Thursday, April 9, 2009

നീയെത്രയോ ഭാഗ്യവാൻ..

ഇവരൊക്കെ നിന്നെ ഇത്രമേല്‍ സ്‌നേഹിക്കുവാന്‍ സി.പി.എമ്മേ നീ എന്ത് പുണ്യം ചെയ്‌തു? നിന്റെ ഒരു ചുവടുവെയ്പ്പു പോലും പിഴക്കാതിരിക്കുവാന്‍ ജാഗരൂകരായി എത്ര പേര്‍? മാധ്യമങ്ങള്‍, നിന്നില്‍ നിന്നും അകന്നവര്‍, നിന്റെ ശത്രുക്കള്‍ എന്നു നീ കരുതുന്ന നിഷ്‌ക്കളങ്ക മാനസര്‍, നിഷ്‌പക്ഷര്‍, നിനക്കു പാര്‍ലിമെന്ററി വ്യാമോഹം വരാതിരിക്കുവാന്‍ നിന്റെ എതിരാളിക്ക് വോട്ട് ചെയ്യുന്നവര്‍... അങ്ങിനെ അങ്ങിനെ അങ്ങിനെ എത്ര പേര്‍. നിന്റെ വെബ് സൈറ്റുകളില്‍ ഇല്ലാതെ പോകുന്ന ഫോട്ടോകളും, രേഖകളും ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ എത്ര പേര്‍.... നീ 2025 ഏപ്രില്‍ 9 നു ചെയ്യുവാന്‍ സാധ്യതയുള്ള തെറ്റ് ചൂണ്ടിക്കാണിക്കുവാന്‍ എത്ര പേര്‍..നീ ഭാഗ്യം ചെയ്ത പുമാന്‍ തന്നെ സി.പി.എമ്മേ..എന്നിട്ടും നിനക്കൊരു നന്ദിയുണ്ടോ? സിന്‍ഡിക്കേറ്റ് എന്നും വിരുദ്ധര്‍ എന്നും അഭിനേതാക്കള്‍ എന്നുമൊക്കെ കളിയാക്കുകയല്ലേ നീ ചെയ്യുന്നത് ? 1950കളിലും 1960കളിലും 1970 കളിലും 1980 കളിലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ സി.പി.എമ്മേ...അന്നു നീ കുടിച്ചിരുന്ന കട്ടന്‍ ചായ, കഴിച്ചിരുന്ന പരിപ്പുവട, കിടന്നിരുന്ന പലക ബെഞ്ച്...ഗൃഹാതുരത്വം വരുന്നു സി.പി.എമ്മേ...

*

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാലാണ് നെഞ്ചത്തടിയും നിലവിളിയും കണ്ണീരും കരച്ചിലുമൊക്കെ. ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുകയാണോ? വിശ്വാസവോട്ടെടുപ്പില്‍ ജനതാദള്‍ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ്സിനു കുത്തിയിട്ടും, സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പരസ്യമായി പൊട്ടിക്കരഞ്ഞ ശിവണ്ണക്ക് പിന്‍‌ഗാമിയായി ഇതാ ഒരാള്‍..

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ അര്‍ജുന്‍ സിങ്ങ്...ശിവണ്ണയെപ്പോലെ സ്വന്തം കാര്യത്തിനു കരയാന്‍ മാത്രം സ്വാര്‍ത്ഥനല്ല അര്‍ജുന്‍ സിങ്ങ്...താന്‍ സ്വന്തം മകനെപ്പോലെ കരുതുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കൂ എന്ന് പറഞ്ഞ് അദ്ദേഹം വേദിയില്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ.

മകനും മകള്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വിഷമം കൂടി ഉണ്ടായിരുന്നുവോ അര്‍ജുന്‍ സിങ്ങിന്? ആര്‍ക്കറിയാം?

*

സ്വാതന്ത്യലബ്‌ധിക്കുശേഷമുള്ള 62 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും സമഭാവനയിലും അധിഷ്‌ഠിതമായ പരിഷ്‌കൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നിരവധി തിരിച്ചടികളുണ്ടായി. ഇന്ത്യാവിഭജനം, ഗാന്ധിവധം, അടിയന്തരാവസ്ഥ, സവര്‍ണ ഹിന്ദുവര്‍ഗീയതയുടെ വളര്‍ച്ച, ഭീകരാക്രമണം തുടങ്ങി നിരവധി സംഭവങ്ങളുണ്ടായി. അമേരിക്കന്‍ അനുകൂല വിദേശ, സാമ്പത്തിക, സൈനിക നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ സാമ്രാജ്യത്വ ദാസ്യവേലയാണ് അനുവര്‍ത്തിക്കുന്നത്. അമേരിക്കന്‍-ഇസ്രയേല്‍ സാമ്രാജ്യത്വശക്തികളുമായി സഖ്യംചേരുന്നവരും വര്‍ഗീയ ഫാസിസ്റ്റുകളും തുടരുന്ന ജനവിരുദ്ധ-ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതീക്ഷയായി ഇടതുമതേതര ജനാധിപത്യശക്തികളുടെ ബദല്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തി പ്രാപിച്ചിരിക്കുന്നു. ഈ ബദല്‍ ശക്തിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

