Saturday, October 22, 2011

വിശ്വനിക്ഷേപകന്‍

അണ്ണാ കൊറേ നാളായല്ലേ അണ്ണാ നമ്മളു കണ്ടിട്ട്..

തന്നെഡേയ്

ഇപ്പ എവടന്നു വരണത്?

ഇത്തിരി സൊര്‍ണ്ണം പണയത്തിലായിരുന്നത് എടുക്കാന്‍ പോയെടേ..സൊസൈറ്റി വരെ

അണ്ണന്‍ ഇപ്പഴും സൊസൈറ്റീത്തന്നെ നിക്ഷേപങ്ങളു നടത്തണതും ലോണുകളു വാങ്ങണതും

തന്നെഡേയ്...ജീവിച്ച് പോണ്ടെടേയ്..

അണ്ണം മോഡിയണ്ണനെ കണ്ട് പടിയണ്ണാ... മോഡിയണ്ണന്‍ കലക്കണ കലക്ക് കാണണ്ണാ..

ലാ അണ്ണന്റെ ചെല കലക്കലും വൃത്തിയാക്കലുമൊക്കെ ലോകം കണ്ടതല്ലേഡേയ്..

ഇതതല്ല അണ്ണാ...മോഡിയണ്ണന്‍ പൈസകളു നിക്ഷേപിക്കണതേ..കണ്ട സൊസൈറ്റിയിലും എസ്ബീയൈകളിലുമൊന്നുമല്ല

പിന്നെ?

ലോക ബാങ്കിലാണണ്ണാ..ലോകബാങ്കിലു..ആഗോള ബാങ്കിലു..വിശ്വബാങ്കിലു..വേള്‍ഡ്...

മതിയെഡേയ്..എന്തരു നിക്ഷേപിച്ചെന്ന്..?

രൂഫകളണ്ണാ തോനെ തോനെ രൂഫകള്‍..

തോനേന്ന് വെച്ചാലെത്രയാഡേയ്

ലക്ഷം കോടിയണ്ണാ..ഒരു ലക്ഷം കോടി..ടൂജീ വന്നപ്പം തൊക കേട്ട് കണ്ണു തള്ളിയില്ലേ? ഏതാണ്ടത്രയും അണ്ണാ..

അപ്പ രണ്ടും അഴിമതിയാണെന്ന് സമ്മതിക്കുവാണോഡേയ്?

സീരിയസായിട്ട് ഒരു കാര്യം പറയുമ്പ തമാശിക്കല്ലേ അണ്ണാ..

ഇതൊക്കെ സീ‍രിയസായിട്ട് പറയണ നെന്റെ പുത്തിയെ പിടിച്ച് ഐ.സി.യുവില്‍ ഇടണമെഡേയ്..

50,000 കോടീന്റെ കടത്തീന്നാ അണ്ണാ ഒരു ലക്ഷം കോടീന്റെ നിക്ഷേപത്തിലേക്ക് വളര്‍ന്നത്..

അപ്പനൊണ്ടാക്കിയ കടം വീട്ടി, പിന്നേം സൊത്തുണ്ടാക്കിയ ഈപ്പച്ചനെ ഗുജറാത്തിലേക്ക് മാറ്റി നിക്ഷേപിച്ച തിരക്കഥയല്ലെടെയ് ഇത്?

ലോകബാങ്ക് അണ്ണന്മാരു മോഡിയെ കണ്ട് പടിക്കാനും പറഞ്ഞിട്ടൊണ്ട് എന്റെ പുത്തിയൊള്ള അണ്ണാ.

ലോ അണ്ണന്മാരു പറഞ്ഞത് കേട്ട് കുത്ത്പാളയെടുത്ത രാജ്യങ്ങളുടെ എണ്ണം വേണോടേയ്?

ചെലപ്പ ചെലരു പറേണത് കേട്ടാ ചെലരു കുത്ത് പാളയെടുക്കും അണ്ണാ..എന്ന് വെച്ച്..

എന്നാപ്പിന്നെ ലോ അണ്ണമ്മാരു പറയണത് കേട്ട് രക്ഷപ്പെട്ട രാജ്യത്തിന്റെ പ്യാരു പറേഡേയ്..

നമ്മ്ടെ നാലതിര്‍ത്തിയാണണ്ണാ നമ്മടെ ലോകം..അതിനപ്പറത്തെ കാര്യങ്ങളു നമ്മക്ക് ഔട്ട്സൈഡാണണ്ണാ

എന്നാ നെന്റെ മാരഡോണേന്റെ രാജ്യക്കാരു ലോബാ അണ്ണമ്മാരോട് പോയി പണിനോക്കിനെടാ എന്ന് പറഞ്ഞ്..ലവന്മാരു രക്ഷേം പെട്ട്..

എന്നാ ലോകബാങ്കിന്റെ കാര്യം വിടണ്ണാ..ഈ ഐക്യരാഷ്ട്രസഭയൊക്കെ മോഡിയണ്ണനു മെഡലുകളു കൊടുത്തിട്ടുണ്ടണ്ണാ..

എന്തരിന്? ലങ്ങേരു അവടേം നിക്ഷേപിച്ചാ?

ലോകത്തുതന്നെ ഗുജറാത്തിനെ ഒന്നാസ്ഥാനത്താക്കിയ യു എന്‍ റിപ്പോര്‍ട്ട് ഒണ്ടണ്ണാ...മോഡിയണ്ണന്റെ വികസനമന്ത്രത്തിനാണണ്ണാ ലവാര്‍ഡ്..

ഒന്നൂടെ ആലോചിച്ച് പറേഡേയ്..

എന്തരോ സാങ്കേതികവിദ്യകളു പ്രയോചിച്ചതിനാണണ്ണാ..

