Saturday, April 11, 2009

എന്റെ ചര്‍മ്മം കണ്ടാല്‍...

എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടു രൂപക്ക് അരി കൊടുക്കും എന്ന് കേട്ടപ്പോഴേ തോന്നിയതായിരുന്നു യു.ഡി.എഫ് ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന്. തോന്നല്‍ തെറ്റിയില്ല. പ്രവര്‍ത്തിച്ചു. ഭരണം കൈയിലില്ലാതിരുന്നിട്ടും പ്രവര്‍ത്തിച്ചു. രണ്ടു രൂപക്കും ഒരു രൂപക്കുമൊന്നുമല്ല അരി കൊടുത്തത്. വെറുതെ..വെറുതെ എന്നു പറഞ്ഞാല്‍ ഒറ്റ നയാ പൈസ വാങ്ങാതെ. അരി മാത്രമോ? പഞ്ചസാര, വറ്റല്‍ മുളക്, ചെറുപയര്‍, മല്ലി, ഉഴുന്ന് എന്നു വേണ്ട ഒരു കുടുംബത്തിനാവശ്യമായ എല്ലാം വെറുതെ കൊടുക്കുകയായിരുന്നു..അരിയുടെ കൂടെ കെ.സുധാകരന്റെ ഓരോ തെരഞ്ഞെടുപ്പ് പോസ്റ്ററും. പിള്ളാര്‍ക്ക് ചുമരില്‍ ഒട്ടിച്ച് കളിക്കാന്‍.

എന്നാലും ഈ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിട്ടിയിലെ പാവപ്പെട്ട ജനങ്ങളെ സേവിക്കാന്‍ സമ്മതിക്കുമോ? വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചട്ടം തെറ്റിച്ച് വിതരണം ചെയ്യാന്‍ വെച്ചിരുന്നതെന്ന് പറഞ്ഞത് മേല്‍പ്പറഞ്ഞ സാധനങ്ങള്‍ മുഴുവന്‍ അവര്‍ കണ്ടു കെട്ടി. പോരാത്തതിനു കേസും..

ജീ‍വിക്കാന്‍ സമ്മതിക്കില്ലെന്നു വെച്ചാല്‍ എന്തോ ചെയ്യും...? കമ്മീഷന്‍ പിടിച്ചെടുക്കുന്നതിനു മുന്‍പേ തന്നെ അരിയും മുളകും വാങ്ങിക്കൊണ്ടുപോയവരെങ്കിലും വോട്ട് ചെയ്താല്‍ മതിയായിരുന്നു...

*
തോല്‍ക്കുമെന്നുറപ്പായാല്‍ പിന്നെ എന്തും പറയാം. എത്ര വലിയ വീരവാദവും മുഴക്കാം. എത്രലക്ഷം വോട്ടിനു വേണമെങ്കിലും ജയിക്കും എന്ന് മുഖത്തെ ഒരു മാംസപേശി പോലും ചലിപ്പിക്കാതെ വീമ്പിളക്കാം. വിപദി ധൈര്യം എന്നൊക്കെ നമുക്കതിനെ വിളിക്കാം. അത്തരമൊരു ധൈര്യത്തിലാണ് ഉമ്മഞ്ചാണ്ടി അടിച്ചു വിട്ടത് 1977 സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന്. തന്മാത്രാ രോഗം ഇടക്ക് അദ്ദേഹത്തെയും ബാധിച്ചതിനാലാണോ, ധൈര്യം കൂടിപ്പോയതിനാലാണോ എന്നറിയില്ല പുള്ളി ചിലതൊക്കെ മറന്നു പോയിരുന്നു. 77ല്‍ കേരളത്തിലെ എല്ലാ സീറ്റിലും വലതുപക്ഷം ജയിച്ചെങ്കിലും, കേന്ദ്രത്തില്‍ തോല്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. അപ്പോള്‍ കേന്ദ്രത്തില്‍ ഇത്തവണ തോല്‍ക്കും എന്നാണോ പറയുന്നത് എന്ന കൊനഷ്ട് ചോദ്യം വന്നപ്പോഴാണ് പുള്ളിക്ക് അക്കിടി മനസ്സിലായത്..താന്‍ കേരളത്തിലെ കാര്യം മാത്രമാണ് പറഞ്ഞതെന്നായി ചാണ്ടിച്ചായന്‍. കേരളത്തില്‍ യു.ഡി.എഫ് തിരിച്ചു വരുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാത്രം 1977ലെ സാഹചര്യവും കേന്ദ്രത്തില്‍ 1984ലെ സാഹചര്യവും എന്നൊക്കെ സ്വപ്നം കാണാന്‍ കാശ് ചിലവൊന്നുമില്ലല്ലോ. അദ്ദേഹം കണ്ടു രസിക്കട്ടെ...1977ലെ നാണക്കേടിനൊരു പരിഹാരം അതേ അളവില്‍ ചെയ്യാന്‍ കേരളീയര്‍ കാത്തിരിക്കുമ്പോള്‍ ആരൊക്കെ എന്തൊക്കെ സ്വപ്നം കണ്ടാലെന്ത് കണ്ടില്ലെങ്കിലെന്ത്?

