Thursday, March 19, 2009

ആറ്റുനോറ്റുണ്ടായൊരുണ്ണി

അങ്ങിനെ കോണ്‍ഗ്രസ്സിന്റെ ലിസ്റ്റും വന്നു.

എന്തൊക്കെ മേളമായിരുന്നു. കമ്മിറ്റി, ഉത്സാഹക്കമ്മറ്റി, സ്ക്രീനിങ്ങ് കമ്മിറ്റി, ഉന്നതാധികാരക്കമ്മിറ്റി, അത്യന്താധുനിക കമ്മിറ്റി, ജലപാന മാംസഭോജനക്കമ്മറ്റികൾ.. അങ്ങിനെ എന്തെല്ലാം. കമ്മറ്റിയായ കമ്മറ്റിയിലൂടെയൊക്കെ കടന്നുപോയിട്ടും ഇത്രയും ദിവസമായി 69ല്‍ നിന്ന് ഒരെണ്ണം കുറയാതെ കിടക്കുകയായിരുന്നു. അതെങ്ങനാ കുറഞ്ഞിരുന്നേല്‍ കാണായിരുന്നു കലാപം.

ഒരെണ്ണം കുറഞ്ഞാലും ഒരെണ്ണം കൂടിയാലും രോഷാഗ്നി നിന്നു കത്തും. സാമുദായിക സമവാക്യം, ഗ്രൂപ്പ് സമവാക്യം, പ്രാദേശിക സമാ‍വാക്യം, വനിതാ സമവാക്യം, സംവരണ സമവാക്യം, ദ്വിമാന സമവാക്യം, കത്തനാര്‍ സമവാക്യം, മൊല്ലാക്ക സമവാക്യം, തന്ത്രി സമവാക്യം ...അങ്ങിനെ എല്ലാ സമവാക്യങ്ങളും ഒപ്പിച്ച് ലിസ്റ്റുണ്ടാക്കാന്‍ പെട്ട പാട്.

ഒരു തരത്തിലും ഒന്നുമൊക്കാതെ വന്നപ്പോള്‍ അതിനായി ഒരു പ്രത്യേക കമ്പ്യൂട്ടര്‍ പ്രോഗ്രാം വരെ തയ്യാറാക്കി എന്നാണ് അകത്തളങ്ങളിലെ വിവരം. സാദാ കമ്പ്യൂട്ടറില്‍ പ്രോഗ്രാം ഓടിച്ചപ്പോള്‍ കണക്കുകൂട്ടലിന്റെ ചൂട് സഹിക്കവയ്യാതെ കമ്പ്യൂട്ടര്‍ കത്തിപ്പോയെന്നും അവസാനം സ്വദേശി സൂപ്പര്‍ കമ്പ്യൂട്ടറായ പരമിന്റെ സഹായം തേടിയെന്നും പരദൂഷണപ്പാണന്മാര്‍ പാടി നടക്കുന്നുണ്ട്. പരമിനുപോലും എല്ലാ സമവാക്യവും ഒപ്പിച്ച് 16 എത്തിക്കാനെ കഴിഞ്ഞുള്ളൂവെന്നും 17നെ പ്രഖ്യാപിക്കാന്‍ നാസയിലെ സൂപ്പര്‍ കമ്പ്യൂട്ടര്‍ കിട്ടുമോ എന്നറിയാന്‍ പാര്‍ട്ടിയുടെ ഐ.ടി. വിഭാഗം നോക്കുന്ന കമ്മറ്റി തലവന്‍ അമേരിക്കക്ക് വിട്ടെന്നും കേള്‍ക്കുന്നുണ്ട്. പുള്ളി അവിടെ സ്ഥിരതാമസമാക്കിയില്ലെങ്കില്‍ വടകരയില്‍ തോല്‍ക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ പേരുമായി വന്നേക്കും.

ബാക്കി വന്ന 53 പേരെയും വടകരക്കുള്ള സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. ആരെയും നിരാശപ്പെടുത്തുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന്റെ ഭാഗമല്ല. പഴയ കോലീബീ ഓര്‍മ്മയിലാണ് സീറ്റൊഴിച്ചിട്ടിരിക്കുന്നത് എന്ന് പറയുന്നവര്‍ അഡ്‌ജസ്റ്റ്മെന്റ് കോട്ട എന്ന വാക്കും ആശയവും കേള്‍ക്കാത്ത വിവരദോഷികൾ.

ചെറുപ്പക്കാരെ തഴഞ്ഞു എന്നു പറയുന്നവരോട് പ്രായത്തിലല്ല കാര്യം കുട്ട്യേ എന്നൊരൊറ്റ വരി മാത്രം പറയട്ടെ. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാത്തവരൊക്കെ കോണ്‍ഗ്രസ്സിന്റെ കണക്കില്‍ ചെറുപ്പക്കാര്‍ തന്നെ. വിം എം സുധീരൻ ഇപ്പോഴും യുവത്വത്തിനെ പ്രതീകം തന്നെ. വീര ധീരാ വീര സുധീരാ....ധീരതയോടെ നയിച്ചോളൂ ..എനൊക്കെ കേൾക്കുമ്പോൾ മേലാകെ കോൾമയിരു കൊള്ളുന്നു.

ബൂഢ ലിസ്റ്റില്‍ ആരെയെങ്കിലും പെടുത്തണമെങ്കില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചതിനു തെളിവു വേണം. അതാ കാൺഗ്രസ്സ്.

