Friday, July 30, 2010

മയിലെണ്ണയണ്ണന്‍

അണ്ണാ..അല്ല...സാറേ ഒന്ന് നിന്നാട്ടെ...എവിടെന്ന് വരണത് ?

ഒരു പൊതുയോഗത്തിനു പോയിട്ട് വരണെടേയ്..

എവടെ?

മ്മടെ സെക്രട്ടറിയേറ്റ് പടിക്കല്‍..

യെന്തരു വിഷയങ്ങള് ? മനുഷ്യാവകാശങ്ങളു തന്നേ?

അല്ലെടേയ്..റോഡരുകിലെ പൊതുയോഗം നിരോധിച്ച് വിധിക്ക് പിന്തുണ പ്രഖ്യാപിച്ചോണ്ട് ഒരെണ്ണമെടേയ്..വിധിയെ എതിര്‍ത്ത രാഷ്‌ട്രീയക്കാരനെ കൊന്ന് കൊലവിളിച്ച് എന്റെ ഒരു കിണുക്കന്‍ പ്രസംഗോം ഉണ്ടാരുന്നു..അവന്റെയൊക്കെ ഒടുക്കത്തെ ധാർഷ്ട്യോം ധിക്കാരോം..ബാഡി ലാംഗ്വേജും..

ജനങ്ങളു തോനെ വന്നോ അണ്ണാ..

വന്നോന്നാ?.നല്ല ആര്‍മാദമാരുന്നെടേയ്...റോഡങ്ങനെ നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്ന്..

അണ്ണാ....യോഗം വിധിക്ക് എതിരെയോ അനുകൂലിച്ചോ? ഒന്ന് നിര്‍ത്തി നിര്‍ത്തിപ്പറയാവോ?

അനുകൂലിച്ച് തന്നെടേയ്..പൊതുനിരത്തുകള്‍ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണേടേയ്..

സംഭവം നടന്നത് റോഡരുകില്‍ തന്നെ അണ്ണാ?

തന്നെടേയ്..സെക്രട്ടറിയേറ്റ് പടി എന്താടേയ് വല്ല മൈതാനത്തിലോ സ്കൂള്‍ വളപ്പിലോ ആണെന്ന് കരുതിയോ..? പിന്നെ അധികാരികളില്‍ നിന്ന് അനുമതീം വാങ്ങീരുന്നെടേയ്..

കോടതി വിധിയെ ധിക്കരിച്ച് അധികാരികള്‍ അനുമതി നല്‍കിയാ അണ്ണാ..?

അത്..പിന്നെ..ഞാന്‍..നീ..യോഗം...കരയോഗം..

പോട്ടണ്ണാ...ജനം നെറഞ്ഞ് കവിഞ്ഞപ്പ റോഡുകളു ബ്ലോക്കായാ?

പിന്നില്ലാതെ..ജനം നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്നാ ബ്ലോക്കാവൂല്ലേടേയ് ?

അത് തെറ്റല്ലേ അണ്ണാ?

കോടതി വിധിയെ പിന്തുണക്കുക എന്ന ശക്തമായ കാരണങ്ങളോണ്ടായിരുന്നോണ്ടല്ലേടേയ് റോഡ് ബ്ലോക്ക് ചെയ്തത്..

എന്നാലും അണ്ണാ.. റോഡുകളു ജനത്തിനൊള്ളതാന്ന് പറഞ്ഞിട്ട്..

എന്തരെടേയ് വെവരങ്ങളില്ലാതെ സംസാരിക്കണത്..യോഗത്തിനു പോയ ഞാനെന്തെടെയ് ജനമല്ലേ? പൊതുനിരത്തിന്മേലുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയല്ലെടെയ് പൊതുനിരത്ത് ബ്ലോക്കാക്കിയത്..

നല്ല കിണുക്കന്‍ അണ്ണന്‍ തന്നെ.. അപ്പോ അണ്ണന്‍ ലേഖനത്തീ പറഞ്ഞതിന്റെ അര്‍ത്ഥം പൊതുനിരത്തുകള്‍ അണ്ണനവകാശപ്പെട്ടതാണെന്നാണ്. അല്ലിയോ?

നെനക്കത് മനസ്സിലായി അല്ലെടെയ്..

അണ്ണനെയൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടൊണ്ടണ്ണാ..

എന്തരെടെയ്..ഒരു മാതിരി ആക്കണ വര്‍ത്തമാനം..

ഐ ആം ദി സോറിയണ്ണാ...വിട്ടുകള...ഒന്ന് ചോയ്ച്ചാ അണ്ണന്‍ ദേഷ്യപ്പെടുവോ?

നീ ചോയീരെടേയ്..

ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

എന്തരിനെടേയ്..?

പെരട്ടാന്‍....

പെരട്ടിയിട്ട്?

പെരട്ടിയിട്ട് അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍..

Thursday, July 8, 2010

ആര്‍മ്മാദക്കമ്മറ്റികളോട് സ്നേഹപൂര്‍വം...

ഇദെന്തൂട്ടാന്ന് കുറെക്കാലം മുന്‍പേ ചോദിച്ചിരുന്നു...ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? എന്നായിരുന്നു ചോദ്യത്തിന്റെ ഒരു ഇദ്..തങ്ങള്‍ക്കിഷ്ടമില്ലാത്ത പക്ഷക്കാരനായി എന്നതുകൊണ്ടു മാത്രം‍, ബിനീഷ് കൊടിയേരിയുമായി സാദൃശ്യമുള്ളതെന്ന് അവര്‍ക്ക് തോന്നിയ ഫോട്ടോ വെച്ച് “മന്ത്രിപുത്രന്റെ അപഥസഞ്ചാരത്തിന്റെ കഥ“ വാര്‍ത്തയാക്കി രചിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോടായിരുന്നു ചോദ്യം. ആ ചോദ്യം ഇന്നും പ്രസക്തമാണെന്നും, ബിനീഷ് കൊടിയേരിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിലും ഇതേ സാഹചര്യത്തില്‍ ഇതേ ചോദ്യം ചോദിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ മാറ്റമില്ല. അതങ്ങിനെ മാറേണ്ടതുമല്ല...

എങ്കിലും അബദ്ധത്തില്‍ (റിമോട്ടിന്റെ തകരാറല്ല) ചില വാര്‍ത്തകളും ബസ്സുകളും കണ്ടതുകൊണ്ടുണ്ടായ ഓരോരോ പ്രോബ്ലംസ് കാരണം ചില കാര്യങ്ങള്‍ പറയാതിരിക്കാനാവുന്നില്ല....

ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭ നടന്നുകൊണ്ടിരിക്കെ ഒരു എം.എല്‍.എ ഒരു യാത്രക്ക് പോയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അതിനെ സംബന്ധിച്ച വാര്‍ത്തകളും പത്രങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയും “ആര്‍മാദക്കമ്മറ്റികള്‍” അന്നും ഇന്നും എടുത്ത നിലപാടുകളും, നിലപാട് മാറ്റങ്ങളും, ആ നിലപാട് മാറ്റം ഇരിക്കെ തന്നെ മറ്റു ചിലര്‍ക്കിട്ട് മറ്റൊരിടത്തിട്ട് പണിയാനുള്ള അവരുടെ ആക്രാന്തവും ഒക്കെ തന്നെ വിഷയം.

ഏത് കുട്ടിക്കും ഏത് ദിവസവും ഏതിടത്തേക്കും ഏത് സമയത്തും ഏത് തരം സദ്യക്കും പോകാനുള്ള സ്വാതന്ത്യമുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. (അത്ര നിര്‍ബന്ധമാണേല്‍ ഒന്നൂടെ ഊന്നിപ്പറയുന്നു...മതിയായോ? )സദ്യക്ക് പോകുന്നത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയാകുമ്പോള്‍ ‘വിവരമില്ലാത്ത ജനം’ ചിലപ്പോളൊന്ന് നോക്കിയെന്നിരിക്കും. സദാചാരത്തിന്റെ അപ്പോസ്തലന്‍ ചമയുന്നവര്‍ അതേ സദാചാരത്തെ സദാ ചാരമാക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരും. ചിലത് അതിരു കടക്കും. അതിരു കടക്കുന്നവരെ/അതിരു കടക്കുന്ന ചോദ്യങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. എങ്കിലും, ചോദ്യങ്ങളുയരുമ്പോള്‍ ഉത്തരം പറയാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ടാകണം. അയാളെ ആദ്യമേ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് പൂര്‍വാപരവൈരുദ്ധ്യമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കടമയുണ്ടാകണം.

