Thursday, April 29, 2010

ഗുരൂപ്പണ്ണന്‍

കുറുപ്പണ്ണാ..ഒന്ന് നിന്നേ...അണ്ണാ അണ്ണന്റെ ഉസ്‌ക്കൂളു പൂട്ടിയെന്നോ വിറ്റെന്നോ പിള്ളാരെ പൊറത്താക്കിയെന്നോ ഒക്കെ കേക്കണല്ലാ..

ഡേയ് ഡേയ്...ഉസ്‌ക്കൂള്‍ മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?

സ്വാറി അണ്ണാ,

ഉം..ഉം...നിന്നോടിതാരു പറഞ്ഞെടേയ്...

ലാ കവലേ നിക്കണ പയലുകളു പറയണണ്ണാ..അണ്ണന്‍ തന്നെ നോട്ടീസടിച്ച് പരസ്യമാക്കീന്നാ പയലുകളു പറേണത്.. അല്ലാ എന്തരണ്ണാ വിക്കാന്‍ കാരണം?

വിറ്റിട്ടൊന്നും ഇല്ലെടേയ്..മാനേയര്‍ സ്ഥാനം ഒരു വരത്തനു കൈമാറി.. തല്‍ക്കാലത്തേക്ക് അവനെ ഇതിന്റെ മാനേയരാക്കി..

അയ്യോ അണ്ണാ, ഇക്കാലത്ത് പോയ പുത്തിയൊക്കെ തിരിച്ച് കിട്ടുമോ അണ്ണാ?

എഴുത്തും വായനേം അറിയാമോന്നറിയാത്ത ഒരുത്തനാണെടേയ് മാനേയരാ‍വകാശം കൊടുത്തത്..ലവനു ഉസ്‌ക്കൂളീ വന്നിരിക്കാനോ, ബോര്‍ഡേലെഴുതാനോ ഒന്നും ടൈം കിട്ടൂലെടേ.. കൊടുത്ത മാനേയരവകാശത്തീന്ന് ഇത്തിരി ഒടനേ തിരിച്ച് വാങ്ങുകേം ചെയ്ത്..

ഒന്നും മനസ്സിലാവണില്ലല്ലാ അണ്ണാ...

ഇതെന്റെ ഉസ്‌ക്കൂളു തന്നെടേയ് ഇപ്പഴും..ഞാന്‍ തന്നെടേയ് ഇതിന്റെ ഹെഡ്‌മാസ്റ്ററും ഹെഡ്‌മിസ്ട്രസ്സും ഒക്കെ..എന്നാ ഒടക്കാന്‍ വരണ പയലുകളു ചോയ്ച്ചാ ഇതെന്റെ ഉസ്‌ക്കൂളല്ലാ, എനിക്കറിയാമ്മേല്ലാന്ന് പറയ്‌കേം ചെയ്യാം..കൊറച്ച് കഴിഞ്ഞാം മൊത്തം മാനേയരവകാശോം ഞാന്‍ തന്നെ തിരിച്ച് വാങ്ങ്‌മെടേയ്..

എന്തരിനണ്ണാം ഇത്തറേം പുത്തിമുട്ടുന്നത്..

ഡേയ്..ഈ ഉസ്‌ക്കൂളും ഒരു വിസിനസ്സ് തന്നെടേയ്..വിസിനസ്സ് വിസിനസ്സ്‌ന്ന് പറഞ്ഞാ ദിതുപോലുള്ള തരികിട തന്നെടേയ് മൊത്തം..ഈ ഉസ്‌ക്കൂളു തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്തേശലക്ഷ്യത്തീന്ന് ഇത് വ്യതിചലിച്ചെടെയ്.. നെനക്കറിയാമല്ലോ...ഒരു കെട്ടിടോം ഒണ്ടാക്കി നാട്ടിലെ പിള്ളാരെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ തൊടങ്ങിയാതാടെയ് ഇത്..ദിപ്പോ ഇവടെ ജനാധിപത്യം വന്നു പോയെടേയ്.. പിള്ളാരൊക്കെ ചോദ്യങ്ങള് ചോദിക്കണ്..

