Wednesday, December 22, 2010
ലോണ്ടെ......ഗോരിതം...അല്‍ഗോരിതം
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വില കൂടുന്നു..ജനം മുണ്ടുമുറുക്കിയുടുത്ത് സുഖിക്കുന്നു...രസിക്കുന്നു...തിമര്‍ക്കുന്നു...മതിയാവുമ്പോള്‍ സ്വഛന്ദമൃത്യു വരിച്ച് സ്വര്‍ഗത്തിലേക്ക് പോകുന്നു...ജനസംഖ്യ കുറയുന്നു...വില കുറയാതെ സര്‍ക്കാര്‍ പിടിച്ച് നിര്‍ത്തുന്നു.....നല്ലോണം ജനസംഖ്യ കുറയുന്നു..ജനസംഖ്യാപ്രശ്നത്തിനു പരിഹാരമാകുന്നു..ലോകം സുന്ദരമാകുന്നു..അണ്ടനും അടകോടനും ഇല്ലാത്ത സമത്വസുന്ദര ഭൂലോകം പിറക്കുന്നു...ഞാനതില്‍ ഒരാളാകുന്നു...
ആയതിനാല്‍ വിലകുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ മൂര്‍ദാബാദ്..വില കയറുമ്പോഴും നോക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിന്ദാബാദ്, അവധിവ്യാപാരം അനുവദിച്ച് വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സിന്ദാബാദ്, ഇന്ധനവില കൂട്ടുന്ന നടപടി സിന്ദാബാദ്..
വില കുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ വീണ്ടും മൂര്‍ദാബാദ്..
Monday, December 6, 2010
വൈറൽ തൂറ്റ്
ഒന്നുമില്ലണ്ണാ... തോനെ ബസ്സിടാനുണ്ടണ്ണാ... വെരി ബിസി...
ഞാം വിയാരിച്ച് സ്പെക്ട്രത്തീ സോണിയാജീന്റെ പേരാരോ പറഞ്ഞതിന്റെ കെറുവാരിക്കുമെന്ന്...
അത് ഗുണ്ടാണണ്ണാ...വാര്‍ത്തേന്റെ പടപ്പ് കണ്ടാലറിഞ്ഞൂടേ...സോണിയാജീക്ക് അങ്ങനൊരു അക്കൻ ഇല്ലെന്ന് വിക്കി പറഞ്ഞിട്ടുണ്ടണ്ണാ..വാര്‍ത്ത എഴുതിയോമ്മാരു തെളിവു കൊണ്ടുവരട്ട്..
പണ്ട് നീ അങ്ങനല്ലല്ലോ പറഞ്ഞിരുന്നത്..“കൊട്ടാരത്തിന്റ” ഫോട്ടോ പ്രസിത്തീകരിച്ച് അഫവാദത്തിന്റെ മൊനയൊടിച്ചൂടേന്നൊക്കെ ച്വായ്ച്ചിരുന്നത് നീ തന്നെ അല്ലേടേയ്?
നമ്മക്കങ്ങനെ നെലപാട് മാറ്റമൊന്നും ഇല്ലണ്ണാ...മാറിയെന്ന് തോന്നിച്ച് മാറാതിരിക്കുന്ന പഴയ പുത്തൂരം അടവു തന്നണ്ണാ ഇപ്പഴും...ഒന്നിടത്ത് മാറി പിന്നേം വലത്തോട്ട് തന്നെ വരുമണ്ണാ..
നീ ഈ വേലേം കൊണ്ട് രാഘവന്റെ കാര്യത്തില്‍ എറങ്ങിയന്നാ, കവലേലെന്തരോ പറഞ്ഞെന്നാ നെന്റെ കളസം കീറീന്നാ ഒക്കെ കേട്ടല്ല് ചെല്ലാ...
അതിപ്പം നമ്മ വല്ല കടലാസും വായിച്ചൊണ്ടാക്കണ വെവരം വല്ലോം ആണാ അണ്ണാ..? അപ്പാപ്പം ഗൂഗിളീ ചൊരണ്ടി നോക്കും....ഇൻഡ്യനെക്സ്പ്രസും ടൈംസും വിക്കിപ്പീഡിയേം ഒള്ളതോണ്ട് ജീവിച്ച് പോണ്.... ഗൂഗിളീ ഇല്ലെങ്കീ ഏത് ഔതേടേം കളസം കീറും...
കാരാട്ടിന്റെ കേംബ്രിജ്ജീ പ്രസംഗിച്ചതും വച്ച് നീയെന്തരാ വ്യാക്ക്യാനിച്ചെന്നാ നാട്ടാരു ചവുട്ടിക്കൂട്ടീന്നാ എക്ക കേട്ടതും നേരു തന്നെടേയ്?
നേരാണോന്ന് ച്വായ്ച്ചാ....അത് പിന്നെ ... പത്രക്കാരനെ നമ്പിയപ്പോ ഊ...ച്ഛേ...പറ്റിപ്പോയതാണണ്ണാ...
അതിരപ്പള്ളീന്റെ കാര്യത്തിലും നിനക്ക് ഊ...ച്ഛേ...പറ്റിപ്പ് പറ്റിയോടേ?
സ്റ്റൈലു കാപ്പിയടിക്കല്ലണ്ണാ.... ബാലൻ മന്ത്രി പരിസ്ഥിതി വിരുദ്ധൻ തന്നന്ന് വാദിച്ചോണ്ട് വരേരുന്ന്... അപ്പഴാണ് അതിരപ്പള്ളീൽ വെള്ളം കൊറയണതീ കരയണോന്‍ ആണവ വേസ്റ്റിനെക്കുറിച്ച് മിണ്ടാത്തതെന്തരെന്ന് ച്വാദ്യം വന്നത്..... സൊൽപ്പം കീറിപ്പോയണ്ണാ...
നിന്ന കണക്ക് പടിപ്പിച്ചത് ഡില്ല് വാത്ത്യാരാണാടേയ് ? സീപ്പീയെമ്മ് നൂറു സതമാനം മെയില്‍ ഷോവസ്റ്റാണെന്ന് നീതന്ന പറയണ്... പക്ഷേങ്കീ അത് മറ്റു പാര്‍ട്ടികളേക്കാള്‍ സ്ത്രീ വിരുദ്ധത കുറഞ്ഞതാണെന്നും... ബാക്കി പാര്‍ട്ടികള്‍ അപ്പം എത്ര സതമാനം മെയില്‍ ഷോവനിസ്റ്റെടേ ?
നിങ്ങടട്ത്തേ ഒള്ളൂ നമ്മക്കൊരു വെലയില്ലാത്തത്... പീടികത്തിണ്ണേല് ഈ കണക്കും വച്ചോണ്ട് ഞാൻ കൊറേക്കാലം ചീപ്പെഡിറ്ററായി നെരങ്ങിയതല്ലേ അണ്ണാ...
സൊന്തം നാട്ടിലെ മേയറു ആണാണാ പെണ്ണാണാന്ന് പോലും അറിഞ്ഞൂടാത നീ നഗരസഭാസ്ഥാനം വനിതക്ക് കൊടുക്കുവോന്നാ മറ്റാ സഗാക്കമ്മാരൂടി ച്വായിച്ച് വാലു മുറിഞ്ഞെന്നും കേട്ടല്ല്, എഡേ അറിഞ്ഞൂടാത്ത പണിക്ക് പോയി നാണം കെട്ടാലും നെനക്ക് മതിയാവൂല്ലേഡേയ് ?
അതിപ്പം ഐഡിയകളു വന്നിങ്ങന തള്ളേല്ലേ അണ്ണാ... ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാ സാമ്പത്തികം അവലോകിക്കും. അമർത്യാസെന്നിനു ശേഷം ആരൊണ്ടണ്ണാ ? ഉച്ചയൂണു കഴിഞ്ഞ് ഏമ്പക്കം പോയാൽ അഫിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി... ലിയൂ സിയാബോയ്ക്ക് ശേഷം യേഷ്യേലു നോബലു വേണ്ടേ ? രാത്രി അധോവായു വിട്ട് കിടക്കുമ്പം ഐഡിയാസ് വരും.... മന്ത്രിമാർക്ക് ടോൾഫ്രീ നമ്പർ, ഹെല്പ് ലൈൻ, ബൃന്ദാ കാരാട്ടിന്റെ പ്യാരു...... സൊന്തം മണ്ടേൽ തോന്നാത്ത ഐഡിയകളുവല്ലോം ഒണ്ടെങ്കീ വാടകയ്ക്ക് എടുത്ത് ഓടിക്കാല്ലോന്ന് കരുതി ഇപ്പം ഐഡിയാ മൽസരം വരെ പ്രക്യാപിച്ചണ്ണാ... പത്തായിരം ഫോളോവർമാരു ഇങ്ങനെ പ്രതീക്ഷയോടെ നോക്കീരിക്കേല്ലേ, ഔത എന്തരു പറഞ്ഞ്, ഔത വല്ലോം പറഞ്ഞാ എന്നക്ക... അണ്ണനോടായതോണ്ട് പറയാം കേട്ടാ...സമ്മാനം വാങ്ങാന്‍ ഒരു പയലും വന്നില്ലണ്ണാ...
നീ തൊട്ടതിലൊക്കെ നെന്റെ കട്ടേം പടോം മടങ്ങണോണ്ടല്ലടേയ്....
ചെലതിലൊക്കെ മടങ്ങും അണ്ണാ...നമ്മക്ക് എന്തരു വിഷയത്തിലാ വെവരം എന്ന് ട്രയല്‍ ആന്‍ഡ് എറര്‍ ബേസിസിലേ അറിയാമ്പറ്റൂ അണ്ണാ...അതോണ്ടല്ലേ അന്താരാഷ്ട്രീയം മൊതലു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരേള്ള എല്ലാത്തിലും കേറി പണിത് നോക്കണത്....
അതോണ്ട്...?
ഡെയ്ലി യേഴ്-യെട്ട് നിഷ്പക്ഷ ബസ്സിടുമണ്ണാ...ആറണ്ണം കീറിപ്പോയാലും കീറിപ്പോകാതെ കിട്ടിയ ഒരെണ്ണത്തിന്റെ ബലത്തില്‍ പിറ്റേന്നും ഇടുമണ്ണാ ഒരെട്ടെണ്ണം..
വണ്ടിക്കാളക്ക് വയറെളകിയപോല....?
അല്ലെങ്കിലും ഈ സഗാക്കന്മാരക്ക് നല്ലതു വല്ലോം പറഞ്ഞാ ഇഷ്ടപ്പെടൂല്ലല്ല്...... എന്റെ “എന്തരായാലും തോക്കും” സീരീസ് കിടിലമാരുന്നണ്ണാ.....ഞാന്‍ തന്നെ വായിച്ച് ചിരിച്ച് മണ്ണ് കപ്പിയണ്ണാ..
ആണ്ടി നെന്റെ ആരായിട്ടു വരുമെടേയ്?
കുഞ്ഞമ്മേടെ മ്വാനെന്ന് പറഞ്ഞാ അണ്ണനു നിമ്മതിയാവുവാ?
നീ എടതന്മാര് എന്തരു ചെയ്യണന്ന് നോക്കി നടക്കേണല്ല് വിമര്‍ശിക്കാൻ......
അങ്ങനല്ലണ്ണാ, ഈ ഇടതമ്മാരു അന്ധമായ അമേരിക്കാവിരോധോം കൊണ്ട് പിന്തുണ പിൻവലിച്ചതിലു എനിക്ക് പ്രതിഷേതിച്ചൂടേയണ്ണാ ?
എടേയ് നീയൊരുമാതിരി അണ്ണാങ്കൊണ്ണി വർത്തമാനം പറയല്ലും. പിന്തുണേം പിൻവലിച്ച് സഗാക്കമ്മാരു പോയതീപ്പിന്നെ നോട്ടുകെട്ടെറിഞ്ഞ് ആളെപ്പിടിക്കാൻ കാങ്ക്രസു നടത്തിയ എടവാടൊന്നു നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ? ഇടതമ്മാരട ‘ശല്യമില്ലാതെ’ ഒണ്ടാക്കിയ രണ്ടാം യൂ.പീ.യേ സർക്കാരു ലക്ഷം കോടികളെറിഞ്ഞ് തുണിയഴിച്ചാടണതും നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ?
നിഷ്പക്ഷനായ നുമ്മ ആരെ വിമർശിക്കണോന്ന് അണ്ണന്റൂടി ച്വായ്ച്ചിട്ട് വേണോ ?
നിന്റെ സൂക്കേട് ആളോൾക്ക് മനസിലാവുമെടേയ്. ഒരിടത്ത് ഇടതുവിമർശനോന്നുമ്പറഞ്ഞ് അറ്റോം മുറീം വച്ച് കൊറേ ബഡുവാത്തരങ്ങള് വെളമ്പും. നാട്ടുകാര്‍ ജട്ടികീറിവിടുമ്പം അയ്യോപൊത്തോ തെറ്റിപ്പോയേന്ന് തിരുത്തും. ദെവസം അഞ്ച് കഴീമ്പം അതേ പരിപ്പ് വേറേവല്ലേടത്തും എറക്കും....
അതല്ലേ അണ്ണാ ഈ ട്രയൽ ആന്റ് എറർ എന്ന് പറയണത്....
മരത്തലയന്റെ നാട്ടില്‍ അതിനെ കഴുപ്പണക്കേടെന്നാണ് മ്വാനേ വിളിക്കണത്...
Thursday, December 2, 2010
ഒരേതൂവല്‍ (നിഷ്)പക്ഷികള്‍
നീ എന്തര് ക്യേട്ടെന്ന് ?
നീര റാഡിയാക്കക്ക് സി.പി.എമ്മുമായും ബന്ധമുണ്ടെന്ന്..അണ്ണന്റെ അണ്ണന് കാരാട്ടണ്ണനുമായി ബന്ധമുണ്ടെന്ന് . "നിങ്ങളൊക്കെ ശുത്തന്മാരു, കൂടെ നിക്കണോരു ശുത്തന്മാരെ"ന്നൊക്കെ വായിട്ടലച്ചിട്ട് അണ്ണന്റെ പാര്ട്ടീനെപ്പറ്റി ഇപ്പ ക്യേക്കണത് എന്തരൊക്കെയാണണ്ണാ...
നീ ഇത് യേത് പത്രത്തീ വായിച്ചെടേയ് ?
ഞങ്ങടെ...അല്ല... മാതൃഭൂമീലു..
പഷ്ട്...... എന്നിട്ട് നീയത് ഒടനെ ബിശ്വസിച്ച്..... മൈക്കും ഫിറ്റ് ചെയ്ത് വണ്ടീം കൊണ്ട് എറങ്ങി?
ഇതങ്ങനെ ചുമ്മാ ന്യൂസൊന്നും അല്ലണ്ണാ....ഇതുതന്നെ സ്റ്റേറ്റ്സുമാനിലും ടൈംസ് ഓഫ് ഇന്ത്യേലും യാഷ്യന് യ്യേജിലുമൊക്കെ വന്നിട്ടൊണ്ടണ്ണാ..
നീ എന്നെക്കൊണ്ട് പിന്നേം പഷ്ട് എന്ന് പറയിക്കുമല്ലോടേയ്....... മൂലോം പൂരാടോം ഇല്ലാതെ ഒരുത്തന് ഒരെണ്ണം എഴ്തി വിട്ടത് നാലുവരി മാറ്റി വേറേപത്രം കോപ്പിയടിച്ച് വച്ചാ നീയെടുത്ത് ചാമ്പും..അത് ലൈക്കാന്‍ വേറെ കൊറേ അണ്ണന്മാരും അണ്ണികളും ബരും.. തെളിവ് ച്വായ്ച്ചാ നീ ലാദ്യത്തെ പത്രത്തിന്റെ ലിങ്കു തട്ടും..ഇല്ലേടേയ്?
"പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന് പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ.....
പലേപത്രത്തിലൊരേപോലെ വന്ന വാര്‍ത്ത വായിച്ചപ്പ നെനക്കെന്തരു മനസിലായി?
സി.പി.എം നേതാക്കളുമായി റാഡിയാ ബന്ധപ്പെട്ടിരുന്നൂന്ന്..അയെനെക്കുറിച്ചുള്ള ച്വാദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സി.പി.എം പുത്തിമുട്ടുന്നെന്ന്...ബംഗാള്‍ വ്യവസായ വകുപ്പിന്റെ പരസ്യച്ചുമതല റാഡിയാന്റെ കമ്പനിക്കാരുന്നൂന്ന്..ഹാല്‍ദിയാ കമ്പനീനെപ്പറ്റീം വാര്ത്തേലൊണ്ടണ്ണാ.
എങ്ങനെ ബന്ധപ്പെട്ടിരുന്നൂന്ന്?
കാരാട്ടണ്ണനേം യെച്ചൂരിയണ്ണനെം ഒക്കെ മൊഫൈലി വിളിച്ച് കാണും അണ്ണാ..ഡബിള്‍ സിമ്മല്ലേ അണ്ണാ ലവന്മാരുടെ ഒക്കെ കയ്യിലിരിക്കണത്....
എടേയ് കൂതറേ, ഈ യച്ചൂരി തന്നയല്ലേടേയ്.....ഈ ടൂജീലു അഴിമതൊയൊണ്ടെന്നു ആദ്യമ്മൊതലേ പറഞ്ഞോണ്ടിരിക്കണത് ?
അണ്ണനു ഇതിനെപ്പറ്റി വല്ലോം പറയാനുണ്ടേല് പറയണ്ണാ...അണ്ണനും സി.പി.എം കേന്ദ്രങ്ങളെപ്പോലെ മറുപടി പറയാന്‍ പുത്തിമുട്ടുണ്ടെങ്കീ വിടണ്ണാ..
ഹാല്‍ഡിയ പെട്രോക്കെമിക്കലുകളു അമ്പാനിക്ക് വില്ക്കാന് പാര്‍ട്ടി "കുനിഞ്ഞ്" കൊടുക്കണം, അതിനായിരുന്ന്, അമ്പാനിക്ക് വേണ്ടി റാഡിയാ മാമി പാര്‍ട്ടി നേതാക്കളെ വളയ്ക്കാന്‍ നോക്കിയതെന്നല്ലേടേയ് നെന്റ വാര്ത്തേല് ?
അണ്ണനപ്പം കാര്യം അറിയാം...
എന്നിട്ട് ഹാല്‍ഡിയ കമ്പനീല് ഇപ്പം എവടടേയ് അമ്പാനിയിരിക്കണത്? പെരേട മണ്ടേലാ ?
ഹാല്ഡിയേട കാര്യം മാത്രമല്ലല്ലണ്ണാ. ബംഗാള്‍ വ്യവസായ വൗപ്പ് റാഡിയേട വൈഷ്ണവിക്കമ്മൂണിക്കേഷനുമായി ബന്ധപ്പെട്ടെന്നും വാര്ത്തേലൊണ്ടല്ല.
ബംഗാള്‍ വ്യവസായ വകുപ്പ് വേറെ പാര്‍ട്ടി വേറെടേയ്..വകുപ്പിന്റെ പ്രചരണത്തിനു വകുപ്പ് നെന്റെ പാര്‍ട്ടികളു ഭരിക്കുന്നേടത്തും ഏജന്‍സികളൊക്കെ ഒണ്ടേടേയ്....അതിന്റെ ഭാഗമായി സര്‍ക്കാരിലെ ചെലരെ ലവരു വിളിച്ചും കാണുമെടേയ്..
അപ്പ അണ്ണന് വാര്‍ത്ത സമ്മയിച്ച്.....
അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തരെങ്കിലും നേട്ടങ്ങളാ വഴിവെട്ട ആനുകൂല്യങ്ങളാ ഒണ്ടായെന്ന് തെളിയിക്കടേയ്..അതല്ലെടേയ് പ്രധാനം?
തെളിവൊക്കെ പിന്ന.... ആരോപണം ഒണ്ടായില്ലേ, അതു പ്വോരേ ?
കളസം കീറിനിക്കണ കാങ്ക്രസിനു പിടിവള്ളി ഒണ്ടാക്കാന്‍ വന്ന വാര്‍ത്തയാണെന്ന് പോലും തോന്നാത്ത നെന്നെപ്പോലുള്ളവരെ എടക്കെടക്ക് ഇങ്ങനെ പഠിപ്പിക്കേണ്ടി വരണത് തന്നെ ഗതികേടെടേയ്..
അപ്പി ആരു തിന്നാലും ഒരേ ത്രാസീ തൂക്കണമെന്നാണണ്ണാ ഞങ്ങ നിഷ്പക്ഷികളട നെലപാട്.... അണ്ണന്റെ പാര്‍ട്ടിക്കു സൊര്ണ്ണത്രാസു വേണമെന്ന് വാശി പിടിക്കല്ലണ്ണാ.....
തീട്ടത്തീ മുങ്ങിക്കെടക്കണോരെ രക്ഷിക്കാന്‍ ഫോണ്‍ വിളിച്ചെന്നോ പറിച്ചെന്നോ ഒക്കെ വാര്‍ത്ത ഒണ്ടാക്കിക്കൊണ്ട് വന്ന് നീയൊക്കെ നാറ്റിക്കണ നാറ്റം കണ്ടാ തീട്ടംമ്പോലും മൂക്കു പൊത്തിപ്പോവൂടേയ്..
സംസ്കാരശൂന്യമായി സംസാരിക്കല്ലണ്ണാ.....
ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..
തെരക്കായിരുന്നണ്ണാ...
ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി ചെലരൊക്കെ ചേര്‍ന്ന് അടിച്ച് മാറ്റിയപ്പോ ഞാന്‍ വിയാരിച്ച് മിനിറ്റിനു യെട്ട് വട്ടം വയറെളകണ നെന്റ ധാര്മ്മികരോമം കരിയുമെന്നും വയലന്റാവൂന്നും..... മൊത്തം ഫോണ്‍ സംഭാഷണോം അതിന്റെ പിന്നിൽ കളിച്ച കമ്പനികളുടെ കള്ളക്കളികളും വെളിച്ചത്ത് വന്നപ്പോ ഞാന്‍ വിയാരിച്ച് നീ വല്ലോം മിണ്ടുമെന്ന്..എന്തരായാലും നീ മുടുക്കന് തന്നെ കേട്ടോടേയ്..ഇത്രേം മുണ്ടും തലേലിട്ട് നടന്നിട്ട് മാതൃഭൂമി വാര്‍ത്ത വന്ന ഒടനെ നീ വന്ന വരവൊണ്ടല്ലോ..അതൊരു ഒന്നര വരവ് തന്നെടെയ്..
ഇതണ്ണന്റെ ഫാസിസമാണണ്ണാ..ഏത് കാര്യത്തീ മിണ്ടണമെന്നും മിണ്ടാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് ഞാനാണണ്ണാ..
അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..
പിടികിട്ടിയെങ്കീ കണക്കായിപ്പോയണ്ണാ...
