Tuesday, March 10, 2009

അതിവേഗം ..ബഹുദൂരം

പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനിതു കഷ്ടകാലമാണോ തമ്പുരാൻ കർത്താവേ..ഒന്നിനു പിറകെ ഒന്നായാണല്ലോ വരുന്നത് മാരണങ്ങൾ. ലാവ്ലിൻ ലാവ്ലിൻ എന്ന് ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിപ്പോൾ എല്ലാദിവസവും സൈൻ ബോർഡും സ്വപ്നം കണ്ടാണത്രെ ഞെട്ടിയുണരുന്നത്. ഞാനുറങ്ങാൻ പോകും മുമ്പെ...നിനക്കേകുന്നിതാ നന്ദി നന്നായ്...എന്ന പാട്ടും പാടി സൈൻ ഓഫ് ദ് ക്രോസുമിട്ട് സ്തുതിചൊല്ലാത്തതിന്റെ കുഴപ്പമാണോ കർത്താവേ?

ദേശീയപാതയിലും എം സി റോഡിലും മറ്റും റോഡുകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ യുഡിഎഫ് ഗവമെന്റ് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കയാണത്രെ. കോടിക്കണക്കിനു രൂപയുടെ കരാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അസാധുവായെങ്കിലും കരാറുകാര്‍ നിയമവിരുദ്ധമായി വാടക ഈടാക്കുകയാണെന്ന് വിജിലന്‍സ് പറയുന്നു. കരാര്‍ റദ്ദാക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

എന്താണീ സൈന്‍ബോര്‍ഡ് ഇടപാട്?

സൈന്‍ബോര്‍ഡ് കരാറിന്റെ മറവില്‍ അഞ്ഞൂറുകോടി രൂപയുടെ അഴിമതി നടന്നതായും ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ കൊച്ചിയിലെ കെപിസിസി ഭാരവാഹിക്കും നേരിട്ടു പങ്കുണ്ടെന്നും കേരള കോൺഗ്രസ് നേതാവ് ടി എം ജേക്കബ് നിയമസഭയില്‍ ആരോപിച്ചിരുന്നു. തൊട്ടുമുമ്പത്തെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജേക്കബ് 2005 ജൂലൈയിലാണ് നിയമസഭയെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കരാറിനെക്കുറിച്ച് വിജിലന്‍സ് നേരത്തേ അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിന്‍വലിക്കാന്‍ ഉത്തരവിട്ടു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മയുടെ എതിര്‍പ്പുമൂലം ഈ നീക്കം പൊളിഞ്ഞു. നിയമവകുപ്പും വിജിലന്‍സ് ഡയറക്ടര്‍ക്കൊപ്പമായിരുന്നു.

ബോര്‍ഡ് സ്ഥാപിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിലവിലില്ലെന്ന് വിജിലന്‍സ് അറിയിച്ചതായും കരാര്‍ റദ്ദായതായും വാദിച്ച് കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നു. എല്‍ഡിഎഫ് അധികാരമേറ്റശേഷം നടന്ന തുടരന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന ക്രമക്കേടുകള്‍ സ്ഥിരീകരിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് എല്‍ഡിഎഫ് ഗവമെന്റ് റദ്ദാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ദേശീയപാതയില്‍ കൂറ്റന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാനുമായാണ് കരാര്‍.

ഈ ഇടപാടിനെക്കുറിച്ചൊരു പൂർണ്ണചിത്രം ലഭിക്കുന്നതിന് ( ഇതു മാത്രമല്ല, സ്മാർട്ട് സിറ്റീം വേറെ കുറെ അനുസാരികളും ഒക്കെ ഉണ്ട്) ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവും കേരളാ കോൺഗ്രസ്സ് ജേക്കബിന്റെ ആത്മാവും പരമാത്മാവുമായ ശ്രീ ടി എം ജേക്കബിന്റെ ( ജേക്കബേ , നീയാടാ‍ ആൺകുട്ടി..നിന്നെക്കുറിച്ചോർക്കുമ്പോഴേ കോൾമയിരു കൊള്ളുന്നെന്നന്തരംഗം) നിയമസഭാ പ്രസംഗം ശ്രദ്ധിച്ചാലും.....

ശ്രീ. ടി എം ജേക്കബ്: സര്‍, അവിശ്വാസപ്രമേയത്തെ ഞാന്‍ അനുകൂലിക്കുകയാണ്. 2001ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ നേടി 99 സീറ്റുകളില്‍ വിജയിച്ച് അധികാരത്തില്‍ വന്ന ഐക്യജനാധിപത്യമുന്നണി ഇന്നില്ല. ഈ ഐക്യജനാധിപത്യമുന്നണിയിലെ മൂന്ന് ഘടകകക്ഷികള്‍ വിട്ടുപോയി..... ഞങ്ങളൊക്കെ വിട്ടുപോയി ഞങ്ങളുടെ കക്ഷിയില്‍ ആരുമില്ല എന്നുള്ള നിങ്ങളുടെ അഭിപ്രായം വാദത്തിനുവേണ്ടി ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, ഒരു കാര്യം ഞാന്‍ പറയട്ടെ, ഈ പറഞ്ഞ സുഹൃത്തുക്കള്‍ അടുത്ത നിയമസഭാ ഇലക്ഷന്‍ കഴിഞ്ഞ് ഈ നിയമസഭയിലെ അംഗങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് ആയിരിക്കില്ല ഇരിക്കുന്നത്; സന്ദര്‍ശക ഗാലറിയിലായിരിക്കും പോകുന്നത് എന്നുമാത്രം ഞാന്‍ ഓര്‍മിപ്പിക്കുന്നു. ... (ബഹളം) ... ഞാന്‍ ഈ നിയമസഭയില്‍ അംഗമായിട്ട് തിരിച്ചുവരും. ... (ബഹളം) ... ഞങ്ങളെല്ലാവരും വരും. ധൈര്യസമേതമാണ് ഈ പറയുന്നത്. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. ... (ബഹളം) ...

ഞാന്‍ മുഖ്യമന്ത്രിക്കെതിരെ രണ്ട് ആരോപണങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. അത് ഉന്നയിക്കാനുള്ള പ്രൊട്ടക്ഷന്‍ അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

മി. സ്പീക്കര്‍: ആരും ഒച്ച വയ്ക്കില്ല.

ശ്രീ. ടി എം ജേക്കബ്: നമ്മുടെ നിയമസഭയില്‍ 1964 സെപ്തംബര്‍ എട്ടിന് ആര്‍ ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരായ ഒരു അവിശ്വാസപ്രമേയമേ പാസായിട്ടുള്ളൂ. ........ അന്ന് ഇന്നത്തെപ്പോലെ ഭരണഘടനാഭേദഗതിയും പ്രത്യേക സാഹചര്യവും ഒന്നുമില്ല. അത് ഇല്ലായിരുന്നുവെങ്കില്‍ ഒരു സംശയവും വേണ്ട. ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഈ സഭയില്‍ പാസാകുമായിരുന്നു. ഇപ്പോള്‍ അതിന് സാധ്യമല്ലല്ലോ... (ബഹളം) ....

ഇവിടെ നിരവധി ആക്ഷേപങ്ങള്‍ വന്നു. ലോട്ടറി, ചന്ദനം, മദ്യം, സിവില്‍സപ്ളൈസ്, വൈദ്യുതി, ടൂറിസത്തിന്റെ മറവില്‍ ഭൂമി തട്ടിപ്പ്, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച, സുനാമി ഫണ്ട്, പട്ടയ തട്ടിപ്പ് തുടങ്ങി ഒട്ടേറെ വിഷയങ്ങളുണ്ട്. ഞാന്‍ അതിലേക്കൊന്നും പോകുന്നില്ല. ഇവിടെ സുനാമിയെപ്പറ്റി ഞാന്‍ ഒരു വാക്ക് പറയട്ടെ ... (ബഹളം) ...

സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് കുറെ പണം കിട്ടിയില്ലേ? ആ പണത്തിന് വല്ല കണക്കുമുണ്ടോ? സോണാര്‍ സെയില്‍സ് ഏജന്‍സീസ്, പൈമറ്റം, പരീക്കണ്ണി പിഒ, കോതമംഗലം, എറണാകുളം എന്ന അഡ്രസ് വച്ച് പതിനായിരം രൂപയുടെ ഒരു ചെക്ക് നിങ്ങള്‍ക്ക് തന്നു. ആ ചെക്ക് മാറി ബി-658 എന്ന നമ്പരില്‍ ഒരു രസീതും നിങ്ങള്‍ കൊടുത്തു. അതില്‍ അക്ഷരത്തിലും അക്കത്തിലും നിങ്ങള്‍ എഴുതിയിരിക്കുന്നത് ആയിരം രൂപ കൈപ്പറ്റിയിരിക്കുന്നു എന്നാണ്. ഈ പണം കൊടുത്ത ആള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു. ഇന്നലെ വരെ ഒരു മറുപടിയും കിട്ടിയില്ല....

ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡ്, സ്മാര്‍ട്ട് സിറ്റി ഇത് രണ്ടും സംബന്ധിച്ചാണ് ഞാന്‍ അഴിമതി ആരോപണം എഴുതിക്കൊടുത്തിരിക്കുന്നത്. ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡ് നമ്മുടെ സംസ്ഥാനത്ത് വളരെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ്.... നാഷണല്‍ ഹൈവേയിലൊക്കെ ആര്‍ച്ച് മാതിരി ഇടുന്നതാണ്. സൈന്‍ബോര്‍ഡ് കൊടുക്കണമെങ്കില്‍ ഒരു നടപടിക്രമം ഉണ്ട്. ദേശീയതലത്തില്‍ ടെന്‍ഡര്‍ വിളിച്ച് ആരാണ് ഹൈയസ്റ് റേറ്റ് ക്വോട്ട് ചെയ്യുന്നത് അവര്‍ക്കുമാത്രമേ ഇത് കൊടുക്കാവൂ.

