Friday, March 20, 2009

നായർ, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുല

ആറ്റുനോറ്റ് കാത്തിരുന്ന ലിസ്റ്റ് വന്നതോടെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്നും ഇതിനു മുന്‍പില്ലാത്ത യോജിപ്പോടെ മുന്നോട്ട് പോകുമെന്നും ഒക്കെ ചെന്നിത്തല ചാനലുകളായ ചാനലുകളില്‍ കത്തിക്കേറിയപ്പോള്‍ ഇത്രയും നിരീച്ചില്ല. പ്രശ്നങ്ങള്‍ തുടങ്ങുന്നതിനെയാണ് ചെന്നിത്തലയിലും മാന്നാറിലുമൊക്കെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് എന്നു പറയുക എന്ന ജ്ഞാനം നമുക്കില്ലല്ലോ.

കന്യാകുമാരി ക്ഷിതിയാദിയായി ഗോകര്‍ണ്ണാന്തമായി തെക്കുവടക്കുനീളെ കിടന്നിരുന്നതും ഇപ്പോള്‍ പാറശ്ശാലയില്‍ തുടങ്ങി കാസര്‍ഗോഡ് അതിര്‍ത്തിയില്‍ അവസാനിക്കുന്നതുമായ ഇത്തിരിപ്പോന്ന ഭൂമിയില്‍ ഇത്രയും പ്രശ്നങ്ങളുണ്ടാക്കണമെങ്കില്‍ അസാദ്ധ്യ യോജിപ്പ് തന്നെയായിരിക്കണം.

യോജിപ്പിന്റെ കഥ കാസര്‍ഗോഡു നിന്ന് തുടങ്ങി എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിച്ച് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും. അതുകൊണ്ട് ചില കഥകള്‍ വായിച്ചും ചില കളികള്‍ പഠിച്ചും നമുക്ക് നിര്‍ത്തി നിര്‍ത്തി മുന്നോട്ട് പോകാം.

ഷാനിമോള്‍ പോരാ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ ഏകവനിതയായി വിലസാനുള്ള അവസരമല്ലേ കളഞ്ഞു കുളിച്ചത്. മൂകാംബിക്കടുത്ത് വെച്ച് തോല്‍ക്കുന്നതിന്റെ പുണ്യം കിട്ടാതെ പോയത് വേറെ. ജയസാധ്യതയുള്ള മറ്റെവിടെയെങ്കിലും നിന്നു തോറ്റോളാം എന്നവര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതിയത് കോണ്‍ഗ്രസ്സിലെ രീതി വെച്ച് നോക്കിയാല്‍ മൃഗീയവും പൈശാചികവും അല്ലെങ്കിലും വേണ്ടായിരുന്നു. തോല്‍ക്കുന്നതിന്റെ സുഖത്തെപ്പറ്റി ഷാനവാസ് കോണ്‍ഗ്രസ്സുകാര്‍ക്ക് ക്ലാസെടുത്തിട്ടില്ല എന്ന് നാലാളറിഞ്ഞത് എത്ര നാണക്കേട്. തോല്‍ക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തി ഷാനിമോള്‍ നില്‍ക്കുന്നത് കണ്ട് സഹിക്കുന്നില്ല.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നിന്ന് തോറ്റ വ്യക്തിയാകാനുള്ള ഷാനവാസിന്റെ കുഞ്ഞു താല്പര്യം മനസ്സിലാകണമെങ്കില്‍ അതിനു വേണ്ട സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. അല്ലാതെ വെറുതെ പേയ്മെന്റ് സീറ്റെന്നു കാറിവിളിച്ചാല്‍പ്പോരാ. ഗിന്നസ് ബുക്കുകാര്‍ പിറകില്‍ നിന്നു മാറുന്നില്ല എന്ന ബുദ്ധിമുട്ടൊഴിവാക്കിയാല്‍ ഷാനവാസ് തീര്‍ത്തും തൃപ്തന്‍. ഉറപ്പായും ജയിക്കുമെന്ന് അമേരിക്കയില്‍ നിന്ന് ചിലര്‍ പ്രവചിക്കുകയും ചെയ്ത സ്ഥിതിക്ക് ഇത്തവണയെങ്കിലും പതിവു തെറ്റിക്കും എന്ന വാശിയിലാണ് ഷാനവാസ്.

