Monday, March 30, 2009

ഒരു ഒടക്കന്‍ വീരഗാഥ

കീരിക്കാടന്‍ ജോസിനെ ഓര്‍മ്മയില്ലേ? കിരീടം എന്ന ചിത്രത്തിലെ മുറിച്ചിട്ടാല്‍ മുറി കൂടുന്ന വില്ലന്‍. പേടിക്കണ്ട. പുള്ളി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടൊന്നുമില്ല. എന്നാലും കീരിക്കാടനെ ഓര്‍മ്മിപ്പിക്കുന്ന ഒരു അവതാരം- മുറിച്ചാല്‍ മുറികൂടുന്ന അവതാരം- രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നെന്ന് ആരെങ്കിലും അറിഞ്ഞോ? ഇല്ലെങ്കില്‍ ഈ വരികള്‍ വായിക്കുക.

“ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം യു.പി.എ. ഘടകകക്ഷികള്‍ ഒന്നിക്കും. തെരഞ്ഞെടുപ്പിനു ശേഷം യു.പി.എ. ഘടകകക്ഷികള്‍ യോജിച്ച്‌ സുസ്‌ഥിര സര്‍ക്കാര്‍ നിലവില്‍ വരും.“

എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാര്‍

ഇപ്പോള്‍ മുറിഞ്ഞ് കിടക്കുന്ന, ചന്തയുടെ ചങ്ങാതിമാരായ കീരിക്കാടന്മാര്‍ മുറി കൂടാതിരിക്കുന്നതല്ലേ സേതുമാധവന്മാര്‍ക്കും, അച്യുതന്‍ നായര്‍മാര്‍ക്കും, പെങ്ങമ്മാര്‍ക്കും, അമ്മമാര്‍ക്കും ഒക്കെ നല്ലത് ? ഏപ്രില്‍ 16നു ഒരു അവസരം വരുന്നുണ്ട്. അത് നഷ്ടപ്പെടുത്താതിരിക്കാം.

“ഭൂമിയോളം താഴാം; പക്ഷെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്താന്‍ വന്നാലോ സാര്‍?” എന്ന സേതുമാധവന്റെ ഡയലോഗ് ഗതിയറ്റ ഇന്ത്യന്‍ ജനതയുടെ കൂടി ഡയലോഗ് ആകുന്ന പോലെ. കീരിക്കാടന്‍ ഇല്ലാതെ വന്നാലേ സേതുവിനു ജീവിക്കാന്‍ പറ്റൂ എങ്കില്‍.......

കീരിക്കാടന്റെ കൂട്ട് മുറി കൂടുന്ന മറ്റൊരാളും ഉണ്ട്. ജരാസന്ധന്‍. പുരാണം പുരാണം. യേത് ? ജരാസന്ധന്റെ കാര്യവും മുറിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. കീരിക്കാടനും ജരാസന്ധനും മുറികൂടാതിരിക്കുന്നത് സേതുമാധവനു മാത്രമല്ല രാജ്യത്തിനു തന്നെയും നല്ലതായിരിക്കും.

*

“പാര്‍ട്ടി വിട്ടു പോയിട്ട് തിരിച്ചുവന്നവര്‍ക്ക് സ്ഥാനം തിരിച്ചുനല്‍കിയാല്‍ തെറ്റായ കീഴ്വഴക്കമാകുമെന്ന് പറഞ്ഞ് അവര്‍ ആദ്യം കരുണാമയനെ തോല്‍പ്പിച്ചു. രാജ്യസഭയിലെക്ക് പേരുയര്‍ത്തിക്കാട്ടി അവസാനം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും കരുണാമയനെ തോല്‍പ്പിച്ചു. ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ ഒരെണ്ണം മാത്രം നല്‍കി അവര്‍ പിന്നെയും കരുണാമയനെ തോല്‍പ്പിച്ചു. ഒക്കെ ശരിതന്നെ. പക്ഷേ, തോല്‍‌വികളേറ്റുവാങ്ങാന്‍ കരുണാമയന്റെ ജന്മം പിന്നെയും ബാക്കി എന്നു പറയാന്‍ ഇമ്മിണി പുളിയ്ക്കും. തിരുവനന്തപുരത്ത് ജയിച്ചാല്‍ കേരളം മുഴുവന്‍ കോണ്‍ഗ്രസ് ജയിക്കും എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ മക്കളെ. ഈ ടൈമില്‍ കരുണാമയനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...മാറ്റച്ചുരികയ്കു പകരം കരുണാമയനു ഓരോ ബൂത്തിലും ഉള്ള വോട്ടുകള്‍ നിങ്ങളെ തോല്‍പ്പിക്കും. വിമതനീക്കം എന്ന് തോന്നിപ്പിച്ച് സമ്മര്‍ദ്ദ തന്ത്രത്തിലേക്ക് മാറുന്ന പഴയ അടവല്ലിത് മക്കളെ. പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്ന കരുണാകരച്ചേകവരുടെ വാക്കാണിത് മക്കളെ...”

എം.ടി തോറ്റുപോകുന്ന ഇത്തരമൊരു ഡയലോഗ് കാരണവര്‍ നിന്ന് കാച്ചിയപ്പോള്‍ നാടുവാഴിയായ ഹൈക്കമാഡം വിറച്ചുവത്രെ. കാരണവര്‍ക്കര്‍ഹമായതെന്ന് കാരണവരും, അല്ലെന്ന് സംസ്ഥാന നേതൃത്വവും വിശ്വസിക്കുന്ന അങ്കപ്പണവും പൊന്‍‌കിഴിയും അവര്‍ കാരണവര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു. പത്മജ വേണുഗോപാലടക്കം ആറുപേരെ കെ.പി.സി.സി എക്സിക്യൂട്ടീവിലേക്കും, കരുണാകരവിഭാഗത്തിലെ നാലുപേരെ എ.ഐ.സി.സി യിലേക്കും നിയമിച്ച് ഉത്തരവായിരിക്കുന്നു.

*
ചീറ്റലിന്റെ കഥ പറഞ്ഞു തരൂ.. കഥ പറഞ്ഞു തരൂ.. എന്ന് കുട്ടികള്‍ എത്ര നേരമായി കരയുന്നു. ഇന്നൊരു കഥയാകാം.

കഥയില്‍ ലാവലിന്‍ ചീറ്റിപ്പോയെന്ന് ആദ്യം അറിഞ്ഞത് നാടുവാഴികളായ കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കൂടെക്കിടക്കുന്നവന്റെ രാപ്പനി അറിയാതിരിക്കാന്‍ മാത്രം പഠിപ്പ് തികയാത്തവരല്ല കഥയിലെ കോണ്‍ഗ്രസ്സുകാര്‍. തുടങ്ങുന്നതിനു മുന്‍പ് തന്നെ ചീറ്റിയിരുന്നു എന്നറിയാവുന്ന മുന്‍ നാടുവാഴി കാര്‍ത്തികേയന്‍ എന്ന കഥാപാത്രം ഈ കഥയില്‍ ഒരിക്കൽ പോലും രംഗത്തു വരുന്നില്ല. മൊത്തം അശരീരിയാണദ്ദേഹത്തിന്റെ ഡയലോഗ് മുഴുവന്‍. ഏതെങ്കിലും കുരുത്തം കെട്ട മാദ്ധ്യമ കൊച്ചമ്മമാർ ( മാരീചരുടെ വാക്ക് വേറെയാണ്, വളരെ ശരിയും) വല്ല കൊനുഷ്ട് ചോദ്യവും അബദ്ധത്തിലെങ്ങാനും ചോദിച്ചു പോയാലോ?

അങ്ങനെ ഒന്നാമങ്കം ചീറ്റിയ ശബ്ദം (ഇവിടെ എക്കോ കൊടുക്കണം) ശരിക്ക് കേട്ട ഹതാശരായ കോണ്‍ഗ്രസ്സുകാര്‍ ഇത്തിക്കര പക്കി തെങ്ങില്‍ നിന്ന് തെങ്ങിലേക്ക് ചാടുന്ന പോലെ മദനിയിലേക്ക് ചാടുന്നു. കഥാപരമായി നോക്കിയാല്‍ ചാടുന്നതില്‍ കുഴപ്പമൊന്നുമില്ല. രാഷ്ട്രീയത്തില്‍ ഒരു കക്ഷിയില്‍ നിന്ന് മറ്റൊരു കക്ഷിയിലേക്ക് ചാടുന്നതിനേക്കാള്‍ നല്ലതാണ് വിഷയത്തില്‍ നിന്ന് വിഷയത്തിലേക്ക് ചാടുന്നത്. തങ്ങള്‍ക്കു വേണ്ടിയാണ് ഈ ചാട്ടവും എന്നറിയാവുന്ന നാട്ടിലെ മാ‍ധ്യമപ്രഭുക്കള്‍ (മികച്ച സഹനടര്‍ക്കുള്ള അവാര്‍ഡ് കിട്ടാവുന്ന കഥാപാത്രങ്ങളാണ്) അഡ്ജസ്റ്റ് ചെയ്ത് താങ്ങിക്കൊടുത്ത് ചാട്ടം ഫൌള്‍ ആകാതെ സംരക്ഷിക്കുന്നു. എങ്കിലും ശക്തരായ എതിരാളികള്‍ ഉരുളയ്ക്ക് ഉപ്പേരിയുമായി കടന്ന് വരുമ്പോള്‍ നാടുവാഴികള്‍ക്ക് മനസ്സിലാകുന്നു ഈ ചാട്ടം വേണ്ടിയിരുന്നില്ല എന്ന്.

അടുത്ത ചാട്ടത്തിനായി അവര്‍ വിഷയക്കല്ലുകളിലൂടെ ഒന്ന് കണ്ണോടിക്കുന്നു. ചാടാനുള്ള കല്ല് ഒന്ന്: ആണവക്കരാര്‍. കല്ല് രണ്ട്: കാര്‍ഷിക മേഖലയുടെ തകര്‍ച്ച കല്ല് മൂന്ന്: വ്യവസായരംഗത്തിന്റെ തകര്‍ച്ച. കല്ല് നാല്: വിദേശ നയം കല്ല് അഞ്ച്: വര്‍ഗീയതയുടെ വളര്‍ച്ച....ഒരു കല്ലിലേക്കും ചാടാന്‍ വയ്യ. ചാട്ടം പിഴയ്ക്കും. പിഴയ്ച്ചാല്‍ മാംസപിണ്ഡത്തില്‍ മണ്ണുപറ്റും. വെച്ച കാല്‍ പിറകോട്ടെടുക്കാത്ത ആത്മാഭിമാനികളായ നാടുവാഴികള്‍ വീണ്ടും പഴയ കല്ലിലേക്ക് തന്നെ ചാടുന്നു. ഇവിടെ ഇന്റര്‍വെല്‍. ഇന്റര്‍വെല്‍ കഴിഞ്ഞ് കഥ വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും. ഇന്റര്‍വെല്ലിനു മുന്‍പ് ദുരന്തമായിട്ടായിരുന്നെങ്കില്‍ ഇന്റര്‍വെല്ലിനു ശേഷം പ്രഹസനമായി.


*

അമ്പിളിക്ക്‌ സ്വപ്‌നസാക്ഷാത്‌കാരം; ഇനി ലോവലിന്റെ ജീവിതസഖി എന്ന് പത്രത്തില്‍ വായിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടിപ്പോയി. :) പിന്നെ മനസ്സിലായി ഒരു കല്യാണവാര്‍ത്തയാണെന്ന്.

ഈ ലാവലിന്‍ വരുത്തിവെയ്ക്കുന്ന ഓരോരോ തൊന്തരവുകളേയ്...

*

ശബരിമല അയ്യപ്പന്റെ കാര്യം കട്ടപ്പൊകയാകാനിടയുണ്ട്. അടുത്ത മണ്ഡലകാലത്തിനുമുമ്പായി ശബരിമല വികസനത്തിന്‌ 200 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ 'അമര്‍നാഥ് ‌' മോഡലില്‍ ഭക്തജനങ്ങളുടെ പ്രക്ഷോഭം തുടങ്ങുമെന്നാണ് കുമ്മനം ഭീഷണി മുഴക്കുന്നത്.

ഇതിന് ഭജനവും സമരവും എന്ന് പേരിട്ടാല്‍ കലക്കും.

4 comments:

  1. കഥയില്‍ ലാവലിന്‍ ചീറ്റിപ്പോയെന്ന് ആദ്യം അറിഞ്ഞത് നാടുവാഴികളായ കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കൂടെക്കിടക്കുന്നവന്റെ രാപ്പനി അറിയാതിരിക്കാന്‍ മാത്രം പഠിപ്പ് തികയാത്തവരല്ല കഥയിലെ കോണ്‍ഗ്രസ്സുകാര്‍. തുടങ്ങുന്നതിനു മുന്‍പ് തന്നെ ചീറ്റിയിരുന്നു എന്നറിയാവുന്ന മുന്‍ നാടുവാഴി കാര്‍ത്തികേയന്‍ എന്ന കഥാപാത്രം ഈ കഥയില്‍ ഒരിക്കൽ പോലും രംഗത്തു വരുന്നില്ല. മൊത്തം അശരീരിയാണദ്ദേഹത്തിന്റെ ഡയലോഗ് മുഴുവന്‍. ഏതെങ്കിലും കുരുത്തം കെട്ട മാദ്ധ്യമ കൊച്ചമ്മമാർ ( മാരീചരുടെ വാക്ക് വേറെയാണ്, വളരെ ശരിയും) വല്ല കൊനുഷ്ട് ചോദ്യവും അബദ്ധത്തിലെങ്ങാനും ചോദിച്ചു പോയാലോ?

    ReplyDelete
  2. കൊള്ളാമല്ലോ മരത്തലയന്‍ ചേട്ടാ സംഗതി...

    Esp. Karu's dailogue :)

    ReplyDelete