Tuesday, March 17, 2009

കോങ്ക്രോത്ത് ഇല്ലത്ത്

കോങ്ക്രോത്ത് ഇല്ലത്ത് (കടപ്പാട്: മലയാറ്റൂര്‍ രാമകൃഷ്ണന്‍) പ്രശ്നങ്ങള്‍ തീരുന്നില്ല. വയസ്സന്മാര്‍ മുതല്‍ കൊച്ചുകുട്ടികളുടെ ഇടയില്‍ വരെ പ്രശ്നങ്ങള്‍. വരുന്ന അഞ്ച് കൊല്ലത്തെ കൃഷി ഏല്‍പ്പിക്കാന്‍ പറ്റിയ 17 പേരെപ്പോലും തീരുമാനിക്കാന്‍ പറ്റിയിട്ടില്ല. കുട്ടികളുടെ മോണിറ്റര്‍ ആയി ഒരു കുട്ടിയെ മാറ്റി മറ്റൊരു കുട്ടിയെ ഇരുത്താന്‍ നോക്കിയെങ്കിലും ആദ്യത്തെ കുട്ടിയെത്തന്നെ ഇരുത്തേണ്ടി വന്നു. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ‘കാരണവര്‍ കുട്ടി’ പറഞ്ഞിട്ടുപോലും ഇതാണവസ്ഥ.

അതിനിടയിലാണ് ഇല്ലത്തെ പ്രധാന അംഗമായ രാമചന്ദ്രന്‍ കുട്ടി പുറത്തുനിന്നുള്ള കോടീശ്വരന്മാരാണ് ഇല്ലത്തെ കാര്യം തീരുമാനിക്കുന്നതെന്ന് ചെന്നിത്തല തിരുമേനിക്ക് കത്തെഴുതുന്നത്.

'എന്നെ ഇല്ലത്തെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശമാണ് താങ്കളും ഉമ്മന്‍ചാണ്ടിയും വയനാട് ഡിസിസി പ്രസിഡന്റിന് നല്‍കിയത്. ഞാന്‍ അടക്കമുള്ള കോങ്ക്രോത്ത് കൃഷിക്കാരെ പരാജയപ്പെടുത്താന്‍ കഠിനശ്രമം നടത്തിയ എം കെ ജിനചന്ദ്രന്‍ എന്ന കരോടപതി ഡിസിസി ജനറല്‍ ബോഡിയില്‍(ഇല്ലത്തെ ഒരു സ്ഥിരം നാടകവേദി) ഇരിക്കുന്നത് കണ്ടു. അനധികൃതമായി സര്‍ക്കാര്‍ഭൂമി കൈവശംവച്ച് മരം വെട്ടുന്നതടക്കമുള്ള നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് അദ്ദേഹം. കോങ്ക്രോത്ത് അംഗം പോലുമല്ലാത്ത അദ്ദേഹം ഡിസിസി നിര്‍വാഹക സമിതി(മറ്റൊരു നാടകവേദി) അംഗമായിരിക്കുകയാണ്. അങ്ങയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിര്‍ദേശപ്രകാരമാണിതെന്നാണ് ഡിസിസി പ്രസിഡന്റ് (വേദിയുടെ തലവന്‍) പറഞ്ഞത്. അദ്ദേഹം യോഗത്തില്‍ എനിക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. എന്റെ ആദ്യ അനുഭവമാണിത്. ഇക്കാലത്ത് ഇല്ലത്ത് ഒരു പുതിയ സംസ്കാരം രൂപപ്പെട്ടുവരികയാണല്ലോ. കരോടപതിമാരുടെ കാലമാണിത്. താങ്കള്‍ ഇരിക്കുന്ന കസേരയില്‍ ഇരുന്ന മഹാരഥന്മാരെ ഞാന്‍ ഓര്‍ത്തുപോയി'-

ഇതുകൊണ്ട് നിര്‍ത്തിയോ?

'കോങ്ക്രോത്തിന് സീറ്റ് (കൃഷിപ്പണിയിൽ നിന്നുള്ള വിളവെടുപ്പ് ) ഏറ്റവും കുറഞ്ഞത്, ഉമ്മന്‍ചാണ്ടിയും താങ്കളും സ്ഥാനാര്‍ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ചുക്കാന്‍ പിടിച്ച കാലത്താണ്. കെപിസിസി ഓഫീസിലെ(ഇത്തിരി കൂടിയ നാടകവേദിയുടെ ഓഫീസ്) ശിപായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയിരുന്നെങ്കില്‍ വിജയസാധ്യത പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന പത്മരാജന്‍ കമീഷന്റെ(അങ്ങനെയുമൊരു തമാശ നടന്നിരുന്നു) വിലയിരുത്തല്‍ ഓര്‍മയുണ്ടാവുമല്ലോ. ലോകായുക്ത നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശത്തിന്റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വൈകിച്ച് എന്റെ പരാജയത്തിന് വഴിയൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. രണ്ടുപേര്‍ക്കും എന്നോടുള്ള വിദ്വേഷത്തിന്റെ കാരണം അവസരം വരുമ്പോള്‍ (സീറ്റ് കിട്ടുമോ ഇല്ലേന്ന് നോക്കട്ടെ) പരസ്യമായി പറയും. ഇച്ഛാനുവര്‍ത്തികളെമാത്രം മാതൃസംഘടനയിലും പോഷകസംഘടനകളിലും കുത്തിത്തിരുകുന്നതു കാരണം അര്‍ഹതപ്പെട്ട പല നേതാക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. നിരവധി സഹായങ്ങള്‍ക്ക് എന്നെ സമീപിച്ചകാലം ഓര്‍ക്കുന്നുണ്ടാകുമോ. കൈപിടിച്ചുയര്‍ത്തിയ കെ കരുണാകരനെ(ഒരു ഇടിവെട്ട് കാരണവര്‍. പക്ഷെ അതിന്റെ അഹങ്കാ‍രം ലവലേശം ഇല്ല) പോലും മറന്ന താങ്കള്‍ എന്നെ എങ്ങനെ ഓര്‍ക്കാന്‍'-

എത്രയെത്ര മഹാന്മാരായ കാരണവന്മാര്‍ ഭരിച്ച തറവാടാണിത്. അവരുടെ ആത്മാക്കള്‍ പൊറുക്കുമോ ഇതൊക്കെ കേട്ടാല്‍...

ഇല്ലം തുടങ്ങിയ ജയ് ഹിന്ദ് ചാനലിന്റെ കാര്യവും കൊഴകൊഴാന്നു തന്നെ. ചാനലിന്റെ ഓഹരികള്‍ ഭൂരിപക്ഷവും വിജയന്‍ തോമസ് എന്ന കരോടപതി(കോടീശ്വരനല്ല)യുടെ കയ്യിലാണ്. അനന്തപുരിയിലെ കൃഷിപ്പണിക്കുള്ള ആളായി വിമതനായി അദ്ദേഹവും രംഗത്തുണ്ടത്രെ. ഇല്ലത്തെ ആളുകളെ കൊള്ളാത്തതുകൊണ്ട് തരൂര്‍ താവഴിയിലെ ശശിത്തിരുമേനിയെ (സംസ്കൃതപണ്ഡിതനാണ്..‍. മലയാളം അറിയില്ല എന്നൊക്കെ അസൂയാലുക്കള്‍ പറയുന്നുണ്ട്) ചുമതല ഏല്‍പ്പിക്കാനിരിക്കെയാണ് വിജയന്‍ തോമസ് ഇപ്പണി ഒപ്പിച്ചത്. മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്യവും മൂന്നു നേരം കൂട്ടിക്കുഴച്ച് മൃഷ്ടാന്നം ഭുജിക്കുന്ന ...എന്നൊരു സിനിമാ സംഭാഷണം ആ പണിക്കരുകുട്ടി എഴുതിവെച്ചത് ഇല്ലത്തെക്കുറിച്ചാണെന്ന് ചിലര്‍ സംസാരവും തുടങ്ങിയിരിക്കുന്നു.

തന്റെ പണം പറ്റിച്ച ഇല്ലക്കാരെ തോല്‍പ്പിക്കുമെന്നൊക്കെ ഈ വിജയന്‍ തോമസ് പരസ്യമായി പറയാമോ? അതും നമ്മുടെ എതിരാളികളും ദേശത്തെ അഭിമാനികളുമായ ഇല്ലക്കാരോട്. മ്ലേച്ഛം മ്ലേച്ഛം. “സാമ്പത്തിക ശക്തികള്‍ കോങ്ക്രോത്ത് ഇല്ലത്ത് പിടിമുറുക്കുന്നതിനെതിരെ' എറണാകുളത്തെ ഇല്ലം സമ്മേളനത്തില്‍ പ്രമേയം പാസാക്കി വിജയന്‍ തോമസിനെ തള്ളി എന്നതൊക്കെ ശരി തന്നെ. എന്നാലും പരസ്യമായി ഇതൊക്കെ പറയാമോ? ചുമരെഴുത്ത് വരെ തുടങ്ങിയത്രെ. ചെന്നിത്തല താവഴിയിലെ തിരുമേനിക്കെതിരെ ഇല്ലത്തെ ചുമരില്‍ വരെ വേണ്ടാതീനം എഴുതിയിരിക്കുന്നെന്നും കേള്‍ക്ക്ണുണ്ട്. ചെന്നിത്തല തിരുമേനി ഗോ ബാക്ക് എന്നാണത്രെ എഴുത്ത്. തിരുമേനി എവിടെപ്പോകാന്‍? മോണിറ്റര്‍ കുട്ടി പ്രശ്നത്തില്‍ നാണം കെട്ടതിന്റെ ജാള്യം മാറിയിട്ടില്ല തിരുമേനിക്ക്. യാത്രാക്ഷീണവും കലശലായുണ്ട്.

പിണങ്ങിപ്പോയി തിരിച്ചുവന്ന 90 കഴിഞ്ഞ കരുണോരുടെ പ്രശ്നം വേറെ. എല്ലാം ഒന്ന് കലങ്ങിത്തെളിയുമ്പോഴേക്കും ഇല്ലം ഒരു വഴിക്കാവുമോ?

2 comments:

  1. കോങ്ക്രോത്ത് ഇല്ലത്ത് (കടപ്പാട്: മലയാറ്റൂര്‍ രാമകൃഷ്ണന്‍) പ്രശ്നങ്ങള്‍ തീരുന്നില്ല. വയസ്സന്മാര്‍ മുതല്‍ കൊച്ചുകുട്ടികളുടെ ഇടയില്‍ വരെ പ്രശ്നങ്ങള്‍. വരുന്ന അഞ്ച് കൊല്ലത്തെ കൃഷി ഏല്‍പ്പിക്കാന്‍ പറ്റിയ 17 പേരെപ്പോലും തീരുമാനിക്കാന്‍ പറ്റിയിട്ടില്ല. കുട്ടികളുടെ മോണിറ്റര്‍ ആയി ഒരു കുട്ടിയെ മാറ്റി മറ്റൊരു കുട്ടിയെ ഇരുത്താന്‍ നോക്കിയെങ്കിലും ആദ്യത്തെ കുട്ടിയെത്തന്നെ ഇരുത്തേണ്ടി വന്നു. കൊല്ലിനും കൊലയ്ക്കും അധികാരമുള്ള ‘കാരണവര്‍ കുട്ടി’ പറഞ്ഞിട്ടുപോലും ഇതാണവസ്ഥ.

    ReplyDelete
  2. എന്തെല്ലാം കാണണം.. എന്തെല്ലാം കേൾക്കണം.. അനുഭവിക്കണം..

    ReplyDelete