Tuesday, April 28, 2009

ശുദ്ധഗതി

എ.ഐ.സി.സിക്ക് തെരഞ്ഞെടുപ്പ് ഫണ്ടുണ്ടോ ഇല്ലയോ എന്നത് മറ്റാര്‍ക്കും അറിയില്ലെങ്കിലും രമേശ് ചെന്നിത്തലക്ക് അറിയാം. അച്ഛന്‍ പത്തായത്തിലില്ല എന്ന് പറഞ്ഞ കുട്ടിയുടെ മുഖഭാവത്തോടെ ശുദ്ധഗതിക്കാരനായ അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നു. ഐ.ഐ.സി.സിക്ക് ഓരോ മണ്ഡലത്തിലും ഒരു കോടി രൂപ വെച്ച് കൊടുക്കുന്ന പദ്ധതികള്‍ ഒന്നും തന്നെയില്ല. തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തോണ്ണൂറ്റി ഒന്‍പത് രൂപയുടെ പദ്ധതി കാണും. അത് വേറെ കാര്യം.

എന്നാലും ഫണ്ട് മുക്കുന്ന കഥകള്‍ മനോരമ വാരികയിലെ തുടരന്‍ നോവലുകളുടെ എണ്ണം കണക്കെ പുറത്ത് വരുന്നുണ്ട്...വടകര മുക്കി, കോഴിക്കോട് മുക്കി, ബാംഗളൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വന്ന് കോണ്‍ഗ്രസ് ഫണ്ട് അടിച്ചു മാറ്റി..കഞ്ഞിപ്പരുവത്തിലൊന്നുമല്ല മുക്കല്‍. 25 ലക്ഷവും 12 ലക്ഷവും ഒക്കെ ആണ് അടിസ്ഥാന ശമ്പളം.

ഫണ്ടില്ലെന്ന് ചിരിവരുത്തിക്കൊണ്ട് പറഞ്ഞെങ്കിലും ഫണ്ടുണ്ടെന്ന് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നുവത്രെ ചെന്നിത്തല. പോയ ഫണ്ട് ആന വലിച്ചാല്‍ കിട്ടില്ല എന്ന് ആശ്വ്വസിപ്പിക്കുന്നത് വെട്ടിച്ചവന്റെ കൂട്ടത്തിലുള്ളവര്‍ തന്നെ എന്ന് അണിയറയിലെ സംസാരം. പരാതിപ്പെടാമെന്നു വെച്ചാല്‍ അത് അതിലേറെ പുലിവാല്‍.

ഫണ്ട് വന്നെന്നും പോയെന്നും പറഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വടിയെടുക്കും. പറഞ്ഞില്ലെങ്കില്‍ പൈസ കൊണ്ടുപോയ വല്ലവന്‍ പുട്ടടിക്കും. ഉള്ളില്‍ നിന്ന് തന്നെയാണ് വെട്ടിപ്പ് എന്നതുകൊണ്ട് തന്നെ കാഞ്ഞ മോന്മാര്‍ തന്നെയാണ് മുക്കുന്നതും അടിച്ചുമാറ്റുന്നതും. തല്ലിയാണെങ്കിലും ഫണ്ട് തിരിച്ചുവാങ്ങണം എന്ന അഭിപ്രായത്തിനാണത്രെ പാര്‍ട്ടിയില്‍ പൊതുസമ്മിതി.

ആയുധക്കരാറൊക്കെ ഒപ്പിട്ടത് രക്ഷയായി. ഇല്ലെങ്കില്‍ വിത്തെടുത്ത് ഉണ്ണുന്ന അവസ്ഥയിലായിപ്പോയേനെ എ.ഐ.സി.സി.

*

നിന്റെ സുഹൃത്തുക്കള്‍ ആരെന്ന് പറയൂ ഞാന്‍ നിന്റെ സ്വഭാവം പറഞ്ഞു തരാം എന്നോ മറ്റോ പണ്ടൊരു സായിപ്പ് പറഞ്ഞിട്ടുണ്ടെന്ന് ശുദ്ധഗതിക്കാരായ സുധാകരനും ഉമ്മഞ്ചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ വായിച്ചറിവുണ്ട്. കണ്ണൂരില്‍ സുധാകരനെ കാണാന്‍ വന്ന ബിസിനസ് സുഹൃത്തുക്കള്‍ ആരെന്ന് തലപോയാലും പറയില്ലെന്ന് അവര്‍ ശപഥം ചെയ്തിരിക്കുന്നതും തനി സ്വഭാവം ജനത്തിനു മനസ്സിലാകും എന്നതിനാല്‍ തന്നെയോ? ആണെന്നും അല്ലെന്നും അഭിപ്രായമുള്ളവരുടെ രണ്ട് ഗ്രൂപ്പുകള്‍ കൂടി കോണ്‍ഗ്രസ് ഐയില്‍ ഉടലെടുത്തിരിക്കുന്നുവെന്ന് സംസാരമുണ്ട്. ഉണ്ടിരിക്കുന്ന നായര്‍ക്ക് വിളിതോന്നിയപോലെ ആകാശമാര്‍ഗം പെട്ടെന്ന് കണ്ണൂരിലെത്തിയെന്ന് ഉമ്മഞ്ചാണ്ടിയും അല്ല കെ.പി.സി.സി നേരത്തെ തീരുമാനിച്ച പ്രകാരമാണ്‌ പോയതെന്ന് ചെന്നിത്തലയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലും രണ്ടു ഗ്രൂപ്പുകള്‍ ഉടലെടുത്തിട്ടുണ്ടത്രെ. സത്യം പറയുന്നുവെങ്കില്‍ ഒരു പോലത്തെ ‘സത്യം’ പറഞ്ഞുകൂടേ എന്ന് ചോദിച്ച് മൂന്നാമതൊരു ഗ്രൂപ്പും....

അല്ലെങ്കില്‍ വേണ്ട...വിഴുപ്പുകളിങ്ങനെ പരസ്യമായി അലക്കുന്നത് ശരിയല്ല.

*

ഒരു ശുദ്ധഗതിക്കാരനു മൂന്നു രൂപയുടെ കോണ്‍ഗ്രസ് അംഗത്വം നല്‍കാന്‍ ഇപ്പോ എന്താ ഒരു ചെലവ്? സ്റ്റേഡിയം വാടകയ്ക്കെടുക്കണം, മൈക്ക് വേണം, താലപ്പൊലി വേണം, ആളെക്കൂട്ടണം, നേതാക്കന്മാരെ കൊണ്ടു വരണം. കെ.പി.സി.സി പ്രസിഡന്റ് തന്നെ അംഗത്വം കൊടുക്കണം. പിന്നെ കഞ്ഞി, പുഴുക്ക് മുതല്‍ കുപ്പി വരെ കരുതണം..കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ അംഗത്വ വിതരണങ്ങളിലൊന്ന് കണ്ണൂരില്‍ നടന്നു. “ചെലവ ഏറിയ“ അംഗം ശുദ്ധഗതിക്കാരനായ അബ്ദുള്ളക്കുട്ടി. സംഭവം ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി എന്ന് മംഗളം പറയുന്നത് തെറ്റല്ലെന്ന് ചെലവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായിക്കാണുമല്ലോ. ഈ ചരിത്ര സംഭവം ബിബിസി പോലുള്ള അന്താരാഷ്‌ട്രമാധ്യമങ്ങള്‍ അവഗണിച്ചത് എന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാകുന്നില്ല.

*

ശുദ്ധഗതിക്കാര്‍ക്കു സി.പി.എമ്മില്‍ നിന്ന് പിഴക്കാന്‍ പറ്റില്ലെന്നും അവിടെ ഗംബ്ലീറ്റ് ഹിഡന്‍ അജണ്ടയാണെന്നും അബ്ദുള്ളക്കുട്ടി പറയുമ്പോള്‍ സമ്മതിച്ചു കൊടുത്തേക്കണം. ഈ ശുദ്ധഗതിക്കാരനെ 1999ല്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചപ്പോള്‍ കുട്ടിക്ക് ഹിഡണ്‍ അജണ്ട മണത്തറിയാന്‍ കഴിഞ്ഞില്ല എന്നതൊരു തെറ്റാണോ? 2004ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചതും ഹിഡണ്‍ അജണ്ടയാണെന്ന് കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത് തെറ്റാണോ? 2009ല്‍ മൂന്നാമതൊരു അവസരമില്ലെന്ന ഹിഡണ്‍ അജണ്ട മനസ്സിലായത് കുട്ടിയുടെ തെറ്റാണോ? മനസ്സിലായപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകാനുള്ള വേലത്തരങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുത്തത് കുട്ടിയുടെ തെറ്റാണോ? ചെറിയ വേലകള്‍ കൊണ്ടൊന്നു പുറത്താവില്ലെന്ന് മനസ്സിലായപ്പോള്‍ ശുദ്ധഗതികൊണ്ട് വലിയ വേലകള്‍ പുറത്തെടുത്തത് കുട്ടിയുടെ തെറ്റാണോ? തിരുത്താന്‍ അവസരം കൊടുത്തിട്ടും ശുദ്ധഗതികൊണ്ട് തിരുത്താതിരുന്നത് കുട്ടിയുടെ തെറ്റാണോ? സി.പി.എമ്മിലിരിക്കെ കിട്ടിയ എം.പി. പദവി നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ്സിനു വേണ്ടി 117 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഘോരഘോരം പ്രസംഗിച്ചത് കുട്ടിയുടെ തെറ്റാണോ? ഇതൊന്നും ഒരു തെറ്റായി കാണുവാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കഴിയില്ല. ശുദ്ധഗതി മനസ്സിലാകാതിരിക്കാന്‍ മാത്രം അശുദ്ധഗതിക്കാരൊന്നുമല്ല മലയാളികള്‍...

എന്നാലും കുട്ടി അവസാനം അലക്കിയ ആ അലക്കുണ്ടല്ലോ..അതാണ് അലക്ക്. മറ്റൊരു പാര്‍ട്ടി അംഗമായിരിക്കെ ലഭിച്ച എം.പി.പദവി ധാര്‍മ്മികതയുടെ പേരില്‍ അതിന്റെ പേരില്‍ മാത്രം പദവി പോകുന്നതിനു രണ്ടു ദിവസം മുന്‍പ് രാജിവെച്ച ആ അലക്കുണ്ടല്ലോ..അതാണ് മോനേ അലക്ക്.. ഹൈറ്റ് ഓഫ് ശുദ്ധഗതി എന്ന് ആംഗലേയത്തില്‍ സായിപ്പ് പറയുന്നത് ഇതിനെയാണ്. ആ ധാര്‍മ്മികതയുടെ മുന്നില്‍ തൊപ്പിയൂരി വണങ്ങുന്നു.

*

മറ്റൊരു ശുദ്ധഗതിക്കാരനും ഇച്ചിരി കുഴപ്പത്തിലായിട്ടുണ്ട്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ശുദ്ധഗതിക്കാര്‍ക്കൊന്നും ഇക്കാലത്ത് ജീവിക്കാന്‍ വയ്യെന്നേ. പാവം നരേന്ദ്ര ശുദ്ധഗതിക്കാരന്‍ മോഡി. ഗുജറാത്ത് കലാപത്തില്‍ ഈ ശുദ്ധഗതിക്കാരന്റെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞത് ഇത്തിരി കടുത്തുപോയി. സ്ഥലമൊക്കെ ഒന്ന് വൃത്തിയാക്കാം എന്നു കരുതി ഇത്തിരി പ്ലാനിംഗ്, ഇത്തിരി കൊല, ഇത്തിരി കൊള്ള, ഇത്തിരി ചുട്ടുകരിപ്പ്, ഇത്തിരി സര്‍ക്കാര്‍ സഹായം, ഇത്തിരി പോലീസിനെ നിഷ്ക്രിയമാക്കല്‍ എന്നതൊക്കെ ചെയ്തതിനാണ് ഈ അന്വേഷണവും മറ്റും. ഒരു വരുംകാല പ്രഥമര്‍ എന്ന പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു.

*

ക്വിസ്

കാളകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി, കാളയെക്കുറിച്ച് പറയാതെ കാളയെ കെട്ടിയ കുറ്റിയെക്കുറിച്ച് ഉപന്യാസങ്ങളെതുന്നതിനാണോ കാളകളുടെ രാഷ്ട്രീയം (politics of bulls) എന്നു പറയുന്നത്? ശുദ്ധഗതികൊണ്ട് ചോദിച്ച് പോകുന്നതാണേ.കമന്റിട്ട് ചളമാക്കരുത്.

Wednesday, April 15, 2009

ഇടതു മതേതര രാഷ്‌ട്രീയ പാർട്ടികളെ വിജയിപ്പിക്കുക


* ജനോപകാരപ്രദമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുവാൻ
* മതനിരപേക്ഷത സംരക്ഷിക്കുവാൻ
* സ്വതന്ത്ര വിദേശനയം തുടരുവാൻ.
* ഫെഡറലിസം ശക്തമാക്കാന്‍ കേന്ദ്ര-സംസ്ഥാന ബന്ധം പുതുക്കി എഴുതുവാൻ

ഇടതു മതേതര രാഷ്‌ട്രീയ പാർട്ടികളെ വിജയിപ്പിക്കുക

Monday, April 13, 2009

അന്ത കാലം ഇന്ത കാലം

തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതിന് പുതിയ പുതിയ ടെക്നോളജികള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രവചനകലയുടെ അനന്തസാദ്ധ്യതകള്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വെളിവായിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫലം കയ്യിലുണ്ടായിരിക്കുക, വോട്ടര്‍മാരെ കാണുക, അവരോട് ആര്‍ക്ക് കുത്തും എന്ന് ചോദിക്കുക, അതിനവര്‍ നല്‍കുന്ന ഉത്തരത്തില്‍ തന്നെ അവര്‍ കുത്തും എന്ന് വിശ്വസിക്കുക, തിരിച്ചു വന്ന് ഇതൊക്കെ വിശകലനം ചെയ്ത് പ്രവചനമുണ്ടാക്കുക, അത് തെറ്റിയാല്‍ പറയേണ്ട ന്യായീകരണങ്ങള്‍ കണ്ടു വെയ്ക്കുക, എക്സിറ്റ് പോള്‍ നടത്തുക...ഭാരിച്ച പണിയായിരുന്നു..എങ്കിലും തത്തയേക്കാള്‍ ഒരല്പം ആധികാരികത അതിനുണ്ടായിരുന്നു.

ഇന്നിപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല. ഒരൊറ്റ വോട്ടര്‍മാരെ പോലും കാണാതെ ഫലം പ്രവചിക്കാം. ടൈംസ് ഓഫ് ഇന്ത്യയൊക്കെ ഇപ്പോള്‍ ചെയ്യുന്നത് തികച്ചും ചിലവുകുറഞ്ഞ ഏര്‍പ്പാടാണ്. തങ്ങളുടെ രാഷ്ട്രീയകാര്യ ലേഖകന്മാരെ വിളിച്ച് “ഡേയ്..എത്ര സീറ്റ് കിട്ടുമെന്ന് നിനക്ക് തോന്നുന്നെടേ..അതൊക്കെ ഒന്ന് എഴുതിത്താ” എന്നു പറയുക. ഓരോരുത്തരും പറയുന്ന ഉത്തരമൊക്കെ കൂട്ടിയും കുറച്ചും പ്രവചനം റെഡിയാക്കുക. സ്റ്റോക്കിലുള്ള ഗ്രാഫും മാപ്പും ഒക്കെ എടുത്ത് ചേര്‍ക്കുക. അത്ര തന്നെ. പിന്നെ വായനക്കാരോട് ഉള്ള സത്യം പറയുക. “ചേട്ടന്മാരെ, ചേച്ചിമാരെ ഇത് ഒറ്റ വോട്ടര്‍മാരെപ്പോലും കാണാതെ ഉണ്ടാക്കിയത്. പുതിയ ടെക്നോളജി“ എന്ന്.

ഇതിലും എളുപ്പപ്പണി ഒരെണ്ണമുണ്ട്. അതാണ് നമ്മുടെ ചില പത്രങ്ങള്‍ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യ രാഷ്ട്രീയകാര്യലേഖകരുടെ ഊഹം കോപ്പി പേസ്റ്റ് ചെയ്യുക. സര്‍വെ ആണെന്ന് പറയുക. മേമ്പൊടി ചേര്‍ക്കുക. യു.ഡി.എഫിനെ ജയിപ്പിക്കുക. ഇതാണ് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സാ‍ധനം.

എന്നാലും എ.ഐ.സി.സിക്ക് ഇതു കൊണ്ടൊന്നും ഒന്നുമായില്ലെന്ന് തോന്നുന്നു. അതിനാല്‍ത്തന്നെ മൊഹ്സീന കിദ്വായി വഴി ഒരു സര്‍വെ അവരും നടത്തി. ഒരു നാലു സീറ്റ് കിദ്വായ് യു. ഡി.എഫിന്, അതേന്ന് യു.ഡി.എഫിനു നല്‍കിയിട്ടുണ്ട്. ബാക്കി പതിനാറില്‍ കട്ടപ്പൊക. ഈ നാല് തന്നെ അത്ര ഉറപ്പുമില്ലെന്ന് അവരുടെ വക അടിക്കുറിപ്പും.

എല്ലാം കൂടി നല്ല തമാശയായിട്ടുണ്ട്...വരുമോരോ സര്‍വേ വന്നപോലെ പോം...

*
രാഷ്ട്രീയപ്രവര്‍ത്തനം പല തരത്തിലാവാം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും അങ്ങിനെ തന്നെ.

ചുവരെഴുതി, പോസ്റ്ററൊട്ടിച്ച്, മൈക്ക് വെച്ച് അനൌണ്‍സ് ചെയ്ത്, വോട്ടര്‍മാരെ കണ്ട്, തങ്ങളുടെ ഭാഗം അവതരിപ്പിച്ച്, സംവാദങ്ങളില്‍ പങ്കെടുത്ത്, ഗൌരവതരമായ പ്രശ്നങ്ങള്‍ ഉന്നയിച്ച്, അവയ്ക്ക് തങ്ങളുടെ പക്കലുള്ള ബദലുകള്‍ നിര്‍ദ്ദേശിച്ച്....ഇതൊരു തരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ്.

ഇതിനൊന്നും അത്ര മെനക്കെടാത, മാധ്യമങ്ങളെ കൂട്ടുപിടിച്ച്, കള്ളക്കഥകള്‍ പ്രചരിപ്പിച്ച്, തങ്ങള്‍ക്കനുകൂലമായ അഭിപ്രായ സര്‍വെകള്‍ പുറത്തിറക്കി, മത മേലധ്യക്ഷന്മാരെക്കൊണ്ട് അനുകൂലലേഖനങ്ങളെഴുതിച്ച്, വോട്ട് മറിച്ച്....ഇത് മറ്റൊരു തരം പ്രവര്‍ത്തനം.

സൈബര്‍ സ്പേസിലെ സ്ഥിതിയും വ്യത്യസ്തമല്ല...

തങ്ങള്‍ വിശ്വസിക്കുന്ന ആശയത്തിന്റെ, പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായി പോസ്റ്റുകള്‍ എഴുതുക, വസ്തുതകള്‍ അവതരിപ്പിക്കുക, അതിനു മുകളില്‍ സംവാദങ്ങള്‍ക്ക് തയ്യാറാകുക, എതിര്‍ ആശയങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുക, കപടപ്രചരണമുണ്ടെങ്കില്‍ സത്യാവസ്ഥ അവതരിപ്പിക്കുക...ഇതൊരു രീതിയാണ്...

ഇതിനൊന്നും മെനക്കെടാതെ, ഗൌരവത്തോടെ എഴുതുന്ന പോസ്റ്റുകളുടെ താഴെ പ്രകോപിപ്പിക്കുന്ന തരത്തില്‍ കമന്റെഴുതിയിട്ടു പോകുക, നിരവധി തവണ ഉത്തരം കിട്ടിയിട്ടുള്ള ചോദ്യങ്ങള്‍ തന്നെ വീണ്ടു വീണ്ടും ഉന്നയിക്കുക, അവയ്ക്ക് നൂറാമത്തെ തവണ മറുപടി കിട്ടിയില്ലെങ്കില്‍, എന്തുകൊണ്ട് ആ വിലപ്പെട്ട പോയിന്റുകള്‍ അവഗണിച്ചു എന്ന് മറ്റാരെക്കൊണ്ടെങ്കിലും കമന്റിടീക്കുക, വിഷയം ഏതായാലും കൈവശമുള്ള സെറ്റ് ചൊറിച്ചിലുകള്‍ എഴുതിയിട്ടു പോകുക...ഇത് മറ്റൊരു രീതി.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. അത്ര തന്നെ.

*
കിട്ടാവുന്ന കോണി മുഴുവന്‍ ഉപയോഗിച്ച് മുകളില്‍ കയറിയിട്ട് പിന്നീട് മറ്റാരും കയറാതിരിക്കുവാന്‍ കോണി എടുത്ത് മാറ്റുന്ന ചിലരുണ്ട്. തങ്ങള്‍ കോണി ഉപയോഗിച്ച് കയറിയതാണെന്ന കാര്യം കുറച്ച് കഴിഞ്ഞാല്‍ അവര്‍ ‘മറന്നു’ പോകും. “കോണിയോ, ഞാനോ?” എന്നാവും അവര്‍ പരസ്യചിത്രത്തിലെ നായികയെപ്പോലെ പറയുക. കോണി ഉപയോഗിച്ച് കയറുന്നത് തറപ്പരിപാടിയാണെന്നും താഴെ തട്ടില്‍ നിന്നും അദ്ധ്വാനിച്ച് പടിപടിയായി കയറി വരണം എന്നൊക്കെ അവര്‍ ഗുണദോഷിച്ചു കളയും. കോണിക്കാശാന്‍ അവരാ‍യതു കൊണ്ട് താഴെയുള്ളവന്‍ പല്ലിറുമ്മി സഹിച്ച് കഴിയും. വിവരമുള്ളവര്‍ ഇതെല്ലാം കണ്ട് ചിരിക്കും..

കുടുംബവാഴ്ച പാടില്ലെന്ന് രാഹുല്‍ പറഞ്ഞതുമായി ഇതിനു ബന്ധമൊന്നുമില്ല. അത് വേ ഇത് റേ.

*

ഓരോരോ കാര്യവും കൊണ്ട് സഗാക്കള്‍ ഇറങ്ങിക്കോളും...മണ്ടന്മാര്‍...

സീതാറാം യെച്ചൂരി ഇസ്രയേലില്‍ പോയത് ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാണെന്ന സത്യം വിളിച്ചു പറയുക വഴി സഖാക്കളെ നിങ്ങള്‍ വടി കൊടുത്ത് ഒരടി കൂടി മേടിച്ചിരിക്കുന്നു. നിങ്ങടെ യെച്ചൂരി ഞങ്ങടെ ഇസ്രയേലില്‍ പോയതേ തെറ്റ്. നിങ്ങടെ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അത് ഡബിള്‍ തെറ്റ്. അവിടെ വല്ല ആയുധ ഇടപാടിനോ, അവര്‍ക്ക് വേണ്ടി ചാര ഉപഗ്രഹം വിക്ഷേപിക്കാനോ, കാലകാലങ്ങളായി തുടരുന്ന വിദേശനയത്തെ അട്ടിമറിച്ച് ബന്ധം വിപുലമാക്കാനോ മറ്റോ ആണ് പോയിരുന്നതെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമായിരുന്നു. ഇത് സമ്മതിക്കുന്ന പ്രശ്നമേ ഇല്ലാ....കാരാട്ടും പിണറായിയും രാജി വെയ്ക്കണം..

