Tuesday, March 24, 2009

ആം ആദ്‌മികളും ഹമാരാ ആം ആദ്‌മികളും

പ്രവചനങ്ങളും സര്‍വെയും ഒന്നാണോ? സര്‍വേ അല്ലേ പ്രവചനങ്ങളേക്കാള്‍ ശാസ്ത്രീയം? ശാസ്ത്രീയമായ പ്രവചനങ്ങള്‍ നടത്തുന്നതിനേക്കാള്‍ നല്ലതല്ലേ ശാസ്ത്രീയമായ സര്‍വെകള്‍ നടത്തുത്? എന്റെ മാഡമ്മേ....

സര്‍വെകളും പ്രവചനങ്ങളും വായിച്ച് വായിച്ച് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലെ ആകെ കണ്‍ഫ്യൂഷനിലായിപ്പോയി. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് യഥാര്‍ത്ഥ പൊതുസമ്മതന്‍ തന്നെയോ, അതോ ശരിയായ പൊതുസമ്മതന്‍ ഇനിയും വരാനിരിക്കുന്നോ, വന്നത് പൊതുസമ്മതന്‍ എങ്കില്‍ അതിന്റെ പേരില്‍ എന്തിനിത്ര തമ്മില്‍തല്ല്, അപ്പോള്‍പ്പിന്നെ പൊതുസമ്മതന്‍ വരാതിരുന്നിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നൊക്കെ ആലോചിച്ച് ആലോചിച്ച് വ.കോ.പ്രവര്‍ത്തകര്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുണ്ടല്ലോ....ശത്രുവിനുപോലും ഇതുപോലൊരു ഹൈക്കമാന്‍ഡിനെയും പൊതുസമ്മതനെയും കൊടുക്കല്ലേ എന്നാണത്രെ അവര്‍ പ്രാര്‍ത്ഥിക്കുന്നത്.

സര്‍വവിഘ്നനിവാരകനായ സര്‍വേശ്വരനെ മനസ്സില്‍ ധ്യാനിച്ച് തുടങ്ങാം..

ഒരു സംഖ്യ വിചാരിക്കൂ...അതിനെ രണ്ടു കൊണ്ട് ഗുണിക്കൂ...രണ്ട് കൂട്ടൂ...പത്തുകൊണ്ട് ഗുണിക്കൂ.. പത്തുകൂട്ടൂ...വെണ്ണ പുരട്ടൂ...പിയേഴ്സ് സോപ്പിട്ട് പതപ്പിക്കൂ...രക്ഷാമന്ത്രം ചൊല്ലൂ...അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് മുഖ്യധാരയിലേക്ക് പ്രക്ഷേപണം ചെയ്യൂ...ഈ നിലയിലാണ് ഇന്ന് അഭിപ്രായ സര്‍വെകള്‍ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മള്ളൂരും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന പഴയ ചൊല്ല് പോലെ ഒരു ഏജന്‍സിയുടെ പേരും കയ്യിലിത്തിരി ദുട്ടും ഉണ്ടെങ്കില്‍ ആരെവേണമെങ്കിലും അധികാരത്തില്‍ കയറാന്‍ പോകുന്നവരാക്കാം, വോട്ടെണ്ണുന്നതിന്റെ തലേദിവസം വരെ.

അച്ചായന്റെ പത്രവും കുറച്ച് ദിവസം മുന്‍പൊരു തമാശയുമായി ഇറങ്ങിയിരുന്നു. ആരു നടത്തിയെന്നോ എന്ന് നടത്തിയെന്നോ എങ്ങിനെ നടത്തിയെന്നോ എന്നൊന്നുമില്ലാത്ത ഒരെണ്ണം. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ എത്തണം എന്ന അച്ചായന്റെ സ്വപ്നത്തിന്റെ സര്‍വെരൂപമായിരുന്നു അത്. ഹൈക്കമാന്‍ഡ് സ്പോണ്‍സേര്‍ഡ് സര്‍വെ വഴി മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടികള്‍ ജയിക്കുന്ന കാലത്ത് അച്ചായന്റെ സര്‍വെയില്‍ മാത്രം അത് പാടില്ലെന്ന് പറഞ്ഞാല്‍ അച്ചായന്‍ ചിലപ്പോള്‍ വിഷക്കുപ്പി കയ്യിലെടുക്കും. പഴയപോലെ അല്ല. ഇത്തവണ കുടിക്കുമെന്നു പറഞ്ഞാല്‍ കുടിച്ചിരിക്കും. കട്ടായം.

യു.പി.എക്ക് 257 സീറ്റ് കിട്ടും എന്ന് പറഞ്ഞ് നീൽ‌സൻ എന്ന ഏജന്‍സി നടത്തിയ സര്‍വെയില്‍ യു.പി.എയില്‍ നിന്ന് വിട്ടുപോയവരെയും യു.പി.എയില്‍ തന്നെ നിര്‍ത്തിയാണ് നമ്പറൊപ്പിച്ചിരിക്കുന്നത്. അതില്‍ തെറ്റു പറയാനില്ല. വിവാ‍ഹശേഷം മക്കള്‍ മാറിത്താമസിക്കുന്നു എന്നു കരുതി അച്ഛനും അമ്മയ്ക്കും അവര്‍ മക്കള്‍ അല്ലാതാവുമോ?

സര്‍വെയില്‍ കോണ്‍ഗ്രസ്സിനു 144 സീറ്റു കിട്ടുമെന്നുമുണ്ട്. എവിടെ നിന്നെന്ന കാര്യം മാത്രം ചോദിക്കരുത്. കിട്ടും, കിട്ടാതിരിക്കില്ല, കിട്ടുമായിരിക്കും എന്ന് കിട്ടുമ്മാമ്മനെ ഉദ്ധരിച്ച് അവര്‍ തെളിയിച്ചു തന്നേക്കും.

കൂടുതല്‍ വിശദവിവരങ്ങള്‍ പറഞ്ഞാല്‍ ചിരിച്ച് കൊടലു വെളിയില്‍ വരും. അത് വേണ്ട. പകരം സര്‍വൈശ്വര്യദായകിയായ മാഡത്തെ മനസാ സ്മരിച്ച് നമുക്കൊരു സംഖ്യ മനസ്സില്‍ വിചാരിക്കാം...

*

ഐ.പി.എല്ലില്‍ കളിച്ച് കുറച്ച് കാശുണ്ടാക്കാമെന്ന പാക്കിസ്താന്‍ ക്രിക്കറ്റ് കളിക്കാരുടെ മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ. കളിയ്ക്കണ കളിയല്ല ഇതൊക്കെ. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താന്‍ കളിക്കാരെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന. സേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇങ്ങനെ പറഞ്ഞെന്നാണ് പത്രങ്ങള്‍ പറയുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പും ക്രിക്കറ്റും തമ്മിലുള്ള മത്സരത്തില്‍ ക്രിക്കറ്റ് തോല്‍ക്കും എന്ന അവസ്ഥ വന്നതിനാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ബിസിസിഐ.

അതിനിടയിലാണ് ഷോവിനിസ്റ്റിക് നാഷണലിസ്റ്റ് ടീമിലെ കളിക്കാരനായ നരേന്ദ്ര മോദി “അത് പറ്റൂല്ല...കളി ഇവിടെ വെച്ച് തന്നെ നടത്തണം. ഞങ്ങ ഇവിടെയേ കളിക്കൂ” എന്നൊക്കെ വാശി പിടിക്കുന്നത്. മത്സരം പുറത്ത് വെച്ച് നടത്തുന്നത് രാജ്യത്തിനു അപമാനമാണത്രെ. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന തോന്നലുണ്ടാക്കുമത്രെ.

തെരഞ്ഞെടുപ്പ് രാജ്യത്തിനു പുറത്ത് വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ എന്ന് മോദിയോട് ആരെങ്കിലും ചോദിച്ചു മനസ്സിലാക്കിയാല്‍ അങ്ങിനെ ചെയ്യാമായിരുന്നു. ക്രിക്കറ്റിലാണെങ്കില്‍ ശതകോടികളാണു വരുമാനം. ലോകസഭാ തെരഞ്ഞെടുപ്പാകട്ടെ ശതകോടികളുടെ അനാവശ്യ ചിലവും. ചിലവു ഇല്ലാതെയാക്കി വരുമാ‍നം മാത്രം ഉണ്ടാക്കാന്‍ ‘വികാസ് പുരുഷി‘നു ഒരവസരം.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയാണ് രാജ്യത്തിനു കൂടുതല്‍ അപമാനകരം എന്ന ചിദംബരത്തിന്റെ പ്രസ്താ‍വന കുറിക്ക് കൊള്ളുന്നതായി. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന് തോന്നലുണ്ടാക്കുക ഇത്തരം കലാപരിപാടികളിലൂടെയാണ് എന്ന് ചിദംബരം പറഞ്ഞില്ല. നമുക്ക് അത് പറയാം.

പറയുമ്പോള്‍ എല്ലാം പറയണം എന്നാണ് കാരണവന്മാര്‍ പറഞ്ഞു തന്നിട്ടുള്ളത്. ബി.ജെ.പിയില്‍ കം‌പ്ലീറ്റ് ക്രിക്കറ്റ് കളിക്കാരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ക്രിക്കറ്റും കളിക്കുമെന്നു മാത്രം. നാളെ ഇതുപോലെ കുംഭമേളയും അജ്മെര്‍ ഷെരീഫ് പരിപാടിയും (കുംഭമേളയും മാനസസരോവര്‍ യാത്രയും എന്നായിരിക്കും പറയുക എന്നു കരുതിയ വിമര്‍ശകരേ രണ്ടാമത്തെ പരിപാടി ശ്രദ്ധിക്കൂ . തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെത്ര പൊളിറ്റിക്കലി കറക്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ) ഒക്കെ നടത്താന്‍ കഴിയാതെ വരുമെന്നാണ് അരുണ്‍ ജെയ്റ്റ്ലി വാദിക്കുന്നത്. എന്നുവെച്ചാല്‍ ലതു തന്നെ..മ.മ...മ...മതം. യേത്?

*

തിരുവനന്തപുരത്ത് ജയിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തിലെല്ലായിടത്തും ജയിക്കുമെന്ന് ലീഡർ.
ജയിച്ചാലല്ലെ എന്ന് ഡീലർ.

*

കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറങ്ങി. ആം ആദ്‌മിയെ ഒരിക്കല്‍കൂടി സേവിക്കാന്‍ അവസരം തരൂ എന്നാണ് പ്രകടനപത്രിക വാവിട്ടു നിലവിളിക്കുന്നത്. ഇത്രയും കാലം സേവിച്ചിട്ടും കുപ്പിയില്‍ ആം ആദ്‌മി ഇനിയും ബാക്കി കിടക്കുന്നു. അവനെക്കൂടെ സേവിച്ചു കുപ്പി കാലിയാക്കിയിട്ട് വേണം ഒന്ന് മനസ്സമാധാനമായി കിടന്നുറങ്ങാന്‍.

ആം ആദ്‌മിയെ സേവിക്കാന്‍ കച്ചകെട്ടി രംഗത്തിറങ്ങുന്ന രാജകുടുംബാംഗങ്ങളെത്തട്ടി ആം ആദ്‌മിക്ക് കോണ്‍ഗ്രസ്സില്‍ വഴിനടക്കാന്‍ പറ്റാതായിരിക്കുന്നുവത്രെ. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമൊക്കെ ആം ആദ്‌മിയെ സേവിക്കുവാന്‍ ഉള്ള ടിക്കറ്റ് രാജകുടുംബങ്ങളില്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറുന്നുമുണ്ടത്രെ. രാജാവ് തട്ടിപ്പോയാല്‍ ടിക്കറ്റ് രാജകുമാരനു കിട്ടും. അങ്ങേരും പോയാല്‍ അങ്ങേരുടെ പത്നിക്ക്.. ജനാധിപത്യവ്യവസ്ഥിതിയിലും രാജഭരണം എന്നു ചിലരൊക്കെ ചെലയ്ക്കുന്നുണ്ട്. സാരമില്ല. എല്ലാം ആം ആദ്‌മിക്കു വേണ്ടിയല്ലേ..

*

ആം ആദ്‌മിയെ കൈമെയ് മറന്ന് സേവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ചില കണക്കുകള്‍ ശ്രദ്ധിക്കാന്‍ യു.പി.എക്ക് സമയം കിട്ടിയില്ല. അതുകൊണ്ട് 88 വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിണിസൂചികയില്‍ 66-ആം സ്ഥാനത്തെത്തി ഇന്ത്യ. 67 മുതല്‍ 88 വരെയുള്ള രാജ്യങ്ങളെ(അതോ ദ്വീപുകളെയോ?) ഭൂപടത്തില്‍ കണ്ടുപിടിക്കുവാന്‍ ഭൂതക്കണ്ണാടിയുടെ സഹായം വേണ്ടിവരും എന്നതിനാല്‍ ജയ് ഹോ ജയ് ഹോ എന്ന് പാടി നമുക്ക് ടൈം കില്ലാം. ജയ് ഹോ എന്ന് കോണ്‍ഗ്രസ് അലറി വിളിക്കുന്നത് കേട്ട് പേടിച്ച് ഉള്ളിക്ക് 40% വരെ വിലക്കയറ്റം ഉണ്ടായിയത്രെ.

*

യു.പി.എ ഭരണത്തിന്റെ ആം ആദ്‌മിഫിക്കേഷനില്‍ അസൂയ പൂണ്ട് ചില വിവരമില്ലാത്തവന്മാര്‍ ചില കണക്കുകള്‍ ഒക്കെ പടച്ചു വിടുന്നുണ്ട്. അലവലാതികൾ.

“അഞ്ചുവര്‍ഷത്തിനിടെ ഭക്ഷ്യവസ്തുവിലകള്‍ 12 ശതമാനംമുതല്‍ 62 ശതമാനംവരെ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എട്ടുമുതല്‍ 11 ശതമാനംവരെയാണ് ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചത്. ഉപഭോക്തൃമന്ത്രാലയത്തിന്റെ വിലനിരീക്ഷണസമിതി അടുത്തയിടെ പുറത്തുവിട്ട കണക്കനുസരിച്ച് അരി, പരിപ്പ്, ഉള്ളി, പഞ്ചസാര, ചായ എന്നിവയുടെ വിലയില്‍ വന്‍വര്‍ധനയുണ്ടായി. പഞ്ചസാരവില കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വര്‍ധിച്ചു. പരിപ്പുവര്‍ഗങ്ങളുടേത് 31 ശതമാനവും. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2004ലെ സാധനവിലയുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍വിലവര്‍ധനയാണ് ഉണ്ടായത്. അരിയുടെ വില 2004ല്‍ കിലോയ്ക്ക് 13 രൂപയായിരുന്നെങ്കില്‍ 2008ല്‍ അത് 19 രൂപയായി. 46.15 ശതമാനം വര്‍ധിച്ചു. ഗോതമ്പിനാണ് ഏറ്റവുമധികം വില വര്‍ധിച്ചത്. 62.5 ശതമാനം. എട്ടു രൂപയില്‍നിന്ന് 13 രൂപയായി. ആട്ടയ്ക്ക് 55.5 ശതമാനവും കടലയ്ക്ക് 47.82 ശതമാനവും കടലെണ്ണയ്ക്ക് 43.52 ശതമാനവും കടുകെണ്ണയ്ക്ക് 45.59 ശതമാനവും പാലിന് 33.33 ശതമാനവും വില വര്‍ധിച്ചു. ഉപ്പിനുപോലും വില വര്‍ധിച്ചു. കിലോയ്ക്ക് ഏഴു രൂപയില്‍നിന്ന് പത്തായി.”

ഇത് മാത്രമോ അവന്മാര്‍ പറഞ്ഞു നടക്കുന്നത്? റേഷന്‍ കോട്ട വെട്ടിക്കുറച്ചു, അഗ്രി ബിസിനസ് ലോബിയെ സഹായിച്ചു, സബ്‌സിഡി വെട്ടിക്കുറച്ചു തുടങ്ങി നട്ടാല്‍ കിളുര്‍ക്കാത്ത പല പല നുണകളും ഈ വിവരമില്ലാത്തവന്മാര്‍ യു.പി.എക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്.

സബ്‌സിഡി കുറച്ചെങ്കിലെന്താ മുതല്‍ ആളിപ്പോയ പാവങ്ങള്‍ക്ക് (മുതലാളിമാര്‍ എന്നിവരെ വിളിക്കുന്നത് വെള്ളം ചേര്‍ക്കാത്ത ക്രൂരത) കോര്‍പ്പറേറ്റ് നികുതിയിളവുകളും, ടാക്സ് ഹോളിഡേയ്സും കൊടുക്കുന്നുണ്ടല്ലോ. അത് പോരെ. അവരും ആം ആദ്‌മികള്‍ തന്നെ..ഹമാരാ ആം ആദ്‌മികൾ.

*

കേരളത്തിലെ ജലസംഭരണികളില്‍ വെള്ളം കുറയുന്നു - വാര്‍ത്ത
ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം - മറ്റൊരു വാര്‍ത്ത.

5 comments:

  1. ലോകസഭാ തെരഞ്ഞെടുപ്പും ക്രിക്കറ്റും തമ്മിലുള്ള മത്സരത്തില്‍ ക്രിക്കറ്റ് തോല്‍ക്കും എന്ന അവസ്ഥ വന്നതിനാല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ബിസിസിഐ.

    അതിനിടയിലാണ് ഷോവിനിസ്റ്റിക് നാഷണലിസ്റ്റ് ടീമിലെ കളിക്കാരനായ നരേന്ദ്ര മോദി “അത് പറ്റൂല്ല...കളി ഇവിടെ വെച്ച് തന്നെ നടത്തണം. ഞങ്ങ ഇവിടെയേ കളിക്കൂ” എന്നൊക്കെ വാശി പിടിക്കുന്നത്. മത്സരം പുറത്ത് വെച്ച് നടത്തുന്നത് രാജ്യത്തിനു അപമാനമാണത്രെ. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമാണെന്ന തോന്നലുണ്ടാക്കുമത്രെ.

    തെരഞ്ഞെടുപ്പ് രാജ്യത്തിനു പുറത്ത് വെച്ച് നടത്തിയാല്‍ കുഴപ്പമുണ്ടോ എന്ന് മോദിയോട് ആരെങ്കിലും ചോദിച്ചു മനസ്സിലാക്കിയാല്‍ അങ്ങിനെ ചെയ്യാമായിരുന്നു. ക്രിക്കറ്റിലാണെങ്കില്‍ ശതകോടികളാണു വരുമാനം. ലോകസഭാ തെരഞ്ഞെടുപ്പാകട്ടെ ശതകോടികളുടെ അനാവശ്യ ചിലവും. ചിലവു ഇല്ലാതെയാക്കി വരുമാ‍നം മാത്രം ഉണ്ടാക്കാന്‍ ‘വികാസ് പുരുഷി‘നു ഒരവസരം.

    ReplyDelete
  2. തെരഞ്ഞെടുപ്പിനു വേണ്ടി ഗോധ്രകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, തെരഞ്ഞ്ടുപ്പും പുറത്ത് വച്ച് നടത്തുന്നതാവും ഭേദം.. എന്തിന് വോട്ട് ചെയ്യാന്‍ വരെ വിദേശികളെ ആക്കിയേക്കാം.. യേത്...

    ReplyDelete
  3. “തിരുവനന്തപുരത്ത് ജയിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തിലെല്ലായിടത്തും ജയിക്കുമെന്ന് ലീഡർ.“

    ഹ ഹ ഹ..അപ്പൂപ്പന്‍ അത് കൊള്ളിച്ചുപറഞ്ഞതാണ് എന്ന് സന്ദര്‍ഭവശാല്‍ ‘സ്ഥാനാര്‍ത്തി’ തരൂരിനു മാത്രം മനസ്സിലായിട്ടുണ്ടാവില്ല :))

    ReplyDelete
  4. സ്ഥാനത്തിനു ആർത്തിപൂണ്ട് നടക്കുന്ന അഴകിയ രാവണൻ സസിയേട്ടൻ പാവം,പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കാൻ പോകുന്നു

    ReplyDelete
  5. വളരെ ഹൃദ്യമായ ആകര്ഷികത്തക്ക വരികള്
    ചിന്താപരവും ലളിതവും

    ReplyDelete