ്ഥാനങ്ങളിലെ കാര്യമോ? പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍ എന്ന അവസ്ഥയിലല്ലേ കാൺഗ്രസ്സ് ? ‘അസാധുവിനോട് തൊടുത്തുമരിച്ച കോണ്‍ഗ്രസ്സുകാരാ ’ എന്ന് വിളിച്ചാല്‍ നിരവധിപ്പേര്‍ കൈപൊക്കുന്ന അവസ്ഥയല്ലേ? ഹല്ലേ..എന്നാലും തമാശിക്കുന്നതിനൊരു കുറവുമില്ല.

*
ഒരു സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്താല്‍, പിന്തുണ പിന്‍‌വലിച്ച കക്ഷി എത്രമാത്രം സീരിയസ് ആയാണ് ജനങ്ങളുടെ പ്രശ്നങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റുമോ? അവരുടെ രാഷ്ട്രീയബോധം മനസ്സിലാക്കാന്‍ പറ്റുമോ?

1989ല്‍ രൂപം കൊണ്ട വി.പി.സിങ്ങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കപ്പെട്ടത് എന്തിനായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ? ഏത് ജനകീയപ്രശ്നത്തിന്റെ പേരിലായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ? ഏത് ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണെന്ന്? ഏത് രാഷ്ട്രവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണെന്ന്? ഏത് രാജ്യസ്നേഹത്താല്‍ പ്രചോദിതരായെന്ന്?

ഈ വാക്കുകളൊന്നും ആ സമയത്ത് കേട്ട ഓര്‍മയില്ലല്ലേ?..ഉണ്ടാവില്ല ...കാരണം ഇത്ര കട്ടികൂടിയ വിഷയങ്ങളൊന്നും അതിലില്ലായിരുന്നു.

ഉണ്ടായിരുന്നത് ഒരേ ഒരു വിഷയമായിരുന്നു. രഥം. അദ്വാനിജിയുടെ രഥത്തിന്മേലുള്ള ഓട്ടം ചുവപ്പ് സിഗ്നല്‍ കാട്ടി തടഞ്ഞതിനാണ് പിന്തുണ പിന്‍‌വലിക്കപ്പെട്ടത്.

ആണവകരാര്‍ രാഷ്ട്രവിരുദ്ധവും, ഇന്ത്യയുടെ പരമാധികാരം അടിയറവെയ്ക്കുന്നതും, ചേരീചേരാനയത്തെ തുരങ്കം വെയ്ക്കുന്നതും, ഏറ്റവും കുറഞ്ഞത് രാഷ്‌ട്രത്തിന് നഷ്ടക്കച്ചവടവും ആയതിനാല്‍ യു.പി.എ ക്കുള്ള പിന്തുണ പിന്‍‌വലിച്ച ഇടതുപക്ഷ നടപടിയെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എതിര്‍ക്കുന്നതിന്റെ ആവേശം കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണേ..

ആണ്ടവരഥവും ആണവബസ്സും...രസമുണ്ട് പറയാന്‍.

*

ഒരു കക്ഷിയോ വ്യക്തിയോ ശരിക്കും വര്‍ഗീയവാദിയാകുന്നത് എപ്പോഴാണ്?

വര്‍ഗീയവിഷം തുപ്പുന്ന പ്രത്യയശാസ്ത്രവും, വാക്കുകളും കൊണ്ട് നടക്കുമ്പോള്‍? രാഷ്ട്രീയലാഭത്തിനായി മന്ദിരങ്ങള്‍ തകര്‍ക്കുമ്പോള്‍?(അത് തടയുന്നതിനു പകരം കിടന്നുറങ്ങുമ്പോള്‍?) കൂട്ടക്കൊലകള്‍ നടത്തുമ്പോള്‍? വംശീയ ഉന്മൂ‍ലനത്തെ ന്യായീകരിക്കുമ്പോള്‍? മതാധിഷ്ഠിതമായി ഓരോ വിഷയത്തിലും ഇടപെടുമ്പോള്‍? സെക്യുലര്‍ ഫാബ്രിക്കിന്റെ പള്ളക്കിട്ട് കുത്തുമ്പോള്‍?

ഇങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റിദ്ധാരണ മാറ്റുവാന്‍ നിങ്ങള്‍ ചെന്നിത്തലയ്ക്കും, ടി.എം.ജെക്കബിനും ഉമ്മഞ്ചാണ്ടിക്കും പഠിയ്ക്കണം. അവര്‍ പറഞ്ഞു തരും ഇതൊന്നുമല്ല വര്‍ഗീയതയെ അളക്കാനുള്ള കോലെന്ന്.

തങ്ങളുടെ പഴയകാല നിലപാടുകള്‍ ഉപേക്ഷിച്ച്, ഈ സംഘടകളില്‍ നിന്നൊക്കെ അകന്ന് ആരൊക്കെ മുഖ്യധാരയിലെക്ക് വരികയും ഇടതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവോ അവരാണ് യഥാര്‍ത്ഥ വര്‍ഗീയ കക്ഷികള്‍. അവരുടെ ഭൂതകാലമാണ് അവരുടെ വര്‍ത്തമാനകാല നിലപാടുകളെക്കാള്‍ പ്രധാനം. ഭാവിയില്‍ അവര്‍ ഭൂതകാലത്തിലേക്ക് മടങ്ങിയാല്‍ നിങ്ങ എന്നാ ചെയ്യും എന്നതാണ് പ്രധാനപ്രശ്നം. ജനപക്ഷവും പി.ഡി.പിയും ഒന്നാം തരം ഉദാഹരണങ്ങള്‍. മറിച്ച്, കോലീബി മിട്ടായി ഉണ്ടാക്കാനുപകരിക്കുന്നവരൊക്കെ നിഷ്കളങ്ക പരബ്രഹ്മങ്ങള്‍.

ഇടതുമുന്നണിയില്‍ വര്‍ഗീയകുറുമുന്നണി എന്നൊക്കെ പറയുന്ന ജേക്കബ്ബിന്റെയും ചെന്നിത്തലയുടെയും ചാണ്ടിയുടെയും ഉളുപ്പില്ലായ്മക്ക് ഒരു നല്ല നമസ്കാരം പറയാം.

*
“ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകച്ചവടം നടത്തുമോയെന്ന് പ്രവചിക്കാനാകില്ല. . താന്‍ ജ്യോത്സ്യനല്ല. അതിനാല്‍ ഇതേപ്പറ്റിയൊന്നും പറയാനില്ല. താന്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ബിജെപി വോട്ട് വിറ്റിട്ടില്ല. വാങ്ങിയിട്ടുമില്ല. പിന്നീടുണ്ടായത് അറിയില്ല”

ഒ രാജഗോപാല്‍

അറിയുന്നവര്‍ പലരും പുറത്ത് നിരന്നിരിക്കുമ്പോള്‍ രാജേട്ടന്‍ വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ട കാര്യമില്ല.

*

‘തീവ്രവാദത്തിന്റെ അകമ്പടി’ ഇത്രയെളുപ്പത്തില്‍ ചീറ്റിപ്പോകുമെന്ന് മാധ്യമങ്ങളുണ്ടോ കരുതി.

വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സതീദേവി നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ പങ്കെടുത്ത 'തീവ്രവാദി' പിഡിപി സംസ്ഥാന കൌൺസില്‍ അംഗം നൌഷാദിനെക്കുറിച്ച് എന്തൊക്കെ എഴുതിപ്പിടിപ്പിച്ചു. ആഭ്യന്തരമന്ത്രിക്കൊപ്പം ക്രിമിനല്‍ വന്നു, നിന്നു തൊഴുതു മടങ്ങി. അവസാനം പവനായി ശവമായി.

ആരുടെയൊക്കെ കൂടെ ഈ തീവ്രവാദി സൌഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ചില്ലറക്കാരല്ല സൌഹൃദക്കാര്‍. കേന്ദ്രമന്ത്രി വയലാര്‍ രവി, മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു.

ഇവര്‍ സൌഹൃദം പങ്കിടുന്ന കാലഘട്ടം ഏതെന്നും, അപ്പോള്‍ ആരൊക്കെ എന്തെന്നുമൊക്കെ ചിന്തിച്ചാല്‍ കാര്യങ്ങളൊക്കെ ഒന്നു കൂടി വ്യക്തമാകും.

*

കഴിഞ്ഞ പോസ്റ്റില്‍ from post to pillar എന്ന മട്ടില്‍ മദനി-ലാവലിന്‍ ഷട്ടില്‍ അടിച്ചുകൊണ്ടിരിക്കുകയാണ് യു.പി.എ(?), എന്‍.ഡി.എ(?) വണ്ടികളെന്നും അവര്‍ക്ക് നയങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും എഴുതിയതില്‍ ഒരു തിരുത്തുണ്ട്. നയങ്ങളെക്കുറിച്ച് സംസാരിക്കാനില്ല എന്നതിനു പകരമായി സംസാരിച്ചാല്‍ ജനം മാംസപിണ്ഡത്തില്‍ കൈവെക്കും എന്ന് തിരുത്തി വായിക്കുക.

*

പ്ലാച്ചിമട, മയിലമ്മ, ജനകീയപ്രതിരോധം, കൊക്കക്കോള, പെപ്സി, മനുഷ്യാവകാശം എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിടുകയും അതിരുവല്‍ക്കരിക്കപ്പെടുന്ന മാനവികതയ്ക്കു വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുകയും ചെയ്യുന്ന മാധ്യമപ്പുലികള്‍ കൊക്കക്കോളയുടെ വക്താവായ ഒരാള്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അതിനെതിരാവുമെന്ന് ന്യായമായും പ്രതീക്ഷിക്കും. കൊക്കക്കോളാഭിമുഖ്യ പ്രസ്താവന കാണുമ്പോള്‍ പ്രതികരിക്കുമെന്നും പ്രതീക്ഷിക്കും. ബ്ലോഗില്‍ എത്രയോ പോസ്റ്റുകളില്‍ ആ സ്ഥാനാര്‍ത്ഥിയുടെ ഇസ്രായേല്‍, കൊക്കക്കോള കണക്ഷന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്റെ ബ്ലോഗിലൂടെ( അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട...) ഒരു ചെറിയ പിന്തുണയെങ്കിലും ബ്ലോഗര്‍മാര്‍ക്ക് പ്രഖ്യാപിക്കും എന്നു കരുതും. ഇല്ലേ?

അതൊന്നും ചെയ്തില്ല എന്നത് പോട്ടെ. പക്ഷെ, കുറെക്കാലം വെയിറ്റ് ചെയ്ത്, ആരോ തരൂര്‍ അനുകൂല പോസ്റ്റ് ഇട്ട ഉടന്‍ അതും പൊക്കിപ്പിടിച്ച് “ശശി തരൂര്‍: ബൂലോഗം രണ്ട് തട്ടിൽ ” എന്നൊരു പോസ്റ്റ് കൂടി ഇട്ടാലോ? തന്റെ യഥാര്‍ത്ഥ ആഭിമുഖ്യം ആരോടാണെന്നത് വ്യക്തമാകുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഇവര്‍ക്ക് കഴിയില്ലേ?

“ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.”

എന്നൊക്കെ എഴുതിപ്പിടിപ്പിക്കുക കൂടി ചെയ്താല്‍‍? ഒരിടത്തുപോലും തന്റെതായ തരൂര്‍ വിമര്‍ശനം ഇല്ലെന്ന് വന്നാല്‍?

മൊത്തത്തില്‍ നമുക്കിത്തരക്കാരെ ഭാസ്കരേട്ടന്മാര്‍ എന്നു വിളിക്കാം അല്ലേ? ബൂലോഗത്ത് പ്രത്യേകിച്ച് ആരും പിന്തുണയ്ക്കാത്ത, മിക്കവാറും പേര്‍ എതിരായ തരൂരിനനുകൂലമായി ഒരു തട്ടുണ്ടാക്കിക്കൊടുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനു ഒരു നല്ല നമസ്കാരവും പറയാം അല്ലേ?

Friday, March 27, 2009

ഏൿച്വലി, വാട്ട് ഈസ് ദി പ്രോബ്ലം?

മാധ്യമങ്ങളെ എല്ലാരും ചേര്‍ന്ന് കൊല്ലാക്കൊല പണ്ണാതെ. നാലാമത്തെ തൂണിനു വല്ലതും പറ്റിയാല്‍ നിങ്ങളുടെ സോ കോള്‍ഡ് ജനാധിപത്യത്തിന്റെ മറ്റു മൂന്നു തൂണുകള്‍ക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്താ ഇപ്പോഴത്തെ നിങ്ങളുടെ പരാതി? വി.എസ്. കാരാട്ടിനു കത്തയച്ചെന്നു വാര്‍ത്ത കൊടുത്തതോ? അതോ അത് സ്ഥിരീകരിച്ചിട്ടില്ല എന്നു പറഞ്ഞതോ? അതോ സ്ഥിരീകരിക്കാത്ത കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോ? ഏൿച്വലി എന്താ നിങ്ങടെ പ്രശ്നം?

വി.എസ് കത്തയച്ചിട്ടില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. അങ്ങനെ ഒരു കത്ത് താന്‍ അയച്ചിട്ടില്ല എന്ന് വി.എസ്സും അങ്ങിനെ ഒരു കത്ത് ലഭിച്ചിട്ടില്ല എന്ന് കാരാട്ടും പറഞ്ഞില്ലേ? പോരേ..പത്രങ്ങളിങ്ങനെ വാര്‍ത്ത കൊടുക്കാതിരുന്നെങ്കില്‍ ഇങ്ങനെ ഒരു നിഷേധം വരുമായിരുന്നോ? നിജസ്ഥിതി വെളിവാകുമായിരുന്നോ? ഇല്ലല്ലോ...? സത്യം പുറത്ത് കൊണ്ടു വന്നതിനു മാധ്യമങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും സാരമില്ല. പക്ഷെ ഇങ്ങനെ ഊതരുത്.

*

വി.എസ് കാരാട്ടിനു കത്തയച്ചു എന്ന വാര്‍ത്തയിലെ ഒരു വാക്ക് മാത്രമാണ് വിമര്‍ശകരേ തെറ്റിയത്. കത്തയച്ചു എന്നതും കാരാട്ടിനാണ് അയച്ചത് എന്നതും നൂറു ശതമാനവും ശരിയാണ്. അയച്ച ആളെ പരാമര്‍ശിച്ചതില്‍ ചെറിയ പിശകു പറ്റി. അത്രയേ ഉള്ളൂ. വി.എസ്. അയക്കാതിരുന്നതിനു മാധ്യമങ്ങളെന്തു ചെയ്യാനാണ്? അദ്ദേഹം അയച്ചില്ലെങ്കിലും എം.വി.രാഘവന്‍ അയച്ചിട്ടുണ്ട്. അത് പോരേ?

ഒരു വാക്കൊക്കെ ആര്‍ക്കും തെറ്റും. അല്ലാതെ വി.എസ്സിനെയും എം.വി.രാഘവനേയും തിരിച്ചറിയാന്‍ കഴിയാത്ത, ചരിത്രബോമില്ലാത്ത പിള്ളേരെ ഡെസ്കിലും, ചാനല്‍ റൂമിലുമൊക്കെ നിരത്തിയിരുത്തിയിരിക്കുന്നതു കൊണ്ടൊന്നുമല്ല. രാഷ്‌ട്രീയ പ്രശ്‌നോത്തരി- 1001 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകം വായിച്ചു പഠിച്ചാൽ മാധ്യമ പ്രവർത്തനാകാൻ ഒക്കുമോ? എന്തരോ എന്തോ?

*

മദനിയല്ല ലാവലിന്‍ തന്നെ പ്രധാന വിഷയം: അബ്ദുള്ളക്കുട്ടി
അബ്ദുള്ളക്കുട്ടി ഒരു വിഷയമേ അല്ല: ജനം

ലാവലിന്‍ ചീറ്റിയപ്പോള്‍ മദനിയെ കൊണ്ടു വന്നു. ഇപ്പോള്‍ മദനിയും ചീറ്റിയപ്പോള്‍ വീണ്ടും ലാവലിനിലേയ്ക്ക്. from post to pillar എന്ന് ആംഗലേയത്തില്‍ പറയുന്നത് ഇതിനാണോ?

*


ഇ.അഹമ്മദിക്ക പൊന്നാനിയില്‍ നിന്ന് ഓടിപ്പോയത് തോല്‍ക്കുമെന്ന് പേടിച്ചിട്ടാണെന്ന കല്ലുവെച്ച നുണ പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന വിമര്‍ശകപ്പരിഷകളേ ഒരു കാര്യം മനസ്സിലാക്കുക. പേടി എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. മാത്രമല്ല, “സി.പി.എം പൊന്നാനിയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥി“യെ നിര്‍ത്തും എന്നദ്ദേഹത്തിനു മുന്‍പേ കൂട്ടി അറിയാമായിരുന്നു. താനും ഒന്നാം തരം പൊതുസമ്മതന്‍ ആയിരിക്കെ പൊന്നാനിയിലെ മത്സരം പൊതുസമ്മതന്‍ v/s പൊതുസമ്മതന്‍ ആയിപ്പോകുമായിരുന്നു. ഏത് പൊതുസമ്മതനു വോട്ട് ചെയ്യണം എന്ന് ആലോചിച്ച് ആലോചിച്ച് ജനത്തിനു പ്രാന്തിളകുമായിരുന്നു. താന്‍ ഇത്രയും കാലം സേവിച്ച (അപ്പോസ്റ്റഫി ഇല്ല) പൊന്നാനിക്കാര്‍ക്ക് അത്തരമൊരു ദുര്‍ഗതി...ഹോ...ആലോചിക്കാന്‍ പോലും അഹമ്മദിക്കക്ക് വയ്യാരുന്നു.

ഹും...തോല്‍ക്കാന്‍ പേടിയാണത്രെ..വിമര്‍ശകരുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും മലപ്പുറത്ത് തോല്‍ക്കില്ലെന്ന്..... വിമര്‍ശിക്കുന്നതിനൊരു അതിരൊക്കെ വേണം സഖാക്കളെ.

*

വെറുതെ കിട്ടുന്ന പശുവിന്റെ പല്ല് എണ്ണിനോക്കുന്ന സ്വഭാവം കുഞ്ഞാലിക്കുട്ടി സാഹിബ്ബിനു പണ്ടേ ഇല്ല. ഇപ്പോള്‍ തീരെ ഇല്ല. ആര്‍.എസ്.എസ്സിന്റെയൊ എന്‍.ഡി.എഫിന്റെയോ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സാ‍ഹിബ് പറയുന്നത് ഉള്ളിന്റെ ഉള്ളിലെ ആ സത്യസന്ധത മൂലം തന്നെ. മദനിയുടെ വോട്ടും വേണ്ടെന്നു പറയില്ലായിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. “പ്രകാശ് കാരാട്ടോ പിണറായി വിജയനോ പിഡിപി കൊടും തീവ്രവാദികളെന്ന് പ്രഖ്യാപിച്ചാലും ഇക്കുറി പാര്‍ടിയുടെ വോട്ട് ഇടതുപക്ഷത്തിനായിരിക്കും“ എന്ന് മദനി വെച്ച് കാച്ചുകയും ചെയ്‌തു. കിട്ടില്ലെന്ന് ഉറപ്പായ വോട്ട് വേണം എന്നു പറയാന്‍ ഈ സാഹിബ്ബ് വേറെ ജനിക്കണം( അല്ല പിന്നെ).

എന്‍.ഡി.എഫും ആര്‍.എസ്.എസ്സും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കക്ഷികളായതുകൊണ്ട് അവരുടെ നിലപാടുകള്‍ വോട്ട് വാങ്ങുമ്പോള്‍ പരിശോധിക്കേണ്ടതില്ല എന്ന പുതിയ ദര്‍ശനവും സാഹിബ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. പി.ഡി.പിയുടെ ഭൂതകാല നിലപാടുകള്‍ എടുത്തിട്ട് അലക്കുന്നത് അവര്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാലാണ് എന്നത് മാത്രം സാഹിബ് പറയുന്നില്ല. പറയുമായിരിക്കും. നമുക്ക് കാത്തിരിക്കാം.

വെറുതെ കിട്ടുന്ന പശു എന്ന് വെറുതെ എഴുതിയതാണ് കേട്ടോ. കാശ് കൊടുത്താലെ പശുവിനെ കിട്ടൂ. പപ്പനാവേട്ടനോട് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞു തരും.


*

ഇസ്രായേല്‍ പ്രേമവും, ഇസ്രായേല്‍ ഭക്തിയും രക്തത്തില്‍ ഓടുക. അതിന്റെ പുറത്ത് യമണ്ടന്‍ ലേഖനങ്ങള്‍ പടയ്ക്കുക. എന്നാല്‍ വോട്ട് കിട്ടാനായി പാലസ്തീന്‍ തന്റെ സ്വപ്‌നമാണെന്ന് മേനി നടിക്കുക. സോണിയാ ഗാന്ധിയെ ഒരു വകയ്ക്ക് കൊള്ളില്ലെന്ന് പറയുക. എന്നാല്‍ അതേ സോണിയയുടെ പിന്നാലെ മാഡം മാഡം എന്ന് പറഞ്ഞ് നടക്കുക. രാഷ്ട്രീയക്കാരനെ ചാക്കില്‍ പൊതിഞ്ഞ ഇറച്ചിക്കഷണം എന്നൊക്കെ വിശേഷിപ്പിക്കുക. എന്നാല്‍ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് രാഷ്ട്രീയക്കാരന്റെ കുപ്പായവും ബോഡിയില്‍ കൊളുത്തിയിട്ട് ഇറങ്ങുക. രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ് എന്നു പറയാതിരിക്കുക. എന്നാല്‍ രാഷ്ടീയപ്രവേശനത്തിലൂടെ അത് തെളിയിക്കുക.

ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. ആരെയും അങ്ങിനെ പ്രത്യേകിച്ച് മനസ്സില്‍ കണ്ടിട്ടല്ല.

*


വീരേന്ദ്രകുമാര്‍ അണികളെ വഞ്ചിക്കുകയാണെന്ന് സി.കെ. നാണു പറഞ്ഞത് പത്രങ്ങളിലൊന്നും വലിയ വാര്‍ത്തയായില്ല. അതില്‍ അത്ഭുതവും ഇല്ല. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലല്ലോ. മനുഷ്യന്‍ പട്ടിയെ കടിയ്ക്കട്ടെ വാര്‍ത്തയാക്കാം. പുതുമ വേണം ഹേ പുതുമ. സൂര്യന്‍ കിഴക്കുദിക്കുന്നതുപോലുള്ള സംഭവങ്ങള്‍ വാര്‍ത്തയാക്കാന്‍ വേറെ ആളെ നോക്കണം.

*


‘തല‘യില്‍ മുണ്ടിട്ട് ചിലരെ കാണാന്‍ ചെന്നെന്നു കരുതി ആ ചിലരുടെ വോട്ട് കിട്ടണം എന്നില്ല. രഹസ്യമായി ചെയ്യാന്‍ ശ്രമിച്ച കാര്യം മണത്തറിഞ്ഞ് മാധ്യമങ്ങള്‍ ഒരു എക്സ്‌ക്ലൂസീവ് കാച്ചിയാല്‍ നാണക്കേടുമായി. ജമാ അത്തൈ ഇസ്ലാമിയുടെ പ്രകടനപത്രികയില്‍ പറയുന്ന ഒരു കാര്യം “ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണയ്ക്കണം” എന്നാണ്. ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടും എന്ന കാര്യം ചെന്നിത്തലയ്ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും. കുറച്ച് വെയിറ്റ് ചെയ്തിരുന്നെങ്കില്‍ ആ മുണ്ട് മുഷിയാതെയെങ്കിലും ഇരിയ്ക്കുമായിരുന്നു.

