Saturday, October 16, 2010

ഇതല്ലേ മൊതല്..

ലോട്ടറിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ദിനേശന്റെ (തളത്തിലല്ല) നാമം മറക്കാന്‍ കഴിയുന്നതല്ല. ലോട്ടറി കണ്ടു പിടിച്ചതു തന്നെ ഇദ്ദേഹത്തിനു വേണ്ടിയായിരുന്നു എന്നു പോലും തോന്നിപ്പിക്കുന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും വാദമുഖങ്ങളും. ലോട്ടറിച്ചട്ടം അരച്ചുകലക്കിക്കുടിച്ച് ഒരു ഏമ്പക്കവും വിട്ട് നടക്കുന്ന ദിനേശന്‍ ഒരേ സമയം പല ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിലും അദ്ദേഹവുമായി ഒരു അഭിമുഖം സംഘടിപ്പിക്കാനായി എന്നത് ഇത്രയും വര്‍ഷത്തെ മാധ്യമജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷം തന്നെയായിരുന്നു.

സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സംസാരിക്കാന്‍ കഴിയുന്ന അദ്ദേഹം ലോട്ടറി വിഷയത്തില്‍ മനസ്സു തുറക്കുന്നു.

ലോട്ടറി വിഷയത്തില്‍ താങ്കള്‍ ഒരു വിദഗ്ദനാണല്ലോ. എങ്ങിനെയാണ് ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?

പണ്ടു മുതലേ ലോട്ടറി എനിക്കൊരു വീക്ക്നെസ് ആയിരുന്നു. കലാഭവന്റെ പഴയൊരു മിമിക്രി പ്രോഗ്രാമില്‍ ‘കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ഏത്’ എന്നതിനു ശരിയുത്തരമായി പറയുന്നത് ‘സി.വിദ്യാധരന്‍, മഞ്ജുളാ ബേക്കറി, ആലപ്പുഴ‘ എന്ന ലോട്ടറി അനൌണ്‍സ്മെന്റാണ്. ഒരു ലോട്ടറി ഏജന്റിന്റെ പേരാണ് കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൌമാരകുതൂഹലം എന്നൊക്കെ പറയാറില്ലേ..അത്തരമൊന്ന്. പലവിധ ജോലിത്തിരക്കുകളും സാമൂഹിക, രാഷ്ട്രീയ ജീവിതത്തിലെ ഇടപെടലുകളും കാരണം വിദഗ്ദനാകുവാന്‍ ഇപ്പോഴേ അവസരം ലഭിച്ചുള്ളൂ എന്ന് മാത്രം. എങ്കിലും വിവിധ തരം ലോട്ടറികള്‍ വാങ്ങി ഈ വിഷയത്തിലെ താല്പര്യം നഷ്ടപ്പെടാതെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

അതായത് അന്നത്തെ കലാഭവനാണ് ഇന്നത്തെ ദിനേശനെ സൃഷ്ടിച്ചത്..

എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കിലും കലാഭവനില്‍ നിന്നും ഷോമാന്മാരായ എത്രയെത്ര താരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

സംവാദത്തിലേക്ക് എടുത്തു ചാടിയതിനെപ്പറ്റി വിശദീകരിക്കാമോ?

എടുത്തുചാടിയതതൊന്നുമല്ല. മറിച്ച് എല്ലാം കണക്ക് കൂട്ടി ഇറങ്ങിത്തിരിച്ചതു തന്നെയാണ്. അതില്‍ പലര്‍ക്കും അസൂയ കാണും. അവരാണിത്തരം പ്രചരണത്തിനു പിന്നില്‍. സ്വന്തം മണ്ഡലത്തില്‍ പോയാല്‍ പോലും ആളുകള്‍ തിരിച്ചറിയാത്ത അവര്‍ക്കൊക്കെ, ഞാന്‍ മാര്‍പ്പാപ്പയുടെ കൂടെ നിന്നാലും ദിനേശന്റെ കൂടെ നില്‍ക്കുന്നത് ആരാണ് എന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയില്‍ എന്നോട് അസൂയ തോന്നുക എന്നത് സ്വാഭാവികം മാത്രം.

പാര്‍ട്ടിയിലെ എതിരാളികളെക്കുറിച്ചാണോ?

നോ കമന്റ്സ്

വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ലോട്ടറിക്കാര്യത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

കേന്ദ്ര സര്‍ക്കാരും ക്ഷമിക്കണം കേരള സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്. ഓരോ തവണയും എന്റെ പാര്‍ട്ടിയിലെ പാവപ്പെട്ട നേതാക്കളെ മാഫിയായുടെ അഭിഭാഷകരായി കൊണ്ടു വരുന്നത് ആരാണെന്നാണു വിചാരം? ഇപ്പോള്‍ ഞങ്ങളുടെ വക്താവിനെ കൊണ്ടു വന്നത് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ആണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? ഇതിനു മുന്‍പ് ഞങ്ങളുടെ മറ്റൊരു നേതാവും, പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും ഹാജരായതിനു പിന്നിലും ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയുടെ കറുത്ത കരങ്ങള്‍ തന്നെയാണുള്ളത്.

അദ്ദേഹം ഇത്രമാത്രം ശക്തനാണോ?

ശക്തന്‍ നാടാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഏറ്റവും ശക്തന്‍ നമ്മുടെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയാണ്.

കേന്ദ്ര ലോട്ടറി നിയമവും ചട്ടവും ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണോ?

അത് ഉറപ്പിച്ചു പറയാന്‍ പറ്റുകയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇതിനു മുന്‍‌കൈ എടുക്കണം.

ധനകാര്യമന്ത്രിയുടെ വലയില്‍ വീഴാന്‍ മാത്രം മണ്ടന്മാരാണോ താങ്കളുടെ പാര്‍ട്ടിക്കാര്‍‍?

സംഘടനാരഹസ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കുക.

സി.പി.എം മാഫിയാ ബന്ധത്തെപ്പറ്റി താങ്കള്‍ പലപ്പോഴും വാചാലനാകാറുണ്ടല്ലോ. എന്താണതിന്റെ അടിസ്ഥാനം?

മാഫിയ എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ അതിനു മുന്‍പായി സി.പി.എം എന്ന് ചേര്‍ക്കണം എന്ന് ഞങ്ങളുടെ പാര്‍ട്ടിയുടെ പി.ആര്‍. ഉപദേഷ്ടാക്കള്‍ ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ്. ധനകാര്യമന്ത്രി പറയുന്നതുപോലെ ‘പൊതുസമ്മിതിയുടെ നിര്‍മ്മാണം‘ എന്ന ചോംസ്കിയന്‍ ആശയമൊന്നുമല്ല ഇതിനടിസ്ഥാനം. തെരുവില്‍ രാഷ്ട്രീയം കളിച്ചു വളര്‍ന്നവന്റെ പ്രായോഗിക ബുദ്ധി. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് അവകാശവാ‍ദങ്ങളൊന്നുമില്ല.

കേരളത്തിന്റെ കാര്യം പോട്ടെ. ലോട്ടറി വിഷയത്തില്‍ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?

ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. ലോട്ടറിക്ക് അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അത് കാണാതിരിക്കുന്നതില്‍ ബയാസുണ്ട്. ഇനി നിരോധനത്തിന്റെ കാര്യം പറയാം. കേന്ദ്ര ലോട്ടറി നിയമം ചട്ടം 4 പ്രകാരം കേന്ദ്രത്തിനാണ് ലോട്ടറി നിരോധിക്കാന്‍ അധികാരം എങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സംസ്ഥാനത്തില്‍ നിന്നും 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് കാരണങ്ങള്‍ നിരത്തി അയക്കുന്ന കത്തിനോടൊപ്പം ഈ കത്ത് വ്യാജനല്ല എന്നതിനു നോട്ടറി സര്‍ട്ടിഫൈ ചെയ്ത സര്‍ട്ടിഫിക്കറ്റും വേണം. ഇതിന്റെ കൂടെ മറുപടിക്കായി സ്വന്തം മേല്‍‌വിലാസമെഴുതിയ ഒരു വെള്ളക്കവറും വെക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ അഭാവത്തില്‍ കേരളത്തിനു മറുപടി അയക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുകയില്ല എന്നത് ഞാന്‍ പറഞ്ഞു തന്നിട്ടു വേണോ മനസ്സിലാക്കാന്‍?

താങ്കള്‍ പറഞ്ഞു വരുന്നത് കേന്ദ്രം നേരിട്ട് നടപടിയെടുത്താല്‍ ഫെഡറലിസത്തിന്റെ ലംഘനമാകും എന്നാണോ?

ഫെഡറലിസമൊന്നും വലിയ പ്രസക്തിയുള്ള കാര്യങ്ങളല്ല.

കേരളം കത്തയച്ചതേ ഉള്ളൂ പരാതി നല്‍കിയില്ല എന്നാണല്ലോ കേന്ദ്രമന്ത്രി പറയുന്നത്? കത്തയച്ചാല്‍ മതിയെന്ന് താങ്കളും.

അദ്ദേഹം പറഞ്ഞതും ഞാന്‍ പറഞ്ഞതും അക്ഷരം‌പ്രതി ശരിയാണ്. കേന്ദ്ര ലോട്ടറി അലിഖിത നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ചില കത്തുകളെ പരാതിയായി കണക്കാക്കാന്‍ കഴിയുകയില്ല. ലോട്ടറി മാഫിയാക്കെതിരെയുള്ള 200 പേജ് റിപ്പോര്‍ട്ട് കത്തിനോടൊപ്പം വെച്ചിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ പരാതിയായി കണക്കാക്കാന്‍ പറ്റുകയില്ല. ഡീറ്റെയിത്സ് ഓഫ് വയലേഷന്‍സ് ആന്‍ഡ് ഇറെഗുലാരിറ്റീസ് 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് തന്നെ നിരത്തണം. അതില്ലെങ്കില്‍ കത്തിനെ പരാതിയായി കണക്കാക്കുകയില്ല. അങ്ങിനെ കണക്കാക്കാത്തിടത്തോളം കാലം കേന്ദ്രസര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് വായിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയോ, സ്റ്റഡി ഗ്രൂപ്പുണ്ടാക്കുകയോ, മറുപടി അയക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഉപവകുപ്പുകള്‍ സൂചിപ്പിക്കുന്നത്. പ്രൊസീജിയര്‍ ഫോര്‍മാറ്റിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് താങ്കളിപ്പോള്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.

മുകളില്‍ കത്തെന്നും തുടര്‍ന്ന് പരാതിയെന്നും പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?

ഇല്ല. കത്തിന്റെ താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചെന്ന് കരുതി അത് പരാതി ആകുകയില്ല. പരാതിക്ക് താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചില്ലെങ്കില്‍ അത് കത്താകാനും പോകുന്നില്ല. ഇവിടത്തെ പ്രധാന പ്രശ്നം അതല്ല. ‘സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കുന്ന പരാതി’ എന്ന് ഇവിടെ നിന്ന് അയക്കുന്ന കത്തില്‍ ഉണ്ടായിരുന്നോ എന്നതാണ്. അതായത് കത്ത്-പരാതി എന്നീ ദ്വന്ദങ്ങള്‍ക്ക് നിയമത്തിന്റെ കണ്ണില്‍ വ്യത്യസ്തമായ അസ്തിത്വങ്ങളാണുള്ളതെന്ന് സാ‍രം. എനിക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം അത്തരമൊരു പ്രയോഗം ഇവിടെ നിന്ന് അയച്ച കത്തില്‍ ഇല്ലായിരുന്നു. സ്വാഭാവികമായും അത് പരാതി ആകുകയില്ല.

ആദ്യം ചോദിച്ച ഒരു ചോദ്യത്തിനു തുടര്‍ച്ചയായി ഒന്നു ചോദിച്ചോട്ടെ? താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്ക് വേണ്ടി വക്കീല്‍ വേഷത്തില്‍ ഹാജരാകുന്നതിനെപ്പറ്റി....

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. വക്കീല്‍ എന്നത് ഒരു വേഷമാണ്. അത് ധരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ പാര്‍ട്ടിക്കാരനായി കണക്കാക്കാന്‍ പറ്റുകയില്ല. വേഷം അഴിച്ചുവെച്ചു കഴിഞ്ഞാലേ പിന്നീട് പാര്‍ട്ടിക്കാരനാകൂ. മൂന്നുരൂപ മെംബര്‍ഷിപ്പ് വീണ്ടും എടുക്കേണ്ടതില്ല എന്നു മാത്രം. വക്കീല്‍ വേഷം ധരിക്കാതെയാണ് ഇവര്‍ മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായതെങ്കില്‍ ചോദ്യത്തിനു എന്തെങ്കിലും പ്രസക്തി ഉണ്ടാകുമായിരുന്നു. എങ്കിലും വക്താവ് ഹാജരായതില്‍ അപാകതയുണ്ടെന്ന് ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇറക്കുന്ന നമ്പര്‍ എന്നൊക്കെ ഇതിനെപ്പറ്റി പറയുന്നത് ഇടതുപക്ഷത്തിന്റെ ദുഷ്പ്രചരണമാണ്. വക്താവിനെ താല്‍ക്കാലികമായിട്ടാണെങ്കിലും മുന്‍ വക്താ‍വാക്കിയത് എന്റെ ഇടപെടല്‍ മൂലമാണ്.

സംവാദത്തില്‍ താങ്കള്‍ ജയിച്ചു എന്ന് മാധ്യമങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെപ്പറ്റി?

(ചിരിക്കുന്നു..)

വക്താവ് വന്നതിനുശേഷം താങ്കള്‍ ഒന്ന് ഡിം ആയില്ലേ? ഇടക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാതെ മുങ്ങി എന്നൊരു ആക്ഷേപം ഉണ്ട്.

ഇടതുപക്ഷക്കാ‍രന്‍ അങ്ങിനെ പലതും പറയും. അതിലൊന്നും ഒരു കാര്യവും ഇല്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുക എന്ന തന്ത്രം പ്രയോഗിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി മൂളയൊക്കെ വേണം.

ഹൈക്കോടതിയില്‍ കേസ് തോറ്റത് മേഘയ്ക്കനുകൂലമായുള്ള ആഭ്യന്തരമന്ത്രിയുടെ കത്ത് കോടതിയില്‍ ലഭിച്ചതിനാല്‍ എന്നുള്ള വാദത്തെപ്പറ്റി?

അതില്‍ കഴമ്പില്ല. ആഭ്യന്തരമന്ത്രി അയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അയക്കുമായിരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നം കൂടി ഇതിലുള്‍പ്പെടുന്നുണ്ട്.

1984ലെ കോടതിവിധിയെപ്പറ്റി ചോദിച്ചപ്പോള്‍ താങ്കള്‍ 2010ലെ കോടതി വിധി വായിച്ച് വ്യാഖ്യാനിച്ചു എന്ന ആരോപണത്തെപ്പറ്റി..

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായ ശ്രീനാരായണഗുരു പറഞ്ഞത് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നായിരുന്നു. ഇതിന്റെ സൈറ്റേഷന്‍ വേണമെങ്കില്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോട്ടെ. ഗുരുവിനെപ്പോലെ ‘വിധി ഏതായാലും വ്യാഖ്യാനം നന്നായാല്‍ മതി‘ എന്ന ആശയം പിന്‍‌പറ്റുന്ന ആളാണ് ഞാന്‍. വിധി മാറിപ്പോയാലും കോടതി മാറരുത്. സുപ്രീം കോടതി വിധിയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ ഹൈക്കോടതി വിധിയെടുത്ത് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കാം. അല്ലാതെ, വര്‍ഷം മാറിയതിനെ വിമര്‍ശിക്കുന്നത് വിധിമാഫിയയുടെ പ്രേരണയാലാകാനേ തരമുള്ളൂ.

കേന്ദ്രമന്ത്രി പറഞ്ഞു ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ പറ്റുകയില്ലെന്ന്. താങ്കളുടെ അഭിപ്രായത്തില്‍ ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ പറ്റുമോ?

(ചെറിയ ചിരിയോടെ)..പറ്റുകയില്ല

ഒറ്റവാക്കില്‍ ഉത്തരം പറയാതെ വിശദീകരിക്കാമോ?

പറ്റുകയില്ല.

എന്തുകൊണ്ടാണ് വിശദീകരിക്കാന്‍ പറ്റാത്തതെന്നെങ്കിലും പറയാമോ?

പറ്റുകയില്ല.

കൊള്ളുന്ന ചോദ്യങ്ങളും പൊള്ളുന്ന ഉത്തരങ്ങളും നിറഞ്ഞു നിന്ന അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സൂര്യന്‍ മേഘമാലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു. തിരിച്ച് നടക്കുമ്പോഴും മനസ്സു നിറയെ സന്തോഷമായിരുന്നു. ഇങ്ങനെ ഒരു മൊതലിനെ കണ്ട സന്തോഷം.

7 comments:

  1. ലോട്ടറിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ദിനേശന്റെ (തളത്തിലല്ല) നാമം മറക്കാന്‍ കഴിയുന്നതല്ല. ലോട്ടറി കണ്ടു പിടിച്ചതു തന്നെ ഇദ്ദേഹത്തിനു വേണ്ടിയായിരുന്നു എന്നു പോലും തോന്നിപ്പിക്കുന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും വാദമുഖങ്ങളും. ലോട്ടറിച്ചട്ടം അരച്ചുകലക്കിക്കുടിച്ച് ഒരു ഏമ്പക്കവും വിട്ട് നടക്കുന്ന ദിനേശന്‍ ഒരേ സമയം പല ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിലും അദ്ദേഹവുമായി ഒരു അഭിമുഖം സംഘടിപ്പിക്കാനായി എന്നത് ഇത്രയും വര്‍ഷത്തെ മാധ്യമജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷം തന്നെയായിരുന്നു.

    സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സംസാരിക്കാന്‍ കഴിയുന്ന അദ്ദേഹം ലോട്ടറി വിഷയത്തില്‍ മനസ്സു തുറക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. "ഇങ്ങനെ ഒരു മൊതലിനെ കണ്ട സന്തോഷം....!!!!"


    ടീവി ചര്‍ച്ച കണ്ടുകഴിയുമ്പോള്‍ തോന്നുന്നത് തന്നെ.

    ReplyDelete
  4. ഇത് അഭിമുഖ മാഫിയ തന്നെ.. സംശയമില്ല....

    ReplyDelete
  5. നല്ല ആര്‍ജ്ജവമുള്ള അഭിമുഖം! ദിനേശന്‍ നല്ല ഒഴുക്കൊടെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു!
    (ഒരു വടി കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍...)

    ReplyDelete
  6. ഈ മോതലും കൊള്ളാം.അതുപോലെ തന്നെ കൊള്ളാവുന്ന മറ്റൊരു മോതലുകൂടിയുണ്ട് യു.ഡി.എഫ് ന്റെ
    പത്തായത്തില്‍.അത് മറ്റാരുമല്ല,ഇടുക്കിക്കാരന്‍ പി.ടി.തോമസ്‌.ഇടുക്കി എന്ന് മാത്രം പറഞ്ഞാല്‍ പോര,അവിടത്തെ എം.പി.യുമാണ്‌ കേട്ടാ.....
    വെറുപ്പും ഈര്ഷ്യയുമാണ് സ്ഥായി ആയ ഭാവം.ചാനല്‍ ചര്‍ച്ചകളില്‍ വാര്‍ത്ത‍ വായനക്കരനോടും കലഹിക്കും.സിന്ഗ്വിക്കെതിരെ നടപടി എടുത്ത ഹൈയ്‌കമാന്റിനെ അഭിനന്തീക്കതതിനു ഏഷ്യ നെറ്റിലെ വിനുവിനും കിട്ടി,കണക്കിന് .സഹികെട്ട് വിനു ചര്‍ച്ച അവസാനിപിച്ചു.. "ശൂന്യതയില്‍ നിന്ന് ആള്‍കൂട്ടത്തെ സൃഷ്ടിക്കുന്നവന്‍" എന്നൊക്കെ മലയാളം വാരിക തെരഞ്ഞെടുപ്പുകാലത്ത് ടിയാനെ കുറിച്ച് ലേഖനം എഴുതി.അദ്ദേഹം അതിന്റെ ഫോടോസ്ടാറ്റ് മണ്ടലതിലുടനീളം വിതരണം ചെയ്തു.(ഇപ്പോഴത്തെ സ്ഥിതിയില്‍ ,ശാന്തതയില്‍ നിന്ന് അലമ്ബുണ്ടാക്കുന്നവന്‍ എന്ന് പറയേണ്ടിവരും!)അതുപോകട്ടെ.
    തൊട്ടടുത്ത രാഷ്ട്രീയ എതിരാളിയോട് യാതൊരു മര്യതയുമില്ലാതെ പ്രവര്‍ത്തിക്കും,വൈര നോര്യതന ബുദ്ധിയോടെ കലഹിക്കും,ഏറ്റുമുട്ടും.
    പി.ജെ.ജോസഫിനെതിരെ വിമാന യാത്ര പ്രശ്നം പൊക്കിപിടിച്ച് കോടതി കയറ്റിയതില്‍ നല്ല സംഭാവന ടിയാന്‍ നല്‍കി.കാരണം,തൊടുപുഴയില്‍നിന്ന് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചു ജോസഫിനോട് തോറ്റു!.എന്തായാലും തൊന്നുരുകളില്‍ ലീടരോടെട്ടുമുട്ടി സസ്പെന്‍ഷന്‍ സംഘടിപ്പിച്ചു,തോന്നുട്ടാറില്‍ സോസഫിനോട് തൊടുപുഴയിലും തോറ്റു.മഹാരാജാസില്‍ ഒപ്പം പഠിക്കുന്ന കാലത്ത് മന്ത്രി എസ്.എഫ്.ഐ .നേതാവായിരുന്നതാണോ മന്ത്രിയോടുള്ള എതിര്പിന്റെ കാര്യം!.

    ReplyDelete