തന്നെ തോറ്റ വനിതാ എം.പിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍ എഴുതിയ കത്ത് ലിസ്റ്റ് വന്നതിനുശേഷമെഴുതിയതോ അതിനു മുന്നെ എഴുതിവെച്ചിരുന്നതോ എന്ന് വ്യക്തമല്ല. കത്ത് ചെന്ന സ്പീഡ് നോക്കിയാല്‍ മുന്‍പേ പറന്ന പച്ചിയാവാനാണു സാധ്യത....രാജ് മോഹന്‍ ഉണ്ണിത്താന്‍ തെക്ക് തെക്കൊരു സീറ്റ് താ താ എന്ന് കെഞ്ചിയിരുന്നതാണ്. ഇല്ലെന്നറിഞ്ഞപ്പോള്‍ എന്നാല്‍ വടക്കൊരെണ്ണം താ, വീണ്ടും കഴിവു തെളിയിക്കട്ടെ എന്നായി. കൊടുത്തു സീറ്റ്. വീട്ടിലായിപ്പോയെന്നു മാത്രം.

കരുണാമയനായ ലീഡര്‍ക്കും കൊടുത്തിട്ടുണ്ടൊരു പാര. മഞ്ഞ വസ്ത്രധാരിയായ കുറുപ്പേട്ടന്‍. ലീഡറുടെ ലിസ്റ്റിലെ ആളും തോല്‍ക്കട്ടെ എന്ന ദുര്‍ബുദ്ധി ആരുടെ തലയില്‍ ഉദിച്ചതാണോ എന്തോ?

പതിവുപോലെ ഇത്തവണയും പേയ്മെന്റ് സീറ്റ് ഉണ്ടെന്നും അത് മലബാറിലാണെന്നും കേള്‍ക്കുന്നുണ്ട്. 3 കോടി രൂപ ലോഹത്തിന്റെ പേരുള്ള എ.ഐ.സി.സി സെക്രട്ടറിക്ക് ( കടപ്പാട് : മുരളീധരൻ) മുസ്ലീം നാമധാരിയായ ഒരു സ്ഥാനാര്‍ത്ഥി മോഹി കൊടുത്തെന്നും മുല്ലപ്പള്ളി അങ്ങിനെ ഔട്ടെന്നും സംസാരം.

ഹൈക്കമാന്‍ഡ് കോട്ടയെന്നാല്‍ അതൊരു കോട്ട തന്നെ. ചെങ്കോട്ടയില്‍ കൊടിപൊക്കാന്‍ ഒത്തില്ലെങ്കിലും കോട്ട വിട്ടുള്ള കളിയില്ല ഹൈക്കമാന്‍ഡിന്. ശശി തരൂരിനെ നൂലുകെട്ടിയിറക്കിയിട്ടുണ്ട്. പാ‍ലക്കാട് ഇറക്കണോ കോത്താഴത്തിറക്കണോ എന്ന ശങ്ക ഉണ്ടായിരുന്നെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് തന്നെ ഇറക്കി. നിരവധി അനവധി കോലങ്ങളുടെ രൂപത്തില്‍ ഡെയ്ലി കത്തിയെരിഞ്ഞുകൊണ്ടിരുന്ന തരൂര്‍ജി മണ്ഡലത്തിലെങ്ങും സുപരിചിതന്‍ ഇപ്പോൾ. സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കോലങ്ങള്‍ വഹിക്കുന്ന പങ്ക് മനസ്സിലാക്കപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലെ ഒരു ഇന്നോവേഷൻ.

സ്ഥാനാര്‍ത്ഥി ലിസ്റ്റ് കണ്ട ഉടനെ “എൽ.ഡി.എഫിനു 16 സീറ്റ് ഉറച്ചു, ഒരെണ്ണം കൂടി ഉറയ്ക്കും എന്നു പറഞ്ഞ കോണ്‍ഗ്രസ്സുകാരാ, നിന്റെ ധൈര്യം അപാരം.
ഇതൊക്കെയാണെങ്കിലും അച്ചായന്റെ പത്രം വായിച്ചാല്‍ കുഴപ്പം തോന്നിക്കുകയേ ഇല്ല. ‘കൊഴപ്പമോ ഇവിടെയോ’ എന്നൊരു മുഖപ്രസംഗം കാച്ചാതിരുന്നത് വായനക്കാരന്റെ ഭാഗ്യം എന്നു കരുതിക്കൊണ്ടാല്‍ മതി.

1 comment:

  1. സ്ഥാനാര്‍ത്ഥി ലിസ്റ്റ് കണ്ട ഉടനെ “എൽ.ഡി.എഫിനു 16 സീറ്റ് ഉറച്ചു, ഒരെണ്ണം കൂടി ഉറയ്ക്കും എന്നു പറഞ്ഞ കോണ്‍ഗ്രസ്സുകാരാ, നിന്റെ ധൈര്യം അപാരം.
    ഇതൊക്കെയാണെങ്കിലും അച്ചായന്റെ പത്രം വായിച്ചാല്‍ കുഴപ്പം തോന്നിക്കുകയേ ഇല്ല. ‘കൊഴപ്പമോ ഇവിടെയോ’ എന്നൊരു മുഖപ്രസംഗം കാച്ചാതിരുന്നത് വായനക്കാരന്റെ ഭാഗ്യം എന്നു കരുതിക്കൊണ്ടാല്‍ മതി.

    ReplyDelete