അണ്ണന്റൂടാ..?

യെന്റൂട ച്വായ്ക്കാന്‍ ഒരുത്തനും വരൂല്ലാ....പഴേ മാനേയരെ ഓട്ടിച്ച പോലെ യെന്നെ ഓട്ടിക്കാനൊന്നും പയലുകളെക്കൊണ്ട് പറ്റൂല്ലെടേയ്..

യേത് മാനേയരെ..യാരോട്ടിച്ചെന്ന് ?

ചുമ്മാ പറേണതല്ലെടേയ്..ഒരു എഫക്റ്റിനു..

പിള്ളാരെ പൊറത്താക്കിയത് ന്നാലും മോശമായിപ്പോയണ്ണാ..

ഒരു മോശവും ഇല്ലെടെയ്..ലവന്മാരെ പൊറത്താക്കി, ലവന്മാ‍രെ പൊറത്താകിയതെന്തരിനെന്നു ച്വായ്ച്ച ലവളുമാരേം ലവന്മാരേം ഒക്കെ പൊറത്താക്കി..

പൊറത്താക്കിയതെന്തരിനെന്നു പറയാത്തതെന്തണ്ണാ?

നെനക്കറിയാമല്ലോ ഞാന്‍ ദൈവത്തെപ്പോലെ കരുതണ അണ്ണനാണു മ്മടെ ബല്യേ മൊയ്‌ലാളി മോഹനണ്ണനെന്ന്...മൊയ്‌ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്‌ക്കൂളിലെ പയലുകളിലൊരുത്തന്‍ കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .ഞാനവനെ പൊറത്താക്കി

അയ്യോ അണ്ണാ ചെറ്റത്തരം കാണിച്ചവരെ ചെറ്റയെന്ന് വിളിക്കണത് പ്രശ്നാണാ അണ്ണാ?

മോഹനണ്ണനെ വിളിച്ചാ എനിക്ക് പ്രശ്നം തന്നെടേയ്.....ച്വായ്ക്കാന്‍ വന്ന ഒരു പയലിനേം പൊറത്താ‍ക്കി..അത് ച്വായ്ക്കാന്‍ വന്ന ലവളേം ലവന്മാരേം പിന്നെ പൊറത്താക്കി..

തെന്നെ? മൊത്തം എത്തറ?

യേഴ്

കൂടുവോ ഇനീം..

ഞാം പറയണ കേട്ട്, ഞാം എഴുതണ വായിച്ച് ഇരിക്കാന്‍ പറ്റണവരു മതി എന്റെ ഉസ്‌ക്കൂളിലു..അല്ലാത്തോരെയൊക്കെ പൊറത്താക്കുമെടേയ്..

അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്‌ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..

അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..

ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..

നീ തമാശിച്ചതാണാ?

അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..

അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..

Tuesday, April 27, 2010

കിങ്ങിണി

രാജാപ്പാര്‍ട്ടുകളുടെ കാലം കഴിഞ്ഞെന്നുള്ളത് വെറും തോന്നലാണു സഖാക്കന്മാരേ.

ഖദറിട്ട രാജാക്കന്മാര്‍ രാജകുമാരന്മാരോടും രാജകുമാരിമാരോടും ഒത്ത് ഞാന്‍ ജി, മോന്‍ ജി, മോള്‍ ജി കളിച്ചു കൊണ്ടിരിക്കുന്നതു കണ്ടിട്ടും കാര്യം മനസ്സിലാവാന്‍ മാത്രം വെവരം അല്ലെങ്കിലും നിങ്ങള്‍ക്കില്ലല്ലോ...

മാധ്യമത്തമ്പ്രാക്കളെ കണ്ടു പഠി. അവര്‍ക്കിതിലൊന്നും ഒരു കുഴപ്പവും തോന്നുന്നില്ലല്ലോ..

