Saturday, October 24, 2009

ഇദെന്തൂട്ടാ..

ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?

ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..

നാട്ടിന്‍‌പുറത്തൊരു ചൊല്ലുണ്ട്..

“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)

വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..

വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..

*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?

എവടെ?

കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..

*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.

......പുല്ല്

Friday, October 9, 2009

ശവങ്ങള്‍ക്കെന്തിനാ പ്രത്യേക ബീമാനം ?

രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാ‍ശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.

പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.

“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“

എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.

“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“

ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.

അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..

എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.

ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..

രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.

അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍‌ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...

മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.