Tuesday, April 28, 2009

ശുദ്ധഗതി

എ.ഐ.സി.സിക്ക് തെരഞ്ഞെടുപ്പ് ഫണ്ടുണ്ടോ ഇല്ലയോ എന്നത് മറ്റാര്‍ക്കും അറിയില്ലെങ്കിലും രമേശ് ചെന്നിത്തലക്ക് അറിയാം. അച്ഛന്‍ പത്തായത്തിലില്ല എന്ന് പറഞ്ഞ കുട്ടിയുടെ മുഖഭാവത്തോടെ ശുദ്ധഗതിക്കാരനായ അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നു. ഐ.ഐ.സി.സിക്ക് ഓരോ മണ്ഡലത്തിലും ഒരു കോടി രൂപ വെച്ച് കൊടുക്കുന്ന പദ്ധതികള്‍ ഒന്നും തന്നെയില്ല. തൊണ്ണൂറ്റി ഒന്‍പത് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തോണ്ണൂറ്റി ഒന്‍പത് രൂപയുടെ പദ്ധതി കാണും. അത് വേറെ കാര്യം.

എന്നാലും ഫണ്ട് മുക്കുന്ന കഥകള്‍ മനോരമ വാരികയിലെ തുടരന്‍ നോവലുകളുടെ എണ്ണം കണക്കെ പുറത്ത് വരുന്നുണ്ട്...വടകര മുക്കി, കോഴിക്കോട് മുക്കി, ബാംഗളൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വന്ന് കോണ്‍ഗ്രസ് ഫണ്ട് അടിച്ചു മാറ്റി..കഞ്ഞിപ്പരുവത്തിലൊന്നുമല്ല മുക്കല്‍. 25 ലക്ഷവും 12 ലക്ഷവും ഒക്കെ ആണ് അടിസ്ഥാന ശമ്പളം.

ഫണ്ടില്ലെന്ന് ചിരിവരുത്തിക്കൊണ്ട് പറഞ്ഞെങ്കിലും ഫണ്ടുണ്ടെന്ന് കരഞ്ഞുകൊണ്ട് സമ്മതിക്കുന്നുവത്രെ ചെന്നിത്തല. പോയ ഫണ്ട് ആന വലിച്ചാല്‍ കിട്ടില്ല എന്ന് ആശ്വ്വസിപ്പിക്കുന്നത് വെട്ടിച്ചവന്റെ കൂട്ടത്തിലുള്ളവര്‍ തന്നെ എന്ന് അണിയറയിലെ സംസാരം. പരാതിപ്പെടാമെന്നു വെച്ചാല്‍ അത് അതിലേറെ പുലിവാല്‍.

ഫണ്ട് വന്നെന്നും പോയെന്നും പറഞ്ഞാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വടിയെടുക്കും. പറഞ്ഞില്ലെങ്കില്‍ പൈസ കൊണ്ടുപോയ വല്ലവന്‍ പുട്ടടിക്കും. ഉള്ളില്‍ നിന്ന് തന്നെയാണ് വെട്ടിപ്പ് എന്നതുകൊണ്ട് തന്നെ കാഞ്ഞ മോന്മാര്‍ തന്നെയാണ് മുക്കുന്നതും അടിച്ചുമാറ്റുന്നതും. തല്ലിയാണെങ്കിലും ഫണ്ട് തിരിച്ചുവാങ്ങണം എന്ന അഭിപ്രായത്തിനാണത്രെ പാര്‍ട്ടിയില്‍ പൊതുസമ്മിതി.

ആയുധക്കരാറൊക്കെ ഒപ്പിട്ടത് രക്ഷയായി. ഇല്ലെങ്കില്‍ വിത്തെടുത്ത് ഉണ്ണുന്ന അവസ്ഥയിലായിപ്പോയേനെ എ.ഐ.സി.സി.

*

നിന്റെ സുഹൃത്തുക്കള്‍ ആരെന്ന് പറയൂ ഞാന്‍ നിന്റെ സ്വഭാവം പറഞ്ഞു തരാം എന്നോ മറ്റോ പണ്ടൊരു സായിപ്പ് പറഞ്ഞിട്ടുണ്ടെന്ന് ശുദ്ധഗതിക്കാരായ സുധാകരനും ഉമ്മഞ്ചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ വായിച്ചറിവുണ്ട്. കണ്ണൂരില്‍ സുധാകരനെ കാണാന്‍ വന്ന ബിസിനസ് സുഹൃത്തുക്കള്‍ ആരെന്ന് തലപോയാലും പറയില്ലെന്ന് അവര്‍ ശപഥം ചെയ്തിരിക്കുന്നതും തനി സ്വഭാവം ജനത്തിനു മനസ്സിലാകും എന്നതിനാല്‍ തന്നെയോ? ആണെന്നും അല്ലെന്നും അഭിപ്രായമുള്ളവരുടെ രണ്ട് ഗ്രൂപ്പുകള്‍ കൂടി കോണ്‍ഗ്രസ് ഐയില്‍ ഉടലെടുത്തിരിക്കുന്നുവെന്ന് സംസാരമുണ്ട്. ഉണ്ടിരിക്കുന്ന നായര്‍ക്ക് വിളിതോന്നിയപോലെ ആകാശമാര്‍ഗം പെട്ടെന്ന് കണ്ണൂരിലെത്തിയെന്ന് ഉമ്മഞ്ചാണ്ടിയും അല്ല കെ.പി.സി.സി നേരത്തെ തീരുമാനിച്ച പ്രകാരമാണ്‌ പോയതെന്ന് ചെന്നിത്തലയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലും രണ്ടു ഗ്രൂപ്പുകള്‍ ഉടലെടുത്തിട്ടുണ്ടത്രെ. സത്യം പറയുന്നുവെങ്കില്‍ ഒരു പോലത്തെ ‘സത്യം’ പറഞ്ഞുകൂടേ എന്ന് ചോദിച്ച് മൂന്നാമതൊരു ഗ്രൂപ്പും....

അല്ലെങ്കില്‍ വേണ്ട...വിഴുപ്പുകളിങ്ങനെ പരസ്യമായി അലക്കുന്നത് ശരിയല്ല.

*

ഒരു ശുദ്ധഗതിക്കാരനു മൂന്നു രൂപയുടെ കോണ്‍ഗ്രസ് അംഗത്വം നല്‍കാന്‍ ഇപ്പോ എന്താ ഒരു ചെലവ്? സ്റ്റേഡിയം വാടകയ്ക്കെടുക്കണം, മൈക്ക് വേണം, താലപ്പൊലി വേണം, ആളെക്കൂട്ടണം, നേതാക്കന്മാരെ കൊണ്ടു വരണം. കെ.പി.സി.സി പ്രസിഡന്റ് തന്നെ അംഗത്വം കൊടുക്കണം. പിന്നെ കഞ്ഞി, പുഴുക്ക് മുതല്‍ കുപ്പി വരെ കരുതണം..കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ അംഗത്വ വിതരണങ്ങളിലൊന്ന് കണ്ണൂരില്‍ നടന്നു. “ചെലവ ഏറിയ“ അംഗം ശുദ്ധഗതിക്കാരനായ അബ്ദുള്ളക്കുട്ടി. സംഭവം ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി എന്ന് മംഗളം പറയുന്നത് തെറ്റല്ലെന്ന് ചെലവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായിക്കാണുമല്ലോ. ഈ ചരിത്ര സംഭവം ബിബിസി പോലുള്ള അന്താരാഷ്‌ട്രമാധ്യമങ്ങള്‍ അവഗണിച്ചത് എന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാകുന്നില്ല.

*

ശുദ്ധഗതിക്കാര്‍ക്കു സി.പി.എമ്മില്‍ നിന്ന് പിഴക്കാന്‍ പറ്റില്ലെന്നും അവിടെ ഗംബ്ലീറ്റ് ഹിഡന്‍ അജണ്ടയാണെന്നും അബ്ദുള്ളക്കുട്ടി പറയുമ്പോള്‍ സമ്മതിച്ചു കൊടുത്തേക്കണം. ഈ ശുദ്ധഗതിക്കാരനെ 1999ല്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചപ്പോള്‍ കുട്ടിക്ക് ഹിഡണ്‍ അജണ്ട മണത്തറിയാന്‍ കഴിഞ്ഞില്ല എന്നതൊരു തെറ്റാണോ? 2004ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചതും ഹിഡണ്‍ അജണ്ടയാണെന്ന് കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത് തെറ്റാണോ? 2009ല്‍ മൂന്നാമതൊരു അവസരമില്ലെന്ന ഹിഡണ്‍ അജണ്ട മനസ്സിലായത് കുട്ടിയുടെ തെറ്റാണോ? മനസ്സിലായപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകാനുള്ള വേലത്തരങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുത്തത് കുട്ടിയുടെ തെറ്റാണോ? ചെറിയ വേലകള്‍ കൊണ്ടൊന്നു പുറത്താവില്ലെന്ന് മനസ്സിലായപ്പോള്‍ ശുദ്ധഗതികൊണ്ട് വലിയ വേലകള്‍ പുറത്തെടുത്തത് കുട്ടിയുടെ തെറ്റാണോ? തിരുത്താന്‍ അവസരം കൊടുത്തിട്ടും ശുദ്ധഗതികൊണ്ട് തിരുത്താതിരുന്നത് കുട്ടിയുടെ തെറ്റാണോ? സി.പി.എമ്മിലിരിക്കെ കിട്ടിയ എം.പി. പദവി നിലനിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ്സിനു വേണ്ടി 117 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഘോരഘോരം പ്രസംഗിച്ചത് കുട്ടിയുടെ തെറ്റാണോ? ഇതൊന്നും ഒരു തെറ്റായി കാണുവാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കഴിയില്ല. ശുദ്ധഗതി മനസ്സിലാകാതിരിക്കാന്‍ മാത്രം അശുദ്ധഗതിക്കാരൊന്നുമല്ല മലയാളികള്‍...