കേരളത്തില്‍ യു.ഡി.എഫ് തിരിച്ചുവരും എന്നു പറയുന്നത് കേട്ടപ്പോള്‍ ഒരു സംശയം. ഇപ്പോ നടക്കാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പോ ലോകസഭാ തെരഞ്ഞെടുപ്പോ?

*
ശ്രീധരന്‍ പിള്ളയദ്ദേഹം നല്ലൊരു വക്കീലാണെങ്കിലും വാദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഏത് കേസാണ് വാദിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യം മറന്നു പോകും. വേറെ ഏതെങ്കിലും കേസിലെ ലാ പോയിന്റും പൊക്കിപ്പിടിച്ച് “ ഐ ഒബ്‌ജൿട് യുവര്‍ ഓണര്‍’ എന്നൊരു അലറലാണ്. ചാനലിലെ ചര്‍ച്ചയിലും ചിലപ്പോള്‍ ഇങ്ങനെ “ ഐ ഒബ്‌ജൿട് യുവര്‍ ഓണര്‍’ ആവും പുള്ളിക്കാരന്‍. ചാനലിലെ പെങ്കൊച്ചുങ്ങള്‍ പേടിച്ചു കരയാന്‍ വേറെ വല്ലതും വേണോ?

ഒറീസയിലെ സംഘപരിവാര്‍ തരികിടയെക്കുറിച്ചും, ഇപ്പോഴും വര്‍ഗീയ വിഷം തുപ്പുന്ന പ്രചരണങ്ങള്‍ അവിടത്തെ സ്ഥാനാര്‍ത്ഥികള്‍ തന്നെ നടത്തുന്നതിനെക്കുറിച്ചും ചോദിച്ചാല്‍ ആ പോയിന്റ് വാദിക്കാതെ ഒറ്റ ചാട്ടമാണ് നാദാപുരത്തേക്ക്. അതൊരു നുണക്കഥയായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉടനെ ചാടും കോത്താഴത്തേക്ക്. ഇങ്ങനെ ചാടിച്ചാടിപ്പോകുന്ന അദ്ദേഹത്തെ പിടിച്ച് ഒരിടത്തിരുത്താന്‍ ചാനലിലെ കുട്ടികള്‍ പെടുന്ന പാട്...എല്ലാം പോയിന്റും പൊളിഞ്ഞെന്നു തോന്നിയാല്‍ ഉടനെ വജ്രായുധം എടുത്ത് പുറത്തിടും. “ ഇത് തെരഞ്ഞെടുപ്പ് സമയം. കൊച്ചേ..മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വര്‍ഗീയത ഇളക്കി വിടുന്ന കാര്യങ്ങളെപ്പറ്റി ചോദിക്കുന്നത് പെരുമാറ്റച്ചട്ടവിരോധം ആണ്. അകത്തു കിടക്കും.” എന്നൊക്കെ. വര്‍ഗീയത ഇളക്കി വിടുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ പ്രസംഗിക്കുന്നതാണോ, അത് റിപ്പോര്‍ട്ട് ചെയ്യുന്നതാണോ പെരുമാറ്റച്ചട്ടവിരോധം എന്ന് ചോദിച്ചാല്‍.......നല്ല ഒന്നാം തരം മറുപടി തന്നെ അദ്ദേഹം കൊടുക്കും...

ബബ്ബബ്ബബ്ബ...

*

കോട്ടയത്തെ വോട്ടിംഗ് യന്ത്രത്തില്‍ മാര്‍ക്സിനെ കണ്ടെന്ന് മനോരമ. മര്‍ക്കസ് എന്നതിനു പകരം തെറ്റായി മാര്‍ക്സ് എന്ന് അച്ചടിച്ചത്രെ. തെറ്റ് കണ്ടു പിടിച്ചപ്പോള്‍ അത് മാറ്റി എന്നും മനോരമ.

എന്നാലും മാര്‍ക്സ് കാണിച്ചത് ഇച്ചിരി കടന്ന കൈയായിപ്പോയി. മാർക്സിന്റെ അനുയായികളെങ്ങാനും ജയിച്ചാല്‍ വിഷം കുടിച്ചു മരിക്കുമെന്നു പറഞ്ഞ അച്ചായന്റെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ തന്നെ കേറിപ്പറ്റുകാന്നൊക്കെ വെച്ചാല്‍? കൃത്യസമയത്ത് പത്രത്തിലെ പരുന്തുകള്‍ വന്നതുകൊണ്ട് അച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലേല്‍ വിഷക്കുപ്പിയുടെ കാര്യം കഷ്ടത്തിലായേനെ.

