Saturday, September 25, 2010

ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്‍ക്കണ്ടവും

ഞാനെന്ത് പോസ്റ്റിട്ടാലും ഓരോരോ ബ്ലോഗര്‍മാര്‍ വന്ന് കമന്റിട്ട് എന്റെ പോയിന്റെല്ലാം പൊളിച്ചുകളയും അവന്മാരുടെ കമന്റ് ഡിലിറ്റി ഡിലിറ്റി എന്റെ വിരലൊരെണ്ണം തേഞ്ഞതിന്റെ ദെണ്ണം ഞാനാരോട് പറയും? എന്റെ ചിന്തകളെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാമെന്ന് വെച്ചാ സമ്മതിക്കില്ലല്ലോ. ചിന്തിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ വരും അമേരിക്കയില്‍ നിന്നും ലണ്ടനില്‍ നിന്നുമൊക്കെ ചില വിജ്ഞാനപ്പടയാളികള്‍. ഇവന്മാര്‍ക്കൊക്കെ എവിടന്ന് കിട്ടണപ്പാ ഇത്രേം വിവരം?

ഏതായാലും ഇത്തവണ അവന്മാരെക്കൊണ്ട് പൂരി തീറ്റിച്ചിട്ടേ ഉള്ളൂ. ഞാനൊരു പാചകക്കുറിപ്പ് തയ്യാറാ‍ക്കും. ഉണ്ടാക്കാന്‍ അറിഞ്ഞിട്ടൊന്നുമല്ല. അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ എഴുതാവൂന്നൊക്കെ വന്നാല്‍ ഞാനെന്റെ ലാപ്‌ടോപ്പും വലിച്ചെറിഞ്ഞ് പത്രോം വായിച്ചിരിക്കേണ്ടി വരും. ‘ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും എങ്ങിനെ ഉണ്ടാക്കാം‘ എന്നതാണ് ഇത്തവണത്തെ എന്റെ പോസ്റ്റ്.

ഇടതുവിരുദ്ധരസായനം

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രസായനം ഏതെന്ന് ചോദിച്ചാല്‍ അത് ഇടതുവിരുദ്ധ രസായനം തന്നെ. എനിക്കെന്നല്ല എന്നെപ്പോലുള്ളതും ഇത്തിരി ഡിഫറന്റ് ആയതുമായ എല്ലാ ഇടതുവിരുദ്ധര്‍ക്കും അങ്ങിനെ തന്നെ ആയിരിക്കും. ഇടതുവിരുദ്ധരസായനത്തിന്റെ കൂടെ നിഷ്പക്ഷതാനാട്യത്തിന്റെ കല്‍ക്കണ്ടവും ആയാല്‍ പിന്നെ അതിന്റെ ടേസ്റ്റ് പറയാനില്ല. ഇടതുവിരുദ്ധരസായനത്തിന്റെ ടേസ്റ്റ് തികച്ചും യുനീക്കായ ഒന്നാണ്.

ഇക്കാലത്ത് സ്വന്തമായി ഇടതുവിരുദ്ധരസായനം ആരും പാചകം ചെയ്യാറില്ല എന്നതാണു സത്യം. മാധ്യമങ്ങള്‍ വിളമ്പിത്തരുന്ന രസായനമെടുത്ത് മേമ്പൊടിക്ക് ഇത്തിരി ചൈനാ വിരുദ്ധതയും ബംഗാള്‍ അപവാദവും ചേര്‍ത്ത് വിളമ്പുകയാണ് പതിവ്. ഇടതുവിരുദ്ധരസായനം ഉണ്ടാക്കാന്‍ നല്ല കറകളഞ്ഞ ഇടതുവിരുദ്ധത തന്നെ വേണം എന്നതിനാലാണ് ഇത്. നമ്മള്‍ തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കിയാലേ ടേസ്റ്റ് കിട്ടൂ. മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്നവയില്‍ എന്ത് ഇടതുവിരുദ്ധതയാണുള്ളതെന്ന് അത് തയ്യാറാക്കിയ സിന്‍ഡിക്കേറ്റിനെ അറിയൂ. പുറംപൂച്ച് കളയാതെ ഇടതുവിരുദ്ധത ഉണക്കിപ്പൊടിച്ച് രസായനം ഉണ്ടാക്കുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.

ഇടതുപക്ഷം എന്നു പറഞ്ഞാല്‍ നല്ല നന്മയും പുരോഗമനചിന്തയും ഉള്ളതാണ്. അപ്പോള്‍ ഇടതു വിരുദ്ധത എന്നു പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ചേക്കാം. അതും ഇടതുപക്ഷം തന്നെ. പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ വിശദീകരിച്ചു തരാം. ഇടതുപക്ഷത്തിന്റെ ന്യൂക്ലിയസ്സില്‍ വിരുദ്ധത കയറ്റുന്നതാണ് ഇടതുവിരുദ്ധത. അതായത് ഇടതുപക്ഷമാണെന്നോ പണ്ട് ഇടതുപക്ഷമായിരുന്നെന്നോ പറയുകയും എന്നാല്‍ അതിന്റെ ഒരു ലക്ഷണവും സംസാരത്തിലോ പ്രവര്‍ത്തിയിലോ ഇല്ലാതിരിക്കുകയും ചെയ്യുക. ഇടതുപക്ഷം കൊണ്ട് രസായനം ഉണ്ടാക്കിയാല്‍ പൊറോട്ട പോലെ ഇരിക്കും. അത് ആരോഗ്യത്തിനു നന്നല്ല. മലയാളി തന്റെ സംസ്ഥാനരസായനമായി ഇടതുപക്ഷത്തെ കാണുന്നുണ്ട്. കഷ്ടം എന്നേ പറയാന്‍ കഴിയൂ. വിരുദ്ധത ഇല്ലാത്ത ഇടതുപക്ഷം ആരോഗ്യപ്രശ്നം ഉണ്ടാക്കും. നമ്മള്‍ തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കി കഴിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. നാമൊക്കെ ഇന്ന് കുഴിമടിയന്മാരായിരിക്കുന്നു. പത്രങ്ങളിലെ ഇടതുവിരുദ്ധതകൊണ്ട് തൃപ്തിപ്പെടുന്നവരാണ് മലയാളികളില്‍ പലരും. ഇടതുവിരുദ്ധ രസായനം ഉണ്ടാക്കാന്‍ മാത്രമല്ല മൂക്കുമുട്ടെ തിന്നാനും എനിക്ക് നല്ല താല്പര്യമായിരുന്നു. രസായനം കഴിക്കുന്നവര്‍ കൊള്ളാം എന്ന് കമന്റും പറഞ്ഞാല്‍ കുശാലായി. കൊള്ളില്ലെന്ന് പറഞ്ഞാല്‍ പിന്നെ എനിക്കത് ഡിലിറ്റേണ്ടി വരും.

ഇനി നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം ഉണ്ടാക്കുന്ന വിധം പറയാം.

ആവശ്യമുള്ളത്

എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവം : അരക്കപ്പ്
(ഇത് കിട്ടിയില്ലെങ്കില്‍ ‘എല്ലാം കണക്കാ’ എന്ന ഭാവമായാലും മതി)
ഒരു വശം മാത്രം കാണുന്ന സ്വഭാവം : അരക്കപ്പ്
പച്ചക്കള്ളം : അരക്കപ്പ്
ഉളുപ്പില്ലായ്മ: ആ‍വശ്യത്തിന്
കാപട്യം : നന്നായി വേവിച്ചത് കാല്‍‌കപ്പ്
തൊലിക്കട്ടി: വേണ്ടുവോളം

അരച്ചെടുക്കാന്‍

വ്യാജവാര്‍ത്ത : കിട്ടാവുന്നത്രയും
ചാനല്‍ ചര്‍ച്ച : രണ്ടോ മൂന്നോ
പെയ്‌ഡ് ന്യൂസ് : ആവശ്യത്തിന്

താളിക്കാന്‍

ആവണക്കെണ്ണ, ജീരകം തൊലികളഞ്ഞത്,

അച്ച് പല തരത്തിലുള്ളത്

ഉണ്ടാക്കുന്ന വിധം

വേവിച്ച് തൊലികളഞ്ഞ ‘എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവവും‘ ‘ഒരു വശം മാത്രം കാണുന്ന സ്വഭാവവും ചേര്‍ത്ത് നുറുക്കുക. പച്ചക്കള്ളം പച്ചയും കള്ളവും. എന്ന മട്ടില്‍ രണ്ടായി വെട്ടുക. ഉളുപ്പില്ലായ്മ, കാപട്യം എന്നിവ നന്നെ ചെറുതായി അരിയുക.(ചേര്‍ത്തിട്ടുണ്ടെന്ന് അറിയാതിരിക്കാനാണിത്) വ്യാജവാര്‍ത്ത, ചാനല്‍ ചര്‍ച്ച, പെയ്ഡ് ന്യൂസ് എന്നിവ നല്ല പേസ്റ്റ് പോലെ അരയ്ക്കുക. തൊലിക്കട്ടി സന്ദര്‍ഭത്തിനനുസരിച്ച് വേണം ചേര്‍ക്കാന്‍. അരിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.

