Wednesday, November 11, 2009

ഒരു ജനാധിപത്യവാദിയുടെ അസ്ഥിര ചിന്തകള്‍

രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.

പല്ലുതേക്കാന്‍ പേസ്റ്റ് ഞെക്കിയപ്പോള്‍ അത് കാലി. അതെങ്ങനാ? പണ്ട് പല്‍പ്പൊടി വന്നപ്പോള്‍ എതിര്‍ത്തിരുന്ന ഇടതന്മാരല്ലേ ഇപ്പോള്‍ പേസ്റ്റ് മുഴുവന്‍ ഉപയോഗിക്കുന്നത്. നമ്മളെപ്പോലുള്ള പാവപ്പെട്ട ജനാധിപത്യവാദികള്‍ക്ക് വിരലു തന്നെ ശരണം. വലതുകൈ കൊണ്ട് പല്ലു തേച്ചെന്നു വരുത്തി.

ഭാര്യ കൊണ്ടു വെച്ച കാപ്പി മോന്തി. വീരന്‍ വലതുപക്ഷത്തേക്ക് വന്നതില്‍പ്പിന്നെ കാപ്പിക്കും ചായയ്ക്കും ഒക്കെ എന്താ ഒരു ടേസ്റ്റ്. വയനാടന്‍ മണ്ണിന്റെ ഒരു ശക്തി. പാലൊഴിച്ച കാപ്പിയേ കുടിക്കൂ എന്നതൊരു വാശിയാണ്. അവന്മാരുടെ കട്ടഞ്ചായയോടുള്ള പ്രത്യയശാസ്ത്രപരവും ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചതുമായ എതിര്‍പ്പ്. പുട്ടും പഴവും ചിക്കനും കുഴച്ച് അടിച്ചു. അവന്മാരുടെ പരിപ്പുവടക്കെതിരെ ഒരു ജനാധിപത്യവാദിയുടെ സ്വാഭാവിക പ്രതിഷേധം.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സ്പേസിലെ ജനാധിപത്യവാദികളെ ഒരുമിപ്പിക്കണം എന്ന് ഇന്നലെ സ്വപ്നത്തില്‍ ഇന്ദിരാജി പറഞ്ഞിട്ട് പോയതേയുള്ളൂ. പാവം ഇന്ദിരാജി. അന്നത്തെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവിക പ്രതികരണമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജനാധിപത്യപരമായ നടപടിക്ക് എത്ര പള്ള് കേട്ടു. രാജൻ, ഈച്ചരവാര്യര്‍ എന്നൊക്കെ പറഞ്ഞ് ആ ഇടതന്മാര്‍ ലീഡറെ എത്ര ദ്രോഹിച്ചു. എത്ര പേരെ പിടിച്ച് അകത്തിട്ടാലെന്താ, ഉരുട്ടിയാലെന്താ കൃത്യസമയത്ത് ബസ് ഓടുകയും ഓഫീസ് തുറക്കുകയും ചെയ്തില്ലേ? ‘സര്‍ക്കാരിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കാനുള്ള‘ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പൂക്കാലമല്ലായിരുന്നോ അന്ന് ? ഇന്ദിരാജിയില്ലായിരുന്നെങ്കില്‍ നമുക്ക് അടിയന്തിരാവസ്ഥ എന്നൊന്ന് കാണാന്‍ പറ്റുമായിരുന്നോ? സ്മരണ വേണം ഇടതന്മാരേ സ്മരണ.

എന്നാലും ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി ഇന്ദിരാജി നടപ്പിലാക്കിയ നടപടികളോട് തനിക്കെന്തോ യോജിക്കാന്‍ തോന്നുന്നില്ല. അതിലെ ഇടതുപക്ഷ സ്വഭാവം ആയിരിക്കാം കാരണം. നാവടക്കൂ പണിയെടുക്കൂ, കുറച്ച് സംസാ‍രം കൂടുതല്‍ അദ്ധ്വാനം എന്നതിനോടും യോജിപ്പില്ല. തന്നെപ്പോലുള്ള വിടുവായന്മാര്‍ നാവടക്കിയാല്‍ ചത്തുപോകില്ലേ? ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയും, വനവാസി നിയമവും ഒക്കെ അതുപോലെ തന്നെ. എന്തിനാണ് കോണ്‍ഗ്രസ് ഇടതന്മാരുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്? എന്നാലും ഒരു സമാധാനമുണ്ട്. നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് ആകയാല്‍ അത് അവസാനം വലതുപരിപാടിയായേ അവസാനിക്കൂ. പാവപ്പെട്ട മുതലാളിമാരുടെ രോമത്തിനുപോലും ഒരു കുഴപ്പവും സംഭവിക്കില്ല.

