Wednesday, April 1, 2009

മുച്ചിറിപ്പല്ലുന്തിയുണ്ടക്കണ്ണന്‍

ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌!

കെ.ഇ. എന്‍ തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞതാണിത്.

വര്‍ഷങ്ങളുടെ സമരപാരമ്പര്യമുള്ള, പ്രവര്‍ത്തന പാരമ്പര്യമുള്ള, വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ മുണ്ടുടുത്തവനും, (മുടി നീട്ടി വളര്‍ത്തിയവനും) മലയാളം പറയുന്നവനും മാത്രമായി ഒതുക്കുന്നതും, ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് നൂലുകെട്ടിയിറക്കപ്പെട്ടവന്റെ പ്രവര്‍ത്തനപാരമ്പര്യത്തെക്കുറിച്ചുള്ള, ജനാഭിമുഖ്യത്തെക്കുറിച്ചുള്ള, നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ , മുണ്ടില്ലായ്മയെന്ന, മലയാളം മുണ്ടുകില്ലെന്ന 'വ്യത്യസ്തത’കളിലേക്ക് തിരിച്ചുവിട്ട് രക്ഷപ്പെടുത്താം എന്ന് കരുതുന്നതും മുച്ചിറിപ്പല്ലുന്തിയുണ്ടക്കണ്ണന്‍ അധഃപതനം തന്നെ.

രാഷ്ട്രീയപ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പ്രചരണവും ഇത്തരം തറവളിപ്പുകളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന, രാഷ്ട്രീയം ഉപഭോഗിക്കാവുന്ന ഒരു ഉല്പന്നം മാത്രമാണെന്ന് കരുതുന്ന ഇത്തരം ‘നിഷ്‌പക്ഷര്‍ക്ക്‘ ഒരു മുണ്ട് സമ്മാനം.

*

ദേശീയ നേതൃത്വം സംസ്ഥാനത്തിലെ ഇടതിനൊപ്പവും സംസ്ഥാന നേതൃത്വം(?) വലതിനൊപ്പവും. ജനതാദള്‍(എസ്) മൊത്തത്തില്‍ ഒരു ചോദ്യചിഹനം ആയിരിക്കുന്നു. ജനതാദള്‍ (യെസ്)ഉം ജനതാദള്‍ (നോ) ഉം ആയി അവര്‍ പിളരാനിടയുണ്ടെന്നും കേള്‍ക്കുന്നു. ഒരു മുന്നണിയിലിരിന്നുകൊണ്ട് എതിര്‍ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ജനതാദള്‍ സംസ്ഥാന നേതൃത്വത്തിലെ വീരന്മാര്‍ക്ക് ഒരു തൊപ്പിയൂരി വണക്കം.

*

"ഇത്തവണ തെരഞ്ഞെടുപ്പില്‍ പിഡിപിയും യുഡിഎഫും ഒന്നിച്ചു നില്‍ക്കണം. അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. നിരന്തരം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മലബാറിലും തിരുവിതാംകൂറിലും പിഡിപിയുടെകൂടി അഭിപ്രായപ്രകാരം രണ്ട് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതും നേതൃത്വം അറിയിച്ചുകാണുമല്ലോ. സീറ്റ് ധാരണയായ സ്ഥലങ്ങളില്‍ വേണ്ട സഹായം നല്‍കുമല്ലോ. മാര്‍ച്ച് 30നുമുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണം. ഇനിയൊരു പൊളിച്ചെഴുത്ത് അസാധ്യമാണ്. സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം. പകരം നിങ്ങളോടും സമുദായത്തോടും പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം''-

കുഞ്ഞാലിക്കുട്ടി 2001ല്‍ മദനിക്കയച്ച കത്തില്‍ നിന്നുള്ള ഭാഗങ്ങള്‍. ഭൂതകാലത്തിലെ മദനിക്കയച്ച കത്തിലെ ഭാഗങ്ങള്‍.

പൊന്നാനിപ്പുഴയിലൂടെ പിന്നീടെത്രയോ വെള്ളം ഒഴുകിപ്പോയി. മഞ്ചേരിയിലെ ചേരിക്കും മാറ്റം വന്നു. തന്റെ ചിന്തയിലും, പ്രവര്‍ത്തനരീതികളിലും, വിശ്വാസത്തിലുമൊക്കെ മാറ്റം വന്നുവെന്ന് മദനി പ്രഖ്യാപിച്ചു. അങ്ങിനെ പലതും സംഭവിച്ചു.

ഇന്ന് അതേ കുഞ്ഞാലിക്കുട്ടി, നിരവധി അനവധി മുസ്ലീം സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നു; അവരെ ബോധവല്‍ക്കരിക്കുന്നു. പി.ഡി.പിയുടെ അപകടത്തെക്കുറിച്ച്. “സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം. പകരം നിങ്ങളോടും സമുദായത്തോടും പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കാം“ എന്നൊക്കെത്തന്നെ അവരോടും ഇപ്പോള്‍ പറയുന്നു..

2001ല്‍ നല്ല കക്ഷിയായിരുന്ന പി.ഡി.പി ഇടതിനു പിന്തുണ വാഗ്ദാനം ചെയ്ത് സ്വഭാവദൂഷ്യമുള്ളവരായി 2009ല്‍ മാറിയാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള രാജ്യസ്നേഹികള്‍ക്ക് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കാനാവില്ലല്ലോ. അതുകൊണ്ടു മാത്രമാണ് അദ്ദേഹം അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അല്ലാതെ തോല്‍‌വി ഭയന്നിട്ടൊന്നുമല്ല. പിന്നെ സാമുദായിക താല്പര്യ സംരക്ഷണത്തിന്റെ അസ്കിതയും ഇത്തിരി ഉണ്ടെന്നു മാത്രം.

സുരേഷ് ഗോപി ചിത്രങ്ങളിലെ “ഷിറ്റ് ” പോലെയാണ് കുഞ്ഞാലിക്കുട്ടി ചിത്രങ്ങളിലെ “സമുദായികതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹായിക്കണം“ എന്ന പ്രയോഗവും. എതിരാളി ആരായാലും അത് പറഞ്ഞിരിക്കും എന്നു പ്രചരിപ്പിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...നോ കമന്റ്‌സ്

*

കള്ളന്മാരുടെ ഇടയില്‍ വരെ കപട മതേതരന്മാര്‍ക്കാണ് ഭൂരിപക്ഷം എന്നതിനു വ്യക്തമായ കണക്കുണ്ട് കുമ്മനത്തിന്. ഒരു വര്‍ഷത്തിനിടെ നടന്ന കവര്‍ച്ചകളില്‍ എത്രാമത്തേതാണ് കാലടി ആദിശങ്കരക്ഷേത്രക്കവര്‍ച്ചയെന്നും എത്ര കുറച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ മാത്രമേ ഇക്കാലയളവില്‍ കവര്‍ച്ച നടന്നിട്ടുള്ളൂ എന്നും എത്രയെത്ര കുറവ് മുസ്ളിം ദേവാലയങ്ങളിള്‍ മാത്രമേ കള്ളപ്പരിഷകള്‍ കയറിയിട്ടുള്ളൂ എന്നും അദ്ദേഹത്തിനറിയാം. അമ്പലം വൈസ്, പള്ളി വൈസ്, മസ്‌ജിദ് വൈസ്, കപ്പേള വൈസ്, ഭഗവതിത്തറ വൈസ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏത് തരം അനാലിസിസും ഏത് ഉറക്കത്തിലും അദ്ദേഹം മണിമണിപോലെ പറയും. അതിന്റെ അടിസ്ഥാനത്തിലാണ് കള്ളന്മാര്‍ക്കിടയിലെ കപടമതേതരവാദികളെ അദ്ദേഹം തുറന്നു കാട്ടുന്നതും, ഇതില്‍ ഒരു മാറ്റം വരേണ്ടതിന്റെ ആവശ്യകത ഊന്നിഊന്നിപ്പറയുന്നതും. ഇതെല്ലാം കേള്‍ക്കുന്ന കള്ളന്മാര്‍ കുമ്മനത്തിന്റെ പരിഭവം കണക്കിലെടുക്കുമെന്നും ഇനി മുതല്‍ ശരിയായ മതേതരസ്വഭാവത്തോടെ കവര്‍ച്ചയില്‍ ഏര്‍പ്പെടുമെന്നും പ്രത്യാശിക്കാം.