ചീനച്ചട്ടിയില്‍ (ചീനച്ചട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. എന്നാലും തല്‍ക്കാ‍ലം ലവന്മാര്‍ മാത്രമേ ചട്ടി കണ്ടുപിടിച്ചിട്ടുള്ളൂ. ആരും കാണാതെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം) ആവണക്കെണ്ണ ഒഴിച്ച് ജീരകം തൊലികളഞ്ഞതും ചേര്‍ത്ത് വഴറ്റുക. നുറുക്കി വെച്ചിരിക്കുന്നതിന്റെ കൂടെ നന്നായി നുറുക്കി വെച്ചിരിക്കുന്ന കാപട്യം, ഉളുപ്പില്ലായ്മ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തൊലിക്കട്ടി ചേര്‍ക്കാന്‍ മറക്കരുത്. നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വാങ്ങിവെയ്ക്കുക. അല്പം തണുത്താല്‍ പല തരത്തിലും സൈസിലും ഉണ്ടാക്കിവെച്ചിട്ടുള്ള അച്ചുകളിലിട്ട് വാര്‍ക്കുക. ഒന്നാം തരം നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം റെഡി.

ഇടതുവിരുദ്ധ രസായനം തയ്യാറാകുന്ന മുറയ്ക്ക് നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും ചേര്‍ത്ത് വിളമ്പുക. നമ്മുടെ മനസ്സില്‍ നിരവധി മുകുളങ്ങളുണ്ട്. അവയെ ഉദ്ദീപിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ വിരുദ്ധത ഉണ്ടാക്കാന്‍ ശീലിക്കേണ്ടതാണ്. ആവണക്കെണ്ണ ചേര്‍ത്തിട്ടുള്ളതിനാല്‍ രാവിലെ കഴിച്ചാല്‍ നല്ല ശോധനയും ലഭിക്കും.

പിന്‍ കുറിപ്പ്

തിരക്കിനിടയില്‍ ഇടതുവിരുദ്ധരസായനം ഉണ്ടാക്കുന്ന വിധം പറയാന്‍ മറന്നു അല്ലേ? സോറീട്ടാ. ഇനീം ടൈമുണ്ടല്ലോ.

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നുണ്ടോ?

സഖാവെ...ഒന്ന് നിന്നാട്ട്...കേക്കണ വാര്‍ത്തകളൊന്നും അത്ര സൊകമുള്ളതല്ലല്ലോ സഖാവേ

നീയെന്തരു കേട്ട്?

നിങ്ങടെ ചാനലു പാട്ടുപരിപാടികളു നടത്തീട്ട് സമ്മാനങ്ങളു കൊടുത്തില്ലെന്നോ, കാശുകളു വെട്ടിച്ചെന്നോ ഒക്കെ ദോണ്ടേ ലവന്മാരു പറഞ്ഞു നടക്കണ്..

ചാനലുകളെന്ന് പറഞ്ഞാ സ്വതന്ത്ര സ്ഥാപനങ്ങളാടെയ്..ലതവടെ നിക്കട്ട്.. വിഷയങ്ങളെന്തരാണെന്ന് നിനക്കറിയാവോ?

അറിയാവോന്ന് ച്വായ്ച്ചാ..പത്രത്തീ വായിച്ചതും മ്മടെ പുള്ളേടെ മെയിലില്‍ വന്നെന്ന് പറഞ്ഞ് കാണിച്ചതുമൊക്കെ അറിയാം സഖാവേ..

എന്നാ നീ കേട്ടതൊന്ന് വ്യക്തമായിട്ട് പറ

നിങ്ങടെ ചാനലൊരു പരുവാടി നടത്തി.. വീട് സമ്മാനം പ്രഖ്യാപിച്ച്..ടൈമായപ്പോ കൊടത്തില്ല..ച്വായ്ച്ചപ്പോ പറഞ്ഞ് സ്പാണ്‍സറാണ് സമ്മാനങ്ങളു കൊടക്കണതെന്ന്..സമ്മാനം കിട്ടാത്തോരു പത്രസമ്മേളനം നടത്തി..ലത് പത്രങ്ങളിലൊക്കെ വന്ന്..പിന്നെ..ഈ മെയിലും ആ മെയിലും വന്ന്..

എന്തരേടേയ് നിങ്ങടെ ചാനല്‍ നിങ്ങടെ ചാനല്‍ എന്ന് പറയാനൊരു ആവേശം? തല്‍ക്കാലം നീ ക്യേട്ടതിനെക്കുറിച്ചും പത്രസമ്മേളനത്തെക്കുറിച്ചും പറയാം..ചാനലു പരുവാടി നടത്തീതും പത്രസമ്മേളനം നടത്തിയ ഫാമിലിക്ക് സമ്മാനം കിട്ടിയതും ചാനലു പോലും നിഷേധിച്ചിട്ടില്ലെടെയ്..സമ്മാനം കിട്ടാനെക്കൊണ്ട് സ്പാണ്‍സറുമായി മുട്ടിക്കേം ഭൂമി രജിസ്റ്ററാക്കുകേം ചെയ്ത്..

ലത് പത്രക്കുറിപ്പേലൊണ്ടാ‍രുന്നണ്ണാ..

അപ്പ നീ പോലും അത്രേം സമ്മതിച്ച്..സന്തോയം..സമ്മാനം കിട്ടുമ്പോ നികുതികളു അടയ്ക്കണമെടെയ്..ലത് എനിക്കായാലും നെനക്കായാലും ലങ്ങനെത്തന്നെ..സര്‍ക്കാരിന്റെ നിയമമാണ്..ലത് ക്യേരളത്തീ മാത്രമല്ല..ഇന്ത്യേലെവടേം അങ്ങനത്തന്നാ..യേത് ചാനലിലും ലിത് തന്നെ നിബന്ധന..മനസ്സിലാവണോണ്ടാ?

ഒണ്ടണ്ണാ..

സമ്മാ‍നം കിട്ടിയവരെന്തരു പറഞ്ഞെന്നറിയാവോ..നികുതിയടക്കാന്‍ പൈസേല്ലാ..സമ്മാനം കാശായി മതീന്ന്..

പാവങ്ങളല്ലേ അണ്ണാ..കാശായിട്ട് കൊടത്താ ങ്ങക്കെന്തരു?

ഡേയ്..ഡേയ്..നീയാദ്യം പറഞ്ഞതന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..

സമ്മാനം കിട്ടീല്ലാന്ന് പറഞ്ഞാ..വീട് കിട്ടീല്ലാന്നല്ലേടേ?

വോ തെന്നെ അണ്ണാ..

ഇപ്പ പറേണതെന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..പിന്നെ കാശായിട്ട് കൊടുത്തൂടേന്ന് ച്വായ്ച്ചെന്നുള്ളത് സത്യം..

പരുവാടീടെ സമ്മാനം വീട്..നിനക്കിപ്പോ വേണ്ടത് കാശ്..

പാവങ്ങളുടെ ചാനലല്ലേ അണ്ണാ..കാശായിട്ട് കൊടുക്കെന്ന്..

ഭൂമി റജിസ്റ്റര്‍ ചെയ്തപ്പോ വേണ്ടാന്ന് പറഞ്ഞാ?

ഇല്ലാന്ന് തോന്നണണ്ണാ..

2008ല്‍ തന്നെ ഭൂമി രജിസ്റ്റര്‍ ചെയ്തെന്ന് ലവരു തന്നെ സമ്മതിച്ചിട്ടൊണ്ടെന്ന് നീ തന്നെ പറഞ്ഞതല്ലേടെയ്..

തെന്നെ അണ്ണാ...

വീടു പണിക്കിത്തിരി ടൈമൊക്കെ എടുക്കൂല്ലേടേയ്..അത് കഴിഞ്ഞ് കൊടുത്തപ്പോ കാശ് മതീന്നായതല്ലെടേയ്?

ലങ്ങനെ ച്വായ്ച്ചാ അണ്ണാ...ചക്ക കൊഴേണ പോലെ കൊഴയും അണ്ണാ..

