Monday, May 18, 2009

കിഡ്‌സ്...കാരി ഓൺ..

ചരിത്രത്തിലാദ്യമായി ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോറ്റ മട്ടില്‍ പെരുമാറുന്നവരേ നിങ്ങള്‍ക്ക് മരത്തലയന്റെ നമോവാകം. ഇനിയൊരവസരം ആഘോഷിക്കാന്‍ ലഭിച്ചേക്കില്ലെന്ന് കരുതിയാണോ കുഞ്ഞുങ്ങളെ ഈ ആക്രാന്തം? ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചവര്‍ എന്നു നിങ്ങള്‍ കരുതുന്ന ഇടതുപക്ഷത്തിന് ആദ്യമായി ഉണ്ടായി എന്ന് നിങ്ങള്‍ തന്നെ കരുതുന്ന ഈ തോല്‍‌വി പടക്കം പൊട്ടിച്ചും, പൊട്ടിച്ചിരിച്ചും, ചിറി കോട്ടിയും, പെരുമ്പറ കൊട്ടിയും, വാ വാ വന്നു വിശകലനം ചെയ്യ് എന്നു വെല്ലുവിളിച്ചും ആഘോഷിക്കേണ്ടതു തന്നെയാണ്. പറ്റുമെങ്കില്‍ ഏതെങ്കിലുമൊരു എണ്ണം പറഞ്ഞ അരാഷ്ട്രീയ സിനിമയില്‍ നിന്നൊരു രംഗവുമിട്ട് ആഘോഷത്തിനു കൊഴുപ്പുകൂട്ടാം. തമ്പോല കളിയും കൂടിയുണ്ടെങ്കില്‍ ഗുമ്മിനു കുറവുമുണ്ടാകില്ല. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി ആരെന്നറിയില്ലെങ്കിലും ഓടി നടന്ന് ആക്കിക്കമന്റിട്ട് ചൊറിച്ചില്‍ മാറ്റാം. ഗുണ്ടാ രാഷ്ട്രീയത്തിനു വിത്തും വളവും പാകിയവന്‍ ജയിച്ചു എന്ന കാരണത്താല്‍ അവനെ പുണ്യാഹം തെളിച്ചു ശുദ്ധനാക്കാം. ‘അവന്റെ വിജയം പ്രവചിച്ചിരുന്നെ ഞാന്‍’ എന്ന അശ്ലീലമായൊരു ചിരിയും പാസാക്കാം. സ്വന്തം നിലപാടു വ്യക്തമാക്കാനുള്ള ചങ്കുറപ്പ് കാണിച്ചവന്റെ ഒക്കെ ബ്ലോഗില്‍ ചെന്ന് കൂവണമെന്ന അപഹാസ്യമായ ആഗ്രഹം നിലപാടില്ലാത്തവര്‍ക്ക് മംഗ്ലീഷിലും വിളമ്പാം.

ചരിത്രം ഒറ്റ രാത്രി കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നവർ ആർമാദിച്ചാഹ്ലാദിക്കുവിൻ!

പോകപ്പോകെ ഈ വിജയത്തിന്റെ അർത്ഥം മനസ്സിലാകും..സാമ്പത്തികമാന്ദ്യവും കടിഞ്ഞാണില്ലാത്ത ഉദാരവൽക്കരണവും നമ്മെ എവിടേയ്കെത്തിക്കുമെന്നത് പറയുമ്പോഴല്ല ചൊറിയുമ്പോഴാണറിയുക. ഇടതുപക്ഷം മൂക്കുകയറിട്ടത് കഴിഞ്ഞ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കായിരുന്നു എന്നുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ശുദ്ധ അപ്പാവികൾ ഇടതു പക്ഷത്തിന്റെ തകർച്ചയിൽ ആഹ്ലാദിച്ചാർമാദിക്കട്ടെ..കിഡ്‌സ്...കാരി ഓൺ...

Wednesday, May 6, 2009

ഹർത്താലാശംസകൾ

ബന്ദു മൂലം നഷ്‌ടപ്പെട്ട തൊഴിൽ ദിനങ്ങളെയോർത്ത് മാധ്യമങ്ങൾ വിലപിക്കാത്ത,
കാൻസർ വന്നു മരിച്ച പ്രിയ ഭർത്താവിനെ അവസാനമായൊന്നു കാണാൻ കൊതിക്കുന്ന ഭാര്യയുടെ വിങ്ങുന്ന മുഖത്തിന്റെ ക്ലോസപ്പിനായ് മാധ്യമങ്ങൾ നാടു ചുറ്റിയലയാത്ത,
ഹർത്താൽ ദിവസം വാഹന സൌകര്യമില്ലാത്തതു മൂലം ഹൃദയം പൊട്ടിമരിച്ചവരുടെ കണക്കെടുക്കാതെ മാദ്ധ്യമങ്ങൾ ഒതുങ്ങിക്കൂടുന്ന,
ഹർത്താൽ വിരോധം ഉച്ചസ്ഥരം ഉദ്‌ഘോഷിക്കുന്ന ഒരു പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ ചരിത്രപരമായ കടമ നിർവഹിച്ചില്ലല്ലോ എന്നോർത്ത് കേഴുന്ന ബൂലോക മാധ്യമ പുംഗവന്മാർക്ക് സുഖ സുഷുപ്തിയിലാറാടാൻ അവസരമൊരുക്കിയ,
ഹർത്താൽ വിരോധിയായ അത്ഭുതക്കുട്ടിക്ക് ഹർത്താൽ ഹാരമൊരുക്കി സ്വീകരണം നൽകുന്ന,
ഹർത്താൽ ദിവസം ഉപവാസം അനുഷ്‌ടിക്കുക എന്നത് ജീവിത വ്രതമാക്കിയ ഹസ്സനും കൂട്ടർക്കും മരത്തലയന്റെ ഹർത്താലാശംസകൾ