Sunday, April 12, 2009

കാരണവര്‍ ഫാൿടര്‍

കുര്യാക്കോസ് മേനോനും, മേരിത്തമ്പുരാട്ടിയും ചെറിയാന്‍ നായരുമൊക്കെ പ്രിയദര്‍ശന്‍ സിനിമയിലെ തമാശയില്‍ മാത്രമല്ല ഉള്ളത്. ലോകസഭാതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അവരൊക്കെ ഒളിഞ്ഞും പതുങ്ങിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഫാലാ, ഫരണങ്ങാനം ഫാഗങ്ങളില്‍ മാണിപ്പണിക്കരും ജോസ് കെ.മാണിക്കുറുപ്പുമൊക്കെയായി അവര്‍ കസറുകയാണത്രെ. ചില എന്‍.എസ്.എസ് നേതാക്കളെ കൂട്ടുപിടിച്ച് കരയോഗം പോലും അറിയാതെ, കരയോഗത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചില വ്യാജനോട്ടീസുകള്‍ ഈ കുറുപ്പന്മാര്‍ക്കും, പണിക്കര്‍മാര്‍ക്കുമൊക്കെയായി മണ്ഡലത്തിലുടനീളം തപാലിലും നേരിട്ടും ഹാജരായിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

പാ‍വം നാരായണപ്പിള്ളയദ്ദേഹം. സമദൂരം കൈവെടിയുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം പെരുന്നയിലിരുന്ന് പറയുന്നത് അങ്ങ് ഫാലായിലും ഫരണങ്ങാനത്തുമൊക്കെ എത്താതിരുന്നാല്‍ എന്തോ ചെയ്യും? അല്ലെങ്കില്‍ കൃത്യമായി എത്തുന്നതിന് അദ്ദേഹം എന്തോ ചെയ്യും? വെറുമൊരു സാമുദായിക കക്ഷി എന്ന പേരുദോഷം മാറ്റാന്‍ പാലാക്കാര്‍ കണ്ടുപിടിച്ച പുത്തന്‍ അടവായി കണ്ട് സമാധാനിക്ക തന്നെ.

*

പി.ഡി.പി പിന്തുണ സി.പി.എം ഇത്തവണ സ്വീകരിച്ചത് എന്തിനായിരുന്നെന്നായിരുന്നു? ന്യൂനപക്ഷ പ്രീണനത്തിന് എന്ന ഉത്തരം കേട്ട് കേട്ട് ചെവി തഴമ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമ്പോഴാണ് തഴമ്പിച്ച ചെവികള്‍ക്ക് ആശ്വാസവചനവുമായി ‘പുതിയ‘ കണ്ടുപിടുത്തവുമായി ചെന്നിത്തല വന്നത്. സന്തോഷായി രമേഷേട്ടാ സന്തോഷായി. എന്നാലും വന്നല്ലോ.

ഇപ്പോള്‍ ചെന്നിത്തല പറയുന്നത് സി.പി.എം, പി.ഡി.പിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന്...പ്രീണനവാദം ചീറ്റിപ്പോയി എന്ന് സ്വയം മനസ്സിലാ‍യതിനാലും, പി.ഡി.പിയെ ഒന്ന് സോപ്പിട്ട് നാലോട്ട് കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതുന്നതിനാലുമാണ് ഇങ്ങനെ പറയുന്നതെന്ന് ശത്രുസംസാരം ഉണ്ടെങ്കിലും ചെന്നിത്തല പറഞ്ഞത് തന്നെയാവണം സത്യം. വൈരുദ്ധ്യാധിഷ്ഠിതത്തിന്റെ ആള്‍ക്കാരല്ലേ..ഇതല്ല ഇതിലപ്പുറവും ചെയ്യും. എന്നാലും ബ്ലാക്ക് മെയില്‍ ചെയ്ത് പ്രീണിപ്പിക്കുന്ന സി.പി.എമ്മുകാരാ നീ ഒരു മൊതലു തന്നെ.

*

ആണവകരാറിന്റെ കാലത്ത് കരാര്‍ ഒപ്പിടാന്‍ സമ്മതിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും എന്നൊക്കെപ്പറഞ്ഞ് ഒരാള്‍ കോണ്‍ഗ്രസുകാരെ മൊത്തം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് വി.എസ് പറയുന്നു. വി.എസ്. ചുമ്മാ പറയുന്നതാണ്. അധികാരം പോകുന്നതിനെക്കുറിച്ച് ഒരു വേവലാതിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ആ ഭീഷണിയില്‍ വീണ് കരാര്‍ ഒപ്പിടാന്‍ സമ്മതിച്ചു എന്നൊക്കെപ്പറഞ്ഞാല്‍ സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ചിരുന്ന അവരുടെ കൊടി ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഇല്ല. ആ ദുര്‍ഗതി ഒന്ന് മാറ്റിയെടുക്കാന്‍ ഇത്തിരി വോട്ട് വാങ്ങലും, ഇത്തിരി കോലീബിയും, ഇത്തിരി അഡ്‌ജസ്റ്റ്മെന്റും ഒക്കെ ഉണ്ടെന്നേ ഉള്ളൂ..അല്ലാതെ അധികാരത്തോട് ആക്രാന്തമൊന്നും അവര്‍ക്കില്ല.

*

തളിക്കുളത്തെ യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. യു.ഡി.എഫിനു നല്‍കുന്ന പിന്തുണയെച്ചൊല്ലിയാണ് പിളര്‍പ്പ്. പഞ്ചായത്ത് പ്രസിഡന്റ് നയിക്കുന്ന ഒരു വിഭാഗം എല്‍.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചു. മേഖലാ സെക്രട്ടറി നയിക്കുന്ന ഔദ്യോഗിക യഥാര്‍ഥ തളിക്കുളം കമ്യൂണിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിന്റെ കൂടെ നില്‍ക്കും. യഥാര്‍ഥ സാമ്രാജ്യത്വ വിരുദ്ധപ്പോരാളികളില്‍ അഗ്രഗണ്യനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സുധാകരന്റെ യോഗത്തില്‍ ചെന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അത് സാമ്രാജ്യത്വവിരുദ്ധപ്പോരാട്ടത്തിന്റെ ചരിത്രത്തിലെ പുത്തന്‍ ഏടാവുകയാണെന്നാണല്ലോ വ്യാഖ്യാനം. ആ നിലയ്ക്ക് തളിക്കുളം യഥാര്‍ഥത്തിനും മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.

പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാലും ചിലത് പറയാതിരിക്കുന്നത് ശരിയാവുകയുമില്ല. അന്ത കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നിരുന്നത് മുഖ്യശത്രു ആര് ?, അതിനോട് സ്വീകരിക്കേണ്ട സമീപനമെന്ത് ?, ബൂര്‍ഷ്വാസിയുടെ സ്വഭാവമെന്ത് തുടങ്ങിയ കാരണങ്ങളിലൊക്കെയായിരുന്നു. ഒരു സാര്‍വദേശീയ കാഴ്ചപ്പാട് തന്നെ അതിലുണ്ടായിരുന്നു. ഈ ആഗോളവല്‍ക്കരണ കാലത്ത് എല്ലാം ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങുന്നതുകൊണ്ടാകാം പിളര്‍പ്പിന്റെ കാരണം എല്‍.ഡി.എഫ്-യു.ഡി.എഫ് പിന്തുണ എന്ന ചിന്ന ചിന്ന കാരണങ്ങളിലേക്കൊതുങ്ങുന്നത്. ഈ പിളര്‍പ്പില്‍ സത്യസന്ധതയുടെ അംശമുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. യു.ഡി.എഫിനു വോട്ട് കൊടുക്കും എന്ന് പരസ്യമായി തന്നെ പറയുന്നുവല്ലോ. അത്രയും നല്ലത്. മറ്റു ചില യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ “വലതുവല്‍ക്കരിക്കപ്പെടുന്ന ഔദ്യോഗിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ“ പ്രചരണം നടത്തുകയും, വോട്ട് പിടിക്കുകയും, അവസാനയാമത്തില്‍ വോട്ട് മുഴുവന്‍ രഹസ്യമായി യു.ഡി.എഫിനു മറിച്ച് കൊടുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന വാര്‍ത്തയും കേള്‍ക്കുന്നു. ഇടത്തു നിന്ന് ചോര്‍ത്തുന്ന വോട്ടുകള്‍ വലത്തോട്ട് കുത്തി, ഒരു ഡബിള്‍ ഇഫക്ട് ഉണ്ടാക്കുകയും, മാധ്യമ സഹായത്തോടെ തങ്ങളുടെ പ്രസക്തി പിന്നീടുള്ള ദിനങ്ങളില്‍ പൊലിപ്പിച്ചുകാട്ടുകയും ചെയ്യുക എന്ന സൃഗാലതന്ത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടത്രെ. മകന്‍ ചത്തിട്ടായാലും മരുമകളുടെ കണ്ണീരുകാണണം എന്ന പഴപൊഴിയുടെ ഒരു പൊളിറ്റിക്കല്‍ വേര്‍ഷന്‍. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പഴമൊഴി.

ഔദ്യോഗിക.കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഓണംകേറാമൂല ബ്രാഞ്ചിലെ മാധവന്‍ തന്റെ കൂട്ടുകാരന്‍ മല്ലന്റെ നേരെ കയര്‍ത്താല്‍ നാലുകോളം ഹെഡ്ഡിങ്ങാക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തായാലും തളിക്കുളം പിളര്‍പ്പ് വാര്‍ത്തയായില്ല.

*

ലോകാവസാനമായോ? അതോ മാധ്യമലോകത്ത് കാര്യമായ എന്തെങ്കിലും സംഭവിച്ചോ? മംഗളം ദിനപ്പത്രത്തിലെ ഒരു പ്രധാനവാര്‍ത്തയുടെ തലക്കെട്ട് കണ്ട് ഞെട്ടിയപ്പോള്‍ തോന്നിപ്പോയതാണ്...

ഇടതുസര്‍ക്കാര്‍ വികസനത്തിന്‌ എതിരല്ല: വി.എസ്‌, പിണറായി

പിണറായി വിജയനും വി.എസും ഒരേ അഭിപ്രായം പറഞ്ഞാല്‍ മാധ്യമങ്ങള്‍ അത് അങ്ങിനെ തന്നെ കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍? കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. സൈബര്‍ സ്പേസിലെ ഇടതു ചാവേറുകളിലാരോ മംഗളം പത്രം ഹാക്ക് ചെയ്ത് ഇത്തരമൊരു വാര്‍ത്ത കൊടുത്തതാകാനാണ് സാധ്യത. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെയ്ക്കാന്‍ മറക്കണ്ട. ആവശ്യം വരും.

*

കാരണവര്‍ വിടാനുള്ള മട്ടില്ല.

20 സീറ്റിലും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്ന ‘പുതിയ’ കണ്ടുപിടുത്തവുമായാണ് ഇത്തവണ. തന്റെ കൂടെയുള്ളവര്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നുമുണ്ട്.

മനഃസാക്ഷിയില്ലാത്ത ഈ വര്‍ത്തമാനം കേട്ട് തരൂരും ഷാനവാസും കൂട്ടരുമൊക്കെ നെഞ്ചില്‍ കൈവെച്ചെന്നാണ് കേട്ടുകേള്‍വി. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ സര്‍വെ പ്രസിദ്ധീകരിച്ചെങ്കിലും ഈ ‘കാരണവര്‍ ഫാൿടര്‍’ കണക്കിലെടുത്തിട്ടുണ്ടോ ആവോ? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ ഉടനെ കാരണവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കാരണവര്‍ ഫാൿടര്‍ ഈസ് എ ഫാൿടര്‍ ഈസ് എ ഫാൿടര്‍ എന്ന്. പത്മജക്കും കൂട്ടര്‍ക്കും ചില നിയമനങ്ങളൊക്കെ നല്‍കി അണച്ചു എന്നു കരുതിയിരുന്ന കാരണവരുടെ ഉള്ളിലെ തീ കെട്ടിട്ടില്ല. ഈ വൈകിയ വേളയില്‍ ആരെ എവിടെ നിയമിച്ച് തീ ഒന്നു കൂടി കെടുത്താം എന്ന ആലോചനയിലാണത്രെ ഹൈ ലോ കമാന്‍ഡുകള്‍. അവരുടെ ഉള്ളിലെ തീ ആരറിയാന്‍ ?ലക്ഷങ്ങൾ പങ്കെടുക്കും എന്ന് കോൺഗ്രസ്സുകാർ വീരവാദം മുഴക്കിയ പ്രധാനമന്ത്രിയുടെ യോഗത്തിൽ പോലും കസേരയിലിരിക്കാൻ പോലും ആളെക്കിട്ടാത്തതിൽ ഈ കാരണവര്‍ ഫാൿടർ ഒരു ഫാൿടറാണോ? ആ..ആർക്കറിയാം?

*

വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ട് യു.ഡി.എഫ് വാങ്ങുമെന്നും, അതില്‍ തെറ്റില്ലെന്നും, ഇതിനു മുന്‍പും വാങ്ങിയിട്ടുണ്ടെന്നും ആര്‍. ബാലകൃഷ്ണപ്പിള്ള. എന്‍.ഡി.എഫിന്റെ തീവ്രവാദബന്ധം അന്വേഷിക്കാനൊന്നും പറ്റില്ലെന്നും കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് വോട്ട് വാങ്ങാറില്ല, ബി.ജെ.പി.വില്‍ക്കാറില്ല, എന്‍.ഡി.എഫ് വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പൈതങ്ങള്‍ എന്നിങ്ങനെയുള്ള ഗുണ്ടുകള്‍ പൊട്ടുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയില്‍ ഒരു സത്യസന്ധനെ കണ്ട സന്തോഷം അടക്കാനാവുന്നില്ല.

2 comments:

  1. പി.ഡി.പി പിന്തുണ സി.പി.എം ഇത്തവണ സ്വീകരിച്ചത് എന്തിനായിരുന്നെന്നായിരുന്നു? ന്യൂനപക്ഷ പ്രീണനത്തിന് എന്ന ഉത്തരം കേട്ട് കേട്ട് ചെവി തഴമ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമ്പോഴാണ് തഴമ്പിച്ച ചെവികള്‍ക്ക് ആശ്വാസവചനവുമായി ‘പുതിയ‘ കണ്ടുപിടുത്തവുമായി ചെന്നിത്തല വന്നത്. സന്തോഷായി രമേഷേട്ടാ സന്തോഷായി. എന്നാലും വന്നല്ലോ.

    ഇപ്പോള്‍ ചെന്നിത്തല പറയുന്നത് സി.പി.എം, പി.ഡി.പിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന്...പ്രീണനവാദം ചീറ്റിപ്പോയി എന്ന് സ്വയം മനസ്സിലാ‍യതിനാലും, പി.ഡി.പിയെ ഒന്ന് സോപ്പിട്ട് നാലോട്ട് കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതുന്നതിനാലുമാണ് ഇങ്ങനെ പറയുന്നതെന്ന് ശത്രുസംസാരം ഉണ്ടെങ്കിലും ചെന്നിത്തല പറഞ്ഞത് തന്നെയാവണം സത്യം. വൈരുദ്ധ്യാധിഷ്ഠിതത്തിന്റെ ആള്‍ക്കാരല്ലേ..ഇതല്ല ഇതിലപ്പുറവും ചെയ്യും. എന്നാലും ബ്ലാക്ക് മെയില്‍ ചെയ്ത് പ്രീണിപ്പിക്കുന്ന സി.പി.എമ്മുകാരാ നീ ഒരു മൊതലു തന്നെ.

    ReplyDelete