Sunday, July 12, 2009

നനഞ്ഞു കുതിര്‍ന്ന് പത്രങ്ങള്‍...

രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരൻ പയ്യനെ മനസ്സിൽ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോൾ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?

“അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി...

നിഷ്‌ക്കളങ്കരാം സി.പി.എം സ്നേഹികള്‍ തന്‍ കണ്ണീരിനാലല്ലയോ പത്രങ്ങളൊക്കെ ഇങ്ങനെ നനഞ്ഞു കുതിര്‍ന്നു കിടപ്പൂ...

ബെര്‍ലിന്‍ കുഞ്ഞനന്തന്മാരും, ആസാദുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, സി.പി.ജോണുമാരും, എം.വി.രാഘവന്മാരും അടങ്ങുന്ന ‘തീവ്ര ഇടതുപക്ഷക്കാര്‍’ ഒലിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണീര്‍ ഒരു ഒന്നൊന്നര കണ്ണീരു തന്നെ. അതിന്റെ കൂട്ടത്തില്‍ ഉമ്മഞ്ചാണ്ടിമാരും, ചെന്നിത്തലമാരും, ബാലകൃഷ്ണപ്പിള്ളമാരും മറ്റു വലതുപക്ഷക്കാരും വാർത്തിരിക്കുന്ന കണ്ണീരു കൂടി ചേര്‍ന്നാല്‍ അതൊരു നാലരക്കണ്ണീരാകും. ഇത്രയും കണ്ണീരു വീണിട്ടും ഇത്രയൊക്കെയല്ലെ നനഞ്ഞുള്ളൂ എങ്കില്‍ പത്രങ്ങളെച്ചൊല്ലിയുള്ള ആശയ്ക്കിനിയും സ്കോപ്പുണ്ട്.

ഏതൊക്കെ സൈസിലും വലിപ്പത്തിലുമുള്ള കണ്ണീരുകളാണു ഇവരൊക്കെക്കൂടി ഒലിപ്പിച്ചിരിക്കുന്നത് ? ക്രൂഷ്‌ചേവിനെ ഭള്ളുപറഞ്ഞ് (സ്റ്റാലിനെ പൊക്കി) ബര്‍ലിന്‍ കരയുമ്പോള്‍, ‘തുറന്നതും ജനാധിപത്യപരവുമായ’ ശൈലിക്കുവേണ്ടിയാണ് സി.പി.ജോണിന്റെ കണ്ണീര്‍. ഒരേ കാര്യത്തിനു രണ്ടു സൈസ് കണ്ണീര്‍. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കൂ എന്നാണ് കരയുമ്പോഴും എം.വി.രാഘവന്‍ ഉരുവിടുന്നത് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെന്ന് നീലകണ്ഠന്‍. പുസ്തകം എഴുതുകയും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുകയും ചെയ്തപ്പോൾ കേന്ദ്രക്കമ്മിറ്റിയിൽ അട്ടിമറി നടക്കുമെന്ന് സത്യമായും പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷകൾ പൊലിയുമ്പോൾ ആരായാലും കരഞ്ഞു പോകും. ഒരു തരം സേവ് സി.പി.എം കണ്ണീരുമായി അപ്പുക്കുട്ടന്‍ വിതുമ്മലൊതുക്കി നില്‍ക്കുന്നത് കാണുന്നില്ലേ? ഉമ്മഞ്ചാണ്ടി, ചെന്നിത്തലാദികളുടെ കരച്ചിലിൽ എന്തരൊക്കെയോ പിശകുണ്ട്. ആനന്ദക്കണ്ണീരാണോ സങ്കടക്കണ്ണീരാണോ ഇവരൊലിപ്പിക്കുന്നത് എന്ന് ഉറപ്പിക്കണമെങ്കില്‍ ലാബിലെ പരിശോധനാഫലം വരേണ്ടി വരും. പുതിയ ഖദര്‍ ഉടുപ്പ് ബ്ലേഡ് വെച്ച് കീറി ജനത്തിന്റെ കണ്ണു നിറയ്ക്കുന്ന കക്ഷികളാണ്. എല്ലാ കണ്ണീരിലൂടെയും തുഴഞ്ഞ് കഴിഞ്ഞപ്പോള്‍, ഈ കണ്ണീരായ കണ്ണീരൊഴുക്കലൊക്കെ കണ്ട് നെയ്യാര്‍ ഡാമിലെ മുതലകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമോ എന്നതാണ് മരത്തലയന്റെ പേടി.

സി.പി.എമ്മില്‍ എന്ത് നടന്നാലും ‘സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി’ എന്ന് എവിടെയെങ്കിലും കേറ്റുന്ന വാര്‍ത്താ നിര്‍മ്മാതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടൊന്നുമില്ല. ആദ്യമായല്ല അച്ചടക്ക നടപടി എന്ന് പറഞ്ഞുകൊടുത്താല്‍ ഇവർക്ക് മനസിലാകുമോ? അതുമില്ല. ഇതിനു മുന്‍പ് അച്ചടക്ക നടപടിക്ക് വിധേരയാവരുടെ ലിസ്റ്റെടുത്താല്‍ ഇ.എം.എസും, സുന്ദരയ്യയും, നൃപന്‍ ചക്രവര്‍ത്തിയുമൊക്കെ അതില്‍ വരും. പിന്നെ രാഘവനും, ഗൌരിയമ്മയും, സി.പി.ജോണും, എം.കെ. കണ്ണനുമൊക്കെയും വരും. ചിലർ അച്ചടക്ക നടപടിയെ തെറ്റു തിരുത്തി പൂര്‍വാധികം ശക്തിയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമായി ഉപയോഗിച്ചപ്പോള്‍, ചിലരത് സൌകര്യപൂര്‍വം വലതുപാളയത്തിലടിയാനുള്ള ന്യായീകരണമായും കണ്ടു. കണ്ണീരു പോലെത്തന്നെ പല രീതിയിലാണ് പലരും അച്ചടക്ക നടപടിയെ കണ്ടിട്ടുള്ളത്. കാലത്തിന്റെ മുന്നോട്ട് പോക്കില്‍ ഇവരില്‍ പരിഹാസ്യരായവര്‍ ആര് എന്നതിന് ലിസ്റ്റില്‍ പറഞ്ഞവരുടെ പിന്നീടുള്ള പ്രവര്‍ത്തനം തന്നെ തെളിവ്.

നല്ലൊരു സംഘടനാ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തെറ്റു തിരുത്താനുള്ള അവസരം തന്നെ ആണ് ഇത്തരം നടപടികള്‍. കേന്ദ്രക്കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നു എന്ന് വി.എസ് പറഞ്ഞതോടെ വലിയ വായിലെ നിലവിളികള്‍ക്കോ ഇവര്‍ ഒഴുക്കുന്ന കണ്ണീരിനോ ഒന്നും ഒരര്‍ത്ഥവുമില്ല. പിന്നെ ഉള്ളി കയ്യിലുണ്ട്, തൊലിയ്ക്കാന്‍ കത്തിയുമുണ്ട്. എന്നാല്‍ പിന്നെ കുറച്ച് കരഞ്ഞേക്കാം എന്നു കരുതുകയാണെങ്കില്‍, പിന്നെ ഇവരെയൊന്നും തിരുത്തേണ്ട കാര്യവുമില്ല.

ഇടതുപക്ഷത്തെ ഒരരുക്കാക്കാൻ പ്രതിജ്ഞയെടുത്ത അധിനിവേശ പ്രതിരോധക്കാരും സേവ് സി പി എം കാരും “യഥാർത്ഥ” കമ്യൂണിസ്റ്റുകാരും വീരഭൂമി-നുണരമാദി മകാരങ്ങളും തങ്ങളുടെ നിരാശ കരഞ്ഞ് തന്നെ തീര്‍ക്കട്ടെ. അല്ല, പിന്നെ.

6 comments:

  1. രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരന്‍ പയ്യനെ മനസ്സില്‍ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോള്‍ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?

    “അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി...

    ReplyDelete
  2. ഒരു പഞ്ചതന്ത്രം കഥ :

    ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
    അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
    അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര്‍ കൂടിയാലോചിച്ചു.
    മഹാബുദ്ധിമാനായ ഒരു കുരങ്ങന്‍ ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
    അവരുടനെ അത് നടപ്പിലാക്കി.
    വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
    സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
    സഹികെട്ട കുരങ്ങന്മാ‍ര്‍ സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.

    ഓ.വി വിജയന്‍ പറഞ്ഞു :

    "ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാ‍ഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"


    ലാല്‍‌സലാം സഖാവേ............

    മറ്റൊന്നും പറയാനില്ല!

    ReplyDelete
  3. പത്രങ്ങളും ചാനലുകളും വിവരിച്ച കമന്ററി പോലെയായിരുന്നു...നാടകത്തിന്റെ പരിണാമഗുപ്തി.

    അത് കിട്ടുന്നതെങ്ങിനെയെന്ന് പാര്‍ട്ടിയെ പറ്റി അറിയുന്നവര്‍ക്കറിയാമല്ലോ...

    അത്തരം അറിവുള്ളവരാണ് “ചുക്കിന്റെ” അവധിവ്യാപാരമിപ്പോള്‍ നടത്തുന്നത്

    ReplyDelete
  4. എം.എന്‍.വിജയന്‍, ഒ വി വിജയന്‍, ഐ.എം വിജയന്‍.അങ്ങിനെ എത്ര വിജയന്മാര്‍. ഇത് തമ്മില്‍ തിരിച്ചറിയാന്‍ പാട് തന്നെ. നാട്ടുകാരന്റെ വീക്ഷണം തെറ്റാണെന്നു പറയുന്ന സൂചിമുഖിപ്പക്ഷിയെയും കൊല്ലുമോ നാട്ടുകാരാ?

    ReplyDelete
  5. അത് നാട്ടുകാരന്റെ വീക്ഷണമല്ല. പണ്ടു തൊട്ടേ കമ്മ്യുണിസ്റ്റ്കാര്‍ക്കെതിരെ ഉപയോഗിക്കുന്ന പഴകിതേഞ്ഞ ഒരു കഥയാണ്.

    ReplyDelete
  6. CPI(M) വിരുദ്ധ പ്രകടനങ്ങളുടെ പിന്നില്‍ ആര്?

    http://www.youtube.com/watch?v=sMRRL_epv8Q

    ReplyDelete