Tuesday, March 31, 2009

പൂച്ച പുറത്തായോ?

സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ അത്രയൊന്നും വിശ്വാസമില്ലാത്ത ദേശീയ അദ്ധ്യക്ഷന്മാര്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടാകുമോ? അല്ല ചോദിച്ചെന്നെ ഉള്ളൂ. ബി.ജെ.പി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ പറഞ്ഞത് വായിച്ചപ്പോള്‍ ഇത്രയും കാലം അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടി ലൈനിനു വിരുദ്ധമായ അഭിപ്രായമാണോ ഉള്ളിന്റെ ഉള്ളില്‍ കൊണ്ടു നടന്നിരുന്നത് എന്നൊരു സംശയം.

ദേശവിരുദ്ധ ശക്തികളായ പി.ഡി.പിയുമായും വര്‍ഗീയകക്ഷിയായ ജമാ അത്തെ ഇസ്‌ലാമിയുമായും കൂട്ടുകൂടിയ സി.പി.എമ്മിന്‌ അവരുടെ മതേതര മുഖം നഷ്‌ടമായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിലെ വസ്തുതാപരമായ പിശകുകള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാലും സംശയം സംശയം തന്നെയാണല്ലോ.

സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്‌നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ. അദ്ദേഹത്തിന്റെ പാര്‍ട്ടി തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ സി.പി.എമ്മൊക്കെ കപടമതേതരകക്ഷികള്‍ ആണെന്നാണ്. പി.ഡി.പി വാഗ്ദാ‍നം ചെയ്ത വോട്ടുകള്‍ സ്വീകരിക്കുന്നതിനെ മാക്സിമം മൈലേജില്‍ പിടിക്കാന്‍ നോക്കിയതാണ് രാജ്‌നാഥ് സിങ്ങ് ജി. ആകെ മൊത്തം ടോട്ടല്‍ ചിത്രത്തില്‍ തന്റെ പ്രസ്താവന എങ്ങിനെ ചേരും എന്നാലോചിക്കാനുള്ള ബുദ്ധി അദ്ദേഹത്തിനില്ലാതെ പോയി. സി.പി.എമ്മും മതേതരകക്ഷിതന്നെ എന്ന് തന്നെ സിങ്ങ് ജിയുടെ മനസ്സിലും എന്നത് ഒരു കാര്യം വെളിവാക്കുന്നു. ഉള്ളിലൊരു അഭിപ്രായവും പുറത്തൊരു സ്റ്റാന്‍ഡും ആണിവര്‍ക്കൊക്കെ എന്ന്. മനസ്സിലിരുപ്പുകള്‍ വല്ലപ്പോഴുമെങ്കിലും പുറത്ത് വരുന്നതിനെ സ്വാഗതം ചെയ്യാം. ചെമ്പ്, പൂച്ച, കള്ളി എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഉപയോഗിക്കാതെ.

*

അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് പുറത്താക്കുന്ന ലോകത്തിലെ ഏക പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് പണ്ട് ഇന്ദ്രന്‍ മാതൃഭൂമിയിലെ തന്റെ പംക്തിയില്‍ പറഞ്ഞിട്ടുണ്ട്. അങ്ങിനെയുള്ള പാര്‍ട്ടിയിലെ ‘പുലി‘ക്ക് വേണമെങ്കില്‍ എതിരാളിക്ക് ജയിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകയുമാകാം. അത് പാര്‍ട്ടി വിരുദ്ധമാകുന്ന പ്രശ്നവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം മലപ്പുറം ജില്ലയില്‍പ്പോലും ഒരു പഞ്ചായത്തിൽപ്പോലും ഭരണമില്ലാത്ത കക്ഷിയുടെ വോട്ടുകള്‍ സ്വീകരിക്കുന്നതില്‍ അദ്ദേഹം ഖിന്നനാണ്. ഭരണം ഇല്ലെങ്കില്‍പ്പിന്നെന്ത് കക്ഷി? സ്വന്തം അപ്പനെപ്പോലും ഇക്കാലത്ത് വിലയിരുത്തേണ്ടത് അപ്പനു അധികാരമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. നാലോട്ടുള്ള കക്ഷിയുടെ പിന്തുണ വാങ്ങി ജയിക്കാനുള്ള ഈ വിധേയന്റെ ഉപദേശം സി.പി.എം സ്വീകരിക്കണം.

*

'സോഷ്യല്‍ ഗ്രൂപ്പ്‌സിന്റെ വോട്ട്‌ വാങ്ങാം; എന്നാല്‍ അവരുമായി സന്ധി ചെയ്യരുത്‌, സന്ധി ചെയ്യരുത്, സന്ധി ചെയ്യരുത് ' എന്നു 2001ല്‍ പറഞ്ഞതാരാണ് ? ശ്രീമാന്‍ എ.കെ. ആന്റണിയാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ആ നിര്‍ദ്ദേശമനുസരിച്ച് 2001ല്‍ യു.ഡി.എഫ് ചില സോഷ്യല്‍ ഗ്രൂപ്‌സിന്റെ വോട്ട് വാങ്ങിയിരുന്നു, സന്ധി ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആരൊക്കെയാണീ സോഷ്യല്‍ ഗ്രൂപ്പ്സ്? അതദ്ദേഹം വ്യക്തമാക്കുന്നില്ലെങ്കിലും ഒരെണ്ണത്തിന്റെ പേരു വേണമെങ്കില്‍ പറഞ്ഞു തരാം. 2001ലെ പി.ഡി.പി. ഒരു നഗ്ന സത്യം കൂടി അദ്ദേഹം വെളിപ്പെടുത്തുന്നു. മുസ്ലീം ലീഗ് ഒരു മതേതരപ്പാര്‍ട്ടിയാണ്. അതിനുള്ള തെളിവ് ? യു.സി.രാമന്‍. അദ്ദേഹത്തിനു അന്നു വല്ല പി.ഡി.പി കണക്ഷനും? യെവടെ? തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നുവത്രെ തനിക്ക് ബന്ധമില്ലെന്ന്. മതി. ഭൂതകാലം ചികയുന്നതെന്തിനെന്ന് അന്ന് ലീഗും ചിന്തിച്ചു. പക്ഷെ ഇന്നങ്ങിനെ ചിന്തിക്കാത്തതുകൊണ്ട് ചിലരുടെ ഭൂതകാലം മാത്രം ചികഞ്ഞുകൊണ്ടിരിക്കുന്നു...

*

10,000 കോടി രൂപയുടെ ബരാക്‌ മിസൈല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വിശദീകരണം നല്‍കണമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. ഐസക്കിനു സംഭവം പിടികിട്ടിയിട്ടില്ല. വകുപ്പ് പ്രതിരോധമാണ്. പലതും നടക്കും. അതിനെക്കുറിച്ചൊക്കെ ചോദ്യങ്ങള്‍ വരും അതിനാല്‍ എന്ത് നടന്നാലും, എന്ത് കണ്ടാലും, എന്ത് ചോദിച്ചാലും മിണ്ടാത്ത ആളെ വേണം പ്രതിരോധമന്ത്രിയാക്കാന്‍ എന്നു തീരുമാനിച്ചുറപ്പിച്ചു തന്നെയാണ് ഇത്തവണ പ്രതിരോധമന്ത്രിയെ തെരഞ്ഞെടുത്തിട്ടുള്ളത്. ടാലന്റ് ഹണ്ട് കെ.എസ്. യുവിനും, യൂത്ത് കോണ്‍ഗ്രസ്സിനും മാത്രമാണെന്ന് കരുതിയോ? ഏത് പ്രായത്തിലെ ടാലന്റും ഞങ്ങള്‍ ഹണ്ട് ചെയ്യും. ചുമ്മാ വായിലെ വെള്ളം വറ്റി സമാധിയാകണ്ടെങ്കില്‍ ചോദ്യങ്ങള്‍ നിര്‍ത്തി മിണ്ടാതിരിക്കുന്നതാണ് തോമസ് ഐസക്കിനു നല്ലത്.

*

ഇസ്രായേലുമായുള്ള ആയുധ ഇടപാട് എന്തായാലും നമ്മുടെ മാധ്യമങ്ങള്‍ക്കൊന്നും വലിയ വാര്‍ത്തയായില്ല. ദേശാഭിമാനിയും ജനയുഗവും മാധ്യമവും ഒഴിച്ച് ആരും തന്നെ വലുതായൊന്നും എഴുതിയില്ല. 600 കോടിയുടെ അഴിമതിയൊക്കെ വാര്‍ത്തയാക്കുന്നത് അവരുടെയൊന്നും സ്റ്റാന്‍ഡേര്‍ഡിനു ചേര്‍ന്നതല്ല, തുക പോരാ, അവരിത് വാര്‍ത്തയാക്കണമെങ്കില്‍ ഒരു 379 കോടി രൂപ മൊത്തം അടങ്കല്‍ തുക വരുന്ന ഏതെങ്കിലും പദ്ധതിയായിരിക്കണം, എന്നാല്‍ ഒരു കൈ നോക്കുമായിരുന്നു, മൊത്തം അടങ്കല്‍ തുകയും അഴിമതിയാക്കി വെച്ചു കാച്ചുമായിരുന്നു എന്നൊക്കെപ്പറയുന്ന ക്രൂരന്മാരോട് യോജിപ്പില്ല. മനോരമയാണെങ്കില്‍ ഒരു പടികൂടി കടന്ന് ഐസക്കിന്റെ ചോദ്യം പോലും ഇട്ടിട്ടില്ല.(വെബ് എഡിഷന്‍). ഇതൊക്കെ ഒരു ത്യാഗമാണെന്ന് സത്യം എത്ര വിമര്‍ശകര്‍ മനസ്സിലാക്കുന്നു. ഒന്നാം തരം സ്‌കൂപ്പ് കിട്ടിയിട്ടും ഇടാന്‍ കഴിയാതെ പോകുക എന്നത് ഒരു പത്രത്തിനെ സംബന്ധിച്ച ഏറ്റവും വലിയ ദുരന്തമാണെന്ന് കേട്ടിട്ടുണ്ട്. അത്തരമൊരു ദുരന്തം സ്വയം വരിക്കുന്ന മലയാള പത്രങ്ങളുടെ ത്യാഗമനസ്ഥിതിക്ക് മുന്‍പില്‍ പ്രണാമം.

*

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ വോട്ട് അപരന്‍ വന്നു ചെയ്തിട്ടു പോയി എന്നറിഞ്ഞാല്‍ നിങ്ങള്‍ ചാലഞ്ച് വോട്ട് ചെയ്യുമോ അതോ ഇനി ജന്മത്ത് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കുമോ? ഗാനഗന്ധര്‍വ്വന്‍ യേശുദാസ് രണ്ടാമത് പറഞ്ഞ മട്ടുകാരനാണ്. പത്തുവര്‍ഷം മുന്‍പൊരുത്തന്‍ യേശുദാസിന്റെ വോട്ട് കള്ള വോട്ട് ചെയ്തിട്ടുപോയതിനാല്‍ അന്നു തൊട്ടിന്നുവരെ അദ്ദേഹം വോട്ട് ചെയ്തിട്ടില്ലത്രെ. മനസ്സു മടുത്തത്രെ. കോടി രൂപ തന്നാലും രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയം വെറുക്കാന്‍ ഓരോരുത്തര്‍ക്ക് എത്രയെത്ര കാരണങ്ങള്‍? യേശുദാസ് ഓര്‍മ്മിപ്പിക്കുന്നത് ഒരു വി.കെ.എന്‍ കഥയാണ്. തീവണ്ടി കയറാന്‍ വന്ന കഥാപാത്രം സ്റ്റേഷന്‍ മാഷുമായി എന്തിനോ തര്‍ക്കത്തിലാകുന്നു. തീവണ്ടി സ്റ്റേഷന്‍ മാഷുടെ സ്വന്തമാണെന്ന് കരുതുന്ന ശുദ്ധനായ ആ കാരണവര്‍ കഥാപാത്രം ദേഷ്യം വന്ന് ഭാര്യയുമായി തീവണ്ടി കയറാതെ മടങ്ങുന്നു. “ ഈ കൊങ്ങന്റെ വണ്ടി നമുക്ക് വേണ്ടെടീ” എന്നു ഡയലോഗും.

വോട്ട് ചെയ്തിട്ടില്ല എന്നു പരസ്യമായി പറയുന്നതും, ഇനി ചെയ്യില്ല എന്നു പറയുന്നതും നിയമപ്രകാരം ശരിയാണോ? അത് വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത് ശരിയോ തെറ്റോ?

പത്രങ്ങളുടെ പല പല നിലപാടുകളും കണ്ട് നമുക്കൊക്കെ എത്ര കലിയാണ് പലപ്പൊഴും വരുന്നത്. എത്ര മടുപ്പാണ് തോന്നുന്നത്. പൊതുജനാഭിപ്രായത്തെ റാഞ്ചിക്കൊണ്ടു പോകുന്ന കലാപരിപാടികളല്ലേ പലപ്പോഴും ഇവര്‍ നടത്തുന്നത് ? ദേഷ്യം വന്ന് “ഈ കൊങ്ങന്മാരുടെ പത്രം നമുക്ക് വേണ്ട” എന്നു പറഞ്ഞ് നാം ഓരോരുത്തരും പത്രം നിര്‍ത്തിത്തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ?

പറഞ്ഞുവന്നതെന്താണെങ്കില്‍, മടുക്കാതെ, വെറുക്കാതെ, നിരാശപ്പെടാതെ ഏപ്രില്‍ 16ന്റെ അവസരം നമുക്ക് വിനിയോഗിക്കാം.

9 comments:

 1. സ്വന്തം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ അത്രയൊന്നും വിശ്വാസമില്ലാത്ത ദേശീയ അദ്ധ്യക്ഷന്മാര്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടാകുമോ? അല്ല ചോദിച്ചെന്നെ ഉള്ളൂ. ബി.ജെ.പി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്‌ പറഞ്ഞത് വായിച്ചപ്പോള്‍ ഇത്രയും കാലം അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടി ലൈനിനു വിരുദ്ധമായ അഭിപ്രായമാണോ ഉള്ളിന്റെ ഉള്ളില്‍ കൊണ്ടു നടന്നിരുന്നത് എന്നൊരു സംശയം.

  ദേശവിരുദ്ധ ശക്തികളായ പി.ഡി.പിയുമായും വര്‍ഗീയകക്ഷിയായ ജമാ അത്തെ ഇസ്‌ലാമിയുമായും കൂട്ടുകൂടിയ സി.പി.എമ്മിന്‌ അവരുടെ മതേതര മുഖം നഷ്‌ടമായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതിലെ വസ്തുതാപരമായ പിശകുകള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാലും സംശയം സംശയം തന്നെയാണല്ലോ.

  സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്‌നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ. അദ്ദേഹത്തിന്റെ പാര്‍ട്ടി തലങ്ങും വിലങ്ങും പറഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ സി.പി.എമ്മൊക്കെ കപടമതേതരകക്ഷികള്‍ ആണെന്നാണ്. പി.ഡി.പി വാഗ്ദാ‍നം ചെയ്ത വോട്ടുകള്‍ സ്വീകരിക്കുന്നതിനെ മാക്സിമം മൈലേജില്‍ പിടിക്കാന്‍ നോക്കിയതാണ് രാജ്‌നാഥ് സിങ്ങ് ജി. ആകെ മൊത്തം ടോട്ടല്‍ ചിത്രത്തില്‍ തന്റെ പ്രസ്താവന എങ്ങിനെ ചേരും എന്നാലോചിക്കാനുള്ള ബുദ്ധി അദ്ദേഹത്തിനില്ലാതെ പോയി. സി.പി.എമ്മും മതേതരകക്ഷിതന്നെ എന്ന് തന്നെ സിങ്ങ് ജിയുടെ മനസ്സിലും എന്നത് ഒരു കാര്യം വെളിവാക്കുന്നു. ഉള്ളിലൊരു അഭിപ്രായവും പുറത്തൊരു സ്റ്റാന്‍ഡും ആണിവര്‍ക്കൊക്കെ എന്ന്. മനസ്സിലിരുപ്പുകള്‍ വല്ലപ്പോഴുമെങ്കിലും പുറത്ത് വരുന്നതിനെ സ്വാഗതം ചെയ്യാം. ചെമ്പ്, പൂച്ച, കള്ളി എന്നിങ്ങനെയുള്ള പദങ്ങളൊന്നും ഉപയോഗിക്കാതെ.

  ReplyDelete
 2. "സി.പി.എമ്മിനു ഇതുവരെ മതേതര മുഖം ഉണ്ടായിരുന്നുവെന്നല്ലെ രാജ്‌നാഥ് സിങ്ങ് പറയുന്നത്? ഇല്ലാത്ത ഒരെണ്ണം നഷ്ടപ്പെടുകയില്ലല്ലോ."

  സംഗതി ശരിയാണല്ലോ! നഷ്ടപ്പെടാവുന്നവിധത്തില്‍/മാറ്റിയണിയാവുന്ന തരത്തില്‍ ഒരു മതേതര മുഖം (അപ്പോ അതിന് മുഖം മൂടി എന്നല്ലേ പറയേണ്ടത്?) സി.പി.എമ്മിന് ഏതു കാലത്തുമുണ്ടായിരുന്നല്ലോ എന്ന് ഇതു വായിച്ചപ്പോള്‍ ഒരാശ്വാസം.

  ആശ്വാസം ഓരോ ശ്വാസത്തിലും എന്ന് വെറുതെയല്ല പറയുന്നത്.

  ReplyDelete
 3. ഇപ്പം കാണുന്നതൊക്കെ വെറും മുഖം മൂടി ആണെന്നൊക്കെ പറഞ്ഞത് മഹാനായ മുൻ പ്രധാനമന്ത്രിയാണ് കാവാലാ...വാജ്‌പേയി ചരിതം കിളിപ്പാട്ട് വായിച്ച് പഠിക്ക് ...

  ReplyDelete
 4. അങ്ങനെത്തന്നെ സിന്ദാബാ മരത്തലജീ,പഠിച്ചോളാ..മേ...ന്‍ന്‍ എന്ന്.

  അപ്പൊ വീണ്ടും സന്ധിക്കും വറൈ വണക്കത്തോടൈ വിട.

  ലാല്‍സലാമു അലൈക്കും (കട;ഡിങ്ക്)

  ReplyDelete
 5. നന്നാവുന്നുണ്ട് തുടരുക

  ReplyDelete
 6. രാജ് നാഥ് സിംഗിനെ പോലുള്ള, ഒരു ‘വര്‍ഗ്ഗീയ രാഷ്ട്രീയ കോമരം‘, ഇടതു പക്ഷത്തിന്റെ മതേരത്വത്തെകുറിച്ച് വിമര്‍ശിക്കുന്നതിന്റെ പരിഹാസ്യതയെ കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു.

  മന്ത് കാലന്‍ മന്തില്ലാത്തവനെ നോക്കി ‘മന്ത് കാലാ‘ എന്ന് വിളിച്ചാലെങ്ങിനിരിക്കും!!?? :)

  ReplyDelete
 7. ippozhum mathetharamennu parayaan oru uluppum illalloo kutti sagakkanmaarkku....

  ReplyDelete
 8. saghakkanmaare motham pattikkan pattiya Lavlin kallanum Theevravaadiyum .....

  appo "Madanism and Lavlinism " allam nadakkatte.....

  ReplyDelete