Monday, April 13, 2009

അന്ത കാലം ഇന്ത കാലം

തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നതിന് പുതിയ പുതിയ ടെക്നോളജികള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രവചനകലയുടെ അനന്തസാദ്ധ്യതകള്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വെളിവായിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫലം കയ്യിലുണ്ടായിരിക്കുക, വോട്ടര്‍മാരെ കാണുക, അവരോട് ആര്‍ക്ക് കുത്തും എന്ന് ചോദിക്കുക, അതിനവര്‍ നല്‍കുന്ന ഉത്തരത്തില്‍ തന്നെ അവര്‍ കുത്തും എന്ന് വിശ്വസിക്കുക, തിരിച്ചു വന്ന് ഇതൊക്കെ വിശകലനം ചെയ്ത് പ്രവചനമുണ്ടാക്കുക, അത് തെറ്റിയാല്‍ പറയേണ്ട ന്യായീകരണങ്ങള്‍ കണ്ടു വെയ്ക്കുക, എക്സിറ്റ് പോള്‍ നടത്തുക...ഭാരിച്ച പണിയായിരുന്നു..എങ്കിലും തത്തയേക്കാള്‍ ഒരല്പം ആധികാരികത അതിനുണ്ടായിരുന്നു.

ഇന്നിപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല. ഒരൊറ്റ വോട്ടര്‍മാരെ പോലും കാണാതെ ഫലം പ്രവചിക്കാം. ടൈംസ് ഓഫ് ഇന്ത്യയൊക്കെ ഇപ്പോള്‍ ചെയ്യുന്നത് തികച്ചും ചിലവുകുറഞ്ഞ ഏര്‍പ്പാടാണ്. തങ്ങളുടെ രാഷ്ട്രീയകാര്യ ലേഖകന്മാരെ വിളിച്ച് “ഡേയ്..എത്ര സീറ്റ് കിട്ടുമെന്ന് നിനക്ക് തോന്നുന്നെടേ..അതൊക്കെ ഒന്ന് എഴുതിത്താ” എന്നു പറയുക. ഓരോരുത്തരും പറയുന്ന ഉത്തരമൊക്കെ കൂട്ടിയും കുറച്ചും പ്രവചനം റെഡിയാക്കുക. സ്റ്റോക്കിലുള്ള ഗ്രാഫും മാപ്പും ഒക്കെ എടുത്ത് ചേര്‍ക്കുക. അത്ര തന്നെ. പിന്നെ വായനക്കാരോട് ഉള്ള സത്യം പറയുക. “ചേട്ടന്മാരെ, ചേച്ചിമാരെ ഇത് ഒറ്റ വോട്ടര്‍മാരെപ്പോലും കാണാതെ ഉണ്ടാക്കിയത്. പുതിയ ടെക്നോളജി“ എന്ന്.

ഇതിലും എളുപ്പപ്പണി ഒരെണ്ണമുണ്ട്. അതാണ് നമ്മുടെ ചില പത്രങ്ങള്‍ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യ രാഷ്ട്രീയകാര്യലേഖകരുടെ ഊഹം കോപ്പി പേസ്റ്റ് ചെയ്യുക. സര്‍വെ ആണെന്ന് പറയുക. മേമ്പൊടി ചേര്‍ക്കുക. യു.ഡി.എഫിനെ ജയിപ്പിക്കുക. ഇതാണ് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സാ‍ധനം.

എന്നാലും എ.ഐ.സി.സിക്ക് ഇതു കൊണ്ടൊന്നും ഒന്നുമായില്ലെന്ന് തോന്നുന്നു. അതിനാല്‍ത്തന്നെ മൊഹ്സീന കിദ്വായി വഴി ഒരു സര്‍വെ അവരും നടത്തി. ഒരു നാലു സീറ്റ് കിദ്വായ് യു. ഡി.എഫിന്, അതേന്ന് യു.ഡി.എഫിനു നല്‍കിയിട്ടുണ്ട്. ബാക്കി പതിനാറില്‍ കട്ടപ്പൊക. ഈ നാല് തന്നെ അത്ര ഉറപ്പുമില്ലെന്ന് അവരുടെ വക അടിക്കുറിപ്പും.