അച്ഛന്‍ ജിയുടെ പിന്‍‌ഗാമി മോള്‍ ജി ആണെന്നു പ്രമേയം പാസാക്കി എന്നൊരു വാര്‍ത്ത. മോള്‍ ജി ഔറംഗസേബാണെന്ന് മോന്‍ ജി പറഞ്ഞതായി മറ്റൊരു വാര്‍ത്ത. പിന്‍‌ഗാമിയെ തീരുമാനിച്ചിട്ടില്ലെന്ന് അച്ഛന്‍‌ജി പറഞ്ഞതായി വേറൊരു വാര്‍ത്ത.

കുറ്റപ്പെടുത്തലുകളില്ലാത്ത, ഇത് ജനാധിപത്യമോ എന്ന ചോദ്യമില്ലാത്ത, ആ വാര്‍ത്തയും ഈ വാ‍ര്‍ത്തയും മറ്റേ വാര്‍ത്തയും ഒരേ പോലെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളാക്കുന്ന മാധ്യമ തിരുവെഴുത്തുകള്‍. മീന്‍ എങ്ങിനെ ചാടിയാലും ഇത്തരം കുട്ടകളിലൊന്നിലാണ് കിടക്കേണ്ടത് എന്ന ആധുനിക ചാനല്‍ മൊഴിമുത്തുകള്‍. ഇതൊന്നും പോരെങ്കില്‍ വിയര്‍പ്പ് ഓഹരിക്ക് അര്‍ഹയായിട്ടും അത് തിരിച്ചു നല്‍കേണ്ടി വന്ന സുന്ദരിയെക്കുറിച്ചുള്ള വിലാപങ്ങള്‍...സുന്ദരനെക്കുറിച്ചുള്ള പുകഴ്ത്തിപ്പാടലുകള്‍...

ഇങ്ങിനെ പല സൈസ് രാ‍ജാപ്പാര്‍ട്ടുകള്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഇടയിലാണു ഭക്ഷ്യസുരക്ഷ, വിത്തു ബില്‍, വിലക്കയറ്റം, പൊതുമേഖലാ ഓഹരി വില്പന, ഊര്‍ജ്ജ പ്രതിസന്ധി, തുടങ്ങിയ തമാശകളുമായി രംഗബോധമില്ലാത്ത ചില കോമാളികളെപ്പോലെ നീയൊക്കെ രംഗത്ത് വരാന്‍ നോക്കുന്നത്.. രാജാപ്പാര്‍ട്ടുകള്‍ക്ക് വേണ്ടി സര്‍ക്കാരും സര്‍ക്കാരിനു വേണ്ടി രാജാപ്പാര്‍ട്ടുകളും സമത്വ സുന്ദരമായി ജനാധിപത്യ നാടകം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഓരോരോ അപശകുനങ്ങള്‍ ഇടതുവശത്തു നിന്ന് പ്രവേശിക്കുവാന്‍ നോക്കുന്നത്..

ആരവിടെ???

നാടകത്തിനിടയില്‍ ബദല്‍ ഡയലോഗുകളുമായി വരുന്നവനെയൊക്കെ കുത്തിനു പിടിച്ചു പുറത്താക്കി അരങ്ങു വൃത്തിയാക്കൂ...

ജനാധിപത്യം എന്നത് ഞങ്ങളുടെ സ്ഥിരം നാടകവേദിയാണ്... സ്ക്രിപ്റ്റില്‍ ഇടം ഇല്ലാത്തവരൊക്കെ പോയി വല്ല തെരുവു നാടകവും കളി...

സമർപ്പണം

ഇന്നും തിരുവായ്‌ക്കെതിർവായില്ലാത്ത പ്രജകൾക്ക്

Tuesday, April 6, 2010

ശാസ്ത്രത്തിന്റെ അബോര്‍ഷന്‍

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി വിരിയുമ്പോഴാണ് അബോര്‍ഷന്‍ സംഭവിക്കുന്നത് എന്നായിരുന്നു ഇത്രയും കാലം എന്റെ വിശ്വാസം.

പക്ഷേ, അതൊരു അന്ധവിശ്വാസമായിരുന്നു എന്നു മനസ്സിലായത് ഇന്നാണ്.. ഈ ലിങ്കിലെ തികച്ചും വിജ്ഞാനപ്രദവും, ശാസ്ത്രീയവും, ഭാരതീയ പൈതൃകത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതുമായ പ്രഭാഷണം കേട്ടപ്പോള്‍...

അതില്‍ പറഞ്ഞിരിക്കുന്ന പ്രകാ‍രം അബോര്‍ഷനു പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്. ഇതു മാത്രമാണ്....

“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ്‌ ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ്‌ അബോര്‍ഷന്‍..... “

ഇത്തരത്തിലുള്ള രസകരവും വിജ്ഞാനപ്രദവുമായ നിരവധി അനവധി വിവരങ്ങള്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ഡോ.ഗോപാലകൃഷ്ണനും ജ്യോതിഷമെന്ന ശാസ്ത്രത്തിനും എതിരെ സൂരജ് എന്നും ഉമേഷ് എന്നും നാമം ധരിച്ചിട്ടുള്ള രണ്ട് അസൂയാലുക്കള്‍ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..വായിച്ചിട്ട് സഹിക്കുന്നില്ല...

നിങ്ങളും വായിച്ചോളൂ.....മുഴുവനും വായിച്ചാലേ ഫലം സിദ്ധിക്കൂ. ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ വിദ്യാദേവനായ വ്യാഴം നിങ്ങളുടെ ബുദ്ധിയില്‍ വെള്ളിവീഴ്ത്താന്‍ ഇടയുണ്ട്. ശനിദശക്കാരും ചൊവ്വാദോഷക്കാരും തിങ്കളാഴ്ച വ്രതം നോറ്റാല്‍ ബുധകോപം ശമിക്കുകയും ഞായറാഴ്ച ഒഴിവുദിവസം ആകുകയും ചെയ്യുമെന്ന ശാസ്ത്രസത്യം ഉരുവിട്ടുകൊണ്ട് ഈ പോസ്റ്റുകള്‍ വായിക്കുക. .ലിങ്കുകള്‍ ദാ താഴെ

ജ്യോതിഷം എന്ന ശാസ്ത്രത്തിനെതിരെ സൂരജിന്റെ ഉടായിപ്പ്

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍

ഡോ.ഗോപാലകൃഷ്ണന്റെ ശാസ്ത്രസത്യങ്ങളെ പൊളിച്ചടുക്കാനുള്ള ഉമേഷിന്റെ വിഫലശ്രമം

സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ*

എനിക്കിന്നു മനസ്സിലയ ആ ശാസ്ത്ര സത്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ...

“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ്‌ ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ്‌ അബോര്‍ഷന്‍..... “

ഇത് ശാസ്ത്രമാണ്, ഇത് ശാസ്ത്രം മാത്രമാണ്, ഇതില്‍ ശാസ്ത്രമല്ലാതെ മറ്റൊന്നുമില്ല..നന്ദി ഡോ.ഗോപാലകൃഷ്ണന്‍..നന്ദി..

Saturday, April 3, 2010

വിജയേട്ടന്‍ പറഞ്ഞതും മീര കേട്ടതും

മീര ബുദ്ധിമതിയാണ്. താനെഴുതുന്ന കാര്യങ്ങള്‍ക്ക് അവയിലില്ലാത്ത വിശ്വാസ്യത നേടിയെടുക്കാനുള്ള ഞുണുക്ക് വിദ്യകളൊക്കെ മീരക്ക് വശമുണ്ട്. അല്ലെങ്കില്‍ പിന്നെ പിണറായി വിജയന്‍ തലക്കെട്ടില്‍ വിജയേട്ടനാകുന്നത് എങ്ങനെ? ഏട്ടനെന്നു വിളിക്കുമ്പോള്‍ നമ്മുടെ സ്വന്തം ആള്‍. ആ സ്വന്തം ആളെപ്പറ്റി ഞാന്‍ പറയുന്നത് കള്ളമാകുമോ വായനക്കാരാ? മീര ചോദിക്കാതെ ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?

ആ ചോദ്യം വഴി ഉണ്ടാക്കുമെന്ന് മീര പ്രതീക്ഷിക്കുന്ന വിശ്വാസ്യതയുടെ പുറത്താണ് മീര കാലാകാലങ്ങളായി നമ്മുടെ മാധ്യമങ്ങള്‍ സഖാവ് പിണറായി വിജയനു കല്പിച്ച് നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായ ഒന്നു കൂടി ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. വിജയേട്ടനു എന്തും പറയാമത്രെ..നീങ്ങി നിന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലത്രെ. മീരയ്ക്കൊക്കെ എന്തൊരു സൌകര്യം. വാസ്തവമാകണമെന്നില്ല, തെളിവ് വേണ്ട, ചുമ്മാ പ്രസ്താവിച്ചാല്‍ മതി. വാചകമേളയില്‍ കയറ്റി വിടാനും, ട്വിറ്ററില്‍ കമന്റാക്കാനും, ഗൂഗിള്‍ ബസ്സില്‍ നോട്ട് ആക്കി ഇടാനും ഒക്കെ ആളുകള്‍ ക്യൂ.

വിജയേട്ടന്‍ പറഞ്ഞതെന്തെന്ന് മീര കേട്ടോ, മീരയ്ക്ക് മുഴുവനും മനസ്സിലായോ, മനസ്സിലായത് തന്നെയാണോ വിജയേട്ടന്‍ പറഞ്ഞത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. മീര പറഞ്ഞു കഴിഞ്ഞു , ഇനി വിശ്വസിച്ചു കൊള്ളുക.

മീര തന്നെ ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ വിജയേട്ടന്‍ പറയുന്ന കാര്യങ്ങള്‍ ഇതൊക്കെ.

1. നിയമവിധേയമല്ലാത്ത ചെങ്ങറ സമരത്തിനു പിന്തുണ നല്‍കാന്‍ അരുന്ധതി റോയി ഓടിയെത്തി
2. ഇപ്പോള്‍ അവര്‍ പിന്തുണയ്ക്കുന്നതു മാവോയിസ്റ്റുകളെയാണ്
3. പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു പിന്തുണ നല്‍കാന്‍ അവര്‍ ഓടിയെത്തും. എന്നാല്‍, വേട്ടയാടപ്പെട്ടാല്‍ തിരിഞ്ഞു നോക്കില്ല.
4. സാംസ്‌കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നത്.

ഈ കാര്യങ്ങള്‍ നുണയോ സത്യമോ എന്ന് മീര പരിശോധിക്കുന്നില്ല. അതിനു പകരം വിജയേട്ടന്‍ ഇപ്പറഞ്ഞതൊക്കെ പറയുന്നത് അരുന്ധതി റോയിയുടെ ഒരു ലേഖനം വായിച്ചിട്ടോ, ലേഖനം വായിച്ചെന്ന് നടിക്കുന്ന “രാജാവിനെക്കാള്‍ വലിയ രാജഭക്തന്‍ തയാറാക്കിക്കൊടുത്ത അഭിപ്രായം“ അനുസരിച്ചോ ആണെന്ന് ആദ്യമേ ഉത്തരത്തിലെത്തുകയാണ് മീര. വിജയേട്ടന്‍ പറഞ്ഞ പോയിന്റുകളെ ഇല്ലാതാക്കാന്‍ വിജയേട്ടന്റെ ഉദ്ദേശശുദ്ധിയെ ആക്രമിക്കുക. തന്ത്രം പഴയതു തന്നെ.

