Saturday, March 21, 2009

സോ നോര്‍മല്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവചനങ്ങളുടെ പൂക്കാലം തന്നെ. മണ്ഡല പുനക്രമീകരണത്തോടെ സെഫോളജിസ്റ്റുകളുടെ കട്ടയും പടോം മടങ്ങിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പും ഈ തെരഞ്ഞെടുപ്പും തമ്മിലുള്ള സ്വിങ്ങ് ഫാക്ടര്‍ ഇല്ലാത്തതിനാല്‍ അവന്മാര്‍ കിളി ജോത്സ്യന്റെ വേഷത്തില്‍ ഊരു ചുറ്റുന്നെന്നുമൊക്കെ കേള്‍ക്കുന്നു. പത്രവാര്‍ത്തകള്‍ മാത്രം അടിസ്ഥാനമാക്കിയത്, ഊഹപ്രേതം പറഞ്ഞത്, തലയിണമന്ത്രത്തില്‍ പൊതിഞ്ഞത്, ചക്കോ ചുക്കോ എന്നറിയാത്തത് എന്നു വേണ്ട അശാസ്ത്രീയമായ പ്രവചനം എന്ന് പ്രവചക്കാര്‍ തന്നെ സമ്മതിക്കുന്ന പ്രവചനം വരെ രംഗത്തുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിന്റെ ഏഴയലത്തുപോലും വരാത്ത പ്രവചനക്കാര്‍ക്കാണത്രെ ഏറ്റവും ഡിമാന്‍ഡ്. ഒരു ഡിറ്റാച്ച്ഡ് അപ്പ്രോച്ച് ആയിരിക്കുമവര്‍ക്കെന്ന് ബുജി ലൈനിലെ ഫിലോസഫി‍. സ്ഥാനാര്‍ത്ഥി മാറിയതൊന്നുമറിയാതെ പഴയ സ്ഥാനാര്‍ത്ഥിയുടെ പേരും വെച്ച് വിജയം ഉറപ്പിച്ച് സീറ്റ് കണക്കുകൂട്ടിയിരിക്കുന്ന ആളുകള്‍ വരെ ഉള്ളപ്പോള്‍, കേരളത്തിലങ്ങോളമിങ്ങോളം ഇടത് വിരുദ്ധ വികാരമാണെന്നും ലാവലിന്‍ ക്ലച്ച് പിടിച്ചെന്നുമൊക്കെ ഉഗാണ്ടായിലോ എത്തിയോപ്പിയായിലോ ഇരുന്ന് എഴുതിവിടുന്നതൊക്കെ സോ നോര്‍മല്‍.

നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ആ അത്ഭുതക്ലച്ച് അന്വേഷിച്ച് ഇറ്റലിയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും സ്വീഡനില്‍ നിന്നുമൊക്കെ വാഹന നിര്‍മ്മാതാക്കളുടെ ഏജന്റുമാര്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുകയാണെന്ന വാര്‍ത്തയും കേട്ടു. ആ ഏജന്റുമാരില്‍ സി.ഐ.എ ചാരന്മാരുണ്ടോ എന്ന് തപ്പി സുധ് എന്നും ഈഷ് എന്നുമൊക്കെ പേരുള്ള പ്രൊഫസര്‍മാരും സഹായികളും ഊരു ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു. തെരഞ്ഞെടുപ്പു വിഷയവുമായി ബന്ധപ്പെട്ട ഊരു ചുറ്റലായതിനാല്‍ ഗമയ്ക്ക് ELECTION DUTY URGENT എന്ന സ്റ്റിക്കറും ഒട്ടിച്ചാണത്രെ ഊരു തെണ്ടല്‍. എലക്ഷന്‍ കമ്മീഷന്റെ വണ്ടിയേത് എലക്ഷനു കമ്മീഷനടിക്കാന്‍ വന്നവന്റെ വണ്ടിയേത് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനൊരു പെരുമാറ്റച്ചട്ടം വരുമെന്നും കേള്‍ക്കുന്നു.