വേറെ പണിയൊന്നുമില്ലെങ്കീ...സ്പെക്ട്രം അഴിമതിയില്‍ പെട്ട ബാങ്കുകളീ കാരാട്ടിനും യെച്ചൂരിക്കും പിണറായിക്കുമൊക്കെ അക്കൌണ്ടുണ്ടെന്നും അവരൊക്കെ സ്ഥിരം അതിന്റെ എ.ടി.എമ്മീന്നു കാശു വാങ്ങുന്നത് കണ്ടെന്നുമൊക്കെ വാര്‍ത്ത ചമയ്ക്കടേയ്..ഫോട്ടോയും തട്ടെടേയ്..സ്പെക്ടറം വാര്‍ത്ത കണ്ട് പ്യാടിച്ച് ഒളിച്ചിരുന്ന ടൈമിലു ഇങ്ങനെ വല്ലോം ഒക്കെ ഒണ്ടാക്കിയിരുന്നെങ്കീ ഒന്ന് രണ്ട് ബസ്സ് കൂടെ ഓട്ടിക്കാമാരുന്നല്ലോടെയ്..
അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?
എന്തരായാലും നിന്റെ ഒക്കെ ആര്‍മാദം കൊണ്ട് ഒരു ഫലമുണ്ടായി...
എന്തരൊണ്ടായീന്ന് ?
കള്ളന് കള്ളന് എന്ന് വിളിച്ചോണ്ടോടണ കള്ളന്മാരട നമ്പരിനെപ്പറ്റി മാത്രമേ കേട്ടിട്ടോണ്ടായിരുന്നൊള്ള്.. കുമ്മാട്ടീ കുമ്മാട്ടീന്ന് വിളിച്ചോണ്ട് ഓടണ കുമ്മാട്ടി വളിപ്പ് കണ്ടല്ല്.....വേറെ നമ്പരുംകൊണ്ട് നാളേം വരണം കേട്ടാടേയ്..
Sunday, November 14, 2010
സൈബര്‍ പുലീസ്
അര്‍ജന്റായിട്ട് ഒരു പെന്‍സിലു വാങ്ങണമണ്ണാ...ഒള്ളതൊരെണ്ണം ബരച്ച് ബരച്ച് തീര്‍ന്ന്
നീ ഷോട്ടാന്‍ഡ് പടിക്കാന് തൊടങ്ങിയാ?
അതല്ലണ്ണാ...പിണറായി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനാനണ്ണാ..
അതെന്തരെടേയ്..ഇത്ര ആക്രാന്തപ്പെട്ട് വരയ്ക്കണത്..?
ഒന്നും അറിയാത്തപോലെ കാണിക്കരുത് കേട്ടാ അണ്ണാ...ഇപ്പഴത്തെ നാട്ടുനടപ്പതല്ലേ അണ്ണാ..
തെന്നെ? എന്തരെടേയ് അങ്ങേരോടിത്ര കലിപ്സ്?
അണ്ണാ..പതുക്കെ മാന്തി മാന്തി അണ്ണന് വിവരങ്ങളു തെരക്കണത് മനസിലാവുന്നുണ്ട് കേട്ടാ..പിന്നെ അണ്ണന് ഒരു മൊണ്ണനായതോണ്ട് വേണേല്‍ ചെല കാര്യങ്ങളു പറയാം..
ഡേയ്..ഡേയ്...ഊതാതെ കാര്യം പറേഡേയ്
ഞങ്ങളൊക്കെ സൈബര്‍ ആക്റ്റിവിസ്റ്റുകളാണണ്ണാ..അഭിപ്രായസൊതന്ത്രത്തിന്റെം ആവിഷ്കാരസൊതന്ത്രത്തിന്റെം ഒക്കെ ആക്റ്റിവിസ്റ്റുകള്‍..സങ്കടം വന്നാലും സന്തോയം വന്നാലും ഞങ്ങളു വരയ്ക്കുമണ്ണാ..പിണറായീന്റെ കാര്‍ട്ടൂണ്‍ ഒരെണ്ണം..പറ്റിയാലെക്കൊണ്ട് ഒരു കമ്പൂട്ടര് പടോം..
നിങ്ങളല്ലെടേയ് അങ്ങേരെന്തരോ പിതൃസ്വരൂപമാണെന്നോ ഭീതീന്റെ മൊത്തചില്ലറ കച്ചവടക്കാരനാണെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കണത്..എന്നിട്ടും അങ്ങേരുടെ കാര്‍ട്ടൂണ്‍ ചറപറേന്ന് വരയ്ക്കുമ്പോ നിങ്ങളു തന്നെ നിങ്ങളു പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുകയല്ലെഡേയ്?..ഒരു പുല്ലും വരൂല്ലാന്ന് ഒറപ്പുള്ളത് കൊണ്ടല്ലേടേയ് ഇത്ര തൈരിയം?
വിട്ട് പിടിയണ്ണാ...എന്ത് വന്നാലും നേരിടാന്‍ ഒള്ള ചങ്കൂറ്റത്തോട് തന്നെ അണ്ണാ വരയ്ക്കണത്...കേസ് ഞങ്ങക്ക് പുല്ലാണണ്ണാ..
ചിരിപ്പിക്കല്ലെടേയ്...അങ്ങേരുടെ പേരില്‍ വ്യാജരേഖ ഒണ്ടാക്കണതും കാര്‍ട്ടൂണ്‍ ബരക്കണതും രണ്ടാണെന്നും രണ്ടാമത്തേത് അങ്ങേരു മൈന്‍ഡ് ചെയ്യത്തുപോലുമില്ലാന്ന് നിനക്കൊക്കെ ഒറപ്പുണ്ടെന്ന് അറിയാമെടേയ്..അഫിനയം വിട്..പിന്നെ കിട്ടിയ ചാന്‍സീ നീയൊക്കെ ഹീറോ ആവാന്‍ നോക്കണതാന്നും അറിയാമെടേയ്..
അണ്ണനൊരു ഭക്തനാണെന്ന് അണ്ണന് വായകം കേട്ടാ അറിയാമണ്ണാ..ബുഷിനെപ്പോലെ അധികാരസ്വരൂപസ്ഥനായിരിക്കുന്ന പിണറായിയെയാണണ്ണാ ഞങ്ങളു എതിര്‍ക്കണത്..
നല്ല വെവരം, നല്ല കൂട്ടിക്കെട്ട്..തലകാറ്റുകൊള്ളിക്കല്ലെടേയ്..
അണ്ണനു വെവരമില്ല്ലാത്തെ പോയതിനു ഞാനെന്തരു ചെയ്യാനാണണ്ണാ?
നെയമത്തെ നീയൊന്നും എതിര്‍ക്കുന്നില്ലെടേയ്..
ഒണ്ടണ്ണാ...നിയമത്തിന്റെ കെടപ്പ് വശങ്ങളുടെ മലയാളം പരിഭാഷ ഇട്ടിരുന്നണ്ണാ..
അതാണോടേയ് നെയമത്തിനെതിരെയായ പ്രതിഷേധം?
അണ്ണാ, നെയമം ഒക്കെ കരിനിയമം തന്നണ്ണാ..പക്ഷേ അതുപയോഗിക്കുന്നതിനെ വേണം കൂടുതല്‍ എതിര്‍ക്കാന്‍ എന്നതാ നെലപാട്...ആരുപയോഗിക്കുന്നു എന്നതാണണ്ണാ നെയമത്തെ കരിയും പച്ചയും ഒക്കെ ആക്കണത്...
അതെന്തരെടേയ്..?
കുത്തിക്കുത്തി ചോയ്ക്കല്ലണ്ണാ..ഉദാരണമായി പറയുകാണേല് ബ്ലോഗിനും ചെല നിയമങ്ങളൊക്കെ ഒണ്ടണ്ണാ..അത് നമ്മക്കൊരു പ്രൊട്ടക്ഷനാണണ്ണാ...സപ്പോസ് എന്റെ പേരു ചുക്ക് ചെക്കന് ആണെന്ന് കരുതുക. അണ്ണന് എന്നെ കളിയാക്കാന്‍ വേണ്ടി ചക്ക ചെക്കന് എന്നോ ചക്കപ്പെണ്ണെന്നോ എഴുതിയാല്‍, ലതില്‍ intent to harm ഒണ്ടെന്ന് പോലീസണ്ണന്മാര്‍ക്ക് തോന്നിയാ അണ്ണന് അകത്താണണ്ണാ..
അപ്പ നിന്നെ ഒന്നും പറയാന്‍ പാടില്ലാ..നിനക്ക് ആരെം എന്തും പറയാം എന്നാണോടേയ്?
ഞാന്‍ ആരെ എന്തരു പറഞ്ഞണ്ണാ?..നമ്മളു ഡീസന്റാണണ്ണാ...
പിണറായിയെ പന്നറായി എന്ന് ആവര്‍ത്തിച്ച് ബിളിച്ചത് നീയല്ലെടേയ്? അത് നെന്റെ മോളിലെ നെയമപ്രകാരം ഉണ്ട തിന്നാവുന്ന കുറ്റമല്ലെടേയ്.?
അത് ഫലിതമാരുന്നെന്ന് മനസ്സിലാക്കാന്‍ അണ്ണനു പറ്റൂലേ അണ്ണാ...സന്ദേശം സില്മേലെ ഡൈലോഗുപോലൊരു ഫലിതം? ഇതതാണോ അണ്ണാ?
പിണറായിയെ പന്നറായി എന്നും ഇഡിയറ്റ് എന്നും ബിളിക്കണതും നെന്നെ ചക്കിപ്പെണ്ണെന്നോ മറ്റോ വിളിക്കണതും എങ്ങനെടേയ് വ്യത്യാസപ്പെടണത്?
ഉത്തരം മുട്ടിക്കാന്‍ നോമ്പു നോറ്റ് എറങ്ങിയിരിക്കയാണോ അണ്ണാ? ഉത്തരമൊന്നും മുട്ടൂലണ്ണാ..പിണറായി വിജയനും ഒരു ബിംബം ആണണ്ണാ..എന്നാ ഞാന്‍ ഒരു ബിംബം അല്ല കേട്ടാ...എന്നെ തൊട്ടാ വെവരമറിയും..നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ..
എനിക്കും കൂടി വേണ്ടിയാന്നുള്ള നമ്പറ് എറക്കല്ലെടേയ്..ചെലവാവൂല്ലാ....നെയമത്തിന്റെ കണ്ണീ ബിംബോം കിംബോം ഒന്നും ഇല്ലെടേയ്..അങ്ങേരും നെന്നെപ്പോലൊരു മനുഷേന് തന്നെടേയ്..അങ്ങേരുടെ വീടാണെന്ന് പറഞ്ഞോണ്ട് സീരിയല്‍ ഷൂട്ടിംഗിനു കൊടുക്കുന്ന കെട്ടിടം അയച്ച അങ്ങേരൊരു അഴിമതിക്കാരനാണെന്ന് പറഞ്ഞ് നൊണകളു പരത്തണത് ആണോടേയ് നിന്റെയൊക്കെ രാഷ്ട്രീയബിമര്‍ശനം? അളമുട്ടിയാ ചെലപ്പോ അങ്ങേരും ഒന്ന് തിരിച്ച് കടിക്കും..ഇത്രേം കാലം അങ്ങേരേം കുടുംബത്തേം കുറിച്ച് എയുതിവിട്ട നൊണകളൊക്കെ കണ്ടില്ലാന്ന് നടിച്ചും, അതൊക്കെ അങ്ങ് ആസ്വദിച്ചും, പ്രചരിപ്പിച്ചും സന്തോഷിച്ച നീയൊക്കെ ഇപ്പോ ഈ പരാതി മാത്രം പൊക്കിപ്പിടിച്ച് ബിംബം, അധികാരം, പിതൃസ്വരൂപം എന്നൊക്കെ ഉടായിപ്പ് വിടണതിതിലുണ്ടെടേയ് നെന്റെയൊക്കെ ഇരട്ടത്താപ്പ്.
ഇത്തിരി കട്ടി സാഹിത്യം ആസ്വദിക്കാനും അണ്ണനു പറ്റൂലെന്നായാ അണ്ണാ? കഷ്ടം തന്നെ ഈ ഇടതന്മാരുടെ കാര്യം..
വെഷയം മാറ്റിക്കൊണ്ട് പോവല്ലെടേയ്..അങ്ങേരുടെ ഫോട്ടേം വെച്ച് അങ്ങേരുടെ അവലോകനമെന്നും പറഞ്ഞ് അയച്ചതാണു കേസായതെന്നും തമാശ ഒപ്പിച്ചതിനല്ല കേസെന്നും നീയെന്തരെടേയ് എപ്പോഴും ഇങ്ങനെ മറച്ച് വെക്കണത്? അതിനെക്കുറിച്ച് പറേഡേയ്..അല്ലാതെ തമാശയൊപ്പിച്ചതിനു പരാതി കൊടുത്തെന്ന് ആദ്യമേ നീയങ്ങ് ഒറപ്പിച്ചിട്ട് അതിന്റെ പൊറത്ത് വ്യാക്യാനങ്ങളു ചമയ്ക്കല്ല്..
പത്രങ്ങളു പറേണത് തമാശയൊപ്പിച്ചതിനു പാവത്തിനെ പൊക്കീന്നു തന്നെയാണണ്ണാ?
അങ്ങേര്‍ക്കോ ഇടതുപക്ഷത്തിനോ എതിരായ ലെവന് എന്തരു ചെയ്താലും പാവം, തമാശ, നിര്‍ദ്ദോഷം എന്നൊക്കെ ഉപയോഗിക്കാതെ പത്രങ്ങളു വാര്‍ത്തകളു ചമക്കണത് നീ കണ്ടിട്ടൊണ്ടോടെയ്..ഈ നമ്പറു മനസ്സിലാവാന്‍ പറ്റാത്തവണ്ണം ഉണ്ണാക്കന്മാരാണോടെയ് നീയൊക്കെ?
അതണ്ണാ..അങ്ങേരുക്ക് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന് സമ്മയ്ച്ചല്ലോ അണ്ണാ...
ബെസ്റ്റ് കണ്ണാ ബെസ്റ്റ്...ഇതിപ്പോ തര്‍ക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ പറയണതല്ലെടേയ്.. ലാവലിന്‍ കേസില്‍ അങ്ങേര്‍ക്കു ഒരു ഇന്ത്യാ പൌരനു അവകാശമുള്ള പ്രതിരോധം പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് വാദിച്ച് നടന്നതല്ലെടേയ് നീയൊക്കെ? അതിന്റെ തൊടര്‍ച്ച തന്നെ അല്ലെടേയ് ഇതൊക്കെ? മാരീയണ്ണന്‍ പോസ്റ്റിട്ടപ്പോ അതിനെതിരെ പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് വന്നപ്പോ നീയൊക്കെ സമ്മതിക്കും അല്ലെടേയ് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന്..?
സമ്മയ്ച്ചതും കുറ്റായാ അണ്ണാ?
ഇങ്ങനാണോടേയ് നീയൊക്കെ കാര്യങ്ങളെ വ്യാക്യാനിക്കണത്..അതാണോടേയ് പറഞ്ഞതിന്റെ അര്‍ത്ഥം?
അണ്ണനെന്തരൊക്കെ പറഞ്ഞാലും ഞങ്ങളിനീം ബരയ്ക്കുമണ്ണാ..ബര നമ്മടെ ജന്മാവകാശമണ്ണാ..
നീ എത്ര ബേണേല് വരച്ചോഡേയ്...പച്ചേങ്കി വ്യാജരേഖ ചമയ്കല്ലും കേട്ടാ.ക്യേസ് മാറും..പിന്നെ ചെലപ്പോ കരഞ്ഞിട്ട് കാര്യമില്ലെന്ന് ബരും..ഫീഷണിയാണെന്നൊന്നും പറയല്ല്..ഒള്ള കാര്യം പറഞ്ഞെന്നേ ഒള്ള്..
അണ്ണനോട് സംസാരിച്ച് സംസാരിച്ച് ടൈം വേസ്റ്റായി....കടേല് പെന്‍സിലു തീര്‍ന്നിട്ടൊണ്ടേ എന്റെ സൊഭാവം മാറും കേട്ടാ അണ്ണാ..ഞാന്‍ പായട്ട്..ബാക്കി കൂട ബരച്ചില്ലേ എനിക്കിന്നുറക്കം ബരൂല്ല..
പെട്ടെന്ന് ചെല്ലെടെയ്.. നെന്റെ ഒറക്കം കളയണ്ട..ഗുഷ്നൈറ്റ്..
ഗുഷ്നൈറ്റണ്ണാ...
Monday, November 1, 2010
ചാനല്‍ കളമൊഴികള്‍
വികേഷ്, ഇവിടെ കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇടതുപക്ഷം മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ്..
ക്ടിങ്ങ്..
കളമൊഴിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു..കനിമൊഴി ലൈനിലുണ്ട്. പറയൂ കനിമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
വികേഷ്, ഓണംകേറാമൂല പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ഒരു വോട്ടിനു മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്..
പ്രസക്തമായ വിവരം കനിമൊഴി...ഇത് എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ സൂചനയല്ലേ നല്‍കുന്നത്?
വികേഷ്, പോസ്റ്റല്‍ വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ..(ആത്മഗതം: ഇവന്റെ തലക്ക് ഓളമാണോ?)
അതെ കനിമൊഴി..പക്ഷെ, എല്‍.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പോസ്റ്റല്‍ വോട്ടുകളില്‍ വന്ന ഈ തോല്‍വി അവരെ സംബന്ധിച്ചിടത്തോളം പരാജയം തുടരുന്നു എന്നതിന്റെ സൂചനയല്ലേ നല്‍കുന്നത്?
(ആത്മഗതം: അല്ലെന്ന് പറഞ്ഞാല്‍ പുല്ല്..എന്റെ ഈ മാസത്തെ ചമ്പളം) പ്രകാശം: അതെ വികേഷ്, ആ സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഫലങ്ങള്‍ നല്‍കുന്നത്..
എന്തുകൊണ്ടാണ് ഇത്ര കനത്തെ ഒരു തിരിച്ചടി പോസ്റ്റല്‍ വോട്ടുകളില്‍ എല്‍.ഡി.എഫിനുണ്ടായതെന്ന് പറയാന്‍ കഴിയുമോ?(ആത്മഗതം: തള്ളേ..ഞാനെന്തരാണീ പറഞ്ഞോണ്ടു വരുന്നത്?)
അതായത് വികേഷ്, എല്‍.ഡി.എഫ് നേടിയതിനേക്കാള്‍ ഒരു വോട്ട് അധികമായി യു.ഡി.എഫ് നേടി എന്നതുതന്നെയാണ് ഈ തകര്‍ച്ചയുടെ കാരണം..(ആത്മഗതം: മൈ...ഫുട്ട് )
ലൈനില്‍ തുടരുക കനിമൊഴി, കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം..ഇപ്പോള്‍ കളമൊഴി വീണ്ടും ലൈനിലുണ്ട്..പറയൂ കളമൊഴി അവിടെ ആശാവഹമായ പുരോഗതി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? (ആത്മഗതം: കാവിലമ്മേ കാത്തോള്‍ണേ..)
ഇല്ല വികേഷ്, എങ്കിലും ഓഞ്ചിയം മേഖലയില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അവിടത്തെ ഫലം സംബന്ധിച്ച സൂചനകള്‍ നല്കുന്ന വിവരം..(ആത്മഗതം: ഇങ്ങിനെ ചിലതെങ്കിലും പറയാന്‍ കിട്ടിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടിപ്പോകത്തേ ഉള്ളൂ)
(ആത്മഗതം: കാവിലമ്മേ നീ കാത്തു..ശക്തിസ്വരൂപിണി) .എന്താണ് ഓഞ്ചിയത്തെ സംബന്ധിച്ച വിവരങ്ങള്‍?
ഓഞ്ചിയത്ത് വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ച വിപ്ലവമാര്ക്സിസ്റ്റു പാര്‍ട്ടി എട്ട് സീറ്റില്‍ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് വികേഷ്..(ആത്മഗതം: ഊഡീയെഫുകാരന് സപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ എന്നത് മിണ്ടണ്ട. ലവന് ചോദിക്കാതിരുന്നാ മതിയാരുന്ന്..)
കളമൊഴീ, ഇത് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയല്ലേ? ചരിത്രസ്മരണകളുറങ്ങുന്ന ഓഞ്ചിയത്ത് പിന്നിട്ടു നില്ക്കുക എന്നു പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനു തന്നെ ഒരു തിരിച്ചടിയല്ലേ?(ആത്മഗതം: അവിടത്തെ ചരിത്രം എന്തരാണാവോ?)
ആണെന്നു തന്നെ പറയാം വികേഷ്.. ഇത് പ്രത്യയശാസ്ത്രത്തിന്റെ പരാജയം (ആത്മഗതം:തള്ളേ തെന്നേ?) തന്നെയാണ് വികേഷ്..എങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മുന്നേറുന്നു എന്നത് പ്രത്യയശാസ്ത്രത്തിന്റെ വിജയമായി കണക്കാക്കണം എന്നൊരു വിശകലനവും ചില കോണില്‍ നിന്നും ഉയരുന്നുണ്ട് വികേഷ്..
(ആത്മഗതം: നീയതങ്ങ് മറ്റേ ചാനലില്‍ പോയി പറഞ്ഞാ മതി കൊച്ചേ) പ്രകാശം: നന്ദി കളമൊഴി..ലൈനില്‍ തുടരുക..കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം..കനിമൊഴി ഇപ്പോള്‍ ലൈനിലുണ്ട്..കനിമൊഴീ എന്താണവിടത്തെ സുപ്രധാന സംഭവ വികാസങ്ങള്‍?
പോസ്റ്റല്‍ വോട്ട് എണ്ണിത്തീര്ന്നതില് നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് കാണാന്‍ കഴിയുന്നത് വികേഷ്...ഇടതുമുന്നണിയാണ് ഇപ്പോള്‍ ഇവിടെ മുന്നി..
ക്ടിങ്ങ്..(ആത്മഗതം: അവള്ടെ അമ്മൂമ്മേടെ ഒരു വ്യത്യസ്തചിത്രം)
കനിമൊഴിയുമായുള്ള ലൈനില്‍ എന്തോ സാങ്കേതിക തടസ്സം..ഇപ്പോള്‍ കുറുമൊഴി ലൈനിലുണ്ട്..പറയൂ കുറുമൊഴി എന്താണ് പുതിയ സംഭവ വികാസങ്ങള്‍.(ആത്മഗതം: പലതരം മൊഴികളെ അവിടേം ഇവിടേം നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കൊരങ്ങനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കാന്‍ പറ്റുന്നൊണ്ട്.. ചാട്ടം പെഴക്കുന്നതിനു മുന്‍പ് ഇതൊക്കെ നിര്‍ത്തി മയിലെണ്ണ വില്ക്കാന് പോകുന്നതായിരിക്കും പുത്തി)
വികേഷ്..കോര്‍പ്പറേഷനിലെ മൊത്തം വാര്‍ഡുകളില്‍ എല്‍.ഡി.എഫിനു സാങ്കേതികമായ ചില മുന്‍തൂക്കം ലഭിച്ചതിനാല്‍ അവര്‍ ഭരണം നിലനിര്‍ത്തുമെങ്കിലും, ഇത്തവണ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളെ ഒഴിവാക്കിയാല്‍ യു.ഡി.എഫ് വന്‍ വിജയം കൈവരിച്ചു എന്നാണ് കാണാന്‍ കഴിയുക. മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് വിജയശ്രീലാളിതരായിരിക്കുകയാണ്. (ആത്മഗതം: വീരന്റെ പൊന്നാപുരംകോട്ട പൊളിഞ്ഞുപാളീസായതിനെപ്പറ്റിയൊന്നും മിണ്ടണ്ട)
(ആത്മഗതം: കാവിലമ്മേ നീ കാത്തു...ഇത് വെച്ച് ഇന്ന് രാത്രി വരെ ഒരു പിടി പിടിക്കണം) വളരെ പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്നത്..കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് ഇവിടെ വന്‍വിജയം കൈവരിച്ചിരിക്കുകയാണ്..ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി ശ്രീ. പെരുവഞ്ചൂര് രാമകൃഷ്ണനും ബി.എ. ഷാനവാസും സ്റ്റുഡിയോയിലുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ഒരു ഇടവേള..
Friday, October 22, 2010
വോട്ടു ചെയ്യാന്‍ കുറച്ച് കാരണങ്ങള്‍
*
ഭാര്യ ഭക്ഷണമുണ്ടാക്കിത്തരാന്‍ ഇത്തിരി വൈകി. ഭക്ഷ്യവിതരണത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അമാന്തം.
*
ജോലിക്കാരി ഇന്ന് വന്നില്ല. തൊഴില്‍ മേഖലയില്‍ അരാജകത്വം.
*
കമ്പ്യൂട്ടറില്‍ വൈറസ്. ആരോഗ്യരംഗത്തെ സ്ഥിതി ദയനീയം
*
കൊച്ച് കരച്ചില് നിര്‍ത്തുന്നില്ല. ക്രമസമാധാനം തകര്‍ന്നു.
*
അപ്പുറത്തെ വീട്ടിലെ പട്ടിയുടെ കുര ശല്യം. സ്വൈര്യജീവിതത്തിനു ഭംഗം.
*
ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം
മതി.
ശരിക്കുള്ള കണക്കും കാര്യങ്ങളുമൊക്കെ ആര്‍ക്കു വേണം?
തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.
Saturday, October 16, 2010
ഇതല്ലേ മൊതല്..
സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സംസാരിക്കാന്‍ കഴിയുന്ന അദ്ദേഹം ലോട്ടറി വിഷയത്തില്‍ മനസ്സു തുറക്കുന്നു.
ലോട്ടറി വിഷയത്തില്‍ താങ്കള്‍ ഒരു വിദഗ്ദനാണല്ലോ. എങ്ങിനെയാണ് ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?
പണ്ടു മുതലേ ലോട്ടറി എനിക്കൊരു വീക്ക്നെസ് ആയിരുന്നു. കലാഭവന്റെ പഴയൊരു മിമിക്രി പ്രോഗ്രാമില്‍ ‘കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ഏത്’ എന്നതിനു ശരിയുത്തരമായി പറയുന്നത് ‘സി.വിദ്യാധരന്, മഞ്ജുളാ ബേക്കറി, ആലപ്പുഴ‘ എന്ന ലോട്ടറി അനൌണ്‍സ്മെന്റാണ്. ഒരു ലോട്ടറി ഏജന്റിന്റെ പേരാണ് കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൌമാരകുതൂഹലം എന്നൊക്കെ പറയാറില്ലേ..അത്തരമൊന്ന്. പലവിധ ജോലിത്തിരക്കുകളും സാമൂഹിക, രാഷ്ട്രീയ ജീവിതത്തിലെ ഇടപെടലുകളും കാരണം വിദഗ്ദനാകുവാന്‍ ഇപ്പോഴേ അവസരം ലഭിച്ചുള്ളൂ എന്ന് മാത്രം. എങ്കിലും വിവിധ തരം ലോട്ടറികള്‍ വാങ്ങി ഈ വിഷയത്തിലെ താല്പര്യം നഷ്ടപ്പെടാതെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.
അതായത് അന്നത്തെ കലാഭവനാണ് ഇന്നത്തെ ദിനേശനെ സൃഷ്ടിച്ചത്..
എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കിലും കലാഭവനില്‍ നിന്നും ഷോമാന്മാരായ എത്രയെത്ര താരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
സംവാദത്തിലേക്ക് എടുത്തു ചാടിയതിനെപ്പറ്റി വിശദീകരിക്കാമോ?
എടുത്തുചാടിയതതൊന്നുമല്ല. മറിച്ച് എല്ലാം കണക്ക് കൂട്ടി ഇറങ്ങിത്തിരിച്ചതു തന്നെയാണ്. അതില്‍ പലര്‍ക്കും അസൂയ കാണും. അവരാണിത്തരം പ്രചരണത്തിനു പിന്നില്‍. സ്വന്തം മണ്ഡലത്തില്‍ പോയാല്‍ പോലും ആളുകള്‍ തിരിച്ചറിയാത്ത അവര്‍ക്കൊക്കെ, ഞാന്‍ മാര്‍പ്പാപ്പയുടെ കൂടെ നിന്നാലും ദിനേശന്റെ കൂടെ നില്‍ക്കുന്നത് ആരാണ് എന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയില്‍ എന്നോട് അസൂയ തോന്നുക എന്നത് സ്വാഭാവികം മാത്രം.
പാര്‍ട്ടിയിലെ എതിരാളികളെക്കുറിച്ചാണോ?
നോ കമന്റ്സ്
വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ലോട്ടറിക്കാര്യത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കേന്ദ്ര സര്‍ക്കാരും ക്ഷമിക്കണം കേരള സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്. ഓരോ തവണയും എന്റെ പാര്‍ട്ടിയിലെ പാവപ്പെട്ട നേതാക്കളെ മാഫിയായുടെ അഭിഭാഷകരായി കൊണ്ടു വരുന്നത് ആരാണെന്നാണു വിചാരം? ഇപ്പോള്‍ ഞങ്ങളുടെ വക്താവിനെ കൊണ്ടു വന്നത് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ആണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? ഇതിനു മുന്‍പ് ഞങ്ങളുടെ മറ്റൊരു നേതാവും, പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും ഹാജരായതിനു പിന്നിലും ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയുടെ കറുത്ത കരങ്ങള്‍ തന്നെയാണുള്ളത്.
അദ്ദേഹം ഇത്രമാത്രം ശക്തനാണോ?
ശക്തന് നാടാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഏറ്റവും ശക്തന് നമ്മുടെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയാണ്.
കേന്ദ്ര ലോട്ടറി നിയമവും ചട്ടവും ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണോ?
അത് ഉറപ്പിച്ചു പറയാന്‍ പറ്റുകയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇതിനു മുന്‍കൈ എടുക്കണം.
ധനകാര്യമന്ത്രിയുടെ വലയില്‍ വീഴാന്‍ മാത്രം മണ്ടന്മാരാണോ താങ്കളുടെ പാര്ട്ടിക്കാര്?
സംഘടനാരഹസ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കുക.
സി.പി.എം മാഫിയാ ബന്ധത്തെപ്പറ്റി താങ്കള്‍ പലപ്പോഴും വാചാലനാകാറുണ്ടല്ലോ. എന്താണതിന്റെ അടിസ്ഥാനം?
മാഫിയ എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ അതിനു മുന്‍പായി സി.പി.എം എന്ന് ചേര്‍ക്കണം എന്ന് ഞങ്ങളുടെ പാര്‍ട്ടിയുടെ പി.ആര്. ഉപദേഷ്ടാക്കള്‍ ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ്. ധനകാര്യമന്ത്രി പറയുന്നതുപോലെ ‘പൊതുസമ്മിതിയുടെ നിര്‍മ്മാണം‘ എന്ന ചോംസ്കിയന്‍ ആശയമൊന്നുമല്ല ഇതിനടിസ്ഥാനം. തെരുവില്‍ രാഷ്ട്രീയം കളിച്ചു വളര്‍ന്നവന്റെ പ്രായോഗിക ബുദ്ധി. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് അവകാശവാദങ്ങളൊന്നുമില്ല.
കേരളത്തിന്റെ കാര്യം പോട്ടെ. ലോട്ടറി വിഷയത്തില്‍ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?
ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. ലോട്ടറിക്ക് അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അത് കാണാതിരിക്കുന്നതില്‍ ബയാസുണ്ട്. ഇനി നിരോധനത്തിന്റെ കാര്യം പറയാം. കേന്ദ്ര ലോട്ടറി നിയമം ചട്ടം 4 പ്രകാരം കേന്ദ്രത്തിനാണ് ലോട്ടറി നിരോധിക്കാന്‍ അധികാരം എങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സംസ്ഥാനത്തില്‍ നിന്നും 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് കാരണങ്ങള്‍ നിരത്തി അയക്കുന്ന കത്തിനോടൊപ്പം ഈ കത്ത് വ്യാജനല്ല എന്നതിനു നോട്ടറി സര്‍ട്ടിഫൈ ചെയ്ത സര്‍ട്ടിഫിക്കറ്റും വേണം. ഇതിന്റെ കൂടെ മറുപടിക്കായി സ്വന്തം മേല്‍വിലാസമെഴുതിയ ഒരു വെള്ളക്കവറും വെക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ അഭാവത്തില്‍ കേരളത്തിനു മറുപടി അയക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുകയില്ല എന്നത് ഞാന്‍ പറഞ്ഞു തന്നിട്ടു വേണോ മനസ്സിലാക്കാന്‍?
താങ്കള്‍ പറഞ്ഞു വരുന്നത് കേന്ദ്രം നേരിട്ട് നടപടിയെടുത്താല്‍ ഫെഡറലിസത്തിന്റെ ലംഘനമാകും എന്നാണോ?
ഫെഡറലിസമൊന്നും വലിയ പ്രസക്തിയുള്ള കാര്യങ്ങളല്ല.
കേരളം കത്തയച്ചതേ ഉള്ളൂ പരാതി നല്‍കിയില്ല എന്നാണല്ലോ കേന്ദ്രമന്ത്രി പറയുന്നത്? കത്തയച്ചാല്‍ മതിയെന്ന് താങ്കളും.
അദ്ദേഹം പറഞ്ഞതും ഞാന്‍ പറഞ്ഞതും അക്ഷരംപ്രതി ശരിയാണ്. കേന്ദ്ര ലോട്ടറി അലിഖിത നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ചില കത്തുകളെ പരാതിയായി കണക്കാക്കാന്‍ കഴിയുകയില്ല. ലോട്ടറി മാഫിയാക്കെതിരെയുള്ള 200 പേജ് റിപ്പോര്‍ട്ട് കത്തിനോടൊപ്പം വെച്ചിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ പരാതിയായി കണക്കാക്കാന്‍ പറ്റുകയില്ല. ഡീറ്റെയിത്സ് ഓഫ് വയലേഷന്‍സ് ആന്‍ഡ് ഇറെഗുലാരിറ്റീസ് 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് തന്നെ നിരത്തണം. അതില്ലെങ്കില്‍ കത്തിനെ പരാതിയായി കണക്കാക്കുകയില്ല. അങ്ങിനെ കണക്കാക്കാത്തിടത്തോളം കാലം കേന്ദ്രസര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് വായിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയോ, സ്റ്റഡി ഗ്രൂപ്പുണ്ടാക്കുകയോ, മറുപടി അയക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഉപവകുപ്പുകള്‍ സൂചിപ്പിക്കുന്നത്. പ്രൊസീജിയര്‍ ഫോര്‍മാറ്റിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് താങ്കളിപ്പോള്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.
മുകളില്‍ കത്തെന്നും തുടര്‍ന്ന് പരാതിയെന്നും പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?
ഇല്ല. കത്തിന്റെ താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചെന്ന് കരുതി അത് പരാതി ആകുകയില്ല. പരാതിക്ക് താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചില്ലെങ്കില്‍ അത് കത്താകാനും പോകുന്നില്ല. ഇവിടത്തെ പ്രധാന പ്രശ്നം അതല്ല. ‘സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കുന്ന പരാതി’ എന്ന് ഇവിടെ നിന്ന് അയക്കുന്ന കത്തില്‍ ഉണ്ടായിരുന്നോ എന്നതാണ്. അതായത് കത്ത്-പരാതി എന്നീ ദ്വന്ദങ്ങള്‍ക്ക് നിയമത്തിന്റെ കണ്ണില്‍ വ്യത്യസ്തമായ അസ്തിത്വങ്ങളാണുള്ളതെന്ന് സാരം. എനിക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം അത്തരമൊരു പ്രയോഗം ഇവിടെ നിന്ന് അയച്ച കത്തില്‍ ഇല്ലായിരുന്നു. സ്വാഭാവികമായും അത് പരാതി ആകുകയില്ല.
ആദ്യം ചോദിച്ച ഒരു ചോദ്യത്തിനു തുടര്‍ച്ചയായി ഒന്നു ചോദിച്ചോട്ടെ? താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്ക് വേണ്ടി വക്കീല്‍ വേഷത്തില്‍ ഹാജരാകുന്നതിനെപ്പറ്റി....
ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. വക്കീല്‍ എന്നത് ഒരു വേഷമാണ്. അത് ധരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ പാര്‍ട്ടിക്കാരനായി കണക്കാക്കാന്‍ പറ്റുകയില്ല. വേഷം അഴിച്ചുവെച്ചു കഴിഞ്ഞാലേ പിന്നീട് പാര്‍ട്ടിക്കാരനാകൂ. മൂന്നുരൂപ മെംബര്‍ഷിപ്പ് വീണ്ടും എടുക്കേണ്ടതില്ല എന്നു മാത്രം. വക്കീല്‍ വേഷം ധരിക്കാതെയാണ് ഇവര്‍ മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായതെങ്കില്‍ ചോദ്യത്തിനു എന്തെങ്കിലും പ്രസക്തി ഉണ്ടാകുമായിരുന്നു. എങ്കിലും വക്താവ് ഹാജരായതില്‍ അപാകതയുണ്ടെന്ന് ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇറക്കുന്ന നമ്പര്‍ എന്നൊക്കെ ഇതിനെപ്പറ്റി പറയുന്നത് ഇടതുപക്ഷത്തിന്റെ ദുഷ്പ്രചരണമാണ്. വക്താവിനെ താല്‍ക്കാലികമായിട്ടാണെങ്കിലും മുന്‍ വക്താവാക്കിയത് എന്റെ ഇടപെടല്‍ മൂലമാണ്.
സംവാദത്തില്‍ താങ്കള്‍ ജയിച്ചു എന്ന് മാധ്യമങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെപ്പറ്റി?
(ചിരിക്കുന്നു..)
വക്താവ് വന്നതിനുശേഷം താങ്കള്‍ ഒന്ന് ഡിം ആയില്ലേ? ഇടക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാതെ മുങ്ങി എന്നൊരു ആക്ഷേപം ഉണ്ട്.
ഇടതുപക്ഷക്കാരന് അങ്ങിനെ പലതും പറയും. അതിലൊന്നും ഒരു കാര്യവും ഇല്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുക എന്ന തന്ത്രം പ്രയോഗിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി മൂളയൊക്കെ വേണം.
ഹൈക്കോടതിയില്‍ കേസ് തോറ്റത് മേഘയ്ക്കനുകൂലമായുള്ള ആഭ്യന്തരമന്ത്രിയുടെ കത്ത് കോടതിയില്‍ ലഭിച്ചതിനാല്‍ എന്നുള്ള വാദത്തെപ്പറ്റി?
അതില്‍ കഴമ്പില്ല. ആഭ്യന്തരമന്ത്രി അയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അയക്കുമായിരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നം കൂടി ഇതിലുള്‍പ്പെടുന്നുണ്ട്.
1984ലെ കോടതിവിധിയെപ്പറ്റി ചോദിച്ചപ്പോള്‍ താങ്കള്‍ 2010ലെ കോടതി വിധി വായിച്ച് വ്യാഖ്യാനിച്ചു എന്ന ആരോപണത്തെപ്പറ്റി..
കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായ ശ്രീനാരായണഗുരു പറഞ്ഞത് ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നായിരുന്നു. ഇതിന്റെ സൈറ്റേഷന്‍ വേണമെങ്കില്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോട്ടെ. ഗുരുവിനെപ്പോലെ ‘വിധി ഏതായാലും വ്യാഖ്യാനം നന്നായാല്‍ മതി‘ എന്ന ആശയം പിന്‍പറ്റുന്ന ആളാണ് ഞാന്‍. വിധി മാറിപ്പോയാലും കോടതി മാറരുത്. സുപ്രീം കോടതി വിധിയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ ഹൈക്കോടതി വിധിയെടുത്ത് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില് അതിനെ വിമര്‍ശിക്കാം. അല്ലാതെ, വര്‍ഷം മാറിയതിനെ വിമര്‍ശിക്കുന്നത് വിധിമാഫിയയുടെ പ്രേരണയാലാകാനേ തരമുള്ളൂ.
കേന്ദ്രമന്ത്രി പറഞ്ഞു ഭൂട്ടാന് ലോട്ടറി നിരോധിക്കാന്‍ പറ്റുകയില്ലെന്ന്. താങ്കളുടെ അഭിപ്രായത്തില്‍ ഭൂട്ടാന് ലോട്ടറി നിരോധിക്കാന്‍ പറ്റുമോ?
(ചെറിയ ചിരിയോടെ)..പറ്റുകയില്ല
ഒറ്റവാക്കില്‍ ഉത്തരം പറയാതെ വിശദീകരിക്കാമോ?
പറ്റുകയില്ല.
എന്തുകൊണ്ടാണ് വിശദീകരിക്കാന്‍ പറ്റാത്തതെന്നെങ്കിലും പറയാമോ?
പറ്റുകയില്ല.
കൊള്ളുന്ന ചോദ്യങ്ങളും പൊള്ളുന്ന ഉത്തരങ്ങളും നിറഞ്ഞു നിന്ന അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സൂര്യന് മേഘമാലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു. തിരിച്ച് നടക്കുമ്പോഴും മനസ്സു നിറയെ സന്തോഷമായിരുന്നു. ഇങ്ങനെ ഒരു മൊതലിനെ കണ്ട സന്തോഷം.
Saturday, September 25, 2010
ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്‍ക്കണ്ടവും
ഏതായാലും ഇത്തവണ അവന്മാരെക്കൊണ്ട് പൂരി തീറ്റിച്ചിട്ടേ ഉള്ളൂ. ഞാനൊരു പാചകക്കുറിപ്പ് തയ്യാറാക്കും. ഉണ്ടാക്കാന്‍ അറിഞ്ഞിട്ടൊന്നുമല്ല. അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ എഴുതാവൂന്നൊക്കെ വന്നാല്‍ ഞാനെന്റെ ലാപ്ടോപ്പും വലിച്ചെറിഞ്ഞ് പത്രോം വായിച്ചിരിക്കേണ്ടി വരും. ‘ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും എങ്ങിനെ ഉണ്ടാക്കാം‘ എന്നതാണ് ഇത്തവണത്തെ എന്റെ പോസ്റ്റ്.
ഇടതുവിരുദ്ധരസായനം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രസായനം ഏതെന്ന് ചോദിച്ചാല്‍ അത് ഇടതുവിരുദ്ധ രസായനം തന്നെ. എനിക്കെന്നല്ല എന്നെപ്പോലുള്ളതും ഇത്തിരി ഡിഫറന്റ് ആയതുമായ എല്ലാ ഇടതുവിരുദ്ധര്‍ക്കും അങ്ങിനെ തന്നെ ആയിരിക്കും. ഇടതുവിരുദ്ധരസായനത്തിന്റെ കൂടെ നിഷ്പക്ഷതാനാട്യത്തിന്റെ കല്‍ക്കണ്ടവും ആയാല്‍ പിന്നെ അതിന്റെ ടേസ്റ്റ് പറയാനില്ല. ഇടതുവിരുദ്ധരസായനത്തിന്റെ ടേസ്റ്റ് തികച്ചും യുനീക്കായ ഒന്നാണ്.
ഇക്കാലത്ത് സ്വന്തമായി ഇടതുവിരുദ്ധരസായനം ആരും പാചകം ചെയ്യാറില്ല എന്നതാണു സത്യം. മാധ്യമങ്ങള്‍ വിളമ്പിത്തരുന്ന രസായനമെടുത്ത് മേമ്പൊടിക്ക് ഇത്തിരി ചൈനാ വിരുദ്ധതയും ബംഗാള്‍ അപവാദവും ചേര്‍ത്ത് വിളമ്പുകയാണ് പതിവ്. ഇടതുവിരുദ്ധരസായനം ഉണ്ടാക്കാന്‍ നല്ല കറകളഞ്ഞ ഇടതുവിരുദ്ധത തന്നെ വേണം എന്നതിനാലാണ് ഇത്. നമ്മള് തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കിയാലേ ടേസ്റ്റ് കിട്ടൂ. മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്നവയില്‍ എന്ത് ഇടതുവിരുദ്ധതയാണുള്ളതെന്ന് അത് തയ്യാറാക്കിയ സിന്‍ഡിക്കേറ്റിനെ അറിയൂ. പുറംപൂച്ച് കളയാതെ ഇടതുവിരുദ്ധത ഉണക്കിപ്പൊടിച്ച് രസായനം ഉണ്ടാക്കുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.
ഇടതുപക്ഷം എന്നു പറഞ്ഞാല്‍ നല്ല നന്മയും പുരോഗമനചിന്തയും ഉള്ളതാണ്. അപ്പോള്‍ ഇടതു വിരുദ്ധത എന്നു പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ചേക്കാം. അതും ഇടതുപക്ഷം തന്നെ. പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ വിശദീകരിച്ചു തരാം. ഇടതുപക്ഷത്തിന്റെ ന്യൂക്ലിയസ്സില്‍ വിരുദ്ധത കയറ്റുന്നതാണ് ഇടതുവിരുദ്ധത. അതായത് ഇടതുപക്ഷമാണെന്നോ പണ്ട് ഇടതുപക്ഷമായിരുന്നെന്നോ പറയുകയും എന്നാല്‍ അതിന്റെ ഒരു ലക്ഷണവും സംസാരത്തിലോ പ്രവര്‍ത്തിയിലോ ഇല്ലാതിരിക്കുകയും ചെയ്യുക. ഇടതുപക്ഷം കൊണ്ട് രസായനം ഉണ്ടാക്കിയാല്‍ പൊറോട്ട പോലെ ഇരിക്കും. അത് ആരോഗ്യത്തിനു നന്നല്ല. മലയാളി തന്റെ സംസ്ഥാനരസായനമായി ഇടതുപക്ഷത്തെ കാണുന്നുണ്ട്. കഷ്ടം എന്നേ പറയാന്‍ കഴിയൂ. വിരുദ്ധത ഇല്ലാത്ത ഇടതുപക്ഷം ആരോഗ്യപ്രശ്നം ഉണ്ടാക്കും. നമ്മള് തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കി കഴിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്. നാമൊക്കെ ഇന്ന് കുഴിമടിയന്മാരായിരിക്കുന്നു. പത്രങ്ങളിലെ ഇടതുവിരുദ്ധതകൊണ്ട് തൃപ്തിപ്പെടുന്നവരാണ് മലയാളികളില്‍ പലരും. ഇടതുവിരുദ്ധ രസായനം ഉണ്ടാക്കാന്‍ മാത്രമല്ല മൂക്കുമുട്ടെ തിന്നാനും എനിക്ക് നല്ല താല്പര്യമായിരുന്നു. രസായനം കഴിക്കുന്നവര്‍ കൊള്ളാം എന്ന് കമന്റും പറഞ്ഞാല്‍ കുശാലായി. കൊള്ളില്ലെന്ന് പറഞ്ഞാല്‍ പിന്നെ എനിക്കത് ഡിലിറ്റേണ്ടി വരും.
ഇനി നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം ഉണ്ടാക്കുന്ന വിധം പറയാം.
ആവശ്യമുള്ളത്
എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവം : അരക്കപ്പ്
(ഇത് കിട്ടിയില്ലെങ്കില്‍ ‘എല്ലാം കണക്കാ’ എന്ന ഭാവമായാലും മതി)
ഒരു വശം മാത്രം കാണുന്ന സ്വഭാവം : അരക്കപ്പ്
പച്ചക്കള്ളം : അരക്കപ്പ്
ഉളുപ്പില്ലായ്മ: ആവശ്യത്തിന്
കാപട്യം : നന്നായി വേവിച്ചത് കാല്‍കപ്പ്
തൊലിക്കട്ടി: വേണ്ടുവോളം
അരച്ചെടുക്കാന്‍
വ്യാജവാര്‍ത്ത : കിട്ടാവുന്നത്രയും
ചാനല്‍ ചര്‍ച്ച : രണ്ടോ മൂന്നോ
പെയ്ഡ് ന്യൂസ് : ആവശ്യത്തിന്
താളിക്കാന്‍
ആവണക്കെണ്ണ, ജീരകം തൊലികളഞ്ഞത്,
അച്ച് പല തരത്തിലുള്ളത്
ഉണ്ടാക്കുന്ന വിധം
വേവിച്ച് തൊലികളഞ്ഞ ‘എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവവും‘ ‘ഒരു വശം മാത്രം കാണുന്ന സ്വഭാവവും ചേര്‍ത്ത് നുറുക്കുക. പച്ചക്കള്ളം പച്ചയും കള്ളവും. എന്ന മട്ടില്‍ രണ്ടായി വെട്ടുക. ഉളുപ്പില്ലായ്മ, കാപട്യം എന്നിവ നന്നെ ചെറുതായി അരിയുക.(ചേര്‍ത്തിട്ടുണ്ടെന്ന് അറിയാതിരിക്കാനാണിത്) വ്യാജവാര്‍ത്ത, ചാനല്‍ ചര്‍ച്ച, പെയ്ഡ് ന്യൂസ് എന്നിവ നല്ല പേസ്റ്റ് പോലെ അരയ്ക്കുക. തൊലിക്കട്ടി സന്ദര്‍ഭത്തിനനുസരിച്ച് വേണം ചേര്‍ക്കാന്‍. അരിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.
ചീനച്ചട്ടിയില്‍ (ചീനച്ചട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. എന്നാലും തല്ക്കാലം ലവന്മാര് മാത്രമേ ചട്ടി കണ്ടുപിടിച്ചിട്ടുള്ളൂ. ആരും കാണാതെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം) ആവണക്കെണ്ണ ഒഴിച്ച് ജീരകം തൊലികളഞ്ഞതും ചേര്‍ത്ത് വഴറ്റുക. നുറുക്കി വെച്ചിരിക്കുന്നതിന്റെ കൂടെ നന്നായി നുറുക്കി വെച്ചിരിക്കുന്ന കാപട്യം, ഉളുപ്പില്ലായ്മ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തൊലിക്കട്ടി ചേര്‍ക്കാന്‍ മറക്കരുത്. നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വാങ്ങിവെയ്ക്കുക. അല്പം തണുത്താല്‍ പല തരത്തിലും സൈസിലും ഉണ്ടാക്കിവെച്ചിട്ടുള്ള അച്ചുകളിലിട്ട് വാര്‍ക്കുക. ഒന്നാം തരം നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം റെഡി.
ഇടതുവിരുദ്ധ രസായനം തയ്യാറാകുന്ന മുറയ്ക്ക് നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും ചേര്‍ത്ത് വിളമ്പുക. നമ്മുടെ മനസ്സില്‍ നിരവധി മുകുളങ്ങളുണ്ട്. അവയെ ഉദ്ദീപിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ വിരുദ്ധത ഉണ്ടാക്കാന്‍ ശീലിക്കേണ്ടതാണ്. ആവണക്കെണ്ണ ചേര്‍ത്തിട്ടുള്ളതിനാല്‍ രാവിലെ കഴിച്ചാല്‍ നല്ല ശോധനയും ലഭിക്കും.
പിന് കുറിപ്പ്
തിരക്കിനിടയില്‍ ഇടതുവിരുദ്ധരസായനം ഉണ്ടാക്കുന്ന വിധം പറയാന്‍ മറന്നു അല്ലേ? സോറീട്ടാ. ഇനീം ടൈമുണ്ടല്ലോ.
പത്തോളജിക്കല്‍ ഡിസ്ലൈക്കിനു മരുന്നുണ്ടോ?
നീയെന്തരു കേട്ട്?
നിങ്ങടെ ചാനലു പാട്ടുപരിപാടികളു നടത്തീട്ട് സമ്മാനങ്ങളു കൊടുത്തില്ലെന്നോ, കാശുകളു വെട്ടിച്ചെന്നോ ഒക്കെ ദോണ്ടേ ലവന്മാരു പറഞ്ഞു നടക്കണ്..
ചാനലുകളെന്ന് പറഞ്ഞാ സ്വതന്ത്ര സ്ഥാപനങ്ങളാടെയ്..ലതവടെ നിക്കട്ട്.. വിഷയങ്ങളെന്തരാണെന്ന് നിനക്കറിയാവോ?
അറിയാവോന്ന് ച്വായ്ച്ചാ..പത്രത്തീ വായിച്ചതും മ്മടെ പുള്ളേടെ മെയിലില്‍ വന്നെന്ന് പറഞ്ഞ് കാണിച്ചതുമൊക്കെ അറിയാം സഖാവേ..
എന്നാ നീ കേട്ടതൊന്ന് വ്യക്തമായിട്ട് പറ
നിങ്ങടെ ചാനലൊരു പരുവാടി നടത്തി.. വീട് സമ്മാനം പ്രഖ്യാപിച്ച്..ടൈമായപ്പോ കൊടത്തില്ല..ച്വായ്ച്ചപ്പോ പറഞ്ഞ് സ്പാണ്‍സറാണ് സമ്മാനങ്ങളു കൊടക്കണതെന്ന്..സമ്മാനം കിട്ടാത്തോരു പത്രസമ്മേളനം നടത്തി..ലത് പത്രങ്ങളിലൊക്കെ വന്ന്..പിന്നെ..ഈ മെയിലും ആ മെയിലും വന്ന്..
എന്തരേടേയ് നിങ്ങടെ ചാനല്‍ നിങ്ങടെ ചാനല്‍ എന്ന് പറയാനൊരു ആവേശം? തല്ക്കാലം നീ ക്യേട്ടതിനെക്കുറിച്ചും പത്രസമ്മേളനത്തെക്കുറിച്ചും പറയാം..ചാനലു പരുവാടി നടത്തീതും പത്രസമ്മേളനം നടത്തിയ ഫാമിലിക്ക് സമ്മാനം കിട്ടിയതും ചാനലു പോലും നിഷേധിച്ചിട്ടില്ലെടെയ്..സമ്മാനം കിട്ടാനെക്കൊണ്ട് സ്പാണ്‍സറുമായി മുട്ടിക്കേം ഭൂമി രജിസ്റ്ററാക്കുകേം ചെയ്ത്..
ലത് പത്രക്കുറിപ്പേലൊണ്ടാരുന്നണ്ണാ..
അപ്പ നീ പോലും അത്രേം സമ്മതിച്ച്..സന്തോയം..സമ്മാനം കിട്ടുമ്പോ നികുതികളു അടയ്ക്കണമെടെയ്..ലത് എനിക്കായാലും നെനക്കായാലും ലങ്ങനെത്തന്നെ..സര്‍ക്കാരിന്റെ നിയമമാണ്..ലത് ക്യേരളത്തീ മാത്രമല്ല..ഇന്ത്യേലെവടേം അങ്ങനത്തന്നാ..യേത് ചാനലിലും ലിത് തന്നെ നിബന്ധന..മനസ്സിലാവണോണ്ടാ?
ഒണ്ടണ്ണാ..
സമ്മാനം കിട്ടിയവരെന്തരു പറഞ്ഞെന്നറിയാവോ..നികുതിയടക്കാന്‍ പൈസേല്ലാ..സമ്മാനം കാശായി മതീന്ന്..
പാവങ്ങളല്ലേ അണ്ണാ..കാശായിട്ട് കൊടത്താ ങ്ങക്കെന്തരു?
ഡേയ്..ഡേയ്..നീയാദ്യം പറഞ്ഞതന്തരു?
സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..
സമ്മാനം കിട്ടീല്ലാന്ന് പറഞ്ഞാ..വീട് കിട്ടീല്ലാന്നല്ലേടേ?
വോ തെന്നെ അണ്ണാ..
ഇപ്പ പറേണതെന്തരു?
സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..പിന്നെ കാശായിട്ട് കൊടുത്തൂടേന്ന് ച്വായ്ച്ചെന്നുള്ളത് സത്യം..
പരുവാടീടെ സമ്മാനം വീട്..നിനക്കിപ്പോ വേണ്ടത് കാശ്..
പാവങ്ങളുടെ ചാനലല്ലേ അണ്ണാ..കാശായിട്ട് കൊടുക്കെന്ന്..
ഭൂമി റജിസ്റ്റര്‍ ചെയ്തപ്പോ വേണ്ടാന്ന് പറഞ്ഞാ?
ഇല്ലാന്ന് തോന്നണണ്ണാ..
2008ല്‍ തന്നെ ഭൂമി രജിസ്റ്റര്‍ ചെയ്തെന്ന് ലവരു തന്നെ സമ്മതിച്ചിട്ടൊണ്ടെന്ന് നീ തന്നെ പറഞ്ഞതല്ലേടെയ്..
തെന്നെ അണ്ണാ...
വീടു പണിക്കിത്തിരി ടൈമൊക്കെ എടുക്കൂല്ലേടേയ്..അത് കഴിഞ്ഞ് കൊടുത്തപ്പോ കാശ് മതീന്നായതല്ലെടേയ്?
ലങ്ങനെ ച്വായ്ച്ചാ അണ്ണാ...ചക്ക കൊഴേണ പോലെ കൊഴയും അണ്ണാ..
നീ ഒര് അറിവില്ലാപൈതമായതോണ്ട് വിശദീകരിച്ച് തന്നെ തെരാമെടേയ്..സമാധാനപ്പെട് ...ഭൂമിയൊക്കെ രജിസ്റ്റര്‍ ചെയ്ത് വീടുമായപ്പോ..നികുതിയടച്ച് വീട് കൈപ്പറ്റിക്കോളാന്‍ പറഞ്ഞപ്പോ ലവരു പറഞ്ഞ് കാശായിട്ട് മതീന്ന്..
അണ്ണനിത് നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ..
എത്ര പറഞ്ഞാലും പിന്നേം പിന്നേം ച്വായ്ച്ചോണ്ടിരിക്കണ നിന്നെപ്പോലുള്ളോരെ ബോത്യപ്പെടുത്താന്‍ ഇനീം പറയേണ്ടി വരുമെടേയ്..
ഊതല്ലണ്ണാ..
ലങ്ങനെ കാശായിട്ട് കൊടുക്കാമെന്നല്ല കരാറ്...നികുതിയടക്കുക, വീട് കൈപ്പറ്റുക..സിമ്പിളായിട്ട് തീര്‍ക്കാവുന്ന കാര്യല്ലേടേയ് സമ്മേളനം വിളിച്ച് വാര്‍ത്തയാക്കി നാറ്റിച്ചത്..ഈമെയിലിലാക്കാന്‍ ആര്‍മ്മാദക്കമ്മിറ്റിക്കാരും റെഡിയാരുന്നു..
അണ്ണന് പറഞ്ഞതീ പായിന്റൊക്കെ ഒണ്ട്..ന്നാലും ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്ന്..
എന്തരു?
ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്നൊന്ന്..
ലത് യേത് കോത്താഴത്തെ ന്യായാടേയ്? ചാനലിനെതിരെ അപവാദം നടത്തിയോര്‍ക്കെതിരെ നടപടി സ്വീകരിക്കുംന്നല്ലെടേയ് പറഞ്ഞത്..അല്ലാണ്ട് വഴിയേപോണോരെ വല്ലോം പറഞ്ഞാ..
അതില്ലണ്ണാ..പക്ഷേങ്കി പത്രക്കാരു വാര്‍ത്ത മുക്കിയപ്പോ..അതിനെ ബൈപാസ് ചെയ്ത് സത്യം ജനങ്ങളിലെത്തിക്കാനല്ലേ അണ്ണാ ഈമെയില്‍ പ്രചരണം..അണ്ണനതീ കെറുവിക്കണതെന്തരിനു?
പത്രങ്ങളു..വാര്‍ത്തകളു മുക്കീന്നാ...ഡേയ് ഡേയ് ഏതൊക്കെ പത്രം വാര്‍ത്ത കൊടുത്തെന്ന് അറിഞ്ഞിട്ട് തന്നെ നെന്റെ വര്‍ത്തമാനം..കൊടുക്കാത്ത പത്രത്തിന്റെ പേരു പറയണതാവുമെടേയ് എളുപ്പം..പത്രസമ്മേളനം നടത്തിയതു തന്നെ പത്രത്തീലും ചാനലീലും വരാനല്ലെടേയ്..വരുകേം ചെയ്ത്..വന്നു കഴിഞ്ഞപ്പോ ഒരു എഫക്റ്റിനല്ലെടേയ് നീ പത്രക്കാരു മുക്കീന്ന് ഗുണ്ടടിക്കണത്..ആ പത്രവാര്‍ത്തകളു വെച്ച് എത്ര പേരു ബസ്സോട്ടിച്ചെന്നതിനു വല്ല കണക്കും ഉണ്ടോടേയ്?
ഒരു ജനാധിപത്യവ്യവസ്ഥേല്‍ അതിനൊക്കെ സൊതന്തിരം ഒണ്ടണ്ണാ..
ലാ സൊതന്തിരം ചാനലിനു ഇല്ലേടേയ്?..ലവരെപ്പറ്റി ലാര്‍ക്കും ലെന്തും പറയാം..ലവരു ലതൊക്കെ കേട്ട് വിനയകുനിയന്മാരായി നിന്നോണംന്നാണോടേയ്..നിയമം അനുവദിക്കുന്ന നടപടികള്‍ എടുക്കാന്‍ ലവര്‍ക്ക് അവകാശമില്ലെടേയ്?
അവകാശങ്ങളൊക്കെ ഒണ്ടണ്ണാ..എന്നാലും കേസ് കൊടുക്കുംന്ന് പറഞ്ഞത് ഫാസിസമാണണ്ണാ..
ലെന്തരു?
ഫാസിസം..
അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ട് തന്നെടേയ് എടുത്ത് വീശണത്?
അര്‍ഥമൊക്കെ അറിയാവെങ്കി ഞാനണ്ണനോട് സംസാരിച്ച് സമയം കളയുവോ..നേരെ കാരാട്ടിന്റൂട സംസാരിക്കത്തില്ലേ അണ്ണാ..
ഉത്തരം മുട്ടുമ്പോ തമാശകളു പറയണം കേട്ടാ..പിന്നെ നെനക്കൊരു കാര്യമറിയാവോ?
എന്തരു?
ആദ്യായിട്ട് ഈ റിയാലിറ്റീന്റെ പരുവാടി തൊടങ്ങിയതും ഈ ചാനലു തന്നെ..പത്ത് കൊല്ലമായി ചാനലു പരുവാടികളു നടത്തി സമ്മാനങ്ങളു കൊടുത്തോണ്ടിരിക്കണ്..ഒറ്റ കേസിലു നീ വല്ല ഒച്ചേം കേട്ടിട്ടൊണ്ടാ..എല്ലാരും പങ്കെടുത്ത് നിയമാനുസരണം സമ്മാനം വാങ്ങിപ്പോയിട്ടൊണ്ട്..
അതൊക്കെ ശരിയായിരിക്കും അണ്ണാ..ന്നാലും പാവങ്ങള്‍ക്ക് നികുതിയടക്കാന്‍ കയ്യീ കാശു കാണൂല്ലാന്ന് മനസ്സിലാക്കി ചാനലു അതിനൊരേര്‍പ്പാടൊണ്ടാക്കണമാരുന്നണ്ണാ..കോര്‍പ്പറേറ്റുകളും പാവങ്ങളും തമ്മിലൊള്ള വൈരുദ്ധ്യത്തീ നമ്മളൊക്കെ പാവങ്ങളുടെ സൈഡാണണ്ണാ..
ഇതിനു മുന്‍പേ സമ്മാനം വാങ്ങിപ്പോയോരും പാവങ്ങളൊക്കെ തന്നെ ആരുന്നെടെയ്..മറ്റു ചാനലീ സമ്മാനം കിട്ടിയവരും നികുതിക്ക് കാശില്ലാതെ നടന്നിരുന്നു..അന്നൊരു ഒച്ചേം ബഹളോം കേട്ടില്ലല്ലോടേയ്..
അതുപിന്നെ അണ്ണാ ക്ഷീരമുള്ളോരകിടിന് ചുവട്ടില്‍ മാന്തിയാലേ ചോരവരൂ..അതിനു പോലും ഈ നാട്ടില്‍ പറ്റൂലാന്നായാ അണ്ണാ? ദെന്തരു ഭരണമണ്ണാ..
പാവങ്ങളുടെ സൈഡെന്ന് പറയണ നെന്നെയൊന്നും വിലക്കയറ്റത്തിനെതിരായ സമരത്തിന്റൊപ്പം കണ്ടില്ലായിരുന്നല്ലോടെയ്..അന്ന് നീ സമരത്തിനെതിരെ സംസാരിച്ചോണ്ട് നടപ്പാര്‍ന്നു.. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേകലേനെ തീറെഴുതുന്നതിനെതിരെ പറയുമ്പോഴും നീയൊന്നും അവിടെ ഇല്ലാര്‍ന്നു..കോര്‍പ്പറേറ്റെന്ന് പറഞ്ഞാ ലെന്തരാണെന്നെങ്കിലും മനസ്സിലാക്കി വെയ്യടെയ്..നാളെ ഒപകാരപ്പെടും..
എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..
ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..
അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..
എന്തരു?
ഓര്‍ഗാസം..
ചെലര്ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...
നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂൂൂൂൂൂൂ.
നീയന്തരു പുല്ലേ തുപ്പിയാലും ഒന്നൊറപ്പാടേയ്...
എന്തരു?
പത്തോളജിക്കല്‍ ഡിസ്ലൈക്കിനു മരുന്നില്ലാന്ന്..
Monday, September 6, 2010
ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്‍
തന്നെടേയ്..
അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..
ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..
ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്..ഇത്തവണ ചമരത്തിന്റെ കാരണമെന്തര്? നിങ്ങക്ക് ചിക്കിലി കൂട്ടിക്കിട്ടാന്‍ തന്നേ?
ജ്വാലിക്ക് പോണ നെനക്കിതൊന്നും അറിയാന്‍ മേലേടേ? വെലക്കയറ്റം തടയുക, റേഷന്‍ പച്ചരീം കോതമ്പുമൊക്കെ എല്ലാര്ക്കും കൊടുക്കുക, തൊഴില്‍ നിയമങ്ങളു പാലിക്കുക, അസംകടിതമേകലയിലെ പയലുകള്‍ക്ക് വേണ്ടി നെയമം കൊണ്ടു വരിക, പൊതുമേകലേനേ രക്ഷിക്കുക..അങ്ങനെയുള്ള ആവശ്യങ്ങളാണെടേയ്..
അപ്പോ നിങ്ങളു സഹാക്കളണ്ണന്മാരു സമരങ്ങളു നടത്തിയാ ഒക്കെ ശരിയാവും ഇല്ലെ ?
ശരിയാക്കാനല്ലേടേയ് ശ്രമിക്കണത്..കാങ്ക്രസിന്റെ യൂണിയനും സമരത്തില്‍ ഒണ്ടെടേയ്..നെന്റെ പാര്‍ട്ടിയല്ലെടെയ്?
കാങ്ക്രസൊക്കെ ലവടെ കെടക്കട്ട്..നമ്മക്ക് പാര്‍ട്ടീം മണ്ണാങ്കട്ടിയും ഒന്നുമില്ലണ്ണാ..സമരം കഴിഞ്ഞ് പിറ്റേന്ന് ഇതൊക്കെ ശരിയാവുവോന്നാ ച്വാദ്യം.. കെടന്ന് ഉരുളല്ല് സഗാവ്..
ഒറ്റ ദെവസം കൊണ്ട് എല്ലാം നേരെയാവൂങ്കി നീയൊക്കെ എന്നേ നേരെയായേനേ..നേരെയായില്ലല്ല്..ലതു പോലെ തന്നെടേയ് ഇതും..
അപ്പ ഒടനേ ശരിയാവൂല്ലാന്ന്..
ഒടനെ ശരിയാവുവോ, സമരം ചെയ്താ ശരിയാവുവോ, വേറെ മാര്‍ക്കമില്ലേന്നൊക്കെ ച്വായ്ക്കണ നീ ഒന്ന് രണ്ട് ച്വാദ്യങ്ങള്‍ക്ക് സമാധാനം പറ
സമാധാനമായിട്ട് ചോദീരണ്ണാ..
നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?
യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..
ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?
ചരിത്രമൊക്കെ ആര്‍ക്കറിയാമണ്ണാ..ആയിരുന്നിരിക്കണം..
അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?
ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..
ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?
വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?
സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?
ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..
അടിമ വ്യവസ്ഥിതിയൊക്കെ പോയെടേയ്..പിന്നെ ജന്മിത്തം വന്ന്..മൊയലാളിത്തം വന്ന്..
ജന്മിമാരു മൊട പയലുകളാണണ്ണാ..നടുവൊടിയെ ജ്വാലികളു ചെയ്താലും കൂലികളു കൊടുക്കൂലണ്ണാ...മുത്തശ്ശന് കൊറേ കഷ്ടപ്പെട്ടെന്ന് അമ്മ പറേണ കേക്കാമണ്ണാ..
അപ്പ നെന്റെ മുത്തശ്ശന് കഷ്ടപ്പെടണ പോലെ നീ കഷ്ടപ്പെടണോണ്ടാ..
ഇല്ലെന്ന് തോന്നണണ്ണാ..
അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?
അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..
നെന്റെ അച്ഛനെന്താരുന്ന് ജ്വാലി..
ഡെയ്ലി വേജസാരുന്നണ്ണാ..ഒന്നും സമ്പാദിച്ചില്ലാ..
നെന്റെ കാര്യം ലവരേക്കാളുമൊക്കെ മെച്ചമല്ലേ?
മെച്ചമാണെന്ന് തോന്നണണ്ണാ..
അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?
അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..
ലത് തന്നെടെയ്..കാര്യം..അടിമകളു മുഴുവന്‍ സമയോം കഷ്ടപ്പെട്ടിരുന്നോടത്ത്ന്ന് ഇന്നത്ത അവസ്ഥയിലെത്തിയത് കൊറേ സമരോം, കലഹോം, ലഹളേം ഒക്കെ നടത്തീട്ടാണ്..ഒറ്റ ദിവസം കൊണ്ടല്ല...അത് നിനക്ക് ബോധ്യായല്ല്?
ബോദ്യായെന്ന് തോന്നണണ്ണാ..
ലത് പോലെ തന്നെടേയ് ഇതും..കൊറേ സമരോം ഹര്‍ത്താലും പണിമൊടക്കുമൊക്കെ ജാതേം ഒക്കെ നടക്കുമ്പോ സംഗതി മെച്ചപ്പെടും..
മെച്ചപ്പെട്ടാ മതിയാര്ന്ന്...ഇത്തിപ്പോരം സൊതന്ത്രമായി സാമ്പത്തികം കൈകാര്യം ചെയ്യാര്‍ന്നു..
ചരിത്രമറിയില്ലെന്ന് പറഞ്ഞ നെന്റെ പൊതുവിജ്ഞാനം അളക്കട്ടേടെയ്...സ്വാതന്ത്യം ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് കിട്ടിയാര്‍ന്നോടേയ്?
ഇല്ലണ്ണാ...അക്കാര്യത്തീ എനിക്കൊറപ്പ്ണ്ട്..ശിപ്പായി ലഹളാ, ജാലിയന്‍ വാലാബാഗ്, ഉപ്പ് സത്യാഗ്രഹംന്നൊക്കെ ഉസ്കൂളി പടിച്ചത് ഓര്‍മ്മ വന്ന്..
അപ്പോ നെനക്ക് ചെല ചരിത്രമറിയാം ചെല കാര്യങ്ങളു പിടി കിട്ടിത്തൊടങ്ങി.. നീ ഇനി ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്കുവോ?
ഇല്ലെന്ന് തോന്നണണ്ണാ...
ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്ക്കുവോ?
ഇല്ലെന്ന് തോന്നണണ്ണാ...
യെന്തരടെയ്..യെന്തരു ച്വായ്ച്ചാലും തോന്നണണ്ണാ, തോന്നണണ്ണാന്ന് പറേണത്..ബോദ്യായത് ഒറപ്പിച്ച് പറയെടേയ്..
ഒറപ്പിച്ച് പറഞ്ഞാ ഞാം നിങ്ങ സകാക്കന്മാരുടെ സൈസ് ആവൂല്ലേ അണ്ണാ..സകാവാവാന്‍ എനിക്കിഷ്ടോല്ല..
നീ സഖാവൊന്നും ആവണ്ടെടേയ്..ബോദ്യം വന്ന കാര്യം പറഞ്ഞൂടേയ്...
അണ്ണനു നിര്ബന്ധമാണേല് പറയാമണ്ണാ..
എന്തരു?
ഒറ്റ ദിവസം കൊണ്ട് സമരം തീരൂല്ലാന്ന്.
Saturday, September 4, 2010
ഡാക്കിട്ടറോട് ചോദിക്കട്ട്..
ഇതിനെ ആണോ ഡോക്ടര്‍ വലതു ആശയപാപ്പരത്തം എന്ന് പറയുന്നത് ?
Sunday, August 22, 2010
ഓണക്യൂവേ..ഉത്രാടക്യൂവേ..
ബീവറേജസ് കോര്‍പ്പറേഷനു മുന്നിലെ ക്യൂവില്‍ നില്ക്കുന്ന മലയാളിയുടെ ഒത്തൊരുമയും സ്നേഹവും പരസ്പരസഹകരണവും വളര്‍ന്ന് വളര്‍ന്ന് ഒരു ഐതിഹ്യത്തോളമെത്തിയിട്ടുണ്ട്. കുടിയന്മാര് അടിസ്ഥാനപരമായി നല്ലവരാണ് എന്നതില്‍ തുടങ്ങി കുടിയന്മാരെ കണ്ടുപഠിക്കണം എന്നത് വരെയുള്ള തിയറികള്‍ ഈ ക്യൂവിലെ ഒത്തൊരുമയെക്കുറിച്ച് ആരൊക്കെയോ അടിച്ചിറക്കിയിട്ടുണ്ട്.കുടിയന്മാര്ക്ക് മൊത്തത്തില്‍ അപമാനകരമായ, അവരുടെ സാമ്പത്തികാപഗ്രഥന ശേഷിയെ കൊച്ചാക്കുന്ന അത്തരം തിയറികളുടെ കടക്കല്‍ കത്തിവെക്കാതെ കുടിയന്മാര്ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്കാനാവുകയില്ല.
എല്ലാം കച്ചവടച്ചരക്കാകുന്ന ഈ മുതലാളിത്ത ലോകക്രമത്തില്‍ ബീവറേജ് ക്യൂവും ലാഭത്തിനുള്ള ഉറവിടമാണ്. രണ്ടെണ്ണം വിട്ടതിനുശേഷം ഉണ്ടാക്കുന്ന അലമ്പൊക്കെ വിടുന്നതിനു മുന്‍പും ഉണ്ടാക്കിയാല്‍ പിന്നെ പേഴ്സ് കാലിയാക്കി രണ്ടെണ്ണം വിടുന്നതില്‍ ‘ഒന്ന് മണപ്പിക്കാനുള്ള‘ സാമ്പത്തിക അച്ചടക്കം പോലുമില്ല. രണ്ടെണ്ണം വിട്ട ശേഷമുള്ള അലമ്പില്‍ നിന്ന് വിടുന്നതിനു മുന്‍പുള്ള ശാന്തത കുറച്ചാല്‍ ഏറ്റവും ലാഭം കണക്കില്‍ കാണണമെങ്കില്‍, വിടുന്നതിനു മുന്‍പ് മാക്സിമം മാന്യനും വിട്ടശേഷം മാക്സിമം അലമ്പും ആയിരിക്കണം. ഇത് തീര്‍ത്തും ലളിതമായൊരു സാമ്പത്തിക നിയമമാണ്. ഇത്രയും ലളിതവും സമഗ്രവുമായൊരു ചിന്താപദ്ധതിയുടെ അടിസ്ഥാനത്തില്‍ ബീവറേജ് ക്യൂവില്‍ നില്ക്കുന്ന പാവം മലയാളിയെയാണ് ‘കുടിയന് ബേസിക്കലി നല്ലവന്‍, ലവനെക്കണ്ട് പഠി’ ടൈപ്പ് സാംസ്കാരിക അപഗ്രഥനങ്ങള്‍ കൊണ്ട് അപമാനിക്കുന്നത്. കുടിയന്മാരോട് എന്തുമാവാം എന്നുള്ള സാംസ്കാരിക ഫാഷിഷമല്ലാതെ മറ്റൊന്നുമല്ല ഇത്.
ഇത്തരം ഫാഷിഷങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു...
Friday, July 30, 2010
മയിലെണ്ണയണ്ണന്‍
ഒരു പൊതുയോഗത്തിനു പോയിട്ട് വരണെടേയ്..
എവടെ?
മ്മടെ സെക്രട്ടറിയേറ്റ് പടിക്കല്‍..
യെന്തരു വിഷയങ്ങള്‍ ? മനുഷ്യാവകാശങ്ങളു തന്നേ?
അല്ലെടേയ്..റോഡരുകിലെ പൊതുയോഗം നിരോധിച്ച് വിധിക്ക് പിന്തുണ പ്രഖ്യാപിച്ചോണ്ട് ഒരെണ്ണമെടേയ്..വിധിയെ എതിര്‍ത്ത രാഷ്ട്രീയക്കാരനെ കൊന്ന് കൊലവിളിച്ച് എന്റെ ഒരു കിണുക്കന്‍ പ്രസംഗോം ഉണ്ടാരുന്നു..അവന്റെയൊക്കെ ഒടുക്കത്തെ ധാർഷ്ട്യോം ധിക്കാരോം..ബാഡി ലാംഗ്വേജും..
ജനങ്ങളു തോനെ വന്നോ അണ്ണാ..
വന്നോന്നാ?.നല്ല ആര്‍മാദമാരുന്നെടേയ്...റോഡങ്ങനെ നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്ന്..
അണ്ണാ....യോഗം വിധിക്ക് എതിരെയോ അനുകൂലിച്ചോ? ഒന്ന് നിര്‍ത്തി നിര്‍ത്തിപ്പറയാവോ?
അനുകൂലിച്ച് തന്നെടേയ്..പൊതുനിരത്തുകള്‍ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണേടേയ്..
സംഭവം നടന്നത് റോഡരുകില്‍ തന്നെ അണ്ണാ?
തന്നെടേയ്..സെക്രട്ടറിയേറ്റ് പടി എന്താടേയ് വല്ല മൈതാനത്തിലോ സ്കൂള്‍ വളപ്പിലോ ആണെന്ന് കരുതിയോ..? പിന്നെ അധികാരികളില്‍ നിന്ന് അനുമതീം വാങ്ങീരുന്നെടേയ്..
കോടതി വിധിയെ ധിക്കരിച്ച് അധികാരികള്‍ അനുമതി നല്കിയാ അണ്ണാ..?
അത്..പിന്നെ..ഞാന്‍..നീ..യോഗം...കരയോഗം..
പോട്ടണ്ണാ...ജനം നെറഞ്ഞ് കവിഞ്ഞപ്പ റോഡുകളു ബ്ലോക്കായാ?
പിന്നില്ലാതെ..ജനം നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്നാ ബ്ലോക്കാവൂല്ലേടേയ് ?
അത് തെറ്റല്ലേ അണ്ണാ?
കോടതി വിധിയെ പിന്തുണക്കുക എന്ന ശക്തമായ കാരണങ്ങളോണ്ടായിരുന്നോണ്ടല്ലേടേയ് റോഡ് ബ്ലോക്ക് ചെയ്തത്..
എന്നാലും അണ്ണാ.. റോഡുകളു ജനത്തിനൊള്ളതാന്ന് പറഞ്ഞിട്ട്..
എന്തരെടേയ് വെവരങ്ങളില്ലാതെ സംസാരിക്കണത്..യോഗത്തിനു പോയ ഞാനെന്തെടെയ് ജനമല്ലേ? പൊതുനിരത്തിന്മേലുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയല്ലെടെയ് പൊതുനിരത്ത് ബ്ലോക്കാക്കിയത്..
നല്ല കിണുക്കന്‍ അണ്ണന് തന്നെ.. അപ്പോ അണ്ണന് ലേഖനത്തീ പറഞ്ഞതിന്റെ അര്‍ത്ഥം പൊതുനിരത്തുകള്‍ അണ്ണനവകാശപ്പെട്ടതാണെന്നാണ്. അല്ലിയോ?
നെനക്കത് മനസ്സിലായി അല്ലെടെയ്..
അണ്ണനെയൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടൊണ്ടണ്ണാ..
എന്തരെടെയ്..ഒരു മാതിരി ആക്കണ വര്‍ത്തമാനം..
ഐ ആം ദി സോറിയണ്ണാ...വിട്ടുകള...ഒന്ന് ചോയ്ച്ചാ അണ്ണന് ദേഷ്യപ്പെടുവോ?
നീ ചോയീരെടേയ്..
ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?
എന്തരിനെടേയ്..?
പെരട്ടാന്‍....
പെരട്ടിയിട്ട്?
പെരട്ടിയിട്ട് അണ്ണന് വളയണശേലിക്ക് റവറു പോലെ വളയാന്‍..
Thursday, July 8, 2010
ആര്‍മ്മാദക്കമ്മറ്റികളോട് സ്നേഹപൂര്‍വം...
എങ്കിലും അബദ്ധത്തില്‍ (റിമോട്ടിന്റെ തകരാറല്ല) ചില വാര്‍ത്തകളും ബസ്സുകളും കണ്ടതുകൊണ്ടുണ്ടായ ഓരോരോ പ്രോബ്ലംസ് കാരണം ചില കാര്യങ്ങള്‍ പറയാതിരിക്കാനാവുന്നില്ല....
ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭ നടന്നുകൊണ്ടിരിക്കെ ഒരു എം.എല്‍.എ ഒരു യാത്രക്ക് പോയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അതിനെ സംബന്ധിച്ച വാര്‍ത്തകളും പത്രങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയും “ആര്‍മാദക്കമ്മറ്റികള്‍” അന്നും ഇന്നും എടുത്ത നിലപാടുകളും, നിലപാട് മാറ്റങ്ങളും, ആ നിലപാട് മാറ്റം ഇരിക്കെ തന്നെ മറ്റു ചിലര്‍ക്കിട്ട് മറ്റൊരിടത്തിട്ട് പണിയാനുള്ള അവരുടെ ആക്രാന്തവും ഒക്കെ തന്നെ വിഷയം.
ഏത് കുട്ടിക്കും ഏത് ദിവസവും ഏതിടത്തേക്കും ഏത് സമയത്തും ഏത് തരം സദ്യക്കും പോകാനുള്ള സ്വാതന്ത്യമുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. (അത്ര നിര്ബന്ധമാണേല് ഒന്നൂടെ ഊന്നിപ്പറയുന്നു...മതിയായോ? )സദ്യക്ക് പോകുന്നത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയാകുമ്പോള്‍ ‘വിവരമില്ലാത്ത ജനം’ ചിലപ്പോളൊന്ന് നോക്കിയെന്നിരിക്കും. സദാചാരത്തിന്റെ അപ്പോസ്തലന് ചമയുന്നവര്‍ അതേ സദാചാരത്തെ സദാ ചാരമാക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരും. ചിലത് അതിരു കടക്കും. അതിരു കടക്കുന്നവരെ/അതിരു കടക്കുന്ന ചോദ്യങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. എങ്കിലും, ചോദ്യങ്ങളുയരുമ്പോള്‍ ഉത്തരം പറയാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ടാകണം. അയാളെ ആദ്യമേ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് പൂര്‍വാപരവൈരുദ്ധ്യമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കടമയുണ്ടാകണം.
വാര്‍ത്ത വന്ന ദിവസത്തെ വീക്ഷണം പത്രത്തില്‍ പറയുന്നത് അബ്ദുള്ളക്കുട്ടി നിയമസഭയില്‍ ഇങ്ങിനെ പറഞ്ഞതായാണ് :
“.....സുഹൃത്ത് ആനാട് പഞ്ചായത്ത് അംഗം മുജീബിന്റെ വീട്ടിലേക്കു പോവുകയായിരുന്ന തന്നെ വിതുരയില്‍വച്ചു ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പിന്നാലെ വന്ന കുടുംബത്തെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.“
“....തുടര്‍ന്നു താന്‍ പോലീസിന്റെ സഹായം തേടി. പിന്നാലെ വന്ന കുടുംബവും പോലീസ് സംരക്ഷണം തേടിയിരുന്നു.“
അന്നേ ദിവസത്തെ മാതൃഭൂമി പറയുന്നത് ഇങ്ങിനെ
“.....തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അബ്ദുള്ളക്കുട്ടി കാറില്‍ വിതുരയിലെത്തിയത്. അഡ്വ. മുജീബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വിതുര ബസ് സ്റ്റേഷനുസമീപം സി.പി.എം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതുകണ്ട് കാര്‍ തിരിച്ചോടിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയായിരുന്നു. പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന് നായരും കാറിലുണ്ടായിരുന്നു. ഈ കാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു കാറും തൊട്ടുപിറകേ വിതുര പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് വിവാദത്തിന് കാരണമാക്കിയത്.“
മനോരമയുടെ മുഖപ്രസംഗത്തിലും എല്ലാ പേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്ന് തന്നെ എഴുതിയിരിക്കുന്നു.
ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ സമയത്ത് പിറകേ വന്ന കാറിലിരുന്ന കുടുംബത്തെയും അതേ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്നാണ്..
മറ്റു പത്രങ്ങളിലെ വാര്‍ത്തകളും അബ്ദുള്ളക്കുട്ടി വേര്‍ഷന്‍ ഏതാണ്ട് വലിയ വ്യത്യാസമില്ലാതെ തന്നെയാണ് നല്‍കിയിരിക്കുന്നത്...
മംഗളം വാര്‍ത്ത
“..എം.എല്‍.എയുടെ വാഹനത്തിനു തൊട്ടുപിന്നാലെ വന്ന കാറും ഹര്‍ത്താലുകാര്‍ തടഞ്ഞു. ....യാത്ര തുടരാന്‍ കഴിയാതെ ഇവരും പോലീസ് സ്റ്റേഷനിലെത്തി. ഈ സമയം എം.എല്‍.എയും കൂട്ടരും അവിടെ ഉണ്ടായിരുന്നു."
എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രം പറയുന്നത് നോക്കുക..
“....ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ. വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു.”
എന്നു വെച്ചാല്‍ തങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ടിട്ടുമില്ല, തങ്ങളെ ആരും തടഞ്ഞിട്ടുമില്ല. മാതൃഭൂമിയില്‍ ആദ്യദിനം അബ്ദുള്ളക്കുട്ടി പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുകയില്ല..ഏതിലോ ഒന്നില്‍ ചിലതൊക്കെ മറയ്ക്കാനുള്ള ബദ്ധപ്പാടുകള്‍ ഉണ്ട്.
ദേശാഭിമാനിയില്‍ ഈ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവയാണിവ. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നവ. ആ വാര്‍ത്തകളില്‍ ചില വാചകങ്ങള്‍ മാത്രം കോര്‍ത്തെടുത്ത് അതിലെ ചോദ്യങ്ങളെ അവഗണിക്കേണ്ടവര്‍ക്ക് അതാകാം. എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശത്തെ നിരസിക്കേണ്ടതുണ്ടോ?
ബാംഗളൂര്‍ കേസില്‍ ആര്‍മാദിച്ചവര്‍ക്കും, വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ക്കും, ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിട്ടത് വാര്‍ത്തയാക്കിയവര്‍ക്കും നിയമസഭ നടന്നുകൊണ്ടിരിക്കെ എം.എല്‍.എ (ശ്രദ്ധിക്കുക എം.എല്‍.എ. ആദ്യത്തേതിലെ പോലെ ഒരു അധികാരസ്ഥാനവും വഹിക്കാത്ത ആളല്ല) മുങ്ങിയതെങ്കിലും വിഷയമാകുന്നില്ല. ആദ്യ കേസില്‍ ഇല്ലാത്ത മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയുമൊക്കെ അവര്‍ക്ക് ശൂന്യതയില്‍ നിന്ന് പൊട്ടിമുളക്കുന്നു. ആദ്യത്തേതിലെ മാധ്യമങ്ങളുടെ നാണംകെട്ട കളിക്കെതിരെ പ്രതികരിച്ചവരെ കളിയാക്കാനും, അവരുടെ പ്രതികരണം എന്തിനെതിരെയായിരുന്നുവെന്നത് വളച്ചൊടിച്ച് സര്‍ക്കാസിക്കാനും ബസ്സില്‍ ചിലര്‍ക്ക് ഓവര്‍ടൈം..അന്ന് വാര്‍ത്ത വന്നെന്ന് കേട്ടെന്ന് ആരോ പറഞ്ഞയുടന്‍ “ബാംഗ്ലൂര്‍ ചാനലിലെ വാര്‍ത്ത ശരിയങ്കില്‍ കൊടിയേരി കാച്ചപ്പ് ചെയ്യു“മെന്നെഴുതിയവര്‍ക്കിന്ന് ധാര്‍മ്മികരോഷത്തിന്റെ തൂറ്റെളക്കം..
ഉള്ളതിലുമപ്പുറം ഇപ്പോഴത്തെ വാര്‍ത്തയെ ആരെങ്കിലും പെരുപ്പിച്ചിട്ടുണ്ടെങ്കില്‍, അത് ദേശാഭിമാനിയായാലും അതിനെ അപലപിക്കുക തന്നെ വേണം. വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കലാവരുത് മാധ്യമങ്ങളുടെ ജോലി. അത് പറയുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തകന്റെ സ്വകാര്യജീവിതവും പബ്ലിക് സ്ക്രൂട്ടിനിക്ക് വിധേയമാകന്‍ സാദ്ധ്യതയുണ്ട് എന്നതയാള്‍ ഓര്‍ക്കേണ്ടതല്ലേ?
അവസാനമായി ഒരു പ്രധാനപ്പെട്ട കാര്യം. ആര്‍മ്മാദക്കമ്മറ്റിക്കാരൊക്കെ ഈ കേസില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഇരട്ടത്താപ്പ് എന്തേ കണ്ടില്ലെന്ന് നടിക്കുന്നു? ഹര്‍ത്താല്‍ ദിവസം ഒപ്പിട്ട് മുങ്ങിയ എം എല്‍ എ യെ എന്തുകൊണ്ടാരും കുറ്റവിചാരണ ചെയ്യുന്നില്ല. ഹര്‍ത്താല്‍ ദിവസം ഊണ് കഴിക്കാനാണ് കിലോമീറ്ററുകള്‍ താണ്ടിയത് എന്ന അബ്ദുള്ളക്കുട്ടി വേര്‍ഷന്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ആര്‍ക്കും മടിയേതുമില്ലാത്തതെന്തേ? ആദ്യ ദിവസം പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന് നായരും അഡ്വ. മുജീബും മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ എന്ന് ചാനലുകളില്‍ ആണയിട്ട അബ്ദുള്ളക്കുട്ടി പിറ്റേ ദിവസം ഗണ്‍മാനും ഉണ്ടായിരുന്നു എന്ന് മാറ്റിപ്പറയുന്നതെന്തുകൊണ്ട് എന്നാരും ചോദിക്കാത്തതെന്തേ? കുടുംബസമേതം രണ്ട് കാറുകളില്‍ വിനോദയാത്ര പുറപ്പെട്ട തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് സൂപ്രണ്ട് സംഭവമുണ്ടായ ഉടന്‍ വെളിപ്പെടുത്തിയിരുന്നു എന്ന ദേശാഭിമാനി വാര്‍ത്തയ്ക്കെതിരെ ആരും പ്രതികരിക്കാത്തതെന്തേ?
എന്തായാലും ഈ രണ്ട് വിഷയത്തിലും മുഖ്യധാരാമാധ്യമങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നത് സ്വതന്ത്ര ചിന്തയുടെ ലക്ഷണമല്ല. ആദ്യ കേസില്‍ മുഖ്യധാരകള്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയി എന്നതെങ്കിലും ഓര്‍ക്കേണ്ടതല്ലേ?
പിന്കുറിപ്പ്
പ്രതിരോധിക്കാന്‍ ആരും വരുന്നില്ലല്ലോ എന്ന് വിലപിക്കുന്നവരോട്. അപലപിക്കേണ്ട കാര്യങ്ങളെ അപലപിക്കുകയാണ് വേണ്ടത്, പ്രതിരോധിക്കുകയല്ല. ബാംഗളൂര്‍ കേസില്‍ ആ അന്തസ്സ് കാണിച്ച ഇപ്പോഴത്തെ ആര്‍മാദക്കമ്മറ്റിക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരട്ടെ.
Friday, June 18, 2010
ഇന്നെന്തായാലും ശരിയാകും
ഫിഫ പോസ്റ്റ് 9 : പ്രവചനങ്ങള്‍ തെറ്റാത്ത ദിവസം
മത്സരം 24 :ഘാന - ആസ്ത്രേലിയ
പ്രവചനം : ഡ്രോ ആയില്ലെങ്കില്‍ രണ്ടിലൊരു ടീം ജയിക്കും
മത്സരം 25 : നെതര്‍ലാന്റ്സ് - ജപ്പാന്
പ്രവചനം : രണ്ടു ടീമും ജയിച്ചില്ലെങ്കില്‍ മത്സരം ഡ്രോ ആകും
മത്സരം 26 : കാമറൂണ്‍ - ഡെന്മാര്ക്ക് ( ഇവരു തമ്മില്‍ ആണല്ലോ അല്ലേ?)
പ്രവചനം : ഒരു ടീം ജയിച്ചാല്‍ മറ്റേ ടീം തോല്‍ക്കും
ഇന്നത്തെ കളിയ്ക്ക് ശേഷം ഗ്രഹനില ഗ്രാഫ് രൂപത്തില്‍

Monday, June 7, 2010
പ്ഫ!
സ്ഥലം : ഭോപ്പാല്‍
സമയം : അര്‍ദ്ധരാത്രി
സംഭവം : കൂട്ടക്കൊല
ഇന്നു വരെ ചത്തവര് : ഇരുപതിനായിരത്തിനു മേല്‍
ചാവാതെ നരകിക്കുന്നവര്‍ : അഞ്ചു ലക്ഷത്തിനു മേല്‍
ദിവസം 2010 ജൂണ്‍ 7
സ്ഥലം : ഭോപ്പാല്‍
കേസ് : ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം
പ്രതികളുടെ എണ്ണം : എട്ട്
ശിക്ഷ : രണ്ട് വര്‍ഷം തടവ്
പിഴ : ഒരു ലക്ഷം
ജാമ്യം : 25000 രൂപ
ഇതിനു മുന്‍പ് കിട്ടിയ നഷ്ടപരിഹാരം :
ചത്തവനു 57000
ചാവാതെ രക്ഷപ്പെട്ടവനു 26000
എല്ലാ ലാഭവും :
ബഹുരാഷ്ട്രക്കമ്പനിക്ക്
വെളിവായത് :
ഭരണവര്‍ഗത്തിന്റെ സാമ്രാജ്യത്വ വിധേയത്വം, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ദൌര്‍ബല്യം
ഗുണപാഠം :
ഉണ്ട
Friday, June 4, 2010
ദി മില്‍ക്കി പൊളിറ്റിക്സ്..
“അമ്മ എന്നും എനിക്ക് കാച്ചിയ പാല് തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാച്ചിയ പാലു കുടിച്ച് ഞാന്‍ അച്ഛനെപ്പോലെ വലിയൊരാളാകണമെന്നാണ് അമ്മയുടെ ആഗ്രഹം.”
കേട്ടേക്കാവുന്ന കമന്റ്സ്
“ആ ചെക്കന്റെ ഒരു ദുര്‍മോഹമേ..അവനു വലിയ ആളാകണമെന്ന്..ബൂര്‍ഷ്വാ- പാർലമെന്ററി വ്യാമോഹം..അല്ലാതെന്താ? ”
“പാലേ കുടിക്കൂ കുട്ടിസഹാക്കള്‍..കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പ്രവര്‍ത്തനം നടത്തിയിരുന്ന ആ കാലമൊക്കെ ലവന്മാര് മറന്നു.”
“ആ തള്ളേടെ കാര്യം. സ്വന്തം ചെക്കനു പാലും നിര്ദ്ധനച്ചെക്കനുമിനീരും എന്നതല്ലെ അവളാരു പറയുന്നത്..?”
“തന്തയെപ്പോലെ വളരണമത്രെ ചെക്കന്. മക്കള്‍ രാഷ്ട്രീയ സംസ്കാരം സഹാക്കളെയും ബാധിച്ചു തുടങ്ങി..ആകെക്കൂടെ ഒരു പ്രതീക്ഷ ഇതിലായിരുന്നു..അതും പോയിക്കിട്ടി ”
“ ‘അമ്മ‘യെന്ന് പറയുന്നത് കേട്ടില്ലേ..തീർന്നു. മൃദുഹൈന്ദവപ്രീണനമല്ലാതെ മറ്റെന്താണിത് ?”
വലത്തേടത്തു വീട്ടിലെ കുട്ടി
“അമ്മ എന്നും എനിക്ക് കാച്ചിയ പാല് തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാച്ചിയ പാലു കുടിച്ച് ഞാന്‍ അച്ഛനെപ്പോലെ വലിയൊരാളാകണമെന്നാണ് അമ്മയുടെ ആഗ്രഹം.”
കേട്ടേക്കാവുന്ന കമന്റ്സ്
“ആ മോനെക്കണ്ടോ.. നന്നാവണമെന്ന് ഇത്ര ചെറുപ്പത്തിലെ തന്നെ അവനാഗ്രഹമുണ്ട്. മിടുക്കന്.”
“കാച്ചിയ പാലു കുടിച്ച് ആരോഗ്യദൃഢഗാത്രനായി ഈ മിടുക്കന് കുട്ടി നമ്മുടെ രാജ്യത്തെ രക്ഷിക്കും.”
“ആ അമ്മയുടെ സ്നേഹം കണ്ടു പഠിക്കട്ടെ..താന്‍ കുടിച്ചില്ലെങ്കിലും തന്റെ മക്കള്‍ കുടിക്കണമെന്ന് കരുതുന്ന ആ മാതൃസ്നേഹം എത്ര മനോഹരം....ഉദാത്തം..”
“അച്ഛന്റെ പാത പിന്തുടരാനാഗ്രഹിക്കുന്ന ആ മോനു ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു..പിള്ളേരായാല്‍ ഇങ്ങനെ വേണം.”
“ ‘അമ്മ’യെന്ന് പറയുമ്പോള്‍ ലോകത്തിലെ സകല അമ്മമാരെയും നന്ദിപൂർവം സ്മരിക്കുന്നതു പോലെ തോന്നുന്നില്ലേ? ഹോ ! എന്തൊരു വിനയം, നമിക്കാതെ വയ്യ .”
Tuesday, May 25, 2010
പത്രാധിപം
സാറേ സാറേ..ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും കിട്ടീട്ടുണ്ട്..
നിന്നോട് പഴേ ഫലിതബിന്ദുക്കള്‍ അധികം വായിക്കല്ലേന്ന് പറഞ്ഞതല്ലേടേയ്..നല്ല വാര്‍ത്ത എന്തോന്നെടേയ് ?
കൊക്കക്കോള കമ്പനിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് ബാലേണ്ണന്റെ വായീന്ന് വീണ് കിട്ടി സാറേ
കിടുക്കൻ...ഫ്രണ്ട് പേജിലു തട്ടിക്കോ.. വെണ്ടക്കയായിക്കോട്ടെ... “കൊക്കക്കോള: സര്‍ക്കാരിന്റെ കാപട്യം പുറത്തായീ”ന്ന് തലക്കെട്ട്..ചീത്ത വാര്‍ത്ത എന്തോന്നെടേയ് ?
ഇത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് വ്യവസായ മന്ത്രി ഉടനെ പറഞ്ഞു സാറേ..
വ്യവസായമന്ത്രിയല്ലേ...ഏഴാം പേജിലേക്ക് തട്ടിക്കോ..ഒരു കോളം മതി...
ഒരു ചീത്ത വാര്‍ത്ത കൂടി ഉണ്ട് സാറേ..
നീ പത്രം പൂട്ടിക്കുമല്ലോടെ...പറ പറ...
വ്യവസായ സെക്രട്ടറിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്..
നീയൊക്കെ എവിടുന്നെടേയ് ജേര്‍ണലിസം പഠിച്ചത് ? ഇതാണോടേയ് ചീത്ത വാര്‍ത്ത..ഫ്രണ്ട് പേജില്‍ ബോക്സ് ഐറ്റമായി തട്ടെടേയ്...വ്യവസായ സെക്രട്ടറിയെ ഡിഫി ആക്രമിക്കുന്നു..
Saturday, May 22, 2010
സെലൿടീവ് ധാര്‍മ്മികരോ(ഷം)മം..
കിട്ടീന്നാ കേക്കണേ...നെലത്തിട്ട് പെരുക്കീന്നാ മാത്രൂമ്യോള് പറേണേ...വീണു പരിക്ക് പറ്റീന്ന് ദേശാഭിമാന്യോളും..
ന്തൂട്ടിനാവോ പൊതുക്ക് കിട്ട്യേ?
നീലേട്ടന്റെ വായീനാവ് ഈയിടെയായി ത്ര ശര്യല്ലാ..അതോണ്ടാവും..
ഇത്തവണ നാവ് പൊറത്തക്ക് എടുക്കാന്‍ പറ്റീല്യാത്രെ..സുഹൃത്തോളേന്ന് വിളിച്ചപ്പഴക്കും തൊടങ്ങീന്ന്..പാവം നീലേട്ടന്..
കഷ്ടായിപ്പോയി..നാവ് പൊറത്തക്ക് എടുത്തിരുന്നെങ്കി ഇത്തിരീം കൂടി വിവരക്കേട് കേക്കാര്‍ന്നു..
പൊറത്തെടുത്തത് പ്രകോപനപരമായീന്നും അതോണ്ടാ കശപിശേണ്ടായേന്നും ഒരു വ്യാക്യാനോണ്ട്ട്ടാ..നാട്ടാരാണത്രെ പിറകില്‍..
ഇതിലേതാ ശരീന്ന് മ്മക്കിവടെ ഇരുന്ന് പറയാമ്പറ്റ്വോ...കൂടുതല്‍ ഒച്ചേണ്ടാക്കണോരെ വിശ്വസിക്കണ്ടിവരും ഇതിലും
.
ഞാനെന്തായാലും മാത്രൂമ്യോള്ടേ കൂടേണ്...അതാവുമ്പോ അപ്ഡേറ്റ്സിനൊന്നും മൊടക്കണ്ടാവില്യ..നല്ല ബാവനേം ണ്ടാവും..സാംസ്കാരികനായകന്മാര്ടെ ഡൈലോഗും ചാനല്‍ വിദഗ്ദരുടെ വിശദീകരണോ ഒക്കെ ചേര്‍ന്ന് ഒരു മേളായിരിക്കും..
ഞാനിന്നാ ദേശാഭിമാന്യോള്ടെ കൂടെ കൂടാന്‍ പൂവാണ്..മ്മക്കും ഇണ്ടാക്കാട്യേ ഇവടൊരു സംവാദം..
നീയ്യ് തോല്‍ക്കൂട്യേ ഇവളേ..നെന്റെ പത്രത്തിന്റേം ചാനലിന്റേം സര്‍ക്കുലേഷന്റെ ഇരട്ടീന്റെ ഇരട്ടി വരൂട്യേ ഞങ്ങടെ സര്‍ക്കുലേഷന്‍..
തോല്‍ക്കുമെന്നുറപ്പ്ള്ള യുത്തത്തീ പങ്കെട്ക്കാനും ആരെങ്കിലും വേണ്ടെട്യേ?
അത് ന്യായം..അപ്പോ സംവാദങ്ങ്ട് തൊടങ്ങ്കല്ലേ?
നീയാ തൊടങ്ങിക്കോ..
ഡീയ്യേ..ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം..അല്ലാണ്ട് മസിലോണ്ടല്ല..
അത് നിക്കും സമ്മതാണ്ട്യേ..അക്രമം ഒന്നിനും ഒരു പരിഹാരല്ല...അത് മ്മള് എപ്പഴും പറേണതല്ലേ..അതെല്ലാര്‍ക്കും ബാധകാക്കണംന്ന് മാത്രം..
ന്നാ നീ അപലപിക്കട്യേ..
മ്മക്ക് കാര്യത്തിലൊരു വ്യക്തതേണ്ടാക്കീട്ട് അപലപിച്ചാപ്പോരേട്യേ? നീ കൊറച്ച് മുന്‍പേ പറഞ്ഞില്ലേ..നെന്റെ സര്‍ക്കുലേഷന്റെ കാര്യോം എന്റെ സര്‍ക്കുലേഷന്റെ കാര്യോം....അതും ഒരു തരം മസില് പവര്‍ തന്നല്ലേട്യേ?
അത് മസില് പവറല്ലട്യേ..അക്ഷരത്തിന്റെ ശക്ത്യാടീ..മാധ്യമത്തിന്റെ പവറാണ്ട്യേ..
ന്നുവെച്ചാ നെന്റെ സര്‍ക്കുലേഷനിലൂടെ നൊണ ലോകം മുഴുവന്‍ എത്തിക്കാം..ഞാന്‍ സത്യം പറഞ്ഞാപ്പോലും കൊറച്ചാളേ കേള്‍ക്കൂ താനും..അതിന്റെ അഹങ്കാരം കൊണ്ട് നിനക്ക് എന്നെപ്പറ്റി ന്ത് വേണേച്ചാ പറയാം..ഞാന്‍ പ്രതികരിക്കാനേ പാടില്യ..അതല്ലേട്യേ അതിന്റെ അര്‍ത്തം?
കണക്കായിപ്പോയെട്യേ..നെന്റെ സര്‍ക്കുലേഷന്‍ കൂടാത്തതിനു ഞാനെന്താടീ വേണ്ടേ?
ന്നാപിന്നെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പുതിയ പതിപ്പെറക്കുമ്പോ, പുതിയ ഓഫീസ് കെട്ടിടം വെക്കുമ്പോ നിങ്ങളെല്ലാരും കൂടി എന്തിനാണ്ടീ ഇത്ര ഒച്ചേം ബഹളോം ഇണ്ടാക്കണേ...കാശ് പിരിച്ചൂന്നും മണിമാളിക പണിതൂംന്നും പറഞ്ഞ്..
അതീ കളീലിള്ളതാണ്ട്യേ ഇവളേ..
അപ്പോ നെന്റെ നെയമത്തിനനുസരിച്ച് വേണം കളീന്ന്..
അസൂയപ്പെട്ടിട്ട് കാര്യല്യടീ ഇവളേ...ലോകത്തി വലത് കയ്യന്മാരാണ്ടീ കൂടുതല്‍..അപ്പോ കളിനിയമങ്ങളൊക്കെ അവര്ടെ ശൈലിക്ക് ചേരണ വിധത്തിലാവും..
ആയ്ക്കോട്ടെ ആയ്ക്കോട്ടെ..ഇടക്കൊക്കെ നിയമം തെറ്റീന്ന് വരുമ്പോ ത്രേം ഒച്ചപ്പാട്ണ്ടാക്കണാ
നെയമം കയ്യിലെട്ക്കാന്‍ നിനക്കധികാരല്യെടേ..നീ പരാതീണ്ടെങ്കി കേസാ കൊടക്കടീ
ന്തൂട്ടാന്ന്...? നീ ഇപ്പപ്പറഞ്ഞത് ഒന്നൂടി പറഞ്ഞേ..
നീ പരാതീണ്ടെങ്കി കേസാ കൊടക്കടീന്ന്
കൊള്ളാലോടീ വീഡിയോണേ..ന്നാള് നിയമപരമായും രാഷ്ട്രീയപരമായും ഒരു കേസിനെ നേരിട്ടപ്പോ, കേസേ കൊടക്കാന്‍ പാടില്യാന്നൊക്കെ ആയിരുന്നല്ലോട്യേ നിന്റെ വര്‍ത്താനം..
അത് പിന്നെ..സത്യം പറഞ്ഞാ ഞാനതാ മറന്നൂട്ടാ...
നീ മറക്കും..പിന്നെ ഒരു കേസില്‍ ഗതികെട്ട് പരാതി കൊടത്തപ്പോ ന്തായിരുന്നൂ ബഹളം..ആ നിയമം കണ്ടു പിടിച്ചതും കൊണ്ടന്നതും കേസ് കൊടുത്തോനാന്നായിരുന്നല്ലോ പ്രചരണം..ദിപ്പോ ആ പണിക്കരു സാറു കേസ് കൊടത്തപ്പഴും പഴി മ്മടെ ആള്‍ക്കന്ന്യാണല്ലോടീ..
അദ് പിന്നെ..ചൊറിയുമ്പോ അമര്‍ത്തിച്ചൊറിയണംന്നല്യേടീ..
തിരിച്ചൊന്നമര്‍ത്തിച്ചൊറിഞ്ഞാ നീയൊക്കെ അതിനെ ഫാസിസാക്കും...ആ സൈബര്‍ നിയമം വന്ന കാര്യം മ്മടെ ആള് കേസ് കൊടത്തപ്പളാ നീ അറിഞ്ഞേന്ന് വെച്ചിട്ട് ഇനി വരണ കേസിനു മുഴുവന്‍ മ്മടെ ആള്‍ക്കെതിരെ ഒച്ചേണ്ടാക്കുവോ നീ? ബസ്സും പോസ്റ്റുമൊക്കെ ഇടുവോ നീ?
അത് പിന്നെ ബസ്സിന്റെ രാജ്യം വരേണമേന്നല്ലേട്യേ..
നെന്റെ ബസ്സില്‍ ദിത് പോലുള്ള നമ്പറിട്ടിട്ട് പോലും ആളോള് വരാണ്ടായത് ന്തൂട്ടോണ്ടാന്നാ നെന്റെ വിചാരം?
ഒരു ബസ് അഗ്രിഗേറ്റര്‍ ണ്ടായിരുന്നെങ്കി എന്റെ ബസ്സിലും ആളു കേറിയെനേടീ..
ഒരു കാര്യോല്യടീ..പറേണ കാര്യത്തീ വ്യവസ്ഥ വേണം..കേസ് കൊടത്താ അതിനെ കളിയാക്കും, പരാതി കൊടത്താ കൊടുക്കാനേ പാടില്യാര്‍ന്നൂന്നാക്കും..ന്നാപിന്നെ നുള്ളിത്തീര്‍ക്കാംന്ന് വെച്ചാ കേസ് കൊടത്തൂടേന്ന് ചോദിക്കും..ദെവടത്തെ ന്യായാണ്ടീ?
മ്മക്ക് ഇങ്ങനെ ഒക്കെയെ സൌകര്യള്ളൂ....ഇത്രേം കാലം ഇബടെ കാര്യങ്ങള്‍ ങ്ങനൊക്കെ തന്നേര്ന്നു..നിനക്ക് പറ്റുംന്ന്ണ്ടങ്കി മതി
നീ ആളോളെ ഫാസിസ്റ്റാക്കും മോളേ..നെനക്കൊരു നെയമം, മറ്റുള്ളോര്‍ക്ക് വേറൊരു നെയമം എല്ലാ കാലത്തും നടക്കില്യട്യേ..
ന്റെ സര്‍ക്കുലേഷന്‍ ഇത്രേം ഇള്ളോടത്തോളം കാലം നിക്ക് ഒന്നും പേടിക്യാനില്യെടീ..ഞങ്ങള്‍ എഴുതണതാണ് വാര്‍ത്ത, ഞങ്ങള്‍ പറേണതാണ് സത്യം..ഞങ്ങള്‍ ഇണ്ടാക്കണതാണ് പൊതുജനാഭിപ്രായം..
ഇതല്ലേട്യേ ഫാസിസം?
ഇത് ഫാസിസല്ലടീ..തിയറിയാണ്ടീ തിയറി...വേണെങ്കി പഠിച്ച് വെച്ചോടീ..
നീ പഠിച്ച് വെച്ചാ മതീടീ
നീ പോടീ..
പോടീ നീ ഇവടന്ന്..
%$#@%$
^%$#^%$
ഡിഷ്യൂം ഡിഷ്യൂം
ഡിഷ്യൂം ഡിഷ്യൂം
Thursday, May 13, 2010
മരോരമയുടെ ആൽ ..

മനോരമയെ അഭിനന്ദിച്ച് മന്ത്രി ബിനോയ് വിശ്വം -മനോരമ
കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് ‘കേരളം തീച്ചുളയില്‍ ’എന്ന ചര്‍ച്ച സംഘടിപ്പിച്ച മനോരമയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മന്ത്രി ബിനോയ് വിശ്വം.
(മനോരമയുടെ ബാക്കി പ്രവർത്തനമൊക്കെ ഒരു വകയ്ക്ക് കൊള്ളാത്തതെന്ന് വ്യംഗ്യം)
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മനോരമയ്ക്ക് പൂര്‍ണ പിന്തുണ മന്ത്രി പ്രഖ്യാപിച്ചു.
(അവന്മാര് മരവുംനട്ട് നടന്നുകൊണ്ടിരുന്നാല്‍ ബാക്കിയുള്ളോര്‍ക്കിത്തിരി കെടക്കപ്പൊറുതി ഉണ്ടാവൂല്ലോ എന്നു സാരം..)
മരം വച്ചുപിടിപ്പിക്കല്‍ പ്രസ്ഥാനത്തിന് മനോരമ മുന്‍കൈ എടുത്താല്‍ വ്യക്ഷത്തൈകളും സാങ്കേതിക സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
(an idle mind is devil's workshop എന്നാണല്ലോ.. ഓനിക്കൊരു പണി കൊടുത്താല്‍ വിഷവാര്‍ത്തക്കിത്തിരി ശമനം കിട്ടൂലോന്ന് മന്ത്രി )
ആഗോളതാപനത്തിന്റെ പ്രശ്നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും മനോരമ പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. മരം നടുക മാത്രമല്ല അതിനെ പരിലാളിച്ച് വളര്‍ത്തണമെന്ന സന്ദേശം ക്യതൃമായി ജനങ്ങളിലെത്താനും മനോരമയെപ്പോലെ മാധ്യമങ്ങള്‍ക്ക് സാധിക്കും.
(എത്രത്തോളം പരിപാലിക്കുന്നുവോ അത്രത്തോളം സുഖം..അങ്ങനെ പരിപാലിച്ചോണ്ട് ഇരിയെടേയ് എന്ന് മന്ത്രി)
ആഗോളതാപനം മുഖ്യവിഷയമായി എടുത്ത് മനോരമ മുന്നോട്ടുവയ് ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണയും അദ്ദേഹം കോട്ടയത്ത് പ്രഖ്യാപിച്ചു.
(വേറെ ഏതെങ്കിലും വിഷയത്തില്‍ കൈവെച്ചാല്‍ പൊറുക്കൂല, കേട്ടാ..)
Tuesday, May 11, 2010
ബെസ്റ്റ് അണ്ണാ ബെസ്റ്റ്..
ഒരു സൊപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു പോണെടേയ്
എന്തരിനു പോണത് ?
ഒരു സൊകാര്യ സംഭാഷണത്തിനു പോണെടേയ്
എവടെ?
ലോ ലാ കണ്ടല്‍കാട്ടിന്റവടെ
ആര്ടെ കൂടെ?
ഒരു സി.പി.എം അനുഭാവി മനസ്സ് തൊറക്കാമെന്ന് പറഞ്ഞിട്ടുണ്ടെടേയ്..
അണ്ണന്റൂടെയാ?
എന്തെരെടേ അതിനു തകരാറ്? ഞാന്‍ പണ്ട് മഴ വന്നപ്പൊള്‍ സി.പി.എം ആപ്പീസിലൊക്കെ ക്യാറി നിന്നിട്ടുള്ള അണ്ണന് തന്നെടേയ്
കണ്ടാ പറയൂല്ല കേട്ടാ..വര്‍ത്തമാനം കേട്ടാ തീരെ പറയൂല്ല...
നിനക്കെന്നെ വിലയില്ലെങ്കിലും ബാക്കിയുള്ളോര്‍ക്കൊക്കെ എന്നെ നല്ല വെലയാടേ..അതോണ്ടല്ലേ മനസ്സ് തൊറക്കാന്‍ എന്നെത്തന്നെ തെരഞ്ഞെടുത്തത്..
യെന്തരു കാര്യത്തീ മനസ്സുകളു തൊറക്കണത് സി.പി.എം പയല്..
വേറിട്ടൊരു ഗര്‍ജനമായ രാഹുല്‍ജിയാണ് ശരിക്കുള്ള കമ്മൂണിസ്റ്റെന്ന് സി.പി.എം അനുഭാവി എന്നോടവിടെ വെച്ച് മനസ്സ് തൊറക്കുമെടേയ്..
അയ്യോ അണ്ണാ, തൊറക്കാന്‍ പോണ കാര്യം അണ്ണന് നേരത്തെ അറിഞ്ഞാ?
അറിഞ്ഞിട്ടല്ലെടേയ് രാവിലെ തന്നെ വെച്ച് പിടിക്കണത്..
അണ്ണന് ആളു കൊള്ളാവല്ലോ..ഇതെങ്ങനെ ഒപ്പിച്ച് ?
ഇന്നലെ രാത്രി ലവന് സൊപ്നത്തീ വന്ന് പറഞ്ഞെടേയ്..രാവിലെ ചേട്ടന് കണ്ടല്‍കാട്ടിന്റവടെ വരണം, എനിക്ക് മനസ്സ് തൊറക്കണമെന്നൊക്കെ..
ബെസ്റ്റ് അണ്ണാ ബെസ്റ്റ്...ഈ സൈസ് മനോരമ തോല്‍ക്കും ഐഡിയ വേറെം ഉണ്ടോ അണ്ണാ?
നീ കളിയാക്കുകയൊന്നും വേണ്ടെടേയ്..സൊപ്നം ചിലര്‍ക്കു ചിലകാലമൊത്തിടും എന്നാണെടേയ് പ്രമാണം..
എന്നാ അണ്ണന് നേരങ്ങളു കളയാതെ ചെല്ല്....ഞാന്‍ പോട്ട്..പച്ചരിക്കുള്ള വഴി നോക്കട്ടെ..
പോ പോ...അനുഭാവി മനസ്സ് തൊറന്നിട്ടു വേണം എനിക്ക് ലേഖനമെഴുതാന്‍.....ഭാവി പ്രധാനമന്ത്രി രാഹുല്‍ജിക്ക് ഇപ്പഴേ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടില്‍..
അപ്പോ അങ്കമാലിയിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതുന്നില്ലേ?
അതെന്റെ അമ്മാവനല്ലെടേയ്. ..സൊന്തം അമ്മാവനെപ്പറ്റി എഴുതാന്‍ എനിക്കെന്താടേയ് തലക്ക് ഓളമുണ്ടോ?
Thursday, April 29, 2010
ഗുരൂപ്പണ്ണന്‍
ഡേയ് ഡേയ്...ഉസ്ക്കൂള് മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?
സ്വാറി അണ്ണാ,
ഉം..ഉം...നിന്നോടിതാരു പറഞ്ഞെടേയ്...
ലാ കവലേ നിക്കണ പയലുകളു പറയണണ്ണാ..അണ്ണന് തന്നെ നോട്ടീസടിച്ച് പരസ്യമാക്കീന്നാ പയലുകളു പറേണത്.. അല്ലാ എന്തരണ്ണാ വിക്കാന്‍ കാരണം?
വിറ്റിട്ടൊന്നും ഇല്ലെടേയ്..മാനേയര് സ്ഥാനം ഒരു വരത്തനു കൈമാറി.. തല്‍ക്കാലത്തേക്ക് അവനെ ഇതിന്റെ മാനേയരാക്കി..
അയ്യോ അണ്ണാ, ഇക്കാലത്ത് പോയ പുത്തിയൊക്കെ തിരിച്ച് കിട്ടുമോ അണ്ണാ?
എഴുത്തും വായനേം അറിയാമോന്നറിയാത്ത ഒരുത്തനാണെടേയ് മാനേയരാവകാശം കൊടുത്തത്..ലവനു ഉസ്ക്കൂളീ വന്നിരിക്കാനോ, ബോര്ഡേലെഴുതാനോ ഒന്നും ടൈം കിട്ടൂലെടേ.. കൊടുത്ത മാനേയരവകാശത്തീന്ന് ഇത്തിരി ഒടനേ തിരിച്ച് വാങ്ങുകേം ചെയ്ത്..
ഒന്നും മനസ്സിലാവണില്ലല്ലാ അണ്ണാ...
ഇതെന്റെ ഉസ്ക്കൂളു തന്നെടേയ് ഇപ്പഴും..ഞാന്‍ തന്നെടേയ് ഇതിന്റെ ഹെഡ്മാസ്റ്ററും ഹെഡ്മിസ്ട്രസ്സും ഒക്കെ..എന്നാ ഒടക്കാന്‍ വരണ പയലുകളു ചോയ്ച്ചാ ഇതെന്റെ ഉസ്ക്കൂളല്ലാ, എനിക്കറിയാമ്മേല്ലാന്ന് പറയ്കേം ചെയ്യാം..കൊറച്ച് കഴിഞ്ഞാം മൊത്തം മാനേയരവകാശോം ഞാന്‍ തന്നെ തിരിച്ച് വാങ്ങ്മെടേയ്..
എന്തരിനണ്ണാം ഇത്തറേം പുത്തിമുട്ടുന്നത്..
ഡേയ്..ഈ ഉസ്ക്കൂളും ഒരു വിസിനസ്സ് തന്നെടേയ്..വിസിനസ്സ് വിസിനസ്സ്ന്ന് പറഞ്ഞാ ദിതുപോലുള്ള തരികിട തന്നെടേയ് മൊത്തം..ഈ ഉസ്ക്കൂളു തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്തേശലക്ഷ്യത്തീന്ന് ഇത് വ്യതിചലിച്ചെടെയ്.. നെനക്കറിയാമല്ലോ...ഒരു കെട്ടിടോം ഒണ്ടാക്കി നാട്ടിലെ പിള്ളാരെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ തൊടങ്ങിയാതാടെയ് ഇത്..ദിപ്പോ ഇവടെ ജനാധിപത്യം വന്നു പോയെടേയ്.. പിള്ളാരൊക്കെ ചോദ്യങ്ങള്‍ ചോദിക്കണ്..
അണ്ണന്റൂടാ..?
യെന്റൂട ച്വായ്ക്കാന്‍ ഒരുത്തനും വരൂല്ലാ....പഴേ മാനേയരെ ഓട്ടിച്ച പോലെ യെന്നെ ഓട്ടിക്കാനൊന്നും പയലുകളെക്കൊണ്ട് പറ്റൂല്ലെടേയ്..
യേത് മാനേയരെ..യാരോട്ടിച്ചെന്ന് ?
ചുമ്മാ പറേണതല്ലെടേയ്..ഒരു എഫക്റ്റിനു..
പിള്ളാരെ പൊറത്താക്കിയത് ന്നാലും മോശമായിപ്പോയണ്ണാ..
ഒരു മോശവും ഇല്ലെടെയ്..ലവന്മാരെ പൊറത്താക്കി, ലവന്മാരെ പൊറത്താകിയതെന്തരിനെന്നു ച്വായ്ച്ച ലവളുമാരേം ലവന്മാരേം ഒക്കെ പൊറത്താക്കി..
പൊറത്താക്കിയതെന്തരിനെന്നു പറയാത്തതെന്തണ്ണാ?
നെനക്കറിയാമല്ലോ ഞാന്‍ ദൈവത്തെപ്പോലെ കരുതണ അണ്ണനാണു മ്മടെ ബല്യേ മൊയ്ലാളി മോഹനണ്ണനെന്ന്...മൊയ്ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്ക്കൂളിലെ പയലുകളിലൊരുത്തന് കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .ഞാനവനെ പൊറത്താക്കി
അയ്യോ അണ്ണാ ചെറ്റത്തരം കാണിച്ചവരെ ചെറ്റയെന്ന് വിളിക്കണത് പ്രശ്നാണാ അണ്ണാ?
മോഹനണ്ണനെ വിളിച്ചാ എനിക്ക് പ്രശ്നം തന്നെടേയ്.....ച്വായ്ക്കാന്‍ വന്ന ഒരു പയലിനേം പൊറത്താക്കി..അത് ച്വായ്ക്കാന്‍ വന്ന ലവളേം ലവന്മാരേം പിന്നെ പൊറത്താക്കി..
തെന്നെ? മൊത്തം എത്തറ?
യേഴ്
കൂടുവോ ഇനീം..
ഞാം പറയണ കേട്ട്, ഞാം എഴുതണ വായിച്ച് ഇരിക്കാന്‍ പറ്റണവരു മതി എന്റെ ഉസ്ക്കൂളിലു..അല്ലാത്തോരെയൊക്കെ പൊറത്താക്കുമെടേയ്..
അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..
അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..
ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..
നീ തമാശിച്ചതാണാ?
അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..
അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..
Tuesday, April 27, 2010
കിങ്ങിണി
ഖദറിട്ട രാജാക്കന്മാര് രാജകുമാരന്മാരോടും രാജകുമാരിമാരോടും ഒത്ത് ഞാന്‍ ജി, മോന് ജി, മോള് ജി കളിച്ചു കൊണ്ടിരിക്കുന്നതു കണ്ടിട്ടും കാര്യം മനസ്സിലാവാന്‍ മാത്രം വെവരം അല്ലെങ്കിലും നിങ്ങള്‍ക്കില്ലല്ലോ...
മാധ്യമത്തമ്പ്രാക്കളെ കണ്ടു പഠി. അവര്‍ക്കിതിലൊന്നും ഒരു കുഴപ്പവും തോന്നുന്നില്ലല്ലോ..
അച്ഛന് ജിയുടെ പിന്‍ഗാമി മോള് ജി ആണെന്നു പ്രമേയം പാസാക്കി എന്നൊരു വാര്‍ത്ത. മോള് ജി ഔറംഗസേബാണെന്ന് മോന് ജി പറഞ്ഞതായി മറ്റൊരു വാര്‍ത്ത. പിന്‍ഗാമിയെ തീരുമാനിച്ചിട്ടില്ലെന്ന് അച്ഛന്‍ജി പറഞ്ഞതായി വേറൊരു വാര്‍ത്ത.
കുറ്റപ്പെടുത്തലുകളില്ലാത്ത, ഇത് ജനാധിപത്യമോ എന്ന ചോദ്യമില്ലാത്ത, ആ വാര്‍ത്തയും ഈ വാര്‍ത്തയും മറ്റേ വാര്‍ത്തയും ഒരേ പോലെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളാക്കുന്ന മാധ്യമ തിരുവെഴുത്തുകള്‍. മീന്‍ എങ്ങിനെ ചാടിയാലും ഇത്തരം കുട്ടകളിലൊന്നിലാണ് കിടക്കേണ്ടത് എന്ന ആധുനിക ചാനല്‍ മൊഴിമുത്തുകള്‍. ഇതൊന്നും പോരെങ്കില്‍ വിയര്‍പ്പ് ഓഹരിക്ക് അര്‍ഹയായിട്ടും അത് തിരിച്ചു നല്‍കേണ്ടി വന്ന സുന്ദരിയെക്കുറിച്ചുള്ള വിലാപങ്ങള്‍...സുന്ദരനെക്കുറിച്ചുള്ള പുകഴ്ത്തിപ്പാടലുകള്‍...
ഇങ്ങിനെ പല സൈസ് രാജാപ്പാര്‍ട്ടുകള്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഇടയിലാണു ഭക്ഷ്യസുരക്ഷ, വിത്തു ബില്‍, വിലക്കയറ്റം, പൊതുമേഖലാ ഓഹരി വില്പന, ഊര്‍ജ്ജ പ്രതിസന്ധി, തുടങ്ങിയ തമാശകളുമായി രംഗബോധമില്ലാത്ത ചില കോമാളികളെപ്പോലെ നീയൊക്കെ രംഗത്ത് വരാന്‍ നോക്കുന്നത്.. രാജാപ്പാര്‍ട്ടുകള്‍ക്ക് വേണ്ടി സര്‍ക്കാരും സര്‍ക്കാരിനു വേണ്ടി രാജാപ്പാര്‍ട്ടുകളും സമത്വ സുന്ദരമായി ജനാധിപത്യ നാടകം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഓരോരോ അപശകുനങ്ങള്‍ ഇടതുവശത്തു നിന്ന് പ്രവേശിക്കുവാന്‍ നോക്കുന്നത്..
ആരവിടെ???
നാടകത്തിനിടയില് ബദല്‍ ഡയലോഗുകളുമായി വരുന്നവനെയൊക്കെ കുത്തിനു പിടിച്ചു പുറത്താക്കി അരങ്ങു വൃത്തിയാക്കൂ...
ജനാധിപത്യം എന്നത് ഞങ്ങളുടെ സ്ഥിരം നാടകവേദിയാണ്... സ്ക്രിപ്റ്റില്‍ ഇടം ഇല്ലാത്തവരൊക്കെ പോയി വല്ല തെരുവു നാടകവും കളി...
സമർപ്പണം
ഇന്നും തിരുവായ്ക്കെതിർവായില്ലാത്ത പ്രജകൾക്ക്
Tuesday, April 6, 2010
ശാസ്ത്രത്തിന്റെ അബോര്ഷന്
പക്ഷേ, അതൊരു അന്ധവിശ്വാസമായിരുന്നു എന്നു മനസ്സിലായത് ഇന്നാണ്.. ഈ ലിങ്കിലെ തികച്ചും വിജ്ഞാനപ്രദവും, ശാസ്ത്രീയവും, ഭാരതീയ പൈതൃകത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതുമായ പ്രഭാഷണം കേട്ടപ്പോള്‍...
അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അബോര്‍ഷനു പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്. ഇതു മാത്രമാണ്....
“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ് ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ് അബോര്ഷന്..... “
ഇത്തരത്തിലുള്ള രസകരവും വിജ്ഞാനപ്രദവുമായ നിരവധി അനവധി വിവരങ്ങള്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ഡോ.ഗോപാലകൃഷ്ണനും ജ്യോതിഷമെന്ന ശാസ്ത്രത്തിനും എതിരെ സൂരജ് എന്നും ഉമേഷ് എന്നും നാമം ധരിച്ചിട്ടുള്ള രണ്ട് അസൂയാലുക്കള്‍ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..വായിച്ചിട്ട് സഹിക്കുന്നില്ല...
നിങ്ങളും വായിച്ചോളൂ.....മുഴുവനും വായിച്ചാലേ ഫലം സിദ്ധിക്കൂ. ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ വിദ്യാദേവനായ വ്യാഴം നിങ്ങളുടെ ബുദ്ധിയില്‍ വെള്ളിവീഴ്ത്താന്‍ ഇടയുണ്ട്. ശനിദശക്കാരും ചൊവ്വാദോഷക്കാരും തിങ്കളാഴ്ച വ്രതം നോറ്റാല്‍ ബുധകോപം ശമിക്കുകയും ഞായറാഴ്ച ഒഴിവുദിവസം ആകുകയും ചെയ്യുമെന്ന ശാസ്ത്രസത്യം ഉരുവിട്ടുകൊണ്ട് ഈ പോസ്റ്റുകള്‍ വായിക്കുക. .ലിങ്കുകള്‍ ദാ താഴെ
ജ്യോതിഷം എന്ന ശാസ്ത്രത്തിനെതിരെ സൂരജിന്റെ ഉടായിപ്പ്
ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള്
ഡോ.ഗോപാലകൃഷ്ണന്റെ ശാസ്ത്രസത്യങ്ങളെ പൊളിച്ചടുക്കാനുള്ള ഉമേഷിന്റെ വിഫലശ്രമം
സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ*
എനിക്കിന്നു മനസ്സിലയ ആ ശാസ്ത്ര സത്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ...
“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ് ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ് അബോര്ഷന്..... “
ഇത് ശാസ്ത്രമാണ്, ഇത് ശാസ്ത്രം മാത്രമാണ്, ഇതില്‍ ശാസ്ത്രമല്ലാതെ മറ്റൊന്നുമില്ല..നന്ദി ഡോ.ഗോപാലകൃഷ്ണന്..നന്ദി..
Saturday, April 3, 2010
വിജയേട്ടന് പറഞ്ഞതും മീര കേട്ടതും
ആ ചോദ്യം വഴി ഉണ്ടാക്കുമെന്ന് മീര പ്രതീക്ഷിക്കുന്ന വിശ്വാസ്യതയുടെ പുറത്താണ് മീര കാലാകാലങ്ങളായി നമ്മുടെ മാധ്യമങ്ങള്‍ സഖാവ് പിണറായി വിജയനു കല്പിച്ച് നല്കാന് ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായ ഒന്നു കൂടി ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. വിജയേട്ടനു എന്തും പറയാമത്രെ..നീങ്ങി നിന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലത്രെ. മീരയ്ക്കൊക്കെ എന്തൊരു സൌകര്യം. വാസ്തവമാകണമെന്നില്ല, തെളിവ് വേണ്ട, ചുമ്മാ പ്രസ്താവിച്ചാല്‍ മതി. വാചകമേളയില്‍ കയറ്റി വിടാനും, ട്വിറ്ററില്‍ കമന്റാക്കാനും, ഗൂഗിള്‍ ബസ്സില്‍ നോട്ട് ആക്കി ഇടാനും ഒക്കെ ആളുകള്‍ ക്യൂ.
വിജയേട്ടന് പറഞ്ഞതെന്തെന്ന് മീര കേട്ടോ, മീരയ്ക്ക് മുഴുവനും മനസ്സിലായോ, മനസ്സിലായത് തന്നെയാണോ വിജയേട്ടന് പറഞ്ഞത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. മീര പറഞ്ഞു കഴിഞ്ഞു , ഇനി വിശ്വസിച്ചു കൊള്ളുക.
മീര തന്നെ ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ വിജയേട്ടന് പറയുന്ന കാര്യങ്ങള്‍ ഇതൊക്കെ.
1. നിയമവിധേയമല്ലാത്ത ചെങ്ങറ സമരത്തിനു പിന്തുണ നല്കാന് അരുന്ധതി റോയി ഓടിയെത്തി
2. ഇപ്പോള്‍ അവര്‍ പിന്തുണയ്ക്കുന്നതു മാവോയിസ്റ്റുകളെയാണ്
3. പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു പിന്തുണ നല്കാന് അവര്‍ ഓടിയെത്തും. എന്നാല്‍, വേട്ടയാടപ്പെട്ടാല്‍ തിരിഞ്ഞു നോക്കില്ല.
4. സാംസ്കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നത്.
ഈ കാര്യങ്ങള്‍ നുണയോ സത്യമോ എന്ന് മീര പരിശോധിക്കുന്നില്ല. അതിനു പകരം വിജയേട്ടന് ഇപ്പറഞ്ഞതൊക്കെ പറയുന്നത് അരുന്ധതി റോയിയുടെ ഒരു ലേഖനം വായിച്ചിട്ടോ, ലേഖനം വായിച്ചെന്ന് നടിക്കുന്ന “രാജാവിനെക്കാള്‍ വലിയ രാജഭക്തന് തയാറാക്കിക്കൊടുത്ത അഭിപ്രായം“ അനുസരിച്ചോ ആണെന്ന് ആദ്യമേ ഉത്തരത്തിലെത്തുകയാണ് മീര. വിജയേട്ടന് പറഞ്ഞ പോയിന്റുകളെ ഇല്ലാതാക്കാന്‍ വിജയേട്ടന്റെ ഉദ്ദേശശുദ്ധിയെ ആക്രമിക്കുക. തന്ത്രം പഴയതു തന്നെ.
മുകളിലെ പോയിന്റുകളില്‍ ഒന്നു പോലും അവാസ്തവമല്ല എന്ന കാര്യം നമുക്കറിയാം. അത് മീര സമ്മതിച്ചാല്‍ മീരയ്ക്ക് നഷ്ടപ്പെടുന്നത്, മാതൃഭൂമിയിലെ തന്റെ പംക്തിക്ക് വേണ്ടിയുള്ള ലേഖനം. പംക്തി മുടക്കാനാവില്ലല്ലോ.
അരുന്ധതി റോയി പറഞ്ഞതൊക്കെ സത്യമെന്ന് മീര. തര്‍ക്കിക്കുന്നില്ല. എല്ലാ സത്യവും അരുന്ധതി റോയി പറയുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കാമല്ലോ. കാട്ടാറിന്റെ കളകള നാദത്തിനും കാട്ടു കിളികളുടെ കിലുകിലാരവത്തിനുമപ്പുറം അരുന്ധതിയുടെ എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പരിശോധന. അതാരെയാവും സഹായിക്കുക എന്ന പരിശോധന അത്രയ്ക്കെങ്കിലും വിജയേട്ടന് അര്‍ഹിക്കുന്നില്ലേ? ഉവ്വെന്ന് മീര തന്നെ സമ്മതിക്കും.
അരുന്ധതി കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. മീരയ്ക്ക് മനസ്സിലാകാതെ പോകുന്നതും.
കേന്ദ്ര ഭരണകൂടത്തിനെതിരെയാണ് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നതെങ്കില്‍, അവരാല്‍ കൊല്ലപ്പെടുന്നതൊക്കെ സി.പി.എം കാരനാകുന്നതെന്തേ? തൃണമൂല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇവിടുത്തെ ഇടതുപക്ഷ സംഘടനകളേക്കാള്‍ ആദിവാസികളുടെ വര്‍ഗ താല്പര്യം സംരക്ഷിക്കുന്നവരായി മാവോയിസ്റ്റുകള്‍ക്ക് തോന്നുന്നതെന്തേ? കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷിയുമായിപ്പോലും ചേര്‍ന്ന് ബംഗാളിലെ ഇടത് സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് ഏത് വര്‍ഗ താല്പര്യത്തിന്റെ സംരക്ഷണത്തിനായാണ്?
ആദിവാസികളും മാവോയിസ്റ്റുകളും ഒന്നാണെന്നും ആദിവാസികളുടെ പ്രശ്നത്തോട് അനുഭാവമുണ്ടെങ്കില്‍ മാവോയിസ്റ്റുകളെയും പിന്തുണയ്ക്കൂ എന്ന ഏകപക്ഷീയവും അപകടകരവുമായ നിലപാട് ലേഖനത്തിലുടനീളം അരുന്ധതി പുലര്‍ത്തുന്നതിനെപ്പറ്റി Sudhanva Deshpande തന്റെ വിയോജനക്കുറിപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മീര വായിച്ചിരിക്കാന്‍ ഇടയില്ല. അരുന്ധതിയുടെ ലേഖനം ശരിക്കും പൊള്ളയാകുന്നതും, ഭരണവര്‍ഗ രാഷ്ട്രീയത്തെ സഹായിക്കുന്നതാകുന്നതും ഈ പോയിന്റിലാണ്. അത് മീരക്ക് മനസ്സിലാകണമെന്നും ഇല്ല. ഖനികളെ സംബന്ധിച്ച കേന്ദ്ര സര്ക്കാന് നയമെന്ത്, അത് ആദിവാസികളെ എങ്ങിനെ ബാധിക്കുന്നു, അക്കാര്യത്തില്‍ സി.പി.എം നിലപാടെന്ത് എന്നൊക്കെ മീരക്കറിയാമോ എന്നും അറിയില്ല.
പഴയ കാല നക്സല്‍ പോരാട്ടങ്ങളുടെ കാല്പനികഭംഗിയും (തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഏറ്റവുമധികം ആക്രമിച്ചത് ആരെയായിരുന്നു എന്നതിന്റെ ചരിത്രം മീരയ്ക്കറിയാമോ?) അരുന്ധതി റോയിയുടെ നോവല്‍ വായിച്ചപ്പോഴുണ്ടായ മധുരാനുഭൂതിയും, അരുന്ധതി റോയ് ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ള ശരികളും, ആദിവാസികളുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള വാസ്തവങ്ങളും ഒക്കെ മീര തന്റെ ലേഖനത്തില്‍ സമൃദ്ധമായി ഉപയോഗിക്കുന്നത് തന്റെ ലേഖനത്തെ “റീഡബിള്‍” ആക്കുക എന്ന സാമര്‍ത്ഥ്യത്തിനപ്പുറത്ത് ആ ലേഖനത്തിലെ പൊള്ളയായ രാഷ്ട്രീയം മറച്ചുവെക്കുന്നതിനു കൂടിയാണ്. അരുന്ധതി റോയിയെ അനുകൂലിച്ച് എഴുതുന്ന ഒരു സാദാ ലേഖനത്തെക്കാള്‍ ശ്രദ്ധ വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിട്ടൊരു ലേഖനം എഴുതിയാല്‍ കിട്ടും എന്ന കാര്യം മീരക്കറിയാതിരിക്കില്ല. അഥവാ അറിയില്ലെങ്കിലും പത്രമുതലാളിക്കറിയാം.
വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിടുമ്പോള്‍ മീര അറിയാതെ പോയ കാര്യം മാവോയിസ്റ്റുകളെ ലഷ്ക്കറെയും ഹുജിയും പോലുള്ള ഭീകരസംഘടനയായി മാത്രം കണ്ട് നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒരു തരത്തിലും സി.പി.എം അനുകൂലിക്കുന്നില്ല എന്നതാണ്. നിരോധനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് സി.പി.എം എന്നേ വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത് എന്ന വ്യക്തമായ നിലപാടുള്ള സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ലേഖനാഭ്യാസം രചിക്കുന്ന മീര രാഷ്ടീയ ലേഖനം എഴുതുകയാണ് തന്റെ ഉദ്ദേശ്യം എങ്കില്‍ ആദ്യം ചെയ്യേണ്ടത് താന്‍ വിമര്‍ശിക്കുന്ന വിഷയത്തില്‍ വിമര്‍ശനവിധേയമാവുന്ന സംഘടനയുടെ നിലപാടെന്ത് എന്ന് വ്യക്തമായി അറിയുക എന്നതാണ്. അതല്ലാതെ കേട്ടു കേള്വികളും ഊഹാപോഹങ്ങളും തന്റെ അഭ്യാസത്തിനു അടിസ്ഥാനമാക്കുമ്പോള്‍ പിറക്കുന്നത് രാഷ്ട്രീയ ലേഖനമല്ല മറിച്ച് കഥയാണ് എന്ന് തിരിച്ചറിയുകയാണ്. ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്തരം കഥകളാണു പഥ്യം എന്നതിനാലും, കഥക്കപ്പുറത്തെ നിജങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുകയില്ല എന്ന് അവര്‍ക്ക് അറിയുന്നതിനാലും മീരയുടെ തരം എഴുത്തിനു ഭാവിയുണ്ട്, വാങ്ങാന്‍ ആളുണ്ടാകും എന്നത് നിഷേധിക്കുന്നില്ല.
വാല് കഷണം:
ആദിവാസികളോട് ശരിക്കും സഹാനുഭൂതിയുണ്ടെങ്കില്‍ മീര പ്ലാച്ചിമടയില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് കൂടി എഴുതുക. അത് മറുവാക്കില്‍ വെളിച്ചം കാണുമോ എന്ന് പരിശോധിക്കുകയും ചെയ്യുക. ചുമ്മാ ഒരു സംസ്ഥാനതല രാഷ്ട്രീയപ്രവര്‍ത്തനം. ദേശീയം മാത്രം കൈകാര്യം ചെയ്താല്‍ പോരല്ലോ.
Monday, February 15, 2010
ഒരേ തൂവല്‍ പച്ചികള്
എന്തരെടേയ്.?
അണ്ണന് എവടെപ്പോണത്?
രമേശണ്ണനെ ഒന്ന് കാണാന്‍ തന്നെടേയ്
എന്തരു കാര്യം?
ഒരു ജ്വാലി ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ടെടേയ്..
അയ്യോ..അപ്പ അണ്ണന് പഴയ ജ്വാലികളു വിട്ടാ?
വിട്ടെടേയ്..ഇക്കയും അച്ചായനും പോലും വിട്ട്..പിന്നെ ഞാന്‍ വിട്ടാലെന്തെടേയ്..
ഉം..ഉം..ഒരേ തൂവല്‍ പച്ചികളു തന്നെ അല്ലേ അണ്ണാ? അണ്ണന് വിട്ടാ..അതോ അങ്ങോരു പൊറത്താക്കിയാ..?
ഞാം വിട്ട്..പക്ഷേ അങ്ങോരു വിട്ടില്ല.. രാജിക്കത്ത് കീറിക്കളഞ്ഞിട്ട് എന്നെ ഡിസ്മിസ് ചെയ്ത്..
വിടാനെന്തരു പറ്റി?
അങ്ങോരു ശരിയല്ലേടേയ്..
ഉം?
ഭയങ്കര ആദര്‍ശം..ചമ്പളത്തീന്ന് ടാക്സ് പിടിക്കുമെടേയ്..പിന്നെ യൂണിഫോം ഇടണം..സമയത്ത് ജ്വാലിക്ക് വരണം..ജ്വാലി ശരിക്ക് ചെയ്യണം..തൊന്തരവ് തന്നെടേയ്..
ഇതൊക്കെ അറിഞ്ഞോണ്ടല്ലേ അണ്ണന് ജ്വാലിക്ക് ചേര്‍ന്നത്?
തന്നെടേയ്..പക്ഷേ കാലം മാറുമ്പ മനുഷന്റെ ആവശ്യങ്ങളും മാറൂല്ലെടേയ്..അതിനനുസരിച്ച് ജോലിക്ക് നിറുത്തണവരും ലിബറല്‍ ആകേണ്ടടേയ്..പൊണ്ടാട്ടിക്കും പുള്ളാര്‍ക്കും ഒരു കൈപ്പിഴ വന്നാ കണ്ടില്ലെന്ന് നടിക്കേണ്ടെടേയ്?
അണ്ണന് ഒന്നുമല്ലാതിരുന്ന കാലത്ത് സഹായിച്ച് അണ്ണനെ ഒരു നെലക്കെത്തിച്ച ആളുകളല്ല്ല്ലേ അണ്ണാ?
തന്നെ..പച്ചേങ്കി ഇനിയൊരു പ്രമോഷന് തരൂല്ലാന്ന് അങ്ങോരു സൂചിപ്പിച്ചെടേയ്..ചാനലുകാരു പറേണ പോലെ അങ്ങോരുടെ ബാഡി ലാംഗ്വേജ് കണ്ടപ്പോ അങ്ങനെ തോന്നിയെടേയ്..
അത് അണ്ണന് ജ്വാലിയില്‍ ഒഴപ്പിയിട്ടല്ലേ അണ്ണാ..
ഡേയ്..ഡേയ്..രമേശണ്ണന് ഇത്തിരൂടെ മെച്ചമുള്ള ഒരു ജ്വാലി ശരിയാക്കിത്തരാംന്ന് പറഞപ്പോഴാണേടേയ് ഒഴപ്പിയത്..രമേശണ്ണന്റെ ചോക്കലേറ്റ് മൊഖം മനസ്സില്‍ വന്നാ, ആ പന്‍സാര വര്‍ത്താനം കേട്ടാ ആരായാലും ഒഴപ്പിപ്പോവത്തില്ലെടേയ്..
ഈ രമേശണ്ണന്റെ കൂടെ എത്രകാലം അണ്ണാ?
പറയാമ്പറ്റൂല്ലെടേയ്..ഒരാൾ പോയാ ഒന്‍പത് ആൾ വരും എന്നല്ലെടേയ്..ആയാറാം ഗയാറാം..
അങ്ങോരു തള്ളണ പാഴുകളെ ജ്വാലിക്ക് നിര്‍ത്താനാണോ അണ്ണാ രമേശണ്ണന് കടേം തൊറന്ന് വെച്ച് ഇരിക്കണത് എന്ന് ഇക്കയും അച്ചായനും രമേശണ്ണന്റെ കൂടെച്ചേര്‍ന്നപ്പോ നാട്ടാരു ച്വാദിച്ചിരുന്നണ്ണാ..
ആ നാട്ടാരോട് പോവാന്‍ പറേഡേ..പാഴുകള്..
ഒറ്റപ്പാലം കടക്കുവോളം നാരായണാ..പാലം കടന്നാല്‍ കൂരായണാ അല്ലേ അണ്ണാ?
ദില്ലീ വെലസി നടന്ന അണ്ണനെ വെറും ലോക്കലാക്കിയപ്പോ ഈ നാട്ടാരെവടേപ്പോയെടേയ്..എവിടെ എത്തേണ്ട ഞാനാ..പി.എസ്.സിക്കാരു പൊറകേ നടന്ന് വിളിയായിരുന്നു..കളക്ടറാക്കാം..ദി കിംഗാക്കാംന്നൊക്കെപ്പറഞ്ഞോണ്ട്..ആവാന്‍ സമ്മയ്ച്ചില്ലല്ലോ..
രമേശണ്ണന്റെ കൂടെയെങ്കിലും ജ്വാലികളൊക്കെ ചെയ്ത് ശരിക്ക് നിക്കണ്ണാ.
പോടേയ്..ഇവടെ അങ്ങനെ ജ്വാലികളൊന്നും ഇല്ലെടേയ്..ചുമ്മാ പൌഡറും പൂശി, ഡൈയും പെരട്ടി കുട്ടപ്പനായി വരണം. രമേശണ്ണനും മറ്റേ അണ്ണന്മാരും വരുമ്പോ തൊഴണം..എപ്പ വേണേ വരാം..എപ്പ വേണേ പോവാം..ഗമ്പ്ലീറ്റ് ജനാധിപത്യമല്ലേടേയ്.. ഇവടെ ടാക്സു പിടികൂലെന്ന് മാത്രമല്ല..കൈ നീട്ടി വല്ലോം വാങ്ങിയാലും കൊയപ്പമില്ല.
എന്നാലും ഷെയറു വീതിക്കേണ്ടേ അണ്ണാ..
ഡേയ്..വല്ലോനും തരണതീന്ന് ഷെയറു വീതിക്കണതീ കയ്ക്കണ്ട കാര്യമെന്തരിരിക്കണത്?..നീയങ്ങോട്ട് ഷെയറിയാ ലവരിങ്ങോട്ടും ഷെയറുമെടേയ്..
ന്നുവെച്ചാ .മൊത്തത്തി ഒരു പരസ്പരസഹായസഹകരണസംഘങ്ങളു തന്നെ അല്ലേ അണ്ണാ.
ഹഹഹ.. വികസനത്തിന്റെ കാര്യം വരുമ്പോ കക്ഷി രാഷ്ട്രീയത്തീ മസിലുപിടുത്തം പാടില്ലെടേയ്..അവനവന്റെ വികസനമാവുമ്പോ പ്രത്യേകിച്ചും..
Wednesday, January 20, 2010
കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം
പ്രതിജ്ഞ എന്ന പോസ്റ്റിട്ട ഒരാളുടെ കട്ടേം പടോം മടക്കുന്ന വിധം ഉദാഹരണ സഹിതം പഠിപ്പിക്കുകയാണ് ഈ പോസ്റ്റില്‍. ബിംബങ്ങള്‍ നിറഞ്ഞെ ഒരു രചനാരീതി അവലംബിച്ചിരിക്കുന്നത് കൊണ്ട് ആദ്യം ഒരു പുക പോലെ തോന്നുമെങ്കിലും ആവര്‍ത്തിച്ചുള്ള പാരായണത്തിലൂടെ പ്രസ്തുത പ്രതിസന്ധി മറികടക്കാവുന്നതേ ഉള്ളൂ..
പ്രതിജ്ഞ
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും...
ഈ പ്രാര്‍ത്ഥന ആരെങ്കിലും ഒരാള്‍ പോസ്റ്റാക്കി എന്ന് വിചാരിക്കുക വെറുതെ വിചാരിച്ചാല്‍ മതി..നമുക്ക് ആ പോസ്റ്റിന്റെ കട്ടേം പടോം മടക്കണം എന്ന് തോന്നി എന്നും വിചാരിക്കുക. വെറുതെ വിചാരിച്ചാല്‍ മതി. അതിനു ആദ്യം ചെയ്യേണ്ടത് ആ പോസ്റ്റിലെ വരികള്‍ പിരിച്ച് താഴേക്ക് താഴേക്ക് കോപ്പി പേസ്റ്റ് ചെയ്യുക എന്നതാണ്. വരമുറിപ്പോസ്റ്റിങ്ങ് എന്നാണ് ഇതിനു സാങ്കേതികഭാഷയില്‍ പറയുന്നത്. എന്നിട്ട് ഓരോ വരിക്ക് താഴെയും ‘വായക്ക് തോന്നിയത് കോതക്ക് പാട്ട്‘ എന്ന മട്ടില്‍ ‘അപ്പോ തോന്നിയതോ, അപ്പപ്പ കണ്ടോനെ അപ്പാന്ന് വിളിക്കുന്ന മട്ടിലുള്ളതോ‘ ആയ എന്തെങ്കിലും എഴുതിവെക്കുക. പണ്ട് മറ്റെവിടെയോ എഴുതിയതിന്റെ വിപരീതമാണ് ഇപ്പോള്‍ എഴുതുന്നതെങ്കിലും ഉപേക്ഷ വിചാരിക്കരുത്. വിപരീതത്തിന്റെ വിപരീതം എന്നൊക്കെ പറഞ്ഞ് പിടിച്ച് നില്‍ക്കാനുള്ള ധൈര്യം ഇത്തിരി സംഭരിച്ചു വെക്കണം എന്ന് മാത്രം.
അപ്പോ തുടങ്ങുകയല്ലേ....
സോ ആന്‍ഡ് സോ said... (സോ ആന്‍ഡ് സോ എന്നതൊരു ബിംബം മാത്രം)
ഇന്ത്യ എന്റെ രാജ്യമാണ്.
അതെങ്ങിനെയാണ് സെബിനേ, ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയുന്നത്? എന്റെയും കൂടി രാജ്യമല്ലേ?
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ആണിനെയും പെണ്ണിനെയും സഹോദരിയെന്നു വിളിക്കുമോ? അല്ലെങ്കില്‍ സഹോദരന് എന്ന് വിളിക്കുമോ? അതോ നപുംസകങ്ങളാണ് എല്ലാവരും എന്ന് പറയുകയാണോ സെബിനേ? അപ്പോ പിന്നെ കല്യാണം കഴിക്കുന്നതെങ്ങിനെ സെബിനേ?
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
അങ്ങിനെ പറയുമ്പോള്‍ മറ്റുള്ളവര്‍ സ്നേഹിക്കുന്നില്ല എന്നാണോ സെബിനേ അര്‍ത്ഥമാക്കുന്നത്? ഇത് സ്നേഹത്തെ സംബന്ധിച്ച ഫാസിസ്റ്റ് നിലപാടല്ലേ സെബിനേ? സെബിന്റെ പോസ്റ്റില്‍ ചൈനീസ് ഭാഷയില്‍ വന്ന കമന്റ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ ചൈനീസ് ബന്ധത്തിനു തെളിവല്ലേ? സ്പാം എന്ന് പറഞ്ഞ് ഒഴിയാതെ സെബിനേ..
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഇതൊരു ബൂര്‍ഷാവ്യവസ്ഥിതിയായിരിക്കെ അതില്‍ അഭിമാനം കൊള്ളാമോ സെബിനേ? സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ ആബ്സൊല്യൂട്ടിലി പൂര്‍ണ്ണം എന്നാണോ സെബിനേ? ഇനി മെച്ചപ്പെടുത്താന്‍ പറ്റില്ലേ സെബിനേ?
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍, എന്റെ എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സുപ്പീരിയോരിറ്റി കോമ്പ്ലക്സല്ലേ സെബിനേ? എല്ലാമറിയുന്ന ഗുരു എന്നത് ഒരു ഫാസിസ്റ്റ് ബിംബം അല്ലേ സെബിനേ? അതോ ഇനി ഈ ഗുരുവിനു ഒന്നും അറിയില്ലെന്നാണോ സെബിനേ?
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും...
കള്ളന്മാരെയും, കൊള്ളക്കാരെയും,കൊലപാതകികളേയും സഹായിക്കും എന്നല്ലേ സെബിനേ ഇതിന്റെ അര്‍ത്ഥം? ഇത് ശരിയായ നിലപാടാണോ സെബിനേ...
Wednesday, January 20, 2010 12:00:00 PM GMT+05:30
പ്രതിപക്ഷ ബഹുമാനത്തോടെ ഇത്തരം കമന്റുകള്‍ക്കും സെബിന് (സെബിന് ഒരു ബിംബം ആണെന്ന് പറയേണ്ടതില്ലല്ലോ) മറുപടിയെഴുതിയാല്‍ സംഭവം തീരുമെന്നാണോ വിചാരം? കൊള്ളാം..അതിനു വേറെ ആളെ നോക്കണം..നമ്മള് നിര്‍ത്തരുത്. ആ കമന്റിലെ വരികള്‍ വരമുറിയായി പോസ്റ്റ് ചെയ്ത് അടുത്ത ഡോസ്..അതിനെങ്ങാനും മറുപടി എഴുതിയാല്‍ അത് വരമുറിയാക്കി നെക്സ് ഡോസ്..നമുക്ക് വേറെ പണിയില്ലാന്ന് വിചാരിക്കാന്‍ നാട്ടുകാരെന്താ വേറെ പണിയില്ലാതിരിക്കുകയാണോ? ചമ്മലേ പാടില്ല..പേരും പത്രാസും ഇല്ലാത്ത സോ ആന്‍ഡ് സോ എന്ന തൂലികാനാമത്തിലല്ലേ കളി..
ഇതൊക്കെ വായിച്ച് പേടിച്ച് സെബിന് നമുക്ക് വിവരമില്ലെന്ന് മനസ്സിലാക്കി മറുപടി എഴുത്ത് നിര്‍ത്തിയാല്‍ നാം നിര്‍ത്തുമോ? അതിനു കള്ളുവേറെ കുടിക്കണം..
പോസ്റ്റിലെ എല്ലാവരിയും, കമന്റിലെ എല്ലാവരിയും വരമുറിയാക്കി ഒരു ലെവലായിക്കഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് പ്രയോഗിക്കാം. സൈഡിലെ ഗൂഗ്ഗില്‍ പരസ്യമോ, പ്രൊഫൈല്‍ വാചകമോ, അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. അതെടുത്ത് പയറ്റണം.
ഉദാഹരണമായി
view my complete profile.. എന്ന് മിക്കവാറും ബ്ലോഗില്‍ കാണുമല്ലോ. അത് കോപ്പി പേസ്റ്റ് ചെയ്യുക. എന്നിട്ടൊരു കമന്റ് താങ്ങുക..
view my complete profile..
അപ്പോള്‍ വ്യൂ ചെയ്താല്‍ മാത്രം മതിയെന്നാണോ സെബിനേ..വായിക്കേണ്ടേ? view and read my profile എന്നതല്ലേ ശരിയായ നിലപാട് സെബിനേ..
ഈ ഡോസോടു കൂടി, സുഹൃത്തുക്കളേ, ആത്മാര്‍ത്ഥമായി ഒരു പോസ്റ്റിടുന്ന സെബിന്മാരുടെ (സെബിന് ഒരു പ്രതീകം മാത്രം) കട്ടേം പടോം മടങ്ങുമെന്നത് നൂറരത്തരം. അഥവാ മടങ്ങിയില്ലെങ്കില്‍ view my complete profile എന്നതിലെ വാക്കുകള്‍ പിരിച്ച് വരമുറിയാക്കി ഓരോ വാക്കിനും കമന്റിടണം. ആ ബ്ലോഗ് എപ്പപ്പൂട്ടിയെന്ന് കേട്ടാ മതി...
ഡിസ്ക്ലെയിമര്
ഈ പോസ്റ്റുമായോ അതിലെ കമന്റുകളുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല അങ്ങിനെ സംശയം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികം എന്ന് പറയേണ്ടതില്ലല്ലോ. ബിംബാധിഷ്ഠിത രചനാരീതിയുടെ രീതിശാസ്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അത്തരം സംശയങ്ങള്‍ ഉയരാന്‍ ഇടയില്ല എന്ന് തോന്നുന്നു. എന്നിട്ടും ഉയരുകയാണെങ്കില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളുടെ തലവിധി എന്ന് കരുതി സമാധാനിക്കുക.