മുകളിലെ പോയിന്റുകളില്‍ ഒന്നു പോലും അവാസ്തവമല്ല എന്ന കാര്യം നമുക്കറിയാം. അത് മീര സമ്മതിച്ചാല്‍ മീരയ്ക്ക് നഷ്ടപ്പെടുന്നത്, മാതൃഭൂമിയിലെ തന്റെ പംക്തിക്ക് വേണ്ടിയുള്ള ലേഖനം. പംക്തി മുടക്കാനാവില്ലല്ലോ.

അരുന്ധതി റോയി പറഞ്ഞതൊക്കെ സത്യമെന്ന് മീര. തര്‍ക്കിക്കുന്നില്ല. എല്ലാ സത്യവും അരുന്ധതി റോയി പറയുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കാമല്ലോ. കാട്ടാറിന്റെ കളകള നാദത്തിനും കാട്ടു കിളികളുടെ കിലുകിലാരവത്തിനുമപ്പുറം അരുന്ധതിയുടെ എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പരിശോധന. അതാരെയാവും സഹായിക്കുക എന്ന പരിശോധന അത്രയ്ക്കെങ്കിലും വിജയേട്ടന്‍ അര്‍ഹിക്കുന്നില്ലേ? ഉവ്വെന്ന് മീര തന്നെ സമ്മതിക്കും.

അരുന്ധതി കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. മീരയ്ക്ക് മനസ്സിലാകാതെ പോകുന്നതും.

കേന്ദ്ര ഭരണകൂടത്തിനെതിരെയാണ് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നതെങ്കില്‍, അവരാല്‍ കൊല്ലപ്പെടുന്നതൊക്കെ സി.പി.എം കാരനാകുന്നതെന്തേ? തൃണമൂല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇവിടുത്തെ ഇടതുപക്ഷ സംഘടനകളേക്കാള്‍ ആദിവാസികളുടെ വര്‍ഗ താല്പര്യം സംരക്ഷിക്കുന്നവരായി മാവോയിസ്റ്റുകള്‍ക്ക് തോന്നുന്നതെന്തേ? കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷിയുമായിപ്പോലും ചേര്‍ന്ന് ബംഗാളിലെ ഇടത് സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് ഏത് വര്‍ഗ താല്പര്യത്തിന്റെ സംരക്ഷണത്തിനായാണ്?

ആദിവാസികളും മാവോയിസ്റ്റുകളും ഒന്നാണെന്നും ആദിവാസികളുടെ പ്രശ്നത്തോട് അനുഭാവമുണ്ടെങ്കില്‍ മാവോയിസ്റ്റുകളെയും പിന്തുണയ്ക്കൂ എന്ന ഏകപക്ഷീയവും അപകടകരവുമായ നിലപാട് ലേഖനത്തിലുടനീളം അരുന്ധതി പുലര്‍ത്തുന്നതിനെപ്പറ്റി Sudhanva Deshpande തന്റെ വിയോജനക്കുറിപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മീര വായിച്ചിരിക്കാന്‍ ഇടയില്ല. അരുന്ധതിയുടെ ലേഖനം ശരിക്കും പൊള്ളയാകുന്നതും, ഭരണവര്‍ഗ രാഷ്ട്രീയത്തെ സഹായിക്കുന്നതാകുന്നതും ഈ പോയിന്റിലാണ്. അത് മീരക്ക് മനസ്സിലാകണമെന്നും ഇല്ല. ഖനികളെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാന്‍ നയമെന്ത്, അത് ആദിവാസികളെ എങ്ങിനെ ബാധിക്കുന്നു, അക്കാര്യത്തില്‍ സി.പി.എം നിലപാടെന്ത് എന്നൊക്കെ മീരക്കറിയാമോ എന്നും അറിയില്ല.