കഴിഞ്ഞ ഗവമെന്റിന്റെ കാലത്ത് ഇതുസംബന്ധിച്ച് ഹബീബ് റഹ്മാന്‍ എന്ന കൊച്ചിയിലെ ഒരു കരാറുകാരന്‍ അന്നത്തെ ചീഫ് എന്‍ജിനിയര്‍ ശ്രീ. പി സി കുട്ടപ്പന് അപേക്ഷ കൊടുത്തു. ശ്രീ. പി സി കുട്ടപ്പന്‍ ആരോടും ചോദിക്കാതെ അയാള്‍ക്ക് 50 ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുവാദം കൊടുത്തു. അതുസംബന്ധിച്ച് പരാതി വന്നു. പരാതി വന്നപ്പോള്‍ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഇതേക്കുറിച്ച് വളരെ വിശദമായ അന്വേഷണം നടത്തിയതിനുശേഷം ഗവമെന്റിലേക്ക് കത്ത് കൊടുത്തിട്ട് പറഞ്ഞു ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന്. അന്ന് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിന് എഴുതിക്കൊടുത്ത കത്തില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഒന്ന്, പി സി കുട്ടപ്പനെതിരെ 50 എണ്ണം കൊടുത്തതിന് കേസെടുക്കണം, അന്നത്തെ മറ്റൊരു ചീഫ് എന്‍ജിനിയര്‍ ശ്രീ. ജോസഫ് മാത്യുവിന്റെ വകയായിട്ട് 310 എണ്ണംകൂടി കൊടുത്തു. ഇപ്പോഴും ശ്രീ. ജോസഫ് മാത്യു സര്‍വീസിലുണ്ട്. ഇത് വന്നുകഴിഞ്ഞ് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഈ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഗവമെന്റിലേക്ക് എഴുതി. അതുപോലെത്തന്നെ ഇവരുടെ വീടുകളും റെയ്ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗവമെന്റിലേക്ക് എഴുതി.

ശ്രീ ഉമ്മന്‍ചാണ്ടി നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി വന്ന് വിജിലന്‍സ് ഡിപ്പാര്‍ട്മെന്റിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ഇവിടെ ഇതുസംബന്ധിച്ച് വന്ന റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പറഞ്ഞു. അതിന്റെ രേഖകള്‍ എന്റെ കൈയിലുണ്ട്. എന്നാല്‍, ശ്രീ ഉമ്മന്‍ചാണ്ടി ഇവരെ സസ്പെന്‍ഡ് ചെയ്തില്ല. ഇവര്‍ക്കെതിരെ കേസെടുത്തില്ല. എഫ്ഐആര്‍ പ്രൊസീഡ് ചെയ്യാന്‍ സമ്മതിച്ചുമില്ല. അതിനുപകരം ശ്രീ. ഉമ്മന്‍ചാണ്ടിയുടെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ഗവമെന്റില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം കൊടുത്തു. ഈ കേസുകള്‍ പിന്‍വലിക്കണം എന്നുപറഞ്ഞ് ഗവമെന്റിനുവേണ്ടി അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സിന്റെ ചാര്‍ജുള്ള സ്പെഷ്യല്‍ സെക്രട്ടറിക്ക് അയച്ച കത്തുണ്ട്.

അതിനു മറുപടിയായി ഈ കേസ് പിന്‍വലിക്കാന്‍ സാധ്യമല്ല എന്നുപറഞ്ഞ് അവിടെനിന്ന് വിജിലന്‍സ് ഡയറക്ടര്‍ ഗവമെന്റിലേക്ക് എഴുതി. അന്നുമുതല്‍ ഉപേന്ദ്രവര്‍മ ശ്രീ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടായി മാറി. ഈ കേസിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇവരെ സസ്പെന്‍ഡ് ചെയ്യണം, ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്യണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇവര്‍ക്കെതിരെ എഴുതിയയച്ച കത്ത് പൂഴ്ത്തിവച്ചു. നടപടി നേരെ വിരുദ്ധമായിട്ട് വന്നു.

ശ്രീ ഉമ്മന്‍ചാണ്ടീ, ആരാണ് ഇതിനകത്ത് മുഖ്യമായിട്ടുള്ള ഹബീബ് റഹ്മാന്‍. ഹബീബ് റഹ്മാന്റെ ഏജന്റന്മാരായി ശ്രീ ഉമ്മന്‍ചാണ്ടിയുടെ അടുത്ത് വന്നത് ആരാ? കൊച്ചിക്കാരനാണല്ലോ ഹബീബ് റഹ്മാന്‍. അവിടെയിരിക്കുന്ന പലര്‍ക്കും അറിയാം, എനിക്കും അറിയാം. ഞാന്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചു. സഭയില്‍ ഇല്ലാത്തവരെക്കുറിച്ച് പേര് പറയാന്‍ പാടില്ലല്ലോ! ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ഒരു കെപിസിസി ഭാരവാഹിയാണ് ഇതിന്റെ ഇടനിലക്കാരന്‍. ഇതിനകത്ത് അഴിമതിയുണ്ടോ ഇല്ലയോ?

....ഈ ബോര്‍ഡ് സ്ഥാപിക്കാനുള്ള അനുവാദം കൊടുത്തു, ഞാന്‍ പറഞ്ഞല്ലോ ആദ്യം 50 പിന്നെ 310. ഈ 310ഉം 50ഉം കൊടുത്ത നടപടിയെക്കുറിച്ച് വിജിലന്‍സ് കേസെടുത്തു. അവര്‍ എഫ്ഐആര്‍ കൊടുത്തു. അത് വിത്ഡ്രാ ചെയ്യാനാണ് ഇവിടെനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീ. ടി പി സെന്‍കുമാര്‍ അങ്ങയുടെ ഐജി ആയിട്ട് ഇപ്പോള്‍ ഇരിക്കുകയല്ലേ, അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൊടുത്ത കത്തിന്റെ പകര്‍പ്പ് എന്റെ കൈയിലുണ്ട്. അതിനകത്ത് അദ്ദേഹം എന്താണ് പറഞ്ഞിരിക്കുന്നത്, 500 കോടി രൂപയുടെ നഷ്ടം ഈ സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നുവെന്നാണ്.

ഇവിടെ നിങ്ങള്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടല്ലോ, ഏതാണ് ഏറ്റവും വലിയ അഴിമതി പാമോയിലാണോ, എസ്എന്‍സി ലാവ്ലിന്‍ ആണോ? ഇതാണോ? ഇതാണ് ശ്രീ ഉമ്മന്‍ചാണ്ടീ, ഏറ്റവും വലിയ അഴിമതി.

കേശവദാസപുരത്ത് സ്ഥാപിച്ചിരിക്കുന്ന സൈന്‍ബോര്‍ഡ് എല്ലാവര്‍ക്കും അറിയാം. സിവില്‍സപ്ളൈസ് കോര്‍പറേഷനാണ് അതില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഈ സൈന്‍ബോര്‍ഡിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഇത് സ്ഥാപിക്കുന്നത് പരസ്യം കൊടുക്കുന്നവനാണ്. ഈ പറയുന്ന കരാറുകാരന്‍ ഇതിനകത്ത് ഒന്നും ചെയ്യണ്ട. അയാള്‍ ഒരു സൈറ്റ് മാത്രം കൊടുത്താല്‍ അതായത് ഹബീബ് റഹ്മാന്‍ സൈറ്റ് മാത്രം കൊടുത്താല്‍ സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ അവിടെ കൊണ്ടുപോയി ഈ ബോര്‍ഡ് സ്ഥാപിക്കും. അതിന് സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ ഹബീബ് റഹ്മാന് കൊടുക്കേണ്ടത് ഏഴുലക്ഷം രൂപ.

ഇത് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല എന്നാണ് ദേശീയതലത്തില്‍ പറയുന്നത്. ശ്രീ ഉമ്മന്‍ചാണ്ടിക്കറിയാമല്ലോ ഇത് എത്രവര്‍ഷമാണെന്ന്. 30 വര്‍ഷത്തേക്കാണ് കൊടുത്തിരിക്കുന്നത്. ശ്രീ. ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല. സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ കൊടുത്തതിന്റെ രേഖകള്‍ ഉണ്ട്. പഴയ സിവില്‍സപ്ളൈസ് മന്ത്രി ഇവിടെ ഇരിപ്പുണ്ടല്ലോ, എത്ര ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴുലക്ഷം രൂപ വച്ച് 30 വര്‍ഷത്തേക്ക് രണ്ടുകോടി 10 ലക്ഷം രൂപ. 350 സ്ഥലങ്ങളില്‍ ഇത്തരം സൈന്‍ബോര്‍ഡ് സ്ഥാപിച്ചാല്‍ ഏഴുലക്ഷം വച്ച് നോക്കിയാല്‍ 735 കോടി രൂപയുടെ തിരിമറിയാണ് ശ്രീ. ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നത്. നമുക്ക് ബോര്‍ഡ് എണ്ണാം.

ശ്രീ. സെന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട് അഞ്ചുലക്ഷം രൂപ വച്ച് കൂട്ടിയാലും 500 കോടി രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്നു. എന്റെ റിപ്പോര്‍ട്ടല്ല, ശ്രീ. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടാണ്. ശ്രീ. ഉമ്മന്‍ചാണ്ടിക്കറിയാം. നിങ്ങള്‍ ഈ കേസ് തേച്ചുമാച്ച് കളയാനുള്ള നടപടികള്‍ സ്വീകരിച്ചു .... (ബഹളം) .... പി സി കുട്ടപ്പന്‍, ഒരു ചീഫ് എന്‍ജിനിയര്‍ വെറുതെ ഒരു റിക്വസ്റിന്റെ പേരിലാണ് സാങ്ഷന്‍ ചെയ്തത്. അതിനെക്കുറിച്ച് പരാതി വന്നപ്പോള്‍ എന്‍ക്വയറി നടത്താന്‍ ഉത്തരവിട്ടത് കഴിഞ്ഞ ഗവമെന്റാണ്. അറിയുമോ നിങ്ങള്‍ക്ക്? ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ക്വയറി നടന്നത്. ആ എന്‍ക്വയറിയുടെ അടിസ്ഥാനത്തിലാണ് ഈ എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഗവമെന്റിലേക്ക് എഴുതിയത്. അപ്പോഴാണ് ശ്രീ. ഉമ്മന്‍ചാണ്ടി വന്നത്. അപ്പോഴാണ് കെപിസിസി ഭാരവാഹി റഹ്മാനെ രക്ഷിക്കാന്‍ രംഗപ്രവേശം ചെയ്തത്. എന്തിനാ ശ്രീ. ഉമ്മന്‍ചാണ്ടി ഈ കേസ് പിന്‍വലിക്കാന്‍ ഉത്തരവ് കൊടുത്തത്?