ഇന്ത്യയിലെ ജനസംഖ്യ എന്ത് പോക്കാണ് പോകുന്നത്? അന്ന് സഞ്ജയ് മോന്റെ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള ജനോപകാരപ്രദമായ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു ഇപ്പോള്‍ സ്ഥിതി? പാവം മോൻ. ദല്‍ഹിക്കൊക്കെ എന്താ ഇപ്പോള്‍ ഒരു സൌന്ദര്യം. ഇടിച്ചു നിരപ്പാക്കിയാണെങ്കിലും മോന്‍ അന്ന് ചേരി നിര്‍മാര്‍ജ്ജനം’ നടത്തിയല്ലായിരുന്നെങ്കില്‍ ദല്‍ഹിക്കിത്ര സൌന്ദര്യം ലഭിക്കുമായിരുന്നോ? ഇതുപോലെ തന്നെയാണ് വിമോചന സമരവും. തികച്ചും സ്വാഭാവിക പ്രതികരണം. വിമോചനസമരം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ വികസനം അന്‍പതു കൊല്ലം പിറകോട്ട് പോകുമായിരുന്നു. സഹായിച്ച സി.ഐ.എക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഫാദര്‍ വടക്കനെപ്പോലെ സമരത്തില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞത് അവരുടെ ജനാധിപത്യ വിരുദ്ധത.

ചിന്തകള്‍ കാടുകയറുകയാണ്.

അടിയന്തിരാവസ്ഥ പിന്‍‌വലിക്കുക എന്ന രാഷ്ട്രീയമര്യാദ കാണിച്ച ഇന്ദിരാജിയെയുടെ സ്വാഭാവികപ്രതികരണത്തിന്റെ രാമണീയകത, 1984ലെ സിഖ് കൂട്ടക്കൊലയെന്ന സ്വാഭാവികപ്രതികരണത്തിന്റെ മനുഷ്യസ്നേഹപരത, വിമോചനസമരത്തിന്റെ ജനാധിപത്യപരത..നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടുകള്‍ ഇതൊക്കെയാണ്.

സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേരു ഗാന്ധി അല്ല. ഘാണ്ടി ആണ്. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ഒരാളെയും മഹാത്മാ എന്ന് വിളിക്കാന്‍ ഈ മാനവികതാവാദിയെ കിട്ടില്ല. ഹല്ല പിന്നെ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന നുണയാണ് ഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് പറഞ്ഞു എന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന സ്വാഭാവിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ഞാനും എന്റെ ഭാര്യയും കുട്ട്യോളും തട്ടാനും ലാപ്‌ടോപ്പും ബ്രോഡ്‌ബാന്‍ഡും ചിക്കനുമൊക്കെയുള്ള ഈ സമത്വസുന്ദരഭാരതത്തില്‍ എത്തിയത്. സ്മരണ വേണം ഇടതന്മാരേ സ്മരണ.

ഇനി പ്രാഥമിക കൃത്യനിര്‍വഹണം കഴിഞ്ഞ ശേഷം ബാക്കി ചിന്തിക്കാം..സുധാകരനെന്ന ജനാധിപത്യത്തിന്റെ അമരക്കാരനെക്കുറിച്ച് ചിലതൊക്കെ എഴുതണം. ചിന്തിക്കണം. പിണറായിയിലെ ചന്തയില്‍ നിന്ന്, കടകളില്‍ നിന്ന്, പച്ചക്കറിയും പലചരക്ക് വ്യഞ്ജനങ്ങളും ഒക്കെ സഞ്ചിയില്‍ എടുത്തിട്ട് നടന്നുപോകുന്ന ഒരു സഖാവിനെക്കുറിച്ച് കൂടി എഴുതാം. സിനിമ കാണുന്നതിന്റെ ഓരോരോ ഗുണങ്ങളേയ്. എല്ലാ വില്ലന്മാരുടെയും സ്വഭാവം എടുത്ത് മാര്‍ക്സിസ്റ്റുകാരനാണിവന്‍ എന്നു പറഞ്ഞ് എത്ര വേണമെങ്കിലും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാം. കീരിക്കാടന്‍ ജോസ് ഈ ബ്ലോഗിന്റെ നാഥൻ.