എന്നാപ്പിന്നെ മ്മടെ മുഖ്യനും ചെലപ്പ കിട്ടുവേടേ സുതാര്യതക്കുള്ള യു.എന്‍. അവാര്‍ഡ്..അങ്ങേരു കാമറായും ഫിറ്റ് ചെയ്ത് ഇരുപ്പല്ലെടേയ്..

തോനെ വികസനങ്ങളു മോദിയണ്ണന്‍ കൊണ്ടു വന്നണ്ണാ..എല്ലാ പോലീസ് സ്റ്റേഷനിലും നെറ്റ് ഒണ്ടണ്ണാ..പിന്നെ കാല്‍നടക്കാര്‍ക്ക് എന്തരോ റോഡ്, പിന്നെ..

മനസിലായെഡേയ്..പശു, പശുത്തൊഴുത്ത്, ലതിന്റെ നവീകരണം, പശുത്തൊട്ടി, പുല്ലിനു സബ്സിഡി..ഈ സൈസല്ലേഡേയ് നെന്റെ ലിസ്റ്റ്?

പല സൈസ് ലിസ്റ്റ് ഒണ്ടണ്ണാ..

ഒന്ന് വാദത്തീ പൊളിഞ്ഞാ ലടുത്തത് അല്ലെഡേയ്..?

എന്നാപ്പിന്നെ മോദിയെയും വിടണ്ണാ..നമ്മക്ക് നമ്മടെ മുക്യനെപ്പറ്റി സംസാരിക്കാം..

പഷ്ട്..അങ്ങേരെപ്പറ്റിയൊള്ള ജനസംസാരമൊന്ന് നിര്‍ത്താന്‍ അങ്ങേരു മെഴുകുതിരിയും കത്തിച്ച് മുട്ടിപ്പായി പ്രാര്‍ത്തിച്ചോണ്ടിരിക്കണ സമയത്ത് തന്നെ വേണം അല്ലേഡെയ്..

എന്നാപ്പിന്നെ ഞാന്‍ പോട്ടണ്ണാ..

നില്ലെടേയ്...ആ ഒരു ലക്ഷം കോടിക്ക് തെളിവ് തന്നിട്ട് പോഡേയ്..

ഇപ്പ ഇല്ലണ്ണാ..എന്നാലും ലോകബാങ്ക് നല്ലവാക്ക് പറയുന്നതല്ലേ.. അങ്ങേരു നിക്ഷേപിച്ചു കാണുമണ്ണാ..അണ്ണന്‍ വിശ്വസി

ലോകബാങ്കീ നിക്ഷേപിക്കാന്‍ പറ്റുവോഡേയ്?

പറ്റുവാരിക്കും അണ്ണാ...

പലിശ കിട്ടുവോഡേയ്?

കിട്ടാതെ ആരെങ്കിലും ഇടുവോ അണ്ണാ..

പൈസകളു തിരിച്ച് കിട്ടുവോഡേയ്?

കിട്ടുവാരിക്കുമണ്ണാ..

ഒറ്റ കാര്യത്തിനു നിനക്കൊറപ്പില്ല ഇല്ലെഡേയ്?

അത് പിന്നെ അണ്ണാ...

ഇത്രേം വലിയ തൊകയൊണ്ടായിട്ട് നാട്ടിലെ പട്ടിണി മാറ്റാതെ അങ്ങേരെന്തിനെടേയ് ഇത് ലോകബാങ്കീ തന്നെ കൊണ്ട് തട്ടിയത്?

അത് പിന്നെ...നേരിട്ട് പട്ടിണി മാറ്റലൊക്കെ ഔട്ട് ഓഫ് ഫാഷനാണണ്ണാ..ഈ തരത്തിലുള്ള വികസനമന്ത്രം വഴി വേണമണ്ണാ പട്ടിണി മാറ്റാന്‍..

മന്ത്രം ജപിച്ചിട്ട് എല്ലാരുടേം പട്ടിണി മാറിയോഡേയ്..സമ്പത്ത് വര്‍ദ്ധിക്കുമ്പഴും മോദിയണ്ണന്റെ നാട്ടീ ദാരിദ്ര്യോം കൂടുകാണല്ലോഡെയ്..

സോശലിസം പറയല്ലണ്ണാ..പൈസകളു എല്ലാരുടെം കൈയില്‍ വന്നാലു പൈസകള്‍ക്ക് വെലകളു കാണൂലണ്ണാ..കൊറച്ചു പേര്‍ക്ക് കൂടുതല്‍ പൈസ, കൂടുതല്‍ പേര്‍ക്ക് കൊറച്ച്
പൈസ..എന്നാലേ പൈസകള്‍ക്ക് വെലകളു കാണൂ അണ്ണാ..

വോ തന്നെഡേയ്..മറ്റെല്ലാത്തിലും ഭൂരിപക്ഷത്തെപ്പറ്റി പറയണ നിന്റെ മോഡിയണ്ണന്‍ ഇക്കാര്യത്തില്‍ എന്തരെഡേയ് കാശില്ലാത്ത ഭൂരിപക്ഷത്തിന്റെ കൂടെ നിക്കാത്തത്?

ഹഹഹഹഹ..ഈ അണ്ണനൊരു പുല്ലും അറിയത്തില്ല..

എന്നാ പറഞ്ഞ് താഡേയ്..

ഇക്കാര്യത്തിലും ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ അണ്ണാ നില്‍ക്കുന്നത്..ഭൂരിപക്ഷം പൈസേം കൈയില്‍ വെച്ചിരിക്കണോന്റെ കൂടെ..മനസിലായാ?

നിന്നെ നമിച്ചെടേയ്...

*
മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്

1 comment: