Wednesday, January 20, 2010

കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം

ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി പല സുമനസ്സുകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ കമന്റിട്ട് കട്ടേം പടോം മടക്കുന്നതിനെപ്പറ്റി ആരും പഠിപ്പിച്ചതായി കണ്ടിട്ടില്ല. പലരും അത് പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കിലും, ഒരു പാഠ്യപദ്ധതി എന്ന നിലയില്‍ അത് ബൂലോഗത്ത് ഇടം പിടിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതിനായി ഒരു എളിയ ശ്രമം നടത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് പറയുന്നത് ശരിയായിരിക്കുകയില്ലല്ലോ..

പ്രതിജ്ഞ എന്ന പോസ്റ്റിട്ട ഒരാളുടെ കട്ടേം പടോം മടക്കുന്ന വിധം ഉദാഹരണ സഹിതം പഠിപ്പിക്കുകയാണ് ഈ പോസ്റ്റില്‍. ബിംബങ്ങള്‍ നിറഞ്ഞെ ഒരു രചനാരീതി അവലംബിച്ചിരിക്കുന്നത് കൊണ്ട് ആദ്യം ഒരു പുക പോലെ തോന്നുമെങ്കിലും ആവര്‍ത്തിച്ചുള്ള പാരായണത്തിലൂടെ പ്രസ്തുത പ്രതിസന്ധി മറികടക്കാവുന്നതേ ഉള്ളൂ..

പ്രതിജ്ഞ

ഇന്ത്യ എന്റെ രാജ്യമാണ്‌.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

ഈ പ്രാര്‍ത്ഥന ആരെങ്കിലും ഒരാള്‍ പോസ്റ്റാക്കി എന്ന് വിചാരിക്കുക വെറുതെ വിചാരിച്ചാല്‍ മതി..നമുക്ക് ആ പോസ്റ്റിന്റെ കട്ടേം പടോം മടക്കണം എന്ന് തോന്നി എന്നും വിചാരിക്കുക. വെറുതെ വിചാരിച്ചാല്‍ മതി. അതിനു ആദ്യം ചെയ്യേണ്ടത് ആ പോസ്റ്റിലെ വരികള്‍ പിരിച്ച് താഴേക്ക് താഴേക്ക് കോപ്പി പേസ്റ്റ് ചെയ്യുക എന്നതാണ്. വരമുറിപ്പോസ്റ്റിങ്ങ് എന്നാണ് ഇതിനു സാങ്കേതികഭാഷയില്‍ പറയുന്നത്. എന്നിട്ട് ഓരോ വരിക്ക് താഴെയും ‘വായക്ക് തോന്നിയത് കോതക്ക് പാട്ട്‘ എന്ന മട്ടില്‍ ‘അപ്പോ തോന്നിയതോ, അപ്പപ്പ കണ്ടോനെ അപ്പാന്ന് വിളിക്കുന്ന മട്ടിലുള്ളതോ‘ ആയ എന്തെങ്കിലും എഴുതിവെക്കുക. പണ്ട് മറ്റെവിടെയോ എഴുതിയതിന്റെ വിപരീതമാണ് ഇപ്പോള്‍ എഴുതുന്നതെങ്കിലും ഉപേക്ഷ വിചാരിക്കരുത്. വിപരീതത്തിന്റെ വിപരീതം എന്നൊക്കെ പറഞ്ഞ് പിടിച്ച് നില്‍ക്കാനുള്ള ധൈര്യം ഇത്തിരി സംഭരിച്ചു വെക്കണം എന്ന് മാത്രം.

അപ്പോ തുടങ്ങുകയല്ലേ....

സോ ആന്‍ഡ് സോ said... (സോ ആന്‍ഡ് സോ എന്നതൊരു ബിംബം മാത്രം)

ഇന്ത്യ എന്റെ രാജ്യമാണ്‌.

അതെങ്ങിനെയാണ് സെബിനേ, ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയുന്നത്? എന്റെയും കൂടി രാജ്യമല്ലേ?

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ആണിനെയും പെണ്ണിനെയും സഹോദരിയെന്നു വിളിക്കുമോ? അല്ലെങ്കില്‍ സഹോദരന്‍ എന്ന് വിളിക്കുമോ? അതോ നപുംസകങ്ങളാണ് എല്ലാവരും എന്ന് പറയുകയാണോ സെബിനേ? അപ്പോ പിന്നെ കല്യാണം കഴിക്കുന്നതെങ്ങിനെ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

അങ്ങിനെ പറയുമ്പോള്‍ മറ്റുള്ളവര്‍ സ്നേഹിക്കുന്നില്ല എന്നാണോ സെബിനേ അര്‍ത്ഥമാക്കുന്നത്? ഇത് സ്നേഹത്തെ സംബന്ധിച്ച ഫാസിസ്റ്റ് നിലപാടല്ലേ സെബിനേ? സെബിന്റെ പോസ്റ്റില്‍ ചൈനീസ് ഭാഷയില്‍ വന്ന കമന്റ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ ചൈനീസ് ബന്ധത്തിനു തെളിവല്ലേ? സ്പാം എന്ന് പറഞ്ഞ് ഒഴിയാതെ സെബിനേ..

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഇതൊരു ബൂര്‍ഷാവ്യവസ്ഥിതിയായിരിക്കെ അതില്‍ അഭിമാനം കൊള്ളാമോ സെബിനേ? സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ ആബ്സൊല്യൂട്ടിലി പൂര്‍ണ്ണം എന്നാണോ സെബിനേ? ഇനി മെച്ചപ്പെടുത്താന്‍ പറ്റില്ലേ സെബിനേ?

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍, എന്റെ എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സുപ്പീരിയോരിറ്റി കോമ്പ്ലക്സല്ലേ സെബിനേ? എല്ലാമറിയുന്ന ഗുരു എന്നത് ഒരു ഫാസിസ്റ്റ് ബിംബം അല്ലേ സെബിനേ? അതോ ഇനി ഈ ഗുരുവിനു ഒന്നും അറിയില്ലെന്നാണോ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

കള്ളന്മാരെയും, കൊള്ളക്കാരെയും,കൊലപാതകികളേയും സഹായിക്കും എന്നല്ലേ സെബിനേ ഇതിന്റെ അര്‍ത്ഥം? ഇത് ശരിയായ നിലപാടാണോ സെബിനേ...

Wednesday, January 20, 2010 12:00:00 PM GMT+05:30

പ്രതിപക്ഷ ബഹുമാനത്തോടെ ഇത്തരം കമന്റുകള്‍ക്കും സെബിന്‍ (സെബിന്‍ ഒരു ബിംബം ആണെന്ന് പറയേണ്ടതില്ലല്ലോ) മറുപടിയെഴുതിയാല്‍ സംഭവം തീരുമെന്നാണോ വിചാരം? കൊള്ളാം..അതിനു വേറെ ആളെ നോക്കണം..നമ്മള്‍ നിര്‍ത്തരുത്. ആ കമന്റിലെ വരികള്‍ വരമുറിയായി പോസ്റ്റ് ചെയ്ത് അടുത്ത ഡോസ്..അതിനെങ്ങാനും മറുപടി എഴുതിയാല്‍ അത് വരമുറിയാക്കി നെക്സ് ഡോസ്..നമുക്ക് വേറെ പണിയില്ലാന്ന് വിചാരിക്കാന്‍ നാട്ടുകാരെന്താ വേറെ പണിയില്ലാതിരിക്കുകയാണോ? ചമ്മലേ പാടില്ല..പേരും പത്രാസും ഇല്ലാത്ത സോ ആന്‍ഡ് സോ എന്ന തൂലികാനാമത്തിലല്ലേ കളി..

ഇതൊക്കെ വായിച്ച് പേടിച്ച് സെബിന്‍ നമുക്ക് വിവരമില്ലെന്ന് മനസ്സിലാക്കി മറുപടി എഴുത്ത് നിര്‍ത്തിയാല്‍ നാം നിര്‍ത്തുമോ? അതിനു കള്ളുവേറെ കുടിക്കണം..

