Saturday, November 21, 2009

കമ്പ്യൂട്ടറോളും ട്രാക്ടറോളും

ഡാ കമ്പ്യൂട്ടറിനെക്കുറിച്ചൊരു പോസ്റ്റ് വന്നണ്ട്..

ഉവ്വാ..നന്നായി..

ട്രാക്ടറിനെക്കുറീച്ചുംണ്ട്..

ഇനീള്ള കാലം ടെക്നിക്കല്‍ ബ്ലോഗോള്‍ടേ കാലണ്.. പുത്തന്‍ കമ്പ്യൂട്ടറ് ഒരെണ്ണം വേടിക്കണംന്ന് വെച്ചട്ട് കാലം കൊറെ ആയി.. ട്രാക്ടറെന്തൂട്ടിനണ്..പെരപണിയാന്‍ നാല് സെന്റില്യാണ്ടിരിക്കുമ്പഴാണ് ട്രാക്ടറ്

ഇതങ്ങനത്തെ പോസ്റ്റല്ലടാ..കമ്പ്യൂട്ടര്‍, ട്രാക്ടര്‍, സ്വാശ്രയവിദ്യാഭ്യാസം...ആ ലൈനില്‌ള്ളത്..

വിദ്യാഭ്യാസംന്ന് പറഞ്ഞപ്പോ ഒറപ്പായി. ഇടതന്മാര്ടെ ബ്ലോഗന്നെ..എന്തൂട്ടണ് കന്നാല്യോള് പറേണേ..

കമ്പ്യൂട്ടറിനെയല്ലാ എതിര്‍ത്തെ, ജനവിരുദ്ധായ കമ്പ്യൂട്ടര്‍ വല്‍ക്കരണെത്തെയാണെതിര്‍ത്തെ, ട്രാക്ടറിനെയല്ല തൊഴിലാളി വിരുദ്ധമായ യന്ത്രവല്‍ക്കരണത്തെയാണെതിര്‍ത്തെ, സ്വാശ്രയവിദ്യാഭ്യാസം എന്ന ആശയത്തിനെയാണെതിര്‍ത്തെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തെയല്ല..ദിങ്ങനത്തെ ലൈനില്‌ള്ള പോസ്റ്റ്..

അയിലിത്തിരീശ്ശെ ശരീണ്ട്ന്ന് തോന്ന്‌ണു..ഞാനാ പോസ്റ്റാ ഒന്ന് വായിക്കട്ട്രാ..

ന്തൂട്ട് ശരീണ്ട്ന്ന്?പോസ്റ്റ് മുഴോന്‍ വായിക്കാനാ? നല്ല കാര്യായി..പോസ്റ്റ് വായിക്കാതെ കമന്റണതല്ലേടാ ഇപ്പഴത്തെ ഫാഷന്‍..മുഴോന്‍ വായിക്കാത്ത ബ്ലോഗില് പോയി അലമ്പ്ണ്ടാക്കണതിലേ ഒരു ത്രില്ലുള്ളൂ..

ത്രില്ല്ണ്ടാക്കാന്‍ നിനക്കിതിനെക്കുറിച്ചൊക്കെ ശരിക്ക് വല്ല വിവരോണ്ടാ? വെറ്തെ പോയി അവന്മാര്ടേന്ന് പെരുക്ക് വാങ്ങിവെക്കണാ..

ഡാ ഇതില് വിവരത്തിന് വല്യ റോളൊന്നൂല്യ..മ്മടെ പഴേ ലൈന്‍ ല്ലേ അദങ്ങ്ട് പൂശ്വന്നെ..

ഏത് ? വായക്ക് തോന്നീത് കോതക്ക് പാട്ട് ലൈനാ?

നെനക്ക് വെവരണ്ട്ട്ടാ..വിചാരിച്ച പോലെയല്ല..ഞാനാ പോയിട്ടൊര് കമന്റാ താങ്ങാം..കമ്പ്യൂട്ടറ് കൊണ്ടന്ന വണ്ടിക്ക് തലവെക്കാന്‍ പോയോര് ഇപ്പോ കമ്പ്യൂട്ടറിന്റെ മുന്നീന്നെണീക്കിണില്യാ, ട്രാക്ടറിനെ എതിര്‍ത്തോര് ദേ ട്രാക്ടര്‍ ട്രെയിലറ്‌ കൊണ്ടര്ണു..പിണ്രായീന്റെ മോന്‍ പിണ്രായീനെപ്പോലെ രാഷ്ട്രീയക്കാരനാവാണ്ട് ബര്‍മ്മിങ്ങ്ഹാലില് പടിക്കാന്‍ പോണൂന്നൊക്കെ..

നിന്നേ നിന്നേ..നീയല്ലേ ഇന്നാള് കൊട്യേരീന്റെ മോന്‍ രാഷ്ട്രീയത്തില് വന്നേനേ എതിര്‍ത്തേ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് ചോദിക്കണ്ട ചോദ്യം നീയന്നെ ചോയിക്കാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ..

ഇദ് ഞാന്‍ സ്വയംവിമര്‍ശനം നടത്തീന്നേള്ളൂ..കമന്റാന്‍ തൊടങ്ങ്യാ പിന്നെ മ്മളേ ബേറൊരാളാണ്..

ബേറൊരാള്‍ നല്ല ഐ.ഡി.യാട്ടാ..അത്‌മ്മക്ക് വേണ്ടിവരും..നീ പിന്നെ മ്മള് കട്ടീത് വെച്ചട്ട്‌ള്ള മനോര്‍മേം മാത്രൂമീം ഒക്കെ ഇങ്ങ്ടെട്ത്തോ..മ്മക്ക് പറയാണ്‍‌ള്ളതൊക്കെ അയില്ണ്ട്..

ഒര് സ്വയവിമര്‍ശനം കൂടീണ്ട്..അവര് പറഞ്ഞിട്ട്‌ള്ളതെന്താന്ന് അവര്‍‌ടെ സൈറ്റിലും പത്രത്തിലും വന്നതല്ലേ വേണ്ടേ..

നീയെന്തൂട്ട് ഇടത് വിമര്‍ശകനാണ്ടാ? അവര് പറഞ്ഞ്‌ട്ട്‌ള്ളത് ആര്‍ക്ക് വേണം? അവര് പറഞ്ഞതിനെയൊക്കെ മ്മടെ മാത്രൂമീം മനോരമേം മംഗളോം വളച്ചൊടിച്ച് വെച്ചണ്ട്..മ്മടെയൊക്കെ പണി എള്‌പ്പാക്കാനായിട്ട്..അതാണവരു പറഞ്ഞിട്ട്‌ള്ളത്‌ന്ന് നമ്മളാ സ്ഥാപിക്കാന്‍ പൂവാണ്..ഇതല്ല പറഞ്ഞേ ഇങ്ങനെയാ പറഞ്ഞെന്ന് ലിങ്കൊക്കെ പൊക്കിക്കൊണ്ട്ന്ന് അവന്മാര്‍‌ തെളിയിക്കുമ്പഴക്കും മ്മള് വിഷയാ മാറ്റും..ആണവത്തിലിക്ക് ഒറ്റച്ചാട്ടാണ്..അത് പൊളിഞ്ഞാ ക്രമസമാധാനത്തിലിക്ക്..

ഇദ് അക്രമല്ലേഡാ ഇവനേ..

ആക്രമിക്കാന്‍ തന്നെയല്ലേഡാ മ്മള് പോണത്..അപ്പോ ഫുള്‍ സ്വിങ്ങില് പെടയ്ക്ക്യന്നെ..ഇ.എം.എസിന്റെ മോള് രാധ ഡോക്ടറാന്ന് വരെ മ്മള് വേണങ്കി പറയും...

പിണ്ര്യായീന്റെ കൊട്ടാരത്തില് പെടക്കാന്‍ പോയതിന്റ ഷെയിം ഇത് വരെ തീര്‍ന്നട്ടില്യാ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് പറയണ്ട കാര്യം നീയന്നെ പറ്യാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ...

ഇല്ലില്യാ..പാളിക്കില്യാ..ശരിക്ക് പിടിച്ചോള്ണ്ട്..

പിന്നെ പിള്ളേറ്ടെ സമരം കാരണം പടിപ്പ് മൊടങ്ങീന്ന്‌ള്ള പഴേ സെന്റി വീണ്ടും അടിക്കാം, ദീര്‍കദൃഷ്ടീല്യാന്ന് പറ്‌യാം.പിന്നെ പണ്ട് വാദിച്ച് തോറ്റട്ട്‌ള്ള കുട്ടനാട്ടിലെ കാര്യം പിന്നേം പൊക്കിക്കൊണ്ടരാം.. ചരിത്രത്തെ മ്മള് ങ്ങനെ തലകീഴാക്കി നിര്‍ത്താന്‍ പൂവണ്..

എല്ലാം കഴിയുമ്പ മ്മടെ ചാരിത്ര്യം നഷ്ടപ്പെടാണ്ടിരുന്നാ മത്യാറ്‌ന്നു..:)

ഇനിപ്പോ ഇദൊക്കെ പൊളിഞ്ഞൂന്ന് ബെച്ചാലും ചൈനാ, ദലൈലാമാ, ബ്രിന്താ കാരാട്ടിന്റെ വട്ടപ്പൊട്ട്, എ.കെ.ജി സെന്ററിലെ അരിവാളുമ്മല്‍ത്തെ സൊര്‍ണ്ണപ്പെയിന്റ്, ദേശാഭിമാനി കാന്റീനിലെ കരിമീന്‍ ഫ്രൈ...എന്തോരം കാര്യങ്ങളാടാ ഈ ഇടതന്മാര്‍ക്കെതിരെ പാടിനടക്കാന്‍ പാണന്റെ സഞ്ചീല്‌ള്ളേ..

എടക്കിത്തിരി സംസ്‌കൃതം പറഞ്ഞില്ലെങ്കി എനിക്കെന്തോ പോലെയാണ്..

നീ പറഞ്ഞോ..അപ്പ അവന്മാരാ കമന്റാ ഡിലിറ്റും..അപ്പോ മ്മക്ക് ഫാസിസം, ജനാതിപത്യവിരുദ്ധത, വയലന്‍സ് ന്നൊക്കെ കേറ്റിക്കൊടക്കാം..

ഉം..പോസ്റ്റിനെ വഴിതെറ്റിക്കാന്‍ പറ്റ്‌യ ആദ്യചാന്‍സിലന്നെ ഞാന്‍ അത് ചെയ്തോള്‌ണ്ട്..ന്നാലും ഒരു കാര്യത്തില് മാത്രേ വെഷമള്ളൂ..പണ്ടൊക്കെ മ്മളൊന്ന് തൊടങ്ങിക്കൊടത്താ മത്യാര്‍ന്നു..അവടന്നും ഇവടന്നും ആണും പെണ്ണുമൊക്കെ വന്ന് ആഘോഷാക്കുമാരുന്നു..അതുപോലെ ഒന്ന് ആര്‍മ്മാദിച്ചിട്ടെത്ര കാലായി..

നീ വെഷമിക്കാണ്ടിരി..ആ കാലം തിരിച്ച് കൊണ്ടരാന്‌ള്ള ഒര് ശ്രമായിട്ടിതിനെ കര്ത്യാ മതി..നീയാ ഐ.ഡിയോളും പാസ്വേഡോളും ഒക്കെ എടുത്ത് ഇങ്ങ്ട് വാ..

കട്ടന്‍‌ചായക്ക് പറയണ്ടേ?

കൊറച്ച് പരിപ്പ്വടയും പറഞ്ഞോ...അവന്മാര്‍ക്കെതിരെ ഇദും ഒരായുധന്നെ..

Monday, November 16, 2009

എന്തോന്ന് ഇന്‍ഡ്യ ....അതൊക്കെ മുംബൈ അല്ലിയോ?

എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ.

ഒരു മറാത്തിയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിനെതിരെ വാളും മുഖപ്രസംഗവുമായി ഇറങ്ങിയിരിക്കുകയാണ് ശിവസേനയും ബാല്‍ താക്കറെയും സാമ്‌നയും. ക്രിക്കറ്റ് കളിക്കാരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തിലേക്ക് ബാറ്റേന്താന്‍ വരേണ്ടെന്നുമാണത്രെ വെരട്ട്.

കിട്ടുന്ന ആദ്യ അവസരത്തില്‍ മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്തവര്‍ രാജ്യത്തെ അനുകൂലിച്ച് ഒരുത്തന്‍ പറയുമ്പോള്‍ ഉടനെ എതിര്‍ക്കാന്‍ ഇറങ്ങുന്നതില്‍ ചെറ്റത്തരമുണ്ട്. അവരുടെയും അവരുടെ കൂട്ടത്തിലെ മറ്റുള്ളവരുടെയും രാജ്യസ്നേഹ ഗീര്‍വാണത്തിന്റെ പൊള്ളത്തരങ്ങള്‍ ഉടുതുണിയില്ലാതെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥ.

ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവനോട് ഇവര്‍ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നു പറയും. രാജ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇവര്‍ സംസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു പറയും. പിന്നെ ജില്ലയാകും, താലൂക്കാകും, വില്ലേജാകും, താന്‍ താമസിക്കുന്ന ചുറ്റുവട്ടം ആകും. പിന്നെ താന്‍..താൻ മാത്രമാകും..

ഊച്ചാളികള്‍...

*

വാൽ

ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞെന്നോ? അതിനു ഞാനെന്നാ വേണമേടാ ഊ.......വ്വേ?

Saturday, November 14, 2009

സഭാകമ്പം/പിണറായീന്റെ കൊട്ടാരം

ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..

കഴുത്തേ തലകാണുവോ ഇല്ലയോ എന്ന സംശയത്തിനു മറുപടിയായതുകൊണ്ടാണ് രണ്ട് തലക്കെട്ടിട്ടത്..കള്ളക്കമ്മുക്കള് ഒരു തലക്കെട്ട് വെട്ടിയാല്‍ മറ്റൊന്ന്....ഈ തലവെട്ട് കമ്മുക്കളുടെ ഇടയില്‍ പെട്ടാല്‍ രാവണന്‍ പോലും ലങ്ങ് ബാംഗലൂരുവില്‍ ചെന്ന് താമസമാക്കും..പോസ്റ്റിടാന്‍ ഒരു ഒറപ്പിന്. :)

*

ഒരു സഹോദരന്‍ ഒരു പോസ്റ്റില് ഒരു കമന്റില് ഇങ്ങനെ പറയുകയുണ്ടായി...

ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്‍. അന്ന് പുള്ളിക്കാരന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന്‌ ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്‍ ശുദ്ധനായ ഒരു പാവം ആട്ടിങ്കുട്ടി ആകുന്നു..നിഷ്കളങ്കനും കാപട്യമില്ലാത്തവനും ആകുന്നു. തലയില്‍ കഴുത്ത് കാണില്ലെന്നു പറഞ്ഞ മറ്റേ സഹോദരന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ‘വിശ്വസിക്കുക‘ വഴി, ശരിയാണെന്നു കരുതുക വഴി,അതിങ്ങനെ പ്രചരിപ്പിക്കുക വഴി സഹോദരന്റെ ഉള്ളിലെ ഇരുപ്പുവശം പുറത്തേക്ക് വരികയാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തവണ്ണം സഹോദരന്‍ ഒരു നിഷ്കളങ്കന്‍ ആകുന്നു. തലയില്ലാത്തവര്‍ക്ക് മത്സരിക്കാന്‍ കഴിയുന്ന ഒരു കാമ്പസ് ആണ് കാരിയവട്ടം എന്നാ‍ണോ സഹോദരാ പറഞ്ഞുകൊണ്ട് വരുന്നത്? സഹോദരന്റെ പാര്‍ട്ടിക്കാര്‍ സ്ഥിരമായി, എല്ലായ്പ്പോഴും, എല്ലാ കാലത്തും മത്സരിക്കുകയും, തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ചെയ്യുന്ന കാമ്പസ് തന്നെയാണ് സഹോദരാ കാരിയവട്ടം. പച്ച തൊടാതെ പോകുന്നത് കയ്യിലിരുപ്പ് കൊണ്ടല്ലെ എന്ന് ചിന്തിക്കൂ സഹോദരാ.

2001 വര്‍ഷത്തെ ഒരു വാര്‍ത്ത പറയുന്നത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ ഗ്രൂപ്പിസം എന്ന സാത്താ‍ന്റെ സന്തതി കെ.എസ്.യു എന്ന കുഞ്ഞിനെയും ആവേശിച്ചതിനാലാണ് സഹോദരന്റെ കക്ഷി പരാജത്തിന്റെ കടലിലേക്ക് പതിച്ചത് എന്നാണ് സഹോദരാ. തല ഉള്ളത് കൊണ്ടായിരിക്കണമല്ലോ സഹോദരാ അവര്‍ തെരഞ്ഞെടുപ്പില്‍ നിന്നതും തോറ്റതും. തലയില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് കേരള യൂണിവേഴ്സിറ്റി നിയമങ്ങളില്‍ പറയുന്നില്ലല്ലോ സഹോദരാ. ബുദ്ധിയുള്ള കെ.എസ്.യു സഹോദരങ്ങള്‍ ജയിക്കാന്‍ അവസരങ്ങള്‍ ഇല്ലാത്തിടത്തും, എന്തെങ്കിലും തടയാന്‍ സാധ്യതകള്‍ ഇല്ലാതെ പോകുന്ന ഇടങ്ങളിലും സ്വന്തം തല കൊണ്ടു വെക്കില്ല എന്നല്ലേ സഹോദരാ സഹോദരന്റെ സഹോദരന്‍ പറഞ്ഞതിന്റെ പച്ചപ്പരമാര്‍ത്ഥം? ചിന്തിച്ച് അതായത് ധാനിച്ച് കാര്യങ്ങള്‍ മനസ്സിലാക്കൂ സഹോദരാ. ഈ പോയിന്റ് ഇവിടെ പറയുവാനായിക്കൊണ്ട് അവസരം തന്ന സഹോദരന്റെ കമന്റിനു ഒരു നന്ദിയുണ്ട് സഹോദരാ..

ഈ സഹോദരന്‍ തന്നെ മറ്റൊരു പോസ്റ്റില്,മറ്റൊരു കമന്റില് ഇങ്ങനെയും പറയുകയുണ്ടായി...

സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരാ, രണ്ടു കൂട്ടരും കള്ളവോട്ട് ചെയ്യുന്നുവെങ്കില്‍, അതിലൊരുത്തന്റെ കാര്യം മാത്രം എപ്പോഴും പറയുന്നത് മനഃസാക്ഷിക്കു നിരക്കുന്ന പ്രവൃത്തിയാണോ? കെ.എസ്.യുവിന്റെ ആട്ടിങ്കുട്ടികള്‍ സ്വന്തം സംഘടനാ തെരഞ്ഞെടുപ്പില്‍ വരെ കള്ളവോട്ട് ചെയ്തതിന്റെ വര്‍ത്തമാനങ്ങള്‍ സഹോദരന്റെ കര്‍ണ്ണങ്ങളില്, നയനങ്ങളില്, ഇന്ദ്രിയങ്ങളില് പതിയാതെ പോയതാണോ? എക്സ്പ്ലോറര്‍ എടുത്ത്, മൂന്ന് ബ്ലോഗ് തള്ളി, മൂന്ന് പോസ്റ്റ് തള്ളി വായിച്ചാല്‍ അറിയാവുന്ന കാര്യമല്ലേ ഉള്ളൂ സഹോദരാ. സഹോദരന്‍ ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിരുത്തി വായിപ്പാനായിക്കൊണ്ട് അപേക്ഷ. സ്വന്തം ഭവനങ്ങളില്‍ കള്ളത്തരം കാണിക്കുന്ന കുട്ടികള്‍ അതായത് പിഞ്ചുപൈതങ്ങള്‍ പുറത്ത് വരുമ്പോള്‍ എന്തൊക്കെ അതിക്രമം കാണിക്കില്ല?

ആ സഹോദരന്‍ ഇങ്ങനെ തുടരുകയുണ്ടായി....

കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂ‍ടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്‍ വിശ്വാസയോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ പുറത്ത് തന്നെയാണോ എന്നറിയുവാനായിക്കൊണ്ട് അത്യധികമായ ആകാംക്ഷ ഉളവായിരിക്കുന്നു. വിശ്വാസയോഗ്യത്തിന്റെ നിര്‍വചനം എന്താണന്നറിയുവാനായിക്കൊണ്ട് അത്യധികമായ ജിജ്ഞാസ അതായത് ക്യൂരിയോസിറ്റി ഉളവായിരിക്കുന്നു. സഹോദരന്‍ വിശദീകരിക്കുമല്ലോ.

സ്ഥലത്തില്ലാതിരുന്ന സഹോദരന്‍ പ്രിസൈഡിങ്ങ് ആപ്പീസറെ വര്‍ത്തമാനങ്ങള്‍ അറിയിച്ചത് കത്ത് വഴിയോ ഫോണ്‍ വഴിയോ ആയിരിക്കണമല്ലോ. സഹോദരന്റെ കയ്യക്ഷരവും ശബ്ദവും കേട്ട ഉടന്‍, കണ്ടയുടന്‍ സഹോദരന്റെ പാര്‍ട്ടിയേതെന്ന് മനസ്സിലാക്കിയ, പ്രിസൈഡിങ്ങ് ആപ്പീസറുടെ നാമം വാഴ്ത്തപ്പെടട്ടെ. കോണ്‍ഗ്രസ് കയ്യക്ഷരവും കോണ്‍ഗ്രസ് ശബ്ദവും ഉണ്ട് എന്ന ഈ പുതിയ വിവരം അത്യധികമായ ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നു സഹോദരാ. എങ്കിലും സാ‍ത്താന്‍ ഒരു സംശയം മനസ്സില്‍ ഉരുവാക്കുന്നു. പ്രിസൈഡിങ്ങ് ആപ്പീസര്‍ ഒരു നടപടിയും എതിര്‍ക്കാതിരുന്നത് സഹോദരന്റെ പാര്‍ട്ടിക്കാരെ സഹായിക്കാനും ആയിക്കൂടേ? കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?

ബൂത്തില്‍ ഇരിക്കുവാന്‍ സഹോദരന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും ആളുകള്‍ ഉണ്ട് എന്നത് സന്തോഷമുളവാക്കുന്ന കാര്യം തന്നെ. തിരുവനന്തപുരം തിരുവനന്തപുരം എന്ന് പേരായ ഒരു സ്ഥലത്ത് ശശിസഹോദരന്‍ ശശിസഹോദരന്‍ എന്നു പേരായ ഒരു സഹോദരന്‍ കയ്യിലെ കാശുമുടക്കി ഏജന്‍സിയില്‍ നിന്നും ആളെ വെച്ചാണ് സ്ലിപ്പുകള്‍ നല്‍കിയതും ബൂത്തില്‍ ഇരുത്തിയതും എന്ന വര്‍ത്തമാനം വായിക്കുകയുണ്ടായി. അങ്ങിനെയല്ലാതെയും ഉണ്ട് എന്നത് വിശ്വാസയോഗ്യമായ വിവരം തന്നെ എന്ന് കരുതുന്നു. ആ ശശി സഹോദരന്‍ വിജയത്തെ പ്രാപിക്കുകയാല്‍ മുടക്കിയ ധനം തിരിച്ചു പിടിക്കാനായിക്കൊണ്ട് കഴിയും എന്നതും സന്തോഷമുളവാക്കുന്ന വര്‍ത്തമാനം തന്നെ.

സഹോദരന്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയ പോസ്റ്റ് വരാത്തതില്‍ ഖേദിക്കുന്നു. എങ്കിലും രഹസ്യസ്വഭാവമുള്ള ലിസ്റ്റുകള്‍ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നു സഹോദരാ. ആ ലിസ്റ്റ് പുറത്താവുകയാണെങ്കില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്ത സഹോദരങ്ങളെ സാത്താന്റെ സന്തതികളായ മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുകയില്ലേ സഹോദരാ? അനാവശ്യകാര്യങ്ങള്‍ പുറത്താക്കുക വഴി സ്വന്തക്കാരെ ദ്രോഹിക്കുന്നത് ശരിയാണോ സഹോദരാ? നിന്നെപ്പോലെ നിന്റെ അയല്‍‌വോട്ടറെയും സ്നേഹിക്കുക എന്നല്ലേ സഹോദരാ പ്രമാണം?

ആ സഹോദരന്‍ ഇവ്വിധം തുടരുകയുണ്ടായി....

സുധീ‍രന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍‌കുട്ടിതന്നെ(കമ്യൂ‍ണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരികള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തവന്‍ സഹോദപട്ടത്തിനു അര്‍ഹനല്ല എന്നത് സത്യം തന്നെ സഹോദരാ. എങ്കിലും നാലഞ്ച് എന്നു പറയുമ്പോള്‍ നാലോ അഞ്ചോ എന്ന് ചില അവിശ്വാസികള്‍ ചോദിക്കുകയാണെങ്കിന്‍ എന്ത് മറുപടി പറയും സഹോദരാ? നാലഞ്ച് ഇരുപതായിക്കൂടേ സഹോദരാ? ഇടതുപക്ഷക്കാരിയാകയാല്‍ ആ സഹോദരിയെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല സഹോദരാ. ഇരുപത് കള്ളവോട്ട് ചെയ്തിട്ട് നാല് അഥവാ അഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ചതായിരിക്കും സഹോദരാ. പല പെണ്‍കുട്ടികള്‍ അവരുടെ വോട്ട് തന്നെ ചെയ്താല്‍ അതിനെ കള്ളവോട്ട് എന്ന് പറയാന്‍ പറ്റുകയില്ല സഹോദരാ. ‘ഒരേ പെണ്‍കുട്ടി തന്നെ’ എന്ന് സഹോദരന്‍ എടുത്ത് പറയേണ്ട കാര്യമില്ല.

ആ സഹോദരന്‍ ഇവ്വിധവും തുടരുകയുണ്ടായി....

കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്റെ കേട്ടറിവു തന്നെയാണു സഹോദരാ യഥാര്‍ത്ഥ അറിവ്. അതിനു മീതെ ഒരു വിക്കിയും പറക്കില്ല സഹോദരാ. പിണറായിയില്‍ നിന്നുള്ള സഹോദരനായ വിജയന്റെ കമലാ എന്റര്‍പ്രൈസസ് (അതേ സഹോദരാ..പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അതേ സിംഗപ്പൂര്‍ കമ്പനി തന്നെ) തങ്ങളുടെ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കുന്ന ഉല്പന്നം ഈ ലായകങ്ങള്‍ ആണു സഹോദരാ. ബിനീഷ് കൊടിയേരി എന്ന മറ്റൊരു സഹോദരനാണു സഹോദരാ അതിന്റെ മൊത്തവും ചില്ലറയും ആയ വ്യാപാരത്തിന്റെ നാഥന്‍. തോമസ് ഐസക്ക് എന്ന സഹോദരനാണു സഹോദരാ അതിനാവശ്യമായ ധനകാര്യം കൈകാര്യം ചെയ്യുന്നത്. എം.എ. ബേബി എന്ന സഹോദരനാണു സഹോദരാ ഉല്പാദനത്തിനാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നത്. പാലോളി മുഹമ്മദ് കുട്ടി എന്ന അല്പം മൂത്ത സഹോദരനാണു സഹോദരാ പ്രാദേശികമായ വില്പനക്ക് കളമൊരുക്കുന്നത്. സ്ഥലത്തില്ലാഞ്ഞിട്ടും മറ്റെല്ലാ കാര്യങ്ങളും അറിയുന്ന സഹോദരന്‍ ഈ വര്‍ത്തമാനങ്ങള്‍ അറിയാതെ പോയത് സാത്താന്റെ കളി തന്നെ. ക്രൈം നന്ദന്‍ എന്ന സഹോദരനും ‘ഭൂമി‘ കുമാരന്‍ എന്ന സഹോദരനും ഇതൊന്നും പറഞ്ഞു തന്നില്ലെ സഹോദരാ?

ഈ ഒരു ടൈമില്, ഈയൊരു അവസരത്തിങ്കല്, ഈയൊരു പ്രത്യേക സ്ഥിതിവിശേഷത്തിങ്കല് വിട പറയുകയാണ്. ഇനിയും ആവശ്യം വരികയാണെങ്കില്, സന്ദര്‍ഭം സംജാതമാകയാണെങ്കില് വീണ്ടും കാണാം സഹോദരാ...

*

ളോഹയും കളസവും ഊരിയിട്ടപ്പോള്‍ ഒന്ന് ഫ്രീ ആയപ്പോള്‍ യെന്തൊരാശ്വാസം...

പിണറായി വിജയന്റെ ‘കൊട്ടാര’ത്തിന്റെ ഫോട്ടോയെന്ന് പറഞ്ഞ് പാറിനടക്കുന്ന പിതൃശൂന്യ ഇമെയിലിന്റെ വകേലൊരു തന്തയാവാനും തൊട്ടിലിലിട്ട് കളിപ്പിക്കാനും ആളുകള്‍ ഉണ്ടെന്നറിഞ്ഞപ്പ പെരുത്ത് സന്തോഷ..ഫോട്ടോവില്‍ കാണണ കോപ്പ് ആരിന്റെയെന്നറിയില്ല. ന്നാലും പിണറായീന്റേതെന്ന് പറഞ്ഞാ നാലാളു പോസ്റ്റിക്കേറും.....അതിന്റെ ലൊക്കേഷം കണ്ടുപിടിക്കാന്‍ മത്സരം വെച്ചാ സന്ദേശം മനസ്സിലാക്കി ചൊറിക്കമന്റുമായി ഒന്നരമുതല്‍ അഞ്ചരവരെയുള്ള ടീംസ് വന്നോളും..

പിന്നെ അരെങ്കിലും എതിര്‍ത്താല്‍ പറയാന്‍ ചില മുന്‍കൂര്‍ ജാമ്യങ്ങള് വേണം‍..ഞാനും സഖാവാണെന്ന അവകാശവാദം മതിയാകും‍..തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്.

വരുന്ന ഇമെയിലിലെ പടം ഒരാളുടെ വീടാണെന്ന് പറഞ്ഞ് കിട്ടിയാല്‍ തലയ്ക്ക് വെളിവുള്ളവന്‍ ആദ്യം ചെയ്യേണ്ടത് അത് ശരിയോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. “നുമ്മ ബിശ്വസിക്കണില്ലാ, യെന്നാലും ആ ബീടിന്റെ പോട്ടം പോസ്റ്റുകാണെന്ന്“ ജാമ്യനെടുക്കേണ്ടി വരുന്നതിന്റെ കാരണം ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങള്‍ക്ക് ആവശ്യത്തിനുറപ്പില്ല എന്നതാണ്. പത്രങ്ങളും ചാനലുകളും ഇത്രയും കാലമായി കൊട്ടാരത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മതിയാവും കളി മനസ്സിലാക്കാന്‍. അപ്പോ ഉദ്ദേശ്യം വേറെയാണ്..സത്യം മനസ്സിലാക്കലും മണ്ണാങ്കട്ടയുമൊക്കെ പുകമറ.

ന്യൂസ് അറ്റ് കേരള വ്യക്തമായി അത് പറഞ്ഞിട്ടുണ്ട്...

ഗീബല്സിയന്‍ തന്ത്രം എന്നാല്‍ എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കൊള്ളാവുന്ന ഏതെങ്കിലും ഒരു വീടിന്റെ പടം എടുത്ത് പിണറായിയുടെയാണെന്ന് പ്രചരിപ്പിക്കുക, പിന്നതിന്റെ മേലെ ചര്‍ച്ച കമന്റുകള്‍ അങ്ങിനെ ആ കാര്യം ജന മനസ്സുകളിലങ്ങ് പ്രതിഷ്ഠിക്കുക.ഇത്തരം തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ഒന്നന്വേഷിക്കുന്നത് നന്നായിരുന്നു. ഇതല്ല ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള വീടെങ്കിലും പിണറായിക്കുണ്ടായിരുന്നെങ്കില്‍ കൊല്ലാനുപയോഗിച്ച കത്തിയും തൂറാനുപയോഗിച്ച കുണ്ടിയും അന്വേഷിച്ചു നടക്കുന്ന കേരളത്തിലെ മാധ്യമ പിമ്പുകള്‍ അത് എന്നേ ഒന്നാം പേജ് വാര്ത്തയാക്കിയേനേ. പോളിറ്റ്ബ്യൂറോ രേഖ ചോര്ന്നു കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കാണോ ഒരു വീടിന്റെ പടം കിട്ടാന്‍ പ്രയാസം.എന്തേ അവരാരും അത് പ്രസിദ്ധീകരിക്കാത്തത്. ദേശാഭിമാനിക്കും കൈരളിക്കും അതിനു പുറകെ പോകെണ്ട കാര്യമില്ല.

നീയൊരു കള്ളനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തെളിയിച്ചോണം കള്ളനല്ലെന്ന്. ഞാനങ്ങ് പറഞ്ഞിട്ടു പോവും..ക്രൈം നന്ദനും ഭൂമി കുമാരനും എന്റെ കൂടെ ഉള്ളപ്പോള്‍ നീയെത്ര പറഞ്ഞാലും എങ്ങും എത്തില്ല എന്ന അഹങ്കാരം എനിക്കുണ്ടെന്ന് കൂട്ടിക്കോ.

വിശ്വസിക്കുന്ന കാര്യം മാത്രവേ പോസ്റ്റാവൂന്ന് ബ്ലോഗറണ്ണന്‍ കണ്ടീഷന്‍ വെക്കാത്ത സ്ഥിതിക്ക് ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാമെന്നായിരിക്കും. സീപീയെമ്മിനെക്കുറിച്ചാവുമ്പോള്‍ പ്രത്യേകിച്ച്..അവരെക്കുറിച്ച് നുണ പറയുന്നതില്‍ കുറ്റബോധത്തിന്റെ ആവശ്യവും ഇല്ലല്ലോ.

അല്ലെങ്കില്‍ പിന്നെ പ്രാഥമികകൃത്യനിര്‍വഹണം പോലും നടത്താതെ രാവിലെ തൊട്ടേ സി.പി.എം വിരുദ്ധത ഛര്‍ദ്ദിക്കുന്ന മറ്റേ അണ്ണനെങ്ങനെ ഒരു അഞ്ച് അഞ്ചര സ്ല്ലീപ്പിംഗ് പിത്സ് അടിക്കാതെ ഉറങ്ങാന്‍ പറ്റും?

കാര്യമറിയണം എന്നുള്ളവര്‍ക്കു വായിക്കാനായി ശതമന്യു പണ്ടേ കാര്യങ്ങളൊക്കെ ഇവിടെ വിശദമായി എഴുതി വെച്ചിട്ടുണ്ട്..

കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

തള്ളേ...ആരോടിതൊക്കെ പറയണത്..സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?

Wednesday, November 11, 2009

ഒരു ജനാധിപത്യവാദിയുടെ അസ്ഥിര ചിന്തകള്‍

രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.

പല്ലുതേക്കാന്‍ പേസ്റ്റ് ഞെക്കിയപ്പോള്‍ അത് കാലി. അതെങ്ങനാ? പണ്ട് പല്‍പ്പൊടി വന്നപ്പോള്‍ എതിര്‍ത്തിരുന്ന ഇടതന്മാരല്ലേ ഇപ്പോള്‍ പേസ്റ്റ് മുഴുവന്‍ ഉപയോഗിക്കുന്നത്. നമ്മളെപ്പോലുള്ള പാവപ്പെട്ട ജനാധിപത്യവാദികള്‍ക്ക് വിരലു തന്നെ ശരണം. വലതുകൈ കൊണ്ട് പല്ലു തേച്ചെന്നു വരുത്തി.

ഭാര്യ കൊണ്ടു വെച്ച കാപ്പി മോന്തി. വീരന്‍ വലതുപക്ഷത്തേക്ക് വന്നതില്‍പ്പിന്നെ കാപ്പിക്കും ചായയ്ക്കും ഒക്കെ എന്താ ഒരു ടേസ്റ്റ്. വയനാടന്‍ മണ്ണിന്റെ ഒരു ശക്തി. പാലൊഴിച്ച കാപ്പിയേ കുടിക്കൂ എന്നതൊരു വാശിയാണ്. അവന്മാരുടെ കട്ടഞ്ചായയോടുള്ള പ്രത്യയശാസ്ത്രപരവും ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചതുമായ എതിര്‍പ്പ്. പുട്ടും പഴവും ചിക്കനും കുഴച്ച് അടിച്ചു. അവന്മാരുടെ പരിപ്പുവടക്കെതിരെ ഒരു ജനാധിപത്യവാദിയുടെ സ്വാഭാവിക പ്രതിഷേധം.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സ്പേസിലെ ജനാധിപത്യവാദികളെ ഒരുമിപ്പിക്കണം എന്ന് ഇന്നലെ സ്വപ്നത്തില്‍ ഇന്ദിരാജി പറഞ്ഞിട്ട് പോയതേയുള്ളൂ. പാവം ഇന്ദിരാജി. അന്നത്തെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവിക പ്രതികരണമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജനാധിപത്യപരമായ നടപടിക്ക് എത്ര പള്ള് കേട്ടു. രാജൻ, ഈച്ചരവാര്യര്‍ എന്നൊക്കെ പറഞ്ഞ് ആ ഇടതന്മാര്‍ ലീഡറെ എത്ര ദ്രോഹിച്ചു. എത്ര പേരെ പിടിച്ച് അകത്തിട്ടാലെന്താ, ഉരുട്ടിയാലെന്താ കൃത്യസമയത്ത് ബസ് ഓടുകയും ഓഫീസ് തുറക്കുകയും ചെയ്തില്ലേ? ‘സര്‍ക്കാരിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കാനുള്ള‘ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പൂക്കാലമല്ലായിരുന്നോ അന്ന് ? ഇന്ദിരാജിയില്ലായിരുന്നെങ്കില്‍ നമുക്ക് അടിയന്തിരാവസ്ഥ എന്നൊന്ന് കാണാന്‍ പറ്റുമായിരുന്നോ? സ്മരണ വേണം ഇടതന്മാരേ സ്മരണ.

എന്നാലും ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി ഇന്ദിരാജി നടപ്പിലാക്കിയ നടപടികളോട് തനിക്കെന്തോ യോജിക്കാന്‍ തോന്നുന്നില്ല. അതിലെ ഇടതുപക്ഷ സ്വഭാവം ആയിരിക്കാം കാരണം. നാവടക്കൂ പണിയെടുക്കൂ, കുറച്ച് സംസാ‍രം കൂടുതല്‍ അദ്ധ്വാനം എന്നതിനോടും യോജിപ്പില്ല. തന്നെപ്പോലുള്ള വിടുവായന്മാര്‍ നാവടക്കിയാല്‍ ചത്തുപോകില്ലേ? ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയും, വനവാസി നിയമവും ഒക്കെ അതുപോലെ തന്നെ. എന്തിനാണ് കോണ്‍ഗ്രസ് ഇടതന്മാരുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്? എന്നാലും ഒരു സമാധാനമുണ്ട്. നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് ആകയാല്‍ അത് അവസാനം വലതുപരിപാടിയായേ അവസാനിക്കൂ. പാവപ്പെട്ട മുതലാളിമാരുടെ രോമത്തിനുപോലും ഒരു കുഴപ്പവും സംഭവിക്കില്ല.

ഇന്ത്യയിലെ ജനസംഖ്യ എന്ത് പോക്കാണ് പോകുന്നത്? അന്ന് സഞ്ജയ് മോന്റെ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള ജനോപകാരപ്രദമായ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു ഇപ്പോള്‍ സ്ഥിതി? പാവം മോൻ. ദല്‍ഹിക്കൊക്കെ എന്താ ഇപ്പോള്‍ ഒരു സൌന്ദര്യം. ഇടിച്ചു നിരപ്പാക്കിയാണെങ്കിലും മോന്‍ അന്ന് ചേരി നിര്‍മാര്‍ജ്ജനം’ നടത്തിയല്ലായിരുന്നെങ്കില്‍ ദല്‍ഹിക്കിത്ര സൌന്ദര്യം ലഭിക്കുമായിരുന്നോ? ഇതുപോലെ തന്നെയാണ് വിമോചന സമരവും. തികച്ചും സ്വാഭാവിക പ്രതികരണം. വിമോചനസമരം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ വികസനം അന്‍പതു കൊല്ലം പിറകോട്ട് പോകുമായിരുന്നു. സഹായിച്ച സി.ഐ.എക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഫാദര്‍ വടക്കനെപ്പോലെ സമരത്തില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞത് അവരുടെ ജനാധിപത്യ വിരുദ്ധത.

ചിന്തകള്‍ കാടുകയറുകയാണ്.

അടിയന്തിരാവസ്ഥ പിന്‍‌വലിക്കുക എന്ന രാഷ്ട്രീയമര്യാദ കാണിച്ച ഇന്ദിരാജിയെയുടെ സ്വാഭാവികപ്രതികരണത്തിന്റെ രാമണീയകത, 1984ലെ സിഖ് കൂട്ടക്കൊലയെന്ന സ്വാഭാവികപ്രതികരണത്തിന്റെ മനുഷ്യസ്നേഹപരത, വിമോചനസമരത്തിന്റെ ജനാധിപത്യപരത..നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടുകള്‍ ഇതൊക്കെയാണ്.

സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേരു ഗാന്ധി അല്ല. ഘാണ്ടി ആണ്. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ഒരാളെയും മഹാത്മാ എന്ന് വിളിക്കാന്‍ ഈ മാനവികതാവാദിയെ കിട്ടില്ല. ഹല്ല പിന്നെ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന നുണയാണ് ഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് പറഞ്ഞു എന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന സ്വാഭാവിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ഞാനും എന്റെ ഭാര്യയും കുട്ട്യോളും തട്ടാനും ലാപ്‌ടോപ്പും ബ്രോഡ്‌ബാന്‍ഡും ചിക്കനുമൊക്കെയുള്ള ഈ സമത്വസുന്ദരഭാരതത്തില്‍ എത്തിയത്. സ്മരണ വേണം ഇടതന്മാരേ സ്മരണ.

ഇനി പ്രാഥമിക കൃത്യനിര്‍വഹണം കഴിഞ്ഞ ശേഷം ബാക്കി ചിന്തിക്കാം..സുധാകരനെന്ന ജനാധിപത്യത്തിന്റെ അമരക്കാരനെക്കുറിച്ച് ചിലതൊക്കെ എഴുതണം. ചിന്തിക്കണം. പിണറായിയിലെ ചന്തയില്‍ നിന്ന്, കടകളില്‍ നിന്ന്, പച്ചക്കറിയും പലചരക്ക് വ്യഞ്ജനങ്ങളും ഒക്കെ സഞ്ചിയില്‍ എടുത്തിട്ട് നടന്നുപോകുന്ന ഒരു സഖാവിനെക്കുറിച്ച് കൂടി എഴുതാം. സിനിമ കാണുന്നതിന്റെ ഓരോരോ ഗുണങ്ങളേയ്. എല്ലാ വില്ലന്മാരുടെയും സ്വഭാവം എടുത്ത് മാര്‍ക്സിസ്റ്റുകാരനാണിവന്‍ എന്നു പറഞ്ഞ് എത്ര വേണമെങ്കിലും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാം. കീരിക്കാടന്‍ ജോസ് ഈ ബ്ലോഗിന്റെ നാഥൻ.

ഉഗാണ്ടയിലിരുന്ന് എഴുതുന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല. ധൈര്യമായി എഴുതാം. നാട്ടിലായിരുന്നെങ്കില്‍ തന്റെ കയ്യിലിരുപ്പ് വെച്ച് നോക്കുമ്പോള്‍ പണ്ട് ജയന്‍ ഒരു സിനിമയില്‍ പറഞ്ഞ പോലായേനേ ജീവിതം. പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും.

പ്രാഥമികകൃത്യനിര്‍വഹണം കഴിഞ്ഞ് വന്നിരുന്ന് ചിന്തിക്കുമ്പോള്‍ ഇതുവരെ ചിന്തിച്ചതിന്റെ നേര്‍ വിപരീതം ആയിപ്പോകുമോ? എന്നാലും സാ‍രമില്ല. ഇതൊക്കെ കീറിക്കളഞ്ഞ് അതെഴുതിവെക്കാം. മന്മോഹന്‍ സിങ്ങ് രാജിവെക്കണം എന്നെഴുതി കുറച്ച് കഴിഞ്ഞ് അത് മായ്ച്ച് മന്മോഹന്‍ സിങ്ങിനു അഭിവാദ്യങ്ങള്‍ എന്നെഴുതിവെക്കാന്‍ ഉളുപ്പില്ലാത്ത തന്നോടാണ് കളി. സ്മരണ വേണം ഇടതന്മാരേ സ്മരണ..