*

“എന്‍ഡിഎഫ് വര്‍ഗീയ കക്ഷിയാണോയെന്ന് ഇപ്പോള്‍ നിര്‍വചിക്കാന്‍ ഞാനില്ല. എന്‍ഡിഎഫ് അടക്കമുള്ളവരുടെ വോട്ട് വേണ്ടെന്നു പറയാനാകില്ല“ എന്ന് ചെന്നിത്തല പറഞ്ഞതിനെ മുകളില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞതുമായി ചേര്‍ത്ത് വായിക്കേണ്ട കാര്യമില്ല. അത് വേ ഇത് റേ.

*

പിഡിപിയുമായി സിപിഐ എം സഖ്യമുണ്ടാക്കിയതില്‍ തെറ്റൊന്നുമില്ല. പണ്ട് ബിജെപിയുമായി കൂട്ടുചേര്‍ന്നവരാണ് ഇതിനെ വിമര്‍ശിക്കുന്നത്. വിശുദ്ധമായ പാര്‍ടി ഏതാണുള്ളത്. യുഡിഎഫിന് നല്ല വിജയസാധ്യതയുണ്ട്. എന്നാല്‍, ചിലയാളുകള്‍ അതില്ലാതാക്കും.

- കെ കരുണാകരന്‍

കോണ്‍ഗ്രസ്സിലെ നവംനവങ്ങളും വിവിധങ്ങളുമായ ഗ്രൂപ്പുകളുടെ നേതാക്കള്‍ “ അത് ഞാനാണോ? അത് ഞാനാണോ?“ എന്ന് പിറുപിറുക്കുന്നതായി വാര്‍ത്തയുണ്ട്.

മണ്ടന്മാർ. ഇപ്പോഴും തലയിൽ വെളിവുള്ള ഒരു നേതാവേ കോൺഗ്രസ്സിൽ ഉള്ളൂ. അത് കരുണാകരൻ തന്നെ. കണ്ടില്ലേ ഈ വയസ്സു കാലത്തും, ആ ബുദ്ധി കൂർമ്മതയ്ക്കൊരു കുറവും വന്നിട്ടില്ല. പിഡിപിയുമായി ഒരു സഖ്യവുമില്ല എന്നു പറയുന്ന സി പി ഐ എമ്മിനേയും തന്നെ ഒരു വഴിക്കാക്കി നേതൃത്വത്തിലിരിക്കുന്ന ശുംഭന്മാരേയും ലക്ഷ്യമാക്കിയുള്ള ഇരു തല മൂർച്ചയുള്ള പ്രയോഗം ! ആ രാഷ്‌ട്രീയ (കുരുട്ടു ) ബുദ്ധി കൂർമ്മതക്കു മുന്നിൽ മരത്തലയന്റെ പ്രണാമം.


*


പിഡിപിയുടെ വോട്ടിന് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ടികളും കൊതിക്കുന്നുണ്ട്. അതു കിട്ടാത്തവര്‍ക്ക് പിഡിപി വര്‍ഗീയ പാര്‍ടിയാണ്. 2001ല്‍ ഞാന്‍ യുഡിഎഫില്‍ ഇരിക്കെ പിഡിപിക്കുകൂടി സ്വീകാര്യമായ മൂന്ന് സ്ഥാനാര്‍ഥികളെ ഞങ്ങള്‍ നിര്‍ത്തിയിരുന്നു. നമ്മള്‍ തൊട്ടുകൂടാ തീണ്ടിക്കൂടാ എന്നു പറയുമ്പോഴും ഇവരുടെയൊക്കെ വോട്ടുകള്‍ ഞാനടക്കം സ്വീകരിച്ചിട്ടുണ്ട്. മറിച്ചു പറയുന്നത് മനഃസാക്ഷിയോടുള്ള വഞ്ചനയാവും.

- കെ മുരളീധരന്‍

രാഷ്ട്രീയക്കാരൊക്കെ ഇതുപോലെ ഹിപ്പോക്രസിക്ക് അവധി പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ അരാഷ്ട്രീയക്കാരൊക്കെ എന്ത് ചെയ്യും? അരാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണെന്ന തിരുത്ത് വായിക്കേണ്ടി വരുമോ പരദൈവങ്ങളേ...

Wednesday, March 25, 2009

ഹിപ്പോക്രസീയം

എന്തൊക്കെപ്പറഞ്ഞാലും കോണ്‍ഗ്രസ്സ് പാര്‍ട്ടി വയലാര്‍ജിയോട് കാണിച്ചത് പോക്രിത്തരമായിപ്പോയി. ഹിപ്പോക്രസി എന്ന വാക്കിനെ ഇത്രയും വെറുക്കുന്ന വയലാര്‍ജിയോട് ഇത് വേണ്ടായിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ താനും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമായിരുന്നെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞിരിക്കുന്നു.“കേന്ദ്രത്തില്‍ ഇനിയും ഒരു പദവി വഹിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. പദവി വേണമെന്ന്‌ ആവശ്യമുന്നയിക്കില്ല. പക്ഷേ വേണ്ടെന്നു പറഞ്ഞാല്‍ അതു ഹിപ്പോക്രസിയാകും.” എന്നാണദ്ദേഹം മനസ്സു തുറന്നത്.

സുധീരന്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പദവി വേണ്ട, മത്സരിക്കാനില്ല എന്നൊക്കെ പറഞ്ഞ സുധീരന്‍ ഏത് ടൈപ്പാണെന്ന് വയലാര്‍ജി മനസ്സു തുറന്നിട്ടില്ല. തുറക്കേണ്ട കാര്യവുമില്ലല്ലോ. മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാക്കാമല്ലോ എന്ന ഹിപ്പോക്രസിയും അതിലില്ല കേട്ടോ..

*

'ഇന്ത്യ: ഫ്രം മിഡ്നൈറ്റ്‌ ടു ദ മില്ലേനിയം ആന്‍ഡ്‌ ബിയോണ്ട്‌ ' ഈ പുസ്തകത്തിന്റെ രചയിതാവ്‌, ഇന്ത്യയുടെ അഭിമാനം ആഗോള തലത്തിലേക്കുയര്‍ത്തിയ നമ്മുടെ പാലക്കാട്ടുകാരന്‍, ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി , യു.എന്‍ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥി , മികച്ച എഴുത്തുകാരന്‍, നയതന്ത്രവിദഗ്ദ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തന്‍.............

ശശി തരൂര്‍ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി പത്രത്തിന്റെ അഭിപ്രായമാണ്. അദ്ദേഹത്തിനു കോണ്‍ഗ്രസ്സിനെയും, കോണ്‍ഗ്രസ്സുകാരെയും, അതിന്റെ നേതാക്കളെയും, ഗാന്ധിസത്തെയും കുറിച്ചുള്ള അഭിപ്രായം പോലെ ഒന്നല്ല തിരിച്ചുള്ള അഭിപ്രായമെന്നറിയുന്നത് സന്തോഷകരം തന്നെ.

അദ്ദേഹത്തിന്റെ പൊത്തകങ്ങള്‍ ഒന്നും തുറന്നു പോലും നോക്കാതെ സ്ഥാനാര്‍ത്ഥി ആക്കിയും പോയി, നൂലുകെട്ടി ഇറക്കിയും പോയി, പൊത്തകത്തിലെ വിവരം ജനം അറിഞ്ഞും പോയി, ഇനിയിപ്പയെന്നാ ചെയ്യും എന്ന ഗതികേടു കൊണ്ടൊന്നുമല്ല പത്രം ഇങ്ങനെ പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ തരൂര്‍ജിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളെ തുറന്നു കാട്ടുക തന്നെയാണുദ്ദേശ്യം.

പക്ഷെ ലേഖനം മുഴുവന്‍ വായിച്ചാലും ശശി തരൂര്‍ പറഞ്ഞതിനെക്കുറിച്ചോ, അത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചോ, ഇസ്രായേലി - കൊക്കൊക്കോളാ കണക്ഷന്‍സിനെക്കുറിച്ചോ കമാ എന്നൊരക്ഷരം അതിലില്ല. കമാ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് എന്നു കരുതിയാണോ നിശബ്ദത എന്നത് വ്യക്തവുമല്ല. ഇപ്പോഴെങ്കിലും അവരാരെങ്കിലും പൊത്തകങ്ങള്‍ തുറന്നു നോക്കിയോ, അതോ ദേശാഭിമാനിയിലും ജനയുഗത്തിലും വന്നത് വായിച്ചതേ ഉള്ളുവോ എന്നതും വ്യക്തമല്ല.

ദേശാഭിമാനി, ജനയുഗം എന്ന് എടുത്ത് പറഞ്ഞത് വീക്ഷണം ലേഖനത്തിലും ഒരു സത്യം പറഞ്ഞിട്ടുണ്ട് എന്നതിനാലാണ് കേട്ടോ. അതിതാണ്:
“തരൂരിനെതിരായി ഇത്രയേറെ 'എൿസ്‌ക്ലൂസിവുകള്‍' കൊണ്ട്‌ വന്നിട്ടും മറ്റ്‌ മാധ്യമങ്ങള്‍ ഇത്‌ കണ്ട മട്ട്‌ കാണിക്കുന്നില്ല.”

ഇനി ഈ വാചകത്തെ വളച്ചൊടിച്ച് മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് വീക്ഷണം പത്രം ഭംഗ്യന്തരേണ സമ്മതിക്കുന്നു എന്ന് പറഞ്ഞ് ബഹളം തുടങ്ങിക്കോണം.

*
ബഹു. ഹൈക്കോടതി, കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ഒന്നില്‍ക്കൂടുതല്‍ തവണയായി വാദം കേള്‍ക്കുന്നതിനിടയില്‍ പരാമര്‍ശിക്കുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ കോടതി അനാവശ്യവും അപ്രസക്തവുമായ അതിരു കടന്നതുമായ അഭിപ്രായ പ്രകടനങ്ങൾ നടത്തേണ്ടിയിരുന്നില്ല എന്ന അഡ്വ. കേളു നമ്പ്യാരുടെ അഭിപ്രായമാണോ ഹിപ്പോക്രസിക്കുദാഹരണം അതോ സാക്ഷാൽ ജഡ്‌ജി രാംകുമാറിന്റെ അഭിപ്രായ പ്രകടനം തന്നെയോ?

അതെന്തോ ആകട്ടെ. കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളായ മാധ്യമങ്ങളും ഈ അഭിപ്രായപ്രകടനത്തിൽ തൂങ്ങി ആർമാദിക്കുകയല്ലേ? അവരിതൊരു വമ്പൻ വാർത്തയാക്കുന്നു, മുതലെടുക്കാന്‍ നോക്കുന്നു. ഇവിടെ ക്രമസമാധാനം തകര്‍ന്നേ എന്ന് മുറവിളികൂട്ടുന്ന അവസരങ്ങളിൽ പോലും, മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സുകാർ, സത്യസന്ധരും ഹിപ്പോക്രസി ഇല്ലാത്തവരും ആയതിനാല്‍, അവരിറക്കുന്ന റിപ്പോര്‍ട്ടുകളിൽ അവിടത്തെ സര്‍ക്കാരുകളോട് പറയുന്നത്...“കേരളത്തെ കണ്ട് പഠിക്കൂ. ക്രമസമാധാനത്തില്‍ അവരാണ് ഒന്നാമത്” എന്നാണ്.

ഗുജറാത്ത് പിസിസി ഒന്നാം തരം ഉദാഹരണം. അവര്‍ ഇതിന് ആധാരമാക്കിയത് ഇന്ത്യാടുഡെ' വാരിക വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് . കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിനിടെ 2003 മുതല്‍ 2007 വരെയുള്ള കണക്കാണ് കോൺഗ്രസ് പുറത്തുവിട്ടത്. 2008ലെ സര്‍വേയിലും ഒന്നാമത് കേരളമായിരുന്നു.

സത്യസന്ധരായതുകൊണ്ട് കോണ്‍ഗ്രസ് ലഘുലേഖയിലെ ക്രമസമാധാന പട്ടികയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇടംകണ്ടെത്തിയില്ല. ഹിപ്പോക്രസി ഇവിടെയും പരാജയപ്പെട്ട് പിന്മാറുന്നു. നേര്‍മ ജയിക്കുന്നു.

*
പാവം കരുണാകര്‍ജി. മുരളി മത്സരിക്കുന്നത് ജയിക്കാനാണെന്ന് പറഞ്ഞതെയുള്ളൂ. ഉടനെ മാധ്യമങ്ങള്‍ അത് വളച്ചൊടിച്ച് മുരളി ജയിയ്ക്കും എന്ന് കരുണാകരന്‍ പറഞ്ഞെന്നാക്കി. അതുകൊണ്ടല്ലേ ഇത് പത്രധര്‍മ്മമല്ല എന്നദ്ദേഹത്തിനു പറയേണ്ടി വന്നത് ? കഷ്ടം. ഇനി പത്രധര്‍മ്മം അല്ലെന്ന് പറഞ്ഞതിനെയും വളച്ചൊടിച്ച് സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറഞ്ഞു എന്ന് വരുത്തിത്തീര്‍ത്തോണം.

ഈ കമാ പാര്‍ട്ടിയുടെ ഒരു കാര്യം. താന്‍ ഡിക്കില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുമൊക്കെ വിട്ട് മാതൃപേടകത്തിൽ തിരിച്ചെത്തി എന്ന കാര്യം പുത്രവാത്സല്യത്താല്‍ അദ്ദേഹം മറന്നു എന്നാണോ ക്രൂരഹൃദയക്കാരായ തമാശക്കാരേ നിങ്ങള്‍ പറഞ്ഞു പരത്തുവാന്‍ പോകുന്നത് ?
*

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്പോള്‍ തന്നെ ഏറെ മുന്നിലായ ബിജെപി കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് ജന്മഭൂമി അവകാശപ്പെടുന്നത്. സമ്മതിച്ചു കൊടുക്കാവുന്നതേ ഉള്ളൂ. ഹിപ്പോക്രസി ഇവരുടെ അരികിൽ കൂടി പോലും പോയിട്ടില്ലാത്തതിനാൽ തര്‍ക്കിക്കാന്‍ പോയി ഉള്ള കരുത്തെന്തിനു കളയണം?

എന്നാലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒരു കരുകരുത്തന്‍ കെട്ടി വെച്ച കാശ് കിട്ടാതെ തോറ്റത് ഉള്ളതോ ഇല്ലാത്തതോ? ഓര്‍മ്മ വരുന്നില്ല...ശ്രീ പപ്പനാവാ...ഓര്‍മ്മ തിരിച്ചു തരണേ...സ്വന്തക്കാര്‍ തന്നെ പാരവെച്ച് തന്റെ കെട്ടിവെച്ച കാശും മാനോം കളഞ്ഞതില്‍ മനം നൊന്ത് ഒരു പാവം കരുകരുത്തന്‍ ടി.വി ചാനലുകള്‍ക്ക് മുന്നില്‍ കണ്ണീരൊഴുക്കിയതിന്റെ ഓര്‍മ്മയെങ്കിലും തിരിച്ചു തരണേ..എന്റെ പപ്പനാവാ...

***

Tuesday, March 24, 2009

ആം ആദ്‌മികളും ഹമാരാ ആം ആദ്‌മികളും

പ്രവചനങ്ങളും സര്‍വെയും ഒന്നാണോ? സര്‍വേ അല്ലേ പ്രവചനങ്ങളേക്കാള്‍ ശാസ്ത്രീയം? ശാസ്ത്രീയമായ പ്രവചനങ്ങള്‍ നടത്തുന്നതിനേക്കാള്‍ നല്ലതല്ലേ ശാസ്ത്രീയമായ സര്‍വെകള്‍ നടത്തുത്? എന്റെ മാഡമ്മേ....

സര്‍വെകളും പ്രവചനങ്ങളും വായിച്ച് വായിച്ച് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലെ ആകെ കണ്‍ഫ്യൂഷനിലായിപ്പോയി. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് യഥാര്‍ത്ഥ പൊതുസമ്മതന്‍ തന്നെയോ, അതോ ശരിയായ പൊതുസമ്മതന്‍ ഇനിയും വരാനിരിക്കുന്നോ, വന്നത് പൊതുസമ്മതന്‍ എങ്കില്‍ അതിന്റെ പേരില്‍ എന്തിനിത്ര തമ്മില്‍തല്ല്, അപ്പോള്‍പ്പിന്നെ പൊതുസമ്മതന്‍ വരാതിരുന്നിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നൊക്കെ ആലോചിച്ച് ആലോചിച്ച് വ.കോ.പ്രവര്‍ത്തകര്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുണ്ടല്ലോ....ശത്രുവിനുപോലും ഇതുപോലൊരു ഹൈക്കമാന്‍ഡിനെയും പൊതുസമ്മതനെയും കൊടുക്കല്ലേ എന്നാണത്രെ അവര്‍ പ്രാര്‍ത്ഥിക്കുന്നത്.

സര്‍വവിഘ്നനിവാരകനായ സര്‍വേശ്വരനെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങാം..

ഒരു സംഖ്യ വിചാരിക്കൂ...അതിനെ രണ്ടു കൊണ്ട് ഗുണിക്കൂ...രണ്ട് കൂട്ടൂ...പത്തുകൊണ്ട് ഗുണിക്കൂ.. പത്തുകൂട്ടൂ...വെണ്ണ പുരട്ടൂ...പിയേഴ്സ് സോപ്പിട്ട് പതപ്പിക്കൂ...രക്ഷാമന്ത്രം ചൊല്ലൂ...അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് മുഖ്യധാരയിലേക്ക് പ്രക്ഷേപണം ചെയ്യൂ...ഈ നിലയിലാണ് ഇന്ന് അഭിപ്രായ സര്‍വെകള്‍ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മള്ളൂരും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന പഴയ ചൊല്ല് പോലെ ഒരു ഏജന്‍സിയുടെ പേരും കയ്യിലിത്തിരി ദുട്ടും ഉണ്ടെങ്കില്‍ ആരെവേണമെങ്കിലും അധികാരത്തില്‍ കയറാന്‍ പോകുന്നവരാക്കാം, വോട്ടെണ്ണുന്നതിന്റെ തലേദിവസം വരെ.

അച്ചായന്റെ പത്രവും കുറച്ച് ദിവസം മുന്‍പൊരു തമാശയുമായി ഇറങ്ങിയിരുന്നു. ആരു നടത്തിയെന്നോ എന്ന് നടത്തിയെന്നോ എങ്ങിനെ നടത്തിയെന്നോ എന്നൊന്നുമില്ലാത്ത ഒരെണ്ണം. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ എത്തണം എന്ന അച്ചായന്റെ സ്വപ്നത്തിന്റെ സര്‍വെരൂപമായിരുന്നു അത്. ഹൈക്കമാന്‍ഡ് സ്പോണ്‍സേര്‍ഡ് സര്‍വെ വഴി മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടികള്‍ ജയിക്കുന്ന കാലത്ത് അച്ചായന്റെ സര്‍വെയില്‍ മാത്രം അത് പാടില്ലെന്ന് പറഞ്ഞാല്‍ അച്ചായന്‍ ചിലപ്പോള്‍ വിഷക്കുപ്പി കയ്യിലെടുക്കും. പഴയപോലെ അല്ല. ഇത്തവണ കുടിക്കുമെന്നു പറഞ്ഞാല്‍ കുടിച്ചിരിക്കും. കട്ടായം.

യു.പി.എക്ക് 257 സീറ്റ് കിട്ടും എന്ന് പറഞ്ഞ് നീൽ‌സൻ എന്ന ഏജന്‍സി നടത്തിയ സര്‍വെയില്‍ യു.പി.എയില്‍ നിന്ന് വിട്ടുപോയവരെയും യു.പി.എയില്‍ തന്നെ നിര്‍ത്തിയാണ് നമ്പറൊപ്പിച്ചിരിക്കുന്നത്. അതില്‍ തെറ്റു പറയാനില്ല. വിവാ‍ഹശേഷം മക്കള്‍ മാറിത്താമസിക്കുന്നു എന്നു കരുതി അച്ഛനും അമ്മയ്ക്കും അവര്‍ മക്കള്‍ അല്ലാതാവുമോ?

സര്‍വെയില്‍ കോണ്‍ഗ്രസ്സിനു 144 സീറ്റു കിട്ടുമെന്നുമുണ്ട്. എവിടെ നിന്നെന്ന കാര്യം മാത്രം ചോദിക്കരുത്. കിട്ടും, കിട്ടാതിരിക്കില്ല, കിട്ടുമായിരിക്കും എന്ന് കിട്ടുമ്മാമ്മനെ ഉദ്ധരിച്ച് അവര്‍ തെളിയിച്ചു തന്നേക്കും.

കൂടുതല്‍ വിശദവിവരങ്ങള്‍ പറഞ്ഞാല്‍ ചിരിച്ച് കൊടലു വെളിയില്‍ വരും. അത് വേണ്ട. പകരം സര്‍വൈശ്വര്യദായകിയായ മാഡത്തെ മനസാ സ്മരിച്ച് നമുക്കൊരു സംഖ്യ മനസ്സില്‍ വിചാരിക്കാം...

*

ഐ.പി.എല്ലില്‍ കളിച്ച് കുറച്ച് കാശുണ്ടാക്കാമെന്ന പാക്കിസ്താന്‍ ക്രിക്കറ്റ് കളിക്കാരുടെ മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ. കളിയ്ക്കണ കളിയല്ല ഇതൊക്കെ. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താന്‍ കളിക്കാരെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന. സേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇങ്ങനെ പറഞ്ഞെന്നാണ് പത്രങ്ങള്‍ പറയുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പും ക്രിക്കറ്റും തമ്മിലുള്ള മത്സരത്തില്‍ ക്രിക്കറ്റ് തോല്‍ക്കും എന്ന അവസ്ഥ വന്നതിനാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ബിസിസിഐ.

അതിനിടയിലാണ് ഷോവിനിസ്റ്റിക് നാഷണലിസ്റ്റ് ടീമിലെ കളിക്കാരനായ നരേന്ദ്ര മോദി “അത് പറ്റൂല്ല...കളി ഇവിടെ വെച്ച് തന്നെ നടത്തണം. ഞങ്ങ ഇവിടെയേ കളിക്കൂ” എന്നൊക്കെ വാശി പിടിക്കുന്നത്. മത്സരം പുറത്ത് വെച്ച് നടത്തുന്നത് രാജ്യത്തിനു അപമാനമാണത്രെ. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന തോന്നലുണ്ടാക്കുമത്രെ.

തെരഞ്ഞെടുപ്പ് രാജ്യത്തിനു പുറത്ത് വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ എന്ന് മോദിയോട് ആരെങ്കിലും ചോദിച്ചു മനസ്സിലാക്കിയാല്‍ അങ്ങിനെ ചെയ്യാമായിരുന്നു. ക്രിക്കറ്റിലാണെങ്കില്‍ ശതകോടികളാണു വരുമാനം. ലോകസഭാ തെരഞ്ഞെടുപ്പാകട്ടെ ശതകോടികളുടെ അനാവശ്യ ചിലവും. ചിലവു ഇല്ലാതെയാക്കി വരുമാ‍നം മാത്രം ഉണ്ടാക്കാന്‍ ‘വികാസ് പുരുഷി‘നു ഒരവസരം.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയാണ് രാജ്യത്തിനു കൂടുതല്‍ അപമാനകരം എന്ന ചിദംബരത്തിന്റെ പ്രസ്താ‍വന കുറിക്ക് കൊള്ളുന്നതായി. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് തോന്നലുണ്ടാക്കുക ഇത്തരം കലാപരിപാടികളിലൂടെയാണ് എന്ന് ചിദംബരം പറഞ്ഞില്ല. നമുക്ക് അത് പറയാം.

പറയുമ്പോള്‍ എല്ലാം പറയണം എന്നാണ് കാരണവന്മാര്‍ പറഞ്ഞു തന്നിട്ടുള്ളത്. ബി.ജെ.പിയില്‍ കം‌പ്ലീറ്റ് ക്രിക്കറ്റ് കളിക്കാരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ക്രിക്കറ്റും കളിക്കുമെന്നു മാത്രം. നാളെ ഇതുപോലെ കുംഭമേളയും അജ്മെര്‍ ഷെരീഫ് പരിപാടിയും (കുംഭമേളയും മാനസസരോവര്‍ യാത്രയും എന്നായിരിക്കും പറയുക എന്നു കരുതിയ വിമര്‍ശകരേ രണ്ടാമത്തെ പരിപാടി ശ്രദ്ധിക്കൂ . തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെത്ര പൊളിറ്റിക്കലി കറക്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ) ഒക്കെ നടത്താന്‍ കഴിയാതെ വരുമെന്നാണ് അരുണ്‍ ജെയ്റ്റ്ലി വാദിക്കുന്നത്. എന്നുവെച്ചാല്‍ ലതു തന്നെ..മ.മ...മ...മതം. യേത്?

*

തിരുവനന്തപുരത്ത് ജയിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തിലെല്ലായിടത്തും ജയിക്കുമെന്ന് ലീഡർ.
ജയിച്ചാലല്ലെ എന്ന് ഡീലർ.

*

കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറങ്ങി. ആം ആദ്‌മിയെ ഒരിക്കല്‍കൂടി സേവിക്കാന്‍ അവസരം തരൂ എന്നാണ് പ്രകടനപത്രിക വാവിട്ടു നിലവിളിക്കുന്നത്. ഇത്രയും കാലം സേവിച്ചിട്ടും കുപ്പിയില്‍ ആം ആദ്‌മി ഇനിയും ബാക്കി കിടക്കുന്നു. അവനെക്കൂടെ സേവിച്ചു കുപ്പി കാലിയാക്കിയിട്ട് വേണം ഒന്ന് മനസ്സമാധാനമായി കിടന്നുറങ്ങാന്‍.

ആം ആദ്‌മിയെ സേവിക്കാന്‍ കച്ചകെട്ടി രംഗത്തിറങ്ങുന്ന രാജകുടുംബാംഗങ്ങളെത്തട്ടി ആം ആദ്‌മിക്ക് കോണ്‍ഗ്രസ്സില്‍ വഴിനടക്കാന്‍ പറ്റാതായിരിക്കുന്നുവത്രെ. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമൊക്കെ ആം ആദ്‌മിയെ സേവിക്കുവാന്‍ ഉള്ള ടിക്കറ്റ് രാജകുടുംബങ്ങളില്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറുന്നുമുണ്ടത്രെ. രാജാവ് തട്ടിപ്പോയാല്‍ ടിക്കറ്റ് രാജകുമാരനു കിട്ടും. അങ്ങേരും പോയാല്‍ അങ്ങേരുടെ പത്നിക്ക്.. ജനാധിപത്യവ്യവസ്ഥിതിയിലും രാജഭരണം എന്നു ചിലരൊക്കെ ചെലയ്ക്കുന്നുണ്ട്. സാരമില്ല. എല്ലാം ആം ആദ്‌മിക്കു വേണ്ടിയല്ലേ..

*

ആം ആദ്‌മിയെ കൈമെയ് മറന്ന് സേവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ചില കണക്കുകള്‍ ശ്രദ്ധിക്കാന്‍ യു.പി.എക്ക് സമയം കിട്ടിയില്ല. അതുകൊണ്ട് 88 വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിണിസൂചികയില്‍ 66-ആം സ്ഥാനത്തെത്തി ഇന്ത്യ. 67 മുതല്‍ 88 വരെയുള്ള രാജ്യങ്ങളെ(അതോ ദ്വീപുകളെയോ?) ഭൂപടത്തില്‍ കണ്ടുപിടിക്കുവാന്‍ ഭൂതക്കണ്ണാടിയുടെ സഹായം വേണ്ടിവരും എന്നതിനാല്‍ ജയ് ഹോ ജയ് ഹോ എന്ന് പാടി നമുക്ക് ടൈം കില്ലാം. ജയ് ഹോ എന്ന് കോണ്‍ഗ്രസ് അലറി വിളിക്കുന്നത് കേട്ട് പേടിച്ച് ഉള്ളിക്ക് 40% വരെ വിലക്കയറ്റം ഉണ്ടായിയത്രെ.

*

യു.പി.എ ഭരണത്തിന്റെ ആം ആദ്‌മിഫിക്കേഷനില്‍ അസൂയ പൂണ്ട് ചില വിവരമില്ലാത്തവന്മാര്‍ ചില കണക്കുകള്‍ ഒക്കെ പടച്ചു വിടുന്നുണ്ട്. അലവലാതികൾ.

“അഞ്ചുവര്‍ഷത്തിനിടെ ഭക്ഷ്യവസ്തുവിലകള്‍ 12 ശതമാനംമുതല്‍ 62 ശതമാനംവരെ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എട്ടുമുതല്‍ 11 ശതമാനംവരെയാണ് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചത്. ഉപഭോക്തൃമന്ത്രാലയത്തിന്റെ വിലനിരീക്ഷണസമിതി അടുത്തയിടെ പുറത്തുവിട്ട കണക്കനുസരിച്ച് അരി, പരിപ്പ്, ഉള്ളി, പഞ്ചസാര, ചായ എന്നിവയുടെ വിലയില്‍ വന്‍വര്‍ധനയുണ്ടായി. പഞ്ചസാരവില കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വര്‍ധിച്ചു. പരിപ്പുവര്‍ഗങ്ങളുടേത് 31 ശതമാനവും. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2004ലെ സാധനവിലയുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍വിലവര്‍ധനയാണ് ഉണ്ടായത്. അരിയുടെ വില 2004ല്‍ കിലോയ്ക്ക് 13 രൂപയായിരുന്നെങ്കില്‍ 2008ല്‍ അത് 19 രൂപയായി. 46.15 ശതമാനം വര്‍ധിച്ചു. ഗോതമ്പിനാണ് ഏറ്റവുമധികം വില വര്‍ധിച്ചത്. 62.5 ശതമാനം. എട്ടു രൂപയില്‍നിന്ന് 13 രൂപയായി. ആട്ടയ്ക്ക് 55.5 ശതമാനവും കടലയ്ക്ക് 47.82 ശതമാനവും കടലെണ്ണയ്ക്ക് 43.52 ശതമാനവും കടുകെണ്ണയ്ക്ക് 45.59 ശതമാനവും പാലിന് 33.33 ശതമാനവും വില വര്‍ധിച്ചു. ഉപ്പിനുപോലും വില വര്‍ധിച്ചു. കിലോയ്ക്ക് ഏഴു രൂപയില്‍നിന്ന് പത്തായി.”

ഇത് മാത്രമോ അവന്മാര്‍ പറഞ്ഞു നടക്കുന്നത്? റേഷന്‍ കോട്ട വെട്ടിക്കുറച്ചു, അഗ്രി ബിസിനസ് ലോബിയെ സഹായിച്ചു, സബ്‌സിഡി വെട്ടിക്കുറച്ചു തുടങ്ങി നട്ടാല്‍ കിളുര്‍ക്കാത്ത പല പല നുണകളും ഈ വിവരമില്ലാത്തവന്മാര്‍ യു.പി.എക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്.

സബ്‌സിഡി കുറച്ചെങ്കിലെന്താ മുതല്‍ ആളിപ്പോയ പാവങ്ങള്‍ക്ക് (മുതലാളിമാര്‍ എന്നിവരെ വിളിക്കുന്നത് വെള്ളം ചേര്‍ക്കാത്ത ക്രൂരത) കോര്‍പ്പറേറ്റ് നികുതിയിളവുകളും, ടാക്സ് ഹോളിഡേയ്സും കൊടുക്കുന്നുണ്ടല്ലോ. അത് പോരെ. അവരും ആം ആദ്‌മികള്‍ തന്നെ..ഹമാരാ ആം ആദ്‌മികൾ.

*

കേരളത്തിലെ ജലസംഭരണികളില്‍ വെള്ളം കുറയുന്നു - വാര്‍ത്ത
ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം - മറ്റൊരു വാര്‍ത്ത.

Monday, March 23, 2009

ചെറിയ ചോദ്യം, വലിയ ഉത്തരം

അല്ലയോ ഇന്ത്യാക്കാരെ, ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കാനുള്ള പ്രേരണ നിങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണോ? അല്ലെന്ന് പറയുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കുക. നിങ്ങള്‍ താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ചില്ലറക്കാരനല്ല. ഐക്യരാഷ്ട്രസഭയിലെ ഒരു പുലി ആയിരുന്ന ആള്‍. സ്വന്തം പാര്‍ട്ടിയിലെ പഴയകാല നേതാക്കളെയും പുതിയ നേതാക്കളെയും ഗാന്ധിസത്തെയും വരെ ചാണകത്തില്‍ കുളിപ്പിച്ചിട്ടും അതേ പാര്‍ട്ടിയുടെ പ്രസ്റ്റീജ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് നേരിട്ട് നൂലുകെട്ടിയിറക്കിയ ആള്‍..തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...ശശി തരൂർ.

കോണ്‍ഗ്രസ്സിന്റെ നേതാക്കളെ ചാണകത്തില്‍ കുളിപ്പിച്ചിട്ടും തരൂര്‍ജിയെ സ്ഥാ‍നാര്‍ഥിയാക്കിയത് കോണ്‍ഗ്രസ്സിന്റെ അതിവിശാല ജനാധിപത്യ ബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഉളുപ്പില്ലാത്ത ചിലര്‍ ന്യായീകരിക്കുന്നുണ്ട്. പഴയകാലത്ത് പറഞ്ഞത് വിഷയമല്ലെന്ന് ചെന്നിത്തല മൈക്കിനു മുന്നില്‍ ചെലയ്ക്കുന്നുമുണ്ട്. അതവരുടെ കാര്യം.

എങ്കിലും, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥിക്യാമ്പില്‍ താമസിക്കുന്ന സ്ത്രീകളെയും കുട്ടികളെയുംവരെ ബോംബിട്ട് കൊല്ലാന്‍ മടികാണിക്കാത്ത ഇസ്രായേല്‍ പൈശാചികതയെ ന്യായീകരിക്കുന്ന, ഇന്ത്യക്ക് അത് പോലെ ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖിക്കുന്ന തരൂര്‍ജിക്ക് വോട്ട് കൊടുക്കാന്‍ അനന്തപുരിക്കാര്‍ക്ക് ബാധ്യതയുണ്ടോ? ജൂതരെ കൊന്നൊടുക്കുന്നതിന് ഹിറ്റ്ലര്‍ സ്വീകരിച്ച രീതിയെ ശ്ളാഘിക്കുകയും അത് മാതൃകയാക്കണമെന്നും പറഞ്ഞ ഗുരുജി ഗോള്‍വാള്‍ക്കറുടെ ശബ്ദത്തെ ‘അനന്തപുരിയുടെ സ്വന്തം’ ആക്കുവാന്‍ അനന്തപുരിക്കാര്‍ക്ക് ബാധ്യതയുണ്ടോ?

***

സിപിഐക്കിപ്പോൾ ശുക്ര ദശയാണ്. നാലിൽ നാലു നേടി ചരിത്രം സൃഷ്‌ടിക്കാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. വെളിവുള്ള നേതാവ് വാ തുറക്കാതിരിക്ക്ണമെന്നു മാത്രം. വോട്ടു ചെയ്യാൻ വരുന്നവരോട് നിന്റെയൊന്നും വോട്ട് ഞങ്ങൾക്ക് വേണ്ട എന്നു പറയാതിരുന്നാ മാത്രം മതി.

തിരുവനന്തപുരം തൊട്ടു തുടങ്ങാം. അന്താരാഷ്ട്ര പ്രസിദ്ധനായ ഖദറിൽ പൊതിഞ്ഞ മാംസ പിണ്ഡം നാടൻ രാഷ്‌ട്രീയത്തിന്റെ ചൂടറിഞ്ഞു തുടങ്ങി. സ്വാതന്ത്ര്യ സമരസേനാനിയെ കസേര നൽകാതെ സ്റ്റേജിൽ നിലത്തിരുത്തിയ കോൺഗ്രസ്സ് പാരമ്പര്യത്തെക്കുറിച്ചും ( പണ്ട് ഏ ഐ സി സി സമ്മേളനത്തിനൊന്നും കസേരയിടാറില്ലല്ലോ..എല്ലാവരും സമഭാവനയോടെ ചമ്രം പിടഞ്ഞിരിക്കുകയാരുന്നുവല്ലോ) ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ തിക്കിത്തെരക്കുന്ന ഖദറിട്ട മാംസ പിണ്ഡങ്ങളെക്കുറിച്ചും ഒരു പുസ്തമെഴുതാനുള്ള പ്ലോട്ടായി. കൂനിന്മേൽ കുരുവെന്ന പോലെ ദേശീയ ഗാനാലാപനം നടത്തുമ്പോൾ അമേരിക്കൻ സ്റ്റൈലിൽ കൈ നെഞ്ചോട് ചേർത്ത് വയ്ക്കണമെന്നുള്ള വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകൾ പറന്നു നടക്കാൻ തുടങ്ങിയിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ് കുറച്ചു കൂടി കുഴപ്പത്തിലാണ്. കൃസ്ത്യൻ ചേരമർ വിഭാഗത്തിൽ‌പ്പെട്ട ദമ്പതികൾക്ക് ജനിച്ച മാമോദീസ മുങ്ങിയ ജെ മണിയനാണത്രെ വ്യാജരേഖ ചമച്ച് പേരു മാറി കൊടിക്കുന്നിൽ സുരേഷ് ആയത്..എസ് എസ് എൽ സി ബുക്കിലും അദ്ദേഹത്തിന്റെ പേർ മണിയൻ എന്നാണത്രെ. കോടതി വിശദീകരണം തേടിയിട്ടുള്ള ഈ കേസിൽ കൊടിക്കുന്നൻ കുറച്ച് വെള്ളം കുടിക്കും എന്ന് തോന്നുന്നു. ഇതേ തുറുപ്പു ചീട്ടുപയോഗിച്ച് ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കൂടെ നിറുത്തിയിട്ടുള്ള മണിയന് മണി കെട്ടിയവർക്കഭിനന്ദനങ്ങൾ.

തൃശൂരിൽ വടക്കനെ തുരത്താൻ മാസ്റ്റർ പ്ലാൻ മെനഞ്ഞ ചാക്കോവിന് പുറത്താക്കപ്പെട്ട വക്താവിനെ തിരിച്ചെടുപ്പിക്കും എന്ന വാഗ്ദാനം നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ നോമിനിയെ നിരസിച്ച ഹൈക്കമാഡത്തോടുള്ള കെറുവ് കാൺഗ്രസ്സ് ബിഷപ്പിന് ഇന്നിയും തീർന്നില്ലത്രെ.

ലോട്ടറി അടിച്ച പോലെ കിട്ടിയ വയനാട്ടിലും സി പി ഐയുടെ ശുക്രൻ തെളിഞ്ഞു തന്നെ നിൽക്കുകയല്ലേ? മത്സരിക്കുന്നെങ്കിൽ വയനാട്ടിൽ മാത്രം എന്ന് പറഞ്ഞു നടന്ന മുല്ലപ്പള്ളി വടകരയിലെ പൊതുസമ്മതനായ അനുസരണയുള്ള ബലിമൃഗമായതു മാത്രമല്ല കാരണം. കരുണാമയനായ നേതാവിന് ജനിക്കാതെ പോയ മൂന്നു മാനസപുത്രന്മാരിൽ മത്സരരംഗത്തുള്ള ഏകപുത്രനോടുള്ള സ്നേഹം മൂലം സ്വന്തം പുത്രനെതിരെ പ്രചരണം നടത്താൻ ഈ വയസ്സാം കാത്തും ലീഡർ മല കയറാൻ പ്ലാൻ ഇടുന്നുണ്ടത്രെ.

***

ശശി തരൂരിന്റെ പുസ്‌തകങ്ങളിൽ കോൺഗ്രസ്സിനെ അധിക്ഷേപിച്ചതിൽ തെറ്റില്ലെന്ന് ചെന്നിത്തല. തരൂർ അന്തരാഷ്‌ട്ര പ്രശസ്‌തനാണ്, ഇപ്പോൾ കോൺഗ്രസ്സിന്റെ അഭിമാനവും എന്ന് ചെന്നിത്തല. ഇതു പോലെയുള്ള കുറച്ച് പ്രശസ്തരെ കൂടി കോൺഗ്രസ്സിലേക്ക് കൊണ്ടുവന്നാൽ പിന്നെ നാട്ടിൽക്കൂടി തലയുയർത്തി നടക്കാൻ പറ്റുകയില്ല എന്നാണ് തൃണമൂല തല പ്രവർത്തകർ പറയുന്നത്.

വാൽകഷണം

ഇതിപ്പോൾ ഇലൿഷൻ കാലമല്ലേ. വിഷുവിനു കണിക്കൊന്ന പൂക്കുന്ന പോലെയാണ് ഇലക്ഷൻ കാലത്ത് ഖദർ പൊട്ടി വിടരുന്നത്. ഇന്നലെ വരെ ജീൻസും ടീ ഷർട്ടുമൊക്കെ ഇട്ട് ബുള്ളറ്റിൽ ചെത്തി നടന്ന പിള്ളേരൊക്കെ ദാണ്ടേ ഖദറും മുണ്ടുമായി വേഷം. പക്ഷെ ഇതിനിടയ്ലാണാ തരൂർജി പണ്ട് പറഞ്ഞ വേണ്ടാതീനം പുറത്തു വന്നത് . നേതാകന്മാരുടെ ഭാര്യമാർക്ക് പോലും നാണം വന്നു തുടങ്ങി .ഞാൻ നിങ്ങടെ കൂടെ വരണമെങ്കിൽ ഈ ഉടുപ്പ് ആദ്യം ഊരണം എന്ന് സംസ്ഥാന നേതാവിനോട് തന്നെ ഭാര്യ പറഞ്ഞതായാണ് അടക്കം പറച്ചിൽ. നീയാ പെട്ടീന്ന് ഖദർ ഷർട്ടിങ്ങെടുത്തേടീ എന്നു പറഞ്ഞപ്പോൾ ഭാര്യ പോലും ചോദിച്ചുവത്രെ എന്തിനാ മനുഷ്യരെക്കൊണ്ട് ഖദറിട്ട മാംസ പിണ്ഡം എന്നൊക്കെ പറയിപ്പിക്കുന്നത് എന്ന്.

ചെറിയ ചോദ്യം, വലിയ ഉത്തരം

ഒരു കൊച്ചു മിടുക്കി ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്‌ണനോട് ചോദിക്കുന്നതു കേട്ടു.

പി ഡി പി വർഗീയ പാർട്ടിയാണോ? പ്ലീസ് സേ യെസ് ഓർ നോ

തിരുവഞ്ചൂർ പറഞ്ഞ ഉത്തരം ഒത്തിരി നീണ്ടു പോയതു കൊണ്ടാവും ഈ മരത്തലയനൊന്നും മനസ്സിലായില്ല, നിങ്ങൾക്കോ?

Sunday, March 22, 2009

പായലേ വിട....പൂപ്പലേ വിട

‘മലമുകളില്‍ സുരക്ഷിതനായി ഷാനവാസ് നടക്കുന്ന‘ കാഴ്ച കണ്ടിട്ട് കുളിരുകോരുന്നു. സമതലത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഓടിക്കയറിയതാണെന്ന് പാര്‍ട്ടിക്കാരില്‍ ചിലര്‍ തന്നെ പറയുന്നുവെങ്കിലും പാര്‍ട്ടി പത്രത്തിനതു വയ്യല്ലോ. അതുകൊണ്ട് സുരക്ഷിതമായ നടത്തം എന്ന തലക്കെട്ടില്‍ വാര്‍ത്ത മിന്നുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൈസിസ്‌ മാനേജ്‌മെന്റിന്റെ രൂപത്തില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള എം ഐ ഷാനവാസ്‌ പ്രശ്‌നങ്ങളില്‍ കുരുക്കഴിക്കുന്നതില്‍ ഏറെ മികവ്‌ പുലര്‍ത്തിയിട്ടുണ്ട്‌ എന്ന് വീക്ഷണം പറയുന്നു. എന്നാലും അഞ്ചു തവണ മത്സരിച്ചപ്പോഴൊന്നും ആ ക്രൈസിസ് മാനേജരെ ജനം കണ്ടില്ലായിരുന്നു. എതിരാളിയെ ജയിപ്പിക്കുന്ന അഭ്യാസപാടവമായിരുന്നു അവിടെയും ജനം കണ്ടത്.

ആണവക്കരാറിനെയും അതിനെ എതിര്‍ക്കുന്ന സി പി എം രീതിയെയും ഇഴകീറി ശസ്‌ത്രക്രിയ നടത്തി കോണ്‍ഗ്രസ്‌ ഭാഗം വാദിച്ചു ജയിക്കുന്ന മികച്ച അഭിഭാഷകന്റെ റോളിലായിരുന്നുവത്രെ ഇക്കാലമത്രെയും ഷാനവാസ്‌.ആരും ഇറങ്ങാത്തിടത്ത്‌ സാഹസപൂര്‍വം ഇറങ്ങുകയും മുങ്ങിതപ്പുകയും ചെയ്ത ദൗത്യമാണത്രെ ഷാനവാസ്‌ നിര്‍വഹിച്ചത്‌. ഒരു ചരിത്ര നിയോഗം നിര്‍വഹിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ പാര്‍ട്ടി നല്‍കുന്ന ഉപകാരസ്‌മരണയാണ്‌ ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് പത്രം പറയുന്നു.

ആണവക്കരാര്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഷാനവാസിന്റെ പ്രകടനം കണ്ട ജനവും സമ്മാനം കൊടുക്കാനിരിക്കുകയായിരുന്നു എന്നു കേട്ടിരുന്നു. എന്തായാലും പാര്‍ട്ടി തന്നെ സമ്മാനം കൊടുത്തത് നന്നായി. ജനവും സുരക്ഷിതര്‍, പുള്ളിയും സുരക്ഷിതന്‍. കാശുകൊടുത്ത് സമ്മാനം തരപ്പെടുത്തുന്ന കാലത്താണ് നാം ജീവിച്ചുമരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഒന്നും മറക്കാതിരിക്കാനായി മാത്രം സൂചിപ്പിക്കട്ടെ. ചാനല്‍ വിശകലനരംഗത്തു നിന്നും വന്ന ഈ സ്ഥാനാര്‍ത്ഥിയെ ചാനല്‍ ദൈവങ്ങള്‍ തന്നെ സംരക്ഷിക്കട്ടെ.

*

വടകരയിലെ പൊതുസമ്മതന്റെ കാര്യത്തില്‍ എല്ലാ കണക്കുകൂട്ടലും തെറ്റിപ്പോയല്ലോ...നാസക്ക് ലിസ്റ്റ് അയച്ചു, കമ്പ്യൂട്ടര്‍ കത്തിപ്പോയി..എന്തൊക്കെയായിരുന്നു പരദൂഷണങ്ങള്‍. എന്നിട്ടിപ്പോഴെന്തായി? ഒരു പൂവു വിരിയുന്ന പോലെ അല്ലേ പൊതുസമ്മതന്‍ വന്നത്.