ശ്രീ. ഉമ്മന്‍ചാണ്ടി കണ്ടാണ് ആ ഫയല്‍ പോയിരിക്കുന്നത്, ഞാന്‍ ഈ സഭയില്‍ പറയുന്നു ആഭ്യന്തരവകുപ്പുമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി കണ്ടാണ് ഈ ഫയല്‍ പോയിരിക്കുന്നത്. എന്നിട്ട് നിങ്ങള്‍ ഡയറക്ഷന്‍ കൊടുത്തു, ഉപേന്ദ്രവര്‍മ തിരിച്ചെഴുതി സാധ്യമല്ല, ചെയ്യാന്‍ പാടില്ല എന്ന്. ശ്രീ ഉമ്മന്‍ചാണ്ടി കോള്‍ഡ് സ്റോറേജില്‍ വച്ചിരിക്കുകയാണ് അതുകൊണ്ട് ഇത് അവസാനിച്ചില്ലല്ലോ, പിന്നെ രണ്ടാമത് വീണ്ടും ശ്രീ. ഉമ്മന്‍ചാണ്ടിക്ക് റഹ്മാന്റെ ഒരു പെറ്റീഷന്‍ കിട്ടുന്നു. വളരെ വേഗത്തില്‍ അത് പ്രോസസ് ചെയ്ത്, 'അതിവേഗം ബഹുദൂരം' വളരെ ദൂരം വളരെ വേഗം ശ്രീ. ഉമ്മന്‍ചാണ്ടി കിട്ടിയ പെറ്റീഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. അടിയന്തര നടപടി സ്വീകരിക്കണം, നടപടി സ്വീകരിക്കാന്‍ പറഞ്ഞ് കൊടുക്കുന്നു. നടപടി സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ ഈ കരാറുകാരന് 310ഉം, 50ഉം 360 എണ്ണം നാഷണല്‍ ഹൈവേയിലും പ്രധാന റോഡുകളിലും എംസി റോഡ് അടക്കം കൊടുത്തു. രണ്ടാമത് ശ്രീ. ഉമ്മന്‍ചാണ്ടി കൊടുത്ത ഉത്തരവ് എന്താണെന്ന് അറിയാമോ? എത്ര ബോര്‍ഡ് വേണമെങ്കിലും കേരളത്തില്‍ എവിടെയും ഏത് റോഡിലും എത്ര കൊല്ലത്തേക്കും സ്ഥാപിക്കാമെന്നാണ്, പോരേ, നിങ്ങള്‍ ആ ഫയല്‍ ഈ മേശപ്പുറത്ത് വയ്ക്കണം.

രണ്ടാമത്തെ ഉത്തരവ് പിഡബ്ള്യുഡിയിലാണ് വന്നിരിക്കുന്നത്. ആ ഉത്തരവ് പുറപ്പെടുവിച്ചത് ശ്രീ ഉമ്മന്‍ചാണ്ടിയാണ്. ഇവിടെ എല്ലാ കാര്യത്തിനും ക്വോട്ട് ചെയ്യുന്നത് ആരെയാണ്? എല്ലാപേരും ക്വോട്ട് ചെയ്യുന്നത് ബംഗാളിനെയാണ്. കല്‍ക്കട്ടയില്‍ ഇതുപോലെ ബോര്‍ഡ് സ്ഥാപിക്കല്‍ നടന്നു. അവിടെ എന്‍ജിനിയര്‍മാരുടെ കളി നടന്നു. അവിടത്തെ മുഖ്യമന്ത്രി ശ്രീ. ബുദ്ധദേവ് ഭട്ടാചാര്യയുടെ മുമ്പില്‍ ഈ വിഷയം വന്നു. അദ്ദേഹം സ്ഥാപിച്ച സകല ബോര്‍ഡുകളും റിമൂവ് ചെയ്യിപ്പിച്ചു. ഇന്ത്യയില്‍ എല്ലാ പത്രങ്ങളിലും അതിന്റെ ചിത്രം വന്നു. ഇവിടെയെല്ലാം എക്സാംപിള്‍സ് ക്വോട്ട് ചെയ്യുമല്ലോ? ശ്രീ. ഉമ്മന്‍ചാണ്ടിക്ക് ഈ ഒറ്റ ബോര്‍ഡ് മാറ്റാന്‍ പറ്റുമോ? ശ്രീ. ഉമ്മന്‍ചാണ്ടി അടിമുറി വിറയ്ക്കും. കാരണം കൈക്കൂലി നിങ്ങളുടെ കൈയിലുണ്ട്. ഇതിന്റെ പിന്നില്‍ കോഴ വാങ്ങിയിട്ടുമുണ്ട്. അതാണ്, നിങ്ങള്‍ക്കത് സാധ്യമല്ല.

ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കേസ് പിന്‍വലിക്കാന്‍ വല്ല വിഷമവും ഉണ്ടോ? കേസ് പിന്‍വലിക്കാന്‍ വിഷമം ഇല്ലല്ലോ, ഇവിടെ പ്രമാദമായ ഒരു സ്പിരിറ്റ് കേസ് പിന്‍വലിച്ചു. G.O. (R.) No. 101/2005/Vigilance, dated 21-3-2005. സര്‍, ഇത് ആര്‍ക്കാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്? To The EnquiySpecial Judge, Thiruvananthapuram

ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് സ്പെഷ്യല്‍ ജഡ്ജിന്റെ കോടതിയിലെ മാനേജരെ വിളിച്ചുവരുത്തുന്നു. മാനേജരുടെ കൈയില്‍ ഈ ഓര്‍ഡര്‍ കൊടുത്തയക്കുന്നു. സ്പെഷ്യല്‍ ജഡ്ജിക്കുള്ളതാണ്. സ്പെഷ്യല്‍ ജഡ്ജി മാനേജരെ വിളിച്ച് താക്കീത് ചെയ്യുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു വിജിലന്‍സ് ജഡ്ജിക്ക് കേസ് പിന്‍വലിച്ചതിന്റെ ഒരു ഗവമെന്റ് ഉത്തരവ് കൊടുത്തത് ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കാണിച്ചുതരാമോ? .... (ബഹളം)....

പലരും കേസുകള്‍ പിന്‍വലിക്കുന്നുണ്ട്. അത് ഗവൺമെന്റ് വക്കീല്‍ അവിടെ സബ്മിറ്റ് ചെയ്യണം. എന്നിട്ട് ജഡ്ജി അത് പരിശോധിക്കണം. ജഡ്ജി വേണം അത് പിന്‍വലിക്കാന്‍, അല്ലാതെ നിങ്ങള്‍ കൊടുത്ത ഉത്തരവ് കേള്‍ക്കാന്‍ അവിടെ വിജിലന്‍സ് ജഡ്ജിയെ ഇരുത്തിയിരിക്കുകയല്ല. ശ്രീ. ഉമ്മന്‍ചാണ്ടി അത് മനസ്സിലാക്കണം. നടപടിക്രമങ്ങള്‍ ലംഘിച്ച്, നിങ്ങള്‍ക്ക് എന്താ ശ്രീ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ക്ക് അഹങ്കാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയല്ലേ, നിങ്ങള്‍ക്ക് ധാര്‍ഷ്ട്യമാണ്, നിങ്ങള്‍ക്ക് അഹങ്കാരമാണ്, നിങ്ങള്‍ക്ക് ഗര്‍വാണ്. "ഞാന്‍, ഞാന്‍, ഞാന്‍'' എന്നുള്ള ഭാവം, ഇതല്ലേ ശ്രീ. ഉമ്മന്‍ചാണ്ടി നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്? ...... (ബഹളം) ...

ഞാന്‍ ഇവിടെ പറഞ്ഞല്ലോ, എനിക്ക് ആ കടലാസ് കിട്ടി, ശ്രീ. ഉമ്മന്‍ചാണ്ടിയുടെ .... (ബഹളം) ...

Mr. Speaker: Please conclude... please conclude.... (ബഹളം) .....

ശ്രീ ടി എം ജേക്കബ്: ശ്രീ. ഉമ്മന്‍ചാണ്ടി കണ്ട ഫയല്‍ അനുസരിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി അയച്ച കത്തിന്റെ നമ്പര്‍ II963/E2/2004/Vigilance, Thiruvananthapuram, dated 4-3-2005. ഇതാണ് രേഖ. ഇവിടെ ശ്രീ. ഉമ്മന്‍ചാണ്ടിക്ക് കേസ് എടുക്കാനും പിന്‍വലിക്കാനും വല്ല വിഷമവും ഉണ്ടോ?

ബിഎഡ് കോഴക്കേസില്‍ ഞാന്‍ ഇവിടെ പറഞ്ഞു, ഞാന്‍ വിശദീകരിക്കുന്നില്ല. ഞാന്‍ കോടതിയില്‍ മൊഴി കൊടുത്തപ്പോള്‍ എന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീ. ഉമ്മന്‍ചാണ്ടി കേസെടുത്തു..... ഇന്നലെ ഒരു പുള്ളിയെ കായംകുളത്തിനടുത്തുവച്ച് പിടിച്ചല്ലോ? ഒരു പെറ്റീഷന്‍ കൊടുത്താല്‍ ശ്രീ. ഉമ്മന്‍ചാണ്ടി അത് ട്രൈബ്യൂണലിന് കൈമാറാന്‍ പറയും. ഞാന്‍ എഴുതിത്തന്നതില്‍ ഒരു കാര്യം കൂടിയുണ്ട്, ഞാന്‍ രണ്ടേ രണ്ടു മിനിറ്റുകൊണ്ട് അവസാനിപ്പിക്കാം.

സ്മാര്‍ട് സിറ്റിയെ സംബന്ധിച്ച് ഇവിടെ ഒരുപാട് സംസാരിച്ചു. ഡീറ്റെയില്‍സിലേക്ക് പോകുന്നില്ല. ഈ സ്മാര്‍ട്സിറ്റി കേരളത്തില്‍ വേണം. പക്ഷേ, സ്മാര്‍ട് സിറ്റിയുടെ മറവില്‍ നടത്തുന്ന വെട്ടിപ്പ് എത്രയാണ്? ഞങ്ങളെ, പ്രതിപക്ഷക്കാരെ വിളിച്ചിരുത്തി ഇന്‍ഫോ പാര്‍ക്ക് കൊടുക്കരുത്, സ്മാര്‍ട്സിറ്റി കൊണ്ടുവരണമെന്ന് പറഞ്ഞു. എംഒയുവിന്റെ ഡ്രാഫ്റ്റ് ഞങ്ങളെ കാണിച്ചു. ഞങ്ങള്‍ അതിന് കുറെ ഭേദഗതികള്‍ പറഞ്ഞു. നിങ്ങള്‍ ആ ഡ്രാഫ്റ്റിന്റെ അന്തിമതീരുമാനത്തിലേക്ക് പോകുന്നു എന്നാണ് കേട്ടത്. ഏക്കറിന് ഒരു രൂപ നിരക്കില്‍ 100 ഏക്കര്‍ (സൌജന്യ നിരക്കില്‍) ഇരുപത്തിയാറുലക്ഷത്തി നാല്‍പത്തിയേഴായിരത്തി അമ്പത്തിയെട്ട് രൂപയ്ക്ക് 136 ഏക്കര്‍ ഇന്‍ഫ്രാ പാര്‍ക്കിലെ ഭൂമി 62.27 ഏക്കര്‍ ആകെ 298.27 ഏക്കര്‍ ഈ സംരംഭത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി നിങ്ങള്‍ ഈ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇവിടെ മുപ്പത്തിമൂന്നായിരം പേര്‍ക്ക് ജോലി, 100 ഏക്കര്‍ ഭൂമി കൈമാറി അഞ്ചുവര്‍ഷത്തിനകം അയ്യായിരം പേര്‍ക്ക് ജോലിയെന്നുപറഞ്ഞു, രണ്ടാം വര്‍ഷം പതിനായിരം, മൂന്നാം വര്‍ഷം പതിനെട്ടായിരം, എപ്പോഴാണ് 100 ഏക്കര്‍ ഭൂമി കൈമാറിയാല്‍, ശ്രീ. ഉമ്മന്‍ചാണ്ടി ഇനി ഇത് സെന്‍ട്രല്‍ ഗവമെന്റിലേക്കു പോകണം. ആദ്യം നിങ്ങള്‍ സമ്മതിച്ചില്ല. സെന്‍ട്രല്‍ ഗവൺമെന്റുകൂടി കണ്ട് അവിടത്തെ മിനിസ്ട്രി കണ്ട് വെറ്റ് ചെയ്ത് എഗ്രിമെന്റ് ആയിക്കഴിഞ്ഞാലാണ് അഞ്ച് വര്‍ഷത്തിനകം ഈ അയ്യായിരം പേര്‍ക്ക് ജോലി ലഭിക്കുക. അപ്പോള്‍ നിങ്ങളുടെ ഗവമെന്റ് ഇവിടെ ഉണ്ടാകുമോ എന്നു പറയൂ. ശ്രീ. ഉമ്മന്‍ചാണ്ടി ആ കസേരയില്‍ കാണുമോ? ആ കനകസിംഹാസനത്തില്‍ ശ്രീ. ഉമ്മന്‍ചാണ്ടി ഇരിക്കാന്‍ പോകുന്നില്ല. ഇരിക്കാന്‍ പോകുന്നില്ല ... (ബഹളം) ....

മി. സ്പീക്കര്‍: മി. ജേക്കബ് പ്ളീസ് കക്ളൂഡ്, സമയം വളരെയധികമായി.

