Saturday, October 8, 2011

പീസീ സ്പീക്കിംഗ്


രംഗം ഒന്ന്..പൂഞ്ഞാറ്റിലെ വീട്. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ആരുമില്ല. ഫോണ്‍ മണിയടിക്കുന്നു. കൈയില്‍ ഫോട്ടോസ്റ്റാറ്റെന്ന് തോന്നിപ്പിക്കുന്ന രേഖകളുമായി പി.സി. പ്രവേശിക്കുന്നു.


ഹലോ...

ഹലോ..പീസിയുടെ വീടല്ലേ

അതേ..

അത്യാവശ്യമായി പി.സി.യെ വേണമായിരുന്നു..

സ്പീക്കിംഗ്

ഇത് ഒബാമയാണ് വിളിക്കുന്നത്..

ഒബാമയോ? നമ്പറ് വിട്.. റിപ്പോര്‍ട്ടര്‍ ചാനലീന്നല്ലേ? സത്യം പറ..

സത്യം...കര്‍ത്താവാണേ..ഞാന്‍ ഒബാമയാണ്

അതിനു ഒബാമ മലയാളം സംസാരിക്കൂലല്ലോ?

ഒരു ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ ഗഡീ...

എന്നാ കോഡ് പറ...

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി

മതി മതി..കാര്യം പറ ഒബാമേ..

പി.സി.അഫ്ഗാനിസ്ഥാന്‍ വരെ ഒന്ന് അര്‍ജന്റായി വരണം..

ഇന്ന് പറ്റൂല്ല...സെബാസ്റ്റ്യന്‍ പോളിനും വി.എസിനും ഇട്ട് ചില പണികള്‍ കൊടുക്കാനുണ്ട്..നാളെ വന്നാല്‍ മതിയോ?

മതി..വന്നിട്ട് ആ കൂതറ താലിബാന്‍‌കാരോട് കുറച്ച് പ്രസ്താവനകള്‍ നടത്തണം..അവന്മാരെ ഒഴിവാക്കാന്‍ ഇതല്ലാതെ ഒരു വഴിയും കാണുന്നില്ല പീസീ

എന്തോന്ന് പ്രസ്താവന..

ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്, ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് ഇവരുടെ ഭാഷയിലും കാച്ചണം..

അതിനെനിക്ക് ആ ഭാഷ അറിയില്ലല്ലോ..

അവരുടെ ഭാഷയില്‍ പറയാനുള്ളതൊക്കെ നല്ല പച്ച മലയാളത്തില്‍ സി.ഐ.എ തയ്യാറാക്കിയിട്ടുണ്ട്. അത് വായിച്ചാല്‍ മാത്രം മതി..

വണ്ടി അയക്കുമോ?

എയര്‍ഫോഴ്സ് വണ്‍ പുറപ്പെട്ടു കഴിഞ്ഞു...

എന്നാലും ഒരു കണ്ടീഷന്‍ ഉണ്ട്..

എന്താ?

അവിടെ ഷിക്കാഗോയിലോ മറ്റോ ഒരു കോണ്‍ഗ്രസ് ഹോട്ടല്‍ ഇല്ലേ? കുതിരേടെ പ്രതിമ ഒക്കെ ഉള്ളത്..ഈ മല്ലു ബ്ലോഗേഴ്സൊക്കെ പടമിട്ട് കളിക്കുന്ന ഒരു ഹോട്ടല്‍

ഉവ്വ്..

അതിന്റെ പേര് കേരള കോണ്‍ഗ്രസ് ഹോട്ടല്‍ എന്നാക്കണം..

ഡണ്‍ മച്ചു.


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് തെങ്കാശിപ്പട്ടണത്തിലെ ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..നിനക്ക് അപാര ഡിമാന്‍ഡാഡാ പന്നീ...രംഗം രണ്ട്പൂഞ്ഞാറ്റിലെ അതേ വീട്. അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ഒന്നാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..


ഹലോ പി.സി.സാറിന്റെ വീടല്ലേ?

അതേ..

ഇത് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ റെയ്മണ്ടാണ് സര്‍..

ഒബാമേടെ കൂട്ട് താനും മലയാളം പഠിച്ചോ?

ഈ പോലീസുകാര്‍ക്ക് അങ്ങനെ വല്ലതും ഉണ്ടോ സാര്‍..ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ..

മലയാള ഭാഷ വളരുന്നു മാമലകള്‍ കടന്നുംന്ന് കവി വെറുത പാടിയതല്ല...എന്നാ താനും കോഡ് പറ..

