Sunday, August 22, 2010

ഓണക്യൂവേ..ഉത്രാടക്യൂവേ..

ഓണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബീവറേജസ് കോര്‍പ്പറേഷനെക്കുറിച്ച് എഴുതിയിട്ട് അവസാനം അതിനെ ഉത്രാടനാളിലെ ക്യൂവില്‍ കൊണ്ടു ചെന്നുകെട്ടിയാല്‍ മുഴുവന്‍ മാര്‍ക്കും കിട്ടുമോ എന്നത് നൂറുമാര്‍ക്കിന്റെ ചോദ്യമാണ്. മാവേലിയെ വരെ ക്യൂവില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ വിവിധ വര്‍ണ്ണങ്ങളിലും വലിപ്പത്തിലും ആല്‍ക്കഹോള്‍ കണ്ടന്റിലും നിറഞ്ഞു നില്‍ക്കുന്ന ഫുള്ളുകള്‍, പൈന്റുകള്‍, ക്വാര്‍ട്ടറുകള്‍....‍.ബീവറേജസ് കാലഘട്ടത്തിലെ ഓണമേ നീയെത്ര ധന്യ.

ബീവറേജസ് കോര്‍പ്പറേഷനു മുന്നിലെ ക്യൂവില്‍ നില്‍ക്കുന്ന മലയാളിയുടെ ഒത്തൊരുമയും സ്നേഹവും പരസ്പരസഹകരണവും വളര്‍ന്ന് വളര്‍ന്ന് ഒരു ഐതിഹ്യത്തോളമെത്തിയിട്ടുണ്ട്. കുടിയന്മാര്‍ അടിസ്ഥാനപരമായി നല്ലവരാണ് എന്നതില്‍ തുടങ്ങി കുടിയന്മാരെ കണ്ടുപഠിക്കണം എന്നത് വരെയുള്ള തിയറികള്‍ ഈ ക്യൂവിലെ ഒത്തൊരുമയെക്കുറിച്ച് ആരൊക്കെയോ അടിച്ചിറക്കിയിട്ടുണ്ട്.കുടിയന്മാര്‍ക്ക് മൊത്തത്തില്‍ അപമാനകരമായ, അവരുടെ സാമ്പത്തികാപഗ്രഥന ശേഷിയെ കൊച്ചാക്കുന്ന അത്തരം തിയറികളുടെ കടക്കല്‍ കത്തിവെക്കാതെ കുടിയന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനാവുകയില്ല.

എല്ലാം കച്ചവടച്ചരക്കാകുന്ന ഈ മുതലാളിത്ത ലോകക്രമത്തില്‍ ബീവറേജ് ക്യൂവും ലാഭത്തിനുള്ള ഉറവിടമാണ്. രണ്ടെണ്ണം വിട്ടതിനുശേഷം ഉണ്ടാക്കുന്ന അലമ്പൊക്കെ വിടുന്നതിനു മുന്‍പും ഉണ്ടാക്കിയാല്‍ പിന്നെ പേഴ്സ് കാലിയാക്കി രണ്ടെണ്ണം വിടുന്നതില്‍ ‘ഒന്ന് മണപ്പിക്കാനുള്ള‘ സാമ്പത്തിക അച്ചടക്കം പോലുമില്ല. രണ്ടെണ്ണം വിട്ട ശേഷമുള്ള അലമ്പില്‍ നിന്ന് വിടുന്നതിനു മുന്‍പുള്ള ശാന്തത കുറച്ചാല്‍ ഏറ്റവും ലാഭം കണക്കില്‍ കാണണമെങ്കില്‍, വിടുന്നതിനു മുന്‍പ് മാക്സിമം മാന്യനും വിട്ടശേഷം മാക്സിമം അലമ്പും ആയിരിക്കണം. ഇത് തീര്‍ത്തും ലളിതമായൊരു സാമ്പത്തിക നിയമമാണ്. ഇത്രയും ലളിതവും സമഗ്രവുമായൊരു ചിന്താപദ്ധതിയുടെ അടിസ്ഥാനത്തില്‍ ബീവറേജ് ക്യൂവില്‍ നില്‍ക്കുന്ന പാവം മലയാളിയെയാണ് ‘കുടിയന്‍ ബേസിക്കലി നല്ലവന്‍, ലവനെക്കണ്ട് പഠി’ ടൈപ്പ് സാംസ്കാരിക അപഗ്രഥനങ്ങള്‍ കൊണ്ട് അപമാനിക്കുന്നത്. കുടിയന്മാരോട് എന്തുമാവാം എന്നുള്ള സാംസ്കാരിക ഫാഷിഷമല്ലാതെ മറ്റൊന്നുമല്ല ഇത്.

ഇത്തരം ഫാഷിഷങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു...