Friday, June 12, 2009

ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്ക് ചെയ്യാതാകുമ്പോള്‍

BREAKING NEWS സി ബി ഐ നാര്‍ക്കോ-ടെസ്റ്റ് വഴി തെളിയിക്കുക: എവിടെ പോയി ലാവലിന്‍ കൊടുത്ത 10,18,76,826.71 രൂപാ (10.19 കോടി)? എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് കണ്ണ് തള്ളി നോക്കി നിന്നു പോകും. ലാവലിന്‍ കേസിന്റെ ചരിത്രത്തിലാദ്യമായി അണപ്പൈ വരെ കണക്ക് കൂട്ടി കണ്ടുപിടിക്കുകയും അത് ആരു അടിച്ചു മാറ്റി എന്നു കണ്ടു പിടിക്കുവാന്‍ സി.ബി.ഐയെ ഒട്ടേറെ ലിങ്കുകള്‍ നല്‍കി വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍, പെറ്റ തള്ളവരെ ഞെട്ടിപ്പോകും.


മെര്‍കുഷിയോയുടെ പോസ്റ്റിലെ വാക്കുകള്‍ തന്നെ കടമെടുത്ത്, വളച്ചൊടിച്ചു എന്ന ആരോപണം കേള്‍പ്പിക്കാതെ നമുക്ക് തുടങ്ങാം. അവര്‍ പറയുന്നത് ഇങ്ങിനെ.

എത്ര തുക മലബാര്‍ കാന്‍സര്‍ സെന്ററിനു കൊടുത്തു എന്നു പറയുവാന്‍ ഏറ്റവും നല്ലതു ലാവലിന്‍ തന്നെയാണു. അവര്‍ ഈ വിഷയത്തെ പറ്റി ഇറക്കിയ വിശദീകരണക്കുറിപ്പു അനുസരിച്ചു അവര്‍ക്ക് സംഭരിക്കുവാന്‍ പറ്റിയതു 18 ലക്ഷം കനേഡിയന്‍ ഡോളറ് മാത്രമാണു. അതായതു 77,691,713.14 രൂപാ. ഇതു അവര്‍ക്ക് കൊടുത്തതു കനഡാ സര്‍ക്കാറിന്റെ കനേഡിയന്‍ ഇന്റര്‍നാഷണന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയാണു. ലിങ്ക് ഇവിടെ. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിക്കുക.

ഇതിനു പുറമെ ലാവലിന്‍ സ്വന്തം ആദായത്തില്‍നിന്നു 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍ അഡ്വാന്‍സായി മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കി. അതായതു 11,39,85,113.57 രൂപാ.

അങ്ങനെ മൊത്തം നല്‍കിയതു 19,16,76,826.71 രൂപാ. ചെന്നൈയിലെ ഇടനിലക്കരന്‍ ടെക്നിക്കാലിയയ്ക്ക് കിട്ടിയതായി കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ പറയുന്നതു 8.98 കോടി രൂപ.

ബാക്കി 10,18,76,826.71 രൂപാ എവിടെ പോയി? കാണാനില്ലേ 10.19 കോടി രൂപാ!“

മെര്‍കുഷിയോ അതീവ വിശകലന ബുദ്ധിയോടെ നടത്തുന്ന കണ്ടെത്തലുകള്‍, ആ പോസ്റ്റിലെ രാഷ്ട്രീയവും രാഷ്ടീയ വിശകലനവും, പരിഹാസവുമൊക്കെ മാറ്റി നിര്‍ത്തി പരിശോധിച്ചു നോക്കാം. മെര്‍കുഷിയോ 10,18,76,826.71 രൂപാ (10.19 കോടി) എന്ന തുകയില്‍ എങ്ങനെയായിരിക്കാം എത്തിയത് എന്നൊന്ന് കണക്ക് കൂട്ടി...

എല്ലാം ആദ്യേം പൂജ്യേം .....

ലാവലിനു സംഭരിക്കുവാന്‍ പറ്റിയ തുക =18 ലക്ഷം കനേഡിയന്‍ ഡോളര്‍

സ്വന്തം ആദായത്തില്‍ നിന്നും നല്‍കിയത് = 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍

മൊത്തം തുക - 18+26.4 = 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍

2009 ജൂണ്‍ ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് - 1 കനേഡിയന്‍ ഡോളര്‍ = 43.1779 ഇന്ത്യന്‍ രൂപ (ലിങ്ക്)

ആ‍യതിനാല്‍ 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍ = 4440000X43.1779 =19,17,09,876 രൂപ

ഇതില്‍ നിന്നും 8.98 കോടി രൂപ കുറച്ചാല്‍ കിട്ടുന്ന തുക 10,21,09,876 രൂപ അതായത് 10.21 കോടി രൂപ.

കണക്ക് കൃത്യം. വാങ്ങല്‍/വില്‍പ്പന വിലയില്‍ ചെറിയ വ്യത്യാസം ധനകാര്യ ഏജന്‍സികളുടെ നിരക്കില്‍ കാണും എന്നതിനാലാണ് കണക്കിലെ ചെറിയ വ്യത്യാസം. മെര്‍കുഷിയോ കണക്കു കൂട്ടാനെടുത്ത റേറ്റ് 43.17045647 ആണ്.

എന്നാലും എന്തോ ഒരു വശപ്പെശകില്ലേ കണക്കില്‍? ലാവലിന്‍ തുക നല്‍കിയത് ഇന്നോ ഇന്നലെയോ അതോ മിനിഞ്ഞാന്നോ? അത് കൃത്യമായി അറിയില്ല. എന്നിരുന്നാലും മെര്‍കുഷിയോ തന്നെ നല്‍കിയ സി.എ.ജി ലിങ്കില്‍ February 2001 വരെ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1 ഫെബ്രുവരി 2001നായിരിക്കും തുക നല്‍കിയത് എന്ന് കരുതി കണക്ക് കൂട്ടാം

അന്നത്തെ റേറ്റ് 31.01737 (മുകളിലെ ലിങ്ക് ഉപയോഗിച്ചാല്‍ ഇത് കണ്ടെത്താം)

അപ്പോള്‍ ലഭിച്ചിരിക്കാവുന്ന തുക - 4440000X31.01737=13,77,17,122.80 രൂപ

ആ തീയതിക്കും പിന്നിലേക്ക് പോയാലും തുക കുറയുകയേ ഉള്ളൂ. സ്ഥിരമായി എക്സ്ചേഞ്ച് റേറ്റ് 40 രൂപ കടന്നത് 2006 ഏപ്രില്‍ 28 നാണ്. ലിങ്ക് (ഈ ലിങ്ക് ഉപയോഗിച്ച് ഇത് കണ്ടു പിടിക്കാം)

1999 ഏപ്രില്‍ 1ലെ റേറ്റ് 27.87845 അതനുസരിച്ചാല്‍ ലഭിച്ച തുക12,37,80,318 = ഏതാണ്ട് 12 കോടി

ഇത് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള 12 കോടിയുമായി ഒത്തുവരുന്ന തുകയാണ്. “ആ 12 കോടി ഇതാ ഇവിടെ” എന്ന പോസ്റ്റില്‍ ഈ തുക എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിന്റെ ചില വിശദീകരണങ്ങളും ഉണ്ട്.

2001 ഫെബ്രുവരി വരെ കനേഡിയന്‍ ഡോളറില്‍ നല്‍കിയ തുകയ്ക്ക് 2009 ജൂണ്‍ 1ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് വെച്ച് കണക്കുണ്ടാക്കുകയും അതിലൂടെ എത്രയൊക്കെയോ തുക ആരൊക്കെയോ അടിച്ചു മാറ്റി എന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ഈ മെര്‍കുഷിയോ പോസ്റ്റ്, ലാവലിന്‍ വിഷയത്തില്‍ ഏതൊക്കെ രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതിനൊരൊന്നാം തരം ഉദാഹരണമാണ്. കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ മെനക്കെടാതെ, അതിന്റെ കൂടെ എഴുതിയ “കഥ” മാത്രം വായിച്ച് മുഴുവന്‍ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഈ രീതിയിലൊക്കെയാണ് പറ്റിക്കപ്പെടുന്നത്. അത് കമലാ എന്റര്‍പ്രൈസസിനെക്കുറിച്ചുള്ള ബിനാമിക്കഥയായാലും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലായാലും.

ടെക്നിക്കാലിയയുടെ വെബ് സൈറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ ബെഡ്ഡിന്റെ എണ്ണം 275 ആണെന്ന് പറഞ്ഞിരിക്കുന്നെന്നും എന്നാല്‍ ഹിന്ദുവിന്റെ കണക്ക് പ്രകാരം 65 ബെഡ്ഡേ ഉള്ളൂ എന്നും പറഞ്ഞ്, ആ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു വെക്കുവാന്‍ ആഹ്വാനം ചെയ്ത, “ടെക്‍നോളിയ(sic) അത്ര റെപ്യുട്ടട്ട് ആണോ“ എന്ന സംശയം ഉന്നയിക്കുകയും ചെയ്യുന്ന മെര്‍കുഷിയോവിന്റെ പോസ്റ്റിലെ കണക്കിലെ ഈ വമ്പന്‍ കുഴപ്പം എത്ര സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചാലും തീരുമോ? റെപ്യൂട്ടേഷന്‍ ഒരു പരിക്കും ഇല്ലാതെ നിലനില്‍ക്കുമോ?