നീ ഒര് അറിവില്ലാപൈതമായതോണ്ട് വിശദീകരിച്ച് തന്നെ തെരാമെടേയ്..സമാധാനപ്പെട് ...ഭൂമിയൊക്കെ രജിസ്റ്റര്‍ ചെയ്ത് വീടുമായപ്പോ..നികുതിയടച്ച് വീട് കൈപ്പറ്റിക്കോളാന്‍ പറഞ്ഞപ്പോ ലവരു പറഞ്ഞ് കാശായിട്ട് മതീന്ന്..

അണ്ണനിത് നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ..

എത്ര പറഞ്ഞാലും പിന്നേം പിന്നേം ച്വായ്ച്ചോണ്ടിരിക്കണ നിന്നെപ്പോലുള്ളോരെ ബോത്യപ്പെടുത്താന്‍ ഇനീം പറയേണ്ടി വരുമെടേയ്..

ഊതല്ലണ്ണാ..

ലങ്ങനെ കാശായിട്ട് കൊടുക്കാമെന്നല്ല കരാറ്...നികുതിയടക്കുക, വീട് കൈപ്പറ്റുക..സിമ്പിളായിട്ട് തീര്‍ക്കാവുന്ന കാര്യല്ലേടേയ് സമ്മേളനം വിളിച്ച് വാര്‍ത്തയാക്കി നാറ്റിച്ചത്..ഈമെയിലിലാക്കാന്‍ ആര്‍മ്മാദക്കമ്മിറ്റിക്കാരും റെഡിയാരുന്നു..

അണ്ണന്‍ പറഞ്ഞതീ പായിന്റൊക്കെ ഒണ്ട്..ന്നാലും ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്ന്..

എന്തരു?

ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്നൊന്ന്..

ലത് യേത് കോത്താഴത്തെ ന്യായാടേയ്? ചാനലിനെതിരെ അപവാദം നടത്തിയോര്‍ക്കെതിരെ നടപടി സ്വീകരിക്കുംന്നല്ലെടേയ് പറഞ്ഞത്..അല്ലാണ്ട് വഴിയേപോണോരെ വല്ലോം പറഞ്ഞാ..

അതില്ലണ്ണാ..പക്ഷേങ്കി പത്രക്കാരു വാര്‍ത്ത മുക്കിയപ്പോ..അതിനെ ബൈപാസ് ചെയ്ത് സത്യം ജനങ്ങളിലെത്തിക്കാനല്ലേ അണ്ണാ ഈമെയില്‍ പ്രചരണം..അണ്ണനതീ കെറുവിക്കണതെന്തരിനു?

പത്രങ്ങളു..വാര്‍ത്തകളു മുക്കീന്നാ...ഡേയ് ഡേയ് ഏതൊക്കെ പത്രം വാര്‍ത്ത കൊടുത്തെന്ന് അറിഞ്ഞിട്ട് തന്നെ നെന്റെ വര്‍ത്തമാനം..കൊടുക്കാത്ത പത്രത്തിന്റെ പേരു പറയണതാവുമെടേയ് എളുപ്പം..പത്രസമ്മേളനം നടത്തിയതു തന്നെ പത്രത്തീലും ചാനലീലും വരാനല്ലെടേയ്..വരുകേം ചെയ്ത്..വന്നു കഴിഞ്ഞപ്പോ ഒരു എഫക്റ്റിനല്ലെടേയ് നീ പത്രക്കാരു മുക്കീന്ന് ഗുണ്ടടിക്കണത്..ആ പത്രവാര്‍ത്തകളു വെച്ച് എത്ര പേരു ബസ്സോട്ടിച്ചെന്നതിനു വല്ല കണക്കും ഉണ്ടോടേയ്?

ഒരു ജനാധിപത്യവ്യവസ്ഥേല്‍ അതിനൊക്കെ സൊതന്തിരം ഒണ്ടണ്ണാ..

ലാ സൊതന്തിരം ചാനലിനു ഇല്ലേടേയ്?..ലവരെപ്പറ്റി ലാര്‍ക്കും ലെന്തും പറയാം..ലവരു ലതൊക്കെ കേട്ട് വിനയകുനിയന്മാരായി നിന്നോണംന്നാണോടേയ്..നിയമം അനുവദിക്കുന്ന നടപടികള്‍ എടുക്കാന്‍ ലവര്‍ക്ക് അവകാശമില്ലെടേയ്?

അവകാശങ്ങളൊക്കെ ഒണ്ടണ്ണാ..എന്നാലും കേസ് കൊടുക്കുംന്ന് പറഞ്ഞത് ഫാസിസമാണണ്ണാ..