ഉഗാണ്ടയിലിരുന്ന് എഴുതുന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല. ധൈര്യമായി എഴുതാം. നാട്ടിലായിരുന്നെങ്കില്‍ തന്റെ കയ്യിലിരുപ്പ് വെച്ച് നോക്കുമ്പോള്‍ പണ്ട് ജയന്‍ ഒരു സിനിമയില്‍ പറഞ്ഞ പോലായേനേ ജീവിതം. പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും.

പ്രാഥമികകൃത്യനിര്‍വഹണം കഴിഞ്ഞ് വന്നിരുന്ന് ചിന്തിക്കുമ്പോള്‍ ഇതുവരെ ചിന്തിച്ചതിന്റെ നേര്‍ വിപരീതം ആയിപ്പോകുമോ? എന്നാലും സാ‍രമില്ല. ഇതൊക്കെ കീറിക്കളഞ്ഞ് അതെഴുതിവെക്കാം. മന്മോഹന്‍ സിങ്ങ് രാജിവെക്കണം എന്നെഴുതി കുറച്ച് കഴിഞ്ഞ് അത് മായ്ച്ച് മന്മോഹന്‍ സിങ്ങിനു അഭിവാദ്യങ്ങള്‍ എന്നെഴുതിവെക്കാന്‍ ഉളുപ്പില്ലാത്ത തന്നോടാണ് കളി. സ്മരണ വേണം ഇടതന്മാരേ സ്മരണ..

22 comments:

  1. രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.

    ReplyDelete
  2. ഉഗാണ്ട ബാഗുലൂരിനടുത്താണോ

    ReplyDelete
  3. അവസാനത്തെ പാരഗ്രാഫിലാണു കാര്യം പിടികിട്ടിയതു് :)

    ReplyDelete
  4. ഓ യെന്തര് ഉപതിരഞ്ഞെടുപ്പ്? സിറ്റിംഗ് സീറ്റല്ലായിരുന്നോ?? തെരഞ്ഞെടുപ്പും പണച്ചെലവുമൊന്നും വേണ്ട മൊത്തം നിങ്ങളെടുത്തോ എന്ന് ഞങ്ങളന്നേ പറഞ്ഞതാ.പിന്നെ ലവന്മ്മാര്‍ക്ക് വല്യ നിര്‍ബന്ധം എടതമ്മാര് മത്സരിക്കണമെന്ന്! അല്ലേല് സ്വതന്ത്രമ്മാര് ജയിക്കും പോലും!! ആഹഹ സംഗതി വലതമ്മാരൊക്കെത്തന്നെയെങ്കിലും നമ്മളൊരേ ജാതിയല്ലേ കണ്ട അണ്ടനും അടകോടനും മറ്റും സ്വതന്ത്രനെന്നും പറഞ്ഞു നിന്ന് ജയിച്ചാല്‍ കഴിഞ്ഞില്ലെ കഥ? അതു കരുതി മാത്രം മത്സരിച്ചതാന്നേ, ഇപ്പം ലവമ്മാരു ജയിച്ചപ്പം വല്യ നെഗളിപ്പ് :( ഓ അത്രയ്ക്കൊന്നും ഞെളിയേണ്ടന്നേ ഇതിനേക്കാളും എട്ടു നിലയില്‍ ഞങ്ങള്‍ പൊട്ടിക്കാണിച്ചു തരാം അടുത്ത നിയമസഭാ ഇലക്ഷനൊന്നുവന്നോട്ടെ.

    ReplyDelete
  5. എല്ലാ പാര്‍ട്ടികളും തെറ്റുകള്‍ തിരുത്തി നിലനില്‍ക്കണം എന്നാണ് ജനാധിപത്യവാദിയുടെ ആഗ്രഹം. തെറ്റ് എന്താണെന്നുള്ളതിന് കൃത്യമായ ഡെഫനിഷനുണ്ട് - ഇടതന്മാര്‍ ചെയ്യുന്നതെന്തോ അത്.

    ReplyDelete
  6. ഇടത് വശം ചേര്‍ന്നെണീക്കുന്നത് നല്ലതല്ല, പുറകില്‍ നിന്നും വിളിക്കുക, എന്നതൊക്കെ യുക്തിവാദത്തിനും ജനകീയ ചിന്തക്കും ഒന്നും നിരക്കാത്തതല്ലേ സുഹൃത്തേ?

    ReplyDelete
  7. ബ്ലോഗോസ്ഫിയറിലെ ‘ജനാധിപത്യവാദി’കളുടെ സ്വയം പ്രഖ്യാപിത ഓര്‍ഗനൈസിങ് ചീഫ് ആയ മാന്യ സുഹൃത്തിന്റെ പോസ്റ്റുകള്‍ വായിക്കാറുണ്ടെങ്കിലും കമന്റുകള്‍ ഇടാറില്ല. അദ്ദേഹത്തിന്റെ ‘ജനാധിപത്യപരമായ ഇടപെടലുകള്‍’ തന്നെ കാരണം. എന്നിട്ടും രാജ്യത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിച്ചുപോരുന്ന ഗാന്ധിയന്‍ പാരമ്പര്യമുള്ള പാര്‍ട്ടിയെപ്പറ്റി ഇന്നലെ അദ്ദേഹം രചിച്ച ഒരു കൃതിക്ക് ഒരു മറുകുറി ഇട്ടു നോക്കി. എന്നിട്ടെന്താ... പണ്ട് പൂന്താനം പാടിയതു പോലെ ‘കണ്ടുകണ്ടങ്ങിരിക്കും കമന്റിനെ കണ്ടില്ലെന്നു വരുത്തിയതും ഭവാന്‍’! കമന്റ് ഇട്ട് അഞ്ചു മിനിറ്റിനകം ആടു കിടന്നിടത്ത് പൂടപോലുമില്ല...!

    ചിലപ്പോള്‍ അബദ്ധത്തില്‍ ഡിലീറ്റു ചെയ്തു പോയതാവും എന്നു സമാധാനിച്ച് കുറച്ചുകൂടി വിശദമായ മറ്റൊരു കമന്റ് രാത്രി ഇട്ടു. (1984-ലെ സിഖ് കൂട്ടക്കൊലയായിരുന്നു വിഷയം) എന്നിട്ടെന്താ...? കമന്റിന്റെ ഗതി അടിയന്തരാവസ്ഥക്കാലത്തെ പത്രവാര്‍ത്തകളുടേതായി! ആദ്യത്തെ കമന്റ് ഇട്ട സമയത്ത് മോഡറേഷന്‍ ഇല്ലാതിരുനന്തുകൊണ്ട് 5 - 10 മിനിറ്റു നേരമെങ്കിലും അവിടെ ഉണ്ടായിരുന്നു. രണ്ടാമത്തേത് ഇട്ട സമയത്ത് മോഡറേഷന്‍ അഥവാ ‘സെന്‍‌സര്‍ഷിപ്പ്’ ഉണ്ടായിരുന്നതുകൊണ്ട് സംഗതി പുറം‌ലോകം കണ്ടില്ല! ‘ജനാധിപത്യവാദം’ ഭേഷ്...!!

    ReplyDelete
  8. ജനാധിപത്യവാദിക്ക് പോസ്റ്റിടുക എതിര് അഭിപ്രായം പറയുന്ന കമന്റ് ഡിലീറ്റു ചെയ്യുക എന്ന ജോലി മാത്രമേയുള്ളൂ ..താമസം ബാംഗ്ലൂര്‍ ആയതു കൊണ്ടാണ് ഇതെങ്കിലും സാധികുന്നത്.കേരളത്തില്‍ എങ്ങാനും ആയിരുന്നേ തുണ്ടം തുണ്ടം ആക്കിയേനെ,.കുറെ പീറ കമ്മ്യുനിസ്ട്ടുകാര്‍ കുനുഷ്ട്ടു ചോദ്യവും ആയി വരും.അതിനൊക്കെ ഉത്തരം പറയാന്‍ വേറെ ആളെ നോക്ക് .

    ReplyDelete
  9. കുമാരേട്ടന്‍ ഉവാച: ‘വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും നേര്‍ വിപരീതങ്ങളായ ആശയങ്ങളും അതിനോടൊക്കെയുള്ള സഹിഷ്ണുതയുമാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. അതൊക്കെ നല്ല രീതിയില്‍ പ്രകടിപ്പിക്കാന്‍ സമ്പന്നവുമാണ് നമ്മുടെ ഭാഷ.’

    വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള സഹിഷ്ണുത ജനാധിപത്യത്തിന്റെ സൌന്ദര്യസുരഭിലമായ രീതിയില്‍ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപാധിയാകുന്നു എതിരഭിപ്രായം പറയുന്നവനെ - അഥവാ അവന്റെ വാക്കുകളെ - തമസ്കരിക്കുക എന്നത്! എതിരഭിപ്രായം ‘നല്ല രീതിയില്‍ പ്രകടിപ്പിക്കാനുള്ള സമ്പന്നത’ ഭാഷയ്ക്കുള്ളത്ര തനിക്ക് ഇല്ലാതെ പോയതു കൊണ്ടാണോ ‘ജനാധിപത്യപരമായ’ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയത് എന്ന് ചോദിക്കരുത്. ചോദിക്കാനുള്ള സ്വാതന്ത്ര്യത്തെ സെന്‍സര്‍ഷിപ്പിനുള്ള ജനാധിപത്യപരമായ അവകാശം കൊണ്ട് നേരിട്ടു കളയും.

    ReplyDelete
  10. ടി കക്ഷി ഒരു പ്രതിഭാസമാണ്.അല്ലെങ്കില്‍ എന്തോ പിരിലൂസ്.
    പരസ്പര വിരുദ്ധമായാതെ എഴുതൂ. "എഴുത്തി"നെക്കാള് വലിയ ഹോബി Deleting ആണ്. അടുത്തപടി 'അഭിപ്രായ സ്വാതന്ത്ര' ഡയെറിയ സ്പീച്ച്. പിന്നെ "ജനാധിപത്യ'ത്തെ കൊണ്ട് മുട്ടി നടക്കാന്‍ മേല. എവിടെ തിരിഞ്ഞാലും 'ജനാധിപത്യം'. ഒരാശ്വാസം ഇതുപോലുള്ള ടീംസ്‌ ആണല്ലോ, കൊണ്ഗ്രെസ്സിനെ 'ഉദ്ധരിക്കാന്‍' വക്താവാകാന്‍ കിട്ടുന്നത് എന്നതാണ്. പറ്റിയ വക്താവ് തന്നെ, കൊണ്ഗ്രെസ്സിന്റെ,വലതിന്റെ.മരപ്പട്ടിക്ക്‌ കൂട്ട് ഈനാംപേച്ചി.
    നമ്മുടെ പെരിയോര്‍ ബീയോര്‍പി സാറിന്റെ ബ്ലോഗില്‍ ഇദ്ദേഹത്തെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. അപ്പൊ ബീയോര്പി ആരായി ?

    ReplyDelete
  11. ഇതൊരഞ്ച് അഞ്ചര ആക്കായിപ്പോയല്ലോ !

    ReplyDelete
  12. സത്യം പറഞ്ഞാല്‍ ഇതൊക്കെ കാണുമ്പോള്‍ അങ്ങേര്‍ സന്തോഷിക്കും. അഭിപ്രായ അസ്ഥിരത കാരണം പട്ടി പൊലും തിരിഞ്ഞു നോക്കാതിരുന്ന അങ്ങേരുടെ ബ്ലോഗില്‍ ഇപ്പോള്‍ ആള്‍കൂട്ടമല്ലെ. അത് മാത്രമാണ്‌ അങ്ങേരുടെ ലക്ഷ്യം. അതിന്‌ എന്തു ചീപ്പ്‌നസും അങ്ങേര്‍ കാണിക്കും. നാളേ ഇതില്‍ നിന്ന് കടകവിരുദ്ധമായ നിലപാട് അങ്ങേര്‍ എടിക്കും. ഇത് അങ്ങേരുടെ ഒരു പഴയ പോസ്റ്റാണ്‌ ഈ അവസരത്തില്‍ നല്ല വായനാഅനുഭവമാണ്‌

    ReplyDelete
  13. മരത്തലയാ ഒരു കാര്യത്തിൽ തെറ്റു പറ്റി

    പ്രാഥമികകൃത്യനിര്വഹണം കഴിഞ്ഞ് വന്നിരുന്ന് ചിന്തിക്കുമ്പോള് ഇതുവരെ ചിന്തിച്ചതിന്റെ നേര് വിപരീതം ആയിപ്പോകുമോ?

    ആ നിർവഹണങ്ങൾ കൃത്യമായി നടക്കാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നം. വീരേചനം മുടങ്ങുമ്പോൾ കമ്പ്യൂട്ടർ തുറക്കും എന്നിട്ട് ഇടതന്മാരെ പറ്റി നാല് വാചകം കീച്ചും അതോടെ സുഖ ശോധന. അതും പോരെങ്കിൽ ഉപ തെരഞ്ഞെടുപ്പിൽ ജയിച്ച മൂന്നു പേരുടെ പടം ചില്ലിട്ട് പൂമുഖത്ത് ആണി അടിച്ചു തൂക്കും അതിൽ പൂമാല അണിയിക്കും സാമ്പ്രാണി പുകയ്ക്കും.

    എന്നാലൊ തെരഞ്ഞെടുപ്പ് വന്നാൽ കർണ്ണാടകത്തിലെ കോൺഗ്രസ്സുകാരോട് മതിപ്പില്ലാത്തത് കൊണ്ട് അനന്ത്‌കുമാറിനോ ശോഭ കലന്തരജയ്ക്കോ വോട്ട് ചെയ്യും.
    വീടിന്റെ പൂമുഖത്ത്,ഈ മൂന്നു പടങ്ങൾ വരുന്നതിനു മുൻപ് വേറെ രണ്ട് പടങ്ങൾ ഉണ്ടായിരുന്നു. ഒന്ന് സോണിയ ഗാന്ധി കോളേജിൽ പഠിക്കുന്ന കാലത്തെ ഒരു പടം,മറ്റൊന്ന് യെഡിയൂരപ്പ തല ചീകുന്ന മറ്റൊരു പടം.

    ReplyDelete
  14. പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും...ഇഷ്ടപെട്ടു

    ReplyDelete
  15. ദുഷ്ടാ - മരത്തലയാ- ദ്രോഹീ!
    കുഞ്ഞിക്കണ്ണേട്ടന്‍ അംഗിള്‍ പറഞ്ഞ കാര്യങ്ങളൊക്കെ മറന്നാ? വയസ്സിനെ ഒന്നു ബെഹുമാനിക്കണ്ടേ? ഒന്നൂല്ലേലും തന്നെക്കാളും എത്ര മെഴുതിരി കൂടുതല്‍ ഉപയോഗിക്കുന്ന മനുഷ്യനാ..? (ബര്‍ത്ഡേ കേക്കില്‍ എന്നാ ഉദ്ദേശിച്ചേ ട്ട:) )

    എന്നാലും തകര്‍ത്ത് പീസ് പീസാക്കു കളഞ്ഞല്ലോ? ഇനി വല്ല കീമ കറി ആക്കാം ..ഹഹ

    ReplyDelete
  16. അല്ല, ഒരു സംശയം-

    എനിക്ക് ഒരു പ്രത്യേക മലയാള വാക്കിന്റെ അര്‍ത്ഥം അറിയണ..

    ശിഥിലം ? എന്നാല്‍ വെളിവില്ലാത്തത് എന്നാണൊ അര്‍ത്ഥം ? പ്ലീസ് ഹെല്പ് :)

    ReplyDelete
  17. ടിയാന്‍ വെകിളി പിടിച്ചിരിക്കുകയാണ്.പറയുന്നത് ഇങ്ങനെ...
    "എന്നെ ഇടത് അനുകൂലികള്‍ ബ്ലോഗില്‍ നിന്ദ്യമായി പരിഹസിക്കുന്നുണ്ട്. അതാണ് ഞാന്‍ അല്പം തീവ്രത കൂട്ടാന്‍ കാരണം. അതിനാലാണ് ബ്ലോഗ് എഴുതാന്‍ മാത്രമായി ഞാന്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയതും "

    വല്ലതും പുരിഞ്ഞാ ? ബാന്ഗളൂരില് അതിനു വേണ്ടി മാത്രം സൂട്ട് വാങ്ങി 'തീവ്രത' കൂട്ടി എയ്തുന്നൂന്നു.
    രാഷ്ട്രീയ അഭിപ്രായം "എന്നെ" പരിഹസിക്കുന്നോ, ഇല്ലയോ,അതല്ല,സുഖിപ്പിക്കുന്നുണ്ടോ എന്നതിനനുസരിച്ച്ചു ഇനിയും മാറുമെന്നു തന്നെ. അതായത് ഈ അരവട്ടു,മുഴുവട്ടാകാന്‍ എല്ലാ സാധ്യതയും കാണുന്നു.വലിയ കോമഡികള്‍ക്ക് ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം.

    ഓഫ്: ഇതുപോലെ "കുലീന"മല്ലാത്ത പോസ്റ്റൊക്കെ തികഞ്ഞ ജനാധിപത്യ,ജനകീയശാസ്ത്ര വിരുദ്ധമാണ്.

    ReplyDelete
  18. കലക്കി!! ഹ ഹ ഹ

    ReplyDelete