സി.ബി.ഐയേക്കാല്‍ വലിയ സി.ബി.ഐ ചമഞ്ഞ് എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ദുരൂഹത നിലനിര്‍ത്തുവാന്‍ വിവിധ രീതികളില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിവികാസത്തിനും യോജിച്ച രീതിയില്‍ മാധ്യമങ്ങള്‍ നടത്തുന്ന അനാലിസിസുകളുടെയും കഥമെനയലിന്റെയും വഴിക്ക് തന്നെ ബൂലോഗത്തെ അനാലിസിസുകളില്‍ ചിലതും എന്നത് നിരാശാജനകം തന്നെ.

പോസ്റ്റിട്ടവരേക്കാള്‍ ആവേശത്തോടെ പോസ്റ്റിനു താഴെ വീണ ഒരു കമന്റു കൂടി ഇട്ടില്ലെങ്കില്‍ ചിത്രം പൂര്‍ണ്ണമാവുകയില്ല.

അതിങ്ങനെ.

ഗുപ്തന്‍ June 12, 2009 12:36 PM

Good work :) All this Pinarai episode was blown out of proportion both by the media and by group conflicts in the party. The attention has turned away from huge financial mis-management to one single person.

I am not convinced that Pinarai is innocent: even if he is having a minimal role in this affair he could be only reaping what he sowed. But this extra attention on the political side is turning the attention away from some more serious issues.

പോസ്റ്റില്‍ എന്തെഴുതി എന്നതല്ല ആര്‍ക്കെതിരെ എഴുതി എന്നതാണ് Good work ആകാനുള്ള minimal യോഗ്യത. ഇതും ലാവലിന്‍ വിഷയം തല്പരകക്ഷികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നല്ലൊരു സ്പെസിമന്‍ തന്നെ.

3 comments:

  1. BREAKING NEWS സി ബി ഐ നാര്‍ക്കോ-ടെസ്റ്റ് വഴി തെളിയിക്കുക: എവിടെ പോയി ലാവലിന്‍ കൊടുത്ത 10,18,76,826.71 രൂപാ (10.19 കോടി)? എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് കണ്ണ് തള്ളി നോക്കി നിന്നു പോകും. ലാവലിന്‍ കേസിന്റെ ചരിത്രത്തിലാദ്യമായി അണപ്പൈ വരെ കണക്ക് കൂട്ടി കണ്ടുപിടിക്കുകയും അത് ആരു അടിച്ചു മാറ്റി എന്നു കണ്ടു പിടിക്കുവാന്‍ സി.ബി.ഐയെ ഒട്ടേറെ ലിങ്കുകള്‍ നല്‍കി വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍, പെറ്റ തള്ളവരെ ഞെട്ടിപ്പോകും.

    ReplyDelete
  2. ആടിനെ എങ്ങനെ പട്ടിയാക്കി മാറ്റാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണു ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിയ്ക്കുന്ന കഥകൾ.കേരളം കണ്ട ഏറ്റവും വലിയ അഴിമതി, ബോഫോർ‌സിനേൽക്കാൾ വലിയ പണമിടപാട് എന്നൊക്കെ പറഞ്ഞു തുടങ്ങി ഇപ്പോൾ വെറും ഗൂഢാലോചനയിലും, ഖജനാവ് നഷ്ടത്തിലും( കണക്കില്ല) മാത്രം എത്തിനിൽ‌ക്കുന്നു....!

    ഇനിയും നമ്മൾ എന്തെല്ലാം കാണാനിരിയ്ക്കുന്നു മരത്തലയാ..!

    ReplyDelete
  3. കണ്ടകസനിക്കാരന്‍ കുറച്ചു നാളു കൂടി വെയിറ്റ് ചെയ്തിരുന്നെങ്കില്‍ 10 കോടി എന്നത് ഒരു 20 കോടിയാക്കാമായിരുന്നു...ആക്രാന്ത് ആക്രാന്ത് !!

    ReplyDelete