Friday, April 3, 2009

ഓരോരോ പ്രോബ്ലംസേയ്..

വിശ്വസിക്കാവുന്നവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് തിരിച്ചറിഞ്ഞതിന്റെ ഷോക്കിലാണ് ശിവണ്ണ.

വിശ്വാസ വോട്ടെടുപ്പ് വേളയില്‍, തന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലറില്‍ അവിശ്വാസം രേഖപ്പെടുത്തി, വിപ്പ് ലംഘിച്ച് കോണ്‍ഗ്രസില്‍ വിശ്വാസം രേഖപ്പെടുത്തി അവരെ പിന്തുണച്ചതാണ് പാവം ശിവണ്ണ. ആപത്ത് കാലത്ത് സഹായിച്ച ശിവണ്ണയ്ക്ക് വിശ്വാസവോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നല്‍കിയിരുന്ന ഓഫറായിരുന്നു ചാമരാജ് നഗര്‍ സീറ്റ്. സീറ്റ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയത് ചില്ലറ ആളൊന്നുമല്ല. സര്‍വശക്തയായ മാഡം തന്നെ. എന്നാലിപ്പോള്‍ എല്ലാ സമവാക്യങ്ങളും ഒപ്പിച്ച് കര്‍ണ്ണാടകയിലെ സീറ്റ് വീതം വെപ്പ് കഴിഞ്ഞപ്പോള്‍ ശിവണ്ണ ഔട്ട്. സീറ്റ് ആമ്പിള്ളേരു കൊണ്ടു പോയി. പൊട്ടിക്കരയാനല്ലാതെ ശിവണ്ണയ്ക്ക് ഒന്നിനുമായില്ല.

മാഡത്തിന്റെ വാക്ക് വിശ്വസിച്ച് അന്ന് ഗൌഡയോട് പോയി പണിനോക്കാന്‍ പറഞ്ഞ ശിവണ്ണയ്ക്ക് ഇപ്പോള്‍ മാഡവും ഇല്ല ഗൌഡയും ഇല്ല.

ഇടതുപക്ഷത്തെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ ദേവഗൌഡയോട് പോയി പണി നോക്കാന്‍ പറഞ്ഞ കൃഷ്ണന്‍‌കുട്ടിയണ്ണന്മാര്‍ക്ക് ശിവണ്ണയുടെ ഗതിവരാതിരുന്നാല്‍ മതിയായിരുന്നു.

വീരവനിതകളെയും വീരപുരുഷന്മാരെയും വിശ്വസിക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേയ്..

*

"തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ മഅദ്‌നി ഒരു വിഷയമല്ല. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ കേരള ഘടകമാണ്‌."

ഇത് പറഞ്ഞത് കേന്ദ്രപ്രതിരോധമന്ത്രി ശ്രീമാന്‍ എ.കെ.ആന്റണി.

അല്ല, അതെങ്ങിനെ ആന്റണിക്ക് വിഷയമാക്കാന്‍ പറ്റും? ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ. കേന്ദ്രത്തില്‍ മന്ത്രിയായെന്നു കരുതി 2001ഉം 2004ഉം ഒക്കെ പെട്ടെന്നങ്ങനെ മറക്കാന്‍ മാത്രം മനഃസാക്ഷിയില്ലാത്തവനല്ല ആന്റണി എന്നറിയുന്നത് സന്തോഷകരം തന്നെ. വലതുപക്ഷരാഷ്ട്രീയത്തില്‍ ഇത്തിരി ഉളുപ്പെങ്കിലും അവശേഷിക്കുന്നുണ്ടല്ലോ. നല്ലത്. മദനി-ലാവലിന്‍ ഷട്ടില്‍ അടിച്ചുകൊണ്ടിരിക്കുന്ന തങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിനു കേരള ഘടകം ആന്റണിയെ എങ്ങിനെ ഡീല്‍ ചെയ്യും എന്നറിയില്ല. തൊണ്ണൂറിന്റെ യൌവന്യവുമായി ലീഡറും രംഗത്തുള്ളതിനാല്‍ ആന്റണിയെ ഷട്ടിലിനടിയില്‍ പെടുത്തുമോ, ആന്റണി സ്വയം പെടുമോ എന്നൊന്നും പറയാന്‍ വയ്യ.

എന്തരെങ്കിലുമൊക്കെ നടക്കും...

പാവം ആന്റണി. പ്രതിച്ഛായ ഉണ്ടാക്കിവെച്ചതിന്റെ ഓരോരോ പ്രോബ്ലംസേയ്...

*

“നിനക്ക് തോന്നുമ്പോള്‍ കയറിവരാനും തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും ഇതെന്താടാ സത്രമോ?” എന്ന് തലതെറിച്ച പിള്ളാരോട് പിതാക്കന്മാര്‍ ചോദിക്കുന്ന ഒരു സ്റ്റാന്‍ഡാര്‍ഡ് ചോദ്യമാണിത്. പക്ഷേ കോണ്‍ഗ്രസ് ആണ് പിതാവെങ്കില്‍ ആ പ്രശ്നമൊന്നുമില്ല. യു.പി.എ എന്ന സത്രത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാം, എപ്പോള്‍ വേണമെങ്കിലും പോകാം. പോയിട്ട് തിരിച്ചു വരാം. തിരിച്ചുവന്നിട്ട് പോകാം. വന്നിട്ട് നിന്നു തിരിയാം. എന്തുവേണമെങ്കിലും ആകാം.

വിശ്വാസം വരുന്നില്ലെങ്കില്‍ ആന്റണിച്ചായന്റെ ഈ പ്രസ്താവന വായിക്കുക.

“യു.പി.എയില്‍ നിന്നു ഒരു ഘടകക്ഷികളേയും കോണ്‍ഗ്രസ്‌ പുറത്താക്കിയിട്ടില്ല. സ്വയം പിരിഞ്ഞുപോയവര്‍ തെരഞ്ഞെടുപ്പിനു ശേഷം തിരിച്ചുവന്നാല്‍ സ്വീകരിക്കും.“

പാവം..വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഓരോ പ്രോബ്‌ലംസേയ്..

*

ചില ഹോട്ടലുകളെക്കുറിച്ച് തമാശ പറയാറുണ്ട്. ചോറ് ചിലവാകാതെ വന്നാല്‍ അവനെ ദോശയോ ഇഡ്ഡലിയോ ആക്കും. ആവിപറക്കുന്ന ഇഡ്ഡലിയും ദോശയും എന്ന പേരില്‍ ചിലവാക്കാന്‍ നോക്കും. അതും ചിലവാകാതെ വന്നാല്‍ വടയാക്കും. നല്ല മൊരിഞ്ഞ വട. അതും ചിലവായില്ലെങ്കില്‍ വേറെ എന്തെങ്കിലും. അങ്ങിനെ നിരവധി അനവധി മാര്‍ഗങ്ങളിലൂടെ ചിലവാക്കാന്‍ നോക്കി, ഗതിയില്ലാതെ നാറി, പുഴുവരിച്ച് നാട്ടുകാര്‍ കൈവെയ്ക്കും എന്ന അവസ്ഥ വരുമ്പോഴേ അത് കൊണ്ടു കളയൂ.....വിസിനസുകാരുടെ ഓരോരോ പ്രോബ്ലംസേയ്..

വാര്‍ത്തകളിലും ഉണ്ട് ഇത്തരം പഴംചോറ് സമ്പ്രദായം. ആദ്യം വിശ്വസ്തകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത കൊടുക്കും. അത് ചീറ്റും. പിന്നെ വിജിലന്‍സ് വെച്ച് ഒരു പിടി പിടിക്കാന്‍ നോക്കും. അതും ചീറ്റും. പിന്നീട് സി.എ.ജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്തകൊടുക്കും. ചിലവാകാതെ വരുമ്പൊള്‍ സി.ബി.ഐ കണ്ടെത്താലാക്കും. അതും ചിലവാകാതെ വരുമ്പോള്‍ കുറച്ച് ദിവസം എടുത്ത് ഫ്രിഡ്ജില്‍ വെച്ച് പുതിയ കണ്ടെത്തല്‍ എന്ന മട്ടില്‍ ഇന്റര്‍പോളിന്റെ കണ്ടെത്താലാക്കി വീണ്ടും ഇറക്കും. എല്ലാ വാര്‍ത്തയിലും വിജിലന്‍സിനു പുതിയ തെളിവു ലഭിച്ചു, സി.ബി.ഐക്ക് പുതിയ തെളിവു ലഭിച്ചു, ഇന്റര്‍പോള്‍ പുതിയ തെളിവുണ്ടാക്കി എന്നൊക്കെ ചേര്‍ക്കാന്‍ മറക്കുകയുമില്ല. അല്ല വിശ്വാസ്യതയുടെ പ്രശ്നമല്ലേ...

ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട ലാവലിന്‍ വാര്‍ത്തകള്‍ കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണക്കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്ന് ചില പത്രങ്ങളില്‍ വരുന്നതിന്റെ ഒരു രീതി കണ്ടപ്പോള്‍ തോന്നിപ്പോയതാണേ..

വിഷയങ്ങളൊന്നും സംസാരിക്കാനില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ഓരോരോ പ്രോബ്ലംസേയ്..

4 comments:

  1. ചില ഹോട്ടലുകളെക്കുറിച്ച് തമാശ പറയാറുണ്ട്. ചോറ് ചിലവാകാതെ വന്നാല്‍ അവനെ ദോശയോ ഇഡ്ഡലിയോ ആക്കും. ആവിപറക്കുന്ന ഇഡ്ഡലിയും ദോശയും എന്ന പേരില്‍ ചിലവാക്കാന്‍ നോക്കും. അതും ചിലവാകാതെ വന്നാല്‍ വടയാക്കും. നല്ല മൊരിഞ്ഞ വട. അതും ചിലവായില്ലെങ്കില്‍ വേറെ എന്തെങ്കിലും. അങ്ങിനെ നിരവധി അനവധി മാര്‍ഗങ്ങളിലൂടെ ചിലവാക്കാന്‍ നോക്കി, ഗതിയില്ലാതെ നാറി, പുഴുവരിച്ച് നാട്ടുകാര്‍ കൈവെയ്ക്കും എന്ന അവസ്ഥ വരുമ്പോഴേ അത് കൊണ്ടു കളയൂ.....ഈ മാദ്ധ്യമ വിസിനസുകാരുടെ ഓരോരോ പ്രോബ്ലംസേയ്..

    ReplyDelete
  2. പാവം ആന്റണി. പ്രതിച്ഛായ ഉണ്ടാക്കിവെച്ചതിന്റെ ഓരോരോ പ്രോബ്ലംസേയ്...

    ReplyDelete
  3. ha ha ha......

    vishayangal marathalayan laavlin kallan tharunnundallo.....

    Kattavane kittiyillel nammude Lottery chettane pidikkan pattumo?

    Achumamayodu choadichaal Farisinte Calicut Riyaaz bandham ozhippikkan pattumo?

    Madani ippo kumbasaarichu papavimukthanayathu,Kodiyerikku pidichenkilum police vidaan baavamilla..

    Christiansinte vote enthaayaalum kittilla... SNDP aanel marukandam chaadi....Jama athe Islaami last time thanna support ippo tharunnilla.....
    pinne aake ullathu RSS-Ramanpillayum, Madaniyum.... Avar nallavar alle kaaranam njanghal CPM aanu parayunathu....

    Dealers of all good people...

    ReplyDelete
  4. കഷ്ടം! സീറ്റു കിട്ടാത്തതിനാല്‍ മിഠായി കിട്ടാത്ത കുട്ടിയെപ്പോലെ കരയുന്ന ശിവണ്ണ എന്ന തടിയനെ ടി.വി.യില്‍ കണ്ടപ്പോള്‍ ഓര്‍ത്തത് നമ്മുടെ ജനാധിപത്യത്തിന്റെ ദുരവസ്ഥയായിരുന്നു. ഇവരാണല്ലോ തിരഞ്ഞെടുക്കപ്പെട്ടാല്‍ നമ്മളെ ഭരിക്കാന്‍ വരുന്നവര്‍.

    ReplyDelete