*

“എന്നെ കണ്ടാല്‍ വയസ്സിയാണെന്ന് തോന്നുമോ?“ എന്നൊരു കൊച്ച് ചങ്കില്‍ കൈ വെച്ച് ചോദിച്ചാല്‍ ഏത് കഠിനഹൃദയനും പറഞ്ഞുപോകും..ഇല്ലേ...ഇല്ലേ..ഇല്ലേ എന്ന്. മലയാളിയാണെങ്കില്‍ “ഏത് കോളേജിലാ?” എന്ന സോപ്പും വേണമെങ്കില്‍ പതപ്പിച്ച് കൊടുക്കും. കോണ്‍ഗ്രസ് 125 വയസ്സുള്ള പഴയ പാര്‍ട്ടികയാണെന്നും 30 വയസ്സുള്ള ബി.ജി.പി യുവ പാര്‍ട്ടിയാണെന്നുമുള്ള മോഡിയുടെ പ്രചരണത്തിനെതിരെ തന്റെ നിലവാരത്തിനൊപ്പിച്ച ഒരു മറുപടി കൊടുത്തതായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ പ്രിയങ്ക. ഇന്ദിരയെ ഓര്‍മ്മിപ്പിച്ച് സോണിയ വന്നപോലെ, സോണിയയെ ഓര്‍മ്മിപ്പിച്ച് പ്രിയങ്കയും. “ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിച്ച് “ ആ അമ്മ കേരളത്തിലങ്ങോളമിങ്ങോളം ഓളങ്ങളിളക്കിയെന്ന് മുത്തശ്ശിമാര്‍ വെച്ച് കീച്ചിയ അതേ സ്റ്റയില്‍.

എന്നാലും ഒരു സംശയം തോന്നാതിരിക്കുന്നില്ല. ചരിത്രപുസ്തകങ്ങളില്‍ നാമൊക്കെ വായിച്ച കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യം ആ കൊച്ചിനറിയാത്തതാണോ? മൈക്കിനു മുന്നിലേക്ക് തള്ളിവിടുന്നതിനു മുന്‍പ് സ്വാതന്ത്ര്യസമരചരിത്രം ആരും ആ കൊച്ചിനു പറഞ്ഞു കൊടുത്തില്ലേ? നിരവധി അനവധി പേരുടെ ത്യാഗത്തിന്റെ ചരിത്രം? സംഘപരിവാരപ്പടയുടെ ഭൂതകാലം? തന്റെ പേരിലെ സര്‍നെയിം ആയി കൊണ്ടു നടക്കുന്ന ആ മഹദ്‌വ്യക്തിയെക്കുറിച്ച്? പരിവാരം അദ്ദേഹത്തോട് ചെയ്തത്? ഇതൊക്കെ വെച്ച് മോഡിയണ്ണന്റെ വിവരമില്ലായ്‌മക്ക് ഒരു കിണുക്കന്‍ രാഷ്‌ട്രീയ മറുപടി കൊടുക്കുന്നതിനു പകരം ആ കൊച്ച് ചോദിച്ച ചോദ്യം..

എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുമോ എന്ന്..

ഇല്ല കൊച്ചേ ഇല്ല..നീ ഏതെങ്കിലും കോളേജില്‍ പഠിച്ചിട്ടുണ്ടോ എന്ന സംശയം മാത്രമേ ഉള്ളൂ... ടെലിവിഷന്‍ പരസ്യങ്ങള്‍ ഒരെണ്ണം വിടാതെ കണ്ടോണം കേട്ടോ..നാളെയും പ്രസംഗിക്കാനുള്ളതാ..

*

“എറണാകുളം ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിനുവേണ്ടി കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ ഇന്ന് മഹാഹോമം നടത്തും. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഹോമത്തില്‍ മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികനായിരിക്കും.“

എന്നിട്ടും ജയിച്ചില്ലെങ്കില്‍? ശംഭോ...മഹാദേവാ...

4 comments:

  1. “എറണാകുളം ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിനുവേണ്ടി കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ ഇന്ന് മഹാഹോമം നടത്തും. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഹോമത്തില്‍ മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികനായിരിക്കും.“

    എന്നിട്ടും ജയിച്ചില്ലെങ്കില്‍? ശംഭോ...മഹാദേവാ...

    ReplyDelete
  2. പാഞ്ഞിരംസ്, വേണ്ട.വേണ്ട...ഇതൊക്കെ സ്വന്തമായി ബ്ലോഗ് തുടങ്ങി അവിടെ തട്ടുക. അതാണതിന്റെ ഒരു ശരി. ഇനി പറച്ചില്‍ ഇല്ല. ഷെമി...

    ReplyDelete
  3. ഇതു പ്രതീക്ഷിച്ചിരുന്നു ആശാനെ.. ഈ അസഹിഷ്ണുത, എന്താ ഇത്ര വൈകുന്നതു എന്നു ആലൊചിക്കായിരുന്നു. എന്തായാലും നടക്കട്ടെ സഖാവെ...

    ReplyDelete