Sunday, March 22, 2009

പായലേ വിട....പൂപ്പലേ വിട

‘മലമുകളില്‍ സുരക്ഷിതനായി ഷാനവാസ് നടക്കുന്ന‘ കാഴ്ച കണ്ടിട്ട് കുളിരുകോരുന്നു. സമതലത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഓടിക്കയറിയതാണെന്ന് പാര്‍ട്ടിക്കാരില്‍ ചിലര്‍ തന്നെ പറയുന്നുവെങ്കിലും പാര്‍ട്ടി പത്രത്തിനതു വയ്യല്ലോ. അതുകൊണ്ട് സുരക്ഷിതമായ നടത്തം എന്ന തലക്കെട്ടില്‍ വാര്‍ത്ത മിന്നുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൈസിസ്‌ മാനേജ്‌മെന്റിന്റെ രൂപത്തില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള എം ഐ ഷാനവാസ്‌ പ്രശ്‌നങ്ങളില്‍ കുരുക്കഴിക്കുന്നതില്‍ ഏറെ മികവ്‌ പുലര്‍ത്തിയിട്ടുണ്ട്‌ എന്ന് വീക്ഷണം പറയുന്നു. എന്നാലും അഞ്ചു തവണ മത്സരിച്ചപ്പോഴൊന്നും ആ ക്രൈസിസ് മാനേജരെ ജനം കണ്ടില്ലായിരുന്നു. എതിരാളിയെ ജയിപ്പിക്കുന്ന അഭ്യാസപാടവമായിരുന്നു അവിടെയും ജനം കണ്ടത്.

ആണവക്കരാറിനെയും അതിനെ എതിര്‍ക്കുന്ന സി പി എം രീതിയെയും ഇഴകീറി ശസ്‌ത്രക്രിയ നടത്തി കോണ്‍ഗ്രസ്‌ ഭാഗം വാദിച്ചു ജയിക്കുന്ന മികച്ച അഭിഭാഷകന്റെ റോളിലായിരുന്നുവത്രെ ഇക്കാലമത്രെയും ഷാനവാസ്‌.ആരും ഇറങ്ങാത്തിടത്ത്‌ സാഹസപൂര്‍വം ഇറങ്ങുകയും മുങ്ങിതപ്പുകയും ചെയ്ത ദൗത്യമാണത്രെ ഷാനവാസ്‌ നിര്‍വഹിച്ചത്‌. ഒരു ചരിത്ര നിയോഗം നിര്‍വഹിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ പാര്‍ട്ടി നല്‍കുന്ന ഉപകാരസ്‌മരണയാണ്‌ ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് പത്രം പറയുന്നു.

ആണവക്കരാര്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഷാനവാസിന്റെ പ്രകടനം കണ്ട ജനവും സമ്മാനം കൊടുക്കാനിരിക്കുകയായിരുന്നു എന്നു കേട്ടിരുന്നു. എന്തായാലും പാര്‍ട്ടി തന്നെ സമ്മാനം കൊടുത്തത് നന്നായി. ജനവും സുരക്ഷിതര്‍, പുള്ളിയും സുരക്ഷിതന്‍. കാശുകൊടുത്ത് സമ്മാനം തരപ്പെടുത്തുന്ന കാലത്താണ് നാം ജീവിച്ചുമരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഒന്നും മറക്കാതിരിക്കാനായി മാത്രം സൂചിപ്പിക്കട്ടെ. ചാനല്‍ വിശകലനരംഗത്തു നിന്നും വന്ന ഈ സ്ഥാനാര്‍ത്ഥിയെ ചാനല്‍ ദൈവങ്ങള്‍ തന്നെ സംരക്ഷിക്കട്ടെ.

*

വടകരയിലെ പൊതുസമ്മതന്റെ കാര്യത്തില്‍ എല്ലാ കണക്കുകൂട്ടലും തെറ്റിപ്പോയല്ലോ...നാസക്ക് ലിസ്റ്റ് അയച്ചു, കമ്പ്യൂട്ടര്‍ കത്തിപ്പോയി..എന്തൊക്കെയായിരുന്നു പരദൂഷണങ്ങള്‍. എന്നിട്ടിപ്പോഴെന്തായി? ഒരു പൂവു വിരിയുന്ന പോലെ അല്ലേ പൊതുസമ്മതന്‍ വന്നത്.

പൊതുസമ്മതന്‍ വരുമെന്ന് പറഞ്ഞ് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് കാത്തിരുന്നപ്പോള്‍ വടകരയിലെ കാണാന്‍ കൊള്ളാവുന്ന ഒരുമാതിരിപ്പെട്ടവരൊക്കെ സന്തോഷത്തിലായിരുന്നു എന്നത് നേര്. നറുക്ക് വീണാല്‍ ലോട്ടറിയല്ലേ, ജയിച്ചാല്‍ എം.പിയല്ലെ എന്നൊക്കെയായിരുന്നു മനക്കോട്ട. പക്ഷെ വന്നത് മുല്ലപ്പള്ളി. സ്വന്തം വീട്ടില്‍ ഇത്രയും വലിയൊരു പൊതുസമ്മതന്‍ ഇരിക്കെ നാടായ നാടു മുഴുവന്‍ പൊതുസമ്മതനെ തപ്പി നടന്ന കോണ്‍ഗ്രസ് നേതൃത്വം ഓര്‍മ്മിപ്പിക്കുന്നത് വജ്രഖനിക്കു മുകളില്‍ താമസിക്കുന്നതറിയാതെ അകലേക്കകലേക്ക് രത്നം അന്വേഷിച്ച് പോയ കഥാപാത്രത്തെയാണ്.

പൊതുസമ്മതന്‍ വരുമെന്ന് പറഞ്ഞിട്ട് മുല്ലപ്പള്ളി വന്നതില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കോഴിക്കോട്ടെ ദേശീയപത്രത്തിനു തോന്നുന്നില്ല. പൂവു വിരിയുന്ന പോലെ ഒരു സംഭവം നടന്നാല്‍ അതിനെ വളച്ചൊടിച്ച് വലിയ വാര്‍ത്തയാക്കുന്ന അധമ മാധ്യമസംസ്കാരമൊന്നും അവര്‍ക്കില്ല. മുല്ലപ്പള്ളി വന്നതോടെ തലമുതിര്‍ന്ന നേതാക്കള്‍ ലിസ്റ്റില്‍ ഇല്ല എന്ന പരാതി തീര്‍ന്നെന്നാണ് ലേഖകന്‍ പറയുന്നത്. വിശ്വസിക്ക തന്നെ. യുവാക്കള്‍ ഇല്ല എന്നൊരു പരാതി വന്നപ്പോള്‍ യുവാക്കള്‍ പാര്‍ട്ടിയെ നോക്കി നടത്താന്‍ വേണമെന്നും അതിനാലാണ് മുതിര്‍ന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നുമായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നത് ഇങ്ങനെ. എന്തായാലും മധുരപ്പതിനേഴാമനായ ഒരു മുതിര്‍ന്ന നേതാവ് വന്നാലേ ചേട്ടന്മാരുടെ പരാതി തീരൂ എന്ന് മനസ്സിലായി. അത്രയും നന്ന്.

*

ചാനല്‍ വിശകലനരംഗത്തു നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയവര്‍ ഇനിയും ഉണ്ട് കേട്ടോ. ചാനലുകളായ ചാനലുകളിലെല്ലാം ഔദ്യോഗിക കമപായുടെ വഴിപിഴച്ച പോക്കില്‍ ദുഃഖിക്കുകയും ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങളും ചികിത്സയും നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്കു കൂടി സീറ്റ് ലഭിച്ചിട്ടുണ്ട്. സ്വന്തം പേരു പോലെത്തന്നെ സ്വതന്ത്രനായിട്ടാണ് നില്‍പ്പ്. ഇടതുഏകോപനസമിതിയെന്നോ യഥാര്‍ത്ഥ സാമ്രാജ്യത്വവിരുദ്ധപോരാട്ട മുന്നണിയെന്നോ മറ്റോ പേരുള്ള ഒരു സംഘത്തിന്റെ പൊതുസമ്മതരില്‍ ഒരാള്‍. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളായ തങ്ങള്‍ എതിര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയ കക്ഷിയെ ജയിപ്പിക്കാനായി ഈ സ്വതന്ത്രന്മാര്‍ക്ക് ഇടതുപെട്ടിയില്‍ നിന്നും നിരവധി അനവധി വോട്ടുകള്‍ ലഭിക്കട്ടെ എന്നും അതുവഴി അവരുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടം വിജയിക്കട്ടെ എന്നും ആശംസിക്കുന്നു.

*

പായലേ വിട...പൂപ്പലേ വിട...ടെലിവിഷന്‍ പെട്ടി തുറന്നാലുടന്‍ കയറി വരുന്ന ഈ പരസ്യ വാചകം വെറുമൊരു പരസ്യവാചകമാണെന്ന് കരുതിയവരേ നിങ്ങള്‍ക്കൊരു നല്ല നമസ്കാരം. കുഞ്ചന്‍ നമ്പ്യാരുടെ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം എന്നതിന്റെ പാരഡിയാണിതെന്ന് കരുതിയവരേ നിങ്ങള്‍ക്കും ഒരു നല്ല നമസ്കാരം. നിങ്ങള്‍ക്കൊക്കെ എത്ര വിവരം വെക്കാനിരിക്കുന്നു. വളരെയധികം ദീര്‍ഘദൃഷ്ടിയോടെ, കൌശലത്തോടെ ഭാവിയില്‍ നടക്കുവാന്‍ പോകുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷമാണീ പരസ്യം വിളിച്ചുപറയുന്നത് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ആ രഹസ്യം ഇപ്പോള്‍ പുറത്ത് വിട്ടാല്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി അയക്കുമെന്നതുറപ്പാണ്. എങ്കിലും വായനക്കാരോട് കള്ളം പറയാന്‍ മനസ്സില്ലാത്തതിനാല്‍ ആ രഹസ്യം വെളിപ്പെടുത്താം.ആരോടും പറയരുത്.

യു.പി.എ യും എന്‍.ഡി.എ യും വിട്ട് മതനിരപേക്ഷ ബദലിന്റെ കൂടെ ചേര്‍ന്ന കക്ഷികള്‍ കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും പറയുകയാണത്രെ..പായലേ വിട പൂപ്പലേ വിട..എന്ന്. .പച്ചപ്പായലിന്റെ ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന വരിയെന്താ രാഷ്‌ട്രീയവിമുക്തമാണോ? ആലോചിച്ചു നോക്കൂ. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന മുസ്ലീം ലീഗിന്റെ ഗതികേടിനെയല്ലേ ആ വരികള്‍ ദ്യോതിപ്പിക്കുന്നത്? വിവരമുള്ളവര്‍ ഇതുകൊണ്ടാണ് പറയുന്നത് രാഷ്‌ട്രീയവിമുക്തമായ ഒന്നും ഇദ്ദുനിയാവിലില്ലെന്ന്.

പായലും പൂപ്പലും ഇല്ലാത്തെ ഒരു നല്ല നാളെ എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ട് തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കുന്നു.

പായലേ വിട ...പൂപ്പലേ വിട...

*
സ്വയം പാര

ഇദെന്തൂട്ടണ്?
ഇതേയ് ഒരു പോസ്റ്റണ്.
ഇദെന്തൂട്ട് പോസ്റ്റണ്?
ഇതേയ് ഒരു തമാശപ്പോസ്റ്റണ്.
എന്നിട്ടിയില് തമാശേല്ലല്ലോ..
അതല്ലെ ഗഡീ ഇതിലെ തമാശ.

3 comments:

  1. ‘മലമുകളില്‍ സുരക്ഷിതനായി ഷാനവാസ് നടക്കുന്ന‘ കാഴ്ച കണ്ടിട്ട് കുളിരുകോരുന്നു. സമതലത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഓടിക്കയറിയതാണെന്ന് പാര്‍ട്ടിക്കാരില്‍ ചിലര്‍ തന്നെ പറയുന്നുവെങ്കിലും പാര്‍ട്ടി പത്രത്തിനതു വയ്യല്ലോ. അതുകൊണ്ട് സുരക്ഷിതമായ നടത്തം എന്ന തലക്കെട്ടില്‍ വാര്‍ത്ത മിന്നുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ക്രൈസിസ്‌ മാനേജ്‌മെന്റിന്റെ രൂപത്തില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള എം ഐ ഷാനവാസ്‌ പ്രശ്‌നങ്ങളില്‍ കുരുക്കഴിക്കുന്നതില്‍ ഏറെ മികവ്‌ പുലര്‍ത്തിയിട്ടുണ്ട്‌ എന്ന് വീക്ഷണം പറയുന്നു. എന്നാലും അഞ്ചു തവണ മത്സരിച്ചപ്പോഴൊന്നും ആ ക്രൈസിസ് മാനേജരെ ജനം കണ്ടില്ലായിരുന്നു. എതിരാളിയെ ജയിപ്പിക്കുന്ന അഭ്യാസപാടവമായിരുന്നു അവിടെയും ജനം കണ്ടത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഒരിക്കല്‍ ഒരിടത്ത് ഒരു നേതാവുണ്ടായിരുന്നു. ചെറുപ്പത്തില്‍ ചിത്രകാരനും സര്‍ഗാത്മക കരിങ്കാലി രാഷ്ീയത്തിന്റെ ഉപജ്ഞാതാവുമായ നേതാവിനേ, 'നേതാവേ' എന്നേ സ്വന്തം പാര്‍ട്ടിക്കാരും അന്യപാര്‍ട്ടിക്കാരും വിളിക്കാറുണ്ടായിരുന്നുള്ളൂ. സ്വന്തം പാര്‍ട്ടിക്കാരോട് സ്നേഹമാണെങ്കില്‍ സ്വന്തം ഗ്രൂപ്പുകാരോട് പെരുത്ത സ്നേഹവും ഗ്രൂപ്പിനുള്ളിലെ വിശ്വസ്തരോട് അടങ്ങാത്ത അഭിനിവേശവുമായിരുന്നു നേതാവിന്. സീറ്റുവിതംവെപ്പുവരുമ്പോള്‍ സ്വന്തക്കാര്‍ക്കുവേണ്ടി ഘോരഘോരം വാദിക്കുന്ന നേതാവ്, സ്വന്തം മകന്റെ കാര്യം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ എണീറ്റ് മൂത്രമൊഴിക്കാന്‍ പോയി താന്‍ കെഎംമാണിയല്ലെന്ന് തെളിയിച്ചിട്ടുണ്ട്.
    മക്കളെക്കാള്‍ ഇഷ്ടമുള്ള മൂന്ന് 'പിറക്കാതെപോയ' മക്കളുണ്ടായിരുന്നു നേതാവിന്. ഒരാള്‍ ഹിന്ദിയും ഹിന്ദോളവുമറിയുന്ന തക്കാളിക്കവിളന്‍. രണ്ടാമന്‍ നിത്യഹരിതനും വാചകപ്രിയനും ചാനല്‍ഫെയിമുമായ കൊച്ചിക്കാരന്‍ വാസു. മൂന്നാമന്‍ ആദര്‍ശം നരച്ച താടിയില്‍ കോതിവെച്ച് ആന്റണിക്കുപഠിക്കുന്ന അപ്പാവി.
    നേതാവ് രഥംമറിഞ്ഞ് ശയ്യാവലംബിയായപ്പോള്‍ സപിറക്കാതെപോയ' മൂന്നുമക്കള്‍ക്കും തിരുത്താന്‍ മുട്ടി. തക്കാാളിക്കവിളന്‍ സാമര്‍ത്ഥത്തോടെ 'തിരുത്തി' അച്ഛന്റെ മോനെക്കാള്‍ വലിയപുള്ളിയായി. മൂന്നാമന്‍ അപ്പാവി തിരുത്തിത്തിരുത്തി മടുത്തപ്പോള്‍ കട്ടയും പടവും മടക്കി മാതൃപേടകത്തില്‍ ഒതുങജിക്കൂടി. ഷാനവാസു എല്ലാരെക്കാളും സമര്‍ത്ഥന്‍. പുള്ളിക്കാരന്‍ നേതാവിനെയും ഗമാനെയും മാതേമല്ല, കൂടെ നടന്ന എല്ലാവരെയും വെട്ടിക്കൊണ്ടേയിരുന്നു.
    നേതാവിന് ഒരു നിഷ്ഠയുണ്ട്. സ്വന്തം ഗ്രൂപ്പുകാര്‍ പഞ്ചായത്ത് പ്രസിഡന്റായാലും മന്ത്രിയായാലും തനിക്കുള്ള വിഹിതം മാസപ്പടിയായി എത്തിക്കൊള്ളണം. വലിയ വലിയ കവട്ടേഷന്‍ വരുമ്പോള്‍ വര്‍ധിച്ച നിരക്ക് പ്രതേകം കിട്ടണം.
    അങ്ങനെയിരിക്കെ, രാജ്യത്ത് ഒരു ഡീസല്‍വൈദ്യുതിനിലയം സ്ഥാപിക്കേണ്ട ഘട്ടം വന്നു. നേതാവിന്റെ ശിഷ്യനായ മന്ത്രിയെ മറികടന്ന് നമ്മുടെ വാസു കരാറുറപ്പിച്ചു. കമ്പനിക്കാരുമായി പേശി വിലയുറപ്പിക്കുകയും നേതാവിനും മന്ത്രിക്കും തനിക്കുമുള്ള വിഹിതം പറഞ്ഞുറപ്പിക്കുകയും ചെയ്തു.
    നേതാവിന്റെ വിഹിതമാണ് വലുത്. അത് ആദ്യം വാങ്ങി. പഴയൊരു മുഖ്യമന്ത്രിയുടെ പേരിലുള്ള നഗറിലാണ് നേതാവിന്റെ മകളുടെ വീട്. നോട്ടുകെട്ടുകള്‍ കറുത്ത വലിയ ബാഗിലാക്കി വാസുവിന് കൈമാറി. അതുംകൊണ്ട് നേതാവിന്റെ മകളുടെ വീട്ടിലെത്താന്‍ പുറപ്പെട്ട വാസുവിനൊപ്പം കമ്പനി പ്രതിനിധിയും കാറില്‍ കയറി. (അത്രമാത്രം വിശ്വാസമാണവര്‍ക്ക് വാസുവിനെ). ഏതായാലും വാസു നേതാവിന്റെ പുത്രീവസതിയലിലേക്ക് ബാഗും കൊണ്ട് വാസു നടന്നുകയറുന്നതുകണ്ട് കമ്പനിപ്രതിനിധി സംതൃപ്തനായി.
    വീട്ടിനകത്ത് നടന്നത് മറ്റൊരു രംഗമാണ്. വാസു ബാഗുമായി അകത്തേക്കുചെല്ലുന്നു. "ഇത് ഇവിടെ ഭദ്രമായി സൂഷിച്ചുവെക്കണം. കുറച്ചുകഴിഞ്ഞ് ഞാന്‍ വന്ന് എടുത്തുകൊള്ളാം'' എന്നുപറഞ്ഞ് ബാഗ് വാസു നേതാവിന്റെ മകളെ ഏല്‍പ്പിക്കുന്നു. തിരിച്ചിറങ്ങി കമ്പനി പ്രതിനിധിയോട് വെളുക്കെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് ാശ്വാസം-പണം എത്തേണ്ടിടത്ത് എത്തിയല്ലോ എന്ന്്
    ഒരുമണിക്കൂറിനകം നേതാവിന്റെ മടളുടെ വീട്ടില്‍ തനിച്ച് തിരിച്ചെത്തി വാസു ബാഗുമായി സ്വന്തം താവളത്തിലേക്ക്്
    പാവം മന്ത്രി കേസില്‍ പ്രതിയായി. പണംപറ്റിയ വാസു മിടുക്കനുമായി. വാസുവിന് ഇന്ന് കോടികള്‍ പുല്ലാണ്. സീറ്റുകിട്ടാന്‍ മൂന്നുകോടി മുടക്കും.

    ReplyDelete