പൊതുസമ്മതന്‍ വരുമെന്ന് പറഞ്ഞ് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് കാത്തിരുന്നപ്പോള്‍ വടകരയിലെ കാണാന്‍ കൊള്ളാവുന്ന ഒരുമാതിരിപ്പെട്ടവരൊക്കെ സന്തോഷത്തിലായിരുന്നു എന്നത് നേര്. നറുക്ക് വീണാല്‍ ലോട്ടറിയല്ലേ, ജയിച്ചാല്‍ എം.പിയല്ലെ എന്നൊക്കെയായിരുന്നു മനക്കോട്ട. പക്ഷെ വന്നത് മുല്ലപ്പള്ളി. സ്വന്തം വീട്ടില്‍ ഇത്രയും വലിയൊരു പൊതുസമ്മതന്‍ ഇരിക്കെ നാടായ നാടു മുഴുവന്‍ പൊതുസമ്മതനെ തപ്പി നടന്ന കോണ്‍ഗ്രസ് നേതൃത്വം ഓര്‍മ്മിപ്പിക്കുന്നത് വജ്രഖനിക്കു മുകളില്‍ താമസിക്കുന്നതറിയാതെ അകലേക്കകലേക്ക് രത്നം അന്വേഷിച്ച് പോയ കഥാപാത്രത്തെയാണ്.

പൊതുസമ്മതന്‍ വരുമെന്ന് പറഞ്ഞിട്ട് മുല്ലപ്പള്ളി വന്നതില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കോഴിക്കോട്ടെ ദേശീയപത്രത്തിനു തോന്നുന്നില്ല. പൂവു വിരിയുന്ന പോലെ ഒരു സംഭവം നടന്നാല്‍ അതിനെ വളച്ചൊടിച്ച് വലിയ വാര്‍ത്തയാക്കുന്ന അധമ മാധ്യമസംസ്കാരമൊന്നും അവര്‍ക്കില്ല. മുല്ലപ്പള്ളി വന്നതോടെ തലമുതിര്‍ന്ന നേതാക്കള്‍ ലിസ്റ്റില്‍ ഇല്ല എന്ന പരാതി തീര്‍ന്നെന്നാണ് ലേഖകന്‍ പറയുന്നത്. വിശ്വസിക്ക തന്നെ. യുവാക്കള്‍ ഇല്ല എന്നൊരു പരാതി വന്നപ്പോള്‍ യുവാക്കള്‍ പാര്‍ട്ടിയെ നോക്കി നടത്താന്‍ വേണമെന്നും അതിനാലാണ് മുതിര്‍ന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നുമായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നത് ഇങ്ങനെ. എന്തായാലും മധുരപ്പതിനേഴാമനായ ഒരു മുതിര്‍ന്ന നേതാവ് വന്നാലേ ചേട്ടന്മാരുടെ പരാതി തീരൂ എന്ന് മനസ്സിലായി. അത്രയും നന്ന്.

*

ചാനല്‍ വിശകലനരംഗത്തു നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയവര്‍ ഇനിയും ഉണ്ട് കേട്ടോ. ചാനലുകളായ ചാനലുകളിലെല്ലാം ഔദ്യോഗിക കമപായുടെ വഴിപിഴച്ച പോക്കില്‍ ദുഃഖിക്കുകയും ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങളും ചികിത്സയും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്കു കൂടി സീറ്റ് ലഭിച്ചിട്ടുണ്ട്. സ്വന്തം പേരു പോലെത്തന്നെ സ്വതന്ത്രനായിട്ടാണ് നില്‍പ്പ്. ഇടതുഏകോപനസമിതിയെന്നോ യഥാര്‍ത്ഥ സാമ്രാജ്യത്വവിരുദ്ധപോരാട്ട മുന്നണിയെന്നോ മറ്റോ പേരുള്ള ഒരു സംഘത്തിന്റെ പൊതുസമ്മതരില്‍ ഒരാള്‍. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളായ തങ്ങള്‍ എതിര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയ കക്ഷിയെ ജയിപ്പിക്കാനായി ഈ സ്വതന്ത്രന്മാര്‍ക്ക് ഇടതുപെട്ടിയില്‍ നിന്നും നിരവധി അനവധി വോട്ടുകള്‍ ലഭിക്കട്ടെ എന്നും അതുവഴി അവരുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടം വിജയിക്കട്ടെ എന്നും ആശംസിക്കുന്നു.

*

പായലേ വിട...പൂപ്പലേ വിട...ടെലിവിഷന്‍ പെട്ടി തുറന്നാലുടന്‍ കയറി വരുന്ന ഈ പരസ്യ വാചകം വെറുമൊരു പരസ്യവാചകമാണെന്ന് കരുതിയവരേ നിങ്ങള്‍ക്കൊരു നല്ല നമസ്കാരം. കുഞ്ചന്‍ നമ്പ്യാരുടെ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം എന്നതിന്റെ പാരഡിയാണിതെന്ന് കരുതിയവരേ നിങ്ങള്‍ക്കും ഒരു നല്ല നമസ്കാരം. നിങ്ങള്‍ക്കൊക്കെ എത്ര വിവരം വെക്കാനിരിക്കുന്നു. വളരെയധികം ദീര്‍ഘദൃഷ്ടിയോടെ, കൌശലത്തോടെ ഭാവിയില്‍ നടക്കുവാന്‍ പോകുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷമാണീ പരസ്യം വിളിച്ചുപറയുന്നത് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ആ രഹസ്യം ഇപ്പോള്‍ പുറത്ത് വിട്ടാല്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി അയക്കുമെന്നതുറപ്പാണ്. എങ്കിലും വായനക്കാരോട് കള്ളം പറയാന്‍ മനസ്സില്ലാത്തതിനാല്‍ ആ രഹസ്യം വെളിപ്പെടുത്താം.ആരോടും പറയരുത്.

യു.പി.എ യും എന്‍.ഡി.എ യും വിട്ട് മതനിരപേക്ഷ ബദലിന്റെ കൂടെ ചേര്‍ന്ന കക്ഷികള്‍ കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും പറയുകയാണത്രെ..പായലേ വിട പൂപ്പലേ വിട..എന്ന്. .പച്ചപ്പായലിന്റെ ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന വരിയെന്താ രാഷ്‌ട്രീയവിമുക്തമാണോ? ആലോചിച്ചു നോക്കൂ. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന മുസ്ലീം ലീഗിന്റെ ഗതികേടിനെയല്ലേ ആ വരികള്‍ ദ്യോതിപ്പിക്കുന്നത്? വിവരമുള്ളവര്‍ ഇതുകൊണ്ടാണ് പറയുന്നത് രാഷ്‌ട്രീയവിമുക്തമായ ഒന്നും ഇദ്ദുനിയാവിലില്ലെന്ന്.

പായലും പൂപ്പലും ഇല്ലാത്തെ ഒരു നല്ല നാളെ എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ട് തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കുന്നു.

പായലേ വിട ...പൂപ്പലേ വിട...

*
സ്വയം പാര

ഇദെന്തൂട്ടണ്?
ഇതേയ് ഒരു പോസ്റ്റണ്.
ഇദെന്തൂട്ട് പോസ്റ്റണ്?
ഇതേയ് ഒരു തമാശപ്പോസ്റ്റണ്.
എന്നിട്ടിയില് തമാശേല്ലല്ലോ..
അതല്ലെ ഗഡീ ഇതിലെ തമാശ.

Saturday, March 21, 2009

സോ നോര്‍മല്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവചനങ്ങളുടെ പൂക്കാലം തന്നെ. മണ്ഡല പുനക്രമീകരണത്തോടെ സെഫോളജിസ്റ്റുകളുടെ കട്ടയും പടോം മടങ്ങിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പും ഈ തെരഞ്ഞെടുപ്പും തമ്മിലുള്ള സ്വിങ്ങ് ഫാക്ടര്‍ ഇല്ലാത്തതിനാല്‍ അവന്മാര്‍ കിളി ജോത്സ്യന്റെ വേഷത്തില്‍ ഊരു ചുറ്റുന്നെന്നുമൊക്കെ കേള്‍ക്കുന്നു. പത്രവാര്‍ത്തകള്‍ മാത്രം അടിസ്ഥാനമാക്കിയത്, ഊഹപ്രേതം പറഞ്ഞത്, തലയിണമന്ത്രത്തില്‍ പൊതിഞ്ഞത്, ചക്കോ ചുക്കോ എന്നറിയാത്തത് എന്നു വേണ്ട അശാസ്ത്രീയമായ പ്രവചനം എന്ന് പ്രവചക്കാര്‍ തന്നെ സമ്മതിക്കുന്ന പ്രവചനം വരെ രംഗത്തുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ ഏഴയലത്തുപോലും വരാത്ത പ്രവചനക്കാര്‍ക്കാണത്രെ ഏറ്റവും ഡിമാന്‍ഡ്. ഒരു ഡിറ്റാച്ച്ഡ് അപ്പ്രോച്ച് ആയിരിക്കുമവര്‍ക്കെന്ന് ബുജി ലൈനിലെ ഫിലോസഫി‍. സ്ഥാനാര്‍ത്ഥി മാറിയതൊന്നുമറിയാതെ പഴയ സ്ഥാനാര്‍ത്ഥിയുടെ പേരും വെച്ച് വിജയം ഉറപ്പിച്ച് സീറ്റ് കണക്കുകൂട്ടിയിരിക്കുന്ന ആളുകള്‍ വരെ ഉള്ളപ്പോള്‍, കേരളത്തിലങ്ങോളമിങ്ങോളം ഇടത് വിരുദ്ധ വികാരമാണെന്നും ലാവലിന്‍ ക്ലച്ച് പിടിച്ചെന്നുമൊക്കെ ഉഗാണ്ടായിലോ എത്തിയോപ്പിയായിലോ ഇരുന്ന് എഴുതിവിടുന്നതൊക്കെ സോ നോര്‍മല്‍.

നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ആ അത്ഭുതക്ലച്ച് അന്വേഷിച്ച് ഇറ്റലിയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും സ്വീഡനില്‍ നിന്നുമൊക്കെ വാഹന നിര്‍മ്മാതാക്കളുടെ ഏജന്റുമാര്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണെന്ന വാര്‍ത്തയും കേട്ടു. ആ ഏജന്റുമാരില്‍ സി.ഐ.എ ചാരന്മാരുണ്ടോ എന്ന് തപ്പി സുധ് എന്നും ഈഷ് എന്നുമൊക്കെ പേരുള്ള പ്രൊഫസര്‍മാരും സഹായികളും ഊരു ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു. തെരഞ്ഞെടുപ്പു വിഷയവുമായി ബന്ധപ്പെട്ട ഊരു ചുറ്റലായതിനാല്‍ ഗമയ്ക്ക് ELECTION DUTY URGENT എന്ന സ്റ്റിക്കറും ഒട്ടിച്ചാണത്രെ ഊരു തെണ്ടല്‍. എലക്ഷന്‍ കമ്മീഷന്റെ വണ്ടിയേത് എലക്ഷനു കമ്മീഷനടിക്കാന്‍ വന്നവന്റെ വണ്ടിയേത് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനൊരു പെരുമാറ്റച്ചട്ടം വരുമെന്നും കേള്‍ക്കുന്നു.

***

കെ.പി.ഉണ്ണികൃഷ്ണന്‍ ഇപ്പോഴുമുണ്ടോ ഇല്ലയോ എന്ന് വ്യസനിച്ചിരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു പ്രസ്താവന:

“വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തിനു പിന്നില്‍ വിഭാഗീയചിന്താഗതിക്കാരായ ചില മതാചാര്യന്മാരും ഇന്ത്യക്ക് പുറത്ത് കേന്ദ്രീകരിച്ചിട്ടുള്ള ചില ആളുകളും പ്രവര്‍ത്തിച്ചു. ശക്തമായ സമര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് ചില മണ്ഡലത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടന്നത്. മലബാറിലെ മണ്ഡലങ്ങളില്‍ പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, അഞ്ചാറു തവണ ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റയാളെ സ്ഥാനാര്‍ഥിയാക്കി. വയനാട്, മലപ്പുറം, കോഴിക്കോട് ഡിസിസികളൊന്നും ഇങ്ങനൊരു സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിനിര്‍ണയമെന്ന കാര്യത്തില്‍ പല സംശയവും ഉയരുന്നുണ്ട്. ഇവിടെയാണ് ഇന്ത്യക്ക് പുറത്തുള്ള ശക്തികളും മറ്റും രംഗത്തുവരുന്നത്. മുല്ലപ്പള്ളിയെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതായി അറിഞ്ഞു. വടകര ഇപ്പോഴും സിപിഐ എമ്മിന്റെ ശക്തിദുര്‍ഗമാണ്. കോണ്‍ഗ്രസില്‍ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നത്.“

ഒരു കോണ്‍ഗ്രസ് (എസ് ) ഫ്ലേവര്‍ ഉള്ള ഈ പ്രസ്താവന വായിച്ചാല്‍ മനസ്സിലായില്ലേ പുള്ളിക്കാരന്‍ ഇപ്പോഴുമുണ്ടെന്ന്.

ചില ഭാവി പരിപാടികളെക്കുറിച്ച് കൂടി കെ.പി പറയുന്നുണ്ട്..

“കോണ്‍ഗ്രസ് വിട്ടുപോകുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല. ഭാവിപരിപാടി പിന്നീട് തീരുമാനിക്കും. ദേശീയതലത്തില്‍ വര്‍ഗീയശക്തികള്‍ക്കെതിരെ, പ്രത്യേകിച്ച് സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോട് അടുത്തുനില്‍ക്കണമെന്നാണ് ആഗ്രഹം. ആ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്.”

ഇനിയുമൊരു ചാട്ടത്തിനു ബാല്യമുണ്ടെന്ന് തന്നെ...

*

രാജേട്ടന്‍ ഒരു വഴിക്കും വഴങ്ങാത്തപ്പോള്‍ വന്നു നിന്നതാണ് കൃഷ്ണദാസ് അനന്തപുരിയില്‍. വലതുകാല്‍ വെച്ച് കയറിയ ഉടനെ കേട്ട വാര്‍ത്ത ചങ്കേല്‍ കൊള്ളുന്നതായിപ്പോയി.

സംഘപരിവാര്‍ സംഘടനകള്‍ക്ക് തലസ്ഥാന ജില്ലയില്‍ വിത്തുപാകിയ കേണല്‍ ചന്ദ്രന്‍ ശരി തിരിച്ചറിയുകയാണത്രെ നാടിന്റെ ഭാവി ഇടതുപക്ഷത്തിന്റെ കയ്യിലാണെന്ന്. വര്‍ഗീയതയും കൊലക്കത്തിയും നാടിന് ആവശ്യമില്ല. ജനങ്ങളോടൊപ്പം പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനമാണ് ഇന്നു നാടിന് ആവശ്യമെന്ന് ചന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത ചന്ദ്രന്‍ ഇതിന്റെ പ്രാധാന്യം വിവരിച്ചു.

തലസ്ഥാനത്തിന് ചന്ദ്രനെ മറക്കാനാകില്ലത്രെ. 1969ല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപി എംജി കോളേജില്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ നേതൃത്വം നല്‍കിയത് ചന്ദ്രനായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസിന്റെ സംഘാടകനായി. പിന്നെ പട്ടാളത്തിലായി. 1996ല്‍ കേണലായി ജോലിയില്‍നിന്ന് വിരമിച്ചശേഷം നാട്ടിലെത്തി ബിജെപി അംഗമായി. പട്ടാളച്ചിട്ടയോടെ ബിജെപിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എക്സ്സര്‍വീസ് സെല്ലിന്റെ പ്രസിഡന്റ് , അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാം കവീനര്‍ അങ്ങിനെ അങ്ങിനെ.

എന്നാല്‍, പാര്‍ടിയുടെ തെറ്റായ നയങ്ങളിലും വര്‍ഗീയവിഷം തുപ്പുന്ന നിലപാടുകളിലും വോട്ടുകച്ചവടത്തിലും പ്രതിഷേധിച്ച് പാര്‍ടി വിട്ടു. പിന്നീട് കെ രാമന്‍പിള്ള കേരള ജനപക്ഷം പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി പൊതുപ്രവര്‍ത്തനം തുടര്‍ന്നു. പാര്‍ടിയുടെ സെന്‍ട്രല്‍ ഓഫീസ് ജനറല്‍ സെക്രട്ടറിയാണ്. തന്നെപ്പോലെ പല മുന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളും ഇന്ന് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് ചന്ദ്രന്‍ പറയുന്നു. ലക്ഷ്യം ഒന്നുമാത്രം. യുഡിഎഫിനെ തോല്‍പ്പിക്കുക. ഒപ്പം ബിജെപിയുടെ വോട്ടുകച്ചവടം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക. ശരിയുടെ പാതയില്‍ എല്‍ഡിഎഫ് മാത്രമാണെന്ന യാഥാര്‍ഥ്യം പ്രചരിപ്പിക്കുക'-ചന്ദ്രന്‍ പറയുന്നു.

പാവം പപ്പനാവേട്ടനെ പച്ചക്ക് വലിപ്പിച്ചവര്‍ ഇത്തവണ പച്ചക്ക് നിന്നു കത്തുന്ന കാഴ്ച കാണാനായേക്കും. അത് മറ്റൊരു പപ്പനാവന്റെ തിരുസന്നിധിയില്‍ത്തന്നെ ആയത് മീശ പിരിച്ച മോഹന്‍ലാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗലക്കി.

*

കഥ മരിച്ചു, കവിത മരിച്ചു, നോവല്‍ മരിച്ചു, ചെറുകഥ മരിച്ചു, ചരിത്രം മരിച്ചു, പ്രത്യയശാസ്ത്രം മരിച്ചു...അങ്ങിനെ എത്രയെത്ര മരണങ്ങള്‍. അതിന്റെ കൂട്ടത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കേള്‍ക്കാവുന്ന ഒരു സോ നോര്‍മല്‍ വാര്‍ത്തയാണ് ചുവരെഴുത്ത് മരിച്ചു, പോസ്റ്ററൊട്ടിപ്പ് മരിച്ചു. മൈദമാവിന്റെ പശ മരിച്ചു, അതിലിടുന്ന തുരിശ് മരിച്ചു എന്നൊക്കെ. മൊത്തം ഫ്ലക്സ് അല്ലേ കേരളത്തില്‍. പിണറായി വിജയന്റെ ഫ്ലക്സ് ആണത്രെ മൈല്‍ കുറ്റിക്ക് പകരം കേരളത്തില്‍ തെക്കുവടക്കു നീളെ ‍.

അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തയാണ്. ശരിയാവാനിടയുണ്ട്. അദൃശ്യ ക്ലച്ച് പോലെ അദൃശ്യ ഫ്ലക്സ്. എല്ലാം ലക്ഷങ്ങള്‍ വില മതിക്കുന്നവ. “പിണറായി വിജയന്റെ മണിമാളികയിലെ ഇറ്റാലിയന്‍ മാര്‍ബിള്‍“ എന്ന അദൃശ്യമാളികയിലെ അദൃശ്യ മാര്‍ബിള്‍ കഥ പോലെ ഒരു മാവേലേറ്. ഒത്താലൊത്തു. ഒന്നു രണ്ട് ഏപ്പരാശികളെങ്കിലും വിശ്വസിച്ചാല്‍ അത്രയുമായി. കേരള രക്ഷാ മാര്‍ച്ചിനു ഗ്രൂപ്പടിസ്ഥാനത്തിലും, നായരീഴവക്രൈസ്തവമുസ്ലീം ഫോര്‍മുലാടിസ്ഥാനത്തിലുമൊക്കെ വെച്ച ഫ്ലക്സുകള്‍ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകളില്‍ ഇല്ല. ഒരു തല ചെറുതായതിനു (ചെന്നിത്തലയല്ല) മൊത്തം 30 അടി ഫ്ലക്സ് മാറ്റിയടിച്ചതും അമേരിക്കയില്‍ നിന്നു കേരളത്തെ സാകൂതം വീക്ഷിക്കുന്ന ആ കണ്ണില്‍പ്പെട്ടിട്ടില്ല.

*

ഗണപതിയെ തൊഴുതു, പിള്ളയെ വണങ്ങി, ആത്മവിശ്വാസത്തോടെ കളരിയിലേക്ക്‌ എന്നു വീക്ഷണത്തില്‍ വായിച്ചപ്പോള്‍ അതെഴുതിയവനെ തൊഴുതു, പത്രത്തെ വണങ്ങി. ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കിനി ആവില്ല %#@%#$മക്കളേ എന്ന ഡയലോഗും വിട്ട് അങ്കത്തളത്തിലേക്ക് ഇറങ്ങുന്നത് മറ്റാരുമല്ല. കൊടിക്കുന്നേല്‍ സുരേഷ്. മാവേലിക്കരയില്‍ 50000 വോട്ടിനു ജയിക്കും എന്ന് വണക്കപിള്ളയുടെ പ്രവചനം. വോ തന്നെ..താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് വിട്ടാല്‍ രണ്ടെണ്ണം സെക്രട്ടറിയേറ്റില്‍ പതിക്കും എന്നു പറഞ്ഞ സെയിം പിള്ള തന്നെ. പിള്ള മനസ്സില്‍ കള്ളമില്ലാത്തതിനാല്‍ പ്രവചനം ഫലിക്കും. മാവേലിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി 50000 വോട്ടിനു ജയിക്കും. സോ നോര്‍മല്‍..അല്ലേ?

Friday, March 20, 2009

നായർ, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുല

ആറ്റുനോറ്റ് കാത്തിരുന്ന ലിസ്റ്റ് വന്നതോടെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്നും ഇതിനു മുന്‍പില്ലാത്ത യോജിപ്പോടെ മുന്നോട്ട് പോകുമെന്നും ഒക്കെ ചെന്നിത്തല ചാനലുകളായ ചാനലുകളില്‍ കത്തിക്കേറിയപ്പോള്‍ ഇത്രയും നിരീച്ചില്ല. പ്രശ്നങ്ങള്‍ തുടങ്ങുന്നതിനെയാണ് ചെന്നിത്തലയിലും മാന്നാറിലുമൊക്കെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് എന്നു പറയുക എന്ന ജ്ഞാനം നമുക്കില്ലല്ലോ.

കന്യാകുമാരി ക്ഷിതിയാദിയായി ഗോകര്‍ണ്ണാന്തമായി തെക്കുവടക്കുനീളെ കിടന്നിരുന്നതും ഇപ്പോള്‍ പാറശ്ശാലയില്‍ തുടങ്ങി കാസര്‍ഗോഡ് അതിര്‍ത്തിയില്‍ അവസാനിക്കുന്നതുമായ ഇത്തിരിപ്പോന്ന ഭൂമിയില്‍ ഇത്രയും പ്രശ്നങ്ങളുണ്ടാക്കണമെങ്കില്‍ അസാദ്ധ്യ യോജിപ്പ് തന്നെയായിരിക്കണം.

യോജിപ്പിന്റെ കഥ കാസര്‍ഗോഡു നിന്ന് തുടങ്ങി എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിച്ച് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും. അതുകൊണ്ട് ചില കഥകള്‍ വായിച്ചും ചില കളികള്‍ പഠിച്ചും നമുക്ക് നിര്‍ത്തി നിര്‍ത്തി മുന്നോട്ട് പോകാം.