വാര്‍ത്ത വന്ന ദിവസത്തെ വീക്ഷണം പത്രത്തില്‍ പറയുന്നത് അബ്ദുള്ളക്കുട്ടി നിയമസഭയില്‍ ഇങ്ങിനെ പറഞ്ഞതായാണ് :

“.....സുഹൃത്ത്‌ ആനാട്‌ പഞ്ചായത്ത്‌ അംഗം മുജീബിന്റെ വീട്ടിലേക്കു പോവുകയായിരുന്ന തന്നെ വിതുരയില്‍വച്ചു ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പിന്നാലെ വന്ന കുടുംബത്തെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.“

“....തുടര്‍ന്നു താന്‍ പോലീസിന്റെ സഹായം തേടി. പിന്നാലെ വന്ന കുടുംബവും പോലീസ്‌ സംരക്ഷണം തേടിയിരുന്നു.“

അന്നേ ദിവസത്തെ മാതൃഭൂമി പറയുന്നത് ഇങ്ങിനെ

“.....തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അബ്ദുള്ളക്കുട്ടി കാറില്‍ വിതുരയിലെത്തിയത്. അഡ്വ. മുജീബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വിതുര ബസ് സ്റ്റേഷനുസമീപം സി.പി.എം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതുകണ്ട് കാര്‍ തിരിച്ചോടിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയായിരുന്നു. പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും കാറിലുണ്ടായിരുന്നു. ഈ കാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു കാറും തൊട്ടുപിറകേ വിതുര പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് വിവാദത്തിന് കാരണമാക്കിയത്.“

മനോരമയുടെ മുഖപ്രസംഗത്തിലും എല്ലാ പേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്ന് തന്നെ എഴുതിയിരിക്കുന്നു.

ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ സമയത്ത് പിറകേ വന്ന കാറിലിരുന്ന കുടുംബത്തെയും അതേ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്നാണ്..

മറ്റു പത്രങ്ങളിലെ വാര്‍ത്തകളും അബ്ദുള്ളക്കുട്ടി വേര്‍ഷന്‍ ഏതാണ്ട് വലിയ വ്യത്യാസമില്ലാതെ തന്നെയാണ് നല്‍കിയിരിക്കുന്നത്...

മംഗളം വാര്‍ത്ത

“..എം.എല്‍.എയുടെ വാഹനത്തിനു തൊട്ടുപിന്നാലെ വന്ന കാറും ഹര്‍ത്താലുകാര്‍ തടഞ്ഞു. ....യാത്ര തുടരാന്‍ കഴിയാതെ ഇവരും പോലീസ്‌ സ്‌റ്റേഷനിലെത്തി. ഈ സമയം എം.എല്‍.എയും കൂട്ടരും അവിടെ ഉണ്ടായിരുന്നു."

എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രം പറയുന്നത് നോക്കുക..

“....ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ. വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു.”

എന്നു വെച്ചാല്‍ തങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ടിട്ടുമില്ല, തങ്ങളെ ആരും തടഞ്ഞിട്ടുമില്ല. മാതൃഭൂമിയില്‍ ആദ്യദിനം അബ്ദുള്ളക്കുട്ടി പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുകയില്ല..ഏതിലോ ഒന്നില്‍ ചിലതൊക്കെ മറയ്ക്കാനുള്ള ബദ്ധപ്പാടുകള്‍ ഉണ്ട്.

ദേശാഭിമാനിയില്‍ ഈ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവയാണിവ. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നവ. ആ വാര്‍ത്തകളില്‍ ചില വാചകങ്ങള്‍ മാത്രം കോര്‍ത്തെടുത്ത് അതിലെ ചോദ്യങ്ങളെ അവഗണിക്കേണ്ടവര്‍ക്ക് അതാകാം. എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശത്തെ നിരസിക്കേണ്ടതുണ്ടോ?

ബാംഗളൂര്‍ കേസില്‍ ആര്‍മാദിച്ചവര്‍ക്കും, വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ക്കും, ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിട്ടത് വാര്‍ത്തയാക്കിയവര്‍ക്കും നിയമസഭ നടന്നുകൊണ്ടിരിക്കെ എം.എല്‍.എ (ശ്രദ്ധിക്കുക എം.എല്‍.എ. ആദ്യത്തേതിലെ പോലെ ഒരു അധികാരസ്ഥാനവും വഹിക്കാത്ത ആളല്ല) മുങ്ങിയതെങ്കിലും വിഷയമാകുന്നില്ല. ആദ്യ കേസില്‍ ഇല്ലാത്ത മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയുമൊക്കെ അവര്‍ക്ക് ശൂന്യതയില്‍ നിന്ന് പൊട്ടിമുളക്കുന്നു. ആദ്യത്തേതിലെ മാധ്യമങ്ങളുടെ നാണംകെട്ട കളിക്കെതിരെ പ്രതികരിച്ചവരെ കളിയാക്കാനും, അവരുടെ പ്രതികരണം എന്തിനെതിരെയായിരുന്നുവെന്നത് വളച്ചൊടിച്ച് സര്‍ക്കാസിക്കാനും ബസ്സില്‍ ചിലര്‍ക്ക് ഓവര്‍ടൈം..അന്ന് വാര്‍ത്ത വന്നെന്ന് കേട്ടെന്ന് ആരോ പറഞ്ഞയുടന്‍ “ബാംഗ്ലൂര്‍ ചാനലിലെ വാര്‍ത്ത ശരിയങ്കില്‍ കൊടിയേരി കാച്ചപ്പ് ചെയ്യു“മെന്നെഴുതിയവര്‍ക്കിന്ന് ധാര്‍മ്മികരോഷത്തിന്റെ തൂറ്റെളക്കം..

ഉള്ളതിലുമപ്പുറം ഇപ്പോഴത്തെ വാര്‍ത്തയെ ആരെങ്കിലും പെരുപ്പിച്ചിട്ടുണ്ടെങ്കില്‍, അത് ദേശാഭിമാനിയായാലും അതിനെ അപലപിക്കുക തന്നെ വേണം. വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കലാവരുത് മാധ്യമങ്ങളുടെ ജോലി. അത് പറയുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തകന്റെ സ്വകാര്യജീവിതവും പബ്ലിക് സ്‌ക്രൂട്ടിനിക്ക് വിധേയമാകന്‍ സാദ്ധ്യതയുണ്ട് എന്നതയാള്‍ ഓര്‍ക്കേണ്ടതല്ലേ?

അവസാനമായി ഒരു പ്രധാനപ്പെട്ട കാര്യം. ആര്‍മ്മാദക്കമ്മറ്റിക്കാരൊക്കെ ഈ കേസില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഇരട്ടത്താപ്പ് എന്തേ കണ്ടില്ലെന്ന് നടിക്കുന്നു? ഹര്‍ത്താല്‍ ദിവസം ഒപ്പിട്ട് മുങ്ങിയ എം എല്‍ എ യെ എന്തുകൊണ്ടാരും കുറ്റവിചാരണ ചെയ്യുന്നില്ല. ഹര്‍ത്താല്‍ ദിവസം ഊണ് കഴിക്കാനാണ് കിലോമീറ്ററുകള്‍ താണ്ടിയത് എന്ന അബ്‌ദുള്ളക്കുട്ടി വേര്‍ഷന്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ആര്‍ക്കും മടിയേതുമില്ലാത്തതെന്തേ? ആദ്യ ദിവസം പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും അഡ്വ. മുജീബും മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ എന്ന് ചാനലുകളില്‍ ആണയിട്ട അബ്‌ദുള്ളക്കുട്ടി പിറ്റേ ദിവസം ഗണ്‍‌മാനും ഉണ്ടായിരുന്നു എന്ന് മാറ്റിപ്പറയുന്നതെന്തുകൊണ്ട് എന്നാരും ചോദിക്കാത്തതെന്തേ? കുടുംബസമേതം രണ്ട് കാറുകളില്‍ വിനോദയാത്ര പുറപ്പെട്ട തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് സൂപ്രണ്ട് സംഭവമുണ്ടായ ഉടന്‍ വെളിപ്പെടുത്തിയിരുന്നു എന്ന ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ ആരും പ്രതികരിക്കാത്തതെന്തേ?

എന്തായാലും ഈ രണ്ട് വിഷയത്തിലും മുഖ്യധാരാമാധ്യമങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നത് സ്വതന്ത്ര ചിന്തയുടെ ലക്ഷണമല്ല. ആദ്യ കേസില്‍ മുഖ്യധാരകള്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയി എന്നതെങ്കിലും ഓര്‍ക്കേണ്ടതല്ലേ?

പിന്‍‌കുറിപ്പ്

പ്രതിരോധിക്കാന്‍ ആരും വരുന്നില്ലല്ലോ എന്ന് വിലപിക്കുന്നവരോട്. അപലപിക്കേണ്ട കാര്യങ്ങളെ അപലപിക്കുകയാണ് വേണ്ടത്, പ്രതിരോധിക്കുകയല്ല. ബാംഗളൂര്‍ കേസില്‍ ആ അന്തസ്സ് കാണിച്ച ഇപ്പോഴത്തെ ആര്‍മാദക്കമ്മറ്റിക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരട്ടെ.