- ഇടതുപക്ഷ അനുകൂല സാഹിത്യ, സാംസ്കാരികപ്രവര്‍ത്തകര്‍

ജനാധിപത്യത്തിന്റെ മറവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ സമഗ്രാധിപത്യത്തിനും ഏകാധിപത്യത്തിനും ദാസ്യം പ്രകടിപ്പിക്കുന്ന സാംസ്‌ക്കാരിക നേതൃത്വം കൂടുതല്‍ അപകടകരമാണ്. എഴുത്തുകാര്‍ സത്യം പറയാന്‍ ബാധ്യസ്ഥരാണ്. വികേന്ദ്രീകരണത്തെയും വിയോജിപ്പുകളെയും സംഹരിക്കുന്ന പ്രത്യയശാസ്‌ത്രമാണ് സി.പി.എമ്മിന്റേത്. ഈ തെരഞ്ഞെടുപ്പില്‍ ജാതി-വര്‍ഗീയ ചിന്തകള്‍ ഉയര്‍ത്തുന്നതിനെതിരെ പ്രതികരിക്കണം. ഇതിന് കോണ്‍ഗ്രസിനെ നേതൃത്വം നല്‍കാനാവൂ. മതേരത്വം എന്ന് പറയുമ്പോഴും വര്‍ഗീയത വലിയ ആവേശമാവുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്ക് കഴിയണം.

- വലതുപക്ഷ അനുകൂല സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകര്‍.

രണ്ട് പ്രസ്‌താവനയും വായിക്കുക. രണ്ടിന്റെയും നിലവാരം താരതമ്യം ചെയ്യുക. ഒന്നില്‍ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൃത്യമായ ഒരു നിലപാടുണ്ട്. മറ്റേതില്‍ ഒരു പാര്‍ട്ടിക്കെതിരായ നിലപാടുമാത്രവും... വായനാശീലമുള്ളവർ അപ്പോൾ ആർക്ക് വോട്ട് ചെയ്യും?

*
പ്രകടനപത്രികയൊക്കെ ഇറക്കി, ജനങ്ങള്‍ക്ക് നേരെ എടുത്ത് വീശി കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ്സിനു ഉള്‍വിളി തോന്നിയത്. സാധനത്തിനു ശക്തി പോരാ. പട്ടിക വായിച്ചാല്‍ ഭീകരന്മാര്‍ക്ക് വരെ തോന്നുമത്രെ അവരോട് കോണ്‍ഗ്രസ്സിനു മൃദുസമീപനമാണെന്ന്. എന്നാല്‍ പിന്നെ ആ ധാരണ തിരുത്തിയിട്ടു തന്നെ കാര്യം. ‘ഭീകരതയില്‍ നിന്ന് രാജ്യരക്ഷ’ എന്ന പേരില്‍ അവരൊരെണ്ണം കൂടി ഇറക്കിയിരിക്കുന്നു. പഞ്ചശീലതത്വങ്ങളുടെയും, പഞ്ചവത്സര പദ്ധതികളുടെയും, പഞ്ചതന്ത്രത്തിന്റെയും പേരുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പഞ്ചഘട്ട സംഭവം. സംഗതി കിടിലമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഒരു തവണ അതിലൂടെ കണ്ണോടിച്ചാല്‍ ഏത് ഭീകരനും പേടിച്ചോടുമത്രെ.

തെരഞ്ഞെടുപ്പ് തീരുന്നതുവരെ ഇത്തരം ഭീകരമായ പ്രകടനങ്ങള്‍ കണ്ടുകൊണ്ടിരുന്നേ മതിയാവൂ..