ഷാനിമോള്‍ പോരാ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ ഏകവനിതയായി വിലസാനുള്ള അവസരമല്ലേ കളഞ്ഞു കുളിച്ചത്. മൂകാംബിക്കടുത്ത് വെച്ച് തോല്‍ക്കുന്നതിന്റെ പുണ്യം കിട്ടാതെ പോയത് വേറെ. ജയസാധ്യതയുള്ള മറ്റെവിടെയെങ്കിലും നിന്നു തോറ്റോളാം എന്നവര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതിയത് കോണ്‍ഗ്രസ്സിലെ രീതി വെച്ച് നോക്കിയാല്‍ മൃഗീയവും പൈശാചികവും അല്ലെങ്കിലും വേണ്ടായിരുന്നു. തോല്‍ക്കുന്നതിന്റെ സുഖത്തെപ്പറ്റി ഷാനവാസ് കോണ്‍ഗ്രസ്സുകാര്‍ക്ക് ക്ലാസെടുത്തിട്ടില്ല എന്ന് നാലാളറിഞ്ഞത് എത്ര നാണക്കേട്. തോല്‍ക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തി ഷാനിമോള്‍ നില്‍ക്കുന്നത് കണ്ട് സഹിക്കുന്നില്ല.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നിന്ന് തോറ്റ വ്യക്തിയാകാനുള്ള ഷാനവാസിന്റെ കുഞ്ഞു താല്പര്യം മനസ്സിലാകണമെങ്കില്‍ അതിനു വേണ്ട സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. അല്ലാതെ വെറുതെ പേയ്മെന്റ് സീറ്റെന്നു കാറിവിളിച്ചാല്‍പ്പോരാ. ഗിന്നസ് ബുക്കുകാര്‍ പിറകില്‍ നിന്നു മാറുന്നില്ല എന്ന ബുദ്ധിമുട്ടൊഴിവാക്കിയാല്‍ ഷാനവാസ് തീര്‍ത്തും തൃപ്തന്‍. ഉറപ്പായും ജയിക്കുമെന്ന് അമേരിക്കയില്‍ നിന്ന് ചിലര്‍ പ്രവചിക്കുകയും ചെയ്ത സ്ഥിതിക്ക് ഇത്തവണയെങ്കിലും പതിവു തെറ്റിക്കും എന്ന വാശിയിലാണ് ഷാനവാസ്.

കോലം കത്തിക്കുന്നെങ്കില്‍ അത് കെ.വി. തോമസിന്റെ ആകണമെന്ന നിര്‍ബന്ധം യൂത്ത് കോണ്‍ഗ്രസ്സിനും കെ.എസ്.യുവിനുമൊക്കെ തോന്നിത്തുടങ്ങിയത് എന്നു മുതലാണാവോ? എറണാകുളത്ത് കത്തിക്കുന്നത് മനസ്സിലാക്കാം. തിരുവനന്തപുരത്തും കൊല്ലത്തും ഒക്കെ കത്തിക്കുന്നത് മാഷോടുള്ള ആദരവിന്റെ സൂചനയായിത്തന്നെ കാണണം. ഉണ്ണിത്താനോട് ചോദിച്ചാല്‍ ആ ആദരവിനെപ്പറ്റിയും ഇക്കാലത്ത് മുണ്ടുടുക്കുന്നതിലെ അസാമാന്യ ധീരതയെപ്പറ്റിയും പറഞ്ഞ് തരും. താന്‍ ഇത്രയും ‘ജനകീയ‘നാണെന്ന് മാഷ് മനസ്സിലാക്കുന്നത് ഇപ്പോഴായിരിക്കും. കേരളമാസകലം നിന്നു കത്തുന്ന കോലമാകാന്‍ തോമസ് മാഷിനു കഴിഞ്ഞതില്‍ ദല്‍ഹിയില്‍ വെച്ച് നടത്തിയ പിഴിച്ചില്‍ ചികിത്സക്ക് വല്ല പങ്കുമുണ്ടോ? അതിനാണെന്ന് പറഞ്ഞ് ദല്‍ഹിയില്‍ തമ്പടിച്ച് സീറ്റൊപ്പിച്ചെന്ന് ചാനല്‍ സുന്ദരിമാര്‍ ഒരു മാതിരി മുനവെച്ച് കൊഞ്ചുന്നത് ( കൊഞ്ചും തിരുതയും കെ വി തോമസ് മാഷും തമ്മിലുള്ള പാരസ്‌പര്യത്തെക്കുറിച്ചല്ല്ല സൂചന) അസൂയ കൊണ്ടാകാനേ തരമുള്ളൂ. സീറ്റ് ലഭിച്ചത് അപ്രതീക്ഷിതം എന്ന് മാഷ് പറഞ്ഞത് സത്യമായിരിക്കും. ആര്‍ക്ക് അപ്രതീക്ഷിതം എന്ന ചോദ്യം ചോദിച്ച് ഹൈബി ഈഡന് എന്ന ഉത്തരം പറയിക്കല്ലേ. മാഷും ജീവിച്ച് പൊക്കോട്ടെ.

നഗരജനസംഖ്യ കൂടുതല്‍ ഉള്ള മണ്ഡലത്തില്‍ മത്സരിക്കാനാണു താല്പര്യമെന്ന് ( ഇപ്പോഴും യു എന്നിലെ അണ്ടർ സെക്രട്ടറി ആണെന്നാണോ പാവത്തിന്റെ വിചാരം? രാഷ്‌ട്രീയത്തിലെറങ്ങിയത് മറന്നു പോ‍യെന്നു തോന്നുന്നു, ശുദ്ധൻ) .പാലക്കാട് നിന്നു തോല്‍ക്കുന്നോ എന്ന് ഹൈക്കമാന്‍ഡ് ചോദിച്ചപ്പോള്‍ തരൂര്‍ജി പറഞ്ഞത് പാരയായോ എന്നൊരു ശങ്ക. നരകാഗ്നിയില്‍ തരൂര്‍ജിയുടെ കോലങ്ങള്‍ ദഹിക്കുന്ന കാഴ്ചയാണത്രെ തലസ്ഥാനത്ത്. അത് കണ്ടില്ലെങ്കില്‍ ഇപ്പോള്‍ അനന്തപുരിക്കാര്‍ക്ക് ഉറക്കം വരാതായിരിക്കുന്നു. അവസാനം ചോദിക്കേണ്ട “ഇപ്പോള്‍ ശശി ആരായി?” എന്ന ചോദ്യം തുടക്കത്തില്‍ തന്നെ കേട്ടു തുടങ്ങിയിരിക്കുന്നുവത്രെ. എന്നാലും ശശി തരൂരിനൊരു കുലുക്കവുമില്ല. വല്ലോം മനസ്സിലായിട്ടു വേണ്ടേ കുലുങ്ങാന്‍?

എട്ടു ജില്ലകള്‍ക്ക് പ്രാതിനിധ്യമില്ല എന്നൊരു ആരോപണവും കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. ഒരു ദേശീയ കക്ഷി സംസ്ഥാന തലത്തില്‍ മത്സരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങളുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ഒരു തരം ലോക്കല്‍ വര്‍ത്തമാനവും കൊണ്ട് വരരുതെന്ന് നേതൃത്വം. വനിതകള്‍ക്ക് പ്രാതിനിധ്യമില്ല എന്ന തമാശ കേട്ട് ഹൈക്കമാന്‍ഡ് ചിരിയോട് ചിരി. വന്ന പതിനാറില്‍ ആണുങ്ങളുണ്ടോ എന്ന് അവര്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരിഭവം. ഹല്ലേ ഇതെന്നാ സംസ്ഥാനമാ? കോണ്‍ഗ്രസ്സില്‍ ഒരു ആണാമ്പിറന്നോനേ ഉണ്ടായിരുന്നുള്ളൂ എന്നും അത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അറിയാത്ത ഇത്തിരിപ്പോന്ന പിള്ളാര്‍, യുവാക്കളില്ല, വിദ്യാര്‍ത്ഥികളില്ല എന്നൊക്കെ പറഞ്ഞു കരയാന്‍ തുടങ്ങിയാല്‍ ഹൈക്കമാ‍ഡം എന്നാ ചെയ്യും?

വടകരയിലെ പൊതുസമ്മതന്റെ കാര്യത്തിലാണത്രെ ഏറ്റവും അടി. പൊതുസമ്മതനായ പൊതുസമ്മതന്‍ വേണോ ഹൈക്കമാന്‍ഡിനു പൊതുവെ സമ്മതനായ പൊതുസമ്മതന്‍ മതിയോ എന്നൊക്കെയാണ് അടിയുടെ പോക്കുവരത്ത്. എന്തെങ്കിലും വരട്ടെ എന്നു വിചാരിച്ച് ബാക്കി വന്ന 53ന്റെ കൂടെ വടകരയിലെ കാണാന്‍ കൊള്ളാവുന്നവരെ മുഴുവന്‍ ചേര്‍ത്ത് നാസക്ക് ലിസ്റ്റ് അയച്ചിട്ടുണ്ട് എന്നറിയുന്നു. പൊതുസമ്മതന്‍ വരുമോന്ന് നോക്കാം.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കോലവും കത്തിച്ചു കൊണ്ട് ടൈം വേസ്റ്റ് ചെയ്യുന്നതെന്ന് ചാണ്ടി പറഞ്ഞപ്പോഴേ കാര്യം മനസ്സിലാക്കണമായിരുന്നു. ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ ആള്‍ക്കാര്‍ക്കായിരിക്കും മുൻ‌തൂക്കം എന്ന്. മൂന്ന് എം.എല്‍.എമാരെ നിര്‍ത്തുക വഴി ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കി സര്‍ക്കാരിനു പണച്ചിലവുണ്ടാക്കുകയല്ലേ എന്ന ചോദ്യത്തിനു അതിനവന്മാര്‍ ജയിച്ചാലല്ലെ എന്നു മറുപടി പറഞ്ഞ കോണ്‍ഗ്രസ് പുലിയുടെ സത്യസന്ധത നമുക്കൊക്കെ എന്ന് കൈവരുമോ ആവോ?

നായര്‍, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുല നടപ്പിലാക്കിയപ്പോള്‍ കുറെ നായന്മാരും, കുറെ ഈഴവരും കുറെ ക്രൈസ്തവരും കുറെ മുസ്ലിങ്ങളും ലിസ്റ്റിനു വെളിയിലായി. അതിലിത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് മംഗളവും മനോരമയുമൊക്കെ ചോദിക്കുന്നത്. ഇടതന്മാരെങ്ങാനുമായിരുന്നു ഈ പരുവത്തിലെങ്കില്‍ എത്ര ദിവസം അച്ചുനിരത്തി രസിക്കാമായിരുന്നു. അവന്മാരാണെങ്കില്‍ ലിസ്റ്റുമിറക്കി ആദ്യവട്ട സ്ക്വാഡ് വര്‍ക്കും തുടങ്ങി. അപ്പോള്‍പ്പിന്നെ മദനി നല്‍കുന്ന പിന്തുണയില്‍ പിടിച്ചാകട്ടെ എഴുത്തും വധവും. നമ്മുടെ കുട്ടികളുടെ നായര്‍, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുലയെ നമ്മള്‍ സംരക്ഷിക്കണം.

ചായക്കടയില്‍ കേട്ടത്

ഒരു പൂവ് വിരിയുന്ന പോലല്ലേ ഞങ്ങടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇറങ്ങിയത്.

ഉം... പക്ഷെ.ശവം നാറിപ്പൂവായിപ്പോയി എന്നുമാത്രം.

Thursday, March 19, 2009

ആറ്റുനോറ്റുണ്ടായൊരുണ്ണി

അങ്ങിനെ കോണ്‍ഗ്രസ്സിന്റെ ലിസ്റ്റും വന്നു.

എന്തൊക്കെ മേളമായിരുന്നു. കമ്മിറ്റി, ഉത്സാഹക്കമ്മറ്റി, സ്ക്രീനിങ്ങ് കമ്മിറ്റി, ഉന്നതാധികാരക്കമ്മിറ്റി, അത്യന്താധുനിക കമ്മിറ്റി, ജലപാന മാംസഭോജനക്കമ്മറ്റികൾ.. അങ്ങിനെ എന്തെല്ലാം. കമ്മറ്റിയായ കമ്മറ്റിയിലൂടെയൊക്കെ കടന്നുപോയിട്ടും ഇത്രയും ദിവസമായി 69ല്‍ നിന്ന് ഒരെണ്ണം കുറയാതെ കിടക്കുകയായിരുന്നു. അതെങ്ങനാ കുറഞ്ഞിരുന്നേല്‍ കാണായിരുന്നു കലാപം.

ഒരെണ്ണം കുറഞ്ഞാലും ഒരെണ്ണം കൂടിയാലും രോഷാഗ്നി നിന്നു കത്തും. സാമുദായിക സമവാക്യം, ഗ്രൂപ്പ് സമവാക്യം, പ്രാദേശിക സമാ‍വാക്യം, വനിതാ സമവാക്യം, സംവരണ സമവാക്യം, ദ്വിമാന സമവാക്യം, കത്തനാര്‍ സമവാക്യം, മൊല്ലാക്ക സമവാക്യം, തന്ത്രി സമവാക്യം ...അങ്ങിനെ എല്ലാ സമവാക്യങ്ങളും ഒപ്പിച്ച് ലിസ്റ്റുണ്ടാക്കാന്‍ പെട്ട പാട്.

ഒരു തരത്തിലും ഒന്നുമൊക്കാതെ വന്നപ്പോള്‍ അതിനായി ഒരു പ്രത്യേക കമ്പ്യൂട്ടര്‍ പ്രോഗ്രാം വരെ തയ്യാറാക്കി എന്നാണ് അകത്തളങ്ങളിലെ വിവരം. സാദാ കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഓടിച്ചപ്പോള്‍ കണക്കുകൂട്ടലിന്റെ ചൂട് സഹിക്കവയ്യാതെ കമ്പ്യൂട്ടര്‍ കത്തിപ്പോയെന്നും അവസാനം സ്വദേശി സൂപ്പര്‍ കമ്പ്യൂട്ടറായ പരമിന്റെ സഹായം തേടിയെന്നും പരദൂഷണപ്പാണന്മാര്‍ പാടി നടക്കുന്നുണ്ട്. പരമിനുപോലും എല്ലാ സമവാക്യവും ഒപ്പിച്ച് 16 എത്തിക്കാനെ കഴിഞ്ഞുള്ളൂവെന്നും 17നെ പ്രഖ്യാപിക്കാന്‍ നാസയിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ കിട്ടുമോ എന്നറിയാന്‍ പാര്‍ട്ടിയുടെ ഐ.ടി. വിഭാഗം നോക്കുന്ന കമ്മറ്റി തലവന്‍ അമേരിക്കക്ക് വിട്ടെന്നും കേള്‍ക്കുന്നുണ്ട്. പുള്ളി അവിടെ സ്ഥിരതാമസമാക്കിയില്ലെങ്കില്‍ വടകരയില്‍ തോല്‍ക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ പേരുമായി വന്നേക്കും.

ബാക്കി വന്ന 53 പേരെയും വടകരക്കുള്ള സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. ആരെയും നിരാശപ്പെടുത്തുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന്റെ ഭാഗമല്ല. പഴയ കോലീബീ ഓര്‍മ്മയിലാണ് സീറ്റൊഴിച്ചിട്ടിരിക്കുന്നത് എന്ന് പറയുന്നവര്‍ അഡ്‌ജസ്റ്റ്മെന്റ് കോട്ട എന്ന വാക്കും ആശയവും കേള്‍ക്കാത്ത വിവരദോഷികൾ.

ചെറുപ്പക്കാരെ തഴഞ്ഞു എന്നു പറയുന്നവരോട് പ്രായത്തിലല്ല കാര്യം കുട്ട്യേ എന്നൊരൊറ്റ വരി മാത്രം പറയട്ടെ. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാത്തവരൊക്കെ കോണ്‍ഗ്രസ്സിന്റെ കണക്കില്‍ ചെറുപ്പക്കാര്‍ തന്നെ. വിം എം സുധീരൻ ഇപ്പോഴും യുവത്വത്തിനെ പ്രതീകം തന്നെ. വീര ധീരാ വീര സുധീരാ....ധീരതയോടെ നയിച്ചോളൂ ..എനൊക്കെ കേൾക്കുമ്പോൾ മേലാകെ കോൾമയിരു കൊള്ളുന്നു.

ബൂഢ ലിസ്റ്റില്‍ ആരെയെങ്കിലും പെടുത്തണമെങ്കില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചതിനു തെളിവു വേണം. അതാ കാൺഗ്രസ്സ്.

തന്നെ തോറ്റ വനിതാ എം.പിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍ എഴുതിയ കത്ത് ലിസ്റ്റ് വന്നതിനുശേഷമെഴുതിയതോ അതിനു മുന്നെ എഴുതിവെച്ചിരുന്നതോ എന്ന് വ്യക്തമല്ല. കത്ത് ചെന്ന സ്പീഡ് നോക്കിയാല്‍ മുന്‍പേ പറന്ന പച്ചിയാവാനാണു സാധ്യത....രാജ് മോഹന്‍ ഉണ്ണിത്താന്‍ തെക്ക് തെക്കൊരു സീറ്റ് താ താ എന്ന് കെഞ്ചിയിരുന്നതാണ്. ഇല്ലെന്നറിഞ്ഞപ്പോള്‍ എന്നാല്‍ വടക്കൊരെണ്ണം താ, വീണ്ടും കഴിവു തെളിയിക്കട്ടെ എന്നായി. കൊടുത്തു സീറ്റ്. വീട്ടിലായിപ്പോയെന്നു മാത്രം.

കരുണാമയനായ ലീഡര്‍ക്കും കൊടുത്തിട്ടുണ്ടൊരു പാര. മഞ്ഞ വസ്ത്രധാരിയായ കുറുപ്പേട്ടന്‍. ലീഡറുടെ ലിസ്റ്റിലെ ആളും തോല്‍ക്കട്ടെ എന്ന ദുര്‍ബുദ്ധി ആരുടെ തലയില്‍ ഉദിച്ചതാണോ എന്തോ?

പതിവുപോലെ ഇത്തവണയും പേയ്മെന്റ് സീറ്റ് ഉണ്ടെന്നും അത് മലബാറിലാണെന്നും കേള്‍ക്കുന്നുണ്ട്. 3 കോടി രൂപ ലോഹത്തിന്റെ പേരുള്ള എ.ഐ.സി.സി സെക്രട്ടറിക്ക് ( കടപ്പാട് : മുരളീധരൻ) മുസ്ലീം നാമധാരിയായ ഒരു സ്ഥാനാര്‍ത്ഥി മോഹി കൊടുത്തെന്നും മുല്ലപ്പള്ളി അങ്ങിനെ ഔട്ടെന്നും സംസാരം.

ഹൈക്കമാന്‍ഡ് കോട്ടയെന്നാല്‍ അതൊരു കോട്ട തന്നെ. ചെങ്കോട്ടയില്‍ കൊടിപൊക്കാന്‍ ഒത്തില്ലെങ്കിലും കോട്ട വിട്ടുള്ള കളിയില്ല ഹൈക്കമാന്‍ഡിന്. ശശി തരൂരിനെ നൂലുകെട്ടിയിറക്കിയിട്ടുണ്ട്. പാ‍ലക്കാട് ഇറക്കണോ കോത്താഴത്തിറക്കണോ എന്ന ശങ്ക ഉണ്ടായിരുന്നെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് തന്നെ ഇറക്കി. നിരവധി അനവധി കോലങ്ങളുടെ രൂപത്തില്‍ ഡെയ്ലി കത്തിയെരിഞ്ഞുകൊണ്ടിരുന്ന തരൂര്‍ജി മണ്ഡലത്തിലെങ്ങും സുപരിചിതന്‍ ഇപ്പോൾ. സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കോലങ്ങള്‍ വഹിക്കുന്ന പങ്ക് മനസ്സിലാക്കപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലെ ഒരു ഇന്നോവേഷൻ.

സ്ഥാനാര്‍ത്ഥി ലിസ്റ്റ് കണ്ട ഉടനെ “എൽ.ഡി.എഫിനു 16 സീറ്റ് ഉറച്ചു, ഒരെണ്ണം കൂടി ഉറയ്ക്കും എന്നു പറഞ്ഞ കോണ്‍ഗ്രസ്സുകാരാ, നിന്റെ ധൈര്യം അപാരം.
ഇതൊക്കെയാണെങ്കിലും അച്ചായന്റെ പത്രം വായിച്ചാല്‍ കുഴപ്പം തോന്നിക്കുകയേ ഇല്ല. ‘കൊഴപ്പമോ ഇവിടെയോ’ എന്നൊരു മുഖപ്രസംഗം കാച്ചാതിരുന്നത് വായനക്കാരന്റെ ഭാഗ്യം എന്നു കരുതിക്കൊണ്ടാല്‍ മതി.

Wednesday, March 18, 2009

കൊച്ചന്മാര്‍ കലക്കുന്നുണ്ടേ...

നെഹ്രുജി, ഇന്ദിരാജി, ഞാന്‍ ജി, മോന്‍‌ജി...പഴയൊരു ലീഡര്‍ തമാശയുടെ പോക്ക് ഇങ്ങനെയാണ്. അവസാനം ഒരു ജി കൂടി ഉണ്ട്. അശ്ലീലമായിപ്പോകും എന്നതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല.

മോന്‍ ജിമാര്‍ ഇപ്പോള്‍ അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പാണ്.

രാഹുല്‍ മോന്‍‌ജി ശംഖുമുഖത്ത് നടത്തിയ അഴിമതി വിരോധപ്രസംഗം കേട്ട് മണല്‍ത്തരികള്‍ പോലും നാഗര്‍വാല, ബോഫോഴ്‌സ് എന്നലറിക്കൂവി കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. പിന്നെ ടാലന്റ് ആയി ഹണ്ട് ആയി. അതിന്റെ അടിസ്ഥാനത്തില്‍ ദിവസക്കൂലിക്കെന്ന മട്ടില്‍ സംഘടനയില്‍ നൂലുകെട്ടിയിറക്കലായി. ആകെക്കൂടി ഒരു അടിപൊളി. പല നാള്‍ നൂലുകെട്ടിയിറക്കുമ്പോള്‍ ഒരു നാളെങ്കിലും നൂലുപൊട്ടിയില്ലെങ്കില്‍ കെട്ടിയിറക്കുന്നവര്‍ക്കും നൂലിനും തോന്നും ഇതാണ് ജനാധിപത്യമെന്ന്. അച്ചതി ഒഴിവാക്കാന്‍ ലിജുവിനെ (ഗൺ‌മാൻ‌ജിയുടെ മോൻ‌ജി) കെട്ടി ഇറക്കിയ നൂലൊന്ന് പൊട്ടിപ്പോയി. അതിന്റെ നാണക്കേട് ആരോടൊക്കെയോ രോഷാകുലനായി മോന്‍ജി തീര്‍ത്തുവെന്ന് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണിപ്പോഴത്തെ പാഷനും ഫാഷനുമൊക്കെ. മോന്റെ കൂടെ നാണം കെടാന്‍ ലീഡുറുടെ പഴയകാല മാനസപുത്രനും ഉണ്ടെന്നത് മോനാശ്വാസം.

ചേട്ടന്റെ മോന്‍‌ജിക്ക് ത്രിവര്‍ണ്ണം ഫേവറിറ്റ് കളര്‍ എങ്കില്‍ കാവിയുടെ അസുഖമാണ് അനിയന്റെ മോന്‍‌ജിക്ക്. ‘പെറ്റ വയറു താങ്ങുമോ’ എന്ന് ആരെക്കൊണ്ടും പറയിക്കുന്ന തരത്തിലൊരു പ്രസംഗം ഈ മോന്‍‌ജി ഈയടുത്ത് കാച്ചിയത്രെ.

“'ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍, അതല്ല ഹിന്ദുക്കള്‍ ദുര്‍ബലരും നേതൃത്വമില്ലാത്തവരുമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഈ നേതാക്കള്‍ വോട്ടിനുവേണ്ടി ആരുടെയെങ്കിലും കാലുനക്കുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈവിരല്‍ ഉയര്‍ത്തിയാല്‍, അങ്ങനെയെങ്കില്‍ ഞാന്‍ ഗീത തൊട്ട് സത്യംചെയ്യുന്നു ആ കൈ ഞാന്‍ മുറിച്ചു മാറ്റും.' 'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് (കൈഉയര്‍ത്തി) കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ്‌ശ്രീറാം. ( പാവം ശ്രീ രാമൻ..) ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'..... കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ ? “

ഇങ്ങനെയൊക്കെയാണ് ഇളം തലമുറക്കാരന്‍ കാച്ചിയതെന്ന് ചിലയിടങ്ങളില്‍ കാണുന്നു. തൊഗാഡിയയും മോഡിയും നാണക്കേട് കാരണം പുറത്തിറങ്ങുന്നില്ലത്രെ. നിരവധി വര്‍ഷങ്ങളുടെ അദ്ധ്വാനത്താല്‍ തങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്ന ഇമേജ് ഇന്നലെ വന്ന കൊച്ചന്‍(മോന്‍‌ജി എന്നതിന്റെ നാടന്‍ പരിഭാഷ) അടിച്ചുമാറ്റിക്കൊണ്ടുപോകുകാന്ന് വെച്ചാല്‍ സഹിക്കാനാവുമോ?

സ്ഥാനാര്‍ഥിയാണ് മോന്‍‌ജി. ഇലക്ഷന്‍ കമ്മീഷനു വെറുതെ ഇരിക്കാന്‍ പറ്റുമോ. പിലിബറ്റിലെ പോലീസ് മോനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ), 188 വകുപ്പുകള്‍ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരവുമാണ് കേസ്.. രണ്ടുകൊല്ലം വരെ ഉണ്ട തിന്നു കിടക്കാനുള്ള കോപ്പുണ്ടെന്ന് നിയമ വിദഗ്ദര്‍.

തനിക്കെതിരെയുള്ള ഗൂഡാലോചനയാണിതെന്ന് കൊച്ചന്‍ പറയുന്നു. ഒരേ അളവില്‍ അല്ലെങ്കിൽ സമാസമം താനൊരു ഗാന്ധിയും ഇന്ത്യക്കാരനും ഹിന്ദുവും(I am a Gandhi, Hindu and an Indian in equal measure) ആണെന്ന് കൊച്ചന്‍. സംഘപരിവാരത്തിനാണെങ്കില്‍ പതിവുപോലെ ബഹുസ്വരത. സാമ്‌നയും ശിവസേനയുമൊക്കെ കൊച്ചനാണു കൊച്ചന്‍, അപ്പന്റെ മോന്‍ തന്നെ എന്നൊക്കെ വായ്ത്താരിയിടുകയാണ്. വെങ്കയ്യ നായിഡുവും കൊച്ചനെ കൈവിടാന്‍ തയ്യാറല്ല. കാര്‍ക്കറെ മരിച്ചപ്പോള്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് അന്തുലേ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയതിനോടാണ് വെങ്കയ്യ ഇതിനെ ഉപമിക്കുന്നത്. സംഘപരിവാറിന്റെ ശൈലിക്കനുസരിച്ച് അവരുടെ വക്താവ് രവിശങ്കര്‍ പ്രസാദ് അഡ്‌ജസ്റ്റ് ചെയ്‌ത് പറഞ്ഞ് വെച്ചിട്ടുണ്ട്. കൊച്ചന്റെ വാചകമടിയില്‍ നിന്ന് തങ്ങള്‍ സ്വയം വിമുകതരാകുന്നു(disapprove of and disassociate ourselves) എന്ന് വക്താവ്. കൊച്ചന്‍ ജയിച്ചാല്‍ വെങ്കയ്യ..കൊച്ചന്‍ തോറ്റാല്‍ രവിശങ്കർ. ഏത് വേണമെങ്കിലും നാളെ തങ്ങളുടെ ഔദ്യോഗിക നിലപാടാക്കാം.

മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് കൊച്ചന്‍. മൌനം അമ്മയ്ക്കും ഭൂഷണം എന്നതിനാല്‍ മനേക ഗാന്ധി മൌനി ബാബ.

കൊച്ചന്മാരുടെ കഥ പറഞ്ഞിരുന്നാല്‍ സമയം പോകുന്നതറിയില്ല. വയനാട്ടില്‍ ഒരു കൊച്ചന്‍ കറങ്ങി നടപ്പുണ്ട്. ചാലക്കുടി പ്രദേശത്ത് ഒരു മോളും. എന്താവുമോ എന്തോ?

Tuesday, March 17, 2009

കോങ്ക്രോത്ത് ഇല്ലത്ത്

കോങ്ക്രോത്ത് ഇല്ലത്ത് (കടപ്പാട്: മലയാറ്റൂര്‍ രാമകൃഷ്ണന്‍) പ്രശ്നങ്ങള്‍ തീരുന്നില്ല. വയസ്സന്മാര്‍ മുതല്‍ കൊച്ചുകുട്ടികളുടെ ഇടയില്‍ വരെ പ്രശ്നങ്ങള്‍. വരുന്ന അഞ്ച് കൊല്ലത്തെ കൃഷി ഏല്‍പ്പിക്കാന്‍ പറ്റിയ 17 പേരെപ്പോലും തീരുമാനിക്കാന്‍ പറ്റിയിട്ടില്ല. കുട്ടികളുടെ മോണിറ്റര്‍ ആയി ഒരു കുട്ടിയെ മാറ്റി മറ്റൊരു കുട്ടിയെ ഇരുത്താന്‍ നോക്കിയെങ്കിലും ആദ്യത്തെ കുട്ടിയെത്തന്നെ ഇരുത്തേണ്ടി വന്നു. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ‘കാരണവര്‍ കുട്ടി’ പറഞ്ഞിട്ടുപോലും ഇതാണവസ്ഥ.

അതിനിടയിലാണ് ഇല്ലത്തെ പ്രധാന അംഗമായ രാമചന്ദ്രന്‍ കുട്ടി പുറത്തുനിന്നുള്ള കോടീശ്വരന്മാരാണ് ഇല്ലത്തെ കാര്യം തീരുമാനിക്കുന്നതെന്ന് ചെന്നിത്തല തിരുമേനിക്ക് കത്തെഴുതുന്നത്.

'എന്നെ ഇല്ലത്തെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശമാണ് താങ്കളും ഉമ്മന്‍ചാണ്ടിയും വയനാട് ഡിസിസി പ്രസിഡന്റിന് നല്‍കിയത്. ഞാന്‍ അടക്കമുള്ള കോങ്ക്രോത്ത് കൃഷിക്കാരെ പരാജയപ്പെടുത്താന്‍ കഠിനശ്രമം നടത്തിയ എം കെ ജിനചന്ദ്രന്‍ എന്ന കരോടപതി ഡിസിസി ജനറല്‍ ബോഡിയില്‍(ഇല്ലത്തെ ഒരു സ്ഥിരം നാടകവേദി) ഇരിക്കുന്നത് കണ്ടു. അനധികൃതമായി സര്‍ക്കാര്‍ഭൂമി കൈവശംവച്ച് മരം വെട്ടുന്നതടക്കമുള്ള നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് അദ്ദേഹം. കോങ്ക്രോത്ത് അംഗം പോലുമല്ലാത്ത അദ്ദേഹം ഡിസിസി നിര്‍വാഹക സമിതി(മറ്റൊരു നാടകവേദി) അംഗമായിരിക്കുകയാണ്. അങ്ങയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിര്‍ദേശപ്രകാരമാണിതെന്നാണ് ഡിസിസി പ്രസിഡന്റ് (വേദിയുടെ തലവന്‍) പറഞ്ഞത്. അദ്ദേഹം യോഗത്തില്‍ എനിക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. എന്റെ ആദ്യ അനുഭവമാണിത്. ഇക്കാലത്ത് ഇല്ലത്ത് ഒരു പുതിയ സംസ്കാരം രൂപപ്പെട്ടുവരികയാണല്ലോ. കരോടപതിമാരുടെ കാലമാണിത്. താങ്കള്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്ന മഹാരഥന്മാരെ ഞാന്‍ ഓര്‍ത്തുപോയി'-

ഇതുകൊണ്ട് നിര്‍ത്തിയോ?

'കോങ്ക്രോത്തിന് സീറ്റ് (കൃഷിപ്പണിയിൽ നിന്നുള്ള വിളവെടുപ്പ് ) ഏറ്റവും കുറഞ്ഞത്, ഉമ്മന്‍ചാണ്ടിയും താങ്കളും സ്ഥാനാര്‍ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ചുക്കാന്‍ പിടിച്ച കാലത്താണ്. കെപിസിസി ഓഫീസിലെ(ഇത്തിരി കൂടിയ നാടകവേദിയുടെ ഓഫീസ്) ശിപായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയിരുന്നെങ്കില്‍ വിജയസാധ്യത പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന പത്മരാജന്‍ കമീഷന്റെ(അങ്ങനെയുമൊരു തമാശ നടന്നിരുന്നു) വിലയിരുത്തല്‍ ഓര്‍മയുണ്ടാവുമല്ലോ. ലോകായുക്ത നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വൈകിച്ച് എന്റെ പരാജയത്തിന് വഴിയൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. രണ്ടുപേര്‍ക്കും എന്നോടുള്ള വിദ്വേഷത്തിന്റെ കാരണം അവസരം വരുമ്പോള്‍ (സീറ്റ് കിട്ടുമോ ഇല്ലേന്ന് നോക്കട്ടെ) പരസ്യമായി പറയും. ഇച്ഛാനുവര്‍ത്തികളെമാത്രം മാതൃസംഘടനയിലും പോഷകസംഘടനകളിലും കുത്തിത്തിരുകുന്നതു കാരണം അര്‍ഹതപ്പെട്ട പല നേതാക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. നിരവധി സഹായങ്ങള്‍ക്ക് എന്നെ സമീപിച്ചകാലം ഓര്‍ക്കുന്നുണ്ടാകുമോ. കൈപിടിച്ചുയര്‍ത്തിയ കെ കരുണാകരനെ(ഒരു ഇടിവെട്ട് കാരണവര്‍. പക്ഷെ അതിന്റെ അഹങ്കാ‍രം ലവലേശം ഇല്ല) പോലും മറന്ന താങ്കള്‍ എന്നെ എങ്ങനെ ഓര്‍ക്കാന്‍'-

എത്രയെത്ര മഹാന്മാരായ കാരണവന്മാര്‍ ഭരിച്ച തറവാടാണിത്. അവരുടെ ആത്മാക്കള്‍ പൊറുക്കുമോ ഇതൊക്കെ കേട്ടാല്‍...

ഇല്ലം തുടങ്ങിയ ജയ് ഹിന്ദ് ചാനലിന്റെ കാര്യവും കൊഴകൊഴാന്നു തന്നെ. ചാനലിന്റെ ഓഹരികള്‍ ഭൂരിപക്ഷവും വിജയന്‍ തോമസ് എന്ന കരോടപതി(കോടീശ്വരനല്ല)യുടെ കയ്യിലാണ്. അനന്തപുരിയിലെ കൃഷിപ്പണിക്കുള്ള ആളായി വിമതനായി അദ്ദേഹവും രംഗത്തുണ്ടത്രെ. ഇല്ലത്തെ ആളുകളെ കൊള്ളാത്തതുകൊണ്ട് തരൂര്‍ താവഴിയിലെ ശശിത്തിരുമേനിയെ (സംസ്കൃതപണ്ഡിതനാണ്..‍. മലയാളം അറിയില്ല എന്നൊക്കെ അസൂയാലുക്കള്‍ പറയുന്നുണ്ട്) ചുമതല ഏല്‍പ്പിക്കാനിരിക്കെയാണ് വിജയന്‍ തോമസ് ഇപ്പണി ഒപ്പിച്ചത്. മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്യവും മൂന്നു നേരം കൂട്ടിക്കുഴച്ച് മൃഷ്ടാന്നം ഭുജിക്കുന്ന ...എന്നൊരു സിനിമാ സംഭാഷണം ആ പണിക്കരുകുട്ടി എഴുതിവെച്ചത് ഇല്ലത്തെക്കുറിച്ചാണെന്ന് ചിലര്‍ സംസാരവും തുടങ്ങിയിരിക്കുന്നു.

തന്റെ പണം പറ്റിച്ച ഇല്ലക്കാരെ തോല്‍പ്പിക്കുമെന്നൊക്കെ ഈ വിജയന്‍ തോമസ് പരസ്യമായി പറയാമോ? അതും നമ്മുടെ എതിരാളികളും ദേശത്തെ അഭിമാനികളുമായ ഇല്ലക്കാരോട്. മ്ലേച്ഛം മ്ലേച്ഛം. “സാമ്പത്തിക ശക്തികള്‍ കോങ്ക്രോത്ത് ഇല്ലത്ത് പിടിമുറുക്കുന്നതിനെതിരെ' എറണാകുളത്തെ ഇല്ലം സമ്മേളനത്തില്‍ പ്രമേയം പാസാക്കി വിജയന്‍ തോമസിനെ തള്ളി എന്നതൊക്കെ ശരി തന്നെ. എന്നാലും പരസ്യമായി ഇതൊക്കെ പറയാമോ? ചുമരെഴുത്ത് വരെ തുടങ്ങിയത്രെ. ചെന്നിത്തല താവഴിയിലെ തിരുമേനിക്കെതിരെ ഇല്ലത്തെ ചുമരില്‍ വരെ വേണ്ടാതീനം എഴുതിയിരിക്കുന്നെന്നും കേള്‍ക്ക്ണുണ്ട്. ചെന്നിത്തല തിരുമേനി ഗോ ബാക്ക് എന്നാണത്രെ എഴുത്ത്. തിരുമേനി എവിടെപ്പോകാന്‍? മോണിറ്റര്‍ കുട്ടി പ്രശ്നത്തില്‍ നാണം കെട്ടതിന്റെ ജാള്യം മാറിയിട്ടില്ല തിരുമേനിക്ക്. യാത്രാക്ഷീണവും കലശലായുണ്ട്.

പിണങ്ങിപ്പോയി തിരിച്ചുവന്ന 90 കഴിഞ്ഞ കരുണോരുടെ പ്രശ്നം വേറെ. എല്ലാം ഒന്ന് കലങ്ങിത്തെളിയുമ്പോഴേക്കും ഇല്ലം ഒരു വഴിക്കാവുമോ?

Friday, March 13, 2009

ഉൽട്ടാ പുൽട്ടാ

മത്സരിക്കുന്ന 17 സീറ്റിലേക്കായി 69 സ്ഥാനാര്‍ത്ഥിമോഹികളുടെ ലിസ്റ്റ് സ്ക്രീനിങ്ങ് കമ്മിറ്റിയിലേക്കയച്ചാല്‍, എല്ലാ സീറ്റിലും ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍, ഏതെങ്കിലും ഒരു സീറ്റിലേക്ക് എത്ര പേരെ മാക്സിമം നിര്‍ദ്ദേശിക്കാം?

ഇത് സിമ്പിള്‍ കണക്കല്ലേ ചേട്ടാ...

എന്നാലുത്തരം പറ..

16 സീറ്റിലേക്ക് 2 വെച്ച് 32. മൊത്തം 69ല്‍ നിന്ന് ഈ 32 കുറച്ചാല്‍ 37. ഈ 37 എണ്ണത്തിനെ പതിനേഴാമത്തെ സീറ്റിലേക്ക് നിര്‍ദ്ദേശിക്കാം.

മുടുക്കന്‍. ഇനി ഇതില്‍ അബ്ദുള്ളക്കുട്ടിയുടെ കണക്ക് പറ.നോക്കട്ടെ.

17 സീറ്റിലേക്ക് 4 വെച്ച് 68. ബാ‍ക്കി 1 ഞമ്മക്ക്.

ലീഡറും കൊടുത്തിട്ടുണ്ട് ഒരു ലിസ്റ്റ്. സംഗതി ഒരു നടക്ക് പോവാനിടയില്ല. സ്ക്രീനിങ്ങ് കമിറ്റി ആപ്പീസിനു മുന്നില്‍ ആക്രിക്കച്ചവടക്കാരുടെ തെരക്കാണെന്ന് കേട്ടു ലിസ്റ്റുകളൊക്കെ അവസാനം തൂക്കി വിക്കുമ്പോള്‍ വാങ്ങിക്കൊണ്ടുപോകാന്‍.

ചേട്ടാ ലിസ്റ്റില്‍ പൊതിഞ്ഞ കപ്പലണ്ടിയുടെ പോഷകഗുണം മറ്റെന്തിനുണ്ട്? പപ്പിക്കുട്ടിക്ക് വീണ്ടും ഒരു ലക്ഷത്തില്‍പ്പരം വോട്ടിനു തോല്‍ക്കാനൊരു ചാന്‍സ് കിട്ടുമോ ആവോ? ലീഡറുടെ ലിസ്റ്റ് വേസ്റ്റ് ആവാതിരുന്നാ മതിയായിരുന്നു. എന്നാലും ഈ 69 ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.

കാങ്ക്രസ്സല്ലേടാ.. 96 ആണ് കണക്ക്. ഇത്തവണ കുറഞ്ഞുപോയി. വലതില്‍ ഭയങ്കര ഐക്യം എന്ന് മുത്തശ്ശിമാര്‍ എഴുതുന്നത് 96നു പകരം 69 കണ്ടാടാ മോനെ..

എത്ര ലിസ്റ്റുണ്ടായാലും 17 പേര്‍ക്കല്ലേ നറുക്ക് വീഴൂ? ബാക്കിയുള്ളോരെന്ത് ചെയ്യുമെന്നാലോചിച്ചിട്ട് സഹിക്കുന്നില്ല. പാവങ്ങള്‍. ഗ്രൂപ്പുണ്ടാക്കുമായിരിക്കും.

നീ സമാധാനപ്പെട്. ഗോപപ്രതാപന്‍ തുറന്നു കാണിച്ച മാതൃക ഇങ്ങനെ കെടക്കുക അല്ലേ. ചിലരതിലെ പൊക്കോളും. കാങ്ക്രസ് ഒരു മഹാപ്രസ്ഥാനമാടേ. അങ്ങിനെ ഒന്നില്‍ ഓരോരുത്തരും ഓരോ പ്രസ്ഥാനമായല്ലെ പറ്റൂ. അവരെ ഗ്രൂപ്പ് എന്ന് വിളിച്ച് കൊച്ചാക്കാതെ.

സോറി ചേട്ടാ...

ഈ ലിസ്റ്റൊക്കെ അയച്ചെന്ന് വെച്ച് ഇതില്‍ നിന്നേ എടുക്കൂ എന്നൊന്നുമില്ല. മാഡത്തിനാണ് സര്‍വസ്വാതന്ത്യവും. ഇതിലൊന്നുമില്ലാത്തവനും കേറി വന്നേക്കും.

അപ്പോപ്പിന്നെ ഈ ലിസ്റ്റ്...

ചുമ്മാ ചൊറിയും കുത്തി ഇരിപ്പല്ലേടേയ്..വല്ല പണിയും വേണ്ടേ..തിരയെണ്ണാനും നക്ഷത്രമെണ്ണാനും മാത്രം പഠിച്ചാല്‍ പോരല്ലോ. ലിസ്റ്റുണ്ടാക്കിയും അതുകൊണ്ട് വഞ്ചിയുണ്ടാക്കിയും കളിച്ച് പഠിക്കെട്ടെഡേയ്..

Thursday, March 12, 2009

രാമേട്ടന്റെ സംശയങ്ങൾ

“സഖാവേ..”
“എന്താ രാമേട്ടാ”
“സ്ഥാനാർത്ഥി ലിസ്റ്റ് വന്നു”
“കണ്ടു”
“ഒരു സംശയം”
“രാമേട്ടൻ പറ, എന്താ സംശയം”
“ശരിയാകുമോ?”
“എന്ത് ശരിയാകുമോന്ന്?”
“ല്ലാരും എസ് എഫിലൂടെയാണത്രെ..”
“അതിന്റെ അർത്ഥം എല്ലാവരും സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ട് എന്നല്ലേ ?”
“ഓ അതു ശരിയാണല്ലോ, അപ്പോൾ പിന്നെ കോൺഗ്രസ്സുകാരെന്താ ചെറുപ്പക്കാർക്ക് സീറ്റ് കൊടുക്കാത്തെ?”
“അവർ രാഷ്‌ട്രീയത്തിൽ വരുന്നത് മത്സരിക്കാനാണ്, ഇടതു പക്ഷക്കാർ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പാർട്ടി പറയുമ്പോൾ മത്സരിക്കുകയാണ്”
“എന്നാലും സഖാവേ”
“എന്താ പ്രശ്നം, പറയൂ രാമേട്ടാ”
“അപ്പം നമ്മുടെ അബ്ദുള്ള ക്കുട്ടീനെ പുറത്താക്കിയത് ശരിയാണോ? ഓനും നല്ല ചുള്ളനല്ലാരുന്നോ?“
“ഓൻ പറഞ്ഞത് കേട്ടില്ലേ? കഴിഞ്ഞ അഞ്ച് കൊല്ലമായി സോണിയാ ഗാന്ധീന്റേം മന്മോഹൻ സിങ്ങിന്റേം കരങ്ങളെ ആണ് ഓൻ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് ”
“ഓ ഞാനതോർത്തില്ല, ഓനേ പണ്ടേ കളയണ്ടതായിരുന്നു ”

കൈപ്പത്തിക്ക് കരുത്തു പകരുമ്പോൾ

മരത്തലയന്‍ നോക്കി ഇരിപ്പായിരുന്നു. അല്ല ഒന്നും കാണാതെ അത്ഭുതക്കുട്ടി പൊഴേല്‍ ചാടൂല്ലല്ലോ. മൂന്നാമങ്കത്തിനു ചാന്‍സില്ലാത്തതോണ്ടല്ലേ പഹയന്‍ മോഡി വഴി വികസിച്ച് ഇടതിനെ ഊതി ഊതി ഊഡീഎഫ്ഫില്‍ എത്താന്‍ നോക്കുന്നതെന്ന് അന്നേ തോന്നിയിരുന്നു. അങ്ങനെ വാച്ച് ചെയ്ത് വാച്ച് ചെയ്ത് ഇരിക്കവേ ദാ വന്‍ രാഷ്ട്രീയപ്രാധാന്യമുള്ളതെന്ന് കാഗസ് നാനിമാര്‍ വിശേഷിപ്പിക്കുന്ന വാര്‍ത്ത. ഒരു പൂച്ചയുടെ പൂച്ച പുറത്ത് ചാടി എന്നല്ല തലക്കെട്ട് , എന്നാലും സംഭവം അത് തന്നെ. മ്മടെ അബ്ദുള്ളക്കുട്ടിയണ്ണന്‍ കാങ്ക്രസ്സില്‍ ചേര്‍ന്നേക്കുമെന്ന്. അത് മാത്രമോ ഇത്തവണത്തെ ലോകസഭാതെരഞ്ഞെടുപ്പില്‍ ഊഡീയെഫ്ഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി എം പിയായി കേന്ദ്രത്തില്‍ മന്‍മോഹന്‍സിങിന്റേയും സോണിയാഗാന്ധിയുടേയും കരങ്ങള്‍ക്ക്‌ കരുത്തുപകരുകയാണ്‌ ചെയ്‌തത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത് വായിച്ചപ്പോള്‍ മരത്തലയന്‍ പോലും കരഞ്ഞു പോയി‌. നീയേത് പക്ഷത്തിന്റെ ബാനറില്‍ ജയിച്ച എം.പിയായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ കുണ്ടാ എന്നൊന്ന് ചോദിച്ചുപോയി.