കോലം കത്തിക്കുന്നെങ്കില്‍ അത് കെ.വി. തോമസിന്റെ ആകണമെന്ന നിര്‍ബന്ധം യൂത്ത് കോണ്‍ഗ്രസ്സിനും കെ.എസ്.യുവിനുമൊക്കെ തോന്നിത്തുടങ്ങിയത് എന്നു മുതലാണാവോ? എറണാകുളത്ത് കത്തിക്കുന്നത് മനസ്സിലാക്കാം. തിരുവനന്തപുരത്തും കൊല്ലത്തും ഒക്കെ കത്തിക്കുന്നത് മാഷോടുള്ള ആദരവിന്റെ സൂചനയായിത്തന്നെ കാണണം. ഉണ്ണിത്താനോട് ചോദിച്ചാല്‍ ആ ആദരവിനെപ്പറ്റിയും ഇക്കാലത്ത് മുണ്ടുടുക്കുന്നതിലെ അസാമാന്യ ധീരതയെപ്പറ്റിയും പറഞ്ഞ് തരും. താന്‍ ഇത്രയും ‘ജനകീയ‘നാണെന്ന് മാഷ് മനസ്സിലാക്കുന്നത് ഇപ്പോഴായിരിക്കും. കേരളമാസകലം നിന്നു കത്തുന്ന കോലമാകാന്‍ തോമസ് മാഷിനു കഴിഞ്ഞതില്‍ ദല്‍ഹിയില്‍ വെച്ച് നടത്തിയ പിഴിച്ചില്‍ ചികിത്സക്ക് വല്ല പങ്കുമുണ്ടോ? അതിനാണെന്ന് പറഞ്ഞ് ദല്‍ഹിയില്‍ തമ്പടിച്ച് സീറ്റൊപ്പിച്ചെന്ന് ചാനല്‍ സുന്ദരിമാര്‍ ഒരു മാതിരി മുനവെച്ച് കൊഞ്ചുന്നത് ( കൊഞ്ചും തിരുതയും കെ വി തോമസ് മാഷും തമ്മിലുള്ള പാരസ്‌പര്യത്തെക്കുറിച്ചല്ല്ല സൂചന) അസൂയ കൊണ്ടാകാനേ തരമുള്ളൂ. സീറ്റ് ലഭിച്ചത് അപ്രതീക്ഷിതം എന്ന് മാഷ് പറഞ്ഞത് സത്യമായിരിക്കും. ആര്‍ക്ക് അപ്രതീക്ഷിതം എന്ന ചോദ്യം ചോദിച്ച് ഹൈബി ഈഡന് എന്ന ഉത്തരം പറയിക്കല്ലേ. മാഷും ജീവിച്ച് പൊക്കോട്ടെ.

നഗരജനസംഖ്യ കൂടുതല്‍ ഉള്ള മണ്ഡലത്തില്‍ മത്സരിക്കാനാണു താല്പര്യമെന്ന് ( ഇപ്പോഴും യു എന്നിലെ അണ്ടർ സെക്രട്ടറി ആണെന്നാണോ പാവത്തിന്റെ വിചാരം? രാഷ്‌ട്രീയത്തിലെറങ്ങിയത് മറന്നു പോ‍യെന്നു തോന്നുന്നു, ശുദ്ധൻ) .പാലക്കാട് നിന്നു തോല്‍ക്കുന്നോ എന്ന് ഹൈക്കമാന്‍ഡ് ചോദിച്ചപ്പോള്‍ തരൂര്‍ജി പറഞ്ഞത് പാരയായോ എന്നൊരു ശങ്ക. നരകാഗ്നിയില്‍ തരൂര്‍ജിയുടെ കോലങ്ങള്‍ ദഹിക്കുന്ന കാഴ്ചയാണത്രെ തലസ്ഥാനത്ത്. അത് കണ്ടില്ലെങ്കില്‍ ഇപ്പോള്‍ അനന്തപുരിക്കാര്‍ക്ക് ഉറക്കം വരാതായിരിക്കുന്നു. അവസാനം ചോദിക്കേണ്ട “ഇപ്പോള്‍ ശശി ആരായി?” എന്ന ചോദ്യം തുടക്കത്തില്‍ തന്നെ കേട്ടു തുടങ്ങിയിരിക്കുന്നുവത്രെ. എന്നാലും ശശി തരൂരിനൊരു കുലുക്കവുമില്ല. വല്ലോം മനസ്സിലായിട്ടു വേണ്ടേ കുലുങ്ങാന്‍?

എട്ടു ജില്ലകള്‍ക്ക് പ്രാതിനിധ്യമില്ല എന്നൊരു ആരോപണവും കോണ്‍ഗ്രസ്സുകാര്‍ക്കുണ്ട്. ഒരു ദേശീയ കക്ഷി സംസ്ഥാന തലത്തില്‍ മത്സരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങളുടെ അന്തസത്ത ഉള്‍ക്കൊള്ളാതെ ഒരു തരം ലോക്കല്‍ വര്‍ത്തമാനവും കൊണ്ട് വരരുതെന്ന് നേതൃത്വം. വനിതകള്‍ക്ക് പ്രാതിനിധ്യമില്ല എന്ന തമാശ കേട്ട് ഹൈക്കമാന്‍ഡ് ചിരിയോട് ചിരി. വന്ന പതിനാറില്‍ ആണുങ്ങളുണ്ടോ എന്ന് അവര്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരിഭവം. ഹല്ലേ ഇതെന്നാ സംസ്ഥാനമാ? കോണ്‍ഗ്രസ്സില്‍ ഒരു ആണാമ്പിറന്നോനേ ഉണ്ടായിരുന്നുള്ളൂ എന്നും അത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അറിയാത്ത ഇത്തിരിപ്പോന്ന പിള്ളാര്‍, യുവാക്കളില്ല, വിദ്യാര്‍ത്ഥികളില്ല എന്നൊക്കെ പറഞ്ഞു കരയാന്‍ തുടങ്ങിയാല്‍ ഹൈക്കമാ‍ഡം എന്നാ ചെയ്യും?

വടകരയിലെ പൊതുസമ്മതന്റെ കാര്യത്തിലാണത്രെ ഏറ്റവും അടി. പൊതുസമ്മതനായ പൊതുസമ്മതന്‍ വേണോ ഹൈക്കമാന്‍ഡിനു പൊതുവെ സമ്മതനായ പൊതുസമ്മതന്‍ മതിയോ എന്നൊക്കെയാണ് അടിയുടെ പോക്കുവരത്ത്. എന്തെങ്കിലും വരട്ടെ എന്നു വിചാരിച്ച് ബാക്കി വന്ന 53ന്റെ കൂടെ വടകരയിലെ കാണാന്‍ കൊള്ളാവുന്നവരെ മുഴുവന്‍ ചേര്‍ത്ത് നാസക്ക് ലിസ്റ്റ് അയച്ചിട്ടുണ്ട് എന്നറിയുന്നു. പൊതുസമ്മതന്‍ വരുമോന്ന് നോക്കാം.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും കോലവും കത്തിച്ചു കൊണ്ട് ടൈം വേസ്റ്റ് ചെയ്യുന്നതെന്ന് ചാണ്ടി പറഞ്ഞപ്പോഴേ കാര്യം മനസ്സിലാക്കണമായിരുന്നു. ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ ആള്‍ക്കാര്‍ക്കായിരിക്കും മുൻ‌തൂക്കം എന്ന്. മൂന്ന് എം.എല്‍.എമാരെ നിര്‍ത്തുക വഴി ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കി സര്‍ക്കാരിനു പണച്ചിലവുണ്ടാക്കുകയല്ലേ എന്ന ചോദ്യത്തിനു അതിനവന്മാര്‍ ജയിച്ചാലല്ലെ എന്നു മറുപടി പറഞ്ഞ കോണ്‍ഗ്രസ് പുലിയുടെ സത്യസന്ധത നമുക്കൊക്കെ എന്ന് കൈവരുമോ ആവോ?

നായര്‍, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുല നടപ്പിലാക്കിയപ്പോള്‍ കുറെ നായന്മാരും, കുറെ ഈഴവരും കുറെ ക്രൈസ്തവരും കുറെ മുസ്ലിങ്ങളും ലിസ്റ്റിനു വെളിയിലായി. അതിലിത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് മംഗളവും മനോരമയുമൊക്കെ ചോദിക്കുന്നത്. ഇടതന്മാരെങ്ങാനുമായിരുന്നു ഈ പരുവത്തിലെങ്കില്‍ എത്ര ദിവസം അച്ചുനിരത്തി രസിക്കാമായിരുന്നു. അവന്മാരാണെങ്കില്‍ ലിസ്റ്റുമിറക്കി ആദ്യവട്ട സ്ക്വാഡ് വര്‍ക്കും തുടങ്ങി. അപ്പോള്‍പ്പിന്നെ മദനി നല്‍കുന്ന പിന്തുണയില്‍ പിടിച്ചാകട്ടെ എഴുത്തും വധവും. നമ്മുടെ കുട്ടികളുടെ നായര്‍, ഈഴവ, ക്രൈസ്‌തവ, മുസ്ലീം ഫോര്‍മുലയെ നമ്മള്‍ സംരക്ഷിക്കണം.

ചായക്കടയില്‍ കേട്ടത്

ഒരു പൂവ് വിരിയുന്ന പോലല്ലേ ഞങ്ങടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇറങ്ങിയത്.

ഉം... പക്ഷെ.ശവം നാറിപ്പൂവായിപ്പോയി എന്നുമാത്രം.