പഴയ കാല നക്സല്‍ പോരാട്ടങ്ങളുടെ കാല്പനികഭംഗിയും (തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഏറ്റവുമധികം ആക്രമിച്ചത് ആരെയായിരുന്നു എന്നതിന്റെ ചരിത്രം മീരയ്ക്കറിയാമോ?) അരുന്ധതി റോയിയുടെ നോവല്‍ വായിച്ചപ്പോഴുണ്ടായ മധുരാനുഭൂതിയും, അരുന്ധതി റോയ് ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ള ശരികളും, ആദിവാസികളുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള വാസ്തവങ്ങളും ഒക്കെ മീര തന്റെ ലേഖനത്തില്‍ സമൃദ്ധമായി ഉപയോഗിക്കുന്നത്‍ തന്റെ ലേഖനത്തെ “റീഡബിള്‍” ആക്കുക എന്ന സാമര്‍ത്ഥ്യത്തിനപ്പുറത്ത് ആ ലേഖനത്തിലെ പൊള്ളയായ രാഷ്ട്രീയം മറച്ചുവെക്കുന്നതിനു കൂടിയാണ്. അരുന്ധതി റോയിയെ അനുകൂലിച്ച് എഴുതുന്ന ഒരു സാദാ ലേഖനത്തെക്കാള്‍ ശ്രദ്ധ വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിട്ടൊരു ലേഖനം എഴുതിയാല്‍ കിട്ടും എന്ന കാര്യം മീരക്കറിയാതിരിക്കില്ല. അഥവാ അറിയില്ലെങ്കിലും പത്രമുതലാളിക്കറിയാം.

വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിടുമ്പോള്‍ മീര അറിയാതെ പോയ കാര്യം മാവോയിസ്റ്റുകളെ ലഷ്‌ക്കറെയും ഹുജിയും പോലുള്ള ഭീകരസംഘടനയായി മാത്രം കണ്ട് നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒരു തരത്തിലും സി.പി.എം അനുകൂലിക്കുന്നില്ല എന്നതാണ്. നിരോധനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് സി.പി.എം എന്നേ വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത് എന്ന വ്യക്തമായ നിലപാടുള്ള സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ലേഖനാഭ്യാസം രചിക്കുന്ന മീര രാഷ്ടീയ ലേഖനം എഴുതുകയാണ് തന്റെ ഉദ്ദേശ്യം എങ്കില്‍ ആദ്യം ചെയ്യേണ്ടത് താന്‍ വിമര്‍ശിക്കുന്ന വിഷയത്തില്‍ വിമര്‍ശനവിധേയമാവുന്ന സംഘടനയുടെ നിലപാടെന്ത് എന്ന് വ്യക്തമായി അറിയുക എന്നതാണ്. അതല്ലാതെ കേട്ടു കേള്‍വികളും ഊഹാപോഹങ്ങളും തന്റെ അഭ്യാസത്തിനു അടിസ്ഥാനമാക്കുമ്പോള്‍ പിറക്കുന്നത് രാഷ്ട്രീയ ലേഖനമല്ല മറിച്ച് കഥയാണ് എന്ന് തിരിച്ചറിയുകയാണ്. ഇന്നത്തെ മുഖ്യധാ‍രാ മാധ്യമങ്ങള്‍ക്ക് ഇത്തരം കഥകളാണു പഥ്യം എന്നതിനാലും, കഥക്കപ്പുറത്തെ നിജങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുകയില്ല എന്ന് അവര്‍ക്ക് അറിയുന്നതിനാലും മീരയുടെ തരം എഴുത്തിനു ഭാവിയുണ്ട്, വാങ്ങാന്‍ ആളുണ്ടാകും എന്നത് നിഷേധിക്കുന്നില്ല.

വാല്‍ കഷണം:

ആദിവാസികളോട് ശരിക്കും സഹാനുഭൂതിയുണ്ടെങ്കില്‍ മീര പ്ലാച്ചിമടയില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് കൂടി എഴുതുക. അത് മറുവാക്കില്‍ വെളിച്ചം കാണുമോ എന്ന് പരിശോധിക്കുകയും ചെയ്യുക. ചുമ്മാ ഒരു സംസ്ഥാനതല രാഷ്ട്രീയപ്രവര്‍ത്തനം. ദേശീയം മാത്രം കൈകാര്യം ചെയ്താല്‍ പോരല്ലോ.