Wednesday, March 25, 2009

ഹിപ്പോക്രസീയം

എന്തൊക്കെപ്പറഞ്ഞാലും കോണ്‍ഗ്രസ്സ് പാര്‍ട്ടി വയലാര്‍ജിയോട് കാണിച്ചത് പോക്രിത്തരമായിപ്പോയി. ഹിപ്പോക്രസി എന്ന വാക്കിനെ ഇത്രയും വെറുക്കുന്ന വയലാര്‍ജിയോട് ഇത് വേണ്ടായിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ താനും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമായിരുന്നെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞിരിക്കുന്നു.“കേന്ദ്രത്തില്‍ ഇനിയും ഒരു പദവി വഹിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. പദവി വേണമെന്ന്‌ ആവശ്യമുന്നയിക്കില്ല. പക്ഷേ വേണ്ടെന്നു പറഞ്ഞാല്‍ അതു ഹിപ്പോക്രസിയാകും.” എന്നാണദ്ദേഹം മനസ്സു തുറന്നത്.

സുധീരന്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പദവി വേണ്ട, മത്സരിക്കാനില്ല എന്നൊക്കെ പറഞ്ഞ സുധീരന്‍ ഏത് ടൈപ്പാണെന്ന് വയലാര്‍ജി മനസ്സു തുറന്നിട്ടില്ല. തുറക്കേണ്ട കാര്യവുമില്ലല്ലോ. മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാക്കാമല്ലോ എന്ന ഹിപ്പോക്രസിയും അതിലില്ല കേട്ടോ..

*

'ഇന്ത്യ: ഫ്രം മിഡ്നൈറ്റ്‌ ടു ദ മില്ലേനിയം ആന്‍ഡ്‌ ബിയോണ്ട്‌ ' ഈ പുസ്തകത്തിന്റെ രചയിതാവ്‌, ഇന്ത്യയുടെ അഭിമാനം ആഗോള തലത്തിലേക്കുയര്‍ത്തിയ നമ്മുടെ പാലക്കാട്ടുകാരന്‍, ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി , യു.എന്‍ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥി , മികച്ച എഴുത്തുകാരന്‍, നയതന്ത്രവിദഗ്ദ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തന്‍.............

ശശി തരൂര്‍ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി പത്രത്തിന്റെ അഭിപ്രായമാണ്. അദ്ദേഹത്തിനു കോണ്‍ഗ്രസ്സിനെയും, കോണ്‍ഗ്രസ്സുകാരെയും, അതിന്റെ നേതാക്കളെയും, ഗാന്ധിസത്തെയും കുറിച്ചുള്ള അഭിപ്രായം പോലെ ഒന്നല്ല തിരിച്ചുള്ള അഭിപ്രായമെന്നറിയുന്നത് സന്തോഷകരം തന്നെ.

അദ്ദേഹത്തിന്റെ പൊത്തകങ്ങള്‍ ഒന്നും തുറന്നു പോലും നോക്കാതെ സ്ഥാനാര്‍ത്ഥി ആക്കിയും പോയി, നൂലുകെട്ടി ഇറക്കിയും പോയി, പൊത്തകത്തിലെ വിവരം ജനം അറിഞ്ഞും പോയി, ഇനിയിപ്പയെന്നാ ചെയ്യും എന്ന ഗതികേടു കൊണ്ടൊന്നുമല്ല പത്രം ഇങ്ങനെ പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ തരൂര്‍ജിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളെ തുറന്നു കാട്ടുക തന്നെയാണുദ്ദേശ്യം.

പക്ഷെ ലേഖനം മുഴുവന്‍ വായിച്ചാലും ശശി തരൂര്‍ പറഞ്ഞതിനെക്കുറിച്ചോ, അത് ശരിയോ തെറ്റോ എന്നതിനെക്കുറിച്ചോ, ഇസ്രായേലി - കൊക്കൊക്കോളാ കണക്ഷന്‍സിനെക്കുറിച്ചോ കമാ എന്നൊരക്ഷരം അതിലില്ല. കമാ എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് എന്നു കരുതിയാണോ നിശബ്ദത എന്നത് വ്യക്തവുമല്ല. ഇപ്പോഴെങ്കിലും അവരാരെങ്കിലും പൊത്തകങ്ങള്‍ തുറന്നു നോക്കിയോ, അതോ ദേശാഭിമാനിയിലും ജനയുഗത്തിലും വന്നത് വായിച്ചതേ ഉള്ളുവോ എന്നതും വ്യക്തമല്ല.

ദേശാഭിമാനി, ജനയുഗം എന്ന് എടുത്ത് പറഞ്ഞത് വീക്ഷണം ലേഖനത്തിലും ഒരു സത്യം പറഞ്ഞിട്ടുണ്ട് എന്നതിനാലാണ് കേട്ടോ. അതിതാണ്:
“തരൂരിനെതിരായി ഇത്രയേറെ 'എൿസ്‌ക്ലൂസിവുകള്‍' കൊണ്ട്‌ വന്നിട്ടും മറ്റ്‌ മാധ്യമങ്ങള്‍ ഇത്‌ കണ്ട മട്ട്‌ കാണിക്കുന്നില്ല.”

ഇനി ഈ വാചകത്തെ വളച്ചൊടിച്ച് മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് വീക്ഷണം പത്രം ഭംഗ്യന്തരേണ സമ്മതിക്കുന്നു എന്ന് പറഞ്ഞ് ബഹളം തുടങ്ങിക്കോണം.

*
ബഹു. ഹൈക്കോടതി, കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ഒന്നില്‍ക്കൂടുതല്‍ തവണയായി വാദം കേള്‍ക്കുന്നതിനിടയില്‍ പരാമര്‍ശിക്കുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ കോടതി അനാവശ്യവും അപ്രസക്തവുമായ അതിരു കടന്നതുമായ അഭിപ്രായ പ്രകടനങ്ങൾ നടത്തേണ്ടിയിരുന്നില്ല എന്ന അഡ്വ. കേളു നമ്പ്യാരുടെ അഭിപ്രായമാണോ ഹിപ്പോക്രസിക്കുദാഹരണം അതോ സാക്ഷാൽ ജഡ്‌ജി രാംകുമാറിന്റെ അഭിപ്രായ പ്രകടനം തന്നെയോ?

അതെന്തോ ആകട്ടെ. കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളായ മാധ്യമങ്ങളും ഈ അഭിപ്രായപ്രകടനത്തിൽ തൂങ്ങി ആർമാദിക്കുകയല്ലേ? അവരിതൊരു വമ്പൻ വാർത്തയാക്കുന്നു, മുതലെടുക്കാന്‍ നോക്കുന്നു. ഇവിടെ ക്രമസമാധാനം തകര്‍ന്നേ എന്ന് മുറവിളികൂട്ടുന്ന അവസരങ്ങളിൽ പോലും, മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സുകാർ, സത്യസന്ധരും ഹിപ്പോക്രസി ഇല്ലാത്തവരും ആയതിനാല്‍, അവരിറക്കുന്ന റിപ്പോര്‍ട്ടുകളിൽ അവിടത്തെ സര്‍ക്കാരുകളോട് പറയുന്നത്...“കേരളത്തെ കണ്ട് പഠിക്കൂ. ക്രമസമാധാനത്തില്‍ അവരാണ് ഒന്നാമത്” എന്നാണ്.

ഗുജറാത്ത് പിസിസി ഒന്നാം തരം ഉദാഹരണം. അവര്‍ ഇതിന് ആധാരമാക്കിയത് ഇന്ത്യാടുഡെ' വാരിക വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് . കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിനിടെ 2003 മുതല്‍ 2007 വരെയുള്ള കണക്കാണ് കോൺഗ്രസ് പുറത്തുവിട്ടത്. 2008ലെ സര്‍വേയിലും ഒന്നാമത് കേരളമായിരുന്നു.

സത്യസന്ധരായതുകൊണ്ട് കോണ്‍ഗ്രസ് ലഘുലേഖയിലെ ക്രമസമാധാന പട്ടികയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇടംകണ്ടെത്തിയില്ല. ഹിപ്പോക്രസി ഇവിടെയും പരാജയപ്പെട്ട് പിന്മാറുന്നു. നേര്‍മ ജയിക്കുന്നു.

*
പാവം കരുണാകര്‍ജി. മുരളി മത്സരിക്കുന്നത് ജയിക്കാനാണെന്ന് പറഞ്ഞതെയുള്ളൂ. ഉടനെ മാധ്യമങ്ങള്‍ അത് വളച്ചൊടിച്ച് മുരളി ജയിയ്ക്കും എന്ന് കരുണാകരന്‍ പറഞ്ഞെന്നാക്കി. അതുകൊണ്ടല്ലേ ഇത് പത്രധര്‍മ്മമല്ല എന്നദ്ദേഹത്തിനു പറയേണ്ടി വന്നത് ? കഷ്ടം. ഇനി പത്രധര്‍മ്മം അല്ലെന്ന് പറഞ്ഞതിനെയും വളച്ചൊടിച്ച് സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പറഞ്ഞു എന്ന് വരുത്തിത്തീര്‍ത്തോണം.

ഈ കമാ പാര്‍ട്ടിയുടെ ഒരു കാര്യം. താന്‍ ഡിക്കില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുമൊക്കെ വിട്ട് മാതൃപേടകത്തിൽ തിരിച്ചെത്തി എന്ന കാര്യം പുത്രവാത്സല്യത്താല്‍ അദ്ദേഹം മറന്നു എന്നാണോ ക്രൂരഹൃദയക്കാരായ തമാശക്കാരേ നിങ്ങള്‍ പറഞ്ഞു പരത്തുവാന്‍ പോകുന്നത് ?
*

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്പോള്‍ തന്നെ ഏറെ മുന്നിലായ ബിജെപി കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് ജന്മഭൂമി അവകാശപ്പെടുന്നത്. സമ്മതിച്ചു കൊടുക്കാവുന്നതേ ഉള്ളൂ. ഹിപ്പോക്രസി ഇവരുടെ അരികിൽ കൂടി പോലും പോയിട്ടില്ലാത്തതിനാൽ തര്‍ക്കിക്കാന്‍ പോയി ഉള്ള കരുത്തെന്തിനു കളയണം?

എന്നാലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒരു കരുകരുത്തന്‍ കെട്ടി വെച്ച കാശ് കിട്ടാതെ തോറ്റത് ഉള്ളതോ ഇല്ലാത്തതോ? ഓര്‍മ്മ വരുന്നില്ല...ശ്രീ പപ്പനാവാ...ഓര്‍മ്മ തിരിച്ചു തരണേ...സ്വന്തക്കാര്‍ തന്നെ പാരവെച്ച് തന്റെ കെട്ടിവെച്ച കാശും മാനോം കളഞ്ഞതില്‍ മനം നൊന്ത് ഒരു പാവം കരുകരുത്തന്‍ ടി.വി ചാനലുകള്‍ക്ക് മുന്നില്‍ കണ്ണീരൊഴുക്കിയതിന്റെ ഓര്‍മ്മയെങ്കിലും തിരിച്ചു തരണേ..എന്റെ പപ്പനാവാ...

***

4 comments:

 1. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്പോള്‍ തന്നെ ഏറെ മുന്നിലായ ബിജെപി കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് ജന്മഭൂമി അവകാശപ്പെടുന്നത്. സമ്മതിച്ചു കൊടുക്കാവുന്നതേ ഉള്ളൂ. ഹിപ്പോക്രസി ഇവരുടെ അരികിൽ കൂടി പോലും പോയിട്ടില്ലാത്തതിനാൽ തര്‍ക്കിക്കാന്‍ പോയി ഉള്ള കരുത്തെന്തിനു കളയണം?

  എന്നാലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഒരു കരുകരുത്തന്‍ കെട്ടി വെച്ച കാശ് കിട്ടാതെ തോറ്റത് ഉള്ളതോ ഇല്ലാത്തതോ? ഓര്‍മ്മ വരുന്നില്ല...ശ്രീ പപ്പനാവാ...ഓര്‍മ്മ തിരിച്ചു തരണേ...സ്വന്തക്കാര്‍ തന്നെ പാരവെച്ച് തന്റെ കെട്ടിവെച്ച കാശും മാനോം കളഞ്ഞതില്‍ മനം നൊന്ത് ഒരു പാവം കരുകരുത്തന്‍ ടി.വി ചാനലുകള്‍ക്ക് മുന്നില്‍ കണ്ണീരൊഴുക്കിയതിന്റെ ഓര്‍മ്മയെങ്കിലും തിരിച്ചു തരണേ..എന്റെ പപ്പനാവാ...

  ReplyDelete
 2. വായിച്ചു ചിരിച്ചു, അതുകൊണ്ട് അങ്ങനെതന്നെയെഴുതുന്നു. അല്ലാതെ മറ്റെന്തെങ്കിലും എഴുതിയാല്‍ ഹിപ്പോക്രസിയായിപ്പോവില്ലേ.

  ReplyDelete
 3. അടിപൊളി .......
  മാഷേ,,,, ചിരിക്കാനും ചിതിക്കാനും ഒരു മുതല്
  മനോഹരം
  ആത്മാര്ത്ഥമായ ആശംസകള്‍

  ReplyDelete
 4. അഭിപ്രായം എഴുതിയാല്‍ ഹിപ്പോക്രാറ്റ് ആയിപ്പോവുമോ എന്ന് പേടി :)

  ReplyDelete