***

കെ.പി.ഉണ്ണികൃഷ്ണന്‍ ഇപ്പോഴുമുണ്ടോ ഇല്ലയോ എന്ന് വ്യസനിച്ചിരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന ഒരു പ്രസ്താവന:

“വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തിനു പിന്നില്‍ വിഭാഗീയചിന്താഗതിക്കാരായ ചില മതാചാര്യന്മാരും ഇന്ത്യക്ക് പുറത്ത് കേന്ദ്രീകരിച്ചിട്ടുള്ള ചില ആളുകളും പ്രവര്‍ത്തിച്ചു. ശക്തമായ സമര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് ചില മണ്ഡലത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടന്നത്. മലബാറിലെ മണ്ഡലങ്ങളില്‍ പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, അഞ്ചാറു തവണ ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റയാളെ സ്ഥാനാര്‍ഥിയാക്കി. വയനാട്, മലപ്പുറം, കോഴിക്കോട് ഡിസിസികളൊന്നും ഇങ്ങനൊരു സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിനിര്‍ണയമെന്ന കാര്യത്തില്‍ പല സംശയവും ഉയരുന്നുണ്ട്. ഇവിടെയാണ് ഇന്ത്യക്ക് പുറത്തുള്ള ശക്തികളും മറ്റും രംഗത്തുവരുന്നത്. മുല്ലപ്പള്ളിയെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതായി അറിഞ്ഞു. വടകര ഇപ്പോഴും സിപിഐ എമ്മിന്റെ ശക്തിദുര്‍ഗമാണ്. കോണ്‍ഗ്രസില്‍ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നത്.“

ഒരു കോണ്‍ഗ്രസ് (എസ് ) ഫ്ലേവര്‍ ഉള്ള ഈ പ്രസ്താവന വായിച്ചാല്‍ മനസ്സിലായില്ലേ പുള്ളിക്കാരന്‍ ഇപ്പോഴുമുണ്ടെന്ന്.

ചില ഭാവി പരിപാടികളെക്കുറിച്ച് കൂടി കെ.പി പറയുന്നുണ്ട്..

“കോണ്‍ഗ്രസ് വിട്ടുപോകുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല. ഭാവിപരിപാടി പിന്നീട് തീരുമാനിക്കും. ദേശീയതലത്തില്‍ വര്‍ഗീയശക്തികള്‍ക്കെതിരെ, പ്രത്യേകിച്ച് സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളോട് അടുത്തുനില്‍ക്കണമെന്നാണ് ആഗ്രഹം. ആ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്.”

ഇനിയുമൊരു ചാട്ടത്തിനു ബാല്യമുണ്ടെന്ന് തന്നെ...

*

രാജേട്ടന്‍ ഒരു വഴിക്കും വഴങ്ങാത്തപ്പോള്‍ വന്നു നിന്നതാണ് കൃഷ്ണദാസ് അനന്തപുരിയില്‍. വലതുകാല്‍ വെച്ച് കയറിയ ഉടനെ കേട്ട വാര്‍ത്ത ചങ്കേല്‍ കൊള്ളുന്നതായിപ്പോയി.

സംഘപരിവാര്‍ സംഘടനകള്‍ക്ക് തലസ്ഥാന ജില്ലയില്‍ വിത്തുപാകിയ കേണല്‍ ചന്ദ്രന്‍ ശരി തിരിച്ചറിയുകയാണത്രെ നാടിന്റെ ഭാവി ഇടതുപക്ഷത്തിന്റെ കയ്യിലാണെന്ന്. വര്‍ഗീയതയും കൊലക്കത്തിയും നാടിന് ആവശ്യമില്ല. ജനങ്ങളോടൊപ്പം പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനമാണ് ഇന്നു നാടിന് ആവശ്യമെന്ന് ചന്ദ്രന്‍ പറയുന്നു. എല്‍ഡിഎഫ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത ചന്ദ്രന്‍ ഇതിന്റെ പ്രാധാന്യം വിവരിച്ചു.

തലസ്ഥാനത്തിന് ചന്ദ്രനെ മറക്കാനാകില്ലത്രെ. 1969ല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപി എംജി കോളേജില്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ നേതൃത്വം നല്‍കിയത് ചന്ദ്രനായിരുന്നു. തുടര്‍ന്ന് ആര്‍എസ്എസിന്റെ സംഘാടകനായി. പിന്നെ പട്ടാളത്തിലായി. 1996ല്‍ കേണലായി ജോലിയില്‍നിന്ന് വിരമിച്ചശേഷം നാട്ടിലെത്തി ബിജെപി അംഗമായി. പട്ടാളച്ചിട്ടയോടെ ബിജെപിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എക്സ്സര്‍വീസ് സെല്ലിന്റെ പ്രസിഡന്റ് , അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി പ്രോഗ്രാം കവീനര്‍ അങ്ങിനെ അങ്ങിനെ.

എന്നാല്‍, പാര്‍ടിയുടെ തെറ്റായ നയങ്ങളിലും വര്‍ഗീയവിഷം തുപ്പുന്ന നിലപാടുകളിലും വോട്ടുകച്ചവടത്തിലും പ്രതിഷേധിച്ച് പാര്‍ടി വിട്ടു. പിന്നീട് കെ രാമന്‍പിള്ള കേരള ജനപക്ഷം പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായി പൊതുപ്രവര്‍ത്തനം തുടര്‍ന്നു. പാര്‍ടിയുടെ സെന്‍ട്രല്‍ ഓഫീസ് ജനറല്‍ സെക്രട്ടറിയാണ്. തന്നെപ്പോലെ പല മുന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളും ഇന്ന് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് ചന്ദ്രന്‍ പറയുന്നു. ലക്ഷ്യം ഒന്നുമാത്രം. യുഡിഎഫിനെ തോല്‍പ്പിക്കുക. ഒപ്പം ബിജെപിയുടെ വോട്ടുകച്ചവടം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക. ശരിയുടെ പാതയില്‍ എല്‍ഡിഎഫ് മാത്രമാണെന്ന യാഥാര്‍ഥ്യം പ്രചരിപ്പിക്കുക'-ചന്ദ്രന്‍ പറയുന്നു.

പാവം പപ്പനാവേട്ടനെ പച്ചക്ക് വലിപ്പിച്ചവര്‍ ഇത്തവണ പച്ചക്ക് നിന്നു കത്തുന്ന കാഴ്ച കാണാനായേക്കും. അത് മറ്റൊരു പപ്പനാവന്റെ തിരുസന്നിധിയില്‍ത്തന്നെ ആയത് മീശ പിരിച്ച മോഹന്‍ലാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗലക്കി.

*

കഥ മരിച്ചു, കവിത മരിച്ചു, നോവല്‍ മരിച്ചു, ചെറുകഥ മരിച്ചു, ചരിത്രം മരിച്ചു, പ്രത്യയശാസ്ത്രം മരിച്ചു...അങ്ങിനെ എത്രയെത്ര മരണങ്ങള്‍. അതിന്റെ കൂട്ടത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കേള്‍ക്കാവുന്ന ഒരു സോ നോര്‍മല്‍ വാര്‍ത്തയാണ് ചുവരെഴുത്ത് മരിച്ചു, പോസ്റ്ററൊട്ടിപ്പ് മരിച്ചു. മൈദമാവിന്റെ പശ മരിച്ചു, അതിലിടുന്ന തുരിശ് മരിച്ചു എന്നൊക്കെ. മൊത്തം ഫ്ലക്സ് അല്ലേ കേരളത്തില്‍. പിണറായി വിജയന്റെ ഫ്ലക്സ് ആണത്രെ മൈല്‍ കുറ്റിക്ക് പകരം കേരളത്തില്‍ തെക്കുവടക്കു നീളെ ‍.

അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തയാണ്. ശരിയാവാനിടയുണ്ട്. അദൃശ്യ ക്ലച്ച് പോലെ അദൃശ്യ ഫ്ലക്സ്. എല്ലാം ലക്ഷങ്ങള്‍ വില മതിക്കുന്നവ. “പിണറായി വിജയന്റെ മണിമാളികയിലെ ഇറ്റാലിയന്‍ മാര്‍ബിള്‍“ എന്ന അദൃശ്യമാളികയിലെ അദൃശ്യ മാര്‍ബിള്‍ കഥ പോലെ ഒരു മാവേലേറ്. ഒത്താലൊത്തു. ഒന്നു രണ്ട് ഏപ്പരാശികളെങ്കിലും വിശ്വസിച്ചാല്‍ അത്രയുമായി. കേരള രക്ഷാ മാര്‍ച്ചിനു ഗ്രൂപ്പടിസ്ഥാനത്തിലും, നായരീഴവക്രൈസ്തവമുസ്ലീം ഫോര്‍മുലാടിസ്ഥാനത്തിലുമൊക്കെ വെച്ച ഫ്ലക്സുകള്‍ അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകളില്‍ ഇല്ല. ഒരു തല ചെറുതായതിനു (ചെന്നിത്തലയല്ല) മൊത്തം 30 അടി ഫ്ലക്സ് മാറ്റിയടിച്ചതും അമേരിക്കയില്‍ നിന്നു കേരളത്തെ സാകൂതം വീക്ഷിക്കുന്ന ആ കണ്ണില്‍പ്പെട്ടിട്ടില്ല.

*

ഗണപതിയെ തൊഴുതു, പിള്ളയെ വണങ്ങി, ആത്മവിശ്വാസത്തോടെ കളരിയിലേക്ക്‌ എന്നു വീക്ഷണത്തില്‍ വായിച്ചപ്പോള്‍ അതെഴുതിയവനെ തൊഴുതു, പത്രത്തെ വണങ്ങി. ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കിനി ആവില്ല %#@%#$മക്കളേ എന്ന ഡയലോഗും വിട്ട് അങ്കത്തളത്തിലേക്ക് ഇറങ്ങുന്നത് മറ്റാരുമല്ല. കൊടിക്കുന്നേല്‍ സുരേഷ്. മാവേലിക്കരയില്‍ 50000 വോട്ടിനു ജയിക്കും എന്ന് വണക്കപിള്ളയുടെ പ്രവചനം. വോ തന്നെ..താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് വിട്ടാല്‍ രണ്ടെണ്ണം സെക്രട്ടറിയേറ്റില്‍ പതിക്കും എന്നു പറഞ്ഞ സെയിം പിള്ള തന്നെ. പിള്ള മനസ്സില്‍ കള്ളമില്ലാത്തതിനാല്‍ പ്രവചനം ഫലിക്കും. മാവേലിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി 50000 വോട്ടിനു ജയിക്കും. സോ നോര്‍മല്‍..അല്ലേ?

3 comments:

  1. കഥ മരിച്ചു, കവിത മരിച്ചു, നോവല്‍ മരിച്ചു, ചെറുകഥ മരിച്ചു, ചരിത്രം മരിച്ചു, പ്രത്യയശാസ്ത്രം മരിച്ചു...അങ്ങിനെ എത്രയെത്ര മരണങ്ങള്‍. അതിന്റെ കൂട്ടത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ കേള്‍ക്കാവുന്ന ഒരു സോ നോര്‍മല്‍ വാര്‍ത്തയാണ് ചുവരെഴുത്ത് മരിച്ചു, പോസ്റ്ററൊട്ടിപ്പ് മരിച്ചു. മൈദമാവിന്റെ പശ മരിച്ചു, അതിലിടുന്ന തുരിശ് മരിച്ചു എന്നൊക്കെ. മൊത്തം ഫ്ലക്സ് അല്ലേ കേരളത്തില്‍. പിണറായി വിജയന്റെ ഫ്ലക്സ് ആണത്രെ മൈല്‍ കുറ്റിക്ക് പകരം കേരളത്തില്‍ തെക്കുവടക്കു നീളെ ‍.

    അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തയാണ്. ശരിയാവാനിടയുണ്ട്.

    ReplyDelete
  2. അമേരിക്കയില്‍ ഒക്കെ ഇരുന്നു ഇത്രയ‌ും വിവരക്കേട് എഴുതുന്നത് ആരാണാവോ? ആരായാലും ആ വിഡ്ഢിക്ക് ഒരു നല്ല നമസ്കാരം എന്‍റെ വക. ചിലര്‍ക്ക് സത്യം കാണാന്‍ മനസില്ല. അന്ധമായ കമ്മ്യുണിസ്റ്റ് വിരോധം മാത്രം കൈമുതലായ ഇത്തരക്കാരുടെ "കുരുപൊട്ടല്‍" അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവഗണിക്കാം

    ReplyDelete