Monday, March 23, 2009

ചെറിയ ചോദ്യം, വലിയ ഉത്തരം

അല്ലയോ ഇന്ത്യാക്കാരെ, ഇസ്രായേലുമായി താദാത്മ്യം പ്രാപിക്കാനുള്ള പ്രേരണ നിങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണോ? അല്ലെന്ന് പറയുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കുക. നിങ്ങള്‍ താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ചില്ലറക്കാരനല്ല. ഐക്യരാഷ്ട്രസഭയിലെ ഒരു പുലി ആയിരുന്ന ആള്‍. സ്വന്തം പാര്‍ട്ടിയിലെ പഴയകാല നേതാക്കളെയും പുതിയ നേതാക്കളെയും ഗാന്ധിസത്തെയും വരെ ചാണകത്തില്‍ കുളിപ്പിച്ചിട്ടും അതേ പാര്‍ട്ടിയുടെ പ്രസ്റ്റീജ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് നേരിട്ട് നൂലുകെട്ടിയിറക്കിയ ആള്‍..തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...ശശി തരൂർ.

കോണ്‍ഗ്രസ്സിന്റെ നേതാക്കളെ ചാണകത്തില്‍ കുളിപ്പിച്ചിട്ടും തരൂര്‍ജിയെ സ്ഥാ‍നാര്‍ഥിയാക്കിയത് കോണ്‍ഗ്രസ്സിന്റെ അതിവിശാല ജനാധിപത്യ ബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഉളുപ്പില്ലാത്ത ചിലര്‍ ന്യായീകരിക്കുന്നുണ്ട്. പഴയകാലത്ത് പറഞ്ഞത് വിഷയമല്ലെന്ന് ചെന്നിത്തല മൈക്കിനു മുന്നില്‍ ചെലയ്ക്കുന്നുമുണ്ട്. അതവരുടെ കാര്യം.

എങ്കിലും, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥിക്യാമ്പില്‍ താമസിക്കുന്ന സ്ത്രീകളെയും കുട്ടികളെയുംവരെ ബോംബിട്ട് കൊല്ലാന്‍ മടികാണിക്കാത്ത ഇസ്രായേല്‍ പൈശാചികതയെ ന്യായീകരിക്കുന്ന, ഇന്ത്യക്ക് അത് പോലെ ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖിക്കുന്ന തരൂര്‍ജിക്ക് വോട്ട് കൊടുക്കാന്‍ അനന്തപുരിക്കാര്‍ക്ക് ബാധ്യതയുണ്ടോ? ജൂതരെ കൊന്നൊടുക്കുന്നതിന് ഹിറ്റ്ലര്‍ സ്വീകരിച്ച രീതിയെ ശ്ളാഘിക്കുകയും അത് മാതൃകയാക്കണമെന്നും പറഞ്ഞ ഗുരുജി ഗോള്‍വാള്‍ക്കറുടെ ശബ്ദത്തെ ‘അനന്തപുരിയുടെ സ്വന്തം’ ആക്കുവാന്‍ അനന്തപുരിക്കാര്‍ക്ക് ബാധ്യതയുണ്ടോ?

***

സിപിഐക്കിപ്പോൾ ശുക്ര ദശയാണ്. നാലിൽ നാലു നേടി ചരിത്രം സൃഷ്‌ടിക്കാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്. വെളിവുള്ള നേതാവ് വാ തുറക്കാതിരിക്ക്ണമെന്നു മാത്രം. വോട്ടു ചെയ്യാൻ വരുന്നവരോട് നിന്റെയൊന്നും വോട്ട് ഞങ്ങൾക്ക് വേണ്ട എന്നു പറയാതിരുന്നാ മാത്രം മതി.

തിരുവനന്തപുരം തൊട്ടു തുടങ്ങാം. അന്താരാഷ്ട്ര പ്രസിദ്ധനായ ഖദറിൽ പൊതിഞ്ഞ മാംസ പിണ്ഡം നാടൻ രാഷ്‌ട്രീയത്തിന്റെ ചൂടറിഞ്ഞു തുടങ്ങി. സ്വാതന്ത്ര്യ സമരസേനാനിയെ കസേര നൽകാതെ സ്റ്റേജിൽ നിലത്തിരുത്തിയ കോൺഗ്രസ്സ് പാരമ്പര്യത്തെക്കുറിച്ചും ( പണ്ട് ഏ ഐ സി സി സമ്മേളനത്തിനൊന്നും കസേരയിടാറില്ലല്ലോ..എല്ലാവരും സമഭാവനയോടെ ചമ്രം പിടഞ്ഞിരിക്കുകയാരുന്നുവല്ലോ) ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ തിക്കിത്തെരക്കുന്ന ഖദറിട്ട മാംസ പിണ്ഡങ്ങളെക്കുറിച്ചും ഒരു പുസ്തമെഴുതാനുള്ള പ്ലോട്ടായി. കൂനിന്മേൽ കുരുവെന്ന പോലെ ദേശീയ ഗാനാലാപനം നടത്തുമ്പോൾ അമേരിക്കൻ സ്റ്റൈലിൽ കൈ നെഞ്ചോട് ചേർത്ത് വയ്ക്കണമെന്നുള്ള വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകൾ പറന്നു നടക്കാൻ തുടങ്ങിയിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ് കുറച്ചു കൂടി കുഴപ്പത്തിലാണ്. കൃസ്ത്യൻ ചേരമർ വിഭാഗത്തിൽ‌പ്പെട്ട ദമ്പതികൾക്ക് ജനിച്ച മാമോദീസ മുങ്ങിയ ജെ മണിയനാണത്രെ വ്യാജരേഖ ചമച്ച് പേരു മാറി കൊടിക്കുന്നിൽ സുരേഷ് ആയത്..എസ് എസ് എൽ സി ബുക്കിലും അദ്ദേഹത്തിന്റെ പേർ മണിയൻ എന്നാണത്രെ. കോടതി വിശദീകരണം തേടിയിട്ടുള്ള ഈ കേസിൽ കൊടിക്കുന്നൻ കുറച്ച് വെള്ളം കുടിക്കും എന്ന് തോന്നുന്നു. ഇതേ തുറുപ്പു ചീട്ടുപയോഗിച്ച് ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കൂടെ നിറുത്തിയിട്ടുള്ള മണിയന് മണി കെട്ടിയവർക്കഭിനന്ദനങ്ങൾ.

തൃശൂരിൽ വടക്കനെ തുരത്താൻ മാസ്റ്റർ പ്ലാൻ മെനഞ്ഞ ചാക്കോവിന് പുറത്താക്കപ്പെട്ട വക്താവിനെ തിരിച്ചെടുപ്പിക്കും എന്ന വാഗ്ദാനം നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ നോമിനിയെ നിരസിച്ച ഹൈക്കമാഡത്തോടുള്ള കെറുവ് കാൺഗ്രസ്സ് ബിഷപ്പിന് ഇന്നിയും തീർന്നില്ലത്രെ.

ലോട്ടറി അടിച്ച പോലെ കിട്ടിയ വയനാട്ടിലും സി പി ഐയുടെ ശുക്രൻ തെളിഞ്ഞു തന്നെ നിൽക്കുകയല്ലേ? മത്സരിക്കുന്നെങ്കിൽ വയനാട്ടിൽ മാത്രം എന്ന് പറഞ്ഞു നടന്ന മുല്ലപ്പള്ളി വടകരയിലെ പൊതുസമ്മതനായ അനുസരണയുള്ള ബലിമൃഗമായതു മാത്രമല്ല കാരണം. കരുണാമയനായ നേതാവിന് ജനിക്കാതെ പോയ മൂന്നു മാനസപുത്രന്മാരിൽ മത്സരരംഗത്തുള്ള ഏകപുത്രനോടുള്ള സ്നേഹം മൂലം സ്വന്തം പുത്രനെതിരെ പ്രചരണം നടത്താൻ ഈ വയസ്സാം കാത്തും ലീഡർ മല കയറാൻ പ്ലാൻ ഇടുന്നുണ്ടത്രെ.

***

ശശി തരൂരിന്റെ പുസ്‌തകങ്ങളിൽ കോൺഗ്രസ്സിനെ അധിക്ഷേപിച്ചതിൽ തെറ്റില്ലെന്ന് ചെന്നിത്തല. തരൂർ അന്തരാഷ്‌ട്ര പ്രശസ്‌തനാണ്, ഇപ്പോൾ കോൺഗ്രസ്സിന്റെ അഭിമാനവും എന്ന് ചെന്നിത്തല. ഇതു പോലെയുള്ള കുറച്ച് പ്രശസ്തരെ കൂടി കോൺഗ്രസ്സിലേക്ക് കൊണ്ടുവന്നാൽ പിന്നെ നാട്ടിൽക്കൂടി തലയുയർത്തി നടക്കാൻ പറ്റുകയില്ല എന്നാണ് തൃണമൂല തല പ്രവർത്തകർ പറയുന്നത്.

വാൽകഷണം

ഇതിപ്പോൾ ഇലൿഷൻ കാലമല്ലേ. വിഷുവിനു കണിക്കൊന്ന പൂക്കുന്ന പോലെയാണ് ഇലക്ഷൻ കാലത്ത് ഖദർ പൊട്ടി വിടരുന്നത്. ഇന്നലെ വരെ ജീൻസും ടീ ഷർട്ടുമൊക്കെ ഇട്ട് ബുള്ളറ്റിൽ ചെത്തി നടന്ന പിള്ളേരൊക്കെ ദാണ്ടേ ഖദറും മുണ്ടുമായി വേഷം. പക്ഷെ ഇതിനിടയ്ലാണാ തരൂർജി പണ്ട് പറഞ്ഞ വേണ്ടാതീനം പുറത്തു വന്നത് . നേതാകന്മാരുടെ ഭാര്യമാർക്ക് പോലും നാണം വന്നു തുടങ്ങി .ഞാൻ നിങ്ങടെ കൂടെ വരണമെങ്കിൽ ഈ ഉടുപ്പ് ആദ്യം ഊരണം എന്ന് സംസ്ഥാന നേതാവിനോട് തന്നെ ഭാര്യ പറഞ്ഞതായാണ് അടക്കം പറച്ചിൽ. നീയാ പെട്ടീന്ന് ഖദർ ഷർട്ടിങ്ങെടുത്തേടീ എന്നു പറഞ്ഞപ്പോൾ ഭാര്യ പോലും ചോദിച്ചുവത്രെ എന്തിനാ മനുഷ്യരെക്കൊണ്ട് ഖദറിട്ട മാംസ പിണ്ഡം എന്നൊക്കെ പറയിപ്പിക്കുന്നത് എന്ന്.

ചെറിയ ചോദ്യം, വലിയ ഉത്തരം

ഒരു കൊച്ചു മിടുക്കി ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്‌ണനോട് ചോദിക്കുന്നതു കേട്ടു.

പി ഡി പി വർഗീയ പാർട്ടിയാണോ? പ്ലീസ് സേ യെസ് ഓർ നോ

തിരുവഞ്ചൂർ പറഞ്ഞ ഉത്തരം ഒത്തിരി നീണ്ടു പോയതു കൊണ്ടാവും ഈ മരത്തലയനൊന്നും മനസ്സിലായില്ല, നിങ്ങൾക്കോ?

4 comments:

  1. ഒരു കൊച്ചു മിടുക്കി ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്‌ണനോട് ചോദിക്കുന്നതു കേട്ടു.

    പി ഡി പി വർഗീയ പാർട്ടിയാണോ? പ്ലീസ് സേ യെസ് ഓർ നോ

    തിരുവഞ്ചൂർ പറഞ്ഞ ഉത്തരം ഒത്തിരി നീണ്ടു പോയതു കൊണ്ടാവും ഈ മരത്തലയനൊന്നും മനസ്സിലായില്ല, നിങ്ങൾക്കോ?

    ReplyDelete
  2. തരൂരും വാങ്ങി മൂന്ന് നാല് പുതിയ ഉടുപ്പുകള്‍, ഇലക്ഷന്‍ തീരും വരെ മാറി മാറി ഇടാന്‍... !
    :)

    ReplyDelete
  3. സ്വാതന്ത്ര്യ സമര സേനാനി തരയിലിരുന്നലെന്താ, തരൂരല്ലേ ഇപ്പോള്‍ ഓമന പുത്രന്‍! കരുണാകര്ജീ പറഞ്ഞത് കേട്ടില്ലേ? തരൂര്‍ ജയിച്ചാല്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തികളും ജയിക്കും! സത്യം തന്നെ അല്ലെ? എന്ത് തോന്നുന്നു?

    ReplyDelete
  4. പി.ഡി.പി. വർഗ്ഗീയ പാർട്ടി തന്നെ. മാർക്സിസ്റ്റിന്റെ താവളത്തിലായാലും കോൺഗ്രസ്സിന്റെ താവളത്തിലായാലും.

    ReplyDelete