ഈ കുറച്ച് ദിവസത്തെ സുയിപ്പീരുകയിഞ്ഞാ അബ്ദുവിനു മനസ്സിലാകും കാങ്ക്രസ്സില്‍ ചേര്‍ന്നത് തന്റെ ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന്. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയുമൊക്കെയായ മണ്ടത്തരം. അല്ല മണ്ടത്തരത്തിനു കോപ്പി റൈറ്റൊന്നുമില്ലല്ലോ. എലച്ചന്‍ കയിഞ്ഞാപ്പിന്നെ ഓനെക്കൊണ്ട് പത്രമുത്തശ്ശിമാര്‍ക്ക് പ്രയോശനമൊന്നുമില്ല. ഓന്റെ കാര്യം ഗോപി തന്നെ. വല്ല സീറ്റുമൊപ്പിച്ച് എം.പി.സ്ഥാനത്ത് തുടരാമെന്നു വെച്ചാല്‍ നടക്കുന്ന കോളുമില്ല. എലച്ചനു നിക്കാന്‍ പറ്റുവാരിക്കും...കെട്ടി വെക്കാന്‍ കാശ് ആരെങ്കിലും കൊടുക്കുമെങ്കില്‍ പിന്നെ നിക്കാനാണോ പാട്.

*

വടക്കന്റെ കോലം യൂത്തന്മാര്‍ കത്തിച്ചത്രെ. അങ്ങ് സാംസ്കാരിക തലസ്ഥാനത്ത്. കത്തിക്കുന്നതിനു മുന്‍പ് കോലത്തെ വലിച്ചു കീറി ചപ്പിലക്കെട്ടാക്കി കത്തിക്കുക എന്ന പുത്തന്‍ സമരമുറയായിരുന്നുവത്രെ അരങ്ങേറിയത്. വാര്‍ത്തയെന്ന് രണ്ടക്ഷരത്തില്‍ കൊളുത്തി ഒന്നാം പേജില്‍ പോട്ടം സഹിതം ഇട്ടാല്‍ കിണ്ണന്‍ കാച്ചി ഐറ്റം ആവുമായിരുന്നു. എന്ത് ചെയ്യാം. മനോരമയെന്നു പേരുണ്ടെങ്കിലും മുത്തശ്ശിക്ക് പഴേ പോലൊന്നും കാഴ്ചയില്ല മക്കളേ..മുത്തശ്ശി ഒന്നും വ്യകതമായി കണ്ടതുമില്ല. വ്യകതമായി കാണാത്തതുകൊണ്ട് ഒന്നാം പേജില്‍ ഇട്ടതുമില്ല. ഇട്ടോന്ന് ചോദിച്ചാ ഉറപ്പുമില്ല മക്കളെ. ഈ വയസാങ്കാലത്ത് എല്ലാം കാണണമെന്ന് വാശി പിടിക്കല്ലെ മക്കളെ..മുത്തശ്ശി ബൈനാക്കുലറും വെച്ചങ്ങ് ദില്ലീലോട്ട് നോക്കിയിരുപ്പല്ലാരുന്നോ...ആ കേരള ഹൌസിന്റെ വരാന്തയില്‍ ഒന്നു രണ്ടു കുട്ടികള്‍ കൊത്താ‍ങ്കല്ലും കളിച്ചുകൊണ്ടിരിപ്പല്ലാരുന്നോ. അവരങ്ങ് വളര്‍ന്ന് വലുതായി, ചില പോസ്റ്ററൊക്കെ ഒട്ടിക്കുമെന്നും അത് വലിയ വാര്‍ത്തയാക്കിക്കൊടുക്കാമെന്നുമൊക്കെ സൊപ്നം കണ്ടുകൊണ്ടിരുപ്പല്ലാരുന്നോ..ആ നേരത്തല്ലിയോ വടക്കനെ വെടക്കാക്കിയത്. മുത്തശ്ശിയൊന്നും കണ്ടില്ല മക്കളെ കേട്ടില്ല മക്കളെ.

*
അതു പോലെ ഈ മുത്തശ്ശി കാണാത്ത ഒരു കാര്യം കൂടി സാംസ്കാരിക തലസ്ഥാനത്തുണ്ടായി എന്നാണ് നമ്മുടെ ശത്രുക്കൾ പറഞ്ഞു പരത്തുന്നത് മക്കളേ..മെത്രാന്മാരു അരമനക്കകത്തിരുന്നു അരമനേടേ കാര്യം നോക്കിയാ മതി... വടക്കനെ സ്ഥാനാർത്തിയാക്കാൻ നോക്കണ്ടാന്ന് യൂത്തന്മാരു പറഞ്ഞത്രെ..എന്തു ചെയ്യാനാ മക്കളേ..ഈ മുത്തശ്ശിക്ക് പഴയ പോലെ കണ്ണു കാണുന്നില്ല മക്കളേ..അങ്ങനെയൊക്കെ ആണേലും എം എ ബേബീന്റെ ആ കുരുത്തകെട്ട സഖാക്കൾ സാറന്മാർ ഇറക്കിയ സീ ഡി ഞാൻ കണ്ടൂട്ടോ....

**

പൊന്നാനി കിട്ടിയില്ലേല്‍ ഇരുപതിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി.പി.ഐ അണ്ണന്മാര്‍ സംസ്ഥാന സമിതിയില്‍ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ച് വായിച്ച് സന്തോഷം കൊണ്ട് മരത്തലയനിരിക്കാന്‍ വയ്യാരുന്നു. അതൊന്ന് ഔദ്യോഗികമായി വായിക്കാന്‍ ജനയുഗത്തിനായി പരക്കം പാഞ്ഞൊരു പാച്ചില്‍. അവസാനം പത്രം കിട്ടിയപ്പോ അരിച്ചു പെറുക്കി വായിച്ചപ്പോ മരത്തലയനു നിരാശകൊണ്ട് ഇരിക്കാന്‍ വയ്യേ..പത്രത്തിലെങ്ങുമില്ല വാര്‍ത്ത. അപ്പോ പിന്നെ മകാരപ്പത്രങ്ങള്‍ പറഞ്ഞതേത് പൊന്നാനി, ഏത് സിപിഐ. ഏത് 20 സീറ്റ്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. വാര്‍ത്തയുണ്ടാക്കാന്‍ സി.പി.ഐ സംസ്ഥാനക്കമ്മിറ്റിയിലെ അടച്ചിട്ട മുറിയിലെ ചര്‍ച്ചയും മകാരങ്ങള്‍ക്കുപയോഗപ്പെടും. സി.പി.എമ്മിനിത്തിരി ആശ്വാസമായിക്കാണും. കാമറ ചില സമയത്തെങ്കിലും നടുമുറ്റത്തു നിന്ന് മാറിക്കിട്ടുമല്ലോ.

***

ജഗതലപ്രതാപന്‍ വിട്ടലാചാര്യയുടെ സിനിമയിലെ കഥാപാത്രമല്ലെ..മുത്തശ്ശിയെപ്പോലെ മരത്തലയനും ഓര്‍മ്മ പിടിക്കുന്നില്ല. സാംസ്കാരിക തലസ്ഥാനത്തും ഒരു പ്രതാപന്‍ ആരാച്ചാരുടെ കഥയുമായി രംഗത്ത് വന്നിട്ടുണ്ട്. ആളു ചില്ലറയല്ല. മുന്‍ വക്താവ്(!) ആയിരുന്നു. വടക്കെനെതിരെ വക്താവ് വേഷത്തില്‍ ചിലതൊക്കെ വ്യക്തമായി പറഞ്ഞതിനാണ് ഈ വക്താവ് മുന്‍ വക്താവായത്. കോണ്‍ഗ്രസ്സിലെ തമാശകള്‍ക്ക് അന്ത്യമില്ല‍. എത്രയെത്ര പുത്തന്‍ പോസ്റ്റുകള്‍. മുന്‍ വെള്ളം കോരി, മുന്‍ വിറകുവെട്ടി എന്നൊക്കെ കേട്ടാലും നോ നാണം. നോ മാനം. സോ നോ കമന്റ്സ്.

എന്നാലും മുന്‍ വക്താവാണ് വക്താവ്. അദ്ദേഹം പറയുന്നത് കേട്ടാലാരും സമ്മതിച്ചുപോവും.

“യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്ന്‌ തന്നെ പുറത്താക്കിയതിനു പിന്നില്‍ മത്സര ദാഹിയായ ആരാച്ചാര്‍. ടോം വടക്കനായിരിക്കാം ആ ആരാച്ചാര്‍. തൃശൂരില്‍ വടക്കന്‍ മത്സരിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കും. എല്ലാ പാര്‍ട്ടികളു​േ​ടയും സമുദായങ്ങളുടേയും പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുക.”

Tuesday, March 10, 2009

അതിവേഗം ..ബഹുദൂരം

പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനിതു കഷ്ടകാലമാണോ തമ്പുരാൻ കർത്താവേ..ഒന്നിനു പിറകെ ഒന്നായാണല്ലോ വരുന്നത് മാരണങ്ങൾ. ലാവ്ലിൻ ലാവ്ലിൻ എന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിപ്പോൾ എല്ലാദിവസവും സൈൻ ബോർഡും സ്വപ്നം കണ്ടാണത്രെ ഞെട്ടിയുണരുന്നത്. ഞാനുറങ്ങാൻ പോകും മുമ്പെ...നിനക്കേകുന്നിതാ നന്ദി നന്നായ്...എന്ന പാട്ടും പാടി സൈൻ ഓഫ് ദ് ക്രോസുമിട്ട് സ്തുതിചൊല്ലാത്തതിന്റെ കുഴപ്പമാണോ കർത്താവേ?

ദേശീയപാതയിലും എം സി റോഡിലും മറ്റും റോഡുകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ യുഡിഎഫ് ഗവമെന്റ് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കയാണത്രെ. കോടിക്കണക്കിനു രൂപയുടെ കരാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അസാധുവായെങ്കിലും കരാറുകാര്‍ നിയമവിരുദ്ധമായി വാടക ഈടാക്കുകയാണെന്ന് വിജിലന്‍സ് പറയുന്നു. കരാര്‍ റദ്ദാക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

എന്താണീ സൈന്‍ബോര്‍ഡ് ഇടപാട്?

സൈന്‍ബോര്‍ഡ് കരാറിന്റെ മറവില്‍ അഞ്ഞൂറുകോടി രൂപയുടെ അഴിമതി നടന്നതായും ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ കൊച്ചിയിലെ കെപിസിസി ഭാരവാഹിക്കും നേരിട്ടു പങ്കുണ്ടെന്നും കേരള കോൺഗ്രസ് നേതാവ് ടി എം ജേക്കബ് നിയമസഭയില്‍ ആരോപിച്ചിരുന്നു. തൊട്ടുമുമ്പത്തെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജേക്കബ് 2005 ജൂലൈയിലാണ് നിയമസഭയെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കരാറിനെക്കുറിച്ച് വിജിലന്‍സ് നേരത്തേ അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിന്‍വലിക്കാന്‍ ഉത്തരവിട്ടു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മയുടെ എതിര്‍പ്പുമൂലം ഈ നീക്കം പൊളിഞ്ഞു. നിയമവകുപ്പും വിജിലന്‍സ് ഡയറക്ടര്‍ക്കൊപ്പമായിരുന്നു.

ബോര്‍ഡ് സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിലവിലില്ലെന്ന് വിജിലന്‍സ് അറിയിച്ചതായും കരാര്‍ റദ്ദായതായും വാദിച്ച് കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. എല്‍ഡിഎഫ് അധികാരമേറ്റശേഷം നടന്ന തുടരന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന ക്രമക്കേടുകള്‍ സ്ഥിരീകരിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് എല്‍ഡിഎഫ് ഗവമെന്റ് റദ്ദാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ദേശീയപാതയില്‍ കൂറ്റന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാനുമായാണ് കരാര്‍.

ഈ ഇടപാടിനെക്കുറിച്ചൊരു പൂർണ്ണചിത്രം ലഭിക്കുന്നതിന് ( ഇതു മാത്രമല്ല, സ്മാർട്ട് സിറ്റീം വേറെ കുറെ അനുസാരികളും ഒക്കെ ഉണ്ട്) ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവും കേരളാ കോൺഗ്രസ്സ് ജേക്കബിന്റെ ആത്മാവും പരമാത്മാവുമായ ശ്രീ ടി എം ജേക്കബിന്റെ ( ജേക്കബേ , നീയാടാ‍ ആൺകുട്ടി..നിന്നെക്കുറിച്ചോർക്കുമ്പോഴേ കോൾമയിരു കൊള്ളുന്നെന്നന്തരംഗം) നിയമസഭാ പ്രസംഗം ശ്രദ്ധിച്ചാലും.....

ശ്രീ. ടി എം ജേക്കബ്: സര്‍, അവിശ്വാസപ്രമേയത്തെ ഞാന്‍ അനുകൂലിക്കുകയാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ നേടി 99 സീറ്റുകളില്‍ വിജയിച്ച് അധികാരത്തില്‍ വന്ന ഐക്യജനാധിപത്യമുന്നണി ഇന്നില്ല. ഈ ഐക്യജനാധിപത്യമുന്നണിയിലെ മൂന്ന് ഘടകകക്ഷികള്‍ വിട്ടുപോയി..... ഞങ്ങളൊക്കെ വിട്ടുപോയി ഞങ്ങളുടെ കക്ഷിയില്‍ ആരുമില്ല എന്നുള്ള നിങ്ങളുടെ അഭിപ്രായം വാദത്തിനുവേണ്ടി ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ഒരു കാര്യം ഞാന്‍ പറയട്ടെ, ഈ പറഞ്ഞ സുഹൃത്തുക്കള്‍ അടുത്ത നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞ് ഈ നിയമസഭയിലെ അംഗങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് ആയിരിക്കില്ല ഇരിക്കുന്നത്; സന്ദര്‍ശക ഗാലറിയിലായിരിക്കും പോകുന്നത് എന്നുമാത്രം ഞാന്‍ ഓര്‍മിപ്പിക്കുന്നു. ... (ബഹളം) ... ഞാന്‍ ഈ നിയമസഭയില്‍ അംഗമായിട്ട് തിരിച്ചുവരും. ... (ബഹളം) ... ഞങ്ങളെല്ലാവരും വരും. ധൈര്യസമേതമാണ് ഈ പറയുന്നത്. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. ... (ബഹളം) ...

ഞാന്‍ മുഖ്യമന്ത്രിക്കെതിരെ രണ്ട് ആരോപണങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. അത് ഉന്നയിക്കാനുള്ള പ്രൊട്ടക്ഷന്‍ അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

മി. സ്പീക്കര്‍: ആരും ഒച്ച വയ്ക്കില്ല.

ശ്രീ. ടി എം ജേക്കബ്: നമ്മുടെ നിയമസഭയില്‍ 1964 സെപ്തംബര്‍ എട്ടിന് ആര്‍ ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരായ ഒരു അവിശ്വാസപ്രമേയമേ പാസായിട്ടുള്ളൂ. ........ അന്ന് ഇന്നത്തെപ്പോലെ ഭരണഘടനാഭേദഗതിയും പ്രത്യേക സാഹചര്യവും ഒന്നുമില്ല. അത് ഇല്ലായിരുന്നുവെങ്കില്‍ ഒരു സംശയവും വേണ്ട. ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഈ സഭയില്‍ പാസാകുമായിരുന്നു. ഇപ്പോള്‍ അതിന് സാധ്യമല്ലല്ലോ... (ബഹളം) ....

ഇവിടെ നിരവധി ആക്ഷേപങ്ങള്‍ വന്നു. ലോട്ടറി, ചന്ദനം, മദ്യം, സിവില്‍സപ്ളൈസ്, വൈദ്യുതി, ടൂറിസത്തിന്റെ മറവില്‍ ഭൂമി തട്ടിപ്പ്, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച, സുനാമി ഫണ്ട്, പട്ടയ തട്ടിപ്പ് തുടങ്ങി ഒട്ടേറെ വിഷയങ്ങളുണ്ട്. ഞാന്‍ അതിലേക്കൊന്നും പോകുന്നില്ല. ഇവിടെ സുനാമിയെപ്പറ്റി ഞാന്‍ ഒരു വാക്ക് പറയട്ടെ ... (ബഹളം) ...

സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് കുറെ പണം കിട്ടിയില്ലേ? ആ പണത്തിന് വല്ല കണക്കുമുണ്ടോ? സോണാര്‍ സെയില്‍സ് ഏജന്‍സീസ്, പൈമറ്റം, പരീക്കണ്ണി പിഒ, കോതമംഗലം, എറണാകുളം എന്ന അഡ്രസ് വച്ച് പതിനായിരം രൂപയുടെ ഒരു ചെക്ക് നിങ്ങള്‍ക്ക് തന്നു. ആ ചെക്ക് മാറി ബി-658 എന്ന നമ്പരില്‍ ഒരു രസീതും നിങ്ങള്‍ കൊടുത്തു. അതില്‍ അക്ഷരത്തിലും അക്കത്തിലും നിങ്ങള്‍ എഴുതിയിരിക്കുന്നത് ആയിരം രൂപ കൈപ്പറ്റിയിരിക്കുന്നു എന്നാണ്. ഈ പണം കൊടുത്ത ആള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ഇന്നലെ വരെ ഒരു മറുപടിയും കിട്ടിയില്ല....

ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡ്, സ്മാര്‍ട്ട് സിറ്റി ഇത് രണ്ടും സംബന്ധിച്ചാണ് ഞാന്‍ അഴിമതി ആരോപണം എഴുതിക്കൊടുത്തിരിക്കുന്നത്. ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡ് നമ്മുടെ സംസ്ഥാനത്ത് വളരെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ്.... നാഷണല്‍ ഹൈവേയിലൊക്കെ ആര്‍ച്ച് മാതിരി ഇടുന്നതാണ്. സൈന്‍ബോര്‍ഡ് കൊടുക്കണമെങ്കില്‍ ഒരു നടപടിക്രമം ഉണ്ട്. ദേശീയതലത്തില്‍ ടെന്‍ഡര്‍ വിളിച്ച് ആരാണ് ഹൈയസ്റ് റേറ്റ് ക്വോട്ട് ചെയ്യുന്നത് അവര്‍ക്കുമാത്രമേ ഇത് കൊടുക്കാവൂ.

കഴിഞ്ഞ ഗവമെന്റിന്റെ കാലത്ത് ഇതുസംബന്ധിച്ച് ഹബീബ് റഹ്മാന്‍ എന്ന കൊച്ചിയിലെ ഒരു കരാറുകാരന്‍ അന്നത്തെ ചീഫ് എന്‍ജിനിയര്‍ ശ്രീ. പി സി കുട്ടപ്പന് അപേക്ഷ കൊടുത്തു. ശ്രീ. പി സി കുട്ടപ്പന്‍ ആരോടും ചോദിക്കാതെ അയാള്‍ക്ക് 50 ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുവാദം കൊടുത്തു. അതുസംബന്ധിച്ച് പരാതി വന്നു. പരാതി വന്നപ്പോള്‍ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഇതേക്കുറിച്ച് വളരെ വിശദമായ അന്വേഷണം നടത്തിയതിനുശേഷം ഗവമെന്റിലേക്ക് കത്ത് കൊടുത്തിട്ട് പറഞ്ഞു ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന്. അന്ന് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിന് എഴുതിക്കൊടുത്ത കത്തില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഒന്ന്, പി സി കുട്ടപ്പനെതിരെ 50 എണ്ണം കൊടുത്തതിന് കേസെടുക്കണം, അന്നത്തെ മറ്റൊരു ചീഫ് എന്‍ജിനിയര്‍ ശ്രീ. ജോസഫ് മാത്യുവിന്റെ വകയായിട്ട് 310 എണ്ണംകൂടി കൊടുത്തു. ഇപ്പോഴും ശ്രീ. ജോസഫ് മാത്യു സര്‍വീസിലുണ്ട്. ഇത് വന്നുകഴിഞ്ഞ് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഈ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഗവമെന്റിലേക്ക് എഴുതി. അതുപോലെത്തന്നെ ഇവരുടെ വീടുകളും റെയ്ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗവമെന്റിലേക്ക് എഴുതി.

ശ്രീ ഉമ്മന്‍ചാണ്ടി നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി വന്ന് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ഇവിടെ ഇതുസംബന്ധിച്ച് വന്ന റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പറഞ്ഞു. അതിന്റെ രേഖകള്‍ എന്റെ കൈയിലുണ്ട്. എന്നാല്‍, ശ്രീ ഉമ്മന്‍ചാണ്ടി ഇവരെ സസ്പെന്‍ഡ് ചെയ്തില്ല. ഇവര്‍ക്കെതിരെ കേസെടുത്തില്ല. എഫ്ഐആര്‍ പ്രൊസീഡ് ചെയ്യാന്‍ സമ്മതിച്ചുമില്ല. അതിനുപകരം ശ്രീ. ഉമ്മന്‍ചാണ്ടിയുടെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഗവമെന്റില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം കൊടുത്തു. ഈ കേസുകള്‍ പിന്‍വലിക്കണം എന്നുപറഞ്ഞ് ഗവമെന്റിനുവേണ്ടി അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സിന്റെ ചാര്‍ജുള്ള സ്പെഷ്യല്‍ സെക്രട്ടറിക്ക് അയച്ച കത്തുണ്ട്.

അതിനു മറുപടിയായി ഈ കേസ് പിന്‍വലിക്കാന്‍ സാധ്യമല്ല എന്നുപറഞ്ഞ് അവിടെനിന്ന് വിജിലന്‍സ് ഡയറക്ടര്‍ ഗവമെന്റിലേക്ക് എഴുതി. അന്നുമുതല്‍ ഉപേന്ദ്രവര്‍മ ശ്രീ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടായി മാറി. ഈ കേസിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇവരെ സസ്പെന്‍ഡ് ചെയ്യണം, ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്യണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇവര്‍ക്കെതിരെ എഴുതിയയച്ച കത്ത് പൂഴ്ത്തിവച്ചു. നടപടി നേരെ വിരുദ്ധമായിട്ട് വന്നു.

ശ്രീ ഉമ്മന്‍ചാണ്ടീ, ആരാണ് ഇതിനകത്ത് മുഖ്യമായിട്ടുള്ള ഹബീബ് റഹ്മാന്‍. ഹബീബ് റഹ്മാന്റെ ഏജന്റന്മാരായി ശ്രീ ഉമ്മന്‍ചാണ്ടിയുടെ അടുത്ത് വന്നത് ആരാ? കൊച്ചിക്കാരനാണല്ലോ ഹബീബ് റഹ്മാന്‍. അവിടെയിരിക്കുന്ന പലര്‍ക്കും അറിയാം, എനിക്കും അറിയാം. ഞാന്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചു. സഭയില്‍ ഇല്ലാത്തവരെക്കുറിച്ച് പേര് പറയാന്‍ പാടില്ലല്ലോ! ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ഒരു കെപിസിസി ഭാരവാഹിയാണ് ഇതിന്റെ ഇടനിലക്കാരന്‍. ഇതിനകത്ത് അഴിമതിയുണ്ടോ ഇല്ലയോ?

....ഈ ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുവാദം കൊടുത്തു, ഞാന്‍ പറഞ്ഞല്ലോ ആദ്യം 50 പിന്നെ 310. ഈ 310ഉം 50ഉം കൊടുത്ത നടപടിയെക്കുറിച്ച് വിജിലന്‍സ് കേസെടുത്തു. അവര്‍ എഫ്ഐആര്‍ കൊടുത്തു. അത് വിത്ഡ്രാ ചെയ്യാനാണ് ഇവിടെനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീ. ടി പി സെന്‍കുമാര്‍ അങ്ങയുടെ ഐജി ആയിട്ട് ഇപ്പോള്‍ ഇരിക്കുകയല്ലേ, അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൊടുത്ത കത്തിന്റെ പകര്‍പ്പ് എന്റെ കൈയിലുണ്ട്. അതിനകത്ത് അദ്ദേഹം എന്താണ് പറഞ്ഞിരിക്കുന്നത്, 500 കോടി രൂപയുടെ നഷ്ടം ഈ സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നുവെന്നാണ്.

ഇവിടെ നിങ്ങള്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടല്ലോ, ഏതാണ് ഏറ്റവും വലിയ അഴിമതി പാമോയിലാണോ, എസ്എന്‍സി ലാവ്ലിന്‍ ആണോ? ഇതാണോ? ഇതാണ് ശ്രീ ഉമ്മന്‍ചാണ്ടീ, ഏറ്റവും വലിയ അഴിമതി.

കേശവദാസപുരത്ത് സ്ഥാപിച്ചിരിക്കുന്ന സൈന്‍ബോര്‍ഡ് എല്ലാവര്‍ക്കും അറിയാം. സിവില്‍സപ്ളൈസ് കോര്‍പറേഷനാണ് അതില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഈ സൈന്‍ബോര്‍ഡിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഇത് സ്ഥാപിക്കുന്നത് പരസ്യം കൊടുക്കുന്നവനാണ്. ഈ പറയുന്ന കരാറുകാരന്‍ ഇതിനകത്ത് ഒന്നും ചെയ്യണ്ട. അയാള്‍ ഒരു സൈറ്റ് മാത്രം കൊടുത്താല്‍ അതായത് ഹബീബ് റഹ്മാന്‍ സൈറ്റ് മാത്രം കൊടുത്താല്‍ സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ അവിടെ കൊണ്ടുപോയി ഈ ബോര്‍ഡ് സ്ഥാപിക്കും. അതിന് സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ ഹബീബ് റഹ്മാന് കൊടുക്കേണ്ടത് ഏഴുലക്ഷം രൂപ.

ഇത് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല എന്നാണ് ദേശീയതലത്തില്‍ പറയുന്നത്. ശ്രീ ഉമ്മന്‍ചാണ്ടിക്കറിയാമല്ലോ ഇത് എത്രവര്‍ഷമാണെന്ന്. 30 വര്‍ഷത്തേക്കാണ് കൊടുത്തിരിക്കുന്നത്. ശ്രീ. ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല. സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ കൊടുത്തതിന്റെ രേഖകള്‍ ഉണ്ട്. പഴയ സിവില്‍സപ്ളൈസ് മന്ത്രി ഇവിടെ ഇരിപ്പുണ്ടല്ലോ, എത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴുലക്ഷം രൂപ വച്ച് 30 വര്‍ഷത്തേക്ക് രണ്ടുകോടി 10 ലക്ഷം രൂപ. 350 സ്ഥലങ്ങളില്‍ ഇത്തരം സൈന്‍ബോര്‍ഡ് സ്ഥാപിച്ചാല്‍ ഏഴുലക്ഷം വച്ച് നോക്കിയാല്‍ 735 കോടി രൂപയുടെ തിരിമറിയാണ് ശ്രീ. ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നത്. നമുക്ക് ബോര്‍ഡ് എണ്ണാം.

ശ്രീ. സെന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട് അഞ്ചുലക്ഷം രൂപ വച്ച് കൂട്ടിയാലും 500 കോടി രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്നു. എന്റെ റിപ്പോര്‍ട്ടല്ല, ശ്രീ. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടാണ്. ശ്രീ. ഉമ്മന്‍ചാണ്ടിക്കറിയാം. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ച് കളയാനുള്ള നടപടികള്‍ സ്വീകരിച്ചു .... (ബഹളം) .... പി സി കുട്ടപ്പന്‍, ഒരു ചീഫ് എന്‍ജിനിയര്‍ വെറുതെ ഒരു റിക്വസ്റിന്റെ പേരിലാണ് സാങ്ഷന്‍ ചെയ്തത്. അതിനെക്കുറിച്ച് പരാതി വന്നപ്പോള്‍ എന്‍ക്വയറി നടത്താന്‍ ഉത്തരവിട്ടത് കഴിഞ്ഞ ഗവമെന്റാണ്. അറിയുമോ നിങ്ങള്‍ക്ക്? ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ക്വയറി നടന്നത്. ആ എന്‍ക്വയറിയുടെ അടിസ്ഥാനത്തിലാണ് ഈ എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഗവമെന്റിലേക്ക് എഴുതിയത്. അപ്പോഴാണ് ശ്രീ. ഉമ്മന്‍ചാണ്ടി വന്നത്. അപ്പോഴാണ് കെപിസിസി ഭാരവാഹി റഹ്മാനെ രക്ഷിക്കാന്‍ രംഗപ്രവേശം ചെയ്തത്. എന്തിനാ ശ്രീ. ഉമ്മന്‍ചാണ്ടി ഈ കേസ് പിന്‍വലിക്കാന്‍ ഉത്തരവ് കൊടുത്തത്?

ശ്രീ. ഉമ്മന്‍ചാണ്ടി കണ്ടാണ് ആ ഫയല്‍ പോയിരിക്കുന്നത്, ഞാന്‍ ഈ സഭയില്‍ പറയുന്നു ആഭ്യന്തരവകുപ്പുമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി കണ്ടാണ് ഈ ഫയല്‍ പോയിരിക്കുന്നത്. എന്നിട്ട് നിങ്ങള്‍ ഡയറക്ഷന്‍ കൊടുത്തു, ഉപേന്ദ്രവര്‍മ തിരിച്ചെഴുതി സാധ്യമല്ല, ചെയ്യാന്‍ പാടില്ല എന്ന്. ശ്രീ ഉമ്മന്‍ചാണ്ടി കോള്‍ഡ് സ്റോറേജില്‍ വച്ചിരിക്കുകയാണ് അതുകൊണ്ട് ഇത് അവസാനിച്ചില്ലല്ലോ, പിന്നെ രണ്ടാമത് വീണ്ടും ശ്രീ. ഉമ്മന്‍ചാണ്ടിക്ക് റഹ്മാന്റെ ഒരു പെറ്റീഷന്‍ കിട്ടുന്നു. വളരെ വേഗത്തില്‍ അത് പ്രോസസ് ചെയ്ത്, 'അതിവേഗം ബഹുദൂരം' വളരെ ദൂരം വളരെ വേഗം ശ്രീ. ഉമ്മന്‍ചാണ്ടി കിട്ടിയ പെറ്റീഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. അടിയന്തര നടപടി സ്വീകരിക്കണം, നടപടി സ്വീകരിക്കാന്‍ പറഞ്ഞ് കൊടുക്കുന്നു. നടപടി സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ഈ കരാറുകാരന് 310ഉം, 50ഉം 360 എണ്ണം നാഷണല്‍ ഹൈവേയിലും പ്രധാന റോഡുകളിലും എംസി റോഡ് അടക്കം കൊടുത്തു. രണ്ടാമത് ശ്രീ. ഉമ്മന്‍ചാണ്ടി കൊടുത്ത ഉത്തരവ് എന്താണെന്ന് അറിയാമോ? എത്ര ബോര്‍ഡ് വേണമെങ്കിലും കേരളത്തില്‍ എവിടെയും ഏത് റോഡിലും എത്ര കൊല്ലത്തേക്കും സ്ഥാപിക്കാമെന്നാണ്, പോരേ, നിങ്ങള്‍ ആ ഫയല്‍ ഈ മേശപ്പുറത്ത് വയ്ക്കണം.

രണ്ടാമത്തെ ഉത്തരവ് പിഡബ്ള്യുഡിയിലാണ് വന്നിരിക്കുന്നത്. ആ ഉത്തരവ് പുറപ്പെടുവിച്ചത് ശ്രീ ഉമ്മന്‍ചാണ്ടിയാണ്. ഇവിടെ എല്ലാ കാര്യത്തിനും ക്വോട്ട് ചെയ്യുന്നത് ആരെയാണ്? എല്ലാപേരും ക്വോട്ട് ചെയ്യുന്നത് ബംഗാളിനെയാണ്. കല്‍ക്കട്ടയില്‍ ഇതുപോലെ ബോര്‍ഡ് സ്ഥാപിക്കല്‍ നടന്നു. അവിടെ എന്‍ജിനിയര്‍മാരുടെ കളി നടന്നു. അവിടത്തെ മുഖ്യമന്ത്രി ശ്രീ. ബുദ്ധദേവ് ഭട്ടാചാര്യയുടെ മുമ്പില്‍ ഈ വിഷയം വന്നു. അദ്ദേഹം സ്ഥാപിച്ച സകല ബോര്‍ഡുകളും റിമൂവ് ചെയ്യിപ്പിച്ചു. ഇന്ത്യയില്‍ എല്ലാ പത്രങ്ങളിലും അതിന്റെ ചിത്രം വന്നു. ഇവിടെയെല്ലാം എക്സാംപിള്‍സ് ക്വോട്ട് ചെയ്യുമല്ലോ? ശ്രീ. ഉമ്മന്‍ചാണ്ടിക്ക് ഈ ഒറ്റ ബോര്‍ഡ് മാറ്റാന്‍ പറ്റുമോ? ശ്രീ. ഉമ്മന്‍ചാണ്ടി അടിമുറി വിറയ്ക്കും. കാരണം കൈക്കൂലി നിങ്ങളുടെ കൈയിലുണ്ട്. ഇതിന്റെ പിന്നില്‍ കോഴ വാങ്ങിയിട്ടുമുണ്ട്. അതാണ്, നിങ്ങള്‍ക്കത് സാധ്യമല്ല.

ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കേസ് പിന്‍വലിക്കാന്‍ വല്ല വിഷമവും ഉണ്ടോ? കേസ് പിന്‍വലിക്കാന്‍ വിഷമം ഇല്ലല്ലോ, ഇവിടെ പ്രമാദമായ ഒരു സ്പിരിറ്റ് കേസ് പിന്‍വലിച്ചു. G.O. (R.) No. 101/2005/Vigilance, dated 21-3-2005. സര്‍, ഇത് ആര്‍ക്കാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്? To The EnquiySpecial Judge, Thiruvananthapuram

ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് സ്പെഷ്യല്‍ ജഡ്ജിന്റെ കോടതിയിലെ മാനേജരെ വിളിച്ചുവരുത്തുന്നു. മാനേജരുടെ കൈയില്‍ ഈ ഓര്‍ഡര്‍ കൊടുത്തയക്കുന്നു. സ്പെഷ്യല്‍ ജഡ്ജിക്കുള്ളതാണ്. സ്പെഷ്യല്‍ ജഡ്ജി മാനേജരെ വിളിച്ച് താക്കീത് ചെയ്യുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു വിജിലന്‍സ് ജഡ്ജിക്ക് കേസ് പിന്‍വലിച്ചതിന്റെ ഒരു ഗവമെന്റ് ഉത്തരവ് കൊടുത്തത് ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കാണിച്ചുതരാമോ? .... (ബഹളം)....

പലരും കേസുകള്‍ പിന്‍വലിക്കുന്നുണ്ട്. അത് ഗവൺമെന്റ് വക്കീല്‍ അവിടെ സബ്മിറ്റ് ചെയ്യണം. എന്നിട്ട് ജഡ്ജി അത് പരിശോധിക്കണം. ജഡ്ജി വേണം അത് പിന്‍വലിക്കാന്‍, അല്ലാതെ നിങ്ങള്‍ കൊടുത്ത ഉത്തരവ് കേള്‍ക്കാന്‍ അവിടെ വിജിലന്‍സ് ജഡ്ജിയെ ഇരുത്തിയിരിക്കുകയല്ല. ശ്രീ. ഉമ്മന്‍ചാണ്ടി അത് മനസ്സിലാക്കണം. നടപടിക്രമങ്ങള്‍ ലംഘിച്ച്, നിങ്ങള്‍ക്ക് എന്താ ശ്രീ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ക്ക് അഹങ്കാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയല്ലേ, നിങ്ങള്‍ക്ക് ധാര്‍ഷ്ട്യമാണ്, നിങ്ങള്‍ക്ക് അഹങ്കാരമാണ്, നിങ്ങള്‍ക്ക് ഗര്‍വാണ്. "ഞാന്‍, ഞാന്‍, ഞാന്‍'' എന്നുള്ള ഭാവം, ഇതല്ലേ ശ്രീ. ഉമ്മന്‍ചാണ്ടി നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്? ...... (ബഹളം) ...

ഞാന്‍ ഇവിടെ പറഞ്ഞല്ലോ, എനിക്ക് ആ കടലാസ് കിട്ടി, ശ്രീ. ഉമ്മന്‍ചാണ്ടിയുടെ .... (ബഹളം) ...

Mr. Speaker: Please conclude... please conclude.... (ബഹളം) .....

ശ്രീ ടി എം ജേക്കബ്: ശ്രീ. ഉമ്മന്‍ചാണ്ടി കണ്ട ഫയല്‍ അനുസരിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി അയച്ച കത്തിന്റെ നമ്പര്‍ II963/E2/2004/Vigilance, Thiruvananthapuram, dated 4-3-2005. ഇതാണ് രേഖ. ഇവിടെ ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കേസ് എടുക്കാനും പിന്‍വലിക്കാനും വല്ല വിഷമവും ഉണ്ടോ?

ബിഎഡ് കോഴക്കേസില്‍ ഞാന്‍ ഇവിടെ പറഞ്ഞു, ഞാന്‍ വിശദീകരിക്കുന്നില്ല. ഞാന്‍ കോടതിയില്‍ മൊഴി കൊടുത്തപ്പോള്‍ എന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീ. ഉമ്മന്‍ചാണ്ടി കേസെടുത്തു..... ഇന്നലെ ഒരു പുള്ളിയെ കായംകുളത്തിനടുത്തുവച്ച് പിടിച്ചല്ലോ? ഒരു പെറ്റീഷന്‍ കൊടുത്താല്‍ ശ്രീ. ഉമ്മന്‍ചാണ്ടി അത് ട്രൈബ്യൂണലിന് കൈമാറാന്‍ പറയും. ഞാന്‍ എഴുതിത്തന്നതില്‍ ഒരു കാര്യം കൂടിയുണ്ട്, ഞാന്‍ രണ്ടേ രണ്ടു മിനിറ്റുകൊണ്ട് അവസാനിപ്പിക്കാം.

സ്മാര്‍ട് സിറ്റിയെ സംബന്ധിച്ച് ഇവിടെ ഒരുപാട് സംസാരിച്ചു. ഡീറ്റെയില്‍സിലേക്ക് പോകുന്നില്ല. ഈ സ്മാര്‍ട്സിറ്റി കേരളത്തില്‍ വേണം. പക്ഷേ, സ്മാര്‍ട് സിറ്റിയുടെ മറവില്‍ നടത്തുന്ന വെട്ടിപ്പ് എത്രയാണ്? ഞങ്ങളെ, പ്രതിപക്ഷക്കാരെ വിളിച്ചിരുത്തി ഇന്‍ഫോ പാര്‍ക്ക് കൊടുക്കരുത്, സ്മാര്‍ട്സിറ്റി കൊണ്ടുവരണമെന്ന് പറഞ്ഞു. എംഒയുവിന്റെ ഡ്രാഫ്റ്റ് ഞങ്ങളെ കാണിച്ചു. ഞങ്ങള്‍ അതിന് കുറെ ഭേദഗതികള്‍ പറഞ്ഞു. നിങ്ങള്‍ ആ ഡ്രാഫ്റ്റിന്റെ അന്തിമതീരുമാനത്തിലേക്ക് പോകുന്നു എന്നാണ് കേട്ടത്. ഏക്കറിന് ഒരു രൂപ നിരക്കില്‍ 100 ഏക്കര്‍ (സൌജന്യ നിരക്കില്‍) ഇരുപത്തിയാറുലക്ഷത്തി നാല്‍പത്തിയേഴായിരത്തി അമ്പത്തിയെട്ട് രൂപയ്ക്ക് 136 ഏക്കര്‍ ഇന്‍ഫ്രാ പാര്‍ക്കിലെ ഭൂമി 62.27 ഏക്കര്‍ ആകെ 298.27 ഏക്കര്‍ ഈ സംരംഭത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി നിങ്ങള്‍ ഈ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇവിടെ മുപ്പത്തിമൂന്നായിരം പേര്‍ക്ക് ജോലി, 100 ഏക്കര്‍ ഭൂമി കൈമാറി അഞ്ചുവര്‍ഷത്തിനകം അയ്യായിരം പേര്‍ക്ക് ജോലിയെന്നുപറഞ്ഞു, രണ്ടാം വര്‍ഷം പതിനായിരം, മൂന്നാം വര്‍ഷം പതിനെട്ടായിരം, എപ്പോഴാണ് 100 ഏക്കര്‍ ഭൂമി കൈമാറിയാല്‍, ശ്രീ. ഉമ്മന്‍ചാണ്ടി ഇനി ഇത് സെന്‍ട്രല്‍ ഗവമെന്റിലേക്കു പോകണം. ആദ്യം നിങ്ങള്‍ സമ്മതിച്ചില്ല. സെന്‍ട്രല്‍ ഗവൺമെന്റുകൂടി കണ്ട് അവിടത്തെ മിനിസ്ട്രി കണ്ട് വെറ്റ് ചെയ്ത് എഗ്രിമെന്റ് ആയിക്കഴിഞ്ഞാലാണ് അഞ്ച് വര്‍ഷത്തിനകം ഈ അയ്യായിരം പേര്‍ക്ക് ജോലി ലഭിക്കുക. അപ്പോള്‍ നിങ്ങളുടെ ഗവമെന്റ് ഇവിടെ ഉണ്ടാകുമോ എന്നു പറയൂ. ശ്രീ. ഉമ്മന്‍ചാണ്ടി ആ കസേരയില്‍ കാണുമോ? ആ കനകസിംഹാസനത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി ഇരിക്കാന്‍ പോകുന്നില്ല. ഇരിക്കാന്‍ പോകുന്നില്ല ... (ബഹളം) ....

മി. സ്പീക്കര്‍: മി. ജേക്കബ് പ്ളീസ് കക്ളൂഡ്, സമയം വളരെയധികമായി.

ശ്രീ. ടി എം ജേക്കബ്: ഞാന്‍ അവസാനിപ്പിക്കാം. ഈ ഏര്‍പ്പാടിന്റെ പിന്നില്‍ ഒരു വ്യക്തിയുണ്ട്. ശ്രീ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍. അതുകൂടി പറഞ്ഞ് അവസാനിപ്പിച്ചേക്കാം. ഞാന്‍ നിയമസഭയില്‍ ചോദ്യം ചോദിച്ചു. അതിന് മറുപടി. ഇവിടെ വന്നിട്ടുണ്ട്. 5-7-2005ലെ ചോദ്യം നമ്പര്‍ 117നുള്ള മറുപടിയാണ്. ഞാന്‍ വായിക്കുന്നില്ല. ഞാന്‍ ചോദിച്ചു. ഈ ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍, ഡിഐസി അല്ലെങ്കില്‍ ഇവര്‍ പറഞ്ഞിരിക്കുന്നു എമിറേറ്റ്സ് ഓഫ് ദുബായുടെ പീക്കോ എന്ന കമ്പനി; ഇതില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണ്? ശ്രീ. ഉമ്മന്‍ചാണ്ടി മറുപടി തന്നു. ദീപ്തി ഗോസ്ളോ, ദീപക് പത്മനാഭന്‍, ബാജു ജോര്‍ജ് .ഇവര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍മാരാണ് എന്നാണ് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നത്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ആന്‍സറില്‍ പറഞ്ഞിരിക്കുന്നത് സീനിയര്‍ മാനേജര്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി പാര്‍ട്ണര്‍ റിലേഷന്‍സ് ഡിഐസി. ഈ പറഞ്ഞ ആള്‍ ബിനാമിയാണ്, ശ്രീ ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഈ ആള്‍ ദുബായില്‍നിന്ന് എത്ര പ്രാവശ്യം കൊച്ചിയില്‍ വന്നു? എത്ര പ്രാവശ്യം ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വന്നു? ശ്രീ ഉമ്മന്‍ചാണ്ടിയെ എത്ര പ്രാവശ്യം വിളിച്ചു. ശ്രീ. ഉമ്മന്‍ചാണ്ടി പറയുന്നല്ലോ എനിക്ക് മൊബൈല്‍ ഫോണില്ല, എനിക്ക് മൊബൈല്‍ ഫോൺ കിട്ടാന്‍ വല്ല വിഷമവുമുണ്ടോ? ആര്‍ കെയെ വിളിച്ചാല്‍ കിട്ടില്ലേ, വേറെ എത്രപേരെ വിളിച്ചാല്‍ കിട്ടും? ശ്രീ. ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ വല്ല വിഷമവുമുണ്ടോ?

Mr. Speaker: Mr. Jacob Please conclude... please conclude .....

ശ്രീ. ടി എം ജേക്കബ്: സര്‍, ബാജുജോര്‍ജ് ഈ സ്മാര്‍ട്സിറ്റിക്കും ശ്രീ. ഉമ്മന്‍ചാണ്ടിക്കുംവേണ്ടി പണം കളക്ട് ചെയ്യുന്ന ഒരു ഏജന്റാണ്. ഇതിന്റെ ആദ്യഗഡു വന്നിരിക്കുന്നത് ബോംബെ വഴിയാണ്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരി റാന്നിക്കാരന്‍, പേര് ഞാന്‍ പറയുന്നില്ല. ആ ആള്‍ വഴിയാണ് ഇങ്ങോട്ടേക്ക് പണം വന്നിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഈ ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡിന്റെയും അതുപോലെതന്നെ സ്മാര്‍ട്സിറ്റിയുടെയും മറവില്‍ 300 കോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് വസ്തുനിഷ്ഠമായി അന്വേഷിക്കാന്‍ ശ്രീ. ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ? നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിക്കുമോ? ഇതിനുമുഴുവന്‍ തെളിവ് തരാം. ഈ ഗവമെന്റ് അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്. ശ്രീ. ഉമ്മന്‍ചാണ്ടിക്ക് ഒരൊറ്റ അജന്‍ഡ മാത്രമേയുള്ളൂ. പോകുന്ന പോക്കില്‍ എത്രകണ്ട് വാരിയെടുക്കാം, എത്രകണ്ട് ഈ സംസ്ഥാനത്തെ തകര്‍ക്കാം, ഈ സംസ്ഥാനത്തെ കൊള്ളയടിക്കാം. അതിനുവേണ്ടി ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി ഗവമെന്റിനെതിരെ കൊണ്ടുവന്നിരിക്കുന്ന ഈ അവിശ്വാസപ്രമേയത്തെ ഞാന്‍ ശക്തിയായി അനുകൂലിക്കുകയാണ്.