ലെന്തരു?

ഫാസിസം..

അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ട് തന്നെടേയ് എടുത്ത് വീശണത്?

അര്‍ഥമൊക്കെ അറിയാവെങ്കി ഞാനണ്ണനോട് സംസാരിച്ച് സമയം കളയുവോ..നേരെ കാരാട്ടിന്റൂട സംസാരിക്കത്തില്ലേ അണ്ണാ..

ഉത്തരം മുട്ടുമ്പോ തമാശകളു പറയണം കേട്ടാ..പിന്നെ നെനക്കൊരു കാര്യമറിയാവോ?

എന്തരു?

ആദ്യായിട്ട് ഈ റിയാലിറ്റീന്റെ പരുവാടി തൊടങ്ങിയതും ഈ ചാനലു തന്നെ..പത്ത് കൊല്ലമായി ചാനലു പരുവാടികളു നടത്തി സമ്മാ‍നങ്ങളു കൊടുത്തോണ്ടിരിക്കണ്..ഒറ്റ കേസിലു നീ വല്ല ഒച്ചേം കേട്ടിട്ടൊണ്ടാ..എല്ലാരും പങ്കെടുത്ത് നിയമാനുസരണം സമ്മാനം വാങ്ങിപ്പോയിട്ടൊണ്ട്..

അതൊക്കെ ശരിയായിരിക്കും അണ്ണാ..ന്നാലും പാവങ്ങള്‍ക്ക് നികുതിയടക്കാന്‍ കയ്യീ കാശു കാണൂല്ലാന്ന് മനസ്സിലാക്കി ചാനലു അതിനൊരേര്‍പ്പാടൊണ്ടാക്കണമാരുന്നണ്ണാ..കോര്‍പ്പറേറ്റുകളും പാവങ്ങളും തമ്മിലൊള്ള വൈരുദ്ധ്യത്തീ നമ്മളൊക്കെ പാവങ്ങളുടെ സൈഡാണണ്ണാ..

ഇതിനു മുന്‍പേ സമ്മാനം വാങ്ങിപ്പോയോരും പാവങ്ങളൊക്കെ തന്നെ ആരുന്നെടെയ്..മറ്റു ചാനലീ സമ്മാനം കിട്ടിയവരും നികുതിക്ക് കാശില്ലാതെ നടന്നിരുന്നു..അന്നൊരു ഒച്ചേം ബഹളോം കേട്ടില്ലല്ലോടേയ്..

അതുപിന്നെ അണ്ണാ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ മാന്തിയാലേ ചോരവരൂ..അതിനു പോലും ഈ നാട്ടില്‍ പറ്റൂലാന്നായാ അണ്ണാ? ദെന്തരു ഭരണമണ്ണാ..

പാവങ്ങളുടെ സൈഡെന്ന് പറയണ നെന്നെയൊന്നും വിലക്കയറ്റത്തിനെതിരായ സമരത്തിന്റൊപ്പം കണ്ടില്ലായിരുന്നല്ലോടെയ്..അന്ന് നീ സമരത്തിനെതിരെ സംസാരിച്ചോണ്ട് നടപ്പാര്‍ന്നു.. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേകലേനെ തീറെഴുതുന്നതിനെതിരെ പറയുമ്പോഴും നീയൊന്നും അവിടെ ഇല്ലാര്‍ന്നു..കോര്‍പ്പറേറ്റെന്ന് പറഞ്ഞാ ലെന്തരാണെന്നെങ്കിലും മനസ്സിലാക്കി വെയ്യടെയ്..നാളെ ഒപകാരപ്പെടും..

എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..

ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..

അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

എന്തരു?

ഓര്‍ഗാസം..

ചെലര്‍ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

നീയന്തരു പുല്ലേ തുപ്പിയാലും ഒന്നൊറപ്പാടേയ്...

എന്തരു?

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നില്ലാന്ന്..

Monday, September 6, 2010

ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്‍

സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.

തന്നെടേയ്..

അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..


ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..

ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്..ഇത്തവണ ചമരത്തിന്റെ കാരണമെന്തര്? നിങ്ങക്ക് ചിക്കിലി കൂട്ടിക്കിട്ടാന്‍ തന്നേ?