*

'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തെ'

‘ഇ.എം. എസ്സേ നമ്പൂരീ, തൂങ്ങിച്ചാവാന്‍ കയറില്ലേ? തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍ പൂണൂലൂരി തൂങ്ങിക്കോ’

അന്തകാലത്ത് ഉമ്മന്‍‌ചാണ്ടിയുടെയും ആന്റണിയുടെയും കൂട്ടര്‍ വിളിച്ചിരുന്ന മുദ്രാവാക്യം.

‘എ കെ ജിയും ഇ എം എസും കെ പി ആറും മഹാന്മാരും ഉന്നത ജീവിതമൂല്യങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. നാടിനും ജനങ്ങള്‍ക്കും ക്ഷതമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അവരുടെ ഭാഗത്തുവിന്ന് ഉണ്ടായിട്ടില്ല '

ഇന്ത കാലത്ത് ഉമ്മന്‍ചാണ്ടിയും ആന്റണിയും കൂട്ടരും

'99ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട് തട്ടുന്നതിനുള്ള പബ്ളിസിറ്റി സ്റ്റണ്ടാണ് നായനാര്‍ വധശ്രമകേസ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ചില തീവ്രവാദസംഘടനകള്‍ ഗൂഢാലോചന നടത്തിയെന്നത് കെട്ടുകഥ. കെട്ടുകഥ പ്രചരിപ്പിച്ച് ഹീറോ ആകാന്‍ നായനാര്‍ ശ്രമിക്കുകയാണ്.'

അന്തകാലത്ത് എ.കെ. ആന്റണിയും ഉമ്മഞ്ചാണ്ടിയും 2002 മുതല്‍ 2006 വരെയുള്ള തങ്ങളുടെ ഭരണകാലയളവില്‍ കേസിനു മുന്നില്‍ അടയിരിക്കുമ്പോള്‍ പറഞ്ഞിരുന്ന ന്യായീകരണം.

'നായനാരെ വധിക്കാനുള്ള ഗൂഢശ്രമം നടന്നിരുന്നു. ആ കേസില്‍ ശക്‍തവും വ്യക്‍തവും ആയ നടപടികള്‍ എടുത്തത് ഞങ്ങളാണ്.'

ഇന്തകാലത്ത് പ്രധാനപ്പെട്ട ഒരു വിഷയവും തൊടാന്‍ ധൈര്യമില്ലാത്ത അതേ ഉമ്മഞ്ചാണ്ടിയും കൂട്ടരും പറയുന്നത്.

മുന്‍ കമ്യൂണിസ്റ്റ്, ചത്ത കമ്മ്യൂണിസ്റ്റ്, ജനിക്കാത്ത കമ്യൂണിസ്റ്റ്. ഇവരോടുള്ള സ്നേഹം കൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യായേ...

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു...

Sunday, April 12, 2009

കാരണവര്‍ ഫാൿടര്‍

കുര്യാക്കോസ് മേനോനും, മേരിത്തമ്പുരാട്ടിയും ചെറിയാന്‍ നായരുമൊക്കെ പ്രിയദര്‍ശന്‍ സിനിമയിലെ തമാശയില്‍ മാത്രമല്ല ഉള്ളത്. ലോകസഭാതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അവരൊക്കെ ഒളിഞ്ഞും പതുങ്ങിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഫാലാ, ഫരണങ്ങാനം ഫാഗങ്ങളില്‍ മാണിപ്പണിക്കരും ജോസ് കെ.മാണിക്കുറുപ്പുമൊക്കെയായി അവര്‍ കസറുകയാണത്രെ. ചില എന്‍.എസ്.എസ് നേതാക്കളെ കൂട്ടുപിടിച്ച് കരയോഗം പോലും അറിയാതെ, കരയോഗത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചില വ്യാജനോട്ടീസുകള്‍ ഈ കുറുപ്പന്മാര്‍ക്കും, പണിക്കര്‍മാര്‍ക്കുമൊക്കെയായി മണ്ഡലത്തിലുടനീളം തപാലിലും നേരിട്ടും ഹാജരായിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

പാ‍വം നാരായണപ്പിള്ളയദ്ദേഹം. സമദൂരം കൈവെടിയുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം പെരുന്നയിലിരുന്ന് പറയുന്നത് അങ്ങ് ഫാലായിലും ഫരണങ്ങാനത്തുമൊക്കെ എത്താതിരുന്നാല്‍ എന്തോ ചെയ്യും? അല്ലെങ്കില്‍ കൃത്യമായി എത്തുന്നതിന് അദ്ദേഹം എന്തോ ചെയ്യും? വെറുമൊരു സാമുദായിക കക്ഷി എന്ന പേരുദോഷം മാറ്റാന്‍ പാലാക്കാര്‍ കണ്ടുപിടിച്ച പുത്തന്‍ അടവായി കണ്ട് സമാധാനിക്ക തന്നെ.

*

പി.ഡി.പി പിന്തുണ സി.പി.എം ഇത്തവണ സ്വീകരിച്ചത് എന്തിനായിരുന്നെന്നായിരുന്നു? ന്യൂനപക്ഷ പ്രീണനത്തിന് എന്ന ഉത്തരം കേട്ട് കേട്ട് ചെവി തഴമ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമ്പോഴാണ് തഴമ്പിച്ച ചെവികള്‍ക്ക് ആശ്വാസവചനവുമായി ‘പുതിയ‘ കണ്ടുപിടുത്തവുമായി ചെന്നിത്തല വന്നത്. സന്തോഷായി രമേഷേട്ടാ സന്തോഷായി. എന്നാലും വന്നല്ലോ.

ഇപ്പോള്‍ ചെന്നിത്തല പറയുന്നത് സി.പി.എം, പി.ഡി.പിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന്...പ്രീണനവാദം ചീറ്റിപ്പോയി എന്ന് സ്വയം മനസ്സിലാ‍യതിനാലും, പി.ഡി.പിയെ ഒന്ന് സോപ്പിട്ട് നാലോട്ട് കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതുന്നതിനാലുമാണ് ഇങ്ങനെ പറയുന്നതെന്ന് ശത്രുസംസാരം ഉണ്ടെങ്കിലും ചെന്നിത്തല പറഞ്ഞത് തന്നെയാവണം സത്യം. വൈരുദ്ധ്യാധിഷ്ഠിതത്തിന്റെ ആള്‍ക്കാരല്ലേ..ഇതല്ല ഇതിലപ്പുറവും ചെയ്യും. എന്നാലും ബ്ലാക്ക് മെയില്‍ ചെയ്ത് പ്രീണിപ്പിക്കുന്ന സി.പി.എമ്മുകാരാ നീ ഒരു മൊതലു തന്നെ.

*

ആണവകരാറിന്റെ കാലത്ത് കരാര്‍ ഒപ്പിടാന്‍ സമ്മതിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും എന്നൊക്കെപ്പറഞ്ഞ് ഒരാള്‍ കോണ്‍ഗ്രസുകാരെ മൊത്തം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് വി.എസ് പറയുന്നു. വി.എസ്. ചുമ്മാ പറയുന്നതാണ്. അധികാരം പോകുന്നതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ആ ഭീഷണിയില്‍ വീണ് കരാര്‍ ഒപ്പിടാന്‍ സമ്മതിച്ചു എന്നൊക്കെപ്പറഞ്ഞാല്‍ സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ചിരുന്ന അവരുടെ കൊടി ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഇല്ല. ആ ദുര്‍ഗതി ഒന്ന് മാറ്റിയെടുക്കാന്‍ ഇത്തിരി വോട്ട് വാങ്ങലും, ഇത്തിരി കോലീബിയും, ഇത്തിരി അഡ്‌ജസ്റ്റ്മെന്റും ഒക്കെ ഉണ്ടെന്നേ ഉള്ളൂ..അല്ലാതെ അധികാരത്തോട് ആക്രാന്തമൊന്നും അവര്‍ക്കില്ല.

*

തളിക്കുളത്തെ യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. യു.ഡി.എഫിനു നല്‍കുന്ന പിന്തുണയെച്ചൊല്ലിയാണ് പിളര്‍പ്പ്. പഞ്ചായത്ത് പ്രസിഡന്റ് നയിക്കുന്ന ഒരു വിഭാഗം എല്‍.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചു. മേഖലാ സെക്രട്ടറി നയിക്കുന്ന ഔദ്യോഗിക യഥാര്‍ഥ തളിക്കുളം കമ്യൂണിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിന്റെ കൂടെ നില്‍ക്കും. യഥാര്‍ഥ സാമ്രാജ്യത്വ വിരുദ്ധപ്പോരാളികളില്‍ അഗ്രഗണ്യനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുധാകരന്റെ യോഗത്തില്‍ ചെന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അത് സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടത്തിന്റെ ചരിത്രത്തിലെ പുത്തന്‍ ഏടാവുകയാണെന്നാണല്ലോ വ്യാഖ്യാനം. ആ നിലയ്ക്ക് തളിക്കുളം യഥാര്‍ഥത്തിനും മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.

പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാലും ചിലത് പറയാതിരിക്കുന്നത് ശരിയാവുകയുമില്ല. അന്ത കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നിരുന്നത് മുഖ്യശത്രു ആര് ?, അതിനോട് സ്വീകരിക്കേണ്ട സമീപനമെന്ത് ?, ബൂര്‍ഷ്വാസിയുടെ സ്വഭാവമെന്ത് തുടങ്ങിയ കാരണങ്ങളിലൊക്കെയായിരുന്നു. ഒരു സാര്‍വദേശീയ കാഴ്ചപ്പാട് തന്നെ അതിലുണ്ടായിരുന്നു. ഈ ആഗോളവല്‍ക്കരണ കാലത്ത് എല്ലാം ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങുന്നതുകൊണ്ടാകാം പിളര്‍പ്പിന്റെ കാരണം എല്‍.ഡി.എഫ്-യു.ഡി.എഫ് പിന്തുണ എന്ന ചിന്ന ചിന്ന കാരണങ്ങളിലേക്കൊതുങ്ങുന്നത്. ഈ പിളര്‍പ്പില്‍ സത്യസന്ധതയുടെ അംശമുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. യു.ഡി.എഫിനു വോട്ട് കൊടുക്കും എന്ന് പരസ്യമായി തന്നെ പറയുന്നുവല്ലോ. അത്രയും നല്ലത്. മറ്റു ചില യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ “വലതുവല്‍ക്കരിക്കപ്പെടുന്ന ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ“ പ്രചരണം നടത്തുകയും, വോട്ട് പിടിക്കുകയും, അവസാനയാമത്തില്‍ വോട്ട് മുഴുവന്‍ രഹസ്യമായി യു.ഡി.എഫിനു മറിച്ച് കൊടുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന വാര്‍ത്തയും കേള്‍ക്കുന്നു. ഇടത്തു നിന്ന് ചോര്‍ത്തുന്ന വോട്ടുകള്‍ വലത്തോട്ട് കുത്തി, ഒരു ഡബിള്‍ ഇഫക്ട് ഉണ്ടാക്കുകയും, മാധ്യമ സഹായത്തോടെ തങ്ങളുടെ പ്രസക്തി പിന്നീടുള്ള ദിനങ്ങളില്‍ പൊലിപ്പിച്ചുകാട്ടുകയും ചെയ്യുക എന്ന സൃഗാലതന്ത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടത്രെ. മകന്‍ ചത്തിട്ടായാലും മരുമകളുടെ കണ്ണീരുകാണണം എന്ന പഴപൊഴിയുടെ ഒരു പൊളിറ്റിക്കല്‍ വേര്‍ഷന്‍. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പഴമൊഴി.

ഔദ്യോഗിക.കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഓണംകേറാമൂല ബ്രാഞ്ചിലെ മാധവന്‍ തന്റെ കൂട്ടുകാരന്‍ മല്ലന്റെ നേരെ കയര്‍ത്താല്‍ നാലുകോളം ഹെഡ്ഡിങ്ങാക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തായാലും തളിക്കുളം പിളര്‍പ്പ് വാര്‍ത്തയായില്ല.

*

ലോകാവസാനമായോ? അതോ മാധ്യമലോകത്ത് കാര്യമായ എന്തെങ്കിലും സംഭവിച്ചോ? മംഗളം ദിനപ്പത്രത്തിലെ ഒരു പ്രധാനവാര്‍ത്തയുടെ തലക്കെട്ട് കണ്ട് ഞെട്ടിയപ്പോള്‍ തോന്നിപ്പോയതാണ്...

ഇടതുസര്‍ക്കാര്‍ വികസനത്തിന്‌ എതിരല്ല: വി.എസ്‌, പിണറായി

പിണറായി വിജയനും വി.എസും ഒരേ അഭിപ്രായം പറഞ്ഞാല്‍ മാധ്യമങ്ങള്‍ അത് അങ്ങിനെ തന്നെ കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍? കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. സൈബര്‍ സ്പേസിലെ ഇടതു ചാവേറുകളിലാരോ മംഗളം പത്രം ഹാക്ക് ചെയ്ത് ഇത്തരമൊരു വാര്‍ത്ത കൊടുത്തതാകാനാണ് സാധ്യത. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെയ്ക്കാന്‍ മറക്കണ്ട. ആവശ്യം വരും.

*

കാരണവര്‍ വിടാനുള്ള മട്ടില്ല.

20 സീറ്റിലും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്ന ‘പുതിയ’ കണ്ടുപിടുത്തവുമായാണ് ഇത്തവണ. തന്റെ കൂടെയുള്ളവര്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നുമുണ്ട്.

മനഃസാക്ഷിയില്ലാത്ത ഈ വര്‍ത്തമാനം കേട്ട് തരൂരും ഷാനവാസും കൂട്ടരുമൊക്കെ നെഞ്ചില്‍ കൈവെച്ചെന്നാണ് കേട്ടുകേള്‍വി. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ സര്‍വെ പ്രസിദ്ധീകരിച്ചെങ്കിലും ഈ ‘കാരണവര്‍ ഫാൿടര്‍’ കണക്കിലെടുത്തിട്ടുണ്ടോ ആവോ? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ ഉടനെ കാരണവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കാരണവര്‍ ഫാൿടര്‍ ഈസ് എ ഫാൿടര്‍ ഈസ് എ ഫാൿടര്‍ എന്ന്. പത്മജക്കും കൂട്ടര്‍ക്കും ചില നിയമനങ്ങളൊക്കെ നല്‍കി അണച്ചു എന്നു കരുതിയിരുന്ന കാരണവരുടെ ഉള്ളിലെ തീ കെട്ടിട്ടില്ല. ഈ വൈകിയ വേളയില്‍ ആരെ എവിടെ നിയമിച്ച് തീ ഒന്നു കൂടി കെടുത്താം എന്ന ആലോചനയിലാണത്രെ ഹൈ ലോ കമാന്‍ഡുകള്‍. അവരുടെ ഉള്ളിലെ തീ ആരറിയാന്‍ ?ലക്ഷങ്ങൾ പങ്കെടുക്കും എന്ന് കോൺഗ്രസ്സുകാർ വീരവാദം മുഴക്കിയ പ്രധാനമന്ത്രിയുടെ യോഗത്തിൽ പോലും കസേരയിലിരിക്കാൻ പോലും ആളെക്കിട്ടാത്തതിൽ ഈ കാരണവര്‍ ഫാൿടർ ഒരു ഫാൿടറാണോ? ആ..ആർക്കറിയാം?

*

വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് യു.ഡി.എഫ് വാങ്ങുമെന്നും, അതില്‍ തെറ്റില്ലെന്നും, ഇതിനു മുന്‍പും വാങ്ങിയിട്ടുണ്ടെന്നും ആര്‍. ബാലകൃഷ്ണപ്പിള്ള. എന്‍.ഡി.എഫിന്റെ തീവ്രവാദബന്ധം അന്വേഷിക്കാനൊന്നും പറ്റില്ലെന്നും കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് വോട്ട് വാങ്ങാറില്ല, ബി.ജെ.പി.വില്‍ക്കാറില്ല, എന്‍.ഡി.എഫ് വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പൈതങ്ങള്‍ എന്നിങ്ങനെയുള്ള ഗുണ്ടുകള്‍ പൊട്ടുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയില്‍ ഒരു സത്യസന്ധനെ കണ്ട സന്തോഷം അടക്കാനാവുന്നില്ല.

Saturday, April 11, 2009

എന്റെ ചര്‍മ്മം കണ്ടാല്‍...

എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടു രൂപക്ക് അരി കൊടുക്കും എന്ന് കേട്ടപ്പോഴേ തോന്നിയതായിരുന്നു യു.ഡി.എഫ് ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന്. തോന്നല്‍ തെറ്റിയില്ല. പ്രവര്‍ത്തിച്ചു. ഭരണം കൈയിലില്ലാതിരുന്നിട്ടും പ്രവര്‍ത്തിച്ചു. രണ്ടു രൂപക്കും ഒരു രൂപക്കുമൊന്നുമല്ല അരി കൊടുത്തത്. വെറുതെ..വെറുതെ എന്നു പറഞ്ഞാല്‍ ഒറ്റ നയാ പൈസ വാങ്ങാതെ. അരി മാത്രമോ? പഞ്ചസാര, വറ്റല്‍ മുളക്, ചെറുപയര്‍, മല്ലി, ഉഴുന്ന് എന്നു വേണ്ട ഒരു കുടുംബത്തിനാവശ്യമായ എല്ലാം വെറുതെ കൊടുക്കുകയായിരുന്നു..അരിയുടെ കൂടെ കെ.സുധാകരന്റെ ഓരോ തെരഞ്ഞെടുപ്പ് പോസ്റ്ററും. പിള്ളാര്‍ക്ക് ചുമരില്‍ ഒട്ടിച്ച് കളിക്കാന്‍.

എന്നാലും ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിട്ടിയിലെ പാവപ്പെട്ട ജനങ്ങളെ സേവിക്കാന്‍ സമ്മതിക്കുമോ? വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചട്ടം തെറ്റിച്ച് വിതരണം ചെയ്യാന്‍ വെച്ചിരുന്നതെന്ന് പറഞ്ഞത് മേല്‍പ്പറഞ്ഞ സാധനങ്ങള്‍ മുഴുവന്‍ അവര്‍ കണ്ടു കെട്ടി. പോരാത്തതിനു കേസും..

ജീ‍വിക്കാന്‍ സമ്മതിക്കില്ലെന്നു വെച്ചാല്‍ എന്തോ ചെയ്യും...? കമ്മീഷന്‍ പിടിച്ചെടുക്കുന്നതിനു മുന്‍പേ തന്നെ അരിയും മുളകും വാങ്ങിക്കൊണ്ടുപോയവരെങ്കിലും വോട്ട് ചെയ്താല്‍ മതിയായിരുന്നു...

*
തോല്‍ക്കുമെന്നുറപ്പായാല്‍ പിന്നെ എന്തും പറയാം. എത്ര വലിയ വീരവാദവും മുഴക്കാം. എത്രലക്ഷം വോട്ടിനു വേണമെങ്കിലും ജയിക്കും എന്ന് മുഖത്തെ ഒരു മാംസപേശി പോലും ചലിപ്പിക്കാതെ വീമ്പിളക്കാം. വിപദി ധൈര്യം എന്നൊക്കെ നമുക്കതിനെ വിളിക്കാം. അത്തരമൊരു ധൈര്യത്തിലാണ് ഉമ്മഞ്ചാണ്ടി അടിച്ചു വിട്ടത് 1977 സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന്. തന്മാത്രാ രോഗം ഇടക്ക് അദ്ദേഹത്തെയും ബാധിച്ചതിനാലാണോ, ധൈര്യം കൂടിപ്പോയതിനാലാണോ എന്നറിയില്ല പുള്ളി ചിലതൊക്കെ മറന്നു പോയിരുന്നു. 77ല്‍ കേരളത്തിലെ എല്ലാ സീറ്റിലും വലതുപക്ഷം ജയിച്ചെങ്കിലും, കേന്ദ്രത്തില്‍ തോല്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. അപ്പോള്‍ കേന്ദ്രത്തില്‍ ഇത്തവണ തോല്‍ക്കും എന്നാണോ പറയുന്നത് എന്ന കൊനഷ്ട് ചോദ്യം വന്നപ്പോഴാണ് പുള്ളിക്ക് അക്കിടി മനസ്സിലായത്..താന്‍ കേരളത്തിലെ കാര്യം മാത്രമാണ് പറഞ്ഞതെന്നായി ചാണ്ടിച്ചായന്‍. കേരളത്തില്‍ യു.ഡി.എഫ് തിരിച്ചു വരുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാത്രം 1977ലെ സാഹചര്യവും കേന്ദ്രത്തില്‍ 1984ലെ സാഹചര്യവും എന്നൊക്കെ സ്വപ്നം കാണാന്‍ കാശ് ചിലവൊന്നുമില്ലല്ലോ. അദ്ദേഹം കണ്ടു രസിക്കട്ടെ...1977ലെ നാണക്കേടിനൊരു പരിഹാരം അതേ അളവില്‍ ചെയ്യാന്‍ കേരളീയര്‍ കാത്തിരിക്കുമ്പോള്‍ ആരൊക്കെ എന്തൊക്കെ സ്വപ്നം കണ്ടാലെന്ത് കണ്ടില്ലെങ്കിലെന്ത്?

കേരളത്തില്‍ യു.ഡി.എഫ് തിരിച്ചുവരും എന്നു പറയുന്നത് കേട്ടപ്പോള്‍ ഒരു സംശയം. ഇപ്പോ നടക്കാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പോ ലോകസഭാ തെരഞ്ഞെടുപ്പോ?

*
ശ്രീധരന്‍ പിള്ളയദ്ദേഹം നല്ലൊരു വക്കീലാണെങ്കിലും വാദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഏത് കേസാണ് വാദിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം മറന്നു പോകും. വേറെ ഏതെങ്കിലും കേസിലെ ലാ പോയിന്റും പൊക്കിപ്പിടിച്ച് “ ഐ ഒബ്‌ജൿട് യുവര്‍ ഓണര്‍’ എന്നൊരു അലറലാണ്. ചാനലിലെ ചര്‍ച്ചയിലും ചിലപ്പോള്‍ ഇങ്ങനെ “ ഐ ഒബ്‌ജൿട് യുവര്‍ ഓണര്‍’ ആവും പുള്ളിക്കാരന്‍. ചാനലിലെ പെങ്കൊച്ചുങ്ങള്‍ പേടിച്ചു കരയാന്‍ വേറെ വല്ലതും വേണോ?

ഒറീസയിലെ സംഘപരിവാര്‍ തരികിടയെക്കുറിച്ചും, ഇപ്പോഴും വര്‍ഗീയ വിഷം തുപ്പുന്ന പ്രചരണങ്ങള്‍ അവിടത്തെ സ്ഥാനാര്‍ത്ഥികള്‍ തന്നെ നടത്തുന്നതിനെക്കുറിച്ചും ചോദിച്ചാല്‍ ആ പോയിന്റ് വാദിക്കാതെ ഒറ്റ ചാട്ടമാണ് നാദാപുരത്തേക്ക്. അതൊരു നുണക്കഥയായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉടനെ ചാടും കോത്താഴത്തേക്ക്. ഇങ്ങനെ ചാടിച്ചാടിപ്പോകുന്ന അദ്ദേഹത്തെ പിടിച്ച് ഒരിടത്തിരുത്താന്‍ ചാനലിലെ കുട്ടികള്‍ പെടുന്ന പാട്...എല്ലാം പോയിന്റും പൊളിഞ്ഞെന്നു തോന്നിയാല്‍ ഉടനെ വജ്രായുധം എടുത്ത് പുറത്തിടും. “ ഇത് തെരഞ്ഞെടുപ്പ് സമയം. കൊച്ചേ..മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വര്‍ഗീയത ഇളക്കി വിടുന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുന്നത് പെരുമാറ്റച്ചട്ടവിരോധം ആണ്. അകത്തു കിടക്കും.” എന്നൊക്കെ. വര്‍ഗീയത ഇളക്കി വിടുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ പ്രസംഗിക്കുന്നതാണോ, അത് റിപ്പോര്‍ട്ട് ചെയ്യുന്നതാണോ പെരുമാറ്റച്ചട്ടവിരോധം എന്ന് ചോദിച്ചാല്‍.......നല്ല ഒന്നാം തരം മറുപടി തന്നെ അദ്ദേഹം കൊടുക്കും...

ബബ്ബബ്ബബ്ബ...

*

കോട്ടയത്തെ വോട്ടിംഗ് യന്ത്രത്തില്‍ മാര്‍ക്സിനെ കണ്ടെന്ന് മനോരമ. മര്‍ക്കസ് എന്നതിനു പകരം തെറ്റായി മാര്‍ക്സ് എന്ന് അച്ചടിച്ചത്രെ. തെറ്റ് കണ്ടു പിടിച്ചപ്പോള്‍ അത് മാറ്റി എന്നും മനോരമ.

എന്നാലും മാര്‍ക്സ് കാണിച്ചത് ഇച്ചിരി കടന്ന കൈയായിപ്പോയി. മാർക്സിന്റെ അനുയായികളെങ്ങാനും ജയിച്ചാല്‍ വിഷം കുടിച്ചു മരിക്കുമെന്നു പറഞ്ഞ അച്ചായന്റെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ തന്നെ കേറിപ്പറ്റുകാന്നൊക്കെ വെച്ചാല്‍? കൃത്യസമയത്ത് പത്രത്തിലെ പരുന്തുകള്‍ വന്നതുകൊണ്ട് അച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലേല്‍ വിഷക്കുപ്പിയുടെ കാര്യം കഷ്ടത്തിലായേനെ.

*

“എന്നെ കണ്ടാല്‍ വയസ്സിയാണെന്ന് തോന്നുമോ?“ എന്നൊരു കൊച്ച് ചങ്കില്‍ കൈ വെച്ച് ചോദിച്ചാല്‍ ഏത് കഠിനഹൃദയനും പറഞ്ഞുപോകും..ഇല്ലേ...ഇല്ലേ..ഇല്ലേ എന്ന്. മലയാളിയാണെങ്കില്‍ “ഏത് കോളേജിലാ?” എന്ന സോപ്പും വേണമെങ്കില്‍ പതപ്പിച്ച് കൊടുക്കും. കോണ്‍ഗ്രസ് 125 വയസ്സുള്ള പഴയ പാര്‍ട്ടികയാണെന്നും 30 വയസ്സുള്ള ബി.ജി.പി യുവ പാര്‍ട്ടിയാണെന്നുമുള്ള മോഡിയുടെ പ്രചരണത്തിനെതിരെ തന്റെ നിലവാരത്തിനൊപ്പിച്ച ഒരു മറുപടി കൊടുത്തതായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ പ്രിയങ്ക. ഇന്ദിരയെ ഓര്‍മ്മിപ്പിച്ച് സോണിയ വന്നപോലെ, സോണിയയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്കയും. “ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിച്ച് “ ആ അമ്മ കേരളത്തിലങ്ങോളമിങ്ങോളം ഓളങ്ങളിളക്കിയെന്ന് മുത്തശ്ശിമാര്‍ വെച്ച് കീച്ചിയ അതേ സ്റ്റയില്‍.

എന്നാലും ഒരു സംശയം തോന്നാതിരിക്കുന്നില്ല. ചരിത്രപുസ്തകങ്ങളില്‍ നാമൊക്കെ വായിച്ച കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യം ആ കൊച്ചിനറിയാത്തതാണോ? മൈക്കിനു മുന്നിലേക്ക് തള്ളിവിടുന്നതിനു മുന്‍പ് സ്വാതന്ത്ര്യസമരചരിത്രം ആരും ആ കൊച്ചിനു പറഞ്ഞു കൊടുത്തില്ലേ? നിരവധി അനവധി പേരുടെ ത്യാഗത്തിന്റെ ചരിത്രം? സംഘപരിവാരപ്പടയുടെ ഭൂതകാലം? തന്റെ പേരിലെ സര്‍നെയിം ആയി കൊണ്ടു നടക്കുന്ന ആ മഹദ്‌വ്യക്തിയെക്കുറിച്ച്? പരിവാരം അദ്ദേഹത്തോട് ചെയ്തത്? ഇതൊക്കെ വെച്ച് മോഡിയണ്ണന്റെ വിവരമില്ലായ്‌മക്ക് ഒരു കിണുക്കന്‍ രാഷ്‌ട്രീയ മറുപടി കൊടുക്കുന്നതിനു പകരം ആ കൊച്ച് ചോദിച്ച ചോദ്യം..

എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുമോ എന്ന്..

ഇല്ല കൊച്ചേ ഇല്ല..നീ ഏതെങ്കിലും കോളേജില്‍ പഠിച്ചിട്ടുണ്ടോ എന്ന സംശയം മാത്രമേ ഉള്ളൂ... ടെലിവിഷന്‍ പരസ്യങ്ങള്‍ ഒരെണ്ണം വിടാതെ കണ്ടോണം കേട്ടോ..നാളെയും പ്രസംഗിക്കാനുള്ളതാ..

*

“എറണാകുളം ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിനുവേണ്ടി കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ ഇന്ന് മഹാഹോമം നടത്തും. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഹോമത്തില്‍ മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികനായിരിക്കും.“

എന്നിട്ടും ജയിച്ചില്ലെങ്കില്‍? ശംഭോ...മഹാദേവാ...

Friday, April 10, 2009

വിത്തുകാളകളെക്കൊണ്ടുള്ള പ്രയോജനങ്ങള്‍

വിമാനം റാഞ്ചിയപ്പോള്‍ വിദേശമന്ത്രിയെ അയച്ച് താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് കൊടുംഭീകരരെ മോചിപ്പിച്ചു. അതിലൊരാളാണ് പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപം നല്‍കിയത് - മന്‍‌മോഹന്‍ സിംഗ്

സര്‍ദാര്‍ജീ, താങ്കള്‍ എന്ത് അലക്കാണലക്കുന്നത്?

പ്രധാനമന്ത്രിക്കുപ്പായവും തുന്നിച്ച്, ലോഹപുരുഷനെന്ന പേരുമിട്ട്, ഭീകരതക്കെതിരെ യമണ്ടന്‍ വാചകങ്ങളും ഫിറ്റ് ചെയ്ത്, വന്നാലുടന്‍ പോട്ട കൊണ്ടു വരും എന്നൊക്കെ പറഞ്ഞ് ശക്തിമാനായി ഭാവിച്ച്, ലോകമാസകലം ഇന്റര്‍നെറ്റ് പരസ്യം വഴി നിറഞ്ഞു നില്‍ക്കുന്ന ആളുടെ, ആളുടെ പാര്‍ട്ടിയുടെ ദൌര്‍ബല്യമൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ? അവരുടെ രാജ്യസ്നേഹത്തില്‍ കറ പുരട്ടാമോ? ഉരുക്ക് പ്രതിച്ഛായക്ക് ദോഷം തട്ടിക്കാമോ? മോശം മോശം...

"പാര്‍ലിമെന്റില്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തിയവര്‍ ചാനല്‍ ചര്‍ച്ചക്ക് വിളിച്ച് ഷൈന്‍ ചെയ്യേണ്ട" എന്നും മന്മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നു. അങ്ങിനെ തനിക്കൊപ്പം ആകാന്‍ നോക്കല്ലെ എന്ന് ലോഹത്തിനിട്ടൊരു കൊട്ടും. താന്‍ സംസ്കാരമുള്ളവനാണെന്നും, തന്റെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നുവെന്നും കൂടി മന്മോഹന്‍ സിങ്ങ് പറഞ്ഞിരിക്കുന്നു. അതിലും എന്തോ ഒരു കൊട്ടില്ലേ?

'കളി ഇനി എരമ്പും' എന്ന് ചാനലിലെ കൊച്ച് പറഞ്ഞത് വിശ്വസിച്ച് അദ്വാനിജിയുടെ കുറിക്കു കൊള്ളുന്ന മറുപടിക്കായി കാത്തിരിക്കുന്നു.

സത്യങ്ങള്‍ക്ക് അല്ലെങ്കിലും പുറത്ത് വന്നേ ഒക്കൂള്ളുവല്ലോ.

*

മന്‍മോഹന്‍ സിങ്‌ ആദരണീയനെന്ന്‌ ബുദ്ധദേവ്‌ " എന്ന തലക്കെട്ട് വായിച്ചാല്‍ തോന്നും മന്മോഹന്‍ ആദരണീയനല്ലെന്ന് മറ്റാരൊക്കെയോ സി.പി.എമ്മിന്റെ ഉള്ളിലിരുന്ന് പറഞ്ഞെന്നും, പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമെന്നും. മാതൃഭൂമിയുടെ ഉള്ളിലിരിപ്പ് അത് തന്നെ. പക്ഷേ ഏശിയില്ല. വ്യക്തി എന്ന നിലയ്ക്കല്ല അദ്ദേഹത്തോടുള്ള പാര്‍ട്ടിയുടെ എതിര്‍പ്പെന്നും, നയങ്ങളോടാണ് എതിര്‍പ്പെന്നും ഒന്നു കൂടി ജനങ്ങളോട് പറയാന്‍ ദേശാഭിമാനിക്കും കൂട്ടര്‍ക്കും ഒരവസരം കൂടി നല്‍കി എന്നതൊഴിച്ചാല്‍ ആ വാര്‍ത്തയും ചീറ്റിപ്പോയി.

ഏറ്റവും കൂടുതല്‍ ചീറ്റിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ഗിന്നസില്‍ കയറുന്നത് മനോരമയായിരിക്കുമോ, മാതൃഭൂമിയായിരിക്കുമോ അതോ മംഗളം ആ പ്രൈസ് അടിച്ചോണ്ട് പോകുമോ?

*

വാര്‍ത്തകള്‍ സൃഷ്ടിച്ചു. കത്തുകള്‍ സൃഷ്ടിച്ചു. ‘പുതിയ’ തെളിവുകള്‍ സൃഷ്ടിച്ചു. മ്മടെ പിള്ളാരെ ജയിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സൃഷ്ടിച്ചു. ഇതാ അവസാനം എ.ഡി.ജി.പിയുടെ വകയായി ‘പോളിംഗ് ബൂത്തിലോ പരിസരത്തോ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പരാതി ലഭിക്കാതെ ഇടപെടരുതെന്ന്’ സര്‍ക്കുലറും സൃഷ്ടിച്ചിരിക്കുന്നു. ഇത് മനോരമയുടെ
എൿസ്‌ക്ലൂസീവ്. വേണമെന്നു വെച്ച് ചെയ്തതല്ല. തോല്‍ക്കുമെന്ന് പേടിച്ച് നമ്മുടെ പിള്ളാര് രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരഞ്ഞു പറയുമ്പോള്‍ മുത്തശ്ശി ചെയ്ത് പോകുന്നതാണ്. സൃഷ്ടി തന്‍ സൌന്ദര്യമുന്തിരിച്ചാറിന്നായ് പിള്ളാരു കിടന്ന് കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ വേദനയെക്കുറിച്ചും, സര്‍ഗവേദനയെക്കുറിച്ചും, ചേതന വീണെരിയുന്നതിനെക്കുറിച്ചും കവിത രചിക്കാന്‍ മുത്തശ്ശി മഹാകവിയൊന്നുമല്ലപ്പാ..

മനോരമ ഇന്നു വെക്കുന്ന വാള്‍ നാളെ മറ്റു മാധ്യമങ്ങൾ വിളമ്പുന്നു എന്നാണല്ലോ പരസ്യവാചകം. അതനുസരിച്ച് മറ്റും ചാനലുകളും ഈ ചര്‍ദ്ദിലെടുത്ത് തേമ്പി. തേമ്പിയത് ഉണങ്ങുന്നതിനു മുന്‍പേ എ. ഡി.ജി.പിയുടെ മേലുദ്യോഗസ്ഥന്റെ തന്നെ വിശദീകരണം വന്നു. അങ്ങിനെ ഒരു സര്‍ക്കുലര്‍ തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്ന്.

അല്ല, ഈ പോലീസുകാരെന്നാണ് അപരന്റെ വേദന മനസ്സിലാക്കാന്‍ പോകുന്നത്? എത്ര നേരം തലപുകഞ്ഞാലോചിച്ച് ഉണ്ടാക്കിയ സര്‍ക്കുലര്‍ ആയിരുന്നു അത്. ഒന്ന് വൃത്തിയായി സര്‍ക്കുലേറ്റ് ചെയ്യാന്‍ പോലും സാധിച്ചില്ല. സൃഷ്ടി തന്‍ വേദനയറിയാത്ത ഇവരൊക്കെകൂടി മുത്തശ്ശിയുടെ ഉള്ള വിശ്വാസ്യത (തമാശ.. തമാശ) കൂടി കളയും എന്നാണ് തോന്നുന്നത്.


*
ഇടതുപക്ഷ ഏകോപന സമിതി, അധിനിവേശ പ്രതിരോധ സമിതി, മാര്‍ക്‌സിസ്‌റ്റ് കോ-ഓഡിനേഷന്‍ കമ്മിറ്റി, ഒഞ്ചിയത്തെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി.....യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കണ്ടിട്ട് കണ്ണു പെരുക്കുന്നു. ഇവരൊക്കെ ഇനി അഖിലേന്ത്യാ തലത്തില്‍ വന്‍ ശക്തിയായി ഉയരുമെന്നാണ് മംഗളം പറയുന്നത്. ഉയരട്ടങ്ങനെ ഉയരട്ടെ, വാനം മുട്ടെ ഉയരട്ടെ. എന്നാലും ഒരു ചിന്ന സംശയം . ഈ കൂട്ടത്തില്‍ ശരിക്കും യഥാര്‍ത്ഥം ഏതാണ് ? അതോ എല്ലാവരും യഥാര്‍ഥമാണോ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നതാണ് യഥാര്‍ഥമാകുന്നതിന്റെ അളവുകോലെങ്കില്‍, അതുമാത്രമാണ് അളവുകോലെങ്കില്‍, സമിതിയും, കമ്മിറ്റിയും, സേവ് ഫോറംസും എല്ലാം യഥാര്‍ഥം തന്നെ. അങ്ങിനെയെങ്കിലും യോജിപ്പിന്റെ ഒരു മേഖല ഇവര്‍ തമ്മിലുണ്ടാകുമല്ലോ. എന്നാൽ നിലപാടുകളും, പ്രവര്‍ത്തനങ്ങളുമൊക്കെയാണ് അളവുകോലെങ്കില്‍, വ്യാജത്വത്തില്‍ ഏകത്വം അല്ലേ ഇവരുടെ യോജിപ്പിന്റെ മേഖല എന്നു വർണ്യത്തിലാശങ്കയുണ്ടാവും. ഒരു പ്രസ്ഥാനത്തില്‍ നിന്നും ഏതാണ്ട് ഒരേ കാരണങ്ങള്‍ക്ക് വിട്ടുപോയവര്‍ക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പോലും ആകുന്നില്ലെങ്കില്‍, പിന്നെ ഇവരെങ്ങിനെ വലിയ വലിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും?

ചെറിയൊരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ പോലും യു.ഡി.എഫിന്റെ സഹായം തേടുന്നവര്‍, നാളെ വിപ്ലവത്തിനു അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായം തേടിയാലും അത്ഭുതമില്ല.ഇപ്പോൾ തന്നെ ഒഞ്ചിയം രക്തസാക്ഷികൾക്കഭിവാദ്യപ്പോസ്റ്ററൊട്ടിക്കുന്നത് സംഘ പരിവാരികളാണത്രെ.

*

സമിതിയെക്കുറിച്ചും, കമിറ്റിയെക്കുറിച്ചും, സേവ് സി.പി.എം ഫോറങ്ങളെക്കുറിച്ചും ആലോചിച്ചപ്പോള്‍ ഓര്‍മ്മ വന്നത് പഞ്ചാബി ഹൌസിലെ കൊച്ചിന്‍ ഹനീഫയെയാണ്. സര്‍ദാറില്‍ നിന്നും രക്ഷപ്പെടാനായി ഒരു വാഹനത്തിനടിയില്‍ ഒളിക്കുന്നുണ്ട് ഹനീഫ. തീര്‍ത്തും സുരക്ഷിതനാണെന്നു കരുതി, വാഹനത്തിന്റെ പ്രൊട്ടക്ഷനില്‍ വിശ്വസിച്ച്, ചിരിച്ച് കളിച്ച് അങ്ങിനെ അങ്ങിനെ...പക്ഷേ, വാഹനം അതിന്റെ ഉടമ എടുത്ത് മാറ്റുമ്പോഴാണ് ഹനീഫയ്ക്ക് മണ്ടത്തരം മനസ്സിലാകുന്നത്. സുരക്ഷിതത്വത്തെക്കുറിച്ചുള്ള തന്റെ കണക്കുകൂട്ടലൊക്കെ എത്ര തെറ്റായിരുന്നുവെന്ന് ....

മാധ്യമ പരിരക്ഷയാകുന്ന വാഹനത്തിന്റെ അടിയില്‍ കിടക്കുന്ന ഹനീഫമാരല്ലെ ഈ സമിതിയും, കമ്മിറ്റിയും, ഫോറങ്ങളുമൊക്കെ? മാധ്യമ ഉടമകള്‍ വണ്ടി എപ്പോള്‍ എടുത്ത് മാറ്റുന്നുവോ അന്ന് തീരില്ലെ അവരുടെ കളിയും ചിരിയും?

*

പാര്‍ട്ടികള്‍ മാത്രമല്ല വ്യാജം. .........

പ്രകടനപത്രികയിലും വ്യാജന്മാരുണ്ടെന്നാണ് കല്യാണ്‍ സിംഗ് പറയുന്നത്. ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക വ്യാജം തന്നെ എന്ന കാര്യത്തില്‍ കല്യാണ്‍ സിംഗിനു സംശയമൊന്നുമില്ല. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ബി.ജെ.പി. വിട്ടശേഷം അദ്ദേഹം മസ്‌ജിദ് തകര്‍ത്തതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇദ്ദേഹത്തെ വേണമെങ്കില്‍ വ്യാജ ബി.ജെ.പി എന്നു വിളിക്കാം...അല്ലെങ്കില്‍ കപട മതേതരന്‍ എന്ന്.

ബാബറി മസ്‌ജിദ് പ്രശ്നം ചര്‍ച്ചകളിലൂടെയേ പരിഹരിക്കാനാവൂ എന്ന് ഒരു കാലത്ത് അത് തകര്‍ക്കാനും അവിടെ ക്ഷേത്രം പണിയാനും മുന്നില്‍ നിന്നിരുന്ന അദ്ദേഹം പറയുന്നു. സി.പി.എമ്മിനു പഠിക്കുകയാണോ അദ്ദേഹം?

*

തോല്‍‌വിയുടെ കാര്യത്തില്‍ ഇത്തവണയോടെ ഷാനവാസ് ഗിന്നസില്‍ കയറുമെന്ന് കരുതിയിരുന്നതാണ്. തെറ്റുപറ്റിപ്പോയി. കര്‍ണ്ണാടകത്തിലെ ഡോ.പത്മരാജനെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നെങ്കില്‍ അങ്ങിനെ കരുതില്ലായിരുന്നു. നൂറില്‍പ്പരം തവണ മത്സരിച്ചു തോറ്റ ആളാണ് ഡോ. പത്മരാജന്‍. തോല്‍‌വി ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ആള്‍. തോറ്റതെല്ലാം വി.വി.ഐ.പികളോട്. ഇക്കാര്യത്തില്‍ പക്ഷേ ഷാനവാസ് വ്യത്യസ്തനാണ്. അദ്ദേഹത്തിനങ്ങനെ ഒരു നിര്‍ബന്ധബുദ്ധി ഇല്ല. ആരോടും തോല്‍ക്കും..

ഇങ്ങനെ അടിക്കടി മത്സരിക്കുന്നതിനെ കുറിച്ചും തോല്‍ക്കുന്നതിനെക്കുറിച്ചും പത്മരാജന്‌ വ്യക്തമായ അഭിപ്രായവും നിലപാടുമുണ്ടത്രെ...‌.

''തിരഞ്ഞെടുപ്പെന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭഗമാണ്‌. എന്റെ ഈ മത്സരം ജനാധിപത്യത്തെ കുറിച്ച്‌ ജനത്തെ ബോധവത്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌.''

ഇക്കാര്യത്തില്‍ മറ്റേ ആളുമായി താരതമ്യം നടത്തുന്നില്ല. രണ്ടു പേരും ഒളിമ്പ്യന്മാര്‍ തന്നെ. ‘ജയിക്കലല്ല മത്സരിക്കലാണ് പ്രധാനം‘ എന്നു കരുതുന്ന രാഷ്ട്രീയ ഒളിമ്പ്യന്മാര്‍...

*
ശ്രീധരന്‍ പിള്ളയദ്ദേഹം അങ്ങിനെ ചുമ്മാ ഒന്നും പറയുന്ന ആളല്ല. വക്കീലായതു കൊണ്ട് തന്നെ ‘ തെളിവാണു പ്രധാനം’ എന്നദ്ദേഹത്തിനറിയാം.ഇസ്രായേല്‍ ഇടപാടിലെ കോഴയെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഇടതു നേതാക്കളുടെ ആരോപണത്തിന് അവര്‍ തെളിവ് കൊണ്ടു വരട്ടെ, അപ്പോള്‍ ആലോചിക്കാം” എന്നാണദ്ദേഹം പറഞ്ഞത്. അതില്‍ തെറ്റൊന്നുമില്ല. തെളിഞ്ഞ ബുദ്ധി വെച്ച് ആലോചിക്കാന്‍ തെളിവില്ലാതെ പറ്റില്ലല്ലോ. തെളിവുകള്‍ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിട്ടില്ല. പെടുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും പ്രതികരിക്കുക തന്നെ ചെയ്യും.

ഇടതന്മാര്‍ക്കെതിരെ ആരോപണം വരുമ്പോഴും അദ്ദേഹം തെളിവു വേണമെന്നു പറയും. ചെറിയ ചില വ്യത്യാ‍സം കാണുമെന്നു മാത്രം. തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കേണ്ടത് ഇടതന്മാരുടെ ബാധ്യത. നിരപരാധികള്‍ എന്നതിനു തെളിവു കൊണ്ടു വരേണ്ടതും അവര്‍ തന്നെ. അങ്ങിനെ അവര്‍ തെളിവു കൊണ്ടു വന്നാല്‍, അത് തെളിവു തന്നെയാണെന്നു തെളിയിക്കുന്നതിനൊരു തെളിവു വേണം, അത് തെളിവല്ലാതെ മറ്റൊന്നുമല്ലെന്നു തെളിയിക്കുന്നതിനും ഒരു ചെറിയ തെളിവ് വേണം..പിന്നെ അതിനൊരു തെളിവ്..അങ്ങിനെ അങ്ങിനെ....

തെളിവാണ് പ്രധാനം..അത് മാത്രമാണ് പ്രധാനം..അതല്ലാതെ മറ്റൊന്നും പ്രധാനമല്ല....

പക്ഷെ ഒരു കാര്യത്തിൽ മാത്രം...ഇസ്രായേലുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ മാത്രം..ഞങ്ങൾ രണ്ടും ഒറ്റക്കെട്ടാ...ഞങ്ങൾക്ക് കോൺ‌ഗ്രസ്സിനെ വിശ്വാസമാ..തെളിവ് വേണ്ടന്നേ..അതേന്നെ ഇസ്രായേലിന്റെ കാര്യത്തിൽ കോൺഗ്രസ്- ബീ ജെ പി ഭായി ഭായി ആണെന്നേ...

*

ചെന്നിത്തലകളും ചാണ്ടിക്കുഞ്ഞുങ്ങളും മാധ്യമമുത്തശ്ശിമാരും ഒറ്റ ദിവസം കൊണ്ട് ഇസ്രായേല്‍ വിരുദ്ധരായോ? രണ്ടു ദിവസം മുന്‍പ് വരെ ഒരു പ്രശ്നവും ഇല്ലാത്ത കൂട്ടരായിരുന്നു....

1000 കോടിയുടെ പദ്ധതി, 2000 കോടിയുടെ ഇസ്രായേല്‍ പദ്ധതി, ബംഗാളില്‍ പദ്ധതി, മില്‍മയിലെ കറവക്കാരന്‍ ഇസ്രായേലുകാരന്‍, എന്നൊക്കെ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും ഇസ്രായേല്‍ വാര്‍ത്തകള്‍ വിസര്‍ജിച്ച് വെച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിപ്പോയതാണേ...

ഇസ്രായേല്‍ എന്നു മാത്രം പറയുകയും, ഇസ്രായേല്‍ സര്‍ക്കാര്‍ എന്നു പറയാതിരിക്കുകയും എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരുമായാണ് പദ്ധതി എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന രചനാ കൌശലം. ഇസ്രായേലുമായി നടന്ന ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കെ രക്ഷപ്പെടാനായി പഴയതും പുതിയതുമായ കഥകള്‍ കൂടുതല്‍ ശബ്‌ദത്തില്‍ പറയാനുള്ള ശ്രമം. ഇസ്രയേല്‍ സര്‍ക്കാരുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഒരു പദ്ധതിയിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഇസ്രയേലിലും ശാഖകള്‍ ഉള്ള ഏതെങ്കിലും അന്താരാഷ്‌ട്ര കമ്പനിയുമായി സംയുക്ത സംരംഭങ്ങള്‍ ഉണ്ടായേക്കാം എന്നും ഫോര്‍വേര്‍ഡ് ബ്ലോക്കിലെ ദേവരാജന്‍ പറഞ്ഞതായിരിക്കണം ശരി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചാലേ പറയാന്‍ പറ്റൂ എന്നു പറഞ്ഞതും പ്രസക്തം. എന്തായാലും ഇനിയുള്ള ദിനങ്ങള്‍ മുത്തശ്ശിമാരും കൊച്ചുമക്കളും ഇസ്രായേലിന്റെ പിറകെ പോകുമോ? കാത്തിരുന്നു കാണാം.

അമേരിക്കന്‍ ജനതയെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തെയും രണ്ടായി കാണുന്ന ഇടതുപക്ഷ നിലപാട് മനസ്സിലായില്ലെന്ന് നടിക്കുകയും, 'സഖാക്കള്‍ ഇതാ അമേരിക്കയിലോട്ട് പോകുന്നേ' എന്ന് കരയുകയും ചെയ്തിരുന്നവര്‍ ബുഷിന്റെ ഇറാഖ് അധിനിവേശത്തിനെതിരായ വാദങ്ങള്‍ക്കെതിരെ പണ്ട് ഒച്ച വെച്ചിരുന്നു. അതിന്റെ ഇസ്രായേല്‍ പതിപ്പെന്ന് കണക്കാക്കിയാല്‍ മതി.

കൊളോണിയല്‍ വിരുദ്ധ പാരമ്പര്യം, ചേരി ചേരാ നയം എന്നൊക്കെ ഇവരോട് പറയാന്‍ പോയാല്‍ “ അതേയ് അതൊക്കെ മ്മക്ക് ഗ്രീക്കണ് ഗഡീ” എന്നേ അവരുത്തരം പറയൂ. പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരിഹരിക്കണം എന്ന നിലപാട് ഇടതുപക്ഷത്തിനുണ്ടെന്നും, അതിനൊരു സാര്‍വദേശീയ മാനം ഉണ്ടെന്നും അറിയാത്തവരല്ലെ ഇവര്‍. ക്യൂബക്കെതിരെ അവശ്യമരുന്നുകള്‍ക്കും, ആശുപത്രി ഉപകരണങ്ങള്‍ക്കും വരെ ഉപരോധം ഏര്‍പ്പെടുത്തിയവരെപ്പോലും ഭംഗ്യന്തരേണ ന്യായീകരിക്കുന്നവര്‍ക്ക് ബംഗാളില്‍ ആശുപത്രി കണ്ടാലും രോഗം വെഷമ്മിക്കും..ഇതിനു ചികിത്സ കണ്ടു പിടിച്ചിട്ടില്ല.

900 കോടിയുടെ അഴിമതിയാരോപണത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാത്തവർ‍, വിത്തുകാളകളെക്കുറിച്ച് വാചാലരാകുന്നതില്‍ രാഷ്‌ട്രീയമില്ലെന്ന് പറയാന്‍ ഇമ്മിണി പുളിക്കും.

*

അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകച്ചവടം

വോട്ടു കച്ചവടമുറപ്പിച്ച് കോൺഗ്രസ് പഞ്ചായത്തംഗം പ്രാദേശിക ബിജെപി നേതാവിന് ആദ്യഗഡു 25,000 രൂപ കൈമാറിയത്രെ. ബൂത്തിലെ 50 ബിജെപി-ആര്‍എസ്എസ് വോട്ടുകള്‍ മറിച്ചുനല്‍കാനാണത്രെ കരാര്‍. രണ്ടാം ഗഡു തെരഞ്ഞെടുപ്പ് ദിവസവും ബാക്കി ഫലപ്രഖ്യാപന ദിവസവും കൈമാറാനാണത്രെ ധാരണ. വ്യാഴാഴ്ച പകല്‍ ഒന്നിലേറെ തവണ ബിജെപി പ്രാദേശിക നേതാവിനെ തേടി കോൺഗ്രസ് പഞ്ചായത്തംഗം എത്തിയിരുന്നുവത്രെ. ഒരുവോട്ടിന് 1,500 രൂപയാണത്രെ നിരക്ക്. പണം പറ്റിയ ബിജെപി നേതാവ് സ്ഥലത്തുണ്ടായിരുന്ന പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് 5,000 രൂപ നല്‍കിയത്രെ. ഈ സല്‍ക്കാരത്തില്‍നിന്ന് വിട്ടുനിന്ന ആറു പ്രവര്‍ത്തകര്‍ പണം എവിടെ നിന്നെന്ന് ചോദിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളും ചെറിയ അടിയുമുണ്ടായി. വോട്ട് കച്ചവടത്തിനെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ചില്ലറകച്ചവടത്തിനെതിരെ മൊത്തക്കച്ചവടക്കാര്‍ക്ക് പരാതി നല്‍കിയിട്ട് കാര്യമില്ലെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

അപ്പോൾ ജനപക്ഷക്കാരൻ രാമൻപിള്ള ചേട്ടൻ മനസ്സു നൊന്തു തന്നെയാവും പിരാകുന്നത്, ഇല്ലിയോ?

*

പിഡിപിയും കാരാട്ടും പിന്നെ മുഖ്യമന്ത്രിയും

ചോദ്യം പ്രകാശ് കാരാട്ടിനോടാണ് , വേദി തൃശൂർ പ്രസ് ക്ലബ്ബ്..ചുറ്റിനും സിൻഡിക്കേറ്റ് ക്ടാങ്ങൾ

വര്‍ഗീയപാര്‍ടിയായ പിഡിപിയുമായി സഹകരിക്കുന്നത് ശരിയാണോ ?

'നിങ്ങള്‍ക്കങ്ങനെ പറയണമെങ്കില്‍ ആയിക്കോളൂ. അതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ട. പിഡിപിയുമായി ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പു സഖ്യമില്ല, അവര്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയുമല്ല, പുറത്തുനിന്ന് പിന്തുണതരികയാണ്. 2006ലും ഇതേപോലെ പിന്തുണതന്നു. 2009ലും അതുതുടരുന്നു.'

ഉടനെ വന്നു അടുത്ത ചോദ്യം

പോപ്പുലര്‍ ഫ്രണ്ടിനോടും ഇതേസമീപനം സ്വീകരിച്ചുകൂടെ ?

'അത് പോപ്പുലര്‍ ഫ്രണ്ടല്ല കുപ്പായം മാറിയ എന്‍ഡിഎഫാണ്. തീവ്രവാദബന്ധമുള്ള സംഘടനയാണത്. അവര്‍ എന്താണെന്നറിയണമെങ്കില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുംമറ്റും അവര്‍ ചെയ്തുകൂട്ടുന്നത് കാണണം. എന്‍ഡിഎഫ് ഞങ്ങളുടെ പ്രവര്‍ത്തകരെ വകവരുത്തുന്നു, എന്നാല്‍ പിഡിപി ഒരിടത്തും ഇങ്ങനെ ചെയ്യുന്നില്ല.'

ദാ വരുന്നു ഒടുക്കത്തെ ചോദ്യ ബോംബ്...ഇതിൽ എന്തായാലും കാരാട്ട് വീണത് തന്നെ..

പിഡിപിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് സിപിഐ എമ്മിന്റെ നിലപാടുമായി പൊരുത്തക്കേടുകളില്ലേ ?

'അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ്. പിഡിപിയുമായി ബന്ധപ്പെട്ട പൊലീസ് കേസുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഔദ്യോഗിക നിലപാടുകളുണ്ടാകും.'

പത്രസമ്മേളനം ക്ലോസ് ..ക്ടാങ്ങൾ പിരിയുന്നില്ല

അപ്പോൾ നമ്മുടെ ലീഡ് വാർത്ത എന്താണ് ? “പിഡിപിക്ക് അന്നും ഇന്നും മാറ്റമില്ല ”എല്ലാവർക്കും സമ്മതമല്ലേ?സിൻഡിക്കേറ്റുകാരൻ വക ചോദ്യം

അല്ല, ഞങ്ങൾ എയുതാൻ പോകുന്നത് 'സിപിഐ എമ്മിന് പുനര്‍ചിന്തയെന്നാണ്' ....വീരഭൂമിക്കാരൻ മൊയിഞ്ഞു...

ശുഭം

*

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സെറ്റുചെയ്യുന്നതിനിടയില്‍ സംശയം ചോദിച്ച ജീവനക്കാരനെ തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍ ഏത്തമിടീച്ചുവത്രെ

തെരെഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ പേരിൽ സർക്കാർ ചിലവിൽ തിന്നു കുടിച്ചു ആർമാദിച്ചു നടക്കുന്ന ഇത്തരം പരാന്ന ഭോജികൾക്കിട്ട് രണ്ടു പൊട്ടിക്കുന്ന കാര്യത്തിലെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കരുതെന്നാണ് മരത്തലയന്റെ പക്ഷം. അയാൾ പറഞ്ഞതു കേട്ട ഏത്തമിട്ട കൊഞ്ഞാണന് മുക്കാലിയിൽ കെട്ടിയിട്ട് 100 അടി കൂടി നൽകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

Thursday, April 9, 2009

അച്ചിക്ക് കൊഞ്ച് പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം

"കരാറിനെക്കുറിച്ച് എനിക്ക് സംശയമില്ല. സംശയമുണ്ടെങ്കിലല്ലേ അന്വേഷിക്കേണ്ട കാര്യമുള്ളൂ" കേന്ദ്രമന്ത്രി തന്റെ വകുപ്പിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചാല്‍ "...അന്വേഷണമൊന്നും വേണ്ടായേ...” എന്നങ്ങു കരഞ്ഞു പറഞ്ഞേക്കണം. അന്വേഷിച്ചാലല്ലേ കൊയപ്പം പുറത്തു വരൂ എന്നൊരു കൊഞ്ഞാണനും ചോദിക്കൂലാ. 'ഒരു ‘കൊയപ്പ‘വുമില്ലെന്ന് മന്ത്രിക്കുറപ്പുണ്ടെങ്കില്‍പ്പിന്നെ അതിനേക്കാള്‍ വലിയ ഉറപ്പ് ആര്‍ക്കു തരാന്‍ പറ്റും? മാധ്യമപ്പുലികള്‍ക്കിത് സമ്മതിക്കാന്‍ ഒന്നു രണ്ടു കണ്ടീഷനേ ഉള്ളൂ. ഇങ്ങനെ പറയുന്ന മന്ത്രിയുടെ പേര്‍ ആന്റണിയെന്നായിരിക്കണം, കുറഞ്ഞപക്ഷം വിളിപ്പേരു തങ്കച്ചനെന്നെങ്കിലും ആയിരിക്കണം. വലതുകൈക്കായിരിക്കണം സ്വാധീനം. പേരു അജയനെന്നായാല്‍ പോരാ.. വിജയനെന്നായിക്കൂടെകൂടാ...

വിജയനെന്നെങ്ങാനുമായാല്‍....ഇടതുകൈക്കാണു സ്വാധീനമെങ്കില്‍.....പിന്നെ ഫാക്സായി, ഫോട്ടോസ്റ്റാറ്റായി, വിജിലന്‍സായി, സി.ഐ.ഡിയായി, സി.ബി.ഐ ആയി, ഇന്റര്‍പോള്‍ ആയി..പുതിയ തെളിവുകളായി...ആകെക്കൂടി ഒരടിപൊളി. ആരെങ്കിലും ഈ വാര്‍ത്തകളിലെ യുക്തിയെ ചോദ്യം ചെയ്യാന്‍ വന്നാല്‍ ‘ അവനും നിനക്കും തമ്മിലെന്ത്, നീ വ്യക്തിയാരാധനയിലെ രാജേഷ് ഖന്നയോ, നിനക്കു പ്രതിഫലം ചക്കയോ മാങ്ങയോ’ എന്നൊക്കെ ചോദിച്ച് അവനെയും പ്രതിയാക്കണം.

ഒരു പേരിലെന്തൊക്കെയോ ഇരിക്കുന്നു എന്ന് ഇന്നായിരുന്നെങ്കില്‍ ഷെക്സ്പിയര്‍ എഴുതിവെച്ചേനേ..

*

കേരളത്തില്‍നിന്ന്‌ ഇസ്രായേലിലേക്ക്‌ ഒരു മന്ത്രി പോയിട്ടുണ്ടെങ്കില്‍, അതു നായനാരുടെ ഭരണകാലത്തായിരുന്നു. ഇസ്രായേലിന്റെ സഹായത്തോടെ ഡസന്‍കണക്കിന്‌ സ്ഥാപനങ്ങളാണ്‌ പശ്ചിമബംഗാളിലെ ഐ.ടി., ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്ത്യയില്‍നിന്ന്‌ ഒരു മുഖ്യമന്ത്രി സഹായം ചോദിച്ച്‌ ഇസ്രായേലില്‍ പോയിട്ടുണ്ടെങ്കില്‍, അത്‌ ജ്യോതിബസുവായിരുന്നു.

ഈ ചരിത്ര സത്യങ്ങൾ ഒക്കെ വിളിച്ച് പറയുന്നത് ചില്ലറക്കാരനല്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രതിരോധ മന്ത്രി സാക്ഷാൽ ആദർശവാൻ അന്തോണി. മിസൈല്‍ കരാറിലെ കമ്മീഷൻ ഇടപാടിനെക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോഴാണ് സി.പി.എമ്മിന്‌ ഇസ്രായേല്‍വിരോധം എന്നു തുടങ്ങിയെന്നു ഏ.കെ. ആന്റണി ചോദിക്കുന്നത് . മുകളിൽ പറയുന്ന എല്ലാ ഇടപാടിലും കൂടി എത്ര കോടി തട്ടി എന്ന് കൂടി അന്തോണിച്ചൻ ഉടൻ പറയും എന്ന് മരത്തലയൻ ഉറച്ച് വിശ്വസിക്കുന്നു. ഈ ഇടതു പക്ഷക്കാർക്ക് ഇസ്രായേലിൽ എന്നതാ ഇടപാടെന്ന് അന്തോണിച്ചനോട് ചോദിക്കാൻ ഏതെങ്കിലും ഒരു പത്രക്കാരനെങ്കിലും വെളിവുണ്ടാകണമെന്ന് മരത്തലായൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. എങ്കിലും ഈ ദു:ഖ വെള്ളിയാഴ്‌ചയിൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടമാണ് നിറവേറേണ്ടത്.ആമേൻ.

*

പിരിച്ചു വിട്ട ആളെ തിരിച്ചെടുത്തു എന്ന വാര്‍ത്ത എപ്പോഴും ആഹ്ലാദകരമാണ്. ഗോപപ്രതാപനെയാണ് തിരിച്ചെടുത്തതെങ്കില്‍ പിന്നെ പറയാനുമില്ല. ടോം വടക്കനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന്‌ ആറ്‌ വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വക്താവ്‌ ഗോപ പ്രതാപന്റെ കാര്യം തന്നെ പറഞ്ഞുകൊണ്ടു വരുന്നത്...

എന്നാലും ചില തമാശകളൊക്കെ ഒപ്പിക്കാതെ കോണ്‍ഗ്രസ്സുകാര്‍ ഒരു കാര്യവും ചെയ്യാറില്ല. കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തവനെ തിരിച്ചെടുക്കുന്നത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം. ഗോപപ്രതാപന്‍ തന്റെ പ്രതാപമെല്ലാം പരണത്ത് വെച്ച് മാപ്പ് എഴുതിക്കൊടുത്തത്രെ. രേഖാമൂലം മാപ്പെഴുതിക്കൊടുത്താല്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പെടാത്തവരെ വേണമെങ്കിലും തിരിച്ചെടുക്കും. സാദാ കോണ്‍ഗ്രസ് വക്താവായതുകൊണ്ടാണ് മാപ്പിന്റെ ആവശ്യം വന്നത്. യു.എന്നിലെ ഉദ്യോഗസ്ഥനായിരുന്ന ആളാണെങ്കില്‍ ഇതൊന്നും വേണ്ട. അഖിലേന്ത്യാ നേതൃത്വം സ്വയം മാപ്പെഴുതി ഫയലില്‍ വെയ്ക്കുകയും, പ്രസ്റ്റീജ് സ്ഥാനാര്‍ത്ഥിയായി സ്വര്‍ണ്ണനൂലില്‍ കെട്ടി ഇറക്കുകയും ചെയ്യും.

പേരില്‍ മാത്രമല്ല ജോലിയിലും പലതും ഇരിക്കുന്നുണ്ട്....

*

മാഡം കണ്ടാല്‍ നല്ല ഗൌരവത്തില്‍ കട്ടക്ക് നില്‍ക്കുമെങ്കിലും ആളൊരു തമാശക്കാരിയാണെന്ന് വടകര പ്രസംഗം കേട്ടാലാരും തലകുലുക്കി സമ്മതിക്കും. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പരുത്തിക്കൊട്ടയും നടത്തിയില്ലെന്ന് പറയുന്ന അവര്‍ അടുത്ത വാചകത്തില്‍ പറയുന്നത് 400000 കോടിയുടെ പദ്ധതി നടപ്പിലാക്കിയെന്ന്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ ഈ 40000 കോടി പദ്ധതി ആരു നടപ്പിലാക്കി? കേരളം ഒരു കേന്ദ്ര ഭരണപ്രദേശമാണെന്നാവും പാ‍വത്തിനെ ചില ലോക്കത്സ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ക്രമവുംസമാധാനവുമില്ലെന്ന് പറയുമ്പോള്‍ മാഡത്തിന്റെ പാര്‍ട്ടിക്കാരു തന്നെ ഗുജറാത്തില്‍ ചെന്നു കീച്ചുന്നത് ‘നോക്കെടാ വേമ്പനാടാ കേരളത്തിലോട്ട്” എന്ന്. ബി.ജെ.പിയുമായി ഒരു ബന്ധവും ഉണ്ടാക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് വടകരയില്‍ വെച്ചു തന്നെ കാച്ചാന്‍ ഇമ്മിണി ഫലിതബോധമൊന്നും പോരാ. ചരിത്രബോധം ഒട്ടും പാടില്ലെന്ന് മാത്രം. അല്ലായിരുന്നെങ്കില്‍ കോലീബീ സഖ്യമെങ്കിലും ഓര്‍മ്മ വരുമായിരുന്നു മാഡത്തിന്. കോണ്‍ഗ്രസ് അഴിമതിക്കെതിരെ വാളോങ്ങി നില്‍ക്കുന്ന സംഘമാണത്രെ. പാര്‍ലിമെന്റില്‍ പൊക്കിപ്പിടിച്ച നോട്ടുകെട്ടുകളും, നരസിംഹറാവുവിന്റെ കാലത്തെ സൂട്ട് കേസും, ബോഫോഴ്സും , പഴയ നാഗര്‍വാലയും, റ്റെലിക്കോമും ഒക്കെ ഇതിനു തെളിവുകളാണെന്ന് മാഡം പറയാത്തത് വടകരയുടെ പുണ്യം. അത്രയൊക്കെ വലിയ തമാശകേട്ടാല്‍ വടകരക്കാര്‍ ചങ്കുപൊട്ടി ചാകത്തേ ഉള്ളൂ.

ബേപ്പൂരുകാര്‍ നിരാശയിലാണെന്നാണ് കേള്‍വി. ഇവിടെയും ഉണ്ടായിരുന്നു കോലീബി. അവർക്ക് എന്തേ മാഡത്തിന്റെ തമാശ കേള്‍ക്കാന്‍ അവസരം കൊടുക്കാഞ്ഞെ?.

*

അച്ചിക്ക് കൊഞ്ച് പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം എന്നൊരു ചൊല്ലുണ്ട്. ഇംഗ്ലീഷില്‍ ഡിഫറന്റ് പേർസ്പെക്ടീവ് എന്ന് പറയുന്ന ഡിങ്കോളിഫിക്കേഷന്‍ തന്നെ. ഈ പേറ് മാറുമ്പോള്‍ നമുക്ക് ഏത് വാര്‍ത്തയും വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാതാവും. വാര്‍ത്ത നട്ടത് നമ്മുടെ വീരഭൂമികുട്ടപ്പന്മാര്‍ ആയിരിക്കണം എന്നു മാത്രം. നിര്‍ത്താത്ത ആന്റി തീവ്രവാദ സ്ക്വാഡ് നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ തുടങ്ങും, ആഭ്യന്തര മന്ത്രി ഉള്‍‌പ്പെടെയുള്ള ഒരു സംഘം കാഞ്ഞ മക്കളാണെന്ന് ചുമ്മാ കരുതാന്‍ തുടങ്ങും. സി.പി.എമ്മിനു കേന്ദ്രപോളിറ്റ് ബ്യൂറോ എന്നൊരു സംഗതി ഉണ്ടെന്ന മണ്ടത്തരം വരെ എഴുതിവിടും...ഈ എലക്ഷനു മദനിയെ നിറുത്തി എന്നു വരെ വെച്ച് കാച്ചും..സഗാക്കന്മാരു, സഗാക്കന്മാരു എന്നേ എയുതൂ...

മദനിയെ അപായപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന “പ്രചരണം” നാടകമാണെന്ന് വാര്‍ത്തയില്‍ തന്നെ മനുഷ്യബോംബുകളായി പി.ഡി.പിക്കാര്‍ അവതരിക്കും എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടാല്‍ ഒരു കൊയപ്പവും തോന്നില്ല. ബോംബുകളായി അവതരിക്കാന്‍ പി.ഡി.പിക്കാര്‍ പ്ലാനിടുന്നെങ്കില്‍ പിന്നെ അത് പ്രചരണമല്ലല്ലോ.. നാടകമല്ലല്ലോ... പ്രചരണവും നാടകവുമാണെങ്കില്‍ പിന്നെ ബോംബായി അവതരിക്കാന്‍ പ്ലാന്‍ ഇടില്ലല്ലോ..ഈ ചോദ്യങ്ങളൊന്നും പേര്‍സ്പെക്ടീവ് മാറിയാല്‍ ചോദിക്കാന്‍ തോന്നില്ല. ഇന്നയിടത്തെ ഇന്ന റോഡിലെ ഇന്ന ബൂത്തിലെ ഇന്ന സ്ത്രീ നടത്തുന്ന ഫോണില്‍ നിന്നു വന്ന അജ്ഞാത സന്ദേശം എന്ന് വാര്‍ത്തയില്‍ പറയുമ്പോള്‍ പോലീസുകാര്‍ക്ക് ആളെ പിടികിട്ടി എന്നു വ്യക്തം. എന്നാലും ആ ഫോണിലേക്ക് തിരിച്ചുവിളിക്കാത്തതില്‍ വാര്‍ത്ത തന്നെ സംശയം പ്രകടിപ്പിക്കും. ഇത്ര കൃത്യമായി ആളെ പിടികിട്ടിയെങ്കില്‍ പോയി പിടിച്ചാല്‍ പോരെ..തിരിച്ചു വിളിക്കുന്ന തമാശക്കെന്തിനു പോലീസ് പോകണം എന്ന ചോദ്യമൊന്നും പേര്‍സ്പെക്ടീവ് മാറിയാല്‍ ചോദിക്കില്ല. കേരള പോലീസ് തീവ്രവാദസ്ക്വാഡിനെ പിരിച്ചു വിട്ടതെന്തിനു എന്നു ചോദിക്കുന്നവര്‍ വാര്‍ത്തയില്‍ പോലീസിനു വിവരം നല്‍കിയത് യോഗത്തില്‍ പങ്കെടുത്ത പോലീസിന്റെ ചാരന്‍ എന്നെയുതി വെച്ചിരിക്കുന്ന ഭാഗം കണ്ടില്ലെന്ന് നടിക്കും. പി.ഡി.പി നടത്തുന്ന രഹസ്യയോഗങ്ങളില്‍ വരെ ചാരന്മാരെ പ്ലാന്റ് ചെയ്യാന്‍ മാത്രം മിടുക്കരാണ് കേരള പോലീസ് എന്നുണ്ടെങ്കില്‍ പിന്നെ അവരെക്കുറിച്ചെന്തിനാണു ചേച്ചിമാരേ ചേട്ടന്മാരെ ഈ ഉഡായിപ്പുകള്‍..എന്തരോ എന്തോ..

അച്ചിക്കും നായര്‍ക്കും ഇഞ്ചി പക്ഷം ആയാല്‍ കൊഞ്ചിന്റെ കാര്യം കട്ടപ്പൊഹ. അതിന്റെ പക്ഷം പിടിക്കാന്‍ മനുജര്‍ പോലും കാണത്തില്ല.

*

സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഉമ്മന്‍ചാണ്ടി കൊഞ്ചിന്റെ കാര്യവും പറയും. “മദനിക്കെതിരായ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്ത ശരിയാണോയെന്ന്‌ സര്‍ക്കാര്‍ അന്വേഷിക്കണം. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറയുന്നു. ഈ രണ്ടു കാര്യങ്ങളും സമഗ്രമായി അന്വേഷിച്ച്‌ സത്യാവസ്ഥ കേരളജനതയെ അറിയിക്കേണ്ട ചുമതല ആഭ്യന്തരവകുപ്പിനാണ്‌“ എന്നാണദ്ദേഹം പറയുന്നത്. ഹസ്സനും ഏതാണ്ടിതു തന്നെ പറയുന്നു. നാടകത്തിന്റെ ഭാഗമായാണെന്ന് മറ്റൊരു പേര്‍സ്പെക്ടീവില്‍ നിന്ന് സംശയിക്കാമെങ്കിലും, ഇത്തിരി സാമാന്യബോധത്തോടെ സംസാരിക്കുന്നത് ‘സാദാ രാഷ്ട്രീയക്കാരാണെന്ന്‘ തോന്നുന്നു.

*

വാര്‍ത്തയെ സത്യമാക്കുന്ന നാടകത്തിന്റെ പ്രമേയം ഇങ്ങനെ ആയിരിക്കുമോ?

ആദ്യം ഒരു വാര്‍ത്ത പ്ലാന്റ് ചെയ്യുക. പിന്നെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരെക്കൊണ്ട് ആ വാര്‍ത്തയില്‍ വന്ന കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം എന്നു പറയിക്കുക. ആ “വേണ്ടപ്പെട്ട ചിലര്‍” ഇങ്ങനെ പറയുന്നുണ്ടല്ലോ അതിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്ത് കൊണ്ടു വരണം എന്ന് മറ്റൊരാളെക്കൊണ്ട് പറയിക്കുക. പിന്നെ അത് വാര്‍ത്തയാക്കുക. ഈ കലാപരിപാടി രണ്ട് റൌണ്ട് തുടര്‍ന്നാല്‍ ആദ്യം പ്ലാന്റ് ചെയ്ത വാര്‍ത്തിയില്‍ നിന്നു തുടങ്ങിയ കോലാഹമാണിതൊക്കെ എന്നത് ജനം മറന്നു കൊള്ളും. പ്ലാന്റ് ചെയ്യപ്പെട്ട ‘ശംഗതി’ മാത്രം വെള്ളിവെളിച്ചത്തില്‍ കുളിച്ചങ്ങനെ നില്‍ക്കും.

സത്യമേവ ജയതേ..

*

400 രൂപ ചെലവില്‍ മമതയുടെ നന്ദിഗ്രാം ഭിക്ഷാസംഘം

നന്ദിഗ്രാമിന്റെ ചെലവില്‍ വോട്ടുതട്ടാന്‍ ബംഗാളില്‍ മമതയുടെ കൂലിപ്പട. തങ്ങള്‍ ദരിദ്രരാണെന്നും നന്ദിഗ്രാമിലും മറ്റും സിപിഐ എമ്മിന്റെ കൊടിയ പീഡനത്തിന് ഇരയായവരെന്നും പറഞ്ഞാണ് സ്ത്രീകളെ വീടുകള്‍തോറും കയറ്റുന്നത്. സിപിഐ എമ്മിന്റെ പീഡനത്തിനിരയായി ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവരാണ് തങ്ങളെന്നും സ്ത്രീകളെക്കൊണ്ട് പറയിക്കുന്നുണ്ട്. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യംചെയ്തപ്പോഴാണ് മമതയുടെ കള്ളനാടകം പൊളിഞ്ഞത്. തങ്ങള്‍ നന്ദിഗ്രാംകാരല്ലെന്നും ദിവസം 400 രൂപ കൂലിക്കാണ് ഈ ജോലി ഏറ്റെടുത്തിരിക്കുന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി.

കേരളത്തിൽ അതിന്റെ ആവശ്യമില്ലല്ലോ ?ഒരു പൈസ പോലും വാങ്ങാതെ ഇതിനെക്കാൾ നല്ല അഭിനയക്കാരല്ലേ എല്ലാ ദിവസവും പുതിയ പുതിയ കഥകളുമായി നമ്മെ തൊട്ടുണർത്തുന്നത് ?

*

സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി വിളിപ്പിച്ചു

ജഗദീഷ് ടൈറ്റ്ലര്‍ കേസ് വിവാദമായതോടെ, സിബിഐയുടെ സ്വതന്ത്രസ്വഭാവത്തെ കാറ്റില്‍പറത്തി സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിപ്പിച്ചു. ടൈറ്റ്ലറെക്കുറിച്ചുള്ള കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്നും അത്തരമൊരു റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പ് സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് പ്രധാനമന്ത്രി ആരാഞ്ഞത്.

ഇതു നമുക്ക് ഗുണമുള്ള കേസാ‍യതു കൊണ്ടല്ലേ സാർ നേരിട്ടു വന്ന് കാണാതിരുന്നത് ? നമ്മുടെ ശത്രുക്കൾക്കെതിരായ എല്ലാ കേസിലും നിങ്ങ പറയണ പോലെ തന്നെ പറയണ സമയത്തല്ലേ സാർ റിപ്പോർട്ട് കൊടുത്തിട്ടുള്ളത്? ഈ കേസിൽ ആ സിക്കുകാരൻ പത്രപ്രവർത്തകൻ ഷൂസെറിഞ്ഞു ചളമാക്കുമെന്നറിഞ്ഞില്ല, സാർ

*
സഹാക്കന്മാര്‍, സഗാക്കന്മാര്‍ എന്നൊക്കെ ആവര്‍ത്തിച്ച് തമാശിക്കുന്നത് വായിച്ച് വായിച്ച് ശംഗതി, ശംഭവം, എയുതി, കൊയപ്പം എന്നൊക്കെ ബോധപൂര്‍വം എഴുതിപ്പോകുന്നതാണ്. ക്ഷമിക്കുക. “രോഗം ഒരു കുറ്റമാണോ ഡോക്ടര്‍?” എന്ന് പണ്ടൊരു സിനിമയില്‍ ചോദിച്ചത് ഷീലയല്ലേ?

*

നീയെത്രയോ ഭാഗ്യവാൻ..

ഇവരൊക്കെ നിന്നെ ഇത്രമേല്‍ സ്‌നേഹിക്കുവാന്‍ സി.പി.എമ്മേ നീ എന്ത് പുണ്യം ചെയ്‌തു? നിന്റെ ഒരു ചുവടുവെയ്പ്പു പോലും പിഴക്കാതിരിക്കുവാന്‍ ജാഗരൂകരായി എത്ര പേര്‍? മാധ്യമങ്ങള്‍, നിന്നില്‍ നിന്നും അകന്നവര്‍, നിന്റെ ശത്രുക്കള്‍ എന്നു നീ കരുതുന്ന നിഷ്‌ക്കളങ്ക മാനസര്‍, നിഷ്‌പക്ഷര്‍, നിനക്കു പാര്‍ലിമെന്ററി വ്യാമോഹം വരാതിരിക്കുവാന്‍ നിന്റെ എതിരാളിക്ക് വോട്ട് ചെയ്യുന്നവര്‍... അങ്ങിനെ അങ്ങിനെ അങ്ങിനെ എത്ര പേര്‍. നിന്റെ വെബ് സൈറ്റുകളില്‍ ഇല്ലാതെ പോകുന്ന ഫോട്ടോകളും, രേഖകളും ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ എത്ര പേര്‍.... നീ 2025 ഏപ്രില്‍ 9 നു ചെയ്യുവാന്‍ സാധ്യതയുള്ള തെറ്റ് ചൂണ്ടിക്കാണിക്കുവാന്‍ എത്ര പേര്‍..നീ ഭാഗ്യം ചെയ്ത പുമാന്‍ തന്നെ സി.പി.എമ്മേ..എന്നിട്ടും നിനക്കൊരു നന്ദിയുണ്ടോ? സിന്‍ഡിക്കേറ്റ് എന്നും വിരുദ്ധര്‍ എന്നും അഭിനേതാക്കള്‍ എന്നുമൊക്കെ കളിയാക്കുകയല്ലേ നീ ചെയ്യുന്നത് ? 1950കളിലും 1960കളിലും 1970 കളിലും 1980 കളിലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ സി.പി.എമ്മേ...അന്നു നീ കുടിച്ചിരുന്ന കട്ടന്‍ ചായ, കഴിച്ചിരുന്ന പരിപ്പുവട, കിടന്നിരുന്ന പലക ബെഞ്ച്...ഗൃഹാതുരത്വം വരുന്നു സി.പി.എമ്മേ...

*

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാലാണ് നെഞ്ചത്തടിയും നിലവിളിയും കണ്ണീരും കരച്ചിലുമൊക്കെ. ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുകയാണോ? വിശ്വാസവോട്ടെടുപ്പില്‍ ജനതാദള്‍ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ്സിനു കുത്തിയിട്ടും, സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പരസ്യമായി പൊട്ടിക്കരഞ്ഞ ശിവണ്ണക്ക് പിന്‍‌ഗാമിയായി ഇതാ ഒരാള്‍..

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ അര്‍ജുന്‍ സിങ്ങ്...ശിവണ്ണയെപ്പോലെ സ്വന്തം കാര്യത്തിനു കരയാന്‍ മാത്രം സ്വാര്‍ത്ഥനല്ല അര്‍ജുന്‍ സിങ്ങ്...താന്‍ സ്വന്തം മകനെപ്പോലെ കരുതുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കൂ എന്ന് പറഞ്ഞ് അദ്ദേഹം വേദിയില്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ.

മകനും മകള്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വിഷമം കൂടി ഉണ്ടായിരുന്നുവോ അര്‍ജുന്‍ സിങ്ങിന്? ആര്‍ക്കറിയാം?

*

സ്വാതന്ത്യലബ്‌ധിക്കുശേഷമുള്ള 62 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമഭാവനയിലും അധിഷ്‌ഠിതമായ പരിഷ്‌കൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നിരവധി തിരിച്ചടികളുണ്ടായി. ഇന്ത്യാവിഭജനം, ഗാന്ധിവധം, അടിയന്തരാവസ്ഥ, സവര്‍ണ ഹിന്ദുവര്‍ഗീയതയുടെ വളര്‍ച്ച, ഭീകരാക്രമണം തുടങ്ങി നിരവധി സംഭവങ്ങളുണ്ടായി. അമേരിക്കന്‍ അനുകൂല വിദേശ, സാമ്പത്തിക, സൈനിക നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ സാമ്രാജ്യത്വ ദാസ്യവേലയാണ് അനുവര്‍ത്തിക്കുന്നത്. അമേരിക്കന്‍-ഇസ്രയേല്‍ സാമ്രാജ്യത്വശക്തികളുമായി സഖ്യംചേരുന്നവരും വര്‍ഗീയ ഫാസിസ്റ്റുകളും തുടരുന്ന ജനവിരുദ്ധ-ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതീക്ഷയായി ഇടതുമതേതര ജനാധിപത്യശക്തികളുടെ ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തി പ്രാപിച്ചിരിക്കുന്നു. ഈ ബദല്‍ ശക്തിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

- ഇടതുപക്ഷ അനുകൂല സാഹിത്യ, സാംസ്കാരികപ്രവര്‍ത്തകര്‍

ജനാധിപത്യത്തിന്റെ മറവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ സമഗ്രാധിപത്യത്തിനും ഏകാധിപത്യത്തിനും ദാസ്യം പ്രകടിപ്പിക്കുന്ന സാംസ്‌ക്കാരിക നേതൃത്വം കൂടുതല്‍ അപകടകരമാണ്. എഴുത്തുകാര്‍ സത്യം പറയാന്‍ ബാധ്യസ്ഥരാണ്. വികേന്ദ്രീകരണത്തെയും വിയോജിപ്പുകളെയും സംഹരിക്കുന്ന പ്രത്യയശാസ്‌ത്രമാണ് സി.പി.എമ്മിന്റേത്. ഈ തെരഞ്ഞെടുപ്പില്‍ ജാതി-വര്‍ഗീയ ചിന്തകള്‍ ഉയര്‍ത്തുന്നതിനെതിരെ പ്രതികരിക്കണം. ഇതിന് കോണ്‍ഗ്രസിനെ നേതൃത്വം നല്‍കാനാവൂ. മതേരത്വം എന്ന് പറയുമ്പോഴും വര്‍ഗീയത വലിയ ആവേശമാവുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്ക് കഴിയണം.

- വലതുപക്ഷ അനുകൂല സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകര്‍.

രണ്ട് പ്രസ്‌താവനയും വായിക്കുക. രണ്ടിന്റെയും നിലവാരം താരതമ്യം ചെയ്യുക. ഒന്നില്‍ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൃത്യമായ ഒരു നിലപാടുണ്ട്. മറ്റേതില്‍ ഒരു പാര്‍ട്ടിക്കെതിരായ നിലപാടുമാത്രവും... വായനാശീലമുള്ളവർ അപ്പോൾ ആർക്ക് വോട്ട് ചെയ്യും?

*
പ്രകടനപത്രികയൊക്കെ ഇറക്കി, ജനങ്ങള്‍ക്ക് നേരെ എടുത്ത് വീശി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ്സിനു ഉള്‍വിളി തോന്നിയത്. സാധനത്തിനു ശക്തി പോരാ. പട്ടിക വായിച്ചാല്‍ ഭീകരന്മാര്‍ക്ക് വരെ തോന്നുമത്രെ അവരോട് കോണ്‍ഗ്രസ്സിനു മൃദുസമീപനമാണെന്ന്. എന്നാല്‍ പിന്നെ ആ ധാരണ തിരുത്തിയിട്ടു തന്നെ കാര്യം. ‘ഭീകരതയില്‍ നിന്ന് രാജ്യരക്ഷ’ എന്ന പേരില്‍ അവരൊരെണ്ണം കൂടി ഇറക്കിയിരിക്കുന്നു. പഞ്ചശീലതത്വങ്ങളുടെയും, പഞ്ചവത്സര പദ്ധതികളുടെയും, പഞ്ചതന്ത്രത്തിന്റെയും പേരുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പഞ്ചഘട്ട സംഭവം. സംഗതി കിടിലമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഒരു തവണ അതിലൂടെ കണ്ണോടിച്ചാല്‍ ഏത് ഭീകരനും പേടിച്ചോടുമത്രെ.

തെരഞ്ഞെടുപ്പ് തീരുന്നതുവരെ ഇത്തരം ഭീകരമായ പ്രകടനങ്ങള്‍ കണ്ടുകൊണ്ടിരുന്നേ മതിയാവൂ..

*
ആണവക്കരാറിനെതിരെ സോണിയ മിണ്ടാത്തത് എന്തേ എന്ന് കാരാട്ട്. ഇസ്രായേല്‍ ആയുധ ഇടപാടിലെ കോഴക്കെതിരെ ആന്റണി മിണ്ടാത്തതെന്തെ എന്ന് പിണറായി. ലാവലിനെക്കുറിച്ച് കാര്‍ത്തികേയന്‍ മിണ്ടാത്തതെന്തേ എന്ന് തോമസ് ഐസക്ക്. എന്‍.ഡി.എഫിനെതിരെ മാധ്യമങ്ങള്‍ മിണ്ടാത്തതെന്തേ എന്ന് ദേശാഭിമാനി...

മിണ്ടാട്ടം മുട്ടിയവരെക്കൊണ്ട് മിണ്ടിച്ചേ അടങ്ങൂ എന്ന വാശി നന്നല്ല സഖാക്കളെ. ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ വേണ്ടേ? ‘മിണ്ടുക മഹാമുനേ’ എഴുതിയ വൈലോപ്പിള്ളി ആണെന്നാണോ എല്ലാവരുടെയും വിചാരം?

*

തമിഴ് പുലികള്‍ കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യം വെയ്‌ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തവണയെങ്കിലും അക്കൌണ്ട് തുറക്കുക എന്നത് തന്നെയായിരിക്കുമോ മറ്റു പലരേയും പോലെ ഇവരുടെയും ലക്ഷ്യം?

*
മ‌ദനിയെന്ന വ്യക്തിയാണ് ഇന്ന് കേരളത്തിന്റെ ലോകസഭ തിരഞ്ഞെടുപ്പില്‍ നിര്‍ഭാഗ്യവശാല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് ആശ്വാസ്യകരമായ വസ്തുതയാ‍ണോ എന്നതാണ് പരിശോധിക്കേണ്ടത്.... ജനജീവിതത്തെ ബാധിക്കുന്ന എത്രയോ പൊള്ളുന്ന വിഷയങ്ങളാണ് ആരും സ്പർശിക്കാതെ, ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെടുന്നത്.

തുടക്കം മാത്രമേ ഇങ്ങനെ ഉള്ളൂ...ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ..ഇടതു ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാ‌ർത്ഥികൾക്ക് മ അദനി പിന്തുണ പ്രഖ്യപിച്ചതിനാൽ അത് സ്വീകരിക്കുന്ന സി പി ഐ എംന്റെ ചാരിത്ര്യം എങ്ങനെ നഷ്‌ടപ്പെടുന്നു എന്നതു തന്നെ തീസീസ്. പൊള്ളുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചെഴുതിയാൽ കൈപൊള്ളുന്നതാരുടെ എന്ന് മരത്തലയനറിയാം..

*
പൗരോഹിത്യത്തിന്റെ വിലയിടിച്ചുകാട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്‌ കോട്ടയം അതിരൂപത ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ മാത്യൂ മൂലേക്കാട്ട്‌. പെസഹാവ്യാഴം തിരുകര്‍മ്മങ്ങള്‍ക്ക്‌ മധ്യേ നടത്തിയ സന്ദേശത്തിലാണ്‌ ബിഷപ്പ്‌ ഇക്കാര്യമറിയിച്ചത്‌. അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരുന്ന്‌ ഭരിക്കുന്നവരുടെ മാതൃകയല്ല ക്രിസ്‌തു കാട്ടിതന്നത്‌. വിനയത്തിന്റെ മാതൃകയാണ്‌ അദ്ദേഹം നമ്മുക്ക്‌ നല്‍കിയതെന്നും ബിഷപ്പ്‌ പറഞ്ഞു.

മംഗളം വാര്‍ത്ത

ഇതാരെ ഉദ്ദേശിച്ചാവും ആര്‍ച്ച്‌ബിഷപ്പ്‌ പറഞ്ഞത് ? സി ബി ഐക്കാരെക്കുറിച്ചാണോ? അതോ ജോയ്‌മോൻ പുത്തൻ പുരയ്ക്കലിനെയോ?

ശ്രീ. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലെ ഇടയലേഖനം നിയമവിരുദ്ധം എന്ന പോസ്റ്റും, വൈദികര്‍ കേരളത്തെ ഭ്രാന്താലയമാക്കുമോ എന്ന പോസ്റ്റും കൂടി വായിക്കാം.

Tuesday, April 7, 2009

വന്നല്ലോ വനമാല...

കേരളമൊരു ചരിത്ര സൃഷ്ടിക്കായി കാതോര്‍ത്തിരിക്കുകയാണ്. 2009 മെയ് 16ന്റെ സുപ്രഭാതം പൊട്ടിവിടര്‍ന്ന് അല്പം കഴിഞ്ഞാല്‍ ആ ചരിത്രത്തിന്റെ ‘ള്ളേ...ള്ളേ...’ വിളി കേള്‍ക്കാം. പറയുന്നത് മറ്റാരുമല്ല. നിരവധി അനവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് തയക്കവും പയക്കവും വന്നിട്ടുള്ള ശരദ് പവാര്‍ തന്നെ. ഇത്തവണ എന്‍.സി.പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും, അങ്ങിനെ തുറക്കുന്ന അക്കൌണ്ട് ഹോള്‍ഡര്‍ മുരളീധരനാണെങ്കില്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യം പരിഗണിക്കുമെന്നും(ആക്കുമെന്നല്ല) അദ്ദേഹം പറഞ്ഞിരിക്കുന്നു. കേരളത്തിനു വേണ്ടി കേന്ദ്ര കൃഷിമന്ത്രി എന്ന നിലയില്‍ താന്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

പവാര്‍ ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ലായിരുന്നു. കേരളത്തിനുള്ള റേഷന്‍ വിഹിതം 2007 മാര്‍ച്ച് മാസം 1,13,420 ടണ്‍ ആയിരുന്നത് സേവനത്തിന്റെ മഹിമ മൂലം 2008 ഏപ്രിലില്‍ 17,056 ടണ്‍ ആയി പടിപടിയായി വെട്ടിക്കുറച്ച കാര്യം മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ജനം എല്ലാം ശരിക്ക് ഓര്‍മ്മിച്ചേനെ. ഓര്‍മ്മയുള്ള ജനം കൂട്ടത്തോടെ വന്ന് ‘കുത്തും‘ എന്ന കാര്യവും ഉറപ്പല്ലേ...

മലര്‍പൊടിക്കാരനു സ്വപ്നം കാണാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ല കൂട്ടരേ..മലര്‍പൊടിക്കാരനു പവാര്‍ എന്നു പേരിടാന്‍ പാടില്ല എന്നൊരു നിയമവും ഇന്നാട്ടിലില്ല.

*

വന്നല്ലോ വനമാല...

ഇത്തവണ ബി.ജെ.പി വോട്ട് വില്‍ക്കില്ല, സോറി, എല്ലാ വോട്ടും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് തന്നെ ചെയ്യും എന്ന പ്രസ്താവന കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതേയുള്ളൂ, പ്രസ്താവന എത്തി. ഇത്തവണ കൃഷ്ണദാസിനാണ് അത് പറയാനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്നത്. ആത്മരക്ഷാര്‍ത്ഥം ആയിരിക്കാം അദ്ദേഹം അത് പറഞ്ഞത്. പിന്നെ സ്വയം ഒരു ഉറപ്പിനും. വന്നു നിന്നു പോയില്ലേ..

ചില ഹോട്ടലുകളില്‍ “ഇവിടെ മദ്യം അനുവദിക്കില്ല” എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? രഹസ്യമായി ചെന്ന് ചോദിച്ചു നോക്കൂ...അപ്പോള്‍ സമ്മതിക്കും. ചോദിക്കാന്‍ മറക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ആ ബോര്‍ഡെന്ന് എക്സ്പീരിയന്‍സ്‌ഡ് കുടിയന്മാര്‍ക്ക് അറിയാം. അവര്‍ കൃത്യമായി ചോദിച്ച് സംഗതി റെഡിയാക്കുകയും ചെയ്യും.

കണക്ട് ചെയ്ത് രണ്ടു ഒരു പോലെ എന്ന് പറഞ്ഞതല്ല. അങ്ങിനെയും നടക്കാറുണ്ട് എന്ന് സൂചിപ്പിച്ചെന്ന് മാത്രം.

*

"തൊഴിലാളിവര്‍ഗപാര്‍ട്ടിയായ സി.പി.എം അധികാരത്തിനുവേണ്ടിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്‌ക്കാന്‍ തയാറായത് ‌" എന്ന് എം.വി.രാഘവന്‍ പറയുന്നത് സത്യം മാത്രമേ പറയൂ എന്ന് വാശിയുള്ളത് കൊണ്ട് മാത്രം. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ധനകാര്യം, ആഭ്യന്തിരം, ആരോഗ്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സി.പി.എം അംഗങ്ങളായിരുന്നെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? അതുമാത്രമോ? ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയല്ല ഉണ്ടായത് എന്നും യു.പി. എ ഇടതുപക്ഷ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു എന്നുമുള്ള ക്ലാസിഫൈഡ് രഹസ്യങ്ങള്‍ നമ്മളില്‍ എത്ര പേര്‍ക്കറിയാം? ഇതൊന്നുമറിയാത്ത നമുക്ക് എല്ലാം അറിയുന്ന രാഘവന്‍ തനിക്കറിയുന്ന രഹസ്യങ്ങളില്‍ ഒരെണ്ണം ഇപ്പോള്‍ പറഞ്ഞു തന്നു എന്നു മാത്രം. രേഖകളൊക്കെ ഒന്ന് പുറത്ത് വന്നോട്ടെ..ഭൂകമ്പമായിരിക്കും ഇവിടെ ഭൂകമ്പം.

ഒരു പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രം ഉണ്ടാകുകയും, ആ എം.എല്‍.എ സ്ഥിരമായി മന്ത്രിയാകുകയും ചെയ്യുന്നത് ഒരിക്കലും അധികാരമോഹം കൊണ്ടല്ല. ജനങ്ങളെ സേവിക്കുക. സഹകാരികളെ സഹായിക്കുക. അത്രയേ ഉള്ളൂ അതിന്റെ പിന്നില്‍. ആ പാര്‍ട്ടി സി.എം.പിയുമല്ല, എം.എല്‍.എയും മന്ത്രിയും രാഘവനുമല്ല.

*

വരുണ്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരുന്നത് ഇഷ്ടപ്പെടാത്ത ചില ഡ്യൂപ്ളിക്കേറ്റ് ഗാന്ധിമാരാണ് വരുണിനെ ജയിലിലടച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് (അങ്ങനൊരാളുണ്ട്)

ഡ്യൂപ്ളിക്കേറ്റ് ഗാന്ധി, അലുമിനിയം പട്ടേല്‍, ലോഹപുരുഷ്...രാഷ്ട്രീയത്തില്‍ നിന്നും ഭാഷയിലേക്ക് ചേക്കേറുന്ന പദങ്ങളുടെ എണ്ണം ഇങ്ങനെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കട്ടെ...ഭാഷകള്‍ മരിക്കാതിരിക്കട്ടെ.

*

രാജ്യസ്നേഹം വിട്ടുള്ള കളിയില്ല സംഘപരിവാറിന്. അവരുടെ കണക്കില്‍ ഈ ലോകത്ത് രണ്ടു തരം ആളുകളേ ഉള്ളൂ..‘ഞാന്‍’ രാജ്യസ്നേഹി‍, ‘മറ്റവന്‍‘ രാജ്യദ്രോഹി. ഈ വരുന്ന തെരഞ്ഞെടുപ്പും സ്നേഹിയും ദ്രോഹിയും തമ്മിലുള്ള പോരാട്ടമാണത്രെ. സ്നേഹം മൂത്ത് ‘ഇന്ത്യയെ തിളക്കി‘യപ്പോള്‍ ദ്രോഹികള്‍ രാജ്യം എന്‍.ഡി.എ യില്‍ നിന്ന് തട്ടിയെടുത്തു. ആ രാജ്യം തിരിച്ചു പിടിച്ച്, ദ്രോഹികളെ പുറത്താക്കി, ഒന്ന് ക്ലീന്‍ ചെയ്ത്, രാമരാജ്യം തന്നെ സൃഷ്ടിച്ച്......

മലര്‍പൊടിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവുമില്ല...

*

Monday, April 6, 2009

സംഭവാമി യുഗേ യുഗേ..

സപ്ലൈകോയില്‍ പല അവശ്യവസ്തുക്കള്‍ക്കും 16 കൊല്ലം മുന്‍പുള്ള വിലയേ ഉള്ളൂവത്രെ ഇപ്പോള്‍. എന്നു വെച്ചാല്‍ 1993ലെ വില. മാണിച്ചായന്‍ ഇത് കേട്ടില്ല എന്നാണ് തോന്നുന്നത്. ഇല്ലായിരുന്നെങ്കില്‍ ഉടനെ പ്രസ്താവന ഇറക്കിയേനെ..ഭരണ പരാജയം.1983ലെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സാധിക്കാത്ത സിവില്‍ സപ്ലൈസ് മന്ത്രി രാജിവെയ്ക്കണം എന്നൊക്കെ.

രണ്ടു രൂപക്ക് അരി കൊടുക്കാനുള്ള പദ്ധതി വന്നപ്പോള്‍ മാണിച്ചായന്‍ പറഞ്ഞില്ലാരുന്നോ..പോരാ...പോരാ..ഒരു രൂപക്ക് കൊടുക്കണം എന്ന്. ഒരു രൂപക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നെങ്കില്‍ പോരാ വെറുതെ കൊടുക്കണം എന്നാവുമായിരുന്നു മാണിച്ചായന്‍ പറയുക. എന്നാപ്പിന്നെ വെറുതെ കൊടുക്കാം എന്നെങ്ങാനും തീരുമാനിച്ചാൽ പറഞ്ഞേനെ... ‍പോരാ....അരിയുടെ കൂടെ പയറും കൂടി കൊടുക്കണം എന്ന്...

ഇങ്ങനെയൊക്കെ പറയാന്‍ പ്രത്യേകിച്ച് അദ്ധ്വാനമൊന്നുവേണ്ടല്ലോ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്...

*
വെള്ളാപ്പിള്ളി വരുന്ന തെരഞ്ഞെടുപ്പില്‍ യോഗം സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു. മണ്ഡലാടിസ്ഥാനത്തില്‍ പിന്നോക്കാഭിമുഖ്യം, യോഗം നിലപാടുകളോടുള്ള സമീപനം അങ്ങിനെ പലതും പിന്തുണയ്ക്ക് മാനദണ്ഡം. ചുരുക്കത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമീപനം തന്നെ(അങ്ങിനെ അല്ലെന്ന് മനോരമ) . ഇതെങ്ങനെ വലതിനു അനുകൂലമാകും എന്ന് വ്യാഖ്യാനിച്ച് കണ്ടുപിടിക്കുന്ന തിരക്കിലാണ് മാധ്യമപ്പുലികള്‍. മണ്ഡലം എന്നത് മണ്ഡലക്കാലമാണെന്നും അപ്പോള്‍ സ്വാഭാവികമായും നിരീശ്വരവാദികള്‍ക്കായിരിക്കില്ല വോട്ട് എന്നുമൊക്കെയുള്ള വിശകലനങ്ങള്‍ വരും ദിനങ്ങളില്‍ പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും ഏപ്രില്‍ 16 വരെ വണ്ടി ഓടണ്ടേ?

*
അവസാനം ഇതാ പ്രതിപക്ഷ നേതാവ് രണ്ടു കല്പിച്ചിറങ്ങിയിരിക്കുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളെ താരതമ്യം ചെയ്യാന്‍ തയ്യാറാണോ എന്നാണ് ചാണ്ടിച്ചായന്‍ വെല്ലുവിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടാണ് വെല്ലുവിളി. പാ‍വം മുഖ്യമന്ത്രി, പാവം തോമസ് ഐസക്ക്, പാവം എം.എ.ബേബി, പാ‍വങ്ങള്‍ സഖാക്കള്‍. കിട്ടുന്ന പത്രങ്ങളിലൊക്കെ താരതമ്യം ചെയ്ത് ലേഖനമെഴുതിയതും, അവസരം കിട്ടുമ്പോഴൊക്കെ താരതമ്യം ചെയ്ത് പ്രസംഗിച്ചതും, ചാനല്‍ ചര്‍ച്ചകളില്‍ താരതമ്യം അവതരിപ്പിച്ചതുമൊക്കെ വേസ്റ്റ്. തുടങ്ങിക്കോ സഖാക്കളെ ആദ്യം മുതല്‍..

അല്ലാ, കോണ്‍ഗ്രസുകാര്‍ പത്രം വായിക്കാറില്ലെന്ന് പറയുന്നത് ഇനി ശരിയാണെന്ന് വരുമോ? ടി.വി യും കാണാറില്ലേ? അതെന്തെങ്കിലുമാകട്ടെ. സാധാരണഗതിയില്‍ കളി തോറ്റെന്നുറപ്പാവുമ്പോഴാണ് രണ്ടും കല്പിച്ച് കളിക്കാനിറങ്ങുക. എത്ര വര്‍ഷത്തെ രാഷ്‌ട്രീയപാരമ്പര്യമുള്ള ആളാണ് ചാണ്ടിച്ചായന്‍. അദ്ദേഹം വരെ രണ്ടും കല്പിച്ചിറങ്ങണമെങ്കില്‍ മാധ്യമശിങ്കങ്ങള്‍ ഇതുവരെ കളിച്ച കളിയും പ്രവചനസഹായങ്ങളും ഒന്നും പോരെന്നാണല്ലോ അര്‍ത്ഥം...കോണ്‍ഗ്രസ്സിനു 14 സീറ്റ് പ്രവചിച്ചിരിക്കുന്നവരൊക്കെ ഒന്ന് മനസ്സിരുത്തിയാല്‍ കൊള്ളാം..

*
കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നു. രഹസ്യമായി ‘പിന്തുണയ്ക്കാന്‍’ ഞങ്ങളിവിടെ ഉണ്ടേ എന്ന് അദ്ദേഹം കോണ്‍ഗ്രസ്സിനോട് പറയുകയാണോ? ബി.ജെ.പി ഇത്തവണ അവരുടെ മുഴുവന്‍ വോട്ടും പിടിക്കും എന്ന് അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണാവോ? എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ അങ്ങിനെ ഒരു പ്രസ്താവന കാണാറുണ്ട്. ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും ബി.ജെ.പി നേതാവിന്റെ വകയായി. ഇത്തവണയും ആരെങ്കിലും പറയുമായിരിക്കും. നോക്കാം. പ്രസ്താവന അതിന്റെ വഴിക്കും ‘തുടര്‍നടപടി‘ അതിന്റെ വഴിക്കും പോകും എന്ന് മാത്രം. സംഭവാമി യുഗേ യുഗേ.. എന്നല്ലേ ?

*
പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ പക്കല്‍ പൈസ ഇല്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു പറഞ്ഞപ്പോല്‍ മറ്റു പലതിനും പൈസ ഉണ്ട് എന്നാണദ്ദേഹം അര്‍ത്ഥമാക്കിയതെന്ന് മനസ്സിലാകാതെ പോയല്ലോ..ച്ഛെ...ച്ഛെ... പോസ്റ്ററൊട്ടിക്കാന്‍ പൈസ ഇല്ലാത്ത ചെന്നിത്തല തിരുവനന്തപുരത്തു നിന്നും പത്തനം തിട്ടക്ക് പോയത് ഹെലിക്കോപ്റ്ററില്‍. അതിനിടയില്‍ ഒരു പരിശീലനപ്പറക്കലും. ലക്ഷക്കണക്കിനു രൂപ ചിലവാക്കി ഇങ്ങനെ യാത്ര ചെയ്യാന്‍ മാത്രം എന്ത് പ്രാധാന്യമാണാ യാത്രക്കുള്ളതെന്ന് ചോദിച്ചവരോട് കരുണാകര്‍ജി സ്റ്റയിലില്‍ കണ്ണിറുക്കിക്കാണിച്ചത്രെ ചെന്നിത്തല. കോണ്‍ഗ്രസുകാരന്റെ ഒരു പോസ്റ്ററോ, ഫ്ലക്സോ ഇല്ലാത്ത വീഥികളിലൂടെ തിരുവനന്തപുരത്തു നിന്നും പത്തനം തിട്ട വരെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു കെ.പി.സി.സി പ്രസിഡന്റിന്റെ വേദന...അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ...സഖാക്കള്‍ക്ക് അവിടെ ഇരുന്ന് കളിയാക്കിയാല്‍ മതിയല്ലോ..

*

Sunday, April 5, 2009

കോമാളിക്കൂട്ടങ്ങള്‍....

വെറുമൊരു കേന്ദ്രമന്ത്രിയായ താന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇത്രയധികം ജനം പങ്കെടുത്താല്‍ വയലാര്‍ രവിയ്ക്കാണെങ്കിലും ദേഷ്യം വരും. ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കാതിരിക്കുന്ന ഹിപ്പോക്രസി ഇല്ലാത്തതിനാല്‍ അദ്ദേഹം അത് പ്രകടിപ്പിക്കും. എന്നിട്ടും അരിശം തീരാഞ്ഞാല്‍ യോഗത്തില്‍ പങ്കെടുക്കാതെ സ്ഥലം വിടും. ഇത്രയും അധികം ജനം അടുത്ത യോഗസ്ഥലത്തും ഉണ്ടോ എന്ന് ഫോണില്‍ വിളിച്ച് ആരായും. അതിലും ജനം ഇരച്ചുകയറുകയാണ് എന്നാണ് റിപ്പോർട്ടെങ്കിൽ അങ്ങോട്ടും പോകുകയില്ല.

ആര്‍ത്തുങ്കലിലെ രവിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് 25 എണ്ണം പറഞ്ഞ ജനങ്ങളായിരുന്നുവത്രെ. പീതാംബരക്കുറുപ്പിന്റെ ശൈലിയില്‍ പറഞ്ഞാല്‍ 25 ജനലക്ഷങ്ങള്‍. രവിയ്ക്കു സ്വാഭാവികമായും ദേഷ്യം വരികയും മടങ്ങുകയും ചെയ്തു. ഇത്രയധികം ജനത്തെ സംഘടിപ്പിച്ചതിനു സംഘാടകര്‍ മൈക്കിലൂടെ മാപ്പും പറഞ്ഞു. അടുത്ത യോഗസ്ഥലത്ത് എത്തിയത് 40 ജന’ലക്ഷങ്ങള്‍’. മന്ത്രി പിണങ്ങി ആ വഴിക്ക് പോയതേ ഇല്ല.

ഈ ജനമിങ്ങനെ തുടങ്ങിയാല്‍ യു.ഡി.എഫുകാര്‍ എന്ത് ചെയ്യും? പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസിന്റെ കയ്യില്‍ പൈസ ഇല്ല എന്ന് ചെന്നിത്തല പറഞ്ഞത് കേട്ടതുകൊണ്ടാണോ ജനമേ നീ ഇങ്ങനെ പെരുമാറുന്നത്?

*

കെ.ടി. ജലീലിനു സി.പി.എമ്മില്‍ അവഗണനയാണെന്നാണ് മംഗളത്തിന്റെ പുതിയ കണ്ടെത്തല്‍. അതുകൊണ്ട് ആകെ മൊത്തം ടോട്ടല്‍ കോം‌പ്ലിക്കേഷനാണെന്നാണ് മംഗളം ലേഖകന്‍ പറയുന്നത്. പിണറായി വിജയന്‍ നയിച്ച നവകേരളയാത്രയില്‍ ആദ്യാവസാനം പങ്കാളിയാക്കിയതൊഴിച്ചാല്‍ ജലീലിനെ പാര്‍ട്ടി വേണ്ടത്ര ഗൗനിച്ചില്ല എന്നും ലേഖകന്‍ വെച്ചു കാച്ചുന്നുണ്ട്. കാറ്റുണ്ടെന്ന് തോന്നിയപ്പോള്‍ തൂറ്റാന്‍ നോക്കുകയാണ് മംഗളം. പണ്ടും ഇതുപോലെ തൂറ്റാന്‍ നോക്കിയിട്ട് ഏശിയിട്ടില്ല എന്നത് നമ്മളൊന്നും മറന്നില്ലെങ്കിലും പത്രം മറന്നു. നവകേരള യാത്രയുടെ സമയത്തെ പത്രത്തിലെ എണ്ണം പറഞ്ഞ അനാലിസിസുകള്‍ എടുത്ത് നോക്കിയാൽ കാണാം. ജലീലിനു അമിതപ്രാധാന്യം നല്‍കുന്നുവെന്നും വർഷങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളെ ഒഴിവാക്കിയതിനാൽ ആകെ മൊത്തം ടോട്ടല്‍ പ്രശ്നമാണെന്നുമൊക്കെ ഇരുന്നും കിടന്നും വിവരിക്കുന്നത് പത്രത്തില്‍ സുലഭം. ജലീലിനെ നേരിട്ട് സി.പി.എം പി ബി യിലേക്ക് എടുക്കും എന്നേ അതൊക്കെ വായിച്ചാല്‍ ശുദ്ധാത്മാക്കള്‍ക്ക് തോന്നൂ.

കുറ്റം പറയരുതല്ലോ..എന്‍.ഡി.എഫ് വന്നതുകൊണ്ട് ലീഗിനെ തഴയുന്നുവെന്നോ, ലീഗുകാര്‍ക്കിടയില്‍ ഗുലുമാല്‍ എന്നോ ഉള്ള വാര്‍ത്തയൊന്നും ആ പത്രത്തിലില്ല. മുനീറിനെപ്പോലെയുള്ള ചില ‘മിതവാദി‘കൾ സാധാരണ പുറമേയ്കെങ്കിലും അതൃപ്തി പ്രകടിപ്പിക്കുന്നതാണ്. മിതവാദി - വർഗീയ വിരുദ്ധ ഇമേജ് നിലനിറുത്തണ്ടായോ? എന്തോ..ഇപ്രാവശ്യം അതൊന്നും കാണുന്നില്ല.

*

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മാത്രം ശേഷിക്കെ ജനങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ പ്രചാരണ വേദികളില്‍നിന്ന്‌ അപ്രത്യക്ഷമായി എന്ന് മംഗളം പത്രം അലമുറയിട്ട് കരയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെയുള്ള മംഗളം (മറ്റു മ പത്രങ്ങളും) എടുത്ത് പരിശോധിച്ചാല്‍ ഇവരൊക്കെ പൊക്കിക്കൊണ്ടു നടന്നിരുന്ന “ജനങ്ങള്‍ നേരിടുന്ന ദൈനം ദിനപ്രശ്നങ്ങള്‍‍” എന്തായിരുന്നുവെന്ന് ഏകദേശം ഒരു ധാരണ കിട്ടും.

ചിരിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെ വേണ്ടേ...


*

മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ മുസ്ലീമിനെയും, കൃസ്ത്യന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനിയെയും, ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഹിന്ദുവിനെയും നിര്‍ത്തുന്നു, അതില്‍ തന്നെ ഉപവിഭാഗങ്ങളുടെ കണക്ക് നോക്കുന്നു എന്നൊക്കെ പത്രങ്ങള്‍ രാഷ്ട്രീയ സംഘടനകളെ മുച്ചൂടും വിമര്‍ശിക്കാറുണ്ട്. നല്ലത് തന്നെ. എന്നാല്‍ പത്രങ്ങള്‍ ചെയ്യുന്നതോ? മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികള്‍ പരിശോധിക്കുന്ന മംഗളം അനാലിസിസിന്റെ തലക്കെട്ട് നോക്കുക.

മലപ്പുറം ഏത്‌ എം.പിയെ മൊഴിചൊല്ലും?

അടി ആദ്യം രാഷ്‌ട്രീയക്കാരനു കൊടുക്കണോ പത്രത്തിനു കൊടുക്കണോ?

*

മതതീവ്രവാദ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന സംഘടനയാണ്‌ എന്‍.ഡി.എഫ്‌. എന്ന്‌ ആക്ഷേപമുണ്ടെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ സമ്മതിച്ചെങ്കിലും മനോരമ സമ്മതിക്കാന്‍ തയ്യാറല്ല. എന്‍.ഡി.എഫ് എന്ന വാക്ക് തങ്കച്ചന്‍ വാര്‍ത്തയില്‍ മനോരമ വെബില്‍ കാണുന്നേയില്ല. അതിനു പകരം “പി.ഡി.പി. ഉള്‍പ്പെടെയുള്ള സംഘടനകള്‍” എന്നാണ് മനോരമ പറയുന്നത്. ഭീകരവാ‍ദ നിലപാടുണ്ടെങ്കിലും വോട്ട് വേണ്ടെന്നു പറയില്ല എന്നൊക്കെ തങ്കച്ചന്‍ പറഞ്ഞതും മനോരമ വിഴുങ്ങി. വിഴുങ്ങിയത് മൊത്തം എഴുതി എന്തിനു വെറുതെ..

*
ഇത്തവണ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ ശ്‌മശാനമൂകത തളം കെട്ടി നില്‍ക്കാനാണ് സാധ്യത. അല്ലെങ്കില്‍ തന്നെ ബൂത്തിലിരിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആളെ കിട്ടാത്ത അവസ്ഥയാണ്. വന്നവര്‍ തന്നെ ഉച്ചക്ക് മടങ്ങും. പോസ്റ്ററൊട്ടിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്ത സ്ഥിതിക്ക് ഉച്ചവരെയെങ്കിലും ഇരിക്കാന്‍ ആരു വരുമെന്നാണ് ? തല കാണിക്കാനെങ്കിലും ആരെങ്കിലും വരും എന്ന് ആശ്വസിക്കാം.

*
ഓരോ രാഷ്‌ട്രീയകക്ഷിയും തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കുന്നു എന്നതും, തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി അവര്‍ കരുതുന്നത് എന്ത് എന്നതുമൊക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ ഇറക്കുന്ന ലഘുലേഖകളിലും, ഓഡിയോ-വീഡിയോ പ്രചരണത്തിലുമൊക്കെ പ്രതിഫലിക്കുമോ? കെ.പി.സി.സി കാമ്പയിന്‍ കമ്മിറ്റി പുറത്തിറക്കിയ ഓഡിയോയുടെ പേര് അവരുടെ പ്രചരണത്തിന്റെ നിലവാരവും അവര്‍ ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമായി കാണുന്നത് എന്ത് എന്നതിന്റെയുമൊക്കെ പ്രതിഫലനം തന്നെ. അവര്‍ തയ്യാറാക്കിയ ഓഡിയോ സിഡിയുടെ പേര്‍ ''ലാവലിനും പിണറായിയും പിന്നെ മഅദനിയും'' എന്നത്രെ.

എഴുതിയവരെയെങ്കിലും ചിരിപ്പിക്കാന്‍ കാസറ്റിലെ ഗാനകോലാഹലങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും കെ.പി.സി.സിയെയും കോണ്‍ഗ്രസിനെയും പരിഹാസ്യരാക്കാന്‍ അതിനു കഴിയുന്നുണ്ട്.

സ്വയം പരിഹാസ്യരായി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഈ വിശാലഹൃദയങ്ങളെ കോമാളിക്കൂട്ടങ്ങള്‍ എന്ന് വിളിച്ച് കളിയാക്കാതിരിക്കൂ...

*

ജയ് ഹോ എന്ന ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാങ്ങി കോണ്‍ഗ്രസ് വെറുതെ കാശ് കുറെ കളഞ്ഞു. ‘നയാ പൈസ ഇല്ല കയ്യില്‍ നയാ പൈസ ഇല്ല’ എന്ന പഴയ ഗാനം മതിയായിരുന്നു പ്രചരണത്തിന്. പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസിന്റെ കയ്യില്‍ പൈസ ഇല്ല എന്ന ചെന്നിത്തല പ്രസ്താവന ഇതിലും നന്നായി പ്രതിഫലിപ്പിക്കാന്‍ മറ്റേത് ഗാനത്തിനു കഴിയും?

Saturday, April 4, 2009

പൊളിറ്റിക്കലി കറൿട് തരികിടകള്‍

തെരഞ്ഞെടുപ്പ് രംഗത്തെ അപരന്മാര്‍ അപമാനമെന്ന ചാണ്ടിച്ചായന്റെ വര്‍ത്തമാനം കേട്ട് ഒരു പാവം ആത്മാവ് രാജ്‌ഘട്ടില്‍ കിടന്ന് തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടാകണം. ആ പേരില്‍ എത്രയെത്ര അപരന്മാര്‍. അദ്ദേഹം പറഞ്ഞതിനും, പ്രവര്‍ത്തിച്ചതിനും, ജീവിതം കൊണ്ട് നല്‍കിയ സന്ദേശത്തിനും ഒക്കെ പാരഡി രചിച്ചുകൊണ്ടിരിക്കുന്നു. പല സൈസിലും കളറിലുമുള്ള അപരന്മാര്‍...ആ അപരന്മാര്‍ക്കെതിരെക്കൂടി പറയാമായിരുന്നില്ലേ കുഞ്ഞേ..എന്നായിരിക്കണം ആ മനസ്സിലെ ചിന്ത.

മഹാത്മാവേ...കുഞ്ഞൂഞ്ഞിനോട് പൊറുക്കേണമേ..

*

അമേരിക്കയിലെ തൊഴിലില്ലായ്‌മ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചിലെ തൊഴിലില്ലായ്‌മ നിരക്ക് 8.5 ശതമാനമാണ്. 2007 ഡിസംബറില്‍ മാന്ദ്യം തുടങ്ങിയശേഷം 51 ലക്ഷം പേര്‍ക്കാണ് ജോലി പോയത്. ഇതില്‍ 33 ലക്ഷത്തിനും ജോലി നഷ്‌ട്പ്പെട്ടത് കഴിഞ്ഞ അഞ്ചു മാസത്തിനിടയിലാണ്. അമേരിക്കയിലെ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം മാര്‍ച്ചില്‍ മാത്രം 6.63 ലക്ഷം പേര്‍ക്ക് പണിയില്ലാതായി.

...............ഒന്നും പറയാന്‍ തോന്നുന്നില്ല.

*

“പതിനാലാം ലോൿസഭ‘15 സമ്മേളനത്തിലായി 332 ദിവസം സമ്മേളിച്ചു. രജിസ്റര്‍ പ്രകാരം 56 ദിവസം അവര്‍ സഭയില്‍ ഹാജരായി. ആറ്, ഒമ്പത്, 15 സമ്മേളനത്തില്‍ ഒരു തവണയും പങ്കെടുത്തില്ല. അടിയന്തര പ്രധാന്യമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരേണ്ട ശൂന്യവേളയില്‍ ഒരിക്കല്‍പ്പോലും വാ തുറന്നില്ല. ആണവകരാറിന്റെ പേരില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത സമ്മേളനത്തില്‍ ഒന്നോ രണ്ടോ അംഗങ്ങള്‍ ഒഴികെ എല്ലാവരും പങ്കെടുത്തപ്പോഴും ആള്‍ സഭയില്‍ ഇല്ലായിരുന്നു. കൂടുതല്‍ തവണ രാജി സമര്‍പ്പിച്ചതും അവരാണ്. 1984 മുതല്‍ '89 വരെയും '91 മുതല്‍ തുടര്‍ച്ചയായും ലോൿസഭാ അംഗമായ അവര്‍ എട്ടുതവണ രാജി സമര്‍പ്പിച്ചു. ആറു തവണ രാജിക്കത്തിലെ സാങ്കേതികതയുടെ പേരില്‍ രാജി സ്വീകരിക്കപ്പെട്ടില്ല. രണ്ടു തവണ സ്വയം പിന്‍വലിച്ചു. രാജി അംഗീകരിക്കാതിരിക്കാനുള്ള സങ്കേതിക തടസ്സത്തിന് വഴിയൊരുന്നതില്‍ വിദഗ്ദ.“

മമതാദീദിയുടെ ലോകസഭയിലെ പ്രകടനത്തെ കളിയാക്കിക്കൊണ്ട് ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയുടെ സംക്ഷിപ്തം. ദേശാഭിമാനിക്ക് അവിടെ ഇരുന്ന് എഴുതി വിട്ടാല്‍ മതി. ഒറ്റക്കൊരു പാര്‍ട്ടിയെ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ദീദിക്കേ അറിയൂ. നാനോക്ക് നോ നോ പറഞ്ഞ് ബഹളമുണ്ടാക്കിയില്ലെങ്കില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. പാര്‍ലിമെന്റില്‍ വന്ന് അവിടത്തെ കത്തി മുഴുവന്‍ കേട്ടിരുന്നാല്‍ പിന്നാരു പറയും നാനോക്കൊരു നോ നോ? മാധ്യമങ്ങളില്‍ ഇങ്ങനെ നിറഞ്ഞു നിന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു പുല്ലനും വില വെയ്ക്കില്ല. വെറും തൃണം ആയിപ്പോകും. ടാറ്റാ ടാറ്റാ പറഞ്ഞ് പോയില്ലെങ്കില്‍ വികസനം കൊണ്ടു വന്നെന്ന് ആ ബുദ്ധനും, ദേവനും,ദാസനും, ഗുപ്‌തനുമൊക്കെ അവകാശപ്പെടാന്‍ തുടങ്ങും. അവന്മാരുടെ വികസനമോഹം മുളയിലെ നുള്ളിയില്ലെങ്കില്‍ പിന്നെ ദീദിയെങ്ങിനെ വികസിക്കും? പ്രയോറിറ്റി സെറ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ പാര്‍ലിമെന്റ് പോലെ അപ്രധാനമായതൊക്കെ ഒഴിവാക്കേണ്ടിവരും. ദീദി അത് ചെയ്യുന്നു എന്നു മാത്രം.

എല്ലായിടത്തും ഒരേ സമയം പ്രത്യക്ഷപ്പെടാന്‍ മമതാ ദീ‍ദി ദൈവമൊന്നുമല്ലപ്പാ..

*
കേരളത്തിലെ തിരഞ്ഞെടുപ്പ്‌ രംഗം കോണ്‍ഗ്രസിനും യു.ഡി.എഫിനും വളരെ അനുകൂലം.

പ്രശസ്‌ത ചലച്ചിത്ര നടിയും കോണ്‍ഗ്രസ്‌ നേതാവുമായ ഉര്‍വശി ശാരദ.

തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടാമെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ അമിതമായ ആത്മവിശ്വാസമുണ്ടെങ്കില്‍ ഇക്കാര്യം തിരുത്താന്‍ തയാറാകണം.

എ.കെ. ആന്റണി.

അവരു തമ്മില്‍ അടിച്ച് തീരുമാനിക്കട്ടെ അല്ലേ?

*

വേറെ എന്ത് പറഞ്ഞാലും സാറാ ജോസഫിനും കൂട്ടര്‍ക്കും രാഷ്‌ട്രീയബോധമില്ലെന്ന് മാത്രം പറയരുത്. സമകാലിക സംഭവ വികാസങ്ങളെക്കുറിച്ചും ഇടത് വലത് കക്ഷികളുടെ നിലപാടുകളെക്കുറിച്ചോ അവര്‍ക്ക് ഒന്നും അറിയില്ലെന്ന് പറയരുത്. രാഷ്‌ട്രീയരംഗത്തെ ഓരോ ഇലയനക്കവും അവര്‍ അറിയുന്നില്ലെന്ന് പറയരുത്. കേരള രാഷ്‌ട്രീയത്തിന്റെ ഇന്നോളമുള്ള ചരിത്രമറിയില്ലെന്ന് പറയരുത്. അവരുടെ നിലപാടുകള്‍ ആരെയാണ് സഹായിക്കുക എന്നൊന്നും ചോദിക്കരുത്.

മദനിയും ജനപക്ഷവും ഇടതിനു നല്‍കുന്ന പിന്തുണ ഏത് ചെകുത്താനുമായും കൂട്ടുകൂടലാണെന്ന് സാറാ ജോസഫും കൂട്ടരും പറഞ്ഞാല്‍ സമ്മതിച്ചു കൊടുത്തേക്കണം. പി.ഡി.പിയും ജനപക്ഷവും നിലപാടും നയവും മാറ്റിയല്ലോ എന്നൊന്നും തര്‍ക്കിക്കരുത്. പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് സാ.ജോ. കൂ നിശബ്ദത പാലിച്ചാല്‍ മിണ്ടാതെ ഇരുന്നോണം. പോപ്പുലര്‍ ഫ്രണ്ട് നയങ്ങളും നിലപാടും മാറ്റാതെയല്ലെ പിന്തുണയ്‌ക്കുന്നത് അത് സ്വീകരിക്കുന്നത് ശരിയാണോ എന്നൊന്നും തിരിച്ച് ചോദിച്ചേക്കരുത്.

ഇടതുപക്ഷ കൂടാരത്തില്‍ മദനിയെ പോലുള്ള ഒരാള്‍ക്ക് ഇടം കൊടുത്താല്‍ കൂടാരം തകരുമെന്ന് അവര്‍ പറഞ്ഞാല്‍ ഇടതുപക്ഷത്തില്‍ മദനിയെ ചേര്‍ത്തിട്ടില്ലല്ലോ കൂട്ടരേ എന്നൊന്നും തര്‍ക്കിക്കരുത്. അവര്‍ക്ക് വിഷമം വരും .അവരു കരയും. ജനവിരുദ്ധമായ ഇടത്കൂടാരം തകര്‍ന്നാല്‍ നല്ലതല്ലേന്നോ, അത് തകരുന്നതില്‍ നിങ്ങള്‍ക്കെന്ത് പ്രശ്നം എന്നൊന്നും ചോദിച്ചേക്കരുത്. കൂടാരം തകരുന്നതില്‍ വിഷമമുണ്ടെന്നെ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റൂ, അതാണ് പൊളിറ്റിക്കലി കറക്റ്റ് തരികിട എന്ന് സ്വയം മനസ്സിലാക്കിക്കോണം.

ഇടതിന്റെ ഐ.ടി.നയം വായിക്കാതെയും അവരെടുത്ത നടപടികള്‍ വായിക്കാതെയും അവര്‍ കണാകുണാവര്‍ത്തമാനം പറയുമ്പോള്‍ മിണ്ടരുത്. അതൊക്കെ വായിക്കാനും പഠിക്കാനും അവര്‍ക്ക് ടൈം ഇല്ലാരുന്നെന്ന് മനസ്സിലാക്കിക്കോണം. ഗള്‍ഫില്‍ നിന്നു തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നവര്‍ ഗുണ്ടടിക്കുമ്പോള്‍ പ്രവാസി പുനരധിവാസത്തിനായി കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് അവരോട് വിശദീകരിക്കാന്‍ നില്‍ക്കരുത്. അവര്‍ക്ക് ടൈം കമ്മി എന്ന് മനസ്സിലാക്കിക്കോണം. കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരിനു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രവാസി ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രികൂടിയായ വയലാര്‍ രവി പറഞ്ഞത് അവരോട് പറയരുത്. അവര്‍ക്ക് വിഷമം വരും അവരു കിടന്നു കരയും.

സാറാ ജോസഫുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, ആസാദുമാരും, ഇങ്ങനെ ഓരോന്നോരോന്ന് ഇടതിനെതിരെ മാത്രം പറയുമ്പോള്‍ അവരുടെ വലതുപക്ഷപാതം പുറത്ത് വരുന്നു എന്നൊന്നും പറഞ്ഞേക്കരുത്. പക്ഷപാതമല്ല ഞങ്ങള്‍ വലതു തന്നെയാണെടേ കൂവേ എന്ന്‌ അവരെക്കൊണ്ട് പറയിച്ച് ചമ്മി നാറരുത്.

അധിനിവേശത്തിനെതിരെയാണവര്‍ പ്രതിരോധവും സമിതിയും തീര്‍ക്കുന്നത്. ഇടത് അധിനിവേശത്തിനെതിരെ..അത് മനസ്സിലാക്കി, കമാ എന്നൊരക്ഷരം മിണ്ടാതെ ഇരുന്നോണം...

Friday, April 3, 2009

ഹസ്സനു പറ്റിയ അക്കിടി

അങ്ങിനെ ബി.ജെ.പി പ്രകടനപത്രികയും പുറത്തു വന്നു.സാമ്പത്തിക മേഖലയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പത്രികയോട്‌ സമാനത പുലര്‍ത്തുന്നതാണ്‌ ബി.ജെ.പിയുടെ വാഗ്‌ദാനങ്ങള്‍ എന്ന് ചില പത്രങ്ങള്‍ കൊട്ടിഘോഷിക്കുന്നുണ്ട്. മൂന്നു രൂപക്ക് അരി കൊടുക്കും എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ 2 രൂപക്ക് കൊടുക്കും എന്ന് ബി.ജെ.പി. ഭാരതീയ ജനതാ പാർട്ടിയുടെ പത്രിക പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത് തങ്ങളുടെ പ്രകടനപത്രികയെ അനുകരിക്കുന്നതിനു വേണ്ടിയാണെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. വാഗ്ദാനപ്പെരുമഴയില്‍ ആരും ആര്‍ക്കും പിന്നിലല്ല. അതിലും സാമ്യമുണ്ട്. ഇപ്പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ തങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നടപ്പിലാക്കിയില്ലെന്നതിലും സാമ്യം. അങ്ങിനെ ആകെ മൊത്തം നോക്കിയാല്‍ സമാസമം.

ഇനി പ്രകടനപത്രികയില്‍ വ്യത്യാസമുള്ള കാര്യങ്ങള്‍ തപ്പിയാല്‍ കാണുക രാമക്ഷേത്രം, രാമസേതു എന്നീ രണ്ട് വാക്കുകളായിരിക്കും.

ഇതു തന്നെയല്ലെ ഇടതുപക്ഷകക്ഷികള്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ രണ്ടു കക്ഷികളും ഒരമ്മ പെറ്റ ഇരട്ടക്കുട്ടികളെപ്പോലെയാണെന്നും ഒരെണ്ണത്തിനിത്തിരി കാവി നിറം കൂടും എന്നത് മാത്രമാണ് വ്യത്യാസമെന്നും. ഇവര്‍ ഭരണത്തിലിരുന്ന കാലത്ത് നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ഇത് തെളിയിച്ചുകൊണ്ടും ഇരുന്നു. ഇപ്പോഴത്തെ പ്രകടനപത്രിക ഇടതുപക്ഷം ഉയര്‍ത്തിയിരുന്ന വാദങ്ങളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു എന്നു മാത്രം.

വിജിലന്‍സിനു പുതിയ തെളിവു ലഭിച്ചു, സി.ബി.ഐക്ക് പുതിയ തെളിവു കരഗതമായി, ഇന്റര്‍പോളിനു പുതിയ തെളിവു കിട്ടി എന്നൊക്കെ ഇമ്പോസിഷന്‍ പോലെ എഴുതി എഴുതി ശീലിച്ചതിനാല്‍ പത്രങ്ങള്‍ ഈ സാമ്യ-വൈജ്യാത്യങ്ങള്‍ പുതിയ കാര്യം പോലെ അവതരിപ്പിക്കുന്നു എന്നു മാത്രം. NEWS എന്ന പേരില്‍ എന്തെങ്കിലും പുതിയ ‘പുതിയ‘ കാര്യങ്ങള്‍ കൊടുക്കുവാന്‍ ബാദ്ധ്യസ്ഥരാണല്ലോ അവര്‍.

ജീവിച്ചുപോട്ടേന്ന്...

*

വരുണിനെതിരെ എന്‍.എസ്.എ പ്രയോഗിച്ചതില്‍ സംഘപരിവാരത്തിനു കുണ്ഠിതം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെക്കൊണ്ടു വരും എന്ന് പറഞ്ഞിരിപ്പാണ് ബി.ജെ.പി. പോട്ട പോലുള്ള നിയമങ്ങള്‍ അവ നിലവിലിരുന്ന കാലത്ത് പ്രയോഗിക്കപ്പെട്ടത് ഏതാണ്ട് 7500ല്പരം ആളുകളുടെ മേല്‍. കോടതി ശിക്ഷിച്ചത് 800ല്‍ താഴെ പേരെ. കോടതികള്‍ വെറുതെ വിട്ട ബാക്കി 6700 നിരപരാധികളുടെ കാര്യം? അത് രാജ്യസുരക്ഷക്കുവേണ്ടി ആ നിരപരാധികള്‍ ചെയ്ത ഒരു ചെറിയ ത്യാഗം. അതിലൊന്നും ഒരു കുഴപ്പവും കാണാത്തവരാണ് തങ്ങള്‍ക്കു നേരെ നിയമം വരുമ്പോള്‍ കിടന്ന് മോങ്ങുന്നത്. രാജ്യസുരക്ഷ‌യ്ക്കു വേണ്ടി കുറച്ചു ത്യാഗം വരുണും ചെയ്യട്ടെന്നേ ഈ മരത്തലയനു പറയാനുള്ളൂ..

പറയുമ്പോൾ അറിയാത്തവർ ചൊറിയുമ്പോഴെങ്കിലും അറിയട്ടെ..


*
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ കറിവേപ്പിലയായിരിക്കും പി.ഡി.പിയും മഅ്‌ദനിയുമെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ എം.എം. ഹസന്‍.

ഇടതുപക്ഷത്തിനു വോട്ട് ചെയ്യാന്‍ തീരുമാനിച്ച പി.ഡി.പി.യിലെയും (ജനപക്ഷത്തിലെയും) ചിലരെയെങ്കിലും ഒന്ന് കണ്‍ഫ്യൂസ് ചെയ്യിക്കാമോ എന്ന ഓവര്‍സ്മാര്‍ട്ട് കളികളിക്കാന്‍ നോക്കുകയായിരുന്നു ഹസ്സന്‍. പക്ഷെ, അതിനിടയിൽ സത്യം അറിയാതെ പുറത്തു ചാടി. പാവം

ഇടതുപക്ഷത്തിനു പി.ഡി.പി, ജനപക്ഷം എന്നിവരുമായി യാതൊരു സഖ്യവുമില്ലെന്നും , തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്യപ്പെട്ട പിന്തുണ സ്വീകരിക്കുന്നു എന്നു മാത്രമേ ഉള്ളൂ എന്നും ഇടതുപക്ഷം ആവര്‍ത്തിച്ചു പറയുമ്പോഴും അല്ല, അല്ല അല്ലേ അല്ല എന്ന് മൈക്ക് വെച്ച് അനൌണ്‍സ് ചെയ്യുകയായിരുന്നു ഹസ്സനും കൂട്ടരും.പാവം ഹസ്സൻ ഇപ്പോൾ അറിയാതെ പറഞ്ഞു പോയി ഇടതുപക്ഷം പറയുന്നതാണ് ശരിയെന്ന്. ഓവര്‍സ്മാര്‍ട്ട് കളിക്കിടയില്‍ അറിയാതെ സത്യം പുറത്തുവന്നു.

പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ, എങ്ങനൊക്കെ മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എന്ന് ?

കുരുട്ടു ബുദ്ധിക്കാരനായ ഹസ്സന്റെ നാവിന് പിഴച്ച ഒരു അപൂർവ മുഹൂർത്തമായി നമുക്കിതിനെ ചരിത്രത്തിൽ ഉപ്പിലിട്ടു വയ്ക്കാം.

*

ജനങ്ങളുടെ കോടതിയില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന്‌ വിധിയെഴുതപ്പെട്ടു കഴിഞ്ഞുവെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

ആ കോടതി തങ്കച്ചനെയും കൂട്ടരെയും എന്നേ ജീവപര്യന്തത്തിനു വിധിച്ചിരുന്നുവെന്ന് കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് വിധിയിലും, നിയമസഭാ തെരഞ്ഞെടുപ്പ് വിധിയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിധിയിലും പ്രസ്താവിച്ചിരുന്നു എന്ന കാര്യം മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നെങ്കില്‍ തങ്കച്ചന്‍ ഇത് പറയില്ലായിരുന്നു.

വായിലെ നാക്കിനു ലൈസന്‍സ് വേണ്ട എന്നത് എത്രയെത്ര തങ്കച്ചന്മാരെ രക്ഷിക്കുന്നു...

*

പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത് നന്നായി അവര്‍ നല്‍കുന്ന പിന്തുണ മാധ്യമങ്ങള്‍ക്ക് പതിവുപോലെ ക്ഷ ബോധിച്ചതും നന്നായി. പ്രതീക്ഷിച്ച പോലെത്തന്നെ അവരുടെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും ഒന്നും മാധ്യമങ്ങളിലെ കിളിജോത്സ്യന്മാര്‍ എടുത്തിട്ട് അലക്കുന്നില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വകേലൊരമ്മാച്ചന്റെ ഭാര്യയുടെ കൊച്ചു മോളുടെ ക്ലാസ്‌മേറ്റ് കൂട്ടുകാരിക്കു ചോക്കലേറ്റും ലോലിപ്പോപ്പും വാങ്ങിക്കൊടുത്തത് ശരിയോ തെറ്റോ എന്നൊക്കെയുള്ള അഭിപ്രായ വോട്ടെടുപ്പില്‍ ക്ലിക്കേണ്ടി വരുകില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാര്യക്കെതിരെ ആരോ പണ്ട് നല്‍കിയ മൊഴി വീണ്ടും വീണ്ടും വായിക്കേണ്ടി വരില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ ചെന്നതിന്റെ വഴിയും റൂട്ടുമൊക്കെ ഗ്രാഫിക് ഇല്ലസ്‌ട്രേഷന്‍ ആയി പത്രത്താളുകളില്‍ കാണേണ്ടി വരുന്നില്ല എന്നത് വളരെ നന്നായി.

മാധ്യമങ്ങളുടെ പ്രകടനപത്രികയും പ്രതീക്ഷിച്ച പോലെ തന്നെ ആയത് എന്തായാലും അതിലും നന്നായി.

*

ഓരോരോ പ്രോബ്ലംസേയ്..

വിശ്വസിക്കാവുന്നവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് തിരിച്ചറിഞ്ഞതിന്റെ ഷോക്കിലാണ് ശിവണ്ണ.

വിശ്വാസ വോട്ടെടുപ്പ് വേളയില്‍, തന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലറില്‍ അവിശ്വാസം രേഖപ്പെടുത്തി, വിപ്പ് ലംഘിച്ച് കോണ്‍ഗ്രസില്‍ വിശ്വാസം രേഖപ്പെടുത്തി അവരെ പിന്തുണച്ചതാണ് പാവം ശിവണ്ണ. ആപത്ത് കാലത്ത് സഹായിച്ച ശിവണ്ണയ്ക്ക് വിശ്വാസവോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നല്‍കിയിരുന്ന ഓഫറായിരുന്നു ചാമരാജ് നഗര്‍ സീറ്റ്. സീറ്റ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയത് ചില്ലറ ആളൊന്നുമല്ല. സര്‍വശക്തയായ മാഡം തന്നെ. എന്നാലിപ്പോള്‍ എല്ലാ സമവാക്യങ്ങളും ഒപ്പിച്ച് കര്‍ണ്ണാടകയിലെ സീറ്റ് വീതം വെപ്പ് കഴിഞ്ഞപ്പോള്‍ ശിവണ്ണ ഔട്ട്. സീറ്റ് ആമ്പിള്ളേരു കൊണ്ടു പോയി. പൊട്ടിക്കരയാനല്ലാതെ ശിവണ്ണയ്ക്ക് ഒന്നിനുമായില്ല.

മാഡത്തിന്റെ വാക്ക് വിശ്വസിച്ച് അന്ന് ഗൌഡയോട് പോയി പണിനോക്കാന്‍ പറഞ്ഞ ശിവണ്ണയ്ക്ക് ഇപ്പോള്‍ മാഡവും ഇല്ല ഗൌഡയും ഇല്ല.

ഇടതുപക്ഷത്തെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ ദേവഗൌഡയോട് പോയി പണി നോക്കാന്‍ പറഞ്ഞ കൃഷ്ണന്‍‌കുട്ടിയണ്ണന്മാര്‍ക്ക് ശിവണ്ണയുടെ ഗതിവരാതിരുന്നാല്‍ മതിയായിരുന്നു.

വീരവനിതകളെയും വീരപുരുഷന്മാരെയും വിശ്വസിക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേയ്..

*

"തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ മഅദ്‌നി ഒരു വിഷയമല്ല. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ കേരള ഘടകമാണ്‌."

ഇത് പറഞ്ഞത് കേന്ദ്രപ്രതിരോധമന്ത്രി ശ്രീമാന്‍ എ.കെ.ആന്റണി.

അല്ല, അതെങ്ങിനെ ആന്റണിക്ക് വിഷയമാക്കാന്‍ പറ്റും? ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ. കേന്ദ്രത്തില്‍ മന്ത്രിയായെന്നു കരുതി 2001ഉം 2004ഉം ഒക്കെ പെട്ടെന്നങ്ങനെ മറക്കാന്‍ മാത്രം മനഃസാക്ഷിയില്ലാത്തവനല്ല ആന്റണി എന്നറിയുന്നത് സന്തോഷകരം തന്നെ. വലതുപക്ഷരാഷ്ട്രീയത്തില്‍ ഇത്തിരി ഉളുപ്പെങ്കിലും അവശേഷിക്കുന്നുണ്ടല്ലോ. നല്ലത്. മദനി-ലാവലിന്‍ ഷട്ടില്‍ അടിച്ചുകൊണ്ടിരിക്കുന്ന തങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിനു കേരള ഘടകം ആന്റണിയെ എങ്ങിനെ ഡീല്‍ ചെയ്യും എന്നറിയില്ല. തൊണ്ണൂറിന്റെ യൌവന്യവുമായി ലീഡറും രംഗത്തുള്ളതിനാല്‍ ആന്റണിയെ ഷട്ടിലിനടിയില്‍ പെടുത്തുമോ, ആന്റണി സ്വയം പെടുമോ എന്നൊന്നും പറയാന്‍ വയ്യ.

എന്തരെങ്കിലുമൊക്കെ നടക്കും...

പാവം ആന്റണി. പ്രതിച്ഛായ ഉണ്ടാക്കിവെച്ചതിന്റെ ഓരോരോ പ്രോബ്ലംസേയ്...

*

“നിനക്ക് തോന്നുമ്പോള്‍ കയറിവരാനും തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും ഇതെന്താടാ സത്രമോ?” എന്ന് തലതെറിച്ച പിള്ളാരോട് പിതാക്കന്മാര്‍ ചോദിക്കുന്ന ഒരു സ്റ്റാന്‍ഡാര്‍ഡ് ചോദ്യമാണിത്. പക്ഷേ കോണ്‍ഗ്രസ് ആണ് പിതാവെങ്കില്‍ ആ പ്രശ്നമൊന്നുമില്ല. യു.പി.എ എന്ന സത്രത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം, എപ്പോള്‍ വേണമെങ്കിലും പോകാം. പോയിട്ട് തിരിച്ചു വരാം. തിരിച്ചുവന്നിട്ട് പോകാം. വന്നിട്ട് നിന്നു തിരിയാം. എന്തുവേണമെങ്കിലും ആകാം.

വിശ്വാസം വരുന്നില്ലെങ്കില്‍ ആന്റണിച്ചായന്റെ ഈ പ്രസ്താവന വായിക്കുക.

“യു.പി.എയില്‍ നിന്നു ഒരു ഘടകക്ഷികളേയും കോണ്‍ഗ്രസ്‌ പുറത്താക്കിയിട്ടില്ല. സ്വയം പിരിഞ്ഞുപോയവര്‍ തെരഞ്ഞെടുപ്പിനു ശേഷം തിരിച്ചുവന്നാല്‍ സ്വീകരിക്കും.“

പാവം..വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഓരോ പ്രോബ്‌ലംസേയ്..

*

ചില ഹോട്ടലുകളെക്കുറിച്ച് തമാശ പറയാറുണ്ട്. ചോറ് ചിലവാകാതെ വന്നാല്‍ അവനെ ദോശയോ ഇഡ്ഡലിയോ ആക്കും. ആവിപറക്കുന്ന ഇഡ്ഡലിയും ദോശയും എന്ന പേരില്‍ ചിലവാക്കാന്‍ നോക്കും. അതും ചിലവാകാതെ വന്നാല്‍ വടയാക്കും. നല്ല മൊരിഞ്ഞ വട. അതും ചിലവായില്ലെങ്കില്‍ വേറെ എന്തെങ്കിലും. അങ്ങിനെ നിരവധി അനവധി മാര്‍ഗങ്ങളിലൂടെ ചിലവാക്കാന്‍ നോക്കി, ഗതിയില്ലാതെ നാറി, പുഴുവരിച്ച് നാട്ടുകാര്‍ കൈവെയ്ക്കും എന്ന അവസ്ഥ വരുമ്പോഴേ അത് കൊണ്ടു കളയൂ.....വിസിനസുകാരുടെ ഓരോരോ പ്രോബ്ലംസേയ്..

വാര്‍ത്തകളിലും ഉണ്ട് ഇത്തരം പഴംചോറ് സമ്പ്രദായം. ആദ്യം വിശ്വസ്തകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത കൊടുക്കും. അത് ചീറ്റും. പിന്നെ വിജിലന്‍സ് വെച്ച് ഒരു പിടി പിടിക്കാന്‍ നോക്കും. അതും ചീറ്റും. പിന്നീട് സി.എ.ജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്തകൊടുക്കും. ചിലവാകാതെ വരുമ്പൊള്‍ സി.ബി.ഐ കണ്ടെത്താലാക്കും. അതും ചിലവാകാതെ വരുമ്പോള്‍ കുറച്ച് ദിവസം എടുത്ത് ഫ്രിഡ്ജില്‍ വെച്ച് പുതിയ കണ്ടെത്തല്‍ എന്ന മട്ടില്‍ ഇന്റര്‍പോളിന്റെ കണ്ടെത്താലാക്കി വീണ്ടും ഇറക്കും. എല്ലാ വാര്‍ത്തയിലും വിജിലന്‍സിനു പുതിയ തെളിവു ലഭിച്ചു, സി.ബി.ഐക്ക് പുതിയ തെളിവു ലഭിച്ചു, ഇന്റര്‍പോള്‍ പുതിയ തെളിവുണ്ടാക്കി എന്നൊക്കെ ചേര്‍ക്കാന്‍ മറക്കുകയുമില്ല. അല്ല വിശ്വാസ്യതയുടെ പ്രശ്നമല്ലേ...

ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട ലാവലിന്‍ വാര്‍ത്തകള്‍ കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണക്കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്ന് ചില പത്രങ്ങളില്‍ വരുന്നതിന്റെ ഒരു രീതി കണ്ടപ്പോള്‍ തോന്നിപ്പോയതാണേ..

വിഷയങ്ങളൊന്നും സംസാരിക്കാനില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേയ്..

Wednesday, April 1, 2009

മുച്ചിറിപ്പല്ലുന്തിയുണ്ടക്കണ്ണന്‍

ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌!

കെ.ഇ. എന്‍ തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞതാണിത്.

വര്‍ഷങ്ങളുടെ സമരപാരമ്പര്യമുള്ള, പ്രവര്‍ത്തന പാരമ്പര്യമുള്ള, വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ മുണ്ടുടുത്തവനും, (മുടി നീട്ടി വളര്‍ത്തിയവനും) മലയാളം പറയുന്നവനും മാത്രമായി ഒതുക്കുന്നതും, ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് നൂലുകെട്ടിയിറക്കപ്പെട്ടവന്റെ പ്രവര്‍ത്തനപാരമ്പര്യത്തെക്കുറിച്ചുള്ള, ജനാഭിമുഖ്യത്തെക്കുറിച്ചുള്ള, നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ , മുണ്ടില്ലായ്മയെന്ന, മലയാളം മുണ്ടുകില്ലെന്ന 'വ്യത്യസ്തത’കളിലേക്ക് തിരിച്ചുവിട്ട് രക്ഷപ്പെടുത്താം എന്ന് കരുതുന്നതും മുച്ചിറിപ്പല്ലുന്തിയുണ്ടക്കണ്ണന്‍ അധഃപതനം തന്നെ.

രാഷ്ട്രീയപ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പ്രചരണവും ഇത്തരം തറവളിപ്പുകളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന, രാഷ്ട്രീയം ഉപഭോഗിക്കാവുന്ന ഒരു ഉല്പന്നം മാത്രമാണെന്ന് കരുതുന്ന ഇത്തരം ‘നിഷ്‌പക്ഷര്‍ക്ക്‘ ഒരു മുണ്ട് സമ്മാനം.

*

ദേശീയ നേതൃത്വം സംസ്ഥാനത്തിലെ ഇടതിനൊപ്പവും സംസ്ഥാന നേതൃത്വം(?) വലതിനൊപ്പവും. ജനതാദള്‍(എസ്) മൊത്തത്തില്‍ ഒരു ചോദ്യചിഹനം ആയിരിക്കുന്നു. ജനതാദള്‍ (യെസ്)ഉം ജനതാദള്‍ (നോ) ഉം ആയി അവര്‍ പിളരാനിടയുണ്ടെന്നും കേള്‍ക്കുന്നു. ഒരു മുന്നണിയിലിരിന്നുകൊണ്ട് എതിര്‍ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ജനതാദള്‍ സംസ്ഥാന നേതൃത്വത്തിലെ വീരന്മാര്‍ക്ക് ഒരു തൊപ്പിയൂരി വണക്കം.

*

"ഇത്തവണ തെരഞ്ഞെടുപ്പില്‍ പിഡിപിയും യുഡിഎഫും ഒന്നിച്ചു നില്‍ക്കണം. അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. നിരന്തരം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മലബാറിലും തിരുവിതാംകൂറിലും പിഡിപിയുടെകൂടി അഭിപ്രായപ്രകാരം രണ്ട് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതും നേതൃത്വം അറിയിച്ചുകാണുമല്ലോ. സീറ്റ് ധാരണയായ സ്ഥലങ്ങളില്‍ വേണ്ട സഹായം നല്‍കുമല്ലോ. മാര്‍ച്ച് 30നുമുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണം. ഇനിയൊരു പൊളിച്ചെഴുത്ത് അസാധ്യമാണ്. സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം. പകരം നിങ്ങളോടും സമുദായത്തോടും പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം''-

കുഞ്ഞാലിക്കുട്ടി 2001ല്‍ മദനിക്കയച്ച കത്തില്‍ നിന്നുള്ള ഭാഗങ്ങള്‍. ഭൂതകാലത്തിലെ മദനിക്കയച്ച കത്തിലെ ഭാഗങ്ങള്‍.

പൊന്നാനിപ്പുഴയിലൂടെ പിന്നീടെത്രയോ വെള്ളം ഒഴുകിപ്പോയി. മഞ്ചേരിയിലെ ചേരിക്കും മാറ്റം വന്നു. തന്റെ ചിന്തയിലും, പ്രവര്‍ത്തനരീതികളിലും, വിശ്വാസത്തിലുമൊക്കെ മാറ്റം വന്നുവെന്ന് മദനി പ്രഖ്യാപിച്ചു. അങ്ങിനെ പലതും സംഭവിച്ചു.

ഇന്ന് അതേ കുഞ്ഞാലിക്കുട്ടി, നിരവധി അനവധി മുസ്ലീം സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നു; അവരെ ബോധവല്‍ക്കരിക്കുന്നു. പി.ഡി.പിയുടെ അപകടത്തെക്കുറിച്ച്. “സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം. പകരം നിങ്ങളോടും സമുദായത്തോടും പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം“ എന്നൊക്കെത്തന്നെ അവരോടും ഇപ്പോള്‍ പറയുന്നു..

2001ല്‍ നല്ല കക്ഷിയായിരുന്ന പി.ഡി.പി ഇടതിനു പിന്തുണ വാഗ്ദാനം ചെയ്ത് സ്വഭാവദൂഷ്യമുള്ളവരായി 2009ല്‍ മാറിയാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള രാജ്യസ്നേഹികള്‍ക്ക് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കാനാവില്ലല്ലോ. അതുകൊണ്ടു മാത്രമാണ് അദ്ദേഹം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അല്ലാതെ തോല്‍‌വി ഭയന്നിട്ടൊന്നുമല്ല. പിന്നെ സാമുദായിക താല്പര്യ സംരക്ഷണത്തിന്റെ അസ്കിതയും ഇത്തിരി ഉണ്ടെന്നു മാത്രം.

സുരേഷ് ഗോപി ചിത്രങ്ങളിലെ “ഷിറ്റ് ” പോലെയാണ് കുഞ്ഞാലിക്കുട്ടി ചിത്രങ്ങളിലെ “സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം“ എന്ന പ്രയോഗവും. എതിരാളി ആരായാലും അത് പറഞ്ഞിരിക്കും എന്നു പ്രചരിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...നോ കമന്റ്‌സ്

*

കള്ളന്മാരുടെ ഇടയില്‍ വരെ കപട മതേതരന്മാര്‍ക്കാണ് ഭൂരിപക്ഷം എന്നതിനു വ്യക്തമായ കണക്കുണ്ട് കുമ്മനത്തിന്. ഒരു വര്‍ഷത്തിനിടെ നടന്ന കവര്‍ച്ചകളില്‍ എത്രാമത്തേതാണ് കാലടി ആദിശങ്കരക്ഷേത്രക്കവര്‍ച്ചയെന്നും എത്ര കുറച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ മാത്രമേ ഇക്കാലയളവില്‍ കവര്‍ച്ച നടന്നിട്ടുള്ളൂ എന്നും എത്രയെത്ര കുറവ് മുസ്ളിം ദേവാലയങ്ങളിള്‍ മാത്രമേ കള്ളപ്പരിഷകള്‍ കയറിയിട്ടുള്ളൂ എന്നും അദ്ദേഹത്തിനറിയാം. അമ്പലം വൈസ്, പള്ളി വൈസ്, മസ്‌ജിദ് വൈസ്, കപ്പേള വൈസ്, ഭഗവതിത്തറ വൈസ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏത് തരം അനാലിസിസും ഏത് ഉറക്കത്തിലും അദ്ദേഹം മണിമണിപോലെ പറയും. അതിന്റെ അടിസ്ഥാനത്തിലാണ് കള്ളന്മാര്‍ക്കിടയിലെ കപടമതേതരവാദികളെ അദ്ദേഹം തുറന്നു കാട്ടുന്നതും, ഇതില്‍ ഒരു മാറ്റം വരേണ്ടതിന്റെ ആവശ്യകത ഊന്നിഊന്നിപ്പറയുന്നതും. ഇതെല്ലാം കേള്‍ക്കുന്ന കള്ളന്മാര്‍ കുമ്മനത്തിന്റെ പരിഭവം കണക്കിലെടുക്കുമെന്നും ഇനി മുതല്‍ ശരിയായ മതേതരസ്വഭാവത്തോടെ കവര്‍ച്ചയില്‍ ഏര്‍പ്പെടുമെന്നും പ്രത്യാശിക്കാം.

ദാരിദ്ര്യം, പട്ടിണി, കര്‍ഷക ആത്മഹത്യ, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, കുടിവെള്ളം ഇല്ലാത്തവര്‍, ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങളിലെ കണക്ക് കുമ്മനത്തോട് ചോദിക്കരുത്. അമ്പലം കത്തുമ്പോള്‍ കഴുക്കോലൂരുന്ന പരിപാടി ദയവായി അദ്ദേഹത്തോടെടുക്കരുത്.

*

പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ശശി തരൂരിനു പിന്തുണയുമായും, അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞും മുന്‍ നയതന്ത്രപ്രതിനിധി ടി.പി.ശ്രീനിവാസന്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. ഒരേ സമയം ഇസ്രായേല്‍ പക്ഷപാതിയും പാലസ്തീന്‍ പ്രേമിയുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങു തകര്‍ത്തഭിനയിക്കുന്ന തരൂരിനെ ന്യായീകരിക്കുവാന്‍ ശ്രീനിവാസനു എല്ലാ അവകാശവും ഉണ്ട്. ശശി തരൂരിന്റെ വിജയത്തിനു എന്തെല്ലാം നടപടികള്‍ എടുക്കണം എന്ന് ചോദിച്ചറിയുന്നതിനു വേണ്ടി കവടിയാറിലെ സ്വന്തം വീട്ടില്‍ തലസ്ഥാനത്തെ തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കുവാനും അദ്ദേഹത്തിനു എല്ലാ അവകാശവും ഉണ്ട്. ഈ അവകാശമൊക്കെ നാം അംഗീകരിച്ചുകൊടുക്കണം. എങ്കിലും കൊന്നാലും ഒരു കാര്യം നാം അംഗീകരിക്കരുത്. ശ്രീനിവാസന്റെ തരൂര്‍ ന്യായീകരണങ്ങള്‍, മഹത്വഘോഷണങ്ങള്‍ എന്നിവയൊക്കെ അച്ചടിച്ചുവിടുന്ന മാധ്യമങ്ങള്‍ക്ക് വിരുന്നിന്റെ കഥ കൂടി ജനങ്ങളെ അറിയിക്കുവാന്‍ ബാധ്യത ഉണ്ട് എന്ന കാര്യം. അവര്‍ക്ക് അങ്ങിനെ ഒരു ബാധ്യതയും ഇല്ല. ജനങ്ങള്‍ അതൊന്നും അറിയേണ്ട കാര്യമില്ല. സത്യത്തില്‍ അങ്ങിനെ അറിയിക്കുന്ന മാധ്യമങ്ങളെ നാം ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്.

ഹല്ല പിന്നെ..........