*
ആണവക്കരാറിനെതിരെ സോണിയ മിണ്ടാത്തത് എന്തേ എന്ന് കാരാട്ട്. ഇസ്രായേല്‍ ആയുധ ഇടപാടിലെ കോഴക്കെതിരെ ആന്റണി മിണ്ടാത്തതെന്തെ എന്ന് പിണറായി. ലാവലിനെക്കുറിച്ച് കാര്‍ത്തികേയന്‍ മിണ്ടാത്തതെന്തേ എന്ന് തോമസ് ഐസക്ക്. എന്‍.ഡി.എഫിനെതിരെ മാധ്യമങ്ങള്‍ മിണ്ടാത്തതെന്തേ എന്ന് ദേശാഭിമാനി...

മിണ്ടാട്ടം മുട്ടിയവരെക്കൊണ്ട് മിണ്ടിച്ചേ അടങ്ങൂ എന്ന വാശി നന്നല്ല സഖാക്കളെ. ഒരു പ്രതിപക്ഷ ബഹുമാനമൊക്കെ വേണ്ടേ? ‘മിണ്ടുക മഹാമുനേ’ എഴുതിയ വൈലോപ്പിള്ളി ആണെന്നാണോ എല്ലാവരുടെയും വിചാരം?

*

തമിഴ് പുലികള്‍ കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യം വെയ്‌ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തവണയെങ്കിലും അക്കൌണ്ട് തുറക്കുക എന്നത് തന്നെയായിരിക്കുമോ മറ്റു പലരേയും പോലെ ഇവരുടെയും ലക്ഷ്യം?

*
മ‌ദനിയെന്ന വ്യക്തിയാണ് ഇന്ന് കേരളത്തിന്റെ ലോകസഭ തിരഞ്ഞെടുപ്പില്‍ നിര്‍ഭാഗ്യവശാല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് ആശ്വാസ്യകരമായ വസ്തുതയാ‍ണോ എന്നതാണ് പരിശോധിക്കേണ്ടത്.... ജനജീവിതത്തെ ബാധിക്കുന്ന എത്രയോ പൊള്ളുന്ന വിഷയങ്ങളാണ് ആരും സ്പർശിക്കാതെ, ചർച്ച ചെയ്യപ്പെടാതെ അവഗണിക്കപ്പെടുന്നത്.

തുടക്കം മാത്രമേ ഇങ്ങനെ ഉള്ളൂ...ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ..ഇടതു ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാ‌ർത്ഥികൾക്ക് മ അദനി പിന്തുണ പ്രഖ്യപിച്ചതിനാൽ അത് സ്വീകരിക്കുന്ന സി പി ഐ എംന്റെ ചാരിത്ര്യം എങ്ങനെ നഷ്‌ടപ്പെടുന്നു എന്നതു തന്നെ തീസീസ്. പൊള്ളുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചെഴുതിയാൽ കൈപൊള്ളുന്നതാരുടെ എന്ന് മരത്തലയനറിയാം..

*
പൗരോഹിത്യത്തിന്റെ വിലയിടിച്ചുകാട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്‌ കോട്ടയം അതിരൂപത ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ മാത്യൂ മൂലേക്കാട്ട്‌. പെസഹാവ്യാഴം തിരുകര്‍മ്മങ്ങള്‍ക്ക്‌ മധ്യേ നടത്തിയ സന്ദേശത്തിലാണ്‌ ബിഷപ്പ്‌ ഇക്കാര്യമറിയിച്ചത്‌. അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരുന്ന്‌ ഭരിക്കുന്നവരുടെ മാതൃകയല്ല ക്രിസ്‌തു കാട്ടിതന്നത്‌. വിനയത്തിന്റെ മാതൃകയാണ്‌ അദ്ദേഹം നമ്മുക്ക്‌ നല്‍കിയതെന്നും ബിഷപ്പ്‌ പറഞ്ഞു.

മംഗളം വാര്‍ത്ത

ഇതാരെ ഉദ്ദേശിച്ചാവും ആര്‍ച്ച്‌ബിഷപ്പ്‌ പറഞ്ഞത് ? സി ബി ഐക്കാരെക്കുറിച്ചാണോ? അതോ ജോയ്‌മോൻ പുത്തൻ പുരയ്ക്കലിനെയോ?

ശ്രീ. മനോജിന്റെ വ്യഥകള്‍ എന്ന ബ്ലോഗിലെ ഇടയലേഖനം നിയമവിരുദ്ധം എന്ന പോസ്റ്റും, വൈദികര്‍ കേരളത്തെ ഭ്രാന്താലയമാക്കുമോ എന്ന പോസ്റ്റും കൂടി വായിക്കാം.