എല്ലാം കൂടി നല്ല തമാശയായിട്ടുണ്ട്...വരുമോരോ സര്‍വേ വന്നപോലെ പോം...

*
രാഷ്ട്രീയപ്രവര്‍ത്തനം പല തരത്തിലാവാം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും അങ്ങിനെ തന്നെ.

ചുവരെഴുതി, പോസ്റ്ററൊട്ടിച്ച്, മൈക്ക് വെച്ച് അനൌണ്‍സ് ചെയ്ത്, വോട്ടര്‍മാരെ കണ്ട്, തങ്ങളുടെ ഭാഗം അവതരിപ്പിച്ച്, സംവാദങ്ങളില്‍ പങ്കെടുത്ത്, ഗൌരവതരമായ പ്രശ്നങ്ങള്‍ ഉന്നയിച്ച്, അവയ്ക്ക് തങ്ങളുടെ പക്കലുള്ള ബദലുകള്‍ നിര്‍ദ്ദേശിച്ച്....ഇതൊരു തരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ്.

ഇതിനൊന്നും അത്ര മെനക്കെടാത, മാധ്യമങ്ങളെ കൂട്ടുപിടിച്ച്, കള്ളക്കഥകള്‍ പ്രചരിപ്പിച്ച്, തങ്ങള്‍ക്കനുകൂലമായ അഭിപ്രായ സര്‍വെകള്‍ പുറത്തിറക്കി, മത മേലധ്യക്ഷന്മാരെക്കൊണ്ട് അനുകൂലലേഖനങ്ങളെഴുതിച്ച്, വോട്ട് മറിച്ച്....ഇത് മറ്റൊരു തരം പ്രവര്‍ത്തനം.

സൈബര്‍ സ്പേസിലെ സ്ഥിതിയും വ്യത്യസ്തമല്ല...

തങ്ങള്‍ വിശ്വസിക്കുന്ന ആശയത്തിന്റെ, പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായി പോസ്റ്റുകള്‍ എഴുതുക, വസ്തുതകള്‍ അവതരിപ്പിക്കുക, അതിനു മുകളില്‍ സംവാദങ്ങള്‍ക്ക് തയ്യാറാകുക, എതിര്‍ ആശയങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുക, കപടപ്രചരണമുണ്ടെങ്കില്‍ സത്യാവസ്ഥ അവതരിപ്പിക്കുക...ഇതൊരു രീതിയാണ്...

ഇതിനൊന്നും മെനക്കെടാതെ, ഗൌരവത്തോടെ എഴുതുന്ന പോസ്റ്റുകളുടെ താഴെ പ്രകോപിപ്പിക്കുന്ന തരത്തില്‍ കമന്റെഴുതിയിട്ടു പോകുക, നിരവധി തവണ ഉത്തരം കിട്ടിയിട്ടുള്ള ചോദ്യങ്ങള്‍ തന്നെ വീണ്ടു വീണ്ടും ഉന്നയിക്കുക, അവയ്ക്ക് നൂറാമത്തെ തവണ മറുപടി കിട്ടിയില്ലെങ്കില്‍, എന്തുകൊണ്ട് ആ വിലപ്പെട്ട പോയിന്റുകള്‍ അവഗണിച്ചു എന്ന് മറ്റാരെക്കൊണ്ടെങ്കിലും കമന്റിടീക്കുക, വിഷയം ഏതായാലും കൈവശമുള്ള സെറ്റ് ചൊറിച്ചിലുകള്‍ എഴുതിയിട്ടു പോകുക...ഇത് മറ്റൊരു രീതി.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. അത്ര തന്നെ.

*
കിട്ടാവുന്ന കോണി മുഴുവന്‍ ഉപയോഗിച്ച് മുകളില്‍ കയറിയിട്ട് പിന്നീട് മറ്റാരും കയറാതിരിക്കുവാന്‍ കോണി എടുത്ത് മാറ്റുന്ന ചിലരുണ്ട്. തങ്ങള്‍ കോണി ഉപയോഗിച്ച് കയറിയതാണെന്ന കാര്യം കുറച്ച് കഴിഞ്ഞാല്‍ അവര്‍ ‘മറന്നു’ പോകും. “കോണിയോ, ഞാനോ?” എന്നാവും അവര്‍ പരസ്യചിത്രത്തിലെ നായികയെപ്പോലെ പറയുക. കോണി ഉപയോഗിച്ച് കയറുന്നത് തറപ്പരിപാടിയാണെന്നും താഴെ തട്ടില്‍ നിന്നും അദ്ധ്വാനിച്ച് പടിപടിയായി കയറി വരണം എന്നൊക്കെ അവര്‍ ഗുണദോഷിച്ചു കളയും. കോണിക്കാശാന്‍ അവരാ‍യതു കൊണ്ട് താഴെയുള്ളവന്‍ പല്ലിറുമ്മി സഹിച്ച് കഴിയും. വിവരമുള്ളവര്‍ ഇതെല്ലാം കണ്ട് ചിരിക്കും..

കുടുംബവാഴ്ച പാടില്ലെന്ന് രാഹുല്‍ പറഞ്ഞതുമായി ഇതിനു ബന്ധമൊന്നുമില്ല. അത് വേ ഇത് റേ.

*

ഓരോരോ കാര്യവും കൊണ്ട് സഗാക്കള്‍ ഇറങ്ങിക്കോളും...മണ്ടന്മാര്‍...

സീതാറാം യെച്ചൂരി ഇസ്രയേലില്‍ പോയത് ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാണെന്ന സത്യം വിളിച്ചു പറയുക വഴി സഖാക്കളെ നിങ്ങള്‍ വടി കൊടുത്ത് ഒരടി കൂടി മേടിച്ചിരിക്കുന്നു. നിങ്ങടെ യെച്ചൂരി ഞങ്ങടെ ഇസ്രയേലില്‍ പോയതേ തെറ്റ്. നിങ്ങടെ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അത് ഡബിള്‍ തെറ്റ്. അവിടെ വല്ല ആയുധ ഇടപാടിനോ, അവര്‍ക്ക് വേണ്ടി ചാര ഉപഗ്രഹം വിക്ഷേപിക്കാനോ, കാലകാലങ്ങളായി തുടരുന്ന വിദേശനയത്തെ അട്ടിമറിച്ച് ബന്ധം വിപുലമാക്കാനോ മറ്റോ ആണ് പോയിരുന്നതെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമായിരുന്നു. ഇത് സമ്മതിക്കുന്ന പ്രശ്നമേ ഇല്ലാ....കാരാട്ടും പിണറായിയും രാജി വെയ്ക്കണം..

*

'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തെ'

‘ഇ.എം. എസ്സേ നമ്പൂരീ, തൂങ്ങിച്ചാവാന്‍ കയറില്ലേ? തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍ പൂണൂലൂരി തൂങ്ങിക്കോ’

അന്തകാലത്ത് ഉമ്മന്‍‌ചാണ്ടിയുടെയും ആന്റണിയുടെയും കൂട്ടര്‍ വിളിച്ചിരുന്ന മുദ്രാവാക്യം.

‘എ കെ ജിയും ഇ എം എസും കെ പി ആറും മഹാന്മാരും ഉന്നത ജീവിതമൂല്യങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. നാടിനും ജനങ്ങള്‍ക്കും ക്ഷതമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അവരുടെ ഭാഗത്തുവിന്ന് ഉണ്ടായിട്ടില്ല '

ഇന്ത കാലത്ത് ഉമ്മന്‍ചാണ്ടിയും ആന്റണിയും കൂട്ടരും

'99ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ട് തട്ടുന്നതിനുള്ള പബ്ളിസിറ്റി സ്റ്റണ്ടാണ് നായനാര്‍ വധശ്രമകേസ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ചില തീവ്രവാദസംഘടനകള്‍ ഗൂഢാലോചന നടത്തിയെന്നത് കെട്ടുകഥ. കെട്ടുകഥ പ്രചരിപ്പിച്ച് ഹീറോ ആകാന്‍ നായനാര്‍ ശ്രമിക്കുകയാണ്.'

അന്തകാലത്ത് എ.കെ. ആന്റണിയും ഉമ്മഞ്ചാണ്ടിയും 2002 മുതല്‍ 2006 വരെയുള്ള തങ്ങളുടെ ഭരണകാലയളവില്‍ കേസിനു മുന്നില്‍ അടയിരിക്കുമ്പോള്‍ പറഞ്ഞിരുന്ന ന്യായീകരണം.

'നായനാരെ വധിക്കാനുള്ള ഗൂഢശ്രമം നടന്നിരുന്നു. ആ കേസില്‍ ശക്‍തവും വ്യക്‍തവും ആയ നടപടികള്‍ എടുത്തത് ഞങ്ങളാണ്.'

ഇന്തകാലത്ത് പ്രധാനപ്പെട്ട ഒരു വിഷയവും തൊടാന്‍ ധൈര്യമില്ലാത്ത അതേ ഉമ്മഞ്ചാണ്ടിയും കൂട്ടരും പറയുന്നത്.

മുന്‍ കമ്യൂണിസ്റ്റ്, ചത്ത കമ്മ്യൂണിസ്റ്റ്, ജനിക്കാത്ത കമ്യൂണിസ്റ്റ്. ഇവരോടുള്ള സ്നേഹം കൊണ്ട് ഞങ്ങള്‍ക്കിരിക്കാന്‍ വയ്യായേ...

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു...

5 comments:

  1. ഓരോരോ കാര്യവും കൊണ്ട് സഗാക്കള്‍ ഇറങ്ങിക്കോളും...മണ്ടന്മാര്‍...

    സീതാറാം യെച്ചൂരി ഇസ്രയേലില്‍ പോയത് ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാണെന്ന സത്യം വിളിച്ചു പറയുക വഴി സഖാക്കളെ നിങ്ങള്‍ വടി കൊടുത്ത് ഒരടി കൂടി മേടിച്ചിരിക്കുന്നു. നിങ്ങടെ യെച്ചൂരി ഞങ്ങടെ ഇസ്രയേലില്‍ പോയതേ തെറ്റ്. നിങ്ങടെ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിനാനെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അത് ഡബിള്‍ തെറ്റ്. അവിടെ വല്ല ആയുധ ഇടപാടിനോ, അവര്‍ക്ക് വേണ്ടി ചാര ഉപഗ്രഹം വിക്ഷേപിക്കാനോ, കാലകാലങ്ങളായി തുടരുന്ന വിദേശനയത്തെ അട്ടിമറിച്ച് ബന്ധം വിപുലമാക്കാനോ മറ്റോ ആണ് പോയിരുന്നതെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമായിരുന്നു. ഇത് സമ്മതിക്കുന്ന പ്രശ്നമേ ഇല്ലാ....കാരാട്ടും പിണറായിയും രാജി വെയ്ക്കണം..

    ReplyDelete
  2. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു...

    ReplyDelete
  3. ‘എ കെ ജിയും ഇ എം എസും കെ പി ആറും മഹാന്മാരും
    ഉന്നത ജീവിത മൂല്യങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു.
    നാടിനും ജനങ്ങള്‍ക്കും ക്ഷതമുണ്ടാക്കുന്ന വാക്കോ
    പ്രവൃത്തിയോ അവരുടെ ഭാഗത്തുവിന്ന് ഉണ്ടായിട്ടില്ല '

    ReplyDelete
  4. Amazing one, i appreciate this work....
    Bachelor Degree

    ReplyDelete