ശ്രീ. ടി എം ജേക്കബ്: ഞാന്‍ അവസാനിപ്പിക്കാം. ഈ ഏര്‍പ്പാടിന്റെ പിന്നില്‍ ഒരു വ്യക്തിയുണ്ട്. ശ്രീ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍. അതുകൂടി പറഞ്ഞ് അവസാനിപ്പിച്ചേക്കാം. ഞാന്‍ നിയമസഭയില്‍ ചോദ്യം ചോദിച്ചു. അതിന് മറുപടി. ഇവിടെ വന്നിട്ടുണ്ട്. 5-7-2005ലെ ചോദ്യം നമ്പര്‍ 117നുള്ള മറുപടിയാണ്. ഞാന്‍ വായിക്കുന്നില്ല. ഞാന്‍ ചോദിച്ചു. ഈ ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍, ഡിഐസി അല്ലെങ്കില്‍ ഇവര്‍ പറഞ്ഞിരിക്കുന്നു എമിറേറ്റ്സ് ഓഫ് ദുബായുടെ പീക്കോ എന്ന കമ്പനി; ഇതില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണ്? ശ്രീ. ഉമ്മന്‍ചാണ്ടി മറുപടി തന്നു. ദീപ്തി ഗോസ്ളോ, ദീപക് പത്മനാഭന്‍, ബാജു ജോര്‍ജ് .ഇവര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍മാരാണ് എന്നാണ് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നത്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ആന്‍സറില്‍ പറഞ്ഞിരിക്കുന്നത് സീനിയര്‍ മാനേജര്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി പാര്‍ട്ണര്‍ റിലേഷന്‍സ് ഡിഐസി. ഈ പറഞ്ഞ ആള്‍ ബിനാമിയാണ്, ശ്രീ ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഈ ആള്‍ ദുബായില്‍നിന്ന് എത്ര പ്രാവശ്യം കൊച്ചിയില്‍ വന്നു? എത്ര പ്രാവശ്യം ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ വന്നു? ശ്രീ ഉമ്മന്‍ചാണ്ടിയെ എത്ര പ്രാവശ്യം വിളിച്ചു. ശ്രീ. ഉമ്മന്‍ചാണ്ടി പറയുന്നല്ലോ എനിക്ക് മൊബൈല്‍ ഫോണില്ല, എനിക്ക് മൊബൈല്‍ ഫോൺ കിട്ടാന്‍ വല്ല വിഷമവുമുണ്ടോ? ആര്‍ കെയെ വിളിച്ചാല്‍ കിട്ടില്ലേ, വേറെ എത്രപേരെ വിളിച്ചാല്‍ കിട്ടും? ശ്രീ. ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ വല്ല വിഷമവുമുണ്ടോ?

Mr. Speaker: Mr. Jacob Please conclude... please conclude .....

ശ്രീ. ടി എം ജേക്കബ്: സര്‍, ബാജുജോര്‍ജ് ഈ സ്മാര്‍ട്സിറ്റിക്കും ശ്രീ. ഉമ്മന്‍ചാണ്ടിക്കുംവേണ്ടി പണം കളക്ട് ചെയ്യുന്ന ഒരു ഏജന്റാണ്. ഇതിന്റെ ആദ്യഗഡു വന്നിരിക്കുന്നത് ബോംബെ വഴിയാണ്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരി റാന്നിക്കാരന്‍, പേര് ഞാന്‍ പറയുന്നില്ല. ആ ആള്‍ വഴിയാണ് ഇങ്ങോട്ടേക്ക് പണം വന്നിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഈ ഗ്യാന്‍ട്രി സൈന്‍ ബോര്‍ഡിന്റെയും അതുപോലെതന്നെ സ്മാര്‍ട്സിറ്റിയുടെയും മറവില്‍ 300 കോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് വസ്തുനിഷ്ഠമായി അന്വേഷിക്കാന്‍ ശ്രീ. ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോ? നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിക്കുമോ? ഇതിനുമുഴുവന്‍ തെളിവ് തരാം. ഈ ഗവമെന്റ് അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്. ശ്രീ. ഉമ്മന്‍ചാണ്ടിക്ക് ഒരൊറ്റ അജന്‍ഡ മാത്രമേയുള്ളൂ. പോകുന്ന പോക്കില്‍ എത്രകണ്ട് വാരിയെടുക്കാം, എത്രകണ്ട് ഈ സംസ്ഥാനത്തെ തകര്‍ക്കാം, ഈ സംസ്ഥാനത്തെ കൊള്ളയടിക്കാം. അതിനുവേണ്ടി ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി ഗവമെന്റിനെതിരെ കൊണ്ടുവന്നിരിക്കുന്ന ഈ അവിശ്വാസപ്രമേയത്തെ ഞാന്‍ ശക്തിയായി അനുകൂലിക്കുകയാണ്.

1 comment:

  1. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ദേശീയപാതയില്‍ കൂറ്റന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. പടിയത്ത് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഹബീബ് റഹ്മാനുമായാണ് കരാര്‍.

    ഈ ഇടപാടിനെക്കുറിച്ചൊരു പൂർണ്ണചിത്രം ലഭിക്കുന്നതിന് ( ഇതു മാത്രമല്ല, സ്മാർട്ട് സിറ്റീം വേറെ കുറെ അനുസാരികളും ഒക്കെ ഉണ്ട്) ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നത നേതാവും കേരളാ കോൺഗ്രസ്സ് ജേക്കബിന്റെ ആത്മാവും പരമാത്മാവുമായ ശ്രീ ടി എം ജേക്കബിന്റെ ( ജേക്കബേ , നീയാടാ‍ ആൺകുട്ടി..നിന്നെക്കുറിച്ചോർക്കുമ്പോഴേ കോൾമയിരു കൊള്ളുന്നെന്നന്തരംഗം) നിയമസഭാ പ്രസംഗം ശ്രദ്ധിച്ചാലും.....

    ReplyDelete