4 comments:

  1. ഇവരൊക്കെ നിന്നെ ഇത്രമേല്‍ സ്‌നേഹിക്കുവാന്‍ സി.പി.എമ്മേ നീ എന്ത് പുണ്യം ചെയ്‌തു? നിന്റെ ഒരു ചുവടുവെയ്പ്പു പോലും പിഴക്കാതിരിക്കുവാന്‍ ജാഗരൂകരായി എത്ര പേര്‍? മാധ്യമങ്ങള്‍, നിന്നില്‍ നിന്നും അകന്നവര്‍, നിന്റെ ശത്രുക്കള്‍ എന്നു നീ കരുതുന്ന നിഷ്‌ക്കളങ്ക മാനസര്‍, നിഷ്‌പക്ഷര്‍, നിനക്കു പാര്‍ലിമെന്ററി വ്യാമോഹം വരാതിരിക്കുവാന്‍ നിന്റെ എതിരാളിക്ക് വോട്ട് ചെയ്യുന്നവര്‍... അങ്ങിനെ അങ്ങിനെ അങ്ങിനെ എത്ര പേര്‍. നിന്റെ വെബ് സൈറ്റുകളില്‍ ഇല്ലാതെ പോകുന്ന ഫോട്ടോകളും, രേഖകളും ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി തിരുത്തുവാന്‍ എത്ര പേര്‍.... നീ 2025 ഏപ്രില്‍ 9 നു ചെയ്യുവാന്‍ സാധ്യതയുള്ള തെറ്റ് ചൂണ്ടിക്കാണിക്കുവാന്‍ എത്ര പേര്‍..നീ ഭാഗ്യം ചെയ്ത പുമാന്‍ തന്നെ സി.പി.എമ്മേ..എന്നിട്ടും നിനക്കൊരു നന്ദിയുണ്ടോ? സിന്‍ഡിക്കേറ്റ് എന്നും വിരുദ്ധര്‍ എന്നും അഭിനേതാക്കള്‍ എന്നുമൊക്കെ കളിയാക്കുകയല്ലേ നീ ചെയ്യുന്നത് ? 1950കളിലും 1960കളിലും 1970 കളിലും 1980 കളിലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ സി.പി.എമ്മേ...അന്നു നീ കുടിച്ചിരുന്ന കട്ടന്‍ ചായ, കഴിച്ചിരുന്ന പരിപ്പുവട, കിടന്നിരുന്ന പലക ബെഞ്ച്...ഗൃഹാതുരത്വം വരുന്നു സി.പി.എമ്മേ...

    ReplyDelete
  2. 1950കളിലും 1960കളിലും 1970 കളിലും 1980 കളിലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ സി.പി.എമ്മേ...അന്നു നീ കുടിച്ചിരുന്ന കട്ടന്‍ ചായ, കഴിച്ചിരുന്ന പരിപ്പുവട, കിടന്നിരുന്ന പലക ബെഞ്ച്...ഗൃഹാതുരത്വം വരുന്നു സി.പി.എമ്മേ...
    :)

    ReplyDelete
  3. "1950കളിലും 1960കളിലും 1970 കളിലും 1980 കളിലും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ സി.പി.എമ്മേ...അന്നു നീ കുടിച്ചിരുന്ന കട്ടന്‍ ചായ.."

    1950,60,70കളിലെ ബ്ലോഗ്,ഗ്ലോഗ്, അധിനി'വേഷ' പ്രതിരോധം ബ്ലോഗില്‍ ..ഇതെല്ലാം ഓര്‍മ്മ വേണം സിപിഎമ്മിന്!!! അന്നത്തെ പോലെ തന്നെ ഫസ്കരന്ണന്‍,സാറേച്ചി,നീലാണ്ടന്‍ അണ്ണന്‍,എല്ലാരും ഇപ്പോഴും മൈലുകളോളം നടന്നു അല്ലെങ്കില്‍ കാളവണ്ടിയില്‍ അല്ലേ 1960 കള്‍ പോലെ ഇന്നും 'സാമൂഹ്യ' പ്രവര്‍ത്തനം നടത്തുന്നത്,പ്ലാവിലയിലല്ലേ കഞ്ഞി കോരിക്കുടിക്കുന്നത്, അതും കാണൂ സി.പി.എമ്മേ.ഓര്‍മ്മകള്‍ഉണ്ടായിരിക്കണം.

    ReplyDelete
  4. അധിനിവേശ പ്രതിരോധ നേതാജി സാറാ ജോസഫ്‌ വാങ്ങിയ കാറേതാ മാരുതി അമ്പാസിഡര്‍ അല്ലാ. അധിനിവേശ കമ്പനിയായ ഹുണ്ടായി സാന്റ്രോ സ്വിംഗ്‌.

    ReplyDelete