ജ്വാലിക്ക് പോണ നെനക്കിതൊന്നും അറിയാന്‍ മേലേടേ? വെലക്കയറ്റം തടയുക, റേഷന്‍ പച്ചരീം കോതമ്പുമൊക്കെ എല്ലാര്‍ക്കും കൊടുക്കുക, തൊഴില്‍ നിയമങ്ങളു പാലിക്കുക, അസംകടിതമേകലയിലെ പയലുകള്‍ക്ക് വേണ്ടി നെയമം കൊണ്ടു വരിക, പൊതുമേകലേനേ രക്ഷിക്കുക..അങ്ങനെയുള്ള ആവശ്യങ്ങളാണെടേയ്..

അപ്പോ നിങ്ങളു സഹാക്കളണ്ണന്മാരു സമരങ്ങളു നടത്തിയാ ഒക്കെ ശരിയാവും ഇല്ലെ ?


ശരിയാക്കാനല്ലേടേയ് ശ്രമിക്കണത്..കാങ്ക്രസിന്റെ യൂണിയനും സമരത്തില്‍ ഒണ്ടെടേയ്..നെന്റെ പാര്‍ട്ടിയല്ലെടെയ്?

കാങ്ക്രസൊക്കെ ലവടെ കെടക്കട്ട്..നമ്മക്ക് പാര്‍ട്ടീം മണ്ണാങ്കട്ടിയും ഒന്നുമില്ലണ്ണാ..സമരം കഴിഞ്ഞ് പിറ്റേന്ന് ഇതൊക്കെ ശരിയാവുവോന്നാ ച്വാദ്യം.. കെടന്ന് ഉരുളല്ല് സഗാവ്..


ഒറ്റ ദെവസം കൊണ്ട് എല്ലാം നേരെയാവൂങ്കി നീയൊക്കെ എന്നേ നേരെയായേനേ..നേരെയായില്ലല്ല്..ലതു പോലെ തന്നെടേയ് ഇതും..

അപ്പ ഒടനേ ശരിയാവൂല്ലാന്ന്..


ഒടനെ ശരിയാവുവോ, സമരം ചെയ്താ ശരിയാവുവോ, വേറെ മാര്‍ക്കമില്ലേന്നൊക്കെ ച്വായ്ക്കണ നീ ഒന്ന് രണ്ട് ച്വാദ്യങ്ങള്‍ക്ക് സമാധാനം പറ

സമാധാനമായിട്ട് ചോദീരണ്ണാ..


നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?

യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..


ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?

ചരിത്രമൊക്കെ ആര്‍ക്കറിയാമണ്ണാ..ആയിരുന്നിരിക്കണം..


അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?

ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..


ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?

വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?


സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?

ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..


അടിമ വ്യവസ്ഥിതിയൊക്കെ പോയെടേയ്..പിന്നെ ജന്മിത്തം വന്ന്..മൊയലാളിത്തം വന്ന്..

ജന്മിമാരു മൊട പയലുകളാണണ്ണാ..നടുവൊടിയെ ജ്വാലികളു ചെയ്താലും കൂലികളു കൊടുക്കൂലണ്ണാ...മുത്തശ്ശന്‍ കൊറേ കഷ്ടപ്പെട്ടെന്ന് അമ്മ പറേണ കേക്കാമണ്ണാ..


അപ്പ നെന്റെ മുത്തശ്ശന്‍ കഷ്ടപ്പെടണ പോലെ നീ കഷ്ടപ്പെടണോണ്ടാ..

ഇല്ലെന്ന് തോന്നണണ്ണാ..


അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..


നെന്റെ അച്ഛനെന്താരുന്ന് ജ്വാലി..

ഡെയ്ലി വേജസാരുന്നണ്ണാ..ഒന്നും സമ്പാദിച്ചില്ലാ..


നെന്റെ കാര്യം ലവരേക്കാളുമൊക്കെ മെച്ചമല്ലേ?

മെച്ചമാണെന്ന് തോന്നണണ്ണാ..


അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..


ലത് തന്നെടെയ്..കാര്യം..അടിമകളു മുഴുവന്‍ സമയോം കഷ്ടപ്പെട്ടിരുന്നോടത്ത്ന്ന് ഇന്നത്ത അവസ്ഥയിലെത്തിയത് കൊറേ സമരോം, കലഹോം, ലഹളേം ഒക്കെ നടത്തീട്ടാണ്..ഒറ്റ ദിവസം കൊണ്ടല്ല...അത് നിനക്ക് ബോധ്യായല്ല്?

ബോദ്യായെന്ന് തോന്നണണ്ണാ..


ലത് പോലെ തന്നെടേയ് ഇതും..കൊറേ സമരോം ഹര്‍ത്താലും പണിമൊടക്കുമൊക്കെ ജാതേം ഒക്കെ നടക്കുമ്പോ സംഗതി മെച്ചപ്പെടും..

മെച്ചപ്പെട്ടാ മതിയാര്‍ന്ന്...ഇത്തിപ്പോരം സൊതന്ത്രമായി സാമ്പത്തികം കൈകാര്യം ചെയ്യാര്‍ന്നു..


ചരിത്രമറിയില്ലെന്ന് പറഞ്ഞ നെന്റെ പൊതുവിജ്ഞാനം അളക്കട്ടേടെയ്...സ്വാതന്ത്യം ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് കിട്ടിയാര്‍ന്നോടേയ്?

ഇല്ലണ്ണാ...അക്കാര്യത്തീ എനിക്കൊറപ്പ്ണ്ട്..ശിപ്പായി ലഹളാ, ജാലിയന്‍ വാലാബാഗ്, ഉപ്പ് സത്യാഗ്രഹംന്നൊക്കെ ഉസ്കൂളി പടിച്ചത് ഓര്‍മ്മ വന്ന്..


അപ്പോ നെനക്ക് ചെല ചരിത്രമറിയാം ചെല കാര്യങ്ങളു പിടി കിട്ടിത്തൊടങ്ങി.. നീ ഇനി ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...


ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്ക്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...


യെന്തരടെയ്..യെന്തരു ച്വായ്ച്ചാലും തോന്നണണ്ണാ, തോന്നണണ്ണാന്ന് പറേണത്..ബോദ്യായത് ഒറപ്പിച്ച് പറയെടേയ്..

ഒറപ്പിച്ച് പറഞ്ഞാ ഞാം നിങ്ങ സകാക്കന്മാരുടെ സൈസ് ആവൂല്ലേ അണ്ണാ..സകാവാവാന്‍ എനിക്കിഷ്ടോല്ല..


നീ സഖാവൊന്നും ആവണ്ടെടേയ്..ബോദ്യം വന്ന കാര്യം പറഞ്ഞൂടേയ്...

അണ്ണനു നിര്‍ബന്ധമാണേല്‍ പറയാമണ്ണാ..


എന്തരു?

ഒറ്റ ദിവസം കൊണ്ട് സമരം തീരൂല്ലാന്ന്.

Saturday, September 4, 2010

ഡാക്കിട്ടറോട് ചോദിക്കട്ട്..

ക്വിറ്റ് ഇന്ത്യേനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാലൊടനേ കമ്പൂട്ടര്‍ സമരത്തെക്കുറിച്ച് യാരോ യെവടെയോ പറഞ്ഞ അരവാചകം കോട്ടി തര്‍ക്കിക്കും. കമ്പ്യൂട്ടര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടാലുടന്‍ പോളണ്ടിനെപ്പറ്റി തമാശിക്കും. പോളണ്ടിനെപ്പറ്റി എഴുതിയാല്‍ കൈരളി ചാനലിന്റെ മൂട്ടിലോടുന്ന പരസ്യമാവും കമന്റില്‍ കാണുക. കൈരളി ചാനലിനെക്കുറിച്ച് ലേഖനമെഴുതിയാല്‍ പണ്ടു പണ്ട് പണ്ട ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് നിങ്ങള്‍ ട്രാക്ടറിന്റെ ടയറിന്റെ കാറ്റഴിച്ച് വിട്ടില്ലേ സഹാക്കളേ എന്നാവും ചോദ്യം. ട്രാക്ടറിനെക്കുറിച്ച് വിശദീകരിച്ചാല്‍ ദേശാഭിമാനി പത്രത്തില്‍ സിലിമാപരസ്യം കൊടുക്കാമോ എന്നാവും സംവാദവിഷയം. എന്നാപ്പിന്നെ ദേശാഭിമാനിയെക്കുറിച്ച് എഴുതിയാല്‍ ഒടനേ ഒരു റൌണ്ട് അടിച്ച് വന്ന് ക്വിറ്റ് ഇന്ത്യാനേക്കുറിച്ചാവും ചൊറി.

ഇതിനെ ആണോ ഡോക്ടര്‍ വലതു ആശയപാപ്പരത്തം എന്ന് പറയുന്നത് ?