Thursday, July 9, 2009

സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമോ?

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി വന്നതിനെത്തുടർന്ന് രാജ്യത്തെ ചില മതനേതാക്കളും സംഘടനകളും വിമര്‍ശനവുമായി രംഗത്തു വന്നുവല്ലോ. 377-ാം വകുപ്പു പൊളിച്ചെഴുതുന്നതിനെതിരേ കര്‍ശന താക്കീതാണു ചില ക്രിസ്ത്യന്‍-മുസ്ലിം- സിക്ക് മതമേധാവികള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പൊളിച്ചെഴുത്തു പാടുള്ളൂ എന്നാണത്രെ ബിജെപിയുടെയും നിലപാട്.

ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് അതതിന്റെ ചട്ടങ്ങള്‍ ബാധകമാവുക എന്ന അടിസ്ഥാനപ്രമാണം പോലും പലരും മറന്നു പോകുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന മൌലികാവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് നിഷേധിക്കണമെന്ന ശാഠ്യമാണ് ചിലർക്ക്.

യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത എത്രയെത്ര സിദ്ധാന്തങ്ങളാണിക്കൂട്ടർ ബോധപൂർവം പ്രചരിപ്പിക്കുന്നത് ! അവരുടെ വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കുമ്പോഴാണ് അവയുടെ പൊള്ളത്തരം വ്യക്തമാവുന്നത്.


1. സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്‌

ഇതിലും വലിയ അബദ്ധമില്ല. ഒട്ടു മിക്ക സസ്തനികളും (മനുഷ്യന്റെ മച്ചമ്പി പ്രൈമേറ്റുകള്‍ അടക്കം) സ്വവര്‍ഗ്ഗ രതിയുടെ ഏറിയോ കുറഞ്ഞോ ഉള്ള പല പ്രവൃത്തിയിലും- പരസ്പരം മാസ്റ്റര്‍ബേറ്റ് ചെയ്തു കൊടുക്കൽ മുതല്‍ ഗുദഭോഗം വരെ) ഏര്‍പ്പെടാറുണ്ട്. പക്ഷികൾ‍, ഇഴജന്തുക്കൾ, മത്സ്യങ്ങള്‍ എന്നിവയിലും സ്വവര്‍ഗ്ഗഭോഗം സാധാരണയാണ്‌.

2. പ്രകൃതി രതികൊണ്ട് സന്താനോല്പ്പാദനം ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്, സ്വവര്‍ഗ്ഗ രതിയില്‍ നിന്നും അതുണ്ടാവുന്നില്ല.

സന്താനോല്പ്പാദനം പ്രകൃതിയുടെ നിയമമാണെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിര്‍ബന്ധിതമായും സന്താനോല്പ്പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്‌, അവ നിരോധിക്കണം എന്ന് ആരും മുറവിളി കൂട്ടുന്നില്ലല്ലോ? സ്വയംഭോഗം നിരോധിക്കപ്പെട്ടിട്ടില്ല. സന്താനങ്ങള്‍ ഒന്നോ രണ്ടോ മതി എന്ന വീക്ഷണമുള്ള ആധുനിക കാലത്ത് ദമ്പതികള്‍ ഈ നിയമപ്രകാരം എത്ര തവണ ജീവിതത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും? പ്രൈമേറ്റുകളില്‍ ഒട്ടു മിക്കപ്പോഴും ഒരു ആല്‍ഫ മെയില്‍ ആണ്‌ ഗ്രൂപ്പിലെ മിക്ക പെണ്ണിനെയും ഗർഭിണിയാക്കുന്നത്, പ്രകൃതി നിയമം അതായിരിക്കെ ഒട്ടുമിക്ക പുരുഷന്മാരും സന്താനോല്പ്പാദനം നടത്തുന്നത് പ്രകൃതിവിരുദ്ധമല്ലേ?‌.

3. സ്വവര്‍ഗ്ഗരതിക്കാര്‍ ബാലപീഡനക്കാരാണെന്ന് പഠനങ്ങള്‍ ഉണ്ടല്ലോ?

സ്വവര്‍ഗ്ഗ രതിയും ബാലപീഡനവും രണ്ടാണ്‌. എതിര്‍ലിംഗ രതിയും ബാലികാ പീഡനവും രണ്ടായിരിക്കുന്നതുപോലെ. സ്വവര്‍ഗ്ഗ രതിക്കാരില്‍ ബാലപീഡനക്കാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത എതിര്‍ലിംഗ രതിക്കാര്‍ ബാലികാപീഡനം നടത്താനുള്ള സാധ്യതയെക്കാള്‍ കൂടുതലാണെന്ന് വിവക്ഷിക്കുന്ന ചില പഠനങ്ങള്‍ മതം ഫണ്ട് ചെയ്ത ഗവേഷണക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതെല്ലാം സാമ്പിളിങ്ങില്‍ കൗശലപൂര്‍വ്വം വരുത്തുന്ന മാറ്റങ്ങള്‍ (ഉദാഹരണത്തിന്‌ ഒരു പഠനം ജയില്‍ വാസം അനുഭവിക്കുന്ന ആളുകളെ മാത്രം തിരഞ്ഞെടുത്ത് ആയിരുന്നു, ഇത് റെപ്രസന്റേറ്റീവ് സാമ്പിളല്ല, ജനത്തിന്റെ ഭൂരിപക്ഷം ജയിലിലല്ലല്ലോ) മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ചെയ്തവ മാത്രമാണ്‌. ബാലന്മാരെ പീഡിപ്പിക്കുന്ന കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടിള്ളവരില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗ്ഗ രതിക്കാരല്ല, മുതിര്‍ന്ന സ്ത്രീകളുമായും ലൈംഗികബന്ധമുള്ള മനോരോഗികള്‍ ആണെന്നാണ്‌ ശാസ്ത്രീയപഠനങ്ങളെല്ലാം തെളിയിക്കുന്നത്.

4. കത്തോലിക്കാ പുരോഹിതര്‍ ബാല/ബാലികാ പീഡനം നടത്താനുള്ള സാദ്ധ്യത സാധാരണ ജനം നടത്താനുള്ള സാദ്ധ്യതയെക്കാള്‍ കൂടുതലാണെന്നും പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, ( പോപ്പുമാർ എത്രയോ പ്രാവശ്യം മുട്ടിന്മേൽ നിന്ന് മാപ്പിരക്കുകയും ചെയ്തിരിക്കുന്നു). അതിന്റെ അടിസ്ഥാനത്തില്‍ പൗരോഹിത്യം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ?

5. സ്വവര്‍ഗ്ഗ രതിയെ നിഷിദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നത് അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയും.

നിയമം സ്വവര്‍ഗ്ഗ രതിയെ അനുവദിച്ചാല്‍ സ്വവര്‍ഗ്ഗ രതിക്കാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കും എന്ന വാദത്തിൽ കഴമ്പില്ല. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നൂറ്റാണ്ടുകളായി നടപ്പാക്കി വരുന്ന രാജ്യങ്ങളില്‍ പോലും നിയമത്തിന്‌ അതില്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ല.

6. സ്വവര്‍ഗ്ഗ രതി ലൈംഗികവൈകൃതം (പാരഫീലിയ) ആണ്‌

അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാസ്റ്റിസ്റ്റിക്കല്‍ മാനുവല്‍ പ്രകാരം സ്വവര്‍ഗ്ഗ രതി ലൈംഗിക വൈകൃതത്തിന്റെയോ മനോരോഗത്തിന്റെയോ പട്ടികകളില്‍ പെടുന്നില്ല

7. സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാവും.

സത്യം നേരേ തിരിച്ചാണ്‌. സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയതാണ്‌ സ്വവര്‍ഗ്ഗരതിക്കാരിലെ എയിഡ്സ് ബാധ നിയന്ത്രിക്കാന്‍ സാധിക്കാതെയായത് എന്ന് വിദഗ്ദ്ധരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. UNAIDS നിരീക്ഷണപ്രകാരം സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയ രാജ്യങ്ങളില്‍ അത് നിയമവിരുദ്ധമാക്കിയ നാടുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. അങ്ങനെയുള്ള രാജ്യങ്ങളിൽ സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് സുരക്ഷയും ചികിത്സയും കിട്ടാതെ ആകാന്‍ നിരോധനം കാരണം ആകുന്നു.

ഇന്ത്യയിലെ എയിഡ്സ് വിദഗ്ദ്ധര്‍ ഡെല്‍ഹി ഹൈ കോടതി വിധിയെ മുഗ്ദ്ധകണ്ഠം പ്രശംസിക്കാന്‍ കാരണവും ഇതാണ്‌. (ഒരുദാഹരണത്തിന്‌, സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയ ജമൈക്കയില്‍ മുപ്പതു ശതമാനം സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാരിലും എച്ച് ഐ വി ബാധയുണ്ട്, അതേ സമയം അത് നിയമവിധേയമായ ക്യൂബയില്‍ ആറുശതമാനമേയുള്ളു. പ്രദീപ് കക്കട്ടില്‍ unaids ടെക്നിക്കല്‍ സപ്പോര്‍ട്ട് ചീഫ്, ഇന്ത്യ) ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിപക്ഷവും സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നല്‍കുന്ന സുഡാന്‍ രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം എച്ച് ഐ വി ബാധിതരാണ്‌ (അമേരിക്കയില്‍ 0.6) .


***

കൂടൂതൽ വിവരങ്ങൾക്ക്

1. സ്വവർഗ ലൈംഗികതയുടെ ശാസ്ത്രം

2. നിയമം കൊണ്ടു പരിഹരിക്കാനാവാത്ത ചിലത്

1 comment: