Friday, May 18, 2012

5 മാസത്തിനിടെ ആന ഇടഞ്ഞത് 129 തവണ; മരണം 18 - സി.പി.എം ബന്ധം അന്വേഷിക്കണം

തിരു: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ 5 മാസത്തിനിടെ 129 തവണ ആന ഇടഞ്ഞതിനു പിന്നില്‍ സീപീയെം ആണെന്ന സംശയം ബലപ്പെടുന്നു.

ചെങ്കൊടി കണ്ടാല്‍ വിരളുന്ന കാളകളെപ്പോലെ ചെങ്കൊടി കണ്ടാല്‍ വിരളുന്ന തരത്തില്‍ ആനകളേയും പരിശീലിപ്പിക്കുന്നതിനായി പാര്‍ട്ടി ആനക്കൊട്ടില്‍ കണ്ണൂരിലും പാലകാടും തൃശൂരും പ്രവര്‍ത്തിക്കുന്നതായി നിഷ്പക്ഷ ആന നിരീക്ഷകരും ആനയെഴുത്തുകാരും സൂചിപ്പിക്കുന്നു.

നാട്ടിലെങ്ങും കാണാനാകുന്ന ചുവന്ന കൊടി അഥവാ ചെങ്കൊടി ആനകളെ അക്രമാസക്തരാക്കുകയും അവ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനു പിന്നില്‍ സീപീയെമ്മിന്റെ ഹീനമായ കൊലപാതക രാഷ്ടീയമാണെന്ന് 99.9% പേരും വിശ്വസിക്കുന്നതായി ആനകളുടെ ജാതിനിരീക്ഷകനായ ആനക്കെട്ട് ജയചങ്കരന്‍ പറഞ്ഞു.

ബ്രാഞ്ച് മുതല്‍ പീബി വരെ നീളുന്ന വിവിധ ഘടകങ്ങള്‍ ഉയര്‍ത്തുന്ന ചെങ്കൊടികള്‍ കണ്ട് വിരളുന്ന ഈ ആനകളെ വേണമെങ്കില്‍ സീബീ‍ഐ പാപ്പാന്മാര്‍ ഒതുക്കിത്തരുമെന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അത് കേന്ദ്രമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും ആനകള്‍ക്ക് സംസ്ഥാന പാപ്പാന്മാരുടെ ഒതുക്കല്‍ തന്നെ ധാരാളമാണെന്നും സംസ്ഥാന മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇതിനിടയില്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്ന സാഹിത്യകാരന്മാര്‍ മുരട്ടുകാളവന്മാര്‍ ആണെന്ന് ചീഫ് പാപ്പ് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.