Wednesday, March 18, 2009

കൊച്ചന്മാര്‍ കലക്കുന്നുണ്ടേ...

നെഹ്രുജി, ഇന്ദിരാജി, ഞാന്‍ ജി, മോന്‍‌ജി...പഴയൊരു ലീഡര്‍ തമാശയുടെ പോക്ക് ഇങ്ങനെയാണ്. അവസാനം ഒരു ജി കൂടി ഉണ്ട്. അശ്ലീലമായിപ്പോകും എന്നതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല.

മോന്‍ ജിമാര്‍ ഇപ്പോള്‍ അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പാണ്.

രാഹുല്‍ മോന്‍‌ജി ശംഖുമുഖത്ത് നടത്തിയ അഴിമതി വിരോധപ്രസംഗം കേട്ട് മണല്‍ത്തരികള്‍ പോലും നാഗര്‍വാല, ബോഫോഴ്‌സ് എന്നലറിക്കൂവി കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. പിന്നെ ടാലന്റ് ആയി ഹണ്ട് ആയി. അതിന്റെ അടിസ്ഥാനത്തില്‍ ദിവസക്കൂലിക്കെന്ന മട്ടില്‍ സംഘടനയില്‍ നൂലുകെട്ടിയിറക്കലായി. ആകെക്കൂടി ഒരു അടിപൊളി. പല നാള്‍ നൂലുകെട്ടിയിറക്കുമ്പോള്‍ ഒരു നാളെങ്കിലും നൂലുപൊട്ടിയില്ലെങ്കില്‍ കെട്ടിയിറക്കുന്നവര്‍ക്കും നൂലിനും തോന്നും ഇതാണ് ജനാധിപത്യമെന്ന്. അച്ചതി ഒഴിവാക്കാന്‍ ലിജുവിനെ (ഗൺ‌മാൻ‌ജിയുടെ മോൻ‌ജി) കെട്ടി ഇറക്കിയ നൂലൊന്ന് പൊട്ടിപ്പോയി. അതിന്റെ നാണക്കേട് ആരോടൊക്കെയോ രോഷാകുലനായി മോന്‍ജി തീര്‍ത്തുവെന്ന് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണിപ്പോഴത്തെ പാഷനും ഫാഷനുമൊക്കെ. മോന്റെ കൂടെ നാണം കെടാന്‍ ലീഡുറുടെ പഴയകാല മാനസപുത്രനും ഉണ്ടെന്നത് മോനാശ്വാസം.

ചേട്ടന്റെ മോന്‍‌ജിക്ക് ത്രിവര്‍ണ്ണം ഫേവറിറ്റ് കളര്‍ എങ്കില്‍ കാവിയുടെ അസുഖമാണ് അനിയന്റെ മോന്‍‌ജിക്ക്. ‘പെറ്റ വയറു താങ്ങുമോ’ എന്ന് ആരെക്കൊണ്ടും പറയിക്കുന്ന തരത്തിലൊരു പ്രസംഗം ഈ മോന്‍‌ജി ഈയടുത്ത് കാച്ചിയത്രെ.

“'ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍, അതല്ല ഹിന്ദുക്കള്‍ ദുര്‍ബലരും നേതൃത്വമില്ലാത്തവരുമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഈ നേതാക്കള്‍ വോട്ടിനുവേണ്ടി ആരുടെയെങ്കിലും കാലുനക്കുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈവിരല്‍ ഉയര്‍ത്തിയാല്‍, അങ്ങനെയെങ്കില്‍ ഞാന്‍ ഗീത തൊട്ട് സത്യംചെയ്യുന്നു ആ കൈ ഞാന്‍ മുറിച്ചു മാറ്റും.' 'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് (കൈഉയര്‍ത്തി) കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ്‌ശ്രീറാം. ( പാവം ശ്രീ രാമൻ..) ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'..... കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ ? “

ഇങ്ങനെയൊക്കെയാണ് ഇളം തലമുറക്കാരന്‍ കാച്ചിയതെന്ന് ചിലയിടങ്ങളില്‍ കാണുന്നു. തൊഗാഡിയയും മോഡിയും നാണക്കേട് കാരണം പുറത്തിറങ്ങുന്നില്ലത്രെ. നിരവധി വര്‍ഷങ്ങളുടെ അദ്ധ്വാനത്താല്‍ തങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്ന ഇമേജ് ഇന്നലെ വന്ന കൊച്ചന്‍(മോന്‍‌ജി എന്നതിന്റെ നാടന്‍ പരിഭാഷ) അടിച്ചുമാറ്റിക്കൊണ്ടുപോകുകാന്ന് വെച്ചാല്‍ സഹിക്കാനാവുമോ?

സ്ഥാനാര്‍ഥിയാണ് മോന്‍‌ജി. ഇലക്ഷന്‍ കമ്മീഷനു വെറുതെ ഇരിക്കാന്‍ പറ്റുമോ. പിലിബറ്റിലെ പോലീസ് മോനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ), 188 വകുപ്പുകള്‍ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരവുമാണ് കേസ്.. രണ്ടുകൊല്ലം വരെ ഉണ്ട തിന്നു കിടക്കാനുള്ള കോപ്പുണ്ടെന്ന് നിയമ വിദഗ്ദര്‍.