ദാരിദ്ര്യം, പട്ടിണി, കര്‍ഷക ആത്മഹത്യ, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, കുടിവെള്ളം ഇല്ലാത്തവര്‍, ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങളിലെ കണക്ക് കുമ്മനത്തോട് ചോദിക്കരുത്. അമ്പലം കത്തുമ്പോള്‍ കഴുക്കോലൂരുന്ന പരിപാടി ദയവായി അദ്ദേഹത്തോടെടുക്കരുത്.

*

പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ശശി തരൂരിനു പിന്തുണയുമായും, അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ എണ്ണിപ്പറഞ്ഞും മുന്‍ നയതന്ത്രപ്രതിനിധി ടി.പി.ശ്രീനിവാസന്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. ഒരേ സമയം ഇസ്രായേല്‍ പക്ഷപാതിയും പാലസ്തീന്‍ പ്രേമിയുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങു തകര്‍ത്തഭിനയിക്കുന്ന തരൂരിനെ ന്യായീകരിക്കുവാന്‍ ശ്രീനിവാസനു എല്ലാ അവകാശവും ഉണ്ട്. ശശി തരൂരിന്റെ വിജയത്തിനു എന്തെല്ലാം നടപടികള്‍ എടുക്കണം എന്ന് ചോദിച്ചറിയുന്നതിനു വേണ്ടി കവടിയാറിലെ സ്വന്തം വീട്ടില്‍ തലസ്ഥാനത്തെ തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കുവാനും അദ്ദേഹത്തിനു എല്ലാ അവകാശവും ഉണ്ട്. ഈ അവകാശമൊക്കെ നാം അംഗീകരിച്ചുകൊടുക്കണം. എങ്കിലും കൊന്നാലും ഒരു കാര്യം നാം അംഗീകരിക്കരുത്. ശ്രീനിവാസന്റെ തരൂര്‍ ന്യായീകരണങ്ങള്‍, മഹത്വഘോഷണങ്ങള്‍ എന്നിവയൊക്കെ അച്ചടിച്ചുവിടുന്ന മാധ്യമങ്ങള്‍ക്ക് വിരുന്നിന്റെ കഥ കൂടി ജനങ്ങളെ അറിയിക്കുവാന്‍ ബാധ്യത ഉണ്ട് എന്ന കാര്യം. അവര്‍ക്ക് അങ്ങിനെ ഒരു ബാധ്യതയും ഇല്ല. ജനങ്ങള്‍ അതൊന്നും അറിയേണ്ട കാര്യമില്ല. സത്യത്തില്‍ അങ്ങിനെ അറിയിക്കുന്ന മാധ്യമങ്ങളെ നാം ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്.

ഹല്ല പിന്നെ..........

1 comment:

  1. ദാരിദ്ര്യം, പട്ടിണി, കര്‍ഷക ആത്മഹത്യ, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, കുടിവെള്ളം ഇല്ലാത്തവര്‍, ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങളിലെ കണക്ക് കുമ്മനത്തോട് ചോദിക്കരുത്. അമ്പലം കത്തുമ്പോള്‍ കഴുക്കോലൂരുന്ന പരിപാടി ദയവായി അദ്ദേഹത്തോടെടുക്കരുത്.

    ReplyDelete