എന്നാലും കുട്ടി അവസാനം അലക്കിയ ആ അലക്കുണ്ടല്ലോ..അതാണ് അലക്ക്. മറ്റൊരു പാര്‍ട്ടി അംഗമായിരിക്കെ ലഭിച്ച എം.പി.പദവി ധാര്‍മ്മികതയുടെ പേരില്‍ അതിന്റെ പേരില്‍ മാത്രം പദവി പോകുന്നതിനു രണ്ടു ദിവസം മുന്‍പ് രാജിവെച്ച ആ അലക്കുണ്ടല്ലോ..അതാണ് മോനേ അലക്ക്.. ഹൈറ്റ് ഓഫ് ശുദ്ധഗതി എന്ന് ആംഗലേയത്തില്‍ സായിപ്പ് പറയുന്നത് ഇതിനെയാണ്. ആ ധാര്‍മ്മികതയുടെ മുന്നില്‍ തൊപ്പിയൂരി വണങ്ങുന്നു.

*

മറ്റൊരു ശുദ്ധഗതിക്കാരനും ഇച്ചിരി കുഴപ്പത്തിലായിട്ടുണ്ട്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ശുദ്ധഗതിക്കാര്‍ക്കൊന്നും ഇക്കാലത്ത് ജീവിക്കാന്‍ വയ്യെന്നേ. പാവം നരേന്ദ്ര ശുദ്ധഗതിക്കാരന്‍ മോഡി. ഗുജറാത്ത് കലാപത്തില്‍ ഈ ശുദ്ധഗതിക്കാരന്റെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞത് ഇത്തിരി കടുത്തുപോയി. സ്ഥലമൊക്കെ ഒന്ന് വൃത്തിയാക്കാം എന്നു കരുതി ഇത്തിരി പ്ലാനിംഗ്, ഇത്തിരി കൊല, ഇത്തിരി കൊള്ള, ഇത്തിരി ചുട്ടുകരിപ്പ്, ഇത്തിരി സര്‍ക്കാര്‍ സഹായം, ഇത്തിരി പോലീസിനെ നിഷ്ക്രിയമാക്കല്‍ എന്നതൊക്കെ ചെയ്തതിനാണ് ഈ അന്വേഷണവും മറ്റും. ഒരു വരുംകാല പ്രഥമര്‍ എന്ന പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു.

*

ക്വിസ്

കാളകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി, കാളയെക്കുറിച്ച് പറയാതെ കാളയെ കെട്ടിയ കുറ്റിയെക്കുറിച്ച് ഉപന്യാസങ്ങളെതുന്നതിനാണോ കാളകളുടെ രാഷ്ട്രീയം (politics of bulls) എന്നു പറയുന്നത്? ശുദ്ധഗതികൊണ്ട് ചോദിച്ച് പോകുന്നതാണേ.കമന്റിട്ട് ചളമാക്കരുത്.

2 comments:

  1. മറ്റൊരു ശുദ്ധഗതിക്കാരനും ഇച്ചിരി കുഴപ്പത്തിലായിട്ടുണ്ട്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ശുദ്ധഗതിക്കാര്‍ക്കൊന്നും ഇക്കാലത്ത് ജീവിക്കാന്‍ വയ്യെന്നേ. പാവം നരേന്ദ്ര ശുദ്ധഗതിക്കാരന്‍ മോഡി. ഗുജറാത്ത് കലാപത്തില്‍ ഈ ശുദ്ധഗതിക്കാരന്റെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞത് ഇത്തിരി കടുത്തുപോയി. സ്ഥലമൊക്കെ ഒന്ന് വൃത്തിയാക്കാം എന്നു കരുതി ഇത്തിരി പ്ലാനിംഗ്, ഇത്തിരി കൊല, ഇത്തിരി കൊള്ള, ഇത്തിരി ചുട്ടുകരിപ്പ്, ഇത്തിരി സര്‍ക്കാര്‍ സഹായം, ഇത്തിരി പോലീസിനെ നിഷ്ക്രിയമാക്കല്‍ എന്നതൊക്കെ ചെയ്തതിനാണ് ഈ അന്വേഷണവും മറ്റും. ഒരു വരുംകാല പ്രഥമര്‍ എന്ന പരിഗണനയെങ്കിലും കൊടുക്കാമായിരുന്നു.

    ReplyDelete