പോസ്റ്റിലെ എല്ലാവരിയും, കമന്റിലെ എല്ലാവരിയും വരമുറിയാക്കി ഒരു ലെവലായിക്കഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് പ്രയോഗിക്കാം. സൈഡിലെ ഗൂഗ്ഗില്‍ പരസ്യമോ, പ്രൊഫൈല്‍ വാചകമോ, അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. അതെടുത്ത് പയറ്റണം.

ഉദാഹരണമായി

view my complete profile.. എന്ന് മിക്കവാറും ബ്ലോഗില്‍ കാണുമല്ലോ. അത് കോപ്പി പേസ്റ്റ് ചെയ്യുക. എന്നിട്ടൊരു കമന്റ് താങ്ങുക..

view my complete profile..

അപ്പോള്‍ വ്യൂ ചെയ്താല്‍ മാത്രം മതിയെന്നാണോ സെബിനേ..വായിക്കേണ്ടേ? view and read my profile എന്നതല്ലേ ശരിയായ നിലപാട് സെബിനേ..

ഈ ഡോസോടു കൂടി, സുഹൃത്തുക്കളേ, ആത്മാര്‍ത്ഥമായി ഒരു പോസ്റ്റിടുന്ന സെബിന്മാരുടെ (സെബിന്‍ ഒരു പ്രതീകം മാത്രം) കട്ടേം പടോം മടങ്ങുമെന്നത് നൂറരത്തരം. അഥവാ മടങ്ങിയില്ലെങ്കില്‍ view my complete profile എന്നതിലെ വാക്കുകള്‍ പിരിച്ച് വരമുറിയാക്കി ഓരോ വാക്കിനും കമന്റിടണം. ആ ബ്ലോഗ് എപ്പപ്പൂട്ടിയെന്ന് കേട്ടാ മതി...

ഡിസ്‌ക്ലെയിമര്‍

ഈ പോസ്റ്റുമായോ അതിലെ കമന്റുകളുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല അങ്ങിനെ സംശയം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികം എന്ന് പറയേണ്ടതില്ലല്ലോ. ബിംബാധിഷ്ഠിത രചനാരീതിയുടെ രീതിശാസ്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അത്തരം സംശയങ്ങള്‍ ഉയരാന്‍ ഇടയില്ല എന്ന് തോന്നുന്നു. എന്നിട്ടും ഉയരുകയാണെങ്കില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളുടെ തലവിധി എന്ന് കരുതി സമാധാനിക്കുക.

27 comments:

  1. ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി പല സുമനസ്സുകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ കമന്റിട്ട് കട്ടേം പടോം മടക്കുന്നതിനെപ്പറ്റി ആരും പഠിപ്പിച്ചതായി കണ്ടിട്ടില്ല. പലരും അത് പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കിലും, ഒരു പാഠ്യപദ്ധതി എന്ന നിലയില്‍ അത് ബൂലോഗത്ത് ഇടം പിടിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതിനായി ഒരു എളിയ ശ്രമം നടത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് പറയുന്നത് ശരിയായിരിക്കുകയില്ലല്ലോ..

    ReplyDelete
  2. ആര്‍ത്തുചിരിച്ചതല്ലാതെ വേറെ കമന്റൊന്നും എഴുതാനില്ല. ഇനി ചിരിയെയും പിരിച്ച് മറുപടി കമന്റു വരുമോന്നൊരു പേടിയേയുള്ളൂ.

    ReplyDelete
  3. ശരിക്കും ചിരിപ്പിച്ചു.

    :)

    ReplyDelete
  4. ഹമ്പടാ! കലക്കിയുന്നല്ലാതെ എന്തുപറയാന്‍!

    ReplyDelete
  5. ഹയ്യോ....ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി !

    ReplyDelete
  6. ചിരിച്ച്‌ അടപ്പിളകി!!!
    ഒരു പാട്‌ പോസ്റ്റുകളില്‍ ആ താരത്തിന്റെ 'അരിയെത്ര പയറഞ്ഞാഴി ' കമന്റുകള്‍ അരോചകമായി തോന്നിയിട്ടുണ്ട്‌. ആരെങ്കിലും അതു ഒരു പോസ്റ്റായി അലക്കുമെന്നും പ്രതീക്ഷിച്ചു. പക്ഷേ ഇത്ര ഗംഭീരമാകുമെന്നു പ്രതീക്ഷിച്ചില്ല.

    ReplyDelete
  7. സൂചിമുഖിപ്പക്ഷിയെ മാറ്റി ചന്തികുലുക്കിപ്പക്ഷീടെ കഥയെഴുതീരുന്നാലത്തെ കഥകൂടി ഓര്‍ത്തോര്‍ത്ത് ചിരിച്ചു....

    ReplyDelete
  8. സാധാരണക്കാര്‍ക്ക് മനിസിലാകുന്ന ഭാഷയില്‍ എഴുതിയതിന്‌ നന്ദി
    കൊള്ളാം...

    ReplyDelete
  9. ഞാന്‍ ഒന്നു പ്രാക്റ്റീസ് ചെയ്തു നോക്കട്ട്. ദാ മലയാളം സംഗീതം പോസ്റ്റില്‍ കണ്ടത്

    "ആറാട്ടു കടവിലും ആന കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു." (നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്നു തുടങ്ങുന്ന പോസ്റ്റ്)

    ഈ വരികളില്‍ പ്രത്യക്ഷമായും പരസ്പര വൈരുധ്യവും അവ്യക്തതയും നിറഞ്ഞു നില്‍ക്കുന്നു. ആറാട്ട് കടവില്‍ ആണെങ്കില്‍ ആന അവിടെ ഉണ്ടാകേണ്ടതല്ലേ? ആനയില്ലാതെ ആറാട്ട് എങ്ങനെ നടക്കും? ആറാട്ട് നടക്കുന്ന സമയത്ത് ആനയെ കൊട്ടിലില്‍ തളച്ചത് ആരാണ്‌, എങ്ങനെയാണ്‌ എന്തുദ്ദേശത്തിലാണ്‌ അങ്ങനെ ചെയ്തത്? ആസ്വാദകലക്ഷം ആറാട്ടു കാണാന്‍ കടവിലാണോ അതോ ആനയെ കാണാന്‍ കൊട്ടിലിലാണൊ നിന്നത്? നിറഞ്ഞു നിന്നു എന്നത് കൊട്ടില്‍ നിറഞ്ഞു നിന്നു എന്നാണോ എങ്കില്‍ ആനയ്ക്കൊപ്പം അങ്ങനെ തിക്കി നിറഞ്ഞു നില്‍ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് എന്തുകൊണ്ട് ആരും ചിന്തിച്ചില്ല? കടവ് നിറഞ്ഞു നിന്നു എന്നു പറയണമെങ്കില്‍ കടവിന്റെ അതിര്‍ത്തി എന്തെന്ന് നിശ്ചയിക്കേണ്ടതില്ലേ? കടവിനു ചുറ്റുമുള്ള അഞ്ഞൂറു മീറ്റര്‍ ചുറ്റളവാണു കടവിന്റെ അതിര്‍ത്തി എന്നു കരുതി ഒരാള്‍ നിറഞ്ഞു എന്ന് എഴുതി എന്നു വയ്ക്കുക, കടവിന്റെ ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ആണ്‌ അതിര്‍ത്തി എന്നു കരുതുന്ന മറ്റൊരാള്‍ ആസ്വാദക ലക്ഷം നിറഞ്ഞില്ല എന്നു കരുതുന്നതില്‍ തെറ്റൊന്നുമില്ലല്ലോ?

    ഇത്തരം നിരുത്തരവാദിത്വം നിറഞ്ഞതും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റുകള്‍ ഇടുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്നതില്‍ സംശയമില്ല. ആറാട്ട് പോലെയുള്ള ആചാരങ്ങളെക്കുറിച്ച് ബ്ലോഗര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ചില പ്രത്യേക മതവിഭാഗങ്ങളെ അപമാനിക്കാനുമാണ്‌ ഈ പോസ്റ്റ് എന്ന് ഞാന്‍ അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?

    ReplyDelete
  10. നാല്പത്തിയാറു രൂപാ പോയി. അല്പം ചുമയുണ്ടായിരുന്നത് കുറയ്ക്കാൻ വാങ്ങി കുടിച്ച മരുന്നിന്റെ വില! ഇതു വായിച്ച് ചിരിച്ച് ചുമ കൂടി. കഫ്സിറപ്പ് കുടിച്ചതു വെറുതെയായി! പോസ്റ്റ് നന്നായിട്ടുണ്ട്. ആശംസകൾ!

    ReplyDelete
  11. പോസ്റ്റിലെ തമാശ കൊള്ളാം. എങ്കിലും പ്രതിജ്ഞ യെ വെറുതെ വിട്ടു മറ്റെന്തെങ്കിലും ഉപമകള്‍ കണ്ടുപിടിക്കുന്നതാണ് പക്വത .പബ്ലിഷിടിക്കു വേണ്ടി ഇനിയും ആവര്ത്തിക്കരുതെന്ന് അപേക്ഷിക്കുന്നു

    ReplyDelete
  12. ചിരിപ്പിക്കാന്‍ വേണ്ടി തന്നെ പോസ്റ്റിയത അല്ലെ...

    ReplyDelete
  13. നൗഷാദ് തമാശ പറഞ്ഞതാണോ?
    അതോ കടുവയെ കിടുവ പിടിച്ചതാണോ?

    ReplyDelete
  14. ആവര്‍ത്തിച്ചാല്‍ നൗഷാദ് വടക്കേല്‍ എന്താണാവോ ചെയ്യുക... മരത്തലയനെ മൂക്കിലെങ്ങാനും വലിച്ചു കേറ്റിക്കളയുമോ...?

    ReplyDelete
  15. മോനേ നൌഷാദേ

    എല്ലിനുള്ളിൽ വറ്റു കയറി കുത്താൻ തുടങ്ങിയോ?
    മുലപ്പാലിന്റെ മണം മാറിയിട്ടില്ലല്ലോ
    ഒരു പണിയും ഇല്ലെങ്കിൽ തൊടു പുഴ മുതൽ മുവാറ്റുപുഴ വരെ ദിവസം നാല് തവണ നടക്ക്

    ReplyDelete
  16. തകർത്തു....

    അല്ലാ, പുതിയ വഴിഅറിയില്ലെ ???...ഇതാ സാപിൾ.. “സാധാരണക്കാര്‍ക്ക് മനിസിലാകുന്ന ഭാഷയില്‍ എഴുതിയതിന്‌ നന്ദി
    കൊള്ളാം...“

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഈ മരത്തലയില്‍ ഇത്രയും ഉണ്ടാരുന്നോ????

    എന്‍റെ ബ്ലോഗ്‌ ചുണയുണ്ടെങ്കില്‍ പൂട്ടിക്കെഡാ....

    http://susemon.blogspot.com/2010/02/blog-post.html

    ReplyDelete
  19. ആശാനെ കലക്കി !!!!!!!!!!!!!!
    :-)

    ReplyDelete
  20. അഭിവാദ്യങ്ങള്‍ !!!!!!

    ReplyDelete
  21. ഫ്രണ്ട്സ് സിനിമയിലെപ്പോലെ
    'സെബിന്റെ' അമ്മാവന്മാരാരെംകിലുംവന്ന്‌ മരത്തലയിലിട്ട് പൂശട്ട്

    ReplyDelete
  22. ഈ പോസ്റ്റ് അടിയങ്ങൾക്കെന്നും ഒരു റഫറൻസ് ആണേ... :)
    പിന്നെ ഒരു പാഠവും.. :(

    ReplyDelete