6 comments:

  1. ഷാനിമോള്‍ പോരാ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ ഏകവനിതയായി വിലസാനുള്ള അവസരമല്ലേ കളഞ്ഞു കുളിച്ചത്. മൂകാംബിക്കടുത്ത് വെച്ച് തോല്‍ക്കുന്നതിന്റെ പുണ്യം കിട്ടാതെ പോയത് വേറെ. ജയസാധ്യതയുള്ള മറ്റെവിടെയെങ്കിലും നിന്നു തോറ്റോളാം എന്നവര്‍ ഹൈക്കമാന്‍ഡിനു കത്തെഴുതിയത് കോണ്‍ഗ്രസ്സിലെ രീതി വെച്ച് നോക്കിയാല്‍ മൃഗീയവും പൈശാചികവും അല്ലെങ്കിലും വേണ്ടായിരുന്നു. തോല്‍ക്കുന്നതിന്റെ സുഖത്തെപ്പറ്റി ഷാനവാസ് കോണ്‍ഗ്രസ്സുകാര്‍ക്ക് ക്ലാസെടുത്തിട്ടില്ല എന്ന് നാലാളറിഞ്ഞത് എത്ര നാണക്കേട്. തോല്‍ക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തി ഷാനിമോള്‍ നില്‍ക്കുന്നത് കണ്ട് സഹിക്കുന്നില്ല.

    ReplyDelete
  2. ഹ ഹ ഹ...നന്നായിരിയ്ക്കുന്നു മരത്തലയൻ..കൊടുക്കേണ്ടിടത്ത് കൊടുത്തു.

    “വന്ന പതിനാറില്‍ ആണുങ്ങളുണ്ടോ എന്ന് അവര്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരിഭവം. ഹല്ലേ ഇതെന്നാ സംസ്ഥാനമാ? കോണ്‍ഗ്രസ്സില്‍ ഒരു ആണാമ്പിറന്നോനേ ഉണ്ടായിരുന്നുള്ളൂ എന്നും അത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നും ...” ---ഇതു സൂപ്പർ
    മൂന്ന് എം.എല്‍.എമാരെ നിര്‍ത്തുക വഴി ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കി സര്‍ക്കാരിനു പണച്ചിലവുണ്ടാക്കുകയല്ലേ എന്ന ചോദ്യത്തിനു അതിനവന്മാര്‍ ജയിച്ചാലല്ലെ എന്നു മറുപടി പറഞ്ഞ കോണ്‍ഗ്രസ് പുലിയുടെ സത്യസന്ധത നമുക്കൊക്കെ എന്ന് കൈവരുമോ ആവോ?“=== ഇതു സത്യം

    ReplyDelete
  3. എം എ ബേബി പറഞ്ഞതുപോലെ മനസമാധാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നവര്‍ യി ഡി എഫില്‍ മൂന്നു പേരെ ഉള്ളു .മൂന്നു എം എല്‍ എ മാര്‍.തോറ്റാലും എം എല്‍ എ ആയി തുടരാമല്ലോ?

    ReplyDelete
  4. വനിതകള്‍ക്ക് പ്രാതിനിധ്യമില്ല എന്ന തമാശ കേട്ട് ഹൈക്കമാന്‍ഡ് ചിരിയോട് ചിരി. വന്ന പതിനാറില്‍ ആണുങ്ങളുണ്ടോ എന്ന് അവര്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരിഭവം. ഹല്ലേ ഇതെന്നാ സംസ്ഥാനമാ? കോണ്‍ഗ്രസ്സില്‍ ഒരു ആണാമ്പിറന്നോനേ ഉണ്ടായിരുന്നുള്ളൂ എന്നും അത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നും അറിയാത്ത ഇത്തിരിപ്പോന്ന പിള്ളാര്‍, യുവാക്കളില്ല, വിദ്യാര്‍ത്ഥികളില്ല എന്നൊക്കെ പറഞ്ഞു കരയാന്‍ തുടങ്ങിയാല്‍ ഹൈക്കമാ‍ഡം എന്നാ ചെയ്യും?

    claps.......claps........

    ReplyDelete
  5. താന്‍ ഇത്രയും ‘ജനകീയ‘നാണെന്ന് മാഷ് മനസ്സിലാക്കുന്നത് ഇപ്പോഴായിരിക്കും. കേരളമാസകലം നിന്നു കത്തുന്ന കോലമാകാന്‍ തോമസ് മാഷിനു കഴിഞ്ഞതില്‍ ദല്‍ഹിയില്‍ വെച്ച് നടത്തിയ പിഴിച്ചില്‍ ചികിത്സക്ക് വല്ല പങ്കുമുണ്ടോ????
    അത് പിന്നെ പറയണോ
    വെറും സ്വാഭാവികം മാത്രം

    ReplyDelete