തനിക്കെതിരെയുള്ള ഗൂഡാലോചനയാണിതെന്ന് കൊച്ചന്‍ പറയുന്നു. ഒരേ അളവില്‍ അല്ലെങ്കിൽ സമാസമം താനൊരു ഗാന്ധിയും ഇന്ത്യക്കാരനും ഹിന്ദുവും(I am a Gandhi, Hindu and an Indian in equal measure) ആണെന്ന് കൊച്ചന്‍. സംഘപരിവാരത്തിനാണെങ്കില്‍ പതിവുപോലെ ബഹുസ്വരത. സാമ്‌നയും ശിവസേനയുമൊക്കെ കൊച്ചനാണു കൊച്ചന്‍, അപ്പന്റെ മോന്‍ തന്നെ എന്നൊക്കെ വായ്ത്താരിയിടുകയാണ്. വെങ്കയ്യ നായിഡുവും കൊച്ചനെ കൈവിടാന്‍ തയ്യാറല്ല. കാര്‍ക്കറെ മരിച്ചപ്പോള്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് അന്തുലേ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയതിനോടാണ് വെങ്കയ്യ ഇതിനെ ഉപമിക്കുന്നത്. സംഘപരിവാറിന്റെ ശൈലിക്കനുസരിച്ച് അവരുടെ വക്താവ് രവിശങ്കര്‍ പ്രസാദ് അഡ്‌ജസ്റ്റ് ചെയ്‌ത് പറഞ്ഞ് വെച്ചിട്ടുണ്ട്. കൊച്ചന്റെ വാചകമടിയില്‍ നിന്ന് തങ്ങള്‍ സ്വയം വിമുകതരാകുന്നു(disapprove of and disassociate ourselves) എന്ന് വക്താവ്. കൊച്ചന്‍ ജയിച്ചാല്‍ വെങ്കയ്യ..കൊച്ചന്‍ തോറ്റാല്‍ രവിശങ്കർ. ഏത് വേണമെങ്കിലും നാളെ തങ്ങളുടെ ഔദ്യോഗിക നിലപാടാക്കാം.

മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് കൊച്ചന്‍. മൌനം അമ്മയ്ക്കും ഭൂഷണം എന്നതിനാല്‍ മനേക ഗാന്ധി മൌനി ബാബ.

കൊച്ചന്മാരുടെ കഥ പറഞ്ഞിരുന്നാല്‍ സമയം പോകുന്നതറിയില്ല. വയനാട്ടില്‍ ഒരു കൊച്ചന്‍ കറങ്ങി നടപ്പുണ്ട്. ചാലക്കുടി പ്രദേശത്ത് ഒരു മോളും. എന്താവുമോ എന്തോ?

3 comments:

 1. “'ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍, അതല്ല ഹിന്ദുക്കള്‍ ദുര്‍ബലരും നേതൃത്വമില്ലാത്തവരുമാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഈ നേതാക്കള്‍ വോട്ടിനുവേണ്ടി ആരുടെയെങ്കിലും കാലുനക്കുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍, ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈവിരല്‍ ഉയര്‍ത്തിയാല്‍, അങ്ങനെയെങ്കില്‍ ഞാന്‍ ഗീത തൊട്ട് സത്യംചെയ്യുന്നു ആ കൈ ഞാന്‍ മുറിച്ചു മാറ്റും.' 'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് (കൈഉയര്‍ത്തി) കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ്‌ശ്രീറാം. ( പാവം ശ്രീ രാമൻ..) ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'..... കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ ? “

  ഇങ്ങനെയൊക്കെയാണ് ഇളം തലമുറക്കാരന്‍ കാച്ചിയതെന്ന് ചിലയിടങ്ങളില്‍ കാണുന്നു. തൊഗാഡിയയും മോഡിയും നാണക്കേട് കാരണം പുറത്തിറങ്ങുന്നില്ലത്രെ. നിരവധി വര്‍ഷങ്ങളുടെ അദ്ധ്വാനത്താല്‍ തങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്ന ഇമേജ് ഇന്നലെ വന്ന കൊച്ചന്‍(മോന്‍‌ജി എന്നതിന്റെ നാടന്‍ പരിഭാഷ) അടിച്ചുമാറ്റിക്കൊണ്ടുപോകുകാന്ന് വെച്ചാല്‍ സഹിക്കാനാവുമോ?

  ReplyDelete
 2. ഇതൊക്കെ കാല്‍ക്കുലേറ്റഡ് ആണ്. അറിയാതെ പറഞ്ഞുപോയതൊന്നും ആവില്ല.
  കേസ് വരും എന്നൊന്നും അറിയാഞ്ഞിട്ടല്ല. എസ്റ്റാബ്ലിഷ്ഡ് ആവാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍.
  നാളെ ഇദ്ദേഹത്തെയും കാണാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍

  ReplyDelete
 3. ഈ വക ജന്തുക്കളെയൊക്കെ ചൂലെടുത്തടിച്ച് വളര്‍ത്താത്തതിന്റെ കേടാണ്.

  ReplyDelete