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

മതി മതി......കാര്യം പറ...

ഇവിടെ കുറെ അലവലാതികള്‍ വാള്‍ സ്ട്രീറ്റില്‍ കയറി കുത്തിയിരുപ്പാണ് സര്‍..

എന്നാത്തിനാ..

ഭരണമാറ്റം വേണം, സര്‍ക്കാര്‍ ഇടപെടണം, ഓക്കുമരത്തൊലി എന്നൊക്കെ പറയുന്നു..

ഓ ഇവടത്തെ ആ ഡിഫി പിള്ളേരെപ്പോലെ അവിടേം ഉണ്ടല്ലേ..

ഉം..ശല്യങ്ങള്‍...അവന്മാരിങ്ങനെ ഇരുന്ന് സംഭവം മൂത്താ എല്ലാം ചെലപ്പോ പൊതുമേഖലയില്‍ പോകും..സര്‍ക്കാരിടപെടല്‍ ശക്തമാകും..

അയ്യോ..അത് സമ്മതിക്കരുത്..

അതിനാ സാറിനെ വിളിച്ചത്..സാറ് വന്ന് ഇവന്മാരെ ഒന്ന് വെരട്ടണം..

ഞാന്‍ വെരട്ടിയാല്‍ വെരളുമോ?

കര്‍ത്താവ് വരെ വെരളും സാറേ...സാറ് ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്. ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് നല്ല മണി മണി പോലത്തെ ഇംഗ്ലീഷി കാച്ചണം

അതിനെനിക്ക് ഇംഗ്ലീഷ് പൊത്തും പിടിയും ആണല്ലോ.

സാറ് പേടിക്കണ്ട..ഇംഗ്ലീഷില്‍ പറയണ്ടതൊക്കെ നല്ല മലയാളത്തില്‍ നമ്മടെ റൈറ്റര്‍മാര്‍ എഴുതിവെച്ചിട്ടുണ്ട്..അത് ചുമ്മാ വായിച്ചാല്‍ മതി..

ഓക്കെ..ഫോക്സ് ന്യൂസിലൊക്കെ വരൂല്ലേ?

പിന്നില്ല്യേ...വൈകീട്ട് ചാനല്‍ ചര്‍ച്ചക്കും വിളിച്ചേക്കും..

അപ്പ ഞാനെത്തിക്കഴിഞ്ഞു...

വിമാനം അയക്കാം സാ‍ര്‍.

വേണ്ട..വേണ്ട..ഒബാമ എയര്‍ഫോഴ്സ് വണ്‍ അയച്ചിട്ടുണ്ട്. അതില്‍ കയറി അഫ്ഗാനിസ്ഥാനില്‍ പോയി താലിബാൻ‌കാരെ ഓടിച്ചിട്ട് അങ്ങോട്ട് വരാം..

നന്ദി സാര്‍..സാറൊരു ആയുധമാണ് സാര്‍..ഉമ്മനും ഒബാമക്കും ഈ പാവം റെയ്മണ്ടിനും ഒക്കെ ഉപയോഗിക്കാന്‍ പറ്റിയ സൈസ് സാധനം..

ഒരു കണ്ടീഷനുണ്ട്..‍..

പറയൂ സാര്‍

അവിടത്തെ പോലീസുകാരെ എന്താ വിളിക്കുന്നേ?

കോപ്പ് എന്നാണ് സര്‍

കോപ്പോ?

മലയാളത്തിലെ കോപ്പല്ല, ഇംഗീഷിലെ സി ഒ പി കോപ്പ്

എന്നാ അത് മാറ്റി അവരെയും ഇനി മുതല്‍ പി.സി. എന്ന് വിളിക്കണം.ഇവിടെ അങ്ങനാ..മാമല കടന്ന് പീസീം വളരട്ടേന്ന്..

ഡണ്‍ സര്‍.

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് നാടോടിക്കാറ്റിലെ വിജയന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോന്നിനും ഓരോ സമയമുണ്ട് പീസീ..രംഗം മൂന്ന്..പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് രണ്ടാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..സ്ത്രീ ശബ്ദംഹലോ..

പിസിയുടെ ആത്മഗതം : വിക്റ്റോറിയാ രാജ്ഞിയായിരിക്കും നല്ല കോളു തന്നെ ഇന്ന്..

(പ്രകാശം) ഹലോ വിക്ടോറിയാ രാജ്ഞ്യല്ലേ..ശബ്ദം കേട്ടപ്പഴേ മനസിലായി..

അവളൊന്നുമല്ല സാറേ...ഇത് സാറിന്റെ മണ്ഡലത്തില്‍ തന്നെ ഉള്ള ഏലിയാമ്മയാ.

ഓ പറ..

സാറിന്റെ ഒരു സഹായം ആവശ്യമുണ്ടായിരുന്നു..

എന്തോന്ന് സഹായം..

നമ്മടെ വീട്ടിലെ തൊട്ടി കിണറ്റില്‍ വീണു സാറേ..

അതിനു ഞാനെന്നാ വേണം..

പാതാളക്കരണ്ടിയൊക്കെ ഇട്ട് ഇളക്കിയിട്ട് കിട്ടുന്നില്ല സാറേ..

എറങ്ങിത്തപ്പ് ഏലിയാമ്മേ..

എറങ്ങാനൊന്നും ഇവിടാരുമില്ല സാറേ..

എന്നാ പോട്ടെന്ന് വെയ്യ്..

അത് പറ്റൂല്ല സാറേ..അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന തൊട്ടിയാ..

ഇത് ശല്യമായല്ലോ..ഞാനെന്നാ വേണം..വോട്ട് ചെയ്തത് എനിക്ക് തന്നാണല്ലോ അല്ലേ?

കുത്തിയത് സാറിനിട്ട് തന്നെ സാറേ.....സാറ് വന്ന് സാറിന്റെ ഏഴുമുഴം നീളമുള്ള നാക്കിട്ട് ഇളക്കി അതൊന്ന് തപ്പിയെടുത്ത് തരണം..

എന്റെ നാവിനു ഏഴുമുഴം നീളമുണ്ടെന്ന് ഏലിയാമ്മയോട് ആരാ പറഞ്ഞേ?

ഞങ്ങളെന്നും ചാനലില്‍ കാണുന്നതല്ലേ സാറേ..ജീപ്പ് അയക്കാം. സാറ് വരുമോ?

യു.ഡി.എഫുകാര്‍ മൊബൈല്‍ കൈമാറിക്കളിക്കുന്നതു പോലെ പി.സി. ഫോണ്‍ തറയിലേക്ക് ശക്തമായി ‘കൈമാറുന്നു.എന്നിട്ട് റാംജിറാവിലെ ഇന്നസെന്റിന്റെ ശബ്ദത്തില്‍ പറയുന്നു..വിക്ടോറിയ കെടക്കണ്ടോടത്ത് ഏലിയാമ്മ കെടന്നാ ഇങ്ങനെ ഇരിക്കും..


കര്‍ട്ടണ്‍malayal.am ൽ പ്രസിദ്ധീകരിച്ചത്

14 comments:

 1. ഒരു കണ്ടീഷനുണ്ട്..‍..

  പറയൂ സാര്‍

  അവിടത്തെ പോലീസുകാരെ എന്താ വിളിക്കുന്നേ?

  കോപ്പ് എന്നാണ് സര്‍

  കോപ്പോ?

  മലയാളത്തിലെ കോപ്പല്ല, ഇംഗീഷിലെ സി ഒ പി കോപ്പ്

  എന്നാ അത് മാറ്റി അവരെയും ഇനി മുതല്‍ പി.സി. എന്ന് വിളിക്കണം.ഇവിടെ അങ്ങനാ..മാമല കടന്ന് പീസീം വളരട്ടേന്ന്..

  ഡണ്‍ സര്‍.

  പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് നാടോടിക്കാറ്റിലെ വിജയന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോന്നിനും ഓരോ സമയമുണ്ട് പീസീ..

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. അണ്ണന്റെ മറ്റൊരു പ്രകടനം
  http://www.youtube.com/watch?v=qIMxD6zOwKc

  ReplyDelete
 4. എന്നാ താനും കോഡ് പറ..

  എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

  മതി മതി......കാര്യം പറ... :-))

  ReplyDelete
 5. അടിപൊളി പോസ്റ്റ്‌ എന്ന് പറഞ്ഞാല്‍ കോടൊന്നും ചോദിക്കരുത് പീ സീ .. നല്ല അവതരണം.

  ReplyDelete
 6. എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

  മതി മതി......കാര്യം പറ... :D

  ReplyDelete
 7. ഹ.. ഹ... ഹ ഇത് എന്നതാന്നേ എഴുതി വെച്ചിരിക്കുന്നത്. നല്ല പോസ്റ്റ്.

  ReplyDelete
 8. മനോഹരം മാഷേ..

  ReplyDelete