Monday, January 9, 2012

ജനസമ്പര്‍ക്കം

എന്താ‍ണ് ജനസമ്പര്‍ക്ക പരിപാടി?

ജനവുമായി പ്രതേകിച്ച് സമ്പര്‍ക്കമില്ലാത്തവര്‍ ഒരു ചേയ്ഞ്ചിനു വേണ്ടി എന്നാലിത്തിരി സമ്പര്‍ക്കം നടത്തിയേക്കാം എന്ന് വിചാരിച്ച് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന ദര്‍ബാര്‍.

നല്ല ആളുണ്ടല്ലോ..

വേദിയിലല്ലേ...ഫോട്ടോക്ക് പോസ് ചെയ്യുന്ന മുമുഖ്യമന്ത്രിമാരുടെ തള്ളാണ്.

അല്ല..ജനം കൂടുന്നുണ്ടത്രെ..

ബിരിയാണി കിട്ടും എന്ന് ഫ്ലെക്സടിച്ചിറക്കുന്നത് കണ്ട് ഇനി ശരിക്കും ബിരിയാണി ഉണ്ടെങ്കിലോ എന്ന് കരുതി ആളു വരുന്നതാണെന്ന് ജനസംസാരം..

ഈ പരിപാടി കൊണ്ട് പ്രയോജനം ഇല്ലെന്നാണോ?

പന്തല്‍, മൈക്ക് സെറ്റ്, കസേര. ഇതൊക്കെ വാടകക്ക് കൊടുക്കുന്നവര്‍ക്ക് നല്ല കോളാണത്രെ. ഇടക്കിടെ പരിപാടിയുടെ വേദി മാറ്റുമ്പോള്‍ ഇരട്ടി മെച്ചമത്രെ.

പരാതി പരിഹരിച്ചെന്നാണ് അവകാശവാദം..

കിട്ടിയ പരാതിയില്‍ 7% പരിഹരിച്ചു എന്ന് വാര്‍ത്തകളില്‍ കാണുന്നു.

മന്ത്രിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അസൂയയല്ലേ?

വില്ലേജ് ആപ്പീസറും തഹസീല്‍ദാറും പരിഹരിക്കേണ്ട പരാതികള്‍ അവരെക്കൊണ്ട് പരിഹരിപ്പിക്കാന്‍ കഴിവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതില്‍ ഇത്ര അസൂഷപ്പെടാനെന്തിരിക്കുന്നു....

ജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലെ എതിര്‍പ്പല്ലേ?

തറവാട്ട് സ്വത്തില്‍ നിന്ന് എടുത്ത് കൊടുക്കുന്ന പോലെ തോന്നുമല്ലോ വര്‍ത്തമാനം കേട്ടാല്‍...

ദോഷൈകദൃക്‌കാണല്ലേ?

കണ്ട കാര്യം പറയുന്നതിനെയാണോ ദോഷൈകദൃക്‌കെന്ന് പറയുന്നത്..

ജനങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിനെപ്പറ്റി എന്ത് പറയാനുണ്ട്?

ജനത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ഇങ്ങനെ അടിച്ചുമാറ്റി അവരെ ഒരു അരുക്കാക്കണോ എന്നേ ചോദിക്കാനുള്ളൂ..

ഈ പരിപാടി നിര്‍ത്താന്‍ ഭാ‍വമില്ലെന്നാണ് വാര്‍ത്തകള്‍...

നിര്‍ത്തരുത്..നിര്‍ത്തിയാല്‍ വാര്‍ത്തകളും നില്‍ക്കും.

അപ്പ ശരി

ശരി ശരി

Sunday, January 8, 2012

മാധ്യമസ്വാതന്ത്ര്യങ്ങള്......

എന്തരണ്ണാ ചാനലുകളൊന്നും വെച്ചില്ലേ അണ്ണാ?

എന്തരിനെടേയ്...

ബെച്ച് നോക്ക്...ജില്ലാ സമ്മേളനത്തീ യേക്കെ ബാലനു വിമര്‍ശനം, റ്റീവീ രാജേഷിനു വിമര്‍ശനം, കൊട്യേരിക്കി വിമര്‍ശനം, വീയെസിനു വിമര്‍ശനം, പിണ്‌റായിക്കി കൊടിയ വിമര്‍ശനം..

ആരു പറഞ്ഞെടേയ്..?

സ്ക്രോളുകളണ്ണാ...എല്ലാത്തിലും ഒണ്ടണ്ണാ..

ഒണ്ടെങ്കി?

സത്യമാരിക്കുമണ്ണാ...

നീ ഒറപ്പിച്ചാ?

ഒറപ്പിച്ചണ്ണാ...

ഇതേ ചാനലുകളല്ലെടേയ് സീപീയെമ്മീ അഭിപ്രായ സ്വാതന്ത്ര്യോം ജനാധിപത്യോം ഒന്നുമില്ല, എല്ലാം മേല്‍ക്കമ്മിറ്റീന്ന് ആളുവന്ന് നിയന്ത്രിക്കുകയാണെന്ന് ക്യേ വ്യേണൂനെക്കൊണ്ടും, ചീയേഴ്സണെക്കൊണ്ടും വള്ളിക്കുന്നനെക്കൊണ്ടും ഒക്കെ കഴിഞ്ഞയാഴ്ച പറീച്ചതും സ്ക്രോളോട്ടിച്ചതും?

തെന്നെ അണ്ണാ...

ഇപ്പ ദേ അതിന്റെ എതിരു സ്ക്രോളും ലവരു തന്നെ ഓട്ടിക്കണ്..

തെന്നെ അണ്ണാ...

അഭിപ്രായ സ്വാതന്ത്ര്യമില്ലാന്നുള്ള സ്ക്രോള്‍ പുതിയ സ്ക്രോളു വഴി കാന്‍സലായതോണ്ട് പഴയത് ഇനി അവരു ഓട്ടിക്കൂല ഇല്ലെടേയ്..

ലത് ഇനീം ഓട്ടിക്കും അണ്ണാ..

തെരഞ്ഞെടുപ്പ് നടന്നാല്‍ ലോണ്ടേ സീപീയെമ്മില്‍ വിഫാഗീയത എന്നതും ഓട്ടിക്കുമോടേയ്?

വേണ്ടിവന്നാല്‍...

മത്സരം നടന്നില്ലെങ്കില്‍ ലോണ്ടേ ലവന്മാരുടെ വിപ്ലവച്ചൂട് പോയി, ലവന്മാരു സമവായിച്ചൂന്നും ഓട്ടിക്കുവോടേയ്?

ചെലപ്പ...

ഇതൊക്കെ എന്തരു മര്യാദകളെടേയ്?

മര്യാദകളല്ലണ്ണാ...സ്വാതന്ത്ര്യങ്ങള്...പല തരം സ്ക്രോളുകളു ഓട്ടിക്കാനുള്ള സ്വാതന്ത്ര്യങ്ങള്......മാധ്യമസ്